ആ പവിത്രസ്പർശനത്താൽ തുടുത്ത അപൂർവദ്രവ്യങ്ങളോരോന്നും വിശ്വാസികൾക്ക് അനുഭൂതിയാണ്. അതുല്യപ്രേമമരത്തിന്റെ വേരുകൾ എത്രത്തോളം ആഴങ്ങളിലേക്കു വികസിക്കുമെന്ന നിർണയം നിശ്ഫല യത്നമാണ്. പൊന്നുമുസ്തഫാﷺ തങ്ങളുമായുള്ള ചെറുബന്ധംപോലും ആ സ്‌നേഹമരത്തിൽ ഇലതളിർക്കും നനവുകളാണ്.
ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടാണ് തിരുനബിയുടെ നിയോഗം. തിരുനബിയോരം ചേർന്ന് ജീവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹീതർ. ജീവിതകാലത്ത് തിരുസാമീപ്യം ലഭിച്ചവരൊക്കെയും അത് എന്നെന്നും ശാശ്വതമായിരിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു. അവിടുത്തെ സാമീപ്യം വഫാത്തിന് ശേഷവും ലഭിക്കാൻ അനുചരന്മാർ അവിടുത്തെ ശേഷിപ്പുകൾ സൂക്ഷിക്കാറുണ്ടായിരുന്നു.
മഹാന്മാരുടെ ശരീരസ്പർശഭാഗ്യം ലഭിച്ച വസ്തുക്കളാണ് തിരുശേഷിപ്പുകൾ. തിരുശേഷിപ്പുകളുടെ സംരക്ഷണവും അതുകൊണ്ട് ബർകത്ത് എടുക്കലും ആദം നബി(അ)മിൻ്റെ കാലം മുതൽക്കേ തുടങ്ങിയതാണ്. ആദം നബി(അ)മിൻ്റെ പ്രഥമ പാദസ്പർശം ലഭിച്ച സിലോണിലെ ആദം മല മുതൽ തുടങ്ങുന്നതാണ് തിരുശേഷിപ്പുകളുടെ പട്ടിക.
ഇബ്രാഹിം നബി(അ) കഅ്ബാലയം പുതുക്കി പണിതപ്പോൾ ജിബിലീൽ (അ) വിശുദ്ധ മക്കയിൽ എത്തിച്ചു കൊടുത്ത അന്ത്യനാൾ വരെ ആദരിക്കപ്പെടേണ്ട, കഅ്ബാലയത്തിൽ തെക്ക് കിഴക്കേ മൂലയിൽ സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഹജറുൽ അസ്‌വദ് തിരുശേഷിപ്പുകളുടെ ഗണത്തിൽ മുഖ്യമാണ്.
വൈജ്ഞാനികമായ അനന്തര സ്വത്തായിട്ടാണ് തിരുശേഷിപ്പുകളും പുരാവസ്തുക്കളും പൊതുവേ ഗണിക്കുന്നത്. എന്നാൽ തിരുനബിയുടെ ശേഷിപ്പുകൾ അനുചരന്മാർ സൂക്ഷിച്ചിരുന്നത് കേവലം അനന്തര സ്വത്തായിട്ട് മാത്രമായിരുന്നില്ല മറിച്ച് തങ്ങൾക്ക് രോഗശമനത്തിനും തിരു സാമീപ്യം ലഭിക്കുന്നതിനും അവർ അതിനെ ഉപയോഗിച്ചു.
ശത്രുപക്ഷത്തിരിക്കുന്നവർ പോലും അനുചരന്മാർ തിരുനബിയുടെ ശേഷിപ്പുകൾ സൂക്ഷിച്ചു ബറക്കത്തെടുക്കുന്നത് കണ്ട് അമ്പരന്നു പോയിട്ടുണ്ട്. ഇന്നും മുത്ത് നബിയോടുള്ള സ്നേഹം പുലർത്തുന്നവർ അവിടുത്തെ ശേഷിപ്പുകൾ ഉപയോഗിച്ച് പുണ്യം നേടുന്നുണ്ട്.
നബിയുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്. അതുല്യ സ്‌നേഹത്തിന്റെ വേരുകള്‍ എത്രമാത്രം വ്യാപ്‌തിയില്‍ പരന്ന് വികസിച്ചു ചെന്നെത്തിയിട്ടുണ്ടെന്ന് കണക്കാക്കാന്‍ സാധ്യമല്ല. നബിﷺയുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍ അന്ത്യവിശ്രമം കൊളളുന്ന മദീന, നബിﷺയുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ് കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്, മുണ്ട്, മേല്‍തട്ടം, വടി, വിരിപ്പ്, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അണയാത്ത പ്രവാഹം.
ഏതെങ്കിലുമൊരു തിരുശേഷിപ്പ് സ്വന്തമാക്കായി സർവ്വതും ത്യജിക്കാന്‍ അവര്‍ തയാറായിരുന്നു. ഒരു തിരുരോമം കൈവശമുണ്ടാകുന്നത് മഹാഭാഗ്യമായി അവർ വിശ്വസിച്ചിരുന്നതായി പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.
ഇബ്നു സീരീൻ(റ) പറയുന്നത് കാണുക: "ഞാൻ ഉബൈദത്ത് എന്ന മഹാനോട് പറഞ്ഞു: "ഞങ്ങളുടെ പക്കൽ നബിﷺയുടെ മുടിയിൽ അൽപ്പമുണ്ട്. അത് അനസ്(റ)ന്റെ കുടുംബത്തിൽ നിന്നാണ് ലഭിച്ചത്. അന്നേരം ഉബൈദത്ത്(റ) പറഞ്ഞു: അതിൽനിന്ന് ഒരൊറ്റ മുടി എന്റെ പക്കലുണ്ടാകുന്നത് ദുൻയാവിലും അതിലുള്ള മുഴുവൻ ലഭിക്കുന്നതിനെക്കാൾ എനിക്ക് പ്രിയങ്കരമാണ്.”(ബുഖാരി)
സ്വഹാബത്ത് തിരുനബിയോട് കാണിക്കുന്ന ബഹുമാനാദരവുകൾ കണ്ട് പലപ്പോഴും ശത്രുക്കൾ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ഹുദൈബിയ്യാ ദിനത്തില്‍ ഖുറൈശീ നേതാവായ ഉര്‍വത്തു ബ്‌നു മസ്‌ഊദിനെ അത്യധികം അമ്പരപ്പിക്കുകയും വിസ്‌മയിപ്പിക്കുകയും ചെയ്‌ത അനിതരസാധാരണമായ സ്‌നേഹാദരവുകളുടെ ദൃശ്യം അദ്ദേഹം തന്റെ കൂട്ടുകാരായ ഖുറൈശീ നേതാക്കള്‍ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്.
ഉര്‍വത്തുബ്‌നു മസ്‌ഊദ് പറയുന്നു: എന്റെ ജനങ്ങളേ, അല്ലാഹുവാണ് സത്യം. പല രാജാക്കളുടെ സന്നിധിയുലും ഞാന്‍ പോയിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തി സീസറിന്റെയും പേര്‍ഷ്യന്‍ രാജാവായ കൈസറിന്റെയും അബ്‌സീനീയാ രാജാവായ നജാശിയുടെയും സന്നിധാനത്തില്‍ ഞാന്‍ ചെന്നിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന്റെ അനുചരന്മാര്‍ മുഹമ്മദിനെ ബഹുമാനിക്കുന്നത് പോലെ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ അനുയായികള്‍ ബഹമാനിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. അല്ലാഹുവില്‍ സത്യം. മുഹമ്മദ് ഒന്നു കാര്‍ക്കിച്ചുതുപ്പിയാല്‍ അത് അവരില്‍ ആരുടെയെങ്കിലും കൈയിലാണ് വീഴുക. അതെടുത്തുകൊണ്ടയാള്‍ അയാളുടെ മുഖത്തും ശരീരത്തിലും തേക്കുന്നു. അദ്ദേഹം വല്ലകാര്യവും കല്‍പിക്കേണ്ട താമസം, അനുയായികള്‍ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരുന്നു. അദ്ദേഹം വുളൂ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നുവീഴുന്ന വെള്ളം ലഭിക്കാന്‍ തമ്മില്‍ തമ്മില്‍ ശണ്‌ഠകൂടുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ എല്ലാവരും ശബ്‌ദം താഴ്‌ത്തി അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുന്നു. ബഹുമാനാദരവുകള്‍ കാരണം അദ്ദേഹത്തിലേക്ക് ഒന്നു കണ്ണുതുറന്നു നോക്കുക പോലുമില്ല(സ്വഹീഹുല്‍ ബുഖാരി).
തിരുശേഷിപ്പുകൾ സൂക്ഷിച്ചുവക്കുന്നതും അവകൊണ്ട് ബറക്കത്തെടുക്കുന്നതും അഭികാമ്യവും അനുവദനീയവുമാണെന്നതിന് പ്രവാചക ചര്യയിലും അനിഷേധ്യമായ തെളിവുണ്ട്. ഹജ്ജത്തുൽ വിദാഇൽ നബിതിരുമേനിﷺ തന്നെ തന്റെ തലമുടി വിതരണം ചെയ്തതായി ബുഖാരി-മുസ്ലിം ഉദ്ധരിച്ച ഹദീസിൽ കാണാം. അനസ്(റ) പറയുന്നു: "അല്ലാഹുവിന്റെ ദൂതൻﷺ തന്റെ കല്ലേറ് കഴിഞ്ഞ് അറവും നടത്തിയ ശേഷം ക്ഷുരകന്ന് തന്റെ തലയുടെ വലതുഭാഗം കാണിച്ചുകൊടുത്തു. ക്ഷുരകൻ വലതുഭാഗത്തെ മുടി ചുരണ്ടി. നബിﷺ ആ മുടി അബൂത്വൽഹ(റ)ക്ക് കൊടുത്തു. ശേഷം ഇടതുഭാഗവും ചുരണ്ടി. അതും അബൂത്വൽഹ(റ)ക്ക് നൽകികൊണ്ട് നബിﷺ പറഞ്ഞു: "ഇത് ജനങ്ങൾക്കിടയിൽ വീതിച്ചുനൽകുക. (മറ്റൊരു റിപ്പോർട്ടിൽ) അബൂത്വൽഹ(റ) ആ മുടി ഓരോന്നും ഈരണ്ടുമായി ആളുകൾക്ക് (സ്വഹാബികൾക്ക്) വീതിച്ചു നൽകി."(ബുഖാരി-മുസ്ലിം).
നബിതിരുമേനിﷺ ധരിച്ച വസ്ത്രം കഫൻപുടയാക്കാൻ ആഗ്രഹിച്ചുകൊണ്ട് ഒരു സ്വഹാബി നബിയിൽനിന്ന് ചോദിച്ചുവാങ്ങിയ ഒരു സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്, സഹലുബ്‌നു സഹദ് (റ)പറയുന്നു: നെയ്തുണ്ടാക്കിയ ഒരു വസ്ത്രവുമായി ഒരു സ്ത്രീ ഒരിക്കൽ നബിﷺയെ സമീപിച്ചുകൊണ്ടു പറഞ്ഞു: താങ്കൾക്ക് ധരിക്കാൻ വേണ്ടി എന്റെ കൈ കൊണ്ട് തുന്നിയുണ്ടാക്കിയ വസ്ത്രമാണിത്. ആവശ്യമാണന്ന നിലക്ക് തന്നെ ആ വസ്ത്രം നബിﷺ സ്വീകരിച്ചു. പിന്നീട് ആ വസ്ത്രം ധരിച്ചുകൊണ്ട് നബിﷺ ഞങ്ങൾക്കിടയിലേക്ക് വന്നു. അപ്പോൾ സദസ്സിലൊരാൾ പറഞ്ഞു
നബിയേ! ഇത് ഭംഗിയുള്ള വസ്ത്രമാണല്ലോ!
ഇത് എനിക്ക് തരുമോ?
നബിﷺ പറഞ്ഞു: "തരാം."
ശേഷം അൽപ്പനേരം നബിﷺ ഞങ്ങളോടൊപ്പം ഇരുന്നു. പിന്നെ തിരുനബി മടങ്ങിപ്പോയി. ആ വസ്ത്രം ഒരു പൊതിയാക്കി ആവശ്യക്കാരന് കൊടുത്തയച്ചു. ഇതു കണ്ട് ആളുകൾ ആദ്ദേഹത്തോട് പറഞ്ഞു: താങ്കൾ ചെയ്തത് നന്നായില്ല. നബിﷺക്ക് ആവശ്യമായ നിലയിൽ ധരിച്ച വസ്ത്രമായിരുന്നു അത്. താങ്കൾ അത് ചോദിച്ചുവാങ്ങുകയാണല്ലോ ചെയ്തത്. ചോദിക്കുന്ന ഒരാളെയും നബിﷺ വൃഥാവിലാക്കുകയില്ലെന്ന് താങ്കൾക്കറിയില്ലേ?" അന്നേരം ചോദിച്ചുവാങ്ങിയ സ്വഹാബി പറഞ്ഞു "അല്ലാഹു തന്നെ സത്യം, എനിക്ക് സാധാരണ ധരിക്കാനാല്ല ഞാനത് ചോദിച്ചു വാങ്ങിയത്. അതൻ്റെ കഫൻപുടയായി ഉപയോഗിക്കാനാണ്."
സഹലുബ്‌നു സഹദ് (റ)പറയുന്നു: "ആ വസ്ത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഫൻപുടവ ."(ബുഖാരി) പ്രമുഖ സ്വഹാബിയായ മുആവിയ(റ) നബിതിരുമേനിﷺയുടെ വസ്ത്രത്തിന്റെ കഷ്ണം, മുടി, നഖത്തിന്റെ കഷ്ണം എന്നിവ സൂക്ഷിച്ച് വച്ചിരുന്നു. തന്റെ അവസാനകാലത്ത് അദ്ദേഹം മകൻ യസീദിനെ വിളിച്ച് വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത തിരുശേഷിപ്പുകൾ എന്റെ ശരീരത്തെ സ്പർശിച്ച് നിൽക്കുംവിധം കഫൻപുടയിൽ അടക്കംചെയ്യണം.( അൽബിദായത്തുവന്നിഹായ 8/141, ഇബ്നു കസീർ )
പ്രസിദ്ധ സ്വഹാബി വനിതയും ആഇശ(റ)യുടെ സഹോദരിയുമായ അസ്മാഅ്(റ) നബിതിരുമേനിﷺ ധരിച്ചിരുന്ന ഒരു കുപ്പായം സൂക്ഷിച്ചുവച്ചിരുന്നതായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. കുടുംബത്തിലാർക്കെങ്കിലും രോഗമായാൽ ആ വസ്ത്രം മുക്കിയ വെള്ളം കുടിച്ച് രോഗശമനം വരുത്താറുണ്ടായിരുന്നു. (മുസ്ലിം)
സുബൈര്‍(റ) വിവരിക്കുന്നതായി ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ബദ്‌റ് യുദ്ധത്തില്‍ അബൂദാത്തില്‍കരിശ് എന്ന പേരിലറിയപ്പെടുന്ന ഉബൈദത്തുബ്‌നു സഈദ് പോര്‍വിളിയുമായി മുന്നോട്ടുവന്നു. ആയുധവിഭൂഷിതനായിവന്ന ഉബൈദത്തിന്റെ കണ്ണുകളല്ലാതെ മറ്റുഭാഗങ്ങളൊന്നും പുറത്തു കാണപ്പെട്ടിരുന്നില്ല. എന്റെ കൈയിലുള്ള ഒരു ചെറുകുന്തം കൊണ്ട് ഞാന്‍ അവന്റെ കണ്ണില്‍ കുത്തിത്താഴ്‌ത്തി. അങ്ങനെ അവന്‍ മരിച്ചുവീണു. വളരെ സാഹസപ്പെട്ടു ശരീരത്തില്‍ ചവിട്ടി ആ കുന്തം ഞാന്‍ ഊരിവലിച്ചെടുത്തപ്പോള്‍ അതിന്റെ വായ്‌ത്തലയുടെ രണ്ടുവശങ്ങളും മടങ്ങിപ്പോയിരുന്നു. പ്രസ്‌തുത കുന്തം നബിﷺ എന്നോട് ചോദിച്ചു വാങ്ങി. നബിﷺയുടെ വിയോഗാനന്തരം സുബൈര്‍(റ) തന്നെ അത് തിരിച്ചു വാങ്ങി. അബൂബക്‌ര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ) എന്നിവര്‍ കൈവശം വെച്ചു. ശേഷം അലി(റ)യുടെ കുടുംബത്തിലും അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ) കൊല്ലപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ കൈവശത്തലും ഈ വടിയുണ്ടാരുന്നു. (സ്വഹീഹീഹുല്‍ ബുഖാരി).
ഉമ്മുസലമ(റ)യുടെ അടുക്കല്‍ നബിﷺയുടെ തിരുമുടികള്‍ സൂക്ഷിച്ചുവെച്ചിരുന്ന ഒരു കുപ്പിയുണ്ടായിരുന്നു. ജനങ്ങള്‍ ആ തിരുകേശം കൊണ്ടു ബറകത്തെടുത്തു വരികയും അതു മുക്കിയ വെള്ളം കുടിക്കുകയും തല്‍ഫലമായി അവരുടെ രോഗങ്ങള്‍ സുഖപ്പെട്ടിരുന്നു.
ഉമ്മുസുലൈം(റ)ന്റെ വിരിപ്പില്‍ നബിﷺഉച്ചയുറക്കം നടത്താറുണ്ടായിരുന്നു. നബിﷺ ഉറങ്ങുമ്പോള്‍ ഉമ്മുസുലൈം(റ) ആ ദേഹത്തില്‍ നിന്ന് ഒലിച്ചുവീണ വിയര്‍പ്പുകണങ്ങളും നബിﷺയുടെ തിരുമുടികളും ഒരു കുപ്പിയില്‍ ശേഖരിച്ച ശേഷം അവരുടെ സുഗന്ധദ്രവ്യത്തില്‍ അത് ചേര്‍ത്തു ബറകത്തെടുക്കാറുണ്ടായിരുന്നു. അനസ്(റ)ന് മരണം ആസന്നമായപ്പോള്‍ പ്രസ്‌തുത സുഗന്ധം അദ്ദേഹത്തിന്റെ ജനാസയില്‍ പുരട്ടാനുപയോഗിക്കുന്ന സുഗന്ധത്തില്‍ ചേര്‍ക്കാന്‍ വസ്വിയ്യത്ത് ചെയ്യുകയും മരണാനന്തരം അതനുസരിച്ചു ചെയ്യുകയും ചെയ്‌തു(സ്വഹീഹുല്‍ ബുഖാരി).
തിരുനബിﷺയുടെ മിമ്പർ സ്പർശിച്ചും ചുംബിച്ചും ബറക്കത്ത് എടുക്കാമോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നൽകിയ അഹമ്മദ് ബിൻ ഹമ്പൽ(റ) നബിﷺ ഖുതുബ ഓതുമ്പോൾ കൈവെക്കാറുള്ള മിമ്പറിന്റെ കൈപ്പിടിയിൽ തടകി സ്വഹാബത്ത് ബറക്കത്ത് എടുക്കാറുണ്ടായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ മുത്ത് നബിയുടെ ശേഷിപ്പുകളോട് ആദരവും ബഹുമാനവും കാണിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്. സ്വഹാബത്തും താബിഉകളും തബഉ താബിഉകളും നമുക്ക് കാണിച്ചു തന്ന മാതൃകയിലൂന്നിക്കൊണ്ട് നമുക്ക് ജീവിക്കാനാവണം.
16 January, 2024 01:22 pm
Noufal kp
This is very good and important message thankyou for everything ????????????