"അങ്ങ് നിരക്ഷരനായിരുന്നുവെന്ന് പറയുന്നുവല്ലോ.. ആയിരിക്കാം, അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ" എന്ന് കവിഭാഷ. വാസ്തവത്തിൽ സാക്ഷര, നിരക്ഷതക്കിടയിൽ എവിടെയായിരുന്നു തിരുനബിﷺ?


സമുദായങ്ങളുടെ നൈതികതയും സാംസ്കാരിക വളർച്ചയും മതപരമായ സൽപാന്ഥാവിലൂടെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അല്ലാഹു ദൂതന്മാരെ അവരിലേക്കയച്ചത്. ഓരോ സമൂഹങ്ങളിലേക്കും നിയോഗിതരായ സന്ദേശവാഹകർ ന്യൂനതകളിൽ നിന്നും പരിപൂർണ്ണ മുക്തി നേടിയവരായിരിക്കണം. അതുപോലെ ആ ജനസഞ്ചയത്തിലെ ഏറ്റവുമുയർന്ന മാതൃകാ ജീവിതം നയിക്കുന്നവരും വിജ്ഞാനത്തിന്റെ ഉറവിടങ്ങളുമാവണമെന്നത് അവരുടെ വിശേഷണങ്ങളിൽ മുഖ്യമാണ്. തരുദൂതർ മുഹമ്മദ് നബി(സ )യുടെ ജീവിതവും ഇപ്രകാരം തന്നെ സത്യസന്ധതയിലധിഷ്ഠിതമായതും, കളങ്ക രഹിതവും, വിമർശനങ്ങൾക്കിടം കൊടുക്കാത്തത്രയും സൂക്ഷ്മമായതുമായിരുന്നു. എങ്കിലും നബി (സ)യുടെ ജീവിത വിശുദ്ധി തങ്ങളുടെ നിലനിൽപ്പിനു വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച എതിരാളികൾ വിമർശനങ്ങളുടെ നീണ്ട നിര തന്നെ നിരത്തിവെക്കുന്നുണ്ട്.

നബി (സ)യുടെ നേരെ ഉയർന്നു വന്ന ആരോപണങ്ങളിൽ തീരെ തന്നെ കഴമ്പില്ലാത്തതും വിമർശകരുടെ നിരക്ഷരത വിളിച്ചോതുന്നതുമാണ് തിരുദൂതരുടെ അക്ഷര ജ്ഞാനത്തെ പ്രതിയുള്ള വിമർശനങ്ങൾ. നബി(സ) നിരക്ഷരനായിരുന്നു എന്നുള്ളത് ഇസ്ലാമിക ലോകവും പണ്ഡിതന്മാരും അംഗീകരിച്ച യാഥാർഥ്യമാണ്. യഥാർത്ഥത്തിൽ ഈ നിരക്ഷരത സാമ്പ്രദായികമായ രീതിയിലുള്ള വിദ്യാഭ്യാസം നബി നേടിയിട്ടില്ല എന്നുള്ളതിനെ മാത്രമാണ് സൂചിപ്പിക്കുന്നതെങ്കിലും അല്ലാഹുവിൽ നിന്ന് അനന്തമായ ജ്ഞാനം ലഭിച്ചു എന്നതിന് റദ്ദാക്കുന്നില്ല. തിരുദൂതരുടെ ഏറ്റവും വലിയ അമാനുഷികതയായ ഖുർആനിന്റെ ദൈവികതയുടെ തെളിവായും ഇതേ അക്ഷരശ്യൂന്യത അവതരിക്കുന്നുണ്ട്. അഥവാ ഉമ്മിയ്യ് എന്നുള്ള സംജ്ഞ രിസാലത്തിന്റെയും ഖുർആന്റെയും ഉണ്മയെ സ്ഥിരപ്പെടുത്തലാണെന്നർത്ഥം. സാമ്പ്രദായികമായ രീതിയിൽ അറിവുകൾ നേടിയില്ലെങ്കിലും ആ വാക്കുകളിലെ സാഹിത്യ സമ്പുഷ്ടതയും മനോഹാരിതയും തന്നെ നബിതങ്ങളുടെ നിരക്ഷരതയിലെ ജ്ഞാനസമ്പന്നത വിളിച്ചോതുന്നുണ്ട്. അഥവാ നബിയോരുടെ നിരക്ഷരത തങ്ങൾക്കൊരു അലങ്കാരമായി മാത്രമേ ഭവിച്ചിട്ടുള്ളൂ എന്നർത്ഥം.

ഉമ്മിയ്യ് എന്ന് അറബിയിൽ വിശേഷിക്കപ്പെടുന്ന ഈ സംജ്ഞ ഇസ്ലാമിക ലോകത്തും പുറത്തും വൻ വാഗ്വാദങ്ങളും ചർച്ചകൾക്കും വഴി തെളിയിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ 6 സ്ഥലങ്ങളിലാണ് അള്ളാഹു ഉമ്മിയ്യ് ഉമ്മിൻ എന്നീ വാക്യങ്ങൾ പ്രയോഗിച്ചത്. അതിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് നബി(സ)യുടെ പേരിനോട് ചേർന്ന് വിശേഷണമായി ഉമ്മിയ്യ് എന്ന പദം പ്രയോഗിച്ചത്. രണ്ട് സ്ഥലങ്ങളിൽ അഹ്ലു കിതാബിനെയും അവരുടെ ദൈവനിഷേധത്തെയും സൂചിപ്പിക്കുമ്പോൾ മറ്റ് രണ്ട് സ്ഥലങ്ങളിൽ മക്കാ മുശ്രിക്കുകളെയാണ് പരാമർശ വിധേയമാക്കുന്നത്.

ഖുർആനിൽ നബി തങ്ങളുടെ പേരിനോട് ചേർത്ത് പറഞ്ഞ ഉമ്മിയ്യ് എന്ന വാക്യം തങ്ങൾക്കുള്ള വിശേഷണമാണ് എന്നുള്ളതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. എന്നാലും ഉമ്മിയ്യിന്റെ വിവിധങ്ങളായ വ്യാഖ്യാനങ്ങളിലാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഉമ്മിയ്യ് എന്നുള്ളത് ഉമ്മ് എന്ന പദത്തിലേക്ക് ചേർത്തുള്ള പ്രയോഗമാണെന്ന് ചിലർ പറയുന്നു. അഥവാ അറബി പദമാലികയായ മുഅ്മുൽ ബസീതിൽ കൊടുത്ത പ്രകാരം മാതാവിൻറെ ഗർഭപാത്രത്തിൽ നിന്നും പുറത്തു വന്ന അതേ അവസ്ഥയിൽ ഉള്ളവർ എന്നർത്ഥം.

എന്നാൽ മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ പക്ഷം ഉമ്മത്തുൽ അറബ് എന്ന പദത്തിലേക്ക് ചേർത്തിയാണ് ഉമ്മിയ്യ് പ്രയോഗിച്ചത് എന്നാണ്. നിരക്ഷരരായ അറബികളിൽ നിന്നും നിരക്ഷരനായ സന്ദേശവാഹകനെ തിരഞ്ഞെടുത്തു എന്നർത്ഥം. മറ്റൊരർത്ഥത്തിൽ ഉമ്മിയ്യിനെ ഉമ്മുൽ ഖുറയിലേക്ക് ചേർത്ത് മക്കാ സ്വദേശി എന്ന വ്യാഖ്യാനമാണ് നൽകേണ്ടത് എന്ന വാദവുമുണ്ട്. ഈ അഭിപ്രായങ്ങൾക്കെല്ലാം കൃത്യമായ ന്യായീകരണവും തെളിവുകളും പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്.

എങ്ങനെയാണേലും, സാമ്പ്രദായികമായ രീതിയിൽ നബി(സ) വിദ്യ അഭ്യസിച്ചിട്ടില്ല, ഒരു ഉസ്താദിൻറെ അടുക്കൽ നിന്നോ കുടുംബാംഗങ്ങളുടെയടുത്തു നിന്നോ എഴുത്തും വായനയും പഠിച്ചിട്ടില്ല, എന്നിവയിൽ പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല. ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നബി തങ്ങൾക്ക് എഴുത്തും വായനയും അറിയാമെന്ന് പറഞ്ഞ സ്വൽപം പേരും ഇസ്ലാമിക ലോകത്തുണ്ട്. അതിന് ഉപോൽഫലകമായ തെളിവുകൾ ഇരുകൂട്ടരും വ്യക്തമാക്കുന്നുമുണ്ട്. ആദ്യ വിഭാഗത്തിന്റെ അഭിപ്രായപ്രകാരം അറബി സമൂഹം നിരക്ഷരനായിരുന്നു എന്ന പോലെ തന്നെ നബി(സ)യും നിരക്ഷരനായിരുന്നു എന്നാലത് അവിടുത്തേക്ക് ന്യൂനതയേയല്ല. നബി (സ)യെ അടുത്തറിയുന്നവർ ആരും തന്നെ ദൈവീകദൗത്യ ലബ്ധിക്ക് മുൻപവിടുന്ന് വായിക്കുകയോ എഴുതുകയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നില്ല. അക്ഷരജ്ഞാനമില്ലാത്ത വ്യക്തി ഉന്നതനിലവാരം പുലർത്തുന്ന മഹനീയ ഗ്രന്ഥം രചിക്കാൻ ഒരുനിലക്കും സാധ്യമല്ലന്നെത് ബുദ്ധിപരമായി വ്യക്തമാണ്. നേരെ മറിച്ചു നബി തങ്ങൾ മുമ്പ് തന്നെ വായിക്കുകയും എഴുതുകയും ചെയ്യാറുണ്ടായിരുന്നെങ്കിൽ ഖുർആൻ തങ്ങളുടെ സ്വന്തം നിർമ്മിതിയോ പൂർവ്വ ഗ്രന്ഥങ്ങളിൽനിന്നും വായിച്ചെടുത്തതോ എന്ന് ശത്രുക്കൾ ഉറപ്പിക്കുകയും അതവർക്കൊരു ആരോപണമായി അനുവർത്തിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബി തങ്ങളുടെ നിരക്ഷരത ഖുർആൻ ദൈവികമാണെന്നതിനുള്ള സമ്പൂർണ തെളിവാണ് എന്നാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്.

"നാം എഴുതുകയും ഗണിക്കുകയും ചെയ്യുന്നില്ല " എന്ന ഇബ്നു ഉമർ തങ്ങളിൽ നിന്നും ഇമാം ബുഖാരി ചെയ്ത നിവേദനം ഹദീസും ഇവർ തെളിവായി ഉദ്ധരിക്കാറുണ്ട് (ബുഖാരി1814). എന്നാൽ ഖുർആന്റെ ആദ്യത്തെ അധ്യാപനം ഇഖ്റഅ ആയതിനാൽ തന്നെ നബി തങ്ങൾക്ക് അക്ഷരവിവരം അനിവാര്യമാണെന് പറഞ്ഞവരുണ്ട്. പല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ നബിതങ്ങൾക് എഴുത്തും വായനയും അറിയും എന്ന് പറഞ്ഞ പണ്ഡിതൻമാരുമുണ്ട്. ഇവരുടെ ഈയൊരു വാദത്തെ ഡോക്ടർ രോഗികൾക്ക് കുറിച്ച് കൊടുക്കുന്ന മരുന്ന് ഡോക്ടർക്ക് ബാധകമല്ല എന്ന ന്യായം പറഞ്ഞു നബി തങ്ങളുടെ നിരക്ഷരത അഭിമാനമായി കാണുന്ന വിഭാഗം എതിർക്കുമ്പോൾ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് തന്നെ അതിന് മതിയായ തെളിവാണെന്നും മനുഷ്യരിലെയും ജിന്നുകളിലെയും പണ്ഡിതന്മാർ ഒത്തൊരുമിച്ച് ശ്രമിച്ചാലും തതുല്യമായത് കൊണ്ടുവരാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് നബിയുടെ നിരക്ഷരത ഖുർആനും പ്രവാചകത്വത്തിനുമുള്ള തെളിവാക്ക് എന്നാണ് മറു വാദം.

എന്തായാലും പണ്ഡിതന്മാർക്കിടയിലുള്ള പ്രധാന അഭിപ്രായവ്യത്യാസം നുബുവ്വത്തിന് ശേഷം നബി തങ്ങൾ എഴുതുകയോ വായിക്കുകയോ ചെയ്തിരുന്നോ എന്നതിലാണ്. പല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ നബി(സ ) എഴുതിയിട്ടുണ്ട് എന്ന് ഒരു വിഭാഗവും എഴുതിയിട്ടില്ല എന്ന് മറു വിഭാഗവും വ്യക്തമാക്കുന്നു. ഖുർആനിലെ അൻകബൂത്ത സൂറത്തിലെ 48ാം ആയത്തിലെ "ഇതിനുമുമ്പ് നിങ്ങൾ ഒരൊറ്റ പുസ്തകവും പാരായണം ചെയ്തിട്ടില്ല. നിങ്ങളുടെ വലതുകൈകൊണ്ട് നിങ്ങൾ അതെഴുതിയിട്ടുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ സത്യനിഷേധികൾക്ക് സംശയിക്കാമായിരുന്നു" എന്നതിനെ അടിസ്ഥാനപ്പെടുത്തി നബി തങ്ങൾ നുബുവ്വത്തിന് ശേഷം എഴുതിയിട്ടും വായിച്ചിട്ടുമുണ്ട് എന്നാണ് ഭൂരിപക്ഷ പണ്ഡിതവീക്ഷണം. നുബുവ്വത്തിന് ശേഷം നബി തങ്ങൾ എഴുതുകയും വായിക്കുകയും ചെയ്തിട്ടുണ്ടെന്നവർ ഹദീസുകളുടെയും മറ്റു പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. നബി തങ്ങൾ നിരക്ഷരനാണെന്നതിന് ഉയർത്തി കാണിക്കുന്ന സാക്ഷ്യങ്ങളെ ഇഴകീറി പരിശോധിക്കുകയും പിഴവുകൾ ചൂണ്ടികാണിക്കുകയും ചെയ്യുന്നുണ്ട്.

ഇബ്നു ഉമർ തങ്ങളുടെ രിവായത് പോലെ അബൂ ഹുറയ്റ തങ്ങളിൽ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത " നാം നിരക്ഷരരായ ജനതയാണ് നാം എഴുതുകയോ ഗണിക്കുകയോ ചെയ്യുന്നില്ല" എന്ന ഹദീസിന്റെ സനദിലുള്ള അസദ് ബിൻ ഖൈസ് എന്ന നിവേദകൻ ഹദീസിന്റെ സ്വീകാര്യതക്കു വേണ്ട വിശേഷണങ്ങൾ എത്തിച്ചിട്ടില്ലെന്ന് നിഷേധിക്കുന്നുണ്ട്.

മുഹമ്മദ് ബിൻ അഹ്മദ് അൽ ബറാഅ അലിയ്യുബ്നു മദീനിയിൽ നിന്നും ഉദ്ധരിക്കുന്നു "അറിയപ്പെടാത്ത പത്ത് ആളുകളിൽ നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചുണ്ട് "(തഹ്ദീബുൽ കമാൽ 1498). ഇമാം ദഹബി (റ) പറയുന്നു അസദ് അറിയപ്പെടാത്ത ആളുകളിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് എന്ന് ഇബ്നുൽ മദീനി അഭിപ്രായം പറഞ്ഞിട്ടുണ്ട്(മീസാനുൽ ഇഅതി ദാൽ 1/371). ഇമാം അഹ്മദ് ദുർബലനായി പ്രഖ്യാപിച്ചവരിൽ ഒരാളാണ് അദ്ദേഹമെന്നുമുണ്ട്.

നുബുവ്വത്തിന് ശേഷമുള്ള നിരക്ഷരത അനുകൂലികൾ മുന്നോട്ടു വെച്ച മറ്റൊരു തെളിവ് വഹ്യിന്റെ ആരംഭസന്ധിയെ പ്രതി ആയിഷ ബീവി (റ) നിന്നും നിവേദനം ചെയ്ത ഹദീസാണ്. ഹിറാ ഗുഹയിൽ വെച്ച് ജിബ്രീൽ മാലാഖ വായിക്കൂ എന്ന് നബി തങ്ങളോടരുളി. തങ്ങളുടെ മറുപടി ഞാൻ വായിക്കുന്നവനല്ലെന്നായിരുന്നു. എന്നാൽ നബി തങ്ങൾ നിരക്ഷരനായിരുന്നു എന്ന് വാദിക്കുന്നവർക്ക് ഇവിടെ തെളിവൊന്നുമില്ല. കാരണം ഇവിടെ ജിബിരീൽ തിരുദൂതരോട് ആവശ്യപ്പെട്ട വായന സാധാരണ വായനയായിരുന്നില്ല. ഒരു പുസ്തകമോ കടലാസോ ലിഖിത രേഖയോ കൊണ്ടുവന്നു വായിക്കാൻ ആവശ്യപ്പെടുകയായിരുന്നില്ല. വഹ്യ് അവതരിക്കുന്ന രീതി അതായിരുന്നില്ല. ഖുർആൻ മുഴുവൻ അവതീർണ്ണമായത് എങ്ങനെയാണ് ?. സൂറത്തു ശുഅറായിൽ അല്ലാഹു പറയുന്നു "വിശ്വസ്തനായ ജിബ്രീൽ നിന്റെ ഹൃദയത്തിൽ അതുമായി ഇറങ്ങി"(193) മണിനാദം പോലെയാണ് വഹ്യ് വന്നിരുന്നതെന്ന് ഹദീസുകളിൽ കാണാം. ഹിറാ ഗുഹയിൽ സംഭവിച്ചത് തിരുദൂതരുടെ ആദ്യാനുഭവമായതിനാൽ തന്നെ ഹൃദയത്തിൽ നിന്ന് മണിനാദം പോലുള്ള ശബ്ദത്തിൽ ഉള്ള വഹ്യിനെ എങ്ങനെയാണ് വായിച്ചെടുക്കുക എന്ന് തങ്ങൾക്കറിയില്ലായിരുന്നു. അതിനാൽ എനിക്ക് വായിക്കാനറിയില്ലെന്ന് മുത്തു നബി ആവർത്തിച്ചു. ഒടുവിൽ ജിബ്രീൽ മൂന്നുതവണ തിരുനബിയെ ശക്തമായി തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് ഹൃദയത്തിൽനിന്ന് വഹ്യ് ഗ്രഹിക്കാനുള്ള പരിശീലനം നൽകി. തുടർന്ന് ജിബ്രീലിന്റെ സഹായത്തോടുകൂടി ഹൃദയത്തിൽ അവതീർണമായ ഖുർആനിക സൂക്തങ്ങൾ വായിക്കാൻ മുസ്ത്വഫാ തങ്ങൾക്ക് കഴിഞ്ഞു. ഇതൊരിക്കലും നബി തങ്ങൾ നിരക്ഷരനായിരുന്നു എന്നതിന് തെളിവായി കാണാൻ സാധിക്കുകയില്ല.

സ്വഹീഹ് ഇബ്നു ഹിബ്ബാൻ രേഖപ്പെടുത്തുന്ന ഉബയ്യ് ബിൻ കഅബിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. "നിരക്ഷരരായ ഒരു ജനതയിലേക്കാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് അവരിൽ വൃദ്ധകളും വൃദ്ധന്മാരുമുണ്ട്" നുബുവ്വത്തിന് ശേഷം നബി തങ്ങൾക്ക് എഴുത്ത് അറിയില്ലായിരുന്നുവെന്ന് വാദിക്കുന്നവർ കൊണ്ടുവരുന്ന ഈ റിപ്പോർട്ട് പല കാരണങ്ങളാലും പ്രമാണമില്ലാത്തതും വിമർശന വിധേയവുമാണ്. ആസിം ഇബ്നു ബഹ്ല വഴിയാണ് ഈ ഹദീസിന്റെ ഉദ്ധരണി. പണ്ഡിതന്മാരുടെ സമീപം സൽകീർത്തിയുള്ള ആളല്ല അദ്ദേഹം. അദ്ദേഹത്തെ പറ്റി ഇമാം ഹാതിം തങ്ങൾ തന്റെ പിതാവിനെ റിപ്പോർട്ട് ചെയ്യുന്നത് കാണാം." അദ്ദേഹം സത്യസന്ധൻ ആണെങ്കിലും വിശ്വാസ യോഗ്യനാണെന്ന് പറയാനാവില്ല. കാരണം മനഃപാഠ ശേഷി കുറവുള്ള ആളായിരുന്നുവദ്ദേഹം നസാഇയും ദാറുഖുതുനിയും ഇബ്നു ഖറാഷും അടക്കമുള്ള ഹദീസ് വിശാരദന്മാർ ഇത് ശരി വെച്ചിട്ടുണ്ട്. നിവേദകന് മനപ്പാഠമില്ല എന്ന തോന്നൽ സംജാതമാക്കുന്ന ഹദീസുകളെ മുരിബ് എന്ന പേരിൽ ദുർബല ഹദീസുകളുടെ പട്ടികയിലാണ് ഹദീസ് വിശാരദന്മാർ ഉൾപ്പെടുത്തന്നത്.

റസൂലുല്ലാഹി തങ്ങൾക്ക് നുബുവ്വത്തിന് ശേഷം എഴുത്തറിയാമായിരുന്നുവെന്ന് മുസ്ലിം (റ)വിന്റെ മറ്റൊരു ഹദീസിൽ കാണാൻ കഴിയും. ബറാഅ എന്നിവരിൽ നിന്ന് നിവേദനം: കഅബക്ക് സമീപം തിരുദൂതർ ഉപരോധിക്കപ്പെട്ടപ്പോൾ. മൂന്നു ദിവസം പ്രസ്തുത സ്ഥലത്ത താമസിക്കാം മുസ്ലിംകളിൽ നിന്ന് ആരെങ്കിലും മക്കക്കാരോട് ചേരുന്നുണ്ടെങ്കിൽ അവരെ തടയരുത്. മക്കക്കാരിൽ ആരെങ്കിലും ഇസ്ലാമിലേക്ക് വരാൻ താത്പര്യം കാണിച്ചാൽ അവരെ കൊണ്ട് പോവരുത് എന്നീ നിബന്ധനകൾ പ്രകാരം നബിയുമായി മുശ്രികങ്ങൾ ഹുദൈബിയ്യയിൽ സന്ധി ചെയ്തു. നബി (സ) അലി(റ)യോട് "പരമകാരുണികനായ അല്ലാഹുവിൻറെ നാമത്തിൽ അല്ലാഹുവിൻറെ ദൂതൻ മുഹമ്മദ് തീരുമാനിച്ചുറപ്പിച്ചതാണ് " എന്ന് എഴുതാൻ പറഞ്ഞപ്പോൾ അദ്ദേഹം അപ്രകാരം എഴുതി. അപ്പോൾ ബഹു ദൈവ വിശ്വാസികൾ നബിയോട് പറഞ്ഞു: " നീ അല്ലാഹുവിനെ ദൂതനാണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ പിൻപറ്റുമായിരുന്നു. അതിനാൽ മുഹമ്മദ് ഇബ്നു അബ്ദുല്ല എന്ന് എഴുതി കൊള്ളുക. അപ്പോൾ അലിയോട് നേരത്തെ എഴുതിയത് മായ്ച്ചു കൊണ്ട് അവർ ആവശ്യപ്പെട്ടത് പ്രകാരം എഴുതാൻ നബി തങ്ങൾ അവിശ്യം പറഞ്ഞു. ബഹുമാനപുരസ്സരം അലി (റ) അങ്ങനെ എഴുതാൻ വിസമ്മതിച്ചു. തുടർന്ന് നബി തങ്ങൾ അലി(റ)യോട് ആ സ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും അങ്ങനെ ആ സ്ഥാനത്തുനിന്ന് തങ്ങൾ അതിനെ മായ്ച്ചു കൊണ്ട് ഇബ്നു അബ്ദുല്ല എന്ന് എഴുതുകയും ചെയ്തു.

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഖാളി (റ) പറയുന്നു നബി (സ എഴുതി എന്ന പരാമർശത്തിന്റെ ബാഹ്യം പിടിച്ച് സ്വന്തം കൈ കൊണ്ട് തന്നെയാണ് അത് എഴുതിയതെന്ന് ചിലർ പറയുന്നു. ബുഖാരി(റ)യുടെ രിവായത്തിലും ഇതുപോലുള്ള പരാമർശം കാണാം. നബി (സ) കരാർ പത്രം വാങ്ങി എഴുതി എന്ന് അബൂ ഇസ്ഹാഖ് നിവേദനം ചെയ്യുന്നുണ്ടെങ്കിൽ മറ്റൊരു രിവായതിൽ നബിതങ്ങൾക്ക് എഴുതാൻ അറിയില്ലയെങ്കിലും നബിതങ്ങൾ എഴുതി എന്നാണ്. ഈ വീക്ഷണക്കാർ പറയുന്നത് ഇതാണ്. അള്ളാഹു നബി യുടെ കയ്യിലൂടെ എഴുത്ത് നടത്തി. അല്ലെങ്കിൽ, എഴുതുന്നത് എന്താണെന്ന് നബി (സ )അറിഞ്ഞില്ല. എങ്കിലും നബി (സ )യുടെ കൈ കൊണ്ട് പേന അപ്രകാരം എഴുതി. അതുമല്ലെങ്കിൽ അന്നേരം അല്ലാഹു നബിക്ക് എഴുത്ത് പഠിപ്പിച്ചു കൊടുക്കുകയും അങ്ങനെ അവടുന്ന് എഴുതുകയും ചെയ്തു. അത് നിരക്ഷരരായിരിക്കെ എഴുതി എന്നത് നബി തങ്ങളുടെ മുഅജിസത്തിന് മാറ്റുകൂട്ടുന്നു. അവർ പറയുന്നു അല്ലാഹു പ്രവാചകന് അറിയാത്ത വിജ്ഞാനങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും വായിച്ചിട്ടില്ലാത്തവ വായിപ്പിക്കുകയും പാരായണം ചെയ്തിട്ടില്ലാത്തവ ഓതിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്ത പോലെ എഴുത്തും അഭ്യസിപ്പിച്ചു അല്ലെങ്കിൽ അത് അവരുടെ കയ്യിലൂടെ നടപ്പിലാക്കി. ഈ വാദത്തിന്റെ വാക്താക്കൾ നബി (സ ) ഉമ്മിയ്യാണെന്നതിന് ഈ സംഭവം എതിരല്ലെന്നും പറയുന്നു. പക്ഷേ യഥാർത്ഥത്തിൽ ഉമ്മിയ്യായ തിരുദൂതരെന്ന വിശേഷണം അതിനെ ഖണ്ഡിക്കുന്നില്ല. കാരണം ഉമ്മിയ്യിന്റെ വിവക്ഷ പ്രവാചക ലബ്ധിക്ക് മുമ്പ് മാത്രമാണ്.

വ്യക്തമായ ഈയൊരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ തിരുനബി സ്വയം എഴുതിയിരുന്നു എന്ന് തന്നെയാണ് നാം മനസ്സിലാക്കേണ്ടത്. നബിതങ്ങൾ നിരക്ഷരനായിരുന്നു എന്ന് പറയുന്നവരിൽ ചിലർ 'നബി (സ) എഴുതി ' എന്ന പരാമർശത്തിന്റെ വിവക്ഷ എഴുതാൻ കൽപ്പിച്ചു എന്നാണെന്ന് പറയുന്നുണ്ട്. കട്ടവന്റെ കൈ നബി വെട്ടി, കള്ളു കുടിച്ചവനെ അടിച്ചു എന്നീ പരാമർശങ്ങളുടെ വിവക്ഷ അതിന് കൽപ്പിച്ചുവെന്നാണല്ലോ. അതുപോലെ നബി എഴുതി എന്നാൽ അതിന് കൽപ്പിച്ചു എന്നാണ് അവർ അർത്ഥമാക്കുന്നത്.

നബി എഴുതാൻ നിർദ്ദേശിക്കുന്ന പരാമർശമുള്ള ഭാഗം മാത്രം എടുത്തു സൂചിപ്പിക്കുന്നത് കൊണ്ടാണ് അവർക്ക് ഈ തെറ്റ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ നബി തങ്ങൾ തന്നെയാണ് എഴുതിയത് എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. ഖാളി ഇയാള് (റ) പറയുന്നു ഇവർ പറഞ്ഞ ന്യായം വ്യക്തമാണ് നബി (സ ) എഴുതാൻ അറിയുമായിരുന്നില്ല. ഉടനെ നബി എഴുതി എന്ന പരാമർശം നബി (സ) തന്നെയാണ് എഴുതിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. കാരണം ഇതല്ലാതെ അർത്ഥം നൽകൽ മജാസ് (metaphor) ആണ് . ഇവിടെ മജാസിലേക്ക് (ഭാവർത്ഥത്തിലേക്ക് ) നീങ്ങേണ്ട അനിവാര്യതയൊന്നും തന്നെയില്ല. അതിനാൽ തന്നെ അവിടുന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്നു എന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അനസ് (റ)യെ റിപ്പോർട്ട് ചെയ്യുന്നു; നബി തങ്ങൾ പറഞ്ഞു: ഞാൻ ഇസ്റാഇന്റെ രാത്രിയിൽ സ്വർഗ്ഗത്തിൽ എഴുതിയത് കണ്ടു. ദാനധർമത്തിന് പത്തു പ്രതിഫലമാണ്. അതുപോലെ അബൂ ശുഅബാ ഉദ്ധരിക്കുന്ന നബി(സ് എഴുതിയിട്ടല്ലാതെ മരിച്ചിട്ടില്ല എന്ന ഹദീസും

ഇവയൊക്കെ നബി (സ)ക്ക് എഴുത്തും വായനയും അറിയാമെന്നതിന്റെ തെളിവുകളാണ് . ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത് നബി(സ) ഒരധ്യാപകന്റെ അടുത്തുപോയി എഴുത്തും വായനയും അഭ്യസിച്ചിട്ടില്ലെന്ന് മാത്രമാണ്. നബി തങ്ങൾ ഉദ്ദേശിച്ചപ്പോയൊക്കെ അവിടുത്തേക്ക് വായിക്കാനും എഴുതാനും കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. അപ്പോൾ ഖുർആനിക തെളിവിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാരിൽ പലരും പറഞ്ഞ ഉമ്മിയ്യ് എന്നത് നുബുവ്വത്തിന് മുമ്പുള്ള തിരുനബി സവിശേഷതയായി കണക്കു കൂട്ടുകയും അതിൽ വൈരുദ്ധ്യങ്ങളില്ലെന്ന് മനസ്സിലാക്കുകയും വേണം.

നബി (സ)ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു എന്ന് വാദിക്കുന്നവർ പറയുന്ന മറ്റു തെളിവുകൾ നബി തങ്ങൾക്ക് വന്ന രഹസ്യസ്വഭാവമുള്ള കത്തുകൾ വരെ നബി (സ) സ്വഹാബികളെ കൊണ്ട് വായിപ്പിച്ചുവെന്നും നബിതങ്ങൾക്ക് എഴുത്തുക്കാരും വായനക്കാരുമായി 4 ഖലീഫമാർ അടക്കമുള്ള 19 സ്വഹാബിമാർ ഉണ്ടായിരുന്നു എന്നുമൊക്കെയാണ്. സൈദ് ബിൻ സാബിത് (റ) പറയുന്നു ഞാൻ തിരുനബിയുടെ ചാരത്ത് താമസിക്കുന്നവരായിരുന്നു. അതുകൊണ്ടു തന്നെ, നബി (സ) ക്ക് വഹ്‌യ് ആഗതമായാൽ ഉടൻ തന്നെ എന്നെ വിളിക്കാൻ ആളെ അയയ്ക്കും. അങ്ങനെ ഞാൻ ചെന്ന് അത് എഴുതിവെക്കും. യഥാർത്ഥത്തിൽ ഇതൊന്നും നബി എഴുതിയതിനും വായിച്ചതിനും വ്യക്തമായ തെളിവുണ്ടായിരിക്കെ നബി നിരക്ഷരരാണ് എന്നതിന് സ്ഥിരപ്പെടുത്തുന്നില്ല. എന്ന് മാത്രമല്ല നബി(സ )യുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുക കൂടിയാണ് ചെയ്യുന്നത് സാധാരണ രാജാക്കന്മാരും ഭരണാധികാരികളും ഒക്കെ അവർക്ക് എഴുതാൻ അറിവുണ്ടെങ്കിലും ദൂതരെ കൊണ്ടും മന്ത്രിമാരെ കൊണ്ടുമൊക്കെ വായിപ്പിക്കുകയും എഴുതിക്കുകയും ചെയ്യാറാണ് പതിവ്.

രാജാക്കന്മാർ പ്രജകളുടെ ക്ഷേമത്തിന് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവരുടെ ജീവിതം സമാധാനവും സുരക്ഷിതത്വവും ഉള്ളതാക്കാനും അറിവുകൾ പകർന്നു കൊടുക്കാന ശ്രമിക്കാറുണ്ട്. നബിതങ്ങളും അതുപോലെതന്നെ വായനയെ പ്രചോദിപ്പിക്കുകയും പല സ്വഹാബത്തിനോടും വേദഗ്രന്ഥങ്ങളുടെ ഭാഷയായ സുറിയാനി അടക്കമുള്ള ഭാഷകൾ പഠിക്കാൻ ആവശ്യപ്പെടുകയും യുദ്ധ തടവുകാരായ ശത്രുക്കൾക്ക് മോചന ദ്രവ്യമായി പത്ത് പേർക്ക് എഴുത്തും വായനയും പഠിപ്പിക്കുക പോലോത്ത നൂതനമായ പദ്ധതികൾ ലോകത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹസ്റത്ത് ഇബ്നു മാകൂല (റ)പറഞ്ഞു; തിരുനബിയുടെ അടുത്ത് പ്രതിനിധിയായി എത്തിയ തമീം ബിൻ ജറാഹ് പറയുന്നു: ഒരു സംഘത്തോടൊപ്പം ഞാൻ നബിതങ്ങളുടെ സമീപത്തെത്തി. തിരുസന്നിധിയിൽ വെച്ച് ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു ശേഷം ജീവിത നിയമങ്ങൾ എഴുതിയ ഒരു രേഖ നൽകാൻ ആവശ്യപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: നിങ്ങൾക്ക് ബോധ്യമായതും ആവശ്യമുള്ളതുമൊക്കെ എഴുതുക, അതിനുശേഷം എന്റെ മുമ്പിൽ കൊണ്ടുവരിക" പലിശയും വ്യഭിചാരവും അനുവദനീയം ആക്കണമെന്ന് എഴുതാൻ അവർ അലി(റ)യുടെ സഹായം തേടിയപ്പോൾ അലി (റ)അത് എഴുതാൻ വിസമ്മതിച്ചു. അപ്പോൾ ഖാലിദ് ബിൻ ആസിനെ സമീപിച്ചു കൊണ്ട് അങ്ങനെ എഴുതാൻ അവർ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതാൻ തയ്യാറായപ്പോൾ അദ്ദേഹത്തോട് അലി(റ) ചോദിച്ചു: ഇവർക്ക് വേണ്ടി താങ്കൾ എന്താണ് എഴുതാൻ പോകുന്നത് എന്ന് അറിയാമോ? അപ്പോൾ ഖാലിദ് (റ)പറഞ്ഞു: "അവർ പറയുന്നതെന്തോ അത് ഞാൻ എഴുതും, കാരണം അവരുടെ കാര്യം തീരുമാനിക്കാൻ ഏറ്റവും അർഹർ നബി(സ) തങ്ങൾ ആണല്ലോ... " അങ്ങനെ അവർ ആ പ്രമാണവുമായി റസൂലിനെ സമീപിച്ചപ്പോൾ ഒരാളോട് അത് വായിക്കാൻ അവിടുന്ന് പറഞ്ഞു. പലിശയെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്തെത്തിയപ്പോൾ തിരുനബി തന്റെ കൈ അവിടെ വെക്കാൻ ആവശ്യപ്പെടുകയും അത് മായ്ച്ചുകളയുകയും ചെയ്തു. "സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, പലിശയിൽ നിന്ന് അവശേഷിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക" എന്ന ഖുർആനിക സൂക്തം ഓതുകയും ചെയ്തു. പിന്നീട് വ്യഭിചാരത്തെ കുറിക്കുന്ന ഭാഗത്തെത്തിയപ്പോൾ ഇത് ആവർത്തിക്കുകയും നിങ്ങൾ വ്യഭിചാരത്തെ സമീപിക്കരുത് എന്ന ഖുർആനിക സൂക്തം പാരായണം ചെയ്യുകയും ചെയ്തു. ഈ സംഭവത്തെയും നബി തങ്ങൾ നുബുവ്വത്തിന് ശേഷവും നിരക്ഷരരാണെന്ന വാദത്തിന് തെളിവായി ഉദ്ധരിക്കാറുണ്ട്. ഒരു അധ്യാപകൻ നമ്മോട് ഹോംവർക്ക് ചെയ്യാൻ പറയുകയും പിറ്റേന്ന് അധ്യാപകൻ ആവശ്യപ്പെടുന്ന മുറപ്രകാരം നാം അത് കാണിച്ചുകൊടുക്കുകയും അതിൽ നിന്നും തെറ്റുള്ളവ അധ്യാപകൻ തെറ്റ് രേഖപ്പെടുത്തുകയും ചെയ്താൽ അധ്യാപകന് എഴുത്തോ വായനയോ അറിയാത്തതിനാലാണ് ഹോംവർക്ക് ചെയ്ത ഭാഗം നാം കാണിച്ചു കൊടുക്കുന്നതും വായിച്ചു കൊടുക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ...അതുപോലെതന്നെ നബി(സ) ക്ക് വായിക്കാനോ എഴുതാനോ അറിയാത്തതിനാലല്ല അവരോട് എഴുതാനും എഴുതിയ ഭാഗം കാണിച്ചു കൊടുക്കാൻ പറഞ്ഞതും എന്ന് വ്യക്തമാണ്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ നബി തങ്ങൾ നുബുവ്വത്തിന് ശേഷവും നിരക്ഷരനായിരുന്നെന്ന വാദങ്ങളൊക്കെ തന്നെ പല കാരണങ്ങളാൽ പ്രാമാണികത കുറവും പ്രബലമല്ലാത്തതുമാണ്. അപ്പോൾ ഉമ്മിയ്യ് എന്നുള്ളത് തങ്ങളിലേക്ക് ചേർക്കുമ്പോൾ അത് നുബുവ്വത്തിന്റെ മുമ്പുള്ള അവസ്ഥയാണെന്ന് വ്യാഖ്യാനിക്കേണ്ടതാണ്.

എന്നാൽ ഇബ്നു നുഹാസും അബൂ ഫസലുൽ റാസി (റ)യുമെല്ലാം ഉമ്മിയ്യിന് നൽകുന്ന വ്യാഖ്യാനം നബി തങ്ങൾക്ക് നുബുവ്വത്തിന് ശേഷം എഴുത്തും വായനയും അറിയാമെങ്കിലും പ്രസ്താവ്യ സൂക്തത്തിലെ ഉമ്മിയ്യ് എന്നതിനെ ഉമ്മുൽ ഖുറയിലേക്ക് ചേർത്തു വായിച്ച് മക്കക്കാരൻ എന്ന രീതിയിൽ വ്യാഖ്യാനിക്കണമെന്നാണ്. സൂറതുൽ അൻആമിലെതൊണ്ണൂറ്റി രണ്ടാം ആയത്തിൽ ഉമ്മുൽ ഖുറാ എന്ന പ്രയോഗം മക്കയിൽ ഉള്ളവർക്കും അതിനുചുറ്റുമുള്ള ലോകമെമ്പാടുമുള്ള ജനതക്കും മുന്നറിയിപ്പ് നൽകാനാണ് ഖുർആൻ ഇറങ്ങിയതെന്ന് പരാമർശിക്കുന്നുണ്ട്. ഈ ആയത്ത് അടിസ്ഥാനപ്പെടുത്തിയും ജുമആ സൂറത്തിലെ ഉമിയ്യീങ്ങളിൽ നിന്നുള്ള പ്രവാചകനെ നിങ്ങളിലേക്ക് അയച്ചു എന്നതിന് മക്കക്കാരിൽ നിന്നുള്ള പ്രവാചകനെ അയച്ചു എന്നതിലേക്ക് വ്യാഖ്യാനിച്ചുകൊണ്ടുമൊക്കെ ചില പണ്ഡിതന്മാർ ഉമ്മിയ്യിന്റെ വിവക്ഷ ഉമ്മുൽ ഖുറാ ആണെന്ന് വാദിക്കുന്നുണ്ട്. ഉമ്മിയ്യ് എന്നതിനെ ഉമ്മുൽ ഖുറയിൽ ജനിച്ചു വളർന്നവൻ എന്നും ഉമ്മിയ്യീൻ എന്നത് അതിന്റെ ബഹുവചനം ആണെന്നും മനസ്സിലാക്കുകയാണെങ്കിൽ അത് പ്രവാചകനെയും അനുയായികളെയും പരിചയപ്പെടുത്തൽ ആയിരിക്കും എന്നും വാദിക്കുന്നവരുണ്ട്. അവർ പ്രവാചകന്റെ ശുഭകരമായ ജനനം നിർണയിക്കുകയും അന്ത്യപ്രവാചകൻ ജനിക്കുന്ന സ്ഥലം ക്ലിപ്തപ്പെടുത്തുകയും ചെയ്യുക വഴി അദ്ദേഹത്തിൻറെ മഹത്വം അനാവരണം ചെയ്യലും കൂടിയായിരിക്കും പ്രസ്തുത ആയതിന്റെ ഉദ്ദേശം എന്നും പറയുന്നു. മറ്റൊരു പ്രവാചകനും വിശേഷിക്കപ്പെടാത്ത ഉമ്മിയ്യ് എന്ന എന്ന പദവി തങ്ങൾക്ക് നൽകിയതിൽ നിന്നും പ്രവാചകന്മാരിൽ നിന്ന് നബി തങ്ങളെ മാത്രം മക്കയിലേക്ക് നിയുക്തരാക്കി എന്നതിൽ നിന്നുമെല്ലാം മനസ്സിലാവുന്നത് അത് ഉമ്മുൽ ഖുറാ എന്ന അർത്ഥത്തിൽ ആണെന്ന് തറപ്പിച്ച് പറയുന്ന ഇവർ തൗറാത്ത്, ഇൻജീൽ പോലോത്ത മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളിൽ മുഹമ്മദ്‌ നബിയെ കുറിച്ച് ഉമ്മിയ്യ് എന്ന് പരാമർശിക്കാൻ കാരണം വരും തലമുറക്ക് അഖില ലോക പ്രവാചകൻ നിയുക്തനാകുന്ന സ്ഥലം അറിയിക്കാൻ വേണ്ടിയുമാണെന്നുള്ള ന്യായങ്ങളാണ് ഉദ്ധരിക്കുന്നത്. എന്നാൽ അറബി വ്യാകരണ നിയമത്തിന്റെ തെളിവ് പിടിച്ച് കൊണ്ട് ഉമ്മിയ്യ് എന്നത് ഉമ്മുൽ ഖുറായിലേക്കാണ് എന്ന് എന്ന് പറയാൻ കഴിയില്ല എന്നും അബൂ ഹനീഫ ഇമാമിന് ഹനഫിയ്യ എന്നും ബനൂ തമീം ഗോത്രക്കാർക്ക് തമിമിയ്യ് എന്നും പറഞ്ഞപോലെ ഉമ്മുൽ ഖുറാക്ക് ഖുറവിയ്യ എന്നായിരുന്നു പറയേണ്ടതെന്നും എന്നാൽ ഇവിടെ ഉമ്മിയ്യ് എന്ന് പരാമർശിച്ചതിനാലും മറ്റ് ഖുർആനിക വചനങ്ങളുടെ അടിസ്ഥാനത്തിലൊന്നും ഉമ്മുൽ ഖുറയിലേക്ക് ചേർക്കാൻ പാകത്തിലുള്ള തെളിവുകൾ ലഭിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ഇറാനിയൻ പണ്ഡിതനും ഫിലോസഫറുമായ മുർതളാ മുത്വഹ്ഹരി ഇതിനെ എതിർക്കുന്നുണ്ട്. എങ്കിലും നബി തങ്ങൾക്ക് ഒരു തരത്തിലുള്ള ന്യൂനതയും കൽപ്പിക്കാത്തത് കൊണ്ട് തന്നെ ഇതിനെ നിഷേധിക്കേണ്ട ആവശ്യകതയും നമ്മൾക്കില്ല.

ചുരുക്കത്തിൽ നബി തങ്ങൾ ജീവിതകാലം മുഴുവൻ നിരക്ഷരനാണെന്നും നുബുവ്വത്തിന് ശേഷം വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നുമുള്ള ആരോപണങ്ങൾ പ്രസ്താവ്യ കാരണങ്ങളാൽ നിരർത്ഥകമാണ്. മാത്രവുമല്ല, നബി തങ്ങൾ വായിക്കാനോ എഴുതാനോ ഉദ്ദേശിച്ചപ്പോഴൊക്കെ അല്ലാഹു അവർക്ക് അതിന് കഴിവ് നൽകുകയും അവർ വായിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട് എന്നത് ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടുമുണ്ട്.

സാമ്പ്രദായികമായ രീതിയിൽ നബിതങ്ങൾ വിദ്യ അഭ്യസിച്ചിട്ടിട്ടില്ലെങ്കിലും അനന്തമായ അറിവിന്റെ വിശാല ലോകവും അള്ളാഹു ഉദ്ദേശിച്ചതായ മുഴുവൻ അറിവുകളും തങ്ങൾക്ക് അള്ളാഹു നൽകിയിട്ടുണ്ട് എന്നും മനസ്സിലാക്കുകയാണ് ഏറ്റവും അനുയോജ്യവും പ്രമാണങ്ങളാൽ സ്ഥിരപ്പെടുന്നതും.

Questions / Comments:



3 November, 2023   11:13 pm

Shahina

Verygood

3 November, 2023   11:05 pm

Shahina

Verygood


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....