സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല |
ഒരു പുരുഷായുസ്സ് മുഴുക്കെ ദീനിനുസമർപ്പിച്ച മഹത് വ്യക്തിത്തമാണ് സി എ അബ്ദുറഹ്മാൻ മുസ്‌ലിയാർ. വിനയവും ആത്മാർത്ഥതയും കൈമുതലാക്കി മതാദർശങ്ങളുടെ പ്രചരണത്തിനും പ്രചാരത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനവർകൾ തുല്യതയില്ലാത്ത സേവനമാണ് ചെയ്തു തീർത്തത്. തികഞ്ഞ ആത്മജ്ഞാനിയും സാത്വികനുമായ ഉസ്‌താദുമായി 1973 ലാണ് ആദ്യമായി ബന്ധപ്പെടുന്നത്. രണ്ടത്താണിക്കടുത്ത് അച്ചിപ്പുറയിൽ മഹാൻ മുദരിസായി സേവനം ചെയ്യുന്ന കാലത്ത് ഒരു വയളിന് വേണ്ടി അവിടെ ചെന്നതായിരുന്നു വിനീതൻ. പിന്നീട് 74 ൽ വടകരക്കടുത്ത് തിരുവള്ളൂരിലെ കാഞ്ഞീരാട്ടുതറയിലേക്ക് മഹാൻ സേവനം മാറ്റിയെഴുതിയപ്പോൾ അതേ നാട്ടിൽ തന്നെ സ്ഥിതി ചെയ്‌തിരുന്ന നുസ്റതുൽ ഇസ്‌ലാം അറബിക് കോളേജിൽ പ്രിൻസിപ്പലായി ഞാൻ സേവനം ചെയ്തിരുന്നു. ഒരേ പ്രദേശത്ത് തന്നെ ദീനി ഖിദ്മയിലായത് കൊണ്ട് കൂടുതൽ അടുക്കാനും ബന്ധം വളരാനും അതു കാരണമായി.
മത വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ളയാളാണ് മഹാൻ. ഇ കെ ഉസ്‌താദ്, നെല്ലിക്കുത്ത് ഉസ്താദ് തുടങ്ങിയ തഹ്ഖീഖുള്ള മഹാരഥന്മാർ ദർസ് നടത്തിയ നന്ദി ദാറുസ്സലാമിലേക്ക് മുദരിസായി ക്ഷണിക്കപ്പെട്ടതും അതുകൊണ്ടാണ്. മരിക്കുന്ന സമയത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്നല്ലോ.
കിഴിശ്ശേരിക്കടുത്ത് പുളിയക്കോട് ഞാൻ ദർസിസേവനം നിർത്തിയപ്പോൾ പകരം വന്നത് മഹാനായ സി എ ഉസ്‌താദാണ്. ഞങ്ങൾക്കിടയിലുണ്ടായ ബന്ധത്തിൻ്റെ പേരിലായിന്നു ഇത്. ശേഷം ബുഖാരിയിൽ ഒരുമിച്ചതു മൂലം ഉസ്‌താദുമായി നാൽപത് വർഷത്തെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.
1994 ൽ അവിടുത്തെ സഹപാഠിയും ബുഖാരിയുടെ പ്രസിഡന്റുമായ റഈസുൽ ഉലമ ഇ സുലൈമാൻ ഉസ്താദിൻ്റെ ക്ഷണപ്രകാരമാണ് ബുഖാരിയിലേക്കെത്തുന്നത്. ഇക്കാലത്ത് തന്നെ എടവണ്ണപ്പാറ ദാറുൽ അമാനിലേക്കും ക്ഷണം വന്നെങ്കിലും മഹാനവർകൾ തിരഞ്ഞെടുത്തത് ബുഖാരിയെയാണ്.
ഇന്നത്തെ ടെക് ഹബ്ബും സ്റ്റാഫ് റൂമും അടങ്ങുന്ന ഒരു കെട്ടിടം മാത്രമാണ് അന്നത്തെ ബുഖാരിയെന്നോർക്കണം. വൈദ്യുതി ഒട്ടുമേയില്ല. സ്ഥല പരിമിതിയും മറ്റ് ഭൗതിക തടസ്സങ്ങളുമുണ്ടായിരുന്ന അന്നത്തെ സാഹചര്യങ്ങളോട് ഉസ്താദ് പൂർണമായും ചേർന്നുനിന്നു. കുട്ടികളെക്കൂടി അതിനോട് പരുവപ്പെടുത്താനും ഉസ്താദിനായി. വൈദ്യുതി സംവിധാനങ്ങളില്ലാത്തതിനാൽ രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ദർസോതിക്കൊടുക്കുന്നതും രാത്രി വൈകിയും മുത്വാലഅ ചെയ്യുന്നതും പതിവുകാഴ്ചയായിരുന്നു. ആ തിരിവെട്ടവും ഉസ്‌താദിന്റെ സാന്നിധ്യവും മാത്രം മതിയായിരുന്നു കുട്ടികൾക്ക് മനസ്സ് നിറഞ്ഞ് പഠിക്കാൻ.
ഈ വിനീതൻ വിദേശത്തുള്ള സമയങ്ങളിൽ ബുഖാരിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് മഹാനുഭാവനായിരുന്നു. കുട്ടികളുടെ പ്രയാസങ്ങൾക്ക് ചെവികൊടുത്തും അവരെ തലോടിയും അവിടുന്ന് ആശ്വാസം പകർന്നു. അറിവിന്റെ ആഴവും അവതരണങ്ങളുടെ സൗന്ദര്യവും അവിടുത്തെ ക്ലാസുകളുടെ പ്രത്യേകതയായിരുന്നു.
തരുവറ ഉസ്‌താദും സി എ ഉസ്‌താദും ഒരുമിച്ച ബുഖാരി നിത്യാകർഷകമായിരുന്നു. ബുഖാരിയിൽ നിസ്കാര ശേഷം പള്ളിയിൽ വെച്ച് സ്ഥാപനത്തിൻ്റെ ഗുണകാംക്ഷികൾക്കുള്ള ദുആയോ വിദ്യാർഥികളുടെ കൈയെഴുത്ത് മാഗസിൻ പ്രകാശനമോ പലപ്പോഴും ഉണ്ടാകാറുണ്ട്. ദഅവ വിദ്യാർഥി യൂണിയൻ്റെ മുഖപത്രമായ സരണിയും ഒന്നാം തരം മുതലുള്ള ക്ലാസ് മാഗസിനുകളും പള്ളിയിൽ ജമാഅത്ത് കഴിഞ്ഞാണ് പ്രകാശനം നടത്താറുള്ളത്. എല്ലാ ഉസ്‌താദുമാരും വിദ്യാർഥികളും ഒരുമിച്ച വേദികളിൽ മാഗസിൻ പ്രകാശന കർമത്തിനായി തരുവറ ഉസ്താദിനെയോ സി എ ഉസ്താദിനെയോ ആണ് ക്ഷണിക്കാറുള്ളത്. പടിഞ്ഞാറേ ചുവരിലേക്ക് ചാരി തല താഴ്ത്തിയാണ് അവർ അപ്പോഴൊക്കെയും ഇരിക്കുക. കാഴ്‌ചയിൽ തന്നെയുള്ള വിനയസ്വരൂപങ്ങൾ. കാൽമുട്ടിൽ കൈതാങ്ങി ഇത്തിരി പ്രയാസത്തോടെ എണീറ്റാണ് പ്രകാശന കർമത്തിന് വരിക. അതിലും വലിയ അംഗീകാരം ആ മാഗസിനും അതിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കും വേറെ കിട്ടാനില്ല.
അവരവിടെയുണ്ടെങ്കിൽ ദുആ ചെയ്യാൻ വേറെ ആരെയും ഏൽപ്പിക്കാറില്ല. പിന്നെ അവർക്കിടയിൽ ‘ങ്ങൾ ദുആർക്കിം…’ എന്ന പരസ്‌പര വിനയവക്കാലത്തുകൾ. അൽപനേരം കഴിഞ്ഞ് അവരിലൊരാൾ ദുആ ചെയ്ത് തുടങ്ങും. എന്തിനാണ് റബ്ബേ ഈ താഴ്‌മയും തർക്കവുമെന്ന് കാണുന്നവർക്ക് തോന്നിപ്പോകുമെങ്കിലും പ്രാർത്ഥനയിൽ എല്ലാം മറന്ന് ലയിക്കും.
പഠനകാലത്ത് മുഴുസമയവും പഠനകാര്യങ്ങളിൽ മാത്രം ചെലവഴിച്ചവരാണ് സി എ ഉസ്‌താദ്. അതുകൊണ്ടുതന്നെ തികഞ്ഞ പണ്ഡിതനും ശുദ്ധാത്മാവുമാണദ്ദേഹം. ഉസ്‌താദുൽ അസാതീദ് ഒകെ ഉസ്താദ്, കൈപ്പറ്റ ബീരാൻ കുട്ടി മുസ്ല്യാർ തുടങ്ങിയ ജ്ഞാന സാഗരങ്ങളിൽ നിന്നാണ് മഹാൻ അറിവ് നുകർന്നത്. ഏതൊരാൾ നോക്കിയാലും 'തിരിയുന്ന' രൂപത്തിൽ ഇതര കിതാബുകളിൽ നിന്ന് തഅ്ലീകാത്ത് എഴുതിവെക്കുകയും കിതാബ് നന്നാക്കുകയും ചെയ്യുക ഉസ്‌താദിൻ്റെ ശീലമായിരുന്നു.
മഹാൻ തഅ്‌ലീഖാത്തെഴുതിനന്നാക്കിയ കിതാബുകൾ അമൂല്യ നിധികളാണ്. പഠനകാലത്ത് ഉസ്‌താദുമാരുടെ കിതാബുകൾ നോക്കി നന്നാക്കിയെടുത്തതിനാൽ അവിടുത്തെ കിതാബുകൾ വളരെ സൂക്ഷിച്ചാണ് കൊണ്ടുനടന്നിരുന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ ഗ്രന്ഥങ്ങൾ പകർത്തി എഴുതുന്നതിൽ പ്രത്യേക താത്‌പര്യം പ്രകടിപ്പിച്ചിരുന്നു മഹാൻ. അപ്രകാരം എഴുതിയെടുത്ത നിരവധി ഗ്രന്ഥങ്ങൾ അവിടുത്തെ വീട്ടിൽ ഇപ്പോഴുമുണ്ട്.
കടലാസ് വേണ്ടത്ര ലഭ്യമല്ലാതിരിക്കുകയും മഷിക്കുപ്പിയിൽ മുളങ്കമ്പ് ഉപയോഗിച്ച് എഴുതുകയും ചെയ്‌തിരുന്ന കാലത്താണിത്. നോട്ടുപുസ്‌തകങ്ങൾ പോലും അന്ന് സുലഭമായിരുന്നില്ല. പേപ്പറുകൾ സംഘടിപ്പിച്ച് ഇഷ്ടത്തിനനുസരിച്ച് വെട്ടിയൊതുക്കി തുന്നിയുണ്ടാക്കിയവയാണ് അക്കാലത്തെ നോട്ടുപുസ്‌തകങ്ങൾ. ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഒരു മതവിദ്യാർഥി തരണം ചെയ്‌ത ത്യാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട് ഈ കൈയ്യെഴുത്തുപ്രതികൾ.
ഉത്തരവാദിത്വ പാലനത്തിൽ പൂർണ്ണ സൂക്ഷ്മതയും ശുഷ്കാന്തിയും കാണിക്കുന്ന ഉസ്താദ് തന്റെ നീണ്ട പതിനാറു വർഷത്തെ ബുഖാരി ജീവിതത്തിൽ വളരെ കുറഞ്ഞ അവധികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും തക്ക കാരണത്തിനു മാത്രം.
അങ്ങനെ, ജീവിതകാലം മുഴുവൻ ഇൽമിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു മഹാൻ. അതു കൊണ്ട് തന്നെയാണ് വഫാതാവുന്നത് വരെയും മുടങ്ങാതെ സബ്ഖ് നടത്താൻ ഉസ്‌താദിന് കഴിഞ്ഞത്. അവസാന സമയത്ത് വളരെ ക്ഷീണിതനായിട്ട് പോലും ദർസെടുക്കാനായി ബുഖാരിയിലേക്ക് വന്നിരുന്നു. ഒരു സബ്ഖെങ്കിലും എടുക്കണമെന്ന നിർബന്ധത്തോടെയായിരുന്നു മുതുവല്ലൂരിൽ നിന്ന് വന്നിരുന്നത്.
മത തിരുത്തൽ വാദികളോടും ആദർശങ്ങളിൽ ഇളവ് കാണിക്കുന്നവരോടും ശക്തമായ സമരം നയിച്ചിരുന്നു ഉസ്താദ്. കൂട്ടുകാരും നാട്ടുകാരും എതിർ പ്രസ്ഥാനത്തിൽ ആയിരുന്നപ്പോഴും ആദർശ തീവ്രത ചോരാതെ തന്നെ ദീനിനുവേണ്ടി ജീവിതം തീറെഴുതുകയായിരുന്നു. കൂട്ടുകുടുംബാംഗങ്ങളുടെ പ്രലോഭനങ്ങൾക്കും ഇംഗിതങ്ങൾക്കും അനുസൃതമായി അമർന്ന് ജീവിച്ചിരുന്നുവെങ്കിൽ ഇത്രയും തികഞ്ഞ ഒരു സാത്വിക നേതാവിനെയോ വിശുദ്ധാത്മാവിനെയോ ഒരുപക്ഷേ നമുക്ക് കിട്ടിയെന്ന് വരില്ലായിരുന്നു. മഹാനുഭാവനോടൊപ്പം അല്ലാഹു നമ്മെയും സ്വർഗീയ ലോകത്ത് കൂട്ടി തരട്ടെ