1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃത മായാണ് കേരള മുസ്ലിം ഐക്യസംഘം രൂപം കൊള്ളുന്നത്. പിൽക്കാലത്ത് വന്ന സലഫിസത്തിന്റെ ആദ്യരൂപമായിരുന്നു ഐക്യസംഘം. 1921 ലെ പ്രസിദ്ധമായ മലബാർ സമരത്തിന് മുമ്പുതന്നെ മാപ്പിള സമുദായം ചെറുതും വലുതുമായ മുന്നൂറോളം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. മറ്റേതു ജനവിഭാഗങ്ങളെക്കാളും, മാപ്പിളമാരുടെ പോരാട്ടങ്ങളാണ് ബ്രിട്ടീഷുകാർക്ക് ഭീഷണിയായത്. സംഘടിതമായ പ്രതിഷേധം, സമരത്തെ നയിക്കുന്നതിൽ ഉലമാക്കൾക്കുള്ള പങ്ക്, അവരുടെ ജനസ്വാധീനം, ആത്മീയമായ തർബിയതുകൾ, പോരാട്ടങ്ങളിലെ മതകീയ അംശങ്ങൾ, മാലകളുടെയും മൗലിദുകളുടെയും മഖ്‌ബറയുടെയും സ്വാധീനം തുടങ്ങി ഇതര വിഭാഗങ്ങളെക്കാളും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ സജീവമാക്കുന്നതിൽ മുസ്ലിം സമുദായത്തിന് നിരവധി സവിശേഷ ഘടകങ്ങൾ കാരണമായിട്ടുണ്ട്. മാപ്പിളയോദ്ധാക്കളോട് നിരന്തരമായി പൊരുതി പൊറുതിമുട്ടിയ ബ്രിട്ടീഷുകാർ അവരിൽ നിന്നുള്ള ഭീഷണിയെ ചെറുക്കാനെന്നോണം മുസ്ലിം സമുദായത്തിൽ ഭിന്നിപ്പിന്റെ വിത്തുവിതച്ചു. ഒരു സമുദായമെന്ന നിലയിൽ മുസ്ലിം സമൂഹത്തിൽ നിന്നുള്ള പ്രക്ഷോഭങ്ങൾ തുടർന്നാൽ വരുംകാലങ്ങളിൽ തങ്ങളുടെ ഇരിപ്പിടം അത്ര ഭദ്രമായിരിക്കില്ല എന്നവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മാപ്പിള മുസ്ലിംകളുടെ പോരാട്ടങ്ങളെ നയിക്കുന്നതിൽ ഘടകമായിട്ടുള്ള എന്തൊക്കെ കാരണങ്ങളുണ്ടോ അതിലെല്ലാം, മതത്തിനകത്തിനിന്നു കൊണ്ടു തന്നെ ചോദ്യം ചെയ്യുന്ന ഒരു വിഭാഗത്തെ പ്രതിഷ്ഠിക്കുകയായിരുന്നു സമുദായത്തെ ഭിന്നിപ്പിക്കാനെന്നോണം ബ്രിട്ടീഷുകാർ ചെയ്തത്. മുസ്ലിം സംഘടിത ശക്തിയെ ശിഥിലമാക്കാനും മറ്റു ആത്മീയാംശങ്ങളെ തടയിടാനും സമുദായത്തിന് ദിശാബോധം നൽകുന്ന ഉലമാക്കളെ തരംതാഴ്ത്താനും ഇതുമൂലം അവർക്ക് സാധ്യമാവുമെന്നു കണക്കുകൂട്ടലിലായിരുന്നു ബ്രിട്ടീഷുകാർ.
1922ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി തുടങ്ങിയ ഐക്യസംഘത്തിൽ, ബ്രിട്ടീഷുകാർ മുസ്ലിം സമുദായത്തിൽ എന്തുതരത്തിലുള്ള മാറ്റങ്ങളാണോ കാണാനാഗ്രഹിച്ചത് അതുതന്നെയാണ് ഐക്യസംഘത്തിലൂടെ കേരളക്കരയാകെ കണ്ടത്. ഒരുമയിലും ഐക്യത്തിലും കഴിഞ്ഞിരുന്ന മുസ്ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടായി. പാരമ്പര്യ മുസ്ലിംകളുടെ വിശ്വാസ രീതികൾ ശരിയല്ലെന്നും അവരെല്ലാം മതത്തിനു പുറത്താണെന്നും വിധിയെഴുതി. സമൂഹത്തിലെ ഉലമാക്കളുടെ സ്വാധീനത്തെ എടുത്തുകളയാൻ വേണ്ടതെല്ലാം ചെയ്തു. അവർ ലോകം തിരിയാത്തവരും അപരിഷ്കൃതരുമാണെന്ന് മുദ്രകുത്തി. മാലകളും മഖ്ബറുകളുമെല്ലാം അനാചാരത്തിന്റെ, ശിർക്കിന്റെ അടയാളങ്ങളയി അവതരിപ്പിച്ചു. സർവോപരി, ഒരേസമയം മാപ്പിള സമുദായത്തിന്റെ പോരാട്ടവീര്യം കുറക്കാനും അതേസമയം അവരുടെ എല്ലാവിധ ഊർജങ്ങളെയും ആഭ്യന്തര സംഘർഷങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ ഇതുമൂലം സമുദായം നിർബന്ധിതരായി തുടങ്ങി ഐക്യസംഘത്തിന്റെ പിറവിയിൽ മുസ്ലിം സമൂഹത്തിന് കനത്ത വിലനൽകേണ്ടി വന്നു.
മലബാറിലെ മാപ്പിളമാർ ധീരരായിരുന്നു. ജനങ്ങളെ ക്രൂരമായി നേരിട്ട മലബാർക ലക്ടറായിരുന്ന കനോലിയെ 1855ൽ അവർ വധിച്ചു. വെളളക്കാർ സകലമാന യുദ്ധകോപ്പുകളുമായി മലബാറിന്റെ മാറിടത്തിൽ അമർത്തിച്ചവിട്ടുകയും ഇനിയും മാപ്പിള ഉയരാൻ പാടില്ല എന്ന ലക്ഷ്യത്തിൽ പലവിധ അടിച്ചമർത്തുകയും ചെയ്തു. മാപ്പിളയുടേത് നിശ്ചലമാകാത്ത ജീവനാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അവരുടെ നിത്യചൈതന്യം ആത്മീയ ഔന്നത്യമുളള വ്യക്തിത്വങ്ങളായിരുന്നു. ഭൂമിക്കുമുകളിൽ കഴിയുമ്പോഴും ഭൂമിക്കു താഴേക്കു തിരിച്ച ശേഷവും അവർ കരുത്തു പകർന്നു. ഇതു വെളളക്കാരൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. മാപ്പിളമാരുടെ സമരവീര്യം കുറക്കാൻ 1855 ഒക്ടോബർ 23ന് മലബാർ മജിസ്ട്രേറ്റായിരുന്ന ടി. ക്ലാർക്ക്,ഗ വൺമെന്റ് സെക്രട്ടറി ജെഡി ബോർഡില്ലെന്ന് ഇങ്ങനെ എഴുതി; (Letter No 281. Calicut. 20th October 1855 collect, Joint Magistrate of Malabar, TO T Clark, Magistrate of Malabar) "മാപ്പിളമാർ ഏത് കൃത്യം ചെയ്യുന്നതിനു മുമ്പും തറമെൽ ജാറത്തിൽ പ്രാർത്ഥന നടത്താറുണ്ടെന്നും ഈ ജാറം അങ്ങനെ ഏതു കലാപത്തിനും മുന്നോടിയായി വർത്തിക്കാറുണ്ടെന്നും തൻമൂലം ഈ ജാറം നശിപ്പിക്കുകയും അവിടെ അടക്കം ചെയ്തിട്ടുളള സയ്യിദ് അലവി തങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ അവിടെ നിന്ന് നീക്കം ചെയ്ത് അറേബ്യയിലേക്ക് കൊണ്ടുപോയി അവിടെ സാംസ്കരിക്കുകയും വേണം. തങ്ങളുടെ ഇവിടെയുളള കുടുംബക്കാർ കൈവശം വെച്ചു കൊണ്ടിരുന്ന സ്ഥലങ്ങൾ മുഴുക്കെ വിലക്ക് വാങ്ങി അവരെയെല്ലാം നാട്ടിൽ നിന്നും പറഞ്ഞയക്കുകയും ചെയ്താൽ, തറമേൽ തങ്ങന്മാരെയും അവരുടെ ജാറത്തെയും പറ്റിയുള്ള ഓർമ, കാലക്രമേണ തേഞ്ഞുമാഞ്ഞു പോകുന്നതാണ്. അതു പോലെ തന്നെ കൊലയാളികൾ പല ദിവസങ്ങളിലായി അഭയം തേടിയിരുന്ന പള്ളികളിലെ ജീവനക്കാരെയെല്ലാം ശിക്ഷിച്ച് നാടുകടത്തുകയും ഈ പളളികളെയും നശിപ്പിച്ച് കളയുകയും വേണം. ഇങ്ങനെ ചെയ്താൽ ആ പ്രദേശങ്ങളിലുളള മാപ്പിളമാർക്ക് അത് ഗുണപാഠമായിത്തീരുകയും ചെയ്യും". (കേരള മുസ്ലിം ഡയറക്ടറി, ഡോ.സി.കെ കരീം) അതുപോലെ, 1857-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വാമേഴ്സൺ വൈസായി ക്യാനിങ്ങ് പ്രഭുവിനെഴുതിയ കത്തിൽ (Letter Dt.9,oct.1857 See, Agar Ali Engineers, The Role of Ministers in freedom struggle, Delhi- 1986,P 71 of )മുസ്ലിം സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ കെട്ടിടങ്ങളും, ജുമാ മസ്ജിദടക്കം തട്ടിനിരപ്പാക്കണമെന്ന് എഴുതുകയുണ്ടായി. (സ്വാത്രന്തത്തിന്റെ അമ്പതു വർഷങ്ങൾ P11)
ആഗോളതലത്തിൽ 1920കൾ തുർക്കി ഖിലാഫത്തിനെതിരെയുള്ള ബ്രിട്ടന്റെ പടയോട്ടത്തിന്റെ കാലമായിരുന്നു എന്നതും അക്കാലയളവിലാണ് മലബാറിൽ അധിനിവേശ വിരുദ്ധ സമരത്തിന്റെ തീക്ഷ്ണമായ സമരമുഖങ്ങൾ ബ്രിട്ടൻ അനുഭവിക്കേണ്ടി വന്നത് എന്നതും അതേ കാലയളവിലാണ് കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി ഐക്യസംഘം പിറവിയെടുക്കുന്നതും ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. മുസ്ലിംലോകം ഒന്നടങ്കം ഖിലാഫത്തിന് വേണ്ടി തുർക്കിയോടൊപ്പം ചേർന്നു നിൽക്കുന്ന ചരിത്ര സന്ദർഭത്തിൽ ബ്രിട്ടീഷുകാരോടൊപ്പം കൂട്ടുകൂടിയ കഥ ആഗോള സലഫിസത്തിനുണ്ടല്ലോ. അന്ന് തുർക്കി ഖിലാഫത്തിന് വേണ്ടി ഇന്ത്യയിലടക്കം നിരവധി ഖിലാഫത്ത് പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്, വിശേഷിച്ചും കേരളത്തിലെ മലബാറിൽ. തങ്ങൾ എതിർത്തു തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിനു വേണ്ടി, തങ്ങളുടെ അധീനതയിലുള്ള ഒരു പ്രദേശത്തെ ജനങ്ങൾ ബഹളം വെക്കുന്നതിൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഒട്ടും സംതൃപ്തരായിരുന്നില്ല. അതുകൊണ്ട് തന്നെ തുർക്കി ഖിലാഫത്തിനെ അതിന്റെ പ്രഭവസ്ഥാനത്ത് നിന്ന് തന്നെ പരാജയപ്പെടുത്താൻ സഹായം തേടിയ വഹാബിസത്തിന്റെ കേരളാപതിപ്പിനെ മലയാളനാട്ടിൽ അവരോധിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് മുൻകൈയ്യെടുത്തു എന്ന് ഐക്യസംഘത്തിൽ പിറവിയാനന്തരം ബോധ്യപ്പെട്ട യാഥാർഥ്യമാണ്. തുർക്കി ഖിലാഫത്തിനെതിരെ പോരാടാൻ ബ്രിട്ടീഷുകാർക്ക് സലഫിസം എത്രത്തോളം സഹായകരമായിട്ടുണ്ടോ, അതിനോളമോ അതിനപ്പുറമോ സഹായകരമായിട്ടുണ്ട് അധിനിവേശ ശക്തികൾക്കെതിരെ മാപ്പിളമാരുടെ പോരാട്ടവീര്യം കെടുത്തുന്നതിൽ ഐക്യസംഘത്തിന്റെ സഹായം.
കേരള മുസ്ലിം ഐക്യസംഘത്തിന് ഊടും പാവും നൽകുന്നതിൽ പ്രാധാന പങ്കുവഹിച്ച വ്യക്തിയാണ് സനാഉല്ല മക്തി തങ്ങൾ. "മുഹമ്മദ്ബ്നു അബ്ദിൽ വഹാബ് വിതറിയ കിരണങ്ങളേറ്റു മുസ്ലിം ലോകം ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കേരളവും കണ്ണുതുറന്നു. ഇസ്ലാഹീ മണ്ഡലത്തിൽ അറിയപ്പെടുന്ന ആദ്യത്തെ കേരളീയ പണ്ഡിതൻ 1847 ൽ വെളിയങ്കോട് ഭൂജാതനായ സനാഉല്ലാ മക്തിതങ്ങളാണ്" ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന പുസ്തകത്തിൽ (പേജ്, 21) മക്തി തങ്ങളെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. പത്തൊമ്പതാം ശതകത്തിലെ കേരളമുസ്ലിംകളുടെ മുജദ്ദിദായിരുന്നു മക്തി തങ്ങൾ എന്നാണ് ഇവിടുത്തെ ഉത്പതിഷ്ണുക്കൾ പ്രചരിപ്പിക്കാറുള്ളത്.
നബി(സ)യുടെ പിതൃസഹോദരൻ അബ്ബാസ് (റ)യുടെ സന്തതികളിൽപ്പെട്ട സഖാഫ് ഗോത്രത്തിലാണ് മഖ്ദി തങ്ങളുടെ പൂർവികർ. പിതാവ് സയ്യിദ് അഹ്മദ് മഖ്ദി ബ്രട്ടീഷുഭരണകാലത്ത് ഹുസുറിൽ ഒരു മുൻഷി-പേർഷ്യൻ ഭാഷയിൽ നിന്ന് തർജമ ചെയ്യുന്ന ജോലി ചെയ്തിരുന്നു. പിതാമഹൻ സയ്യിദ് മുഹമ്മദ് മഖ്ദീ വെളിയങ്കോട്ടു താമസമാക്കി. AD 1847 ലായിരുന്നു സനാഉല്ലാ മക്തി തങ്ങളുടെ ജനനം. വെളിയങ്കാട്, മാറഞ്ചേരി, പൊന്നാനി ദർസുകളിൽ അൽപ്പകാലം പോയെങ്കലം ഉയർന്നു പഠിച്ചില്ല. അറബി സാമാന്യമറിയാം. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ എക്സൈസ് ഇൻസ്പെക്ടറായി ഏതാനും വർഷം ജോലി ചെയ്തു. സമകാലികർക്കിടയിൽ പ്രഗത്ഭനായ പണ്ഡിതനോ തികഞ്ഞ ഭക്തനോ ഒന്നുമല്ലെങ്കിലും സമുദായ സ്നേഹവും പരിശ്രമശീലവും അദ്ദേഹത്തിൽ പ്രകടമായിരുന്നു. എന്നാൽ വർഷാന്തരത്തിൽ തങ്ങളുടെ ശൈലി മാറി. പണ്ഡിതന്മാരെയും മത നടപടികളെയും പരിഹസിക്കാനും വിമർശിക്കാനും തുടങ്ങി.
എഴുത്തുകാരനും സാമൂഹിക ബോധമുളളയാൾക്കും സ്വാഭാവികമായുണ്ടാകാവുന്ന പരിഷ്കരണ ചിന്തകളെ നിയന്ത്രിക്കാനും അത്തരം ചിന്തകൾക്ക് സമുദായത്തിലെ സാത്വികരായ ഉലമാക്കളുടെ അംഗീകാരം കണ്ടെത്താനും അദ്ദേഹം തുനിഞ്ഞില്ല. ഇത് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കി. പൊന്നാനി ജുമാമസ്ജിദിലെ ദർസിൽ പരിഷ്കരണം വേണമെന്ന് ഒരുപക്ഷെ മക്തി തങ്ങൾക്ക് തോന്നിയിരിക്കാം. പക്ഷെ, ഇക്കാര്യം കവലകളിൽ കൂവാനും സമുദായം പണം കൊടുത്തുണ്ടാക്കിയ പ്രസ്സിൽ അച്ചുനിരത്തി കശപിശ നിരത്തുകളിലിറക്കാനും ഒരുങ്ങിയത്, ഒരു പരിഷ്കർത്താവിന്റെ പക്വതയും പാകതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നു കാണിക്കുന്നു.
പഠനസമ്പ്രദായത്തിലും ഭാഷാ പഠനത്തിലും അറബിമലയാള ലിപിയിലും അദ്ദേഹം ചില പരിഷ്കാരങ്ങൾ മുന്നോട്ട് വച്ചു. പക്ഷെ, പണ്ഡിതൻമാർ കൈകാര്യം ചെയ്തിരുന്ന ആധ്യാത്മവിഷയങ്ങളിൽ ഇടപെടാൻ ശ്രമിച്ചതോടെ അദ്ദേഹം തള്ളപ്പെടുകയുണ്ടായി. പിൽകാലത്ത്, സുന്നത്ത് ജമാഅത്തിന്റെ അജയ്യനായ വാക്താവ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമദ് ഹാജി മക്തി തങ്ങളേക്കാൾ പരിപക്വമായ നിലയിൽ പരിഷ്കാരങ്ങൾ നിർദേശിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇന്നും അത്തരം പരിഷ്കരണ സംരംഭങ്ങളുടെ ചുവടുപിടിച്ചാണ് സമുദായം നീങ്ങികൊണ്ടിരിക്കുന്നത്. ഉത്പതിഷ്ണു പക്ഷ ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുതുന്നു: "മക്തി തങ്ങൾ അറബി-പേർഷ്യൻ ലിപികൾക്ക് ചില പുള്ളികളും ചിഹ്നങ്ങളും നൽകികൊണ്ടാണ് അറബിമലയാളലിപി പരിഷ്കരിച്ചത്. ആ സമ്പ്രദായത്തിന്നു സാർവത്രികമായ അംഗീകരണം ലഭിച്ചില്ല. മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി അവർകൾ മക്തി തങ്ങളുടെ ലിപി പരിഷ്കരണത്തിലെ പോരായ്മകൾ ചൂണ്ടികാണിച്ചുകൊണ്ട് 'തസ് വീറുൽ' എന്ന ലഘുഗ്രന്ഥം രചിച്ചു. മൗലാനയുടെ ലിപിപരിഷ്കരണത്തെയാണ് കേരള മുസ്ലിംകൾ പരക്കെ അംഗീകരിച്ചത്, പുരോഗമനവാദികളും യാഥാസ്ഥിതികരും അക്കാര്യത്തിൽ യോജിച്ചു. (സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ, P 37, 38) പണ്ഡിതന്മാരുടെ സരണിവിട്ടു തുടങ്ങിയതും അധ്യാത്മികമാനങ്ങളെ കണ്ടറിയാനുളള കണ്ണില്ലാതെപോയി എന്നതുമല്ല മക്തി തങ്ങളെ വിമതനായാക്കിയത്. കോളനിത്തമ്പുരാക്കന്മാർക്കെതിരെ മലബാറിലെ മാപ്പിളമക്കളെ സന്ധിയില്ലാസമരം തുടരവേ, അതു നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചതാണ് അദ്ദേഹത്തിന് വിനയായത്. മക്തി തങ്ങളുടെ ജീവചരിത്രമെഴുതിയ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം പശ്ചാതലം വിവരിക്കുന്നു; "1896 - ൽ മാപ്പിളമാർ ബ്രിട്ടീഷ് പടയെ തകർത്തു. ആ ലഹളഅടിച്ചമർത്തിയ അധികാരിവർഗം മാപ്പിളമാരെ സമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ ചതുരുപായളും പ്രയോഗിച്ചു. അവർ ജനസ്വാധീനമുള്ള പണ്ഡിതന്മാരെയും നേതാക്കളെയും വിളിച്ചുകുട്ടി മാപ്പിളമാരെ സമര രംഗത്തു നിന്നും പിന്തിരിപ്പിക്കണമെന്നു അനുശാസിച്ചു" (സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ, കെ കെ, മുഹമ്മദ് അബ്ദുൽ കരീം, പേജ്: 64) ഇങ്ങനെ ബ്രിട്ടന്റെ വലയിൽ കുടുങ്ങിയ ഒരാളാണ് മക്തിതങ്ങൾ. അദ്ദേഹം തന്റെ ഓർമ കുറിക്കുന്നു; "അതിനുമധ്യേ 1896 ൽ ഉണ്ടായ ലഹള പ്രസിദ്ദീകരണമായി മലയാം കലക്ടർ ബഹുമാനപ്പെട്ട ഡാൻസ് സായിപ്പ് അവർകളും എന്നെ വരുത്തി മലപ്പുറം, മഞ്ചേരി, അങ്ങാടിപ്പുറം മുതലായ രാജ്യങ്ങളിൽ ചെന്ന് പ്രസംഗാർത്ഥം ഗുണദോഷിക്കണമെന്നു ആവശ്യപ്പെട്ട പ്രകാരം സഞ്ചരിച്ചും പ്രസംഗിച്ചും വന്നു". (മക്തിമന: ക്ലേശം - P 23) മക്തി തങ്ങൾക്ക്, ബ്രിട്ടീഷുഭരണം വളരെ ത്യപ്തികരമായിരുന്നു. മറ്റു രാജഭരണത്തെക്കാൾ എന്തുകൊണ്ടും വെളളഭരണം കൊളളാമെന്നദ്ദേഹം പ്രസ്താവിച്ചു. "മിഷ്യൻ പാതിരികൾക്കു ഗവൺമെന്റിന്റെ പ്രത്യേക സഹായമുണ്ടെന്ന് ബുദ്ധിഹീനരായ ചിലർ ധരിച്ചുപോകുന്നു. നമ്മുടെ ഗവൺമെന്റിന്റെ മാർഗം ക്രിസ്തുമതം തന്നെ. എങ്കിലും നാനാമാർഗികളായ തന്റെ പ്രജകളെ മാർഗദേശം കൂടാതെ നീതി മാർഗപ്രകാരം സമദൃഷ്ടിയോടെ യാഥാസ്ഥിതിയിൽ പരിപാലിക്കുന്നതും, അവരവരുടെ അഭീഷ്ട പ്രകാരം സുഖിച്ചു കൊള്ളേണ്ടതിലേക്ക് പ്രത്യേക നിബന്ധനകൾ നിയമിച്ചിരിക്കുന്നതും സ്പഷ്ടമാണല്ലോ. അല്ലയോ സ്നേഹിതരേ! മൂൻകഴിഞ്ഞ രാജാക്കന്മാരുടെ നീതികളും നിബന്ധനകളും പ്രജകൾക്കുണ്ടായിരുന്ന സുഖവും, ഇപ്പോൾ നിങ്ങൾക്കുളള സുഖവും സന്തുഷ്ടിയും നിങ്ങൾ ഓർത്തു നോക്കുവീൻ- ഈ ഗവൺമെന്റിന്റെ വാഴ്ച്ചയിൽ നാനാജാതികളും നാനാ തരങ്ങളും സമന്മാരായി ഹിത്രപ്രകാരം സുഖിക്കുംപോലെ സുഖം അനുഭവിച്ച പ്രജകൾ ആരുണ്ട്?" കൂടാതെ, സമുദായത്തെ മലയാള-ഇംഗ്ലീഷ് ഭാഷാ പഠനത്തിനു പ്രേരിപ്പിച്ചതിന്റെ താൽപര്യവും രാജഭക്തിയായിരുന്നു, ഭാഷ പഠിച്ച് ഭരണത്തെ സഹായിക്കുക എന്നതായിരുന്നു മക്തി തങ്ങളുടെയുടെ ലക്ഷ്യം. അദ്ദേഹം തുറന്നെഴുതി. "അതിൽ പ്രധാനം ഗവൺമെന്റുപകാര പരിഷ്കാരമാകയാൽ രാജഭാഷയും രാജ്യഭാഷയും ക്രമമായി അഭ്യസിക്കുന്നതും ഉദ്യോഗവഴിക്ക് ഗവൺമെന്റിനെ സഹായിക്കുന്നവരായി ഭവിക്കുന്നതും മുസ്ലിമായ പ്രജകൾക്കുളള പ്രധാനചുമതലയാകുന്നു". (സമ്പൂർണ്ണകൃതികൾ, പുറം, 730 രാജഭക്തിയും ദേശാഭിമാനവും എന്ന കൃതിയിൽ). ബ്രിട്ടീഷുഭരണത്തിന് മദ്ഹ് പാടുകയും കോളനി - ക്രിസ്തുവിരുദ്ധ സമരം നടത്തിയിരുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തുവന്ന മക്തി തങ്ങൾ 1912 സെപ്തംബർ 18 ന് അന്തരിച്ചു.
സമുദായത്തിന്റെ പുരോഗതിക്ക് ഭാഷാപഠനം കൂടിയേ തീരൂ എന്നാണ് ഐക്യസംഘത്തിൽ വക്താക്കൾ പറഞ്ഞത്. ഇത് ഒരേസമയം പാശ്ചാത്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഉലമാക്കൾ മുന്നോട്ട് വെച്ച മാർഗത്തെ തകർക്കാനും ഒപ്പം കേരളീയ മുസ്ലിം സമുദായത്തെ നിയന്ത്രിച്ചിരുന്ന പണ്ഡിതന്മാരെ അപരിഷ്‌കൃതരായി. അവതരിപ്പിക്കാനും അവർക്കായി. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിക്കുകവഴി ബ്രിട്ടീഷനുകൂലികളായ പൗരവർഗത്തെ സ്യഷ്ടിക്കുകയായിരുന്നു ബ്രിട്ടന്റെ താൽപ്പര്യം. ഇതിനു വേണ്ടി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും തുടങ്ങാനാഗ്രഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. 1854 ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ വിദ്യാഭ്യാസ ഡസ്പാച്ച് (വുഡ്സ്) ഇംഗ്ലീഷ് പ്രചരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. പദ്ധതിയുടെ നടത്തിപ്പിന്ന് സ്വകാര്യ ഏജൻസികൾക്ക് ധനസഹായം നൽകാൻ തിരുമാനിച്ചു. മുഹമ്മദൻ - ആംഗ്ലോ ഓറിയന്റൽ തുടങ്ങുന്നത് അങ്ങനെയാണ്. അലീഗർ കോളേജിന്റെ ആദ്യകെട്ടിടത്തിന് തറക്കല്ലിട്ടത് വൈസ്രോയി ലിട്ടൻ പ്രഭു ആയിരുന്നു.
കേരളാ ഐക്യസംഘത്തിൽ ആശയസ്രോതസ്സ് പ്രധാനമായും ജമാലുദ്ധീൻ അഫ്‌ഗാനിയിലും മുഹമ്മദ് അബ്ദുവിലും റഷീദുരിളയിലുമായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റശീദ് റിളായുടെ 'മജത്തുൽമനാറാ'ണ് കേരളത്തിൽ വഹാബീ വിഷം വിതറിയത്. വക്കം മൗലവിയുടെ രചനകളിലഖിലം രിളായെ പകർത്തുകയായിരുന്നു. "ഈജിപ്തിലെ മുല്ലത്തുൽ മനാറിൽ ശൈഖ് റശീദ് റിളാ അവർകൾ എഴുതിയ ലേഖനങ്ങളാണ് കെ. എം. മൗലവി സാഹിബിന്നു രിസാലത്തുൻഫിൽ ബേങ്ക് " എഴുതാൻ പ്രചോദനം നൽകിയത്. (കെ.എം. മൗലവി സാഹിബ്, കെ. കെ. മുഹമ്മദ് അബദുൽകരീം, 1985 മാർച്ച്, P 186) യുക്തിവാദവും പാശ്ചാത്യ സംസ്കാരവും സമുദായത്തിൽ പ്രചരിപ്പിച്ച റശീദ് രിളാ ബ്രിട്ടീഷ് ഭക്തനായിരുന്നു. 1926 ൽ അബ്ദുൽ അസീസ് രാജാവ് മക്കയിൽ വിളിച്ചു ചേർത്ത ലോക മുസ്ലിം കോൺഫൻസിന്റെ അമരക്കാരിലൊരാൾ റശീദ് റിളാ തന്നെ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വിമർശിക്കുകയായിരുന്നു അദ്ദേഹം. അബുസ്സലാഹ് മൗലവിയായിരുന്നു അൽഅഹറാം പ്രതത്തിലുടെ റശീദ് രിളാക്ക് മറുപടി എഴുതിയത്. രിളായുടെ ബ്രിട്ടീഷനുകൂലനി ലപാടിനെതിരെയുള്ള ശക്തമായ ഖണ്ഡനമായിരുന്നു ആ ലേഖനം. അബുസ്സലാഹിന്റെ ലേഖനം റശീദ് രിളായുടെ ഉളളു കുലുക്കി. ഒരു പ്രതികരണം പോലും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നിട്ടും, കേരള വഹാബികളുടെ ചരിത്ര ശ്മശാനത്തിലാണ് അബുസ്സലാഹ് മൗലവിയുടെ 'ജാറം' സ്ഥാപിച്ചിട്ടുളളത്. (Ibid , പുറം 25 കാണുക) "മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്ത ശിഷ്യനായ റശീദ് രിളായാണ് ഇരുപതാംശതകത്തിൽ ഇസ്ലാഹീ ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭൻ" എന്ന് (ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, P 17) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. റശീദ് റിളായുടെ അതിക്രമിച്ച യുക്തിചിന്ത കെ.എം മൗലവിക്കു ബാധിച്ചപ്പോൾ അദ്ദേഹവും ഉറഞ്ഞു തുള്ളാൻ തുടങ്ങി. അങ്ങനെ പലിശയിൽ ബാങ്കിംഗ് ഉൾപ്പെടുകയില്ലെന്ന് അദ്ദേഹവും വ്യാഖ്യാനിച്ചു. 'ഹീലത്തുരിബ' എന്നാണിതിനിട്ട പേര്. പലിശ അനുവദനീയമാക്കാൻ വഹാബീ പുരോഹിതന്മാർ കണ്ടുപിടിച്ച ഈ 'ഹീലത്ത്' സമുദായത്തെ ഭൗതികവും ആത്മീയവുമായി നശിപ്പിക്കാനുളള 'കുതന്ത്രം' മാത്രമായിരുന്നു. പക്ഷെ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലുളള രാഷ്ട്രീയക്കാരും സമസ്തയിലെ ഉലമാക്കളും ഇതിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. ഐക്യസംഘത്തിന്റെ പുറംമേനികണ്ടു ആദ്യമൊക്കെ അവരുടെ കൂടെ, അബ്ദുറഹ്മാൻ സാഹിബ് പ്രവർത്തിച്ചിരുന്നു. പക്ഷെ, അവരുടെ ഉളളുകളളി പലഘട്ടത്തിലും അദ്ദേഹത്തിനു ബോധ്യമായിവരികയായിരുന്നു. അതിലൊരുഘട്ടത്തെക്കുറിച്ച് "മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്' എന്ന കൃതിയിൽ ഇ.മൊയ്തു മൗലവിയുടെ പുത്രനും ചരിത്രകാരനും കോളമിസ്റ്റുമായ എം. റശീദ് എഴുതുന്നു;" 1924ൽ ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ, ഖിലാഫത്ത് പ്രശ്നത്തിൽ മുസ്ലിംകളോട് വാഗ്ദാനലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹ പൂർവമായ സമ്മർദം വഴി തങ്ങളുടെ "കുഞ്ഞു മുഹമ്മദിനെ" (അബ്ദുറഹ്മാൻ സാഹിബിനെ വിളിച്ചിരുന്നത് അങ്ങനെയാണ്)ക്കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞികൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്നുറപ്പായപ്പോൾ, സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരെതിർപ്പുണ്ടായി, ഉറ്റ സുഹൃത്തും നിതാന്തസഹചാരിയുമായ മൊയ്തുമൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ, എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യസംഘവുമായുളള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി" (പുറം, 70,71) ഉൽപതിഷ്ണു ചിന്തയുടെ പ്രചാരകനായി അറിയപ്പെടുന്ന മാപ്പിള കവി പുലിക്കോട്ടിൽ ഹൈദർ. അദ്ദേഹം ബ്രീട്ടീഷ് അനുകൂലിയായിരുന്നെന്നു മാത്രമല്ല, സമരാനുകൂലികളെ കണക്കിനു പരിഹസിച്ചു കവിതകൾ എഴുതിയ ആളുകൂടിയാണ്. അതിലൊന്നിന്റെ തുടക്കം ഇങ്ങനെ,
പൊട്ടിപുറംപൂണ്ണാക്കുവാൻ ഉളരാ പൊല്ലീസുകാരുടെ തല്ലുകൊല്ലിളിയാ ഒട്ടും സ്വയം ഭരണത്തിന് ഞെളിയാ ഒരുകാലവും അതു തരുമോ മഹാരാജൻ
ഇദ്ദേഹം തന്നെയാണ് ആധുനിക മുജാഹിദ് പ്രസ്ഥാനത്തിന്റെ പൂർവരൂപമായ ഐക്യസംഘക്കാരെ പ്രസംശിച്ച് ഇങ്ങനെ പാടിയത്,
മൊല്ലാക്കര് പണത്തി നോക്ക് ഖത്തം മോൻ വാങ്ങിയാൽ മാതാപിതാക്കളെ കുറ്റം കല്ലു പെറുക്കും എന്നു പാട്ടിൽ അർത്ഥം ഖൗലാം കൊടുത്തുള്ളതും മുറിആലിമീങ്ങളെ ഇസ്ലാം മതം അത് കൊണ്ട് സ്ഥാപിക്കുല കതിരും തുളക്കും നല്ല ഐക്യസമാജാ
ക്കാരിന്നു ഇസ്ലാം മോരിയുള്ള സിറാജാം"( വില്യം ലോഗൻ, മലബാർ മാന്വൽ. പേജ് 359)
1925 ജൂൺ 1,2 തിയതികളിൽ കോഴിക്കോട് വെച്ചു നടന്ന ഐക്യസംഘത്തിന്റെ മൂന്നാം വാർഷികസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഖാൻ ബഹദൂർ മുഹമ്മദ് ശംനാട് ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ വെച്ച് എല്ലാ ഗവൺമെന്റ് സ്കൂളുകളിലും അറബിക് മുൻഷിമാരെ നിയമിക്കണമെന്ന് ഗവൺമെന്റിനോട് അപേക്ഷിക്കുകയും ഹരജി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. 1926 മെയ് 15, 16 തിയതികളിൽ തലശ്ശേരിയിൽ വെച്ച് നടന്ന ഐക്യസംഘത്തിന്റെ നാലാം സമ്മേളനത്തിനു അധ്യക്ഷത വഹിച്ചത് ബ്രിട്ടീഷുകാരനായ മർഡ്യുക് പിക്താൾ ആണ്. ആ സമ്മേളനത്തിലും അവർ ഗവൺമെന്റിനു ഹരജി സമർപ്പിക്കുന്നുണ്ട്. ഐക്യസംഘത്തിന്റെ ആറാം വാർഷിക സമ്മേളനം മദ്രാസ് പബ്ലിക് സർവീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ തിരൂരും, ഏഴാം സമ്മേളനം 1929 ൽ മലബാർ ഡിസ്ട്രിക് ബോർഡ് അംഗം ഖാൻ ബഹദൂർ പി.എം മൊയ്തുവിന്റെ അധ്യക്ഷതയിൽ എറണാകുളത്തുമാണ് നടന്നത്. 1930 ൽ തിരുവനന്തപുരത്ത് നടന്ന എട്ടാം സമ്മേളനത്തിൽ മദ്രാസ് ജോയിന്റ് ഡയറക്ടറായിരുന്ന ലഫ്റ്റനന്റ് കേണൽ അബ്ദുൽ ഹമീദായിരുന്നു അധ്യക്ഷൻ. മലപ്പുറത്തായിരുന്നു ഐക്യസംഘത്തിന്റെ ഒമ്പതാം വാർഷിക സമ്മേളനം നടന്നത്. 1931 ഒക്ടോബർ 18,19 തിയതികളിൽ നടന്ന സമ്മേളനത്തിൽ നോർത്ത് മലബാർ ഡിസ്ട്രിക് സെഷൻ ജഡ്ജിയായിരുന്ന ഖാൻ ബഹദൂർ സൈനുദ്ദീൻ ആയിരുന്നു അധ്യക്ഷൻ. 1933 ൽ ഏറിയാട്ട് വെച്ചു നടന്ന പതിനൊന്നാം സമ്മേളനത്തിൽ മദ്രാസ് ഹൈക്കാടത് ജഡ്ജ് പി.പോക്കർ സാഹിബായിരുന്ന അധ്യക്ഷൻ. ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ വാർഷിക സമ്മേളനം കണ്ണൂരിലെ അറക്കൽ കോട്ടയിൽ വെച്ചാണ് നടന്നത്. അറക്കൽ കുടുംബമടക്കം ആ സമ്മേളത്തിന്റെ അധ്യക്ഷത വഹിച്ച മദിശായിലെ അബ്ദുൽ ഹമീദ് ഖാൻ സാഹിബ് വരെയുള്ളവർ ബ്രിട്ടീഷ് അനുകൂലികളായിരുന്നു ( പൈതൃകം; മുജാഹിദ് സംസ്ഥാന സമ്മേളനം 2014 എടരിക്കോട്. പേജ് 85,86) ഐക്യസംഘനേതാക്കളുടെ ബ്രീട്ടീഷ് പ്രേമമാണ് ഈ സംഭവം കാണിക്കുന്നത്. ഇതിനു പുറമെയാണ് പലിശ ഹലാലാക്കാനുളള ശ്രമമുണ്ടായത്. അബ്ദുറഹ്മാൻ സാഹിബ് തന്റെ 'അൽഅമീനി'ലൂടെ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ബാങ്ക് പ്രവർത്തനം നിറുത്തിവെക്കുന്നതിനോടൊപ്പം ഐക്യസംഘം തന്നെ നിർത്തേണ്ടിവന്ന അവസ്ഥയുണ്ടായി. 1934 ൽ കേരള മുസ്ലിം മജ്ലിസിൽ ഐക്യ സംഘം ലയിക്കുകയാണുണ്ടായത്" (അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ച് സ്മാരക സമിതി പുറത്തിറക്കിയ ഗ്രന്ഥം P. 267, 68) എന്നാൽ, ഈ സംഭവത്തെ വഹാബികൾ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; "ഐക്യ സംഘവും കേരള മുസ്ലിം മജ്ലിസും ഒരേ ആദർശക്കാരാകയാൽ, ഇനി . ഐക്യസംഘം നിലനിർത്തണ്ടതില്ലെന്നും കേരളമുസ്ലിം മജ്ലിസിൽ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മതിയെന്നും ആ യോഗം ഐക്യകണ്ഠമായി തീരുമാനിച്ചു. അങ്ങിനെ കേരള മുസ്ലിം ഐക്യസംഘം കേരളമുസ്ലിം മജ്ലിസിൽ ലയിച്ചു " ( കെ. എം. മൗലവി, P 154) ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ അബ്ദുറഹ്മാൻ സാഹിബും ഉലമാക്കളും രംഗത്തുവന്നതോടെ അതിന്റെ പ്രവർത്തനം തന്നെ നിലക്കുകകയായിരുന്നു. ഇക്കാരണത്താൽ ഉലമാക്കളോടും അബ്ദുറഹ്മാൻ സാഹിബിനോടും ഐക്യസംഘനേതാവും പിൽക്കാല നദ്വത്തുൽ മുജാഹിദീൻ നേതാവും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എ. സീതിസാഹിബ് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. "മേൽപ്പറഞ്ഞ സംഭവവികാസങ്ങളെ വളരെ വ്യക്തിപരമായാണ് കെ.എം സീതിസാഹീബ് കണക്കാക്കിയിരുന്നതെന്ന് തോന്നുന്നു. തന്റെ അടുത്ത ബന്ധുവും ബാല്യകാല ചങ്ങാതിയുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാനോട് കഠിന ശത്രുവിനോടെന്നപോലെയാണ് പിന്നീടദ്ദേഹം പെരുമാറിയിരുന്നത്. അബ്ദുറഹ്മാനെ എതിർക്കാൻ ലഭിച്ച ഒരു സന്ദർഭവും മരണംവരെ സീതിസാഹിബ് ഒഴിവാക്കിയില്ല". (എം. റശീദ്, P 72 IPH)
അഫ്ഘാനിയുടെ ശിഷ്യനായ മുഹമ്മദ് അബ്ദു പാശ്ചാത്യർക്കുവേണ്ടി ഇസ്ലാമിനെ ദുർവ്യാഖ്യാനിച്ചു. സയ്യിദ് ഖുഥുബിന്റെ വിലയിരുത്തൽ;"ഖുർആനികാടിസ്ഥാനങ്ങളോടൊപ്പം ബുദ്ധിയുടെ സ്ഥാനം ഉയർത്തികാണിക്കാനും ഇജ്തിഹാദിന്റെ ചിന്ത വളർത്തിയെടുക്കാനും മുഹമ്മദ് അബ്ദു രംഗത്തുവന്നു. കിഴക്കിലെ ധൈഷണികമായ വന്ധ്യതയുടെയും പടിഞ്ഞാറിലെ ബുദ്ധിയുടെ ദിവ്യത്വത്തേയും നേരിടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മനുഷ്യന്ന് മാർഗദർശനം നൽകുന്നതിൽ മനസ്സിന്നും ദിവ്യബോധനങ്ങൾക്കും തുല്യസ്ഥാനം നൽകുകയുണ്ടായി. മാനവ ഘടനയിലെ ദിവ്യ ബോധനങ്ങൾ സ്വീകരിക്കാനുളള പല ഉപകരണങ്ങളിലൊന്ന് എന്ന നിർവചനത്തിൽ ബുദ്ധിയെ ഒതുക്കി നിർത്തിയില്ല. ദൈവിക ബോധനങ്ങളിലൂടെ കിട്ടുന്നതും മനുഷ്യ മനസ്സാഗ്രഹിക്കുന്നതും തമ്മിൽ ഭിന്നതയുണ്ടാവുക സാധ്യമല്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. മനസ്സിലാക്കാൻ കഴിയുന്നത്രമാത്രം ഉൾകൊള്ളുകയും അതിലുപരിയായത് ഉണ്ടെന്ന് സമ്മതിക്കാൻ സന്നദ്ധമാവുകയുമാണ് മനുഷ്യബുദ്ധിചെയ്യേണ്ടതെന്ന കാര്യം പരിഗണിച്ചില്ല. ശൈഖ് മുഹമ്മദ് അബ്ദു തന്റെ രിസാലത്തുത്തൗഹീദിൽ ഇങ്ങനെ പറയുന്നു; 'ദൈവിക ദൗത്യത്തിലൂടെയുളള വഹ്യ് അല്ലാഹുവിന്റെ അടയാളങ്ങളിൽപെട്ടതാണ്. ഇപ്രകാരം തന്നെ മനുഷ്യബുദ്ധിയും ലോകത്തിലുള അവന്റെ ചിഹ്നങ്ങളിൽ പെട്ട ഒന്നു തന്നെയാണ്. അല്ലാഹുവിന്റെ അടയാളങ്ങൾ പരസ്പരം യോജിപ്പുളളതനിവാര്യമായിരിക്കലാണ് അവ ഒരിക്കലും പരസ്പരവിരുദ്ധങ്ങളല്ല ! ഈ വീക്ഷണത്തിൽ മുഹമ്മദ് അബ്ദു 'അമ്മ' ഭാഗത്തിനു നൽകിയ വ്യാഖ്യാനം വളരെയേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ അദ്ദേഹത്തിന്റെ ശിഷ്യനായ ശൈഖ് റശീദ് രിളായും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ ശൈഖ് മഗ്രിബിയും 'തബാറക' ഭാഗത്തിനു നൽകിയ വ്യാഖ്യാനങ്ങളും വലിയ വിപത്തുകൾക്കിടയാക്കിയിട്ടുണ്ട്. ഖുർആന്റെ മൂലവാക്യങ്ങളെ ബുദ്ധിക്ക് പൂർണമായും യോജിക്കുന്നവിധം വ്യാഖ്യാനിക്കണമെന്ന് നിരവധി സ്ഥലങ്ങളിലവർ വ്യക്തമാക്കുകയുണ്ടായി. വിനാശകരമായ ഒരു സിദ്ധാന്തമാണിത്'' മുഹമ്മദ് അബ്ദുവിന്റെ മറ്റുശിഷ്യന്മാരായ സഅദ് സഗ്ലുൽ, ഖാസിം അമീൻ, ഹാഫിള് ഇബാഹിം തുടങ്ങിയവും യുക്തിവാദം പ്രചരിപ്പിച്ചു. ഇതേ ചിന്തധാരയടങ്ങിയ ലേഖനങ്ങളിൽ നിന്നാണ് കേരളത്തിൽ വക്കം മൗലവിയും കെ.എം. മൗലവിയും വഹാബിസം പഠിച്ചത്.
ഇസ്ലാഹീ പ്രസ്ഥാനം കൊണ്ടെന്തു നേട്ടമുണ്ടായി എന്നു വഹാബികളോട് ചോദിച്ചാൽ, മാസോണിസ്റ്റായ പാശ്ചാത്യ ചിന്തകൻ മുഹമ്മദ് അബ്ദുവിന്റെ വരികളാണ് വഹാബികൾക്കു മറുപടി. ആ മറുപടി ഇപ്രകാരമാണ്; "ഇസ്ലാഹീ പ്രസ്ഥാനം വിശ്വാസത്തെ ശരിപ്പെടുത്തുന്നതിലും മതത്തിന്റെ പ്രമാണങ്ങൾ ഗ്രഹിക്കുന്നതിൽ വന്ന അബദ്ധങ്ങൾ ദൂരീകരിക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. (വിശ്വാസം ഏതുതരത്തിലുള്ളതാണെന്നും പ്രമാണം മനുഷ്യബുദ്ധിമാനമായിരുന്നെന്നും വായനക്കാർ ഓർക്കുക) കാരണം വിശ്വാസികൾ അന്ധവിശ്വാസങ്ങളിൽ നിന്നു സംശുദ്ധമായാൽ കർമങ്ങൾ സംശുദ്ധമാകും, വ്യക്തികളുടെ സ്ഥിതി മെച്ചപ്പെടും. മതപരവും ഭൗതികവുമായ യഥാർത്ഥ വിജ്ഞാനം കൊണ്ട് അവരുടെ അന്തർദൃഷ്ടികൾ പ്രഭാ പൂരിതമാകും. ഉത്തമമായ കഴിവുകളിലൂടെ അവരുടെ സ്വഭാവത്തിനു സംസ്കരണം സിദ്ധിക്കും. അവരിൽ നിന്നു നന്മ സമുദായത്തിലേക്കൊഴുകുകയും ചെയ്യും". അഫ്ഘാനിയിലുടെ, അബ്ദുവിലുടെ, റശീദ് രിളാ പരത്തിയ പാശ്ചാത്യ നിർമിത ഇസ്ലാം കേരളത്തിൽ പ്രചരിപ്പിക്കുകയായിരുന്നു ഉത്പതിഷ്ണുക്കൾ. വെളളക്കാരുമായുളള ആ നീക്കുപോക്ക് ഇസ്ലാം സമുദായത്തിൽ കനത്ത വിള്ളലുണ്ടാക്കി.