തന്റെ യൗവ്വനദശയിൽ വ്യാപാരം തിരെഞ്ഞെടുത്ത ഓമന റസൂൽ അൽ അമീനെന്ന് വിഖ്യാതരാവാൻ മുഖ്യഹേതു സാമ്പത്തിക ഇടപെടലുകളിലെ ജാഗ്രതയായിരുന്നു. "തനിക്കിഷ്ടപ്പെടുന്നത് സഹോദരങ്ങള്‍ക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന" തിരുവരുൾ വിശ്വസ്തകമ്പോളങ്ങളുടെ സുവർണ്ണതത്വമായി നിലകൊള്ളുന്നു
ഒരു സമൂഹത്തിന്റെ ദൈനംദിനജീവിതത്തിലെ സർവ്വതല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ റസൂലിൽ ﷺ കാണാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ തൊഴിൽ മേഖല. ഏതൊരു വ്യക്തിയും തന്റെ ജീവിത കാലത്തിനിടയിൽ ഏതെങ്കിലുമൊരു തൊഴിൽമേഖലയുമായി ബന്ധപ്പെടണ്ടേതുണ്ട്.
ഇസ്‌ലാം ഇവിടെയും കൃത്യമായ നിർദ്ദേശങ്ങൾ അനുയായികൾക്ക് നൽകുന്നുണ്ട്. പ്രവാചകന്മാരുടെ ജീവിത ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വിവിധങ്ങളായ ഉപജീവനമാർഗങ്ങൾ സ്വീകരിച്ചവരെ നമുക്ക് കാണാം. ദാവൂദ് നബി(അ) അനായാസം ഇരുമ്പു ഉപയോഗിച്ച് പരിചകളും മറ്റാവിശ്യ വസ്തുക്കളും നിർമ്മിക്കുന്നതിൽ അവഗാഹമുണ്ടായിരുന്നു. സക്കരിയ നബി(അ) ആശാരിയായിരുന്നു. എല്ലാ നബിമാരും ആടുമേച്ച് ഉപജീവനമാർഗങ്ങൾ കണ്ടെത്തിയവരായിരുന്നു എന്നു തുടങ്ങി ലോകർക്ക് ദൈവദൂതരുടെ ജീവിതങ്ങളിൽ നിന്ന് വ്യക്തമായ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.
കൃഷിയും വ്യാപാരവും ഏറ്റവും മഹത്തരമായ തൊഴിലുകളായാണ് വിശേഷിപ്പിക്കുന്നത്. ഒരു കർഷകൻ മണ്ണ് കിളച്ച് വിത്തിട്ടു, ഫലം പ്രതീക്ഷിച്ചു നിൽക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിൽ അങ്ങേയറ്റം തവക്കുലുള്ളതു കൊണ്ടാണ്, അതിനാൽ തന്നെ കൃഷിയെ ഔന്നിത്യമേറെയുള്ള തൊഴിലായി പരിഗണിച്ച പണ്ഡിതന്മാരുണ്ട്. “അന്ത്യദിനത്തോടടുത്ത ദിനമാണെങ്കിലും നിങ്ങളുടെ പക്കലുള്ള ചെടി നടണമെന്ന തിരുനബികല്പന കാർഷിക മേഖലയ്ക്ക് ഇസ്‌ലാം നൽകിയ ഊന്നൽ വ്യക്തമാകും.
ഒരു സമൂഹത്തിന്റെ നിലനിൽപ്പ് വിഭവങ്ങളിൽ അവർക്കുള്ള സ്വയം പര്യാപ്തതയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സ്വത്രന്താനന്തര ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ഇത് നമുക്ക് മനസ്സിലാക്കാം, പഞ്ചവത്സര പദ്ധതികളിലുടെ നെഹ്റു ഗവൺമെന്റ് ഉദ്ദേശിച്ചതും കാർഷിക മേഖലയിലെ സ്വയം പര്യാപ്തതയായിരുന്നു. ഈ ഒരു പ്രാധാന്യം മനസ്സിലാക്കിയതിനാൽ കൂടിയാവാം തിരുദൂതരുടെ അധ്യാപനങ്ങളിൽ, ഒരാൾ ഒരു തൈ നട്ട് വളർത്തി അതിന്റെ ഫലം പക്ഷികൾ ഭക്ഷിച്ചാലും മോഷ്ടാക്കൾ അപഹരിച്ചാൽ പോലും കർഷകന് അല്ലാഹുവിൽ നിന്നും മഹത്തായ പ്രതിഫലമുണ്ടെന്നു കാണാനാവുന്നത്. കർമ്മശാസ്ത്രപണ്ഡിതർ രേഖപ്പെടുത്തുന്നത് കാണാം, ഒരാൾ നട്ടുവളർത്തുന്ന മരങ്ങൾക്കും ചെടികൾക്കും ജലസേചനം നടത്താതിരിക്കൽ കറാഹത്താണ്.
വ്യാപാര രംഗത്തും തിരുനബിﷺയുടെ ശ്രദ്ധപതിഞ്ഞിട്ടുണ്ട്. ഗവൺമെന്റ് ജോലികളിൽ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങളിൽ ചില തൽപരകക്ഷികൾ ഉന്നയിക്കുന്ന വാദം തിരുനബികച്ചവടക്കാരനായതിനാൽ അവരെ അനുധാവനം ചെയ്ത് മുസ്ലീങ്ങൾ വ്യാപാരത്തെ മാത്രം തിരഞ്ഞെടുക്കുന്നു എന്നതാണ് ഗവൺമെന്റ് ജോലികളിലേക്ക് കടന്നുവരുന്നതിന് നിരുത്സാഹമാകുന്നത്.
യഥാർത്ഥത്തിൽ പലിശയെ നിഷിദ്ധമാക്കികൊണ്ടാണ് റസൂൽﷺ കച്ചവടത്തെ പ്രോത്സാഹിപ്പിച്ചത് എന്ന് കാണാൻ കഴിയും. പലിശ സമ്പ്രദായം മക്കയിലും ത്വാഇഫിലും എന്നു തുടങ്ങി പലഭാഗങ്ങളിലേക്കും വ്യാപിച്ച അവസരമായിരുന്നു. കൃഷികളിലും മറ്റും ലാഭം കൊയ്ത യഹൂദികളിൽ നിന്നും പലിശക്ക് പണം വാങ്ങി അറബികൾ ജീവിതം തള്ളിനീക്കി. എന്നാൽ ഇതിന്റെ തിക്തഫലം അവർ അനുഭവിക്കേണ്ടി വരികയും ചെയ്തു. ഈ അനുഭവസാക്ഷ്യങ്ങളിൽ നിന്നാണ് തിരുനബി എങ്ങനെയാണ് പലിശ സമ്പ്രദായത്തെയും വ്യാപാരത്തേയും വ്യത്യാസപ്പെടുത്തിയതെന്ന് മനസ്സിലാക്കേണ്ടത്.
ഇതിനെ കൂടുതലായി തിരിച്ചറിയണമെങ്കിൽ ജാഹിലിയ കാലഘട്ടത്തിലെ വ്യാപാരങ്ങളെയും കമ്പോളങ്ങളേയും പരിചയപ്പെടേണ്ടതുണ്ട്. കവിതകളിലും കള്ളിലും ആനന്ദം കണ്ടെത്തിയ പരിസരമായിരുന്നു ഉക്കാള് ചന്തയുടേത്. ഇറാഖിൽ നിന്നും ബസറയിൽ നിന്നും ഉക്കാള് ചന്തയിലേക്ക് മദ്യം ചരക്കുകളായി കൊണ്ടുവരപ്പെട്ടു. മദ്യത്തിൽ ആനന്ദം കണ്ടെത്തി ആക്രമണങ്ങളിൽ മുഴുകി ജീവിതത്തെ നയിച്ചിരുന്ന കാഴ്ചകൾ ആൺ പെൺ വ്യത്യാസമില്ലാതെ ജാഹിലിയ്യാ കാലഘട്ടത്തിലുണ്ടായിരുന്നു. ഇവിടെയാണ് റസൂൽﷺ കച്ചവടത്തിൽ അതിർവരമ്പുകൾ വരച്ചു കാണിച്ചത്. അറബികളിൽ ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പ് പലവിധ കച്ചവടരീതികൾ നിലനിന്നിരുന്നു. അതിൽ പലതും വില്പനക്കാരന്റെയോ ഉപഭോക്താവിന്റെയോ ലാഭനഷ്ടങ്ങൾ മാനിക്കാത്തതായിരുന്നു. എന്നുമാത്രമല്ല, പല ഇടപാടുകളിലും ഉപഭോക്താവിന് തനിക്ക് വാങ്ങാനുള്ള വസ്തുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല . ഇത്തരം ജാഹിലിയ്യാ കച്ചവടങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്.
1. മുലാസമ കച്ചവടം: മേൽപ്പറഞ്ഞ ജാഹിലിയ്യാ കച്ചവടരീതികളിൽ ഒന്നായിരുന്നു ഇത്. ആവശ്യവസ്തുവിനെ അഥവാ ചരക്കിനെ കാണാതെ വസ്തുവിനെ കൈകൊണ്ട് സ്പർശനത്തിലൂടെ മനസ്സിലാക്കി വാങ്ങുന്ന സമ്പദായമായിരുന്നു ഇത്. വിൽപ്പന വസ്തുവിനെ വാങ്ങുമ്പോൾ അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി കച്ചവടത്തിൽ നിന്നും പിൻമാറാനുള്ള അവകാശം ഈ സമ്പ്രദായത്തിൽ ഉപഭോക്താവിന് ഉണ്ടായിരുന്നില്ല. വിൽപ്പനക്കാരുടെ താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടതെന്ന് ചുരുക്കം.
2. ഹുസാത് കച്ചവടം: മറ്റൊരു കച്ചവട സമ്പ്രദായമായിരുന്നു ഇത്. കല്ലെറിഞ്ഞു കൊണ്ട് കച്ചവടം ഉറപ്പിക്കുന്ന വിചിത്രമായ രീതിയായിരുന്നു ഇത്. കല്ലെറിയുകയും അത് ഏത് ചരക്കിൽ വന്നു നിൽക്കുന്നുവോ അതിനെ കച്ചവടം ചെയ്യുന്നു.
തിരുനബിﷺ ഇവിടെയും കൃത്യത വരുത്തി. കച്ചവടത്തിൽ വിൽപ്പനക്കാരന്റെയും ഉപഭോക്താവിനെയും വാക്കാലുള്ള സമ്മതത്തെ നിബന്ധനയാക്കി കൊണ്ടുവന്നു. വാങ്ങുന്ന വസ്തുവിനെ കാണാനും വസ്തുവിന് ന്യൂനതകൾ ഉണ്ടെങ്കിൽ കച്ചവടത്തിൽ നിന്ന് പിന്മാറാനുമുള്ള അവകാശങ്ങൾ ഉപഭോക്താവിനു നൽകി. അടിമയുടെയും അടിമയുടെ കുഞ്ഞിന്റേയും ഇടയിൽ വിട്ടു പിരിക്കുന്ന വിധത്തിലുള്ള ഇടപാടുകളെ നിഷിദ്ധമാക്കി. മൃഗങ്ങളാണെങ്കിൽ പോലും അമ്മയുടെയും പര്യാപ്തത എത്താത്ത കുഞ്ഞിന്റേയും ഇടയിൽ കച്ചവടം കൊണ്ടു വിട്ടുപിരിക്കരുത് എന്ന് കൽപ്പിച്ചു.
ഇത്തരത്തിൽ ജാഹിലിയ്യാ കാലഘട്ടത്തിൽ നിലനിന്നിരുന്ന വ്യാപാരങ്ങളിലെ അരുതായ്മകൾ റസൂൽﷺ പരിഹരിച്ചു. അധ്വാനം കൂടാതെ മൂലധനം ചില സ്വകാര്യവ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിൽ പ്രധാനകാരണമായ പലിശസമ്പ്രദായത്തെ പൂർണ്ണമായും തിരുനബിﷺ നിഷിദ്ധമാക്കി. വ്യക്തികൾക്ക് സ്വകാര്യ സ്വത്തവകാശം ഇല്ലായ്മ ചെയ്യുന്നതിനേക്കാൾ യുക്തിഭദ്രവും ഫലപ്രദവുമായ രീതിശാസ്ത്രത്തെ അവിടുന്ന് നടപ്പിലാക്കുകയും ചെയ്തു.
വ്യാപാരത്തിലൂടെ ലാഭം നേടാൻ മതം അനുവദിക്കുന്നുവെങ്കിലും അവിടെയും നാം ഉപാധികൾ പാലിക്കേണ്ടതുണ്ട്. ലക്ഷ്യത്തെ പോലെ മാർഗ്ഗവും പരിശുദ്ധമാവണം എന്നതാണ് തിരു നബി പാഠങ്ങൾ നമ്മോട് ഉൽഘോഷിക്കുന്ന നയം. ആട് തേക്ക് മാഞ്ചിയത്തിൽ തുടങ്ങി പലവിധ നിക്ഷേപ തട്ടിപ്പുകൾക്ക് ഇരകളായിട്ടും ഇത്തരം കെണിവലകളിൽ അകപ്പെടുന്നവർ ഇന്നും വിരളമല്ല. ലാഭേച്ചയെ മാറ്റിവെച്ച് മുത്ത്നബിﷺ മുന്നോട്ടുവെച്ച മത നിയമങ്ങളെ പിന്തുടരുന്നതിൽ നാം കൂടുതൽ ജാഗരൂഗരാകേണ്ടതുണ്ട്.
നമ്മുടെ നാടുകളിൽ ഇന്ന് വ്യാപകമായി നടന്ന് വരുന്ന ഒരു ബിസിനസ് നിക്ഷേപത്തെ നമുക്കൊന്ന് പരിശോധിക്കാം. നിശ്ചിത തുക, ഉദാഹരണമായി അമ്പതിനായിരം രൂപ, കച്ചവടം നടത്താൻ നെന്ന പേരിൽ ഒരാളുടെ പക്കൽ ഏൽപ്പിക്കുന്നു. ആ തുകയ്ക്ക് മാസം തോറും നിശ്ചിതമായ ലാഭം ഉദാ. അമ്പതിനായിരം നൽകിയാൽ മാസാമാസം ആയിരം രൂപ ലാഭം നൽക്കുകയും ചെയ്യുന്നു. മാതമല്ല, നിങ്ങൾ എപ്പോഴാണോ ഈ ഇടപാടിൽ നിന്നും പിന്മാറാൻ ആഗ്രഹിക്കുന്നത് അപ്പോൾ ഈ അമ്പതിനായിരം തിരിച്ച് നൽകുകയും ചെയ്യും.
ബിസിനസിൽ പണം നിക്ഷേപിക്കുന്നു അതിൽ നിന്നുള്ള ലാഭ വിഹിതം മാസംതോറും സ്വീകരിക്കുന്നു എന്ന് മാത്രമാണ് സാധാരണക്കാർ ഇതിനെ മനസിലാക്കിയിരിക്കുന്നത്, എന്നാൽ ഇത് എപ്പോഴാണ് ഇസ്ലാമികമാവുന്നതെന്ന് എത്ര പേർ ചിന്തിക്കാറുണ്ട്. ഇങ്ങനെ കച്ചവടത്തിൽ ഷെയർ ചേരുമ്പോൾ നമ്മുടെ വിഹിതം എത്ര ശതമാനമാണ് എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദാ. ഒരു കോടി മുതൽ മുടക്കുള്ള കച്ചവടത്തിലേക്ക് പത്ത് ലക്ഷം നാം നൽക്കുമ്പോൾ ആകെ മുതൽ മുടക്കിന്റെ പത്ത് ശതമാനമാണ് എന്റെ വിഹിതം എന്ന് അറിയണം. ഇനി ലഭിക്കുന്ന ലാഭത്തിന്റെ പത്ത് ശതമാനത്തിന് മാത്രമാണ് അവൻ അർഹനാവുക എന്ന കാര്യവും മനസിലാക്കണം. കച്ചവടത്തിൽ നഷ്ട്മാണ് ഉണ്ടാകുന്നതെങ്കിൽ അവിടെ പത്ത് ശതമാനം നഷ്ടം സഹിക്കണം. അല്ലാതെ മാസം തോറും ആയിരം വാങ്ങുകയെന്നത് പാടില്ല. മാത്രമല്ല കച്ചവടത്തിൽ നിന്നും പിൻമാറുമ്പോൾ കേവലം അമ്പതിനായിരത്തിനല്ല ഇവൻ അർഹനാവുക പകരം ആ സ്ഥാപനത്തിന്റെ ഇപ്പോയത്തെ മൂല്യം കണക്കാക്കി അതിന്റെ പത്ത് ശതമാനത്തിനാണ് ഇവൻ ഉടമയാകുന്നത്. ഈ രീതിയിൽ പങ്കാളിയായാൽ മാത്രമേ ഈ ഷെയറായുള്ള കച്ചവടം ഇസ്‌ലാമികമാവൂ.
ചുരുക്കത്തിൽ വ്യാപാരത്തിലേർപെടാൻ നാം കാണിക്കുന്ന ആവേശം ആ വ്യാപാരം ഹലാലായ രീതിയിലായിത്തീരുന്നതിലും നാം കാണിക്കണം. ഇല്ലെങ്കിൽ നമ്മുടെ പല ഇടപാടുകളിലും ഇസ്‌ലാം വിലക്കിയ, തിരുനബിﷺ തങ്ങൾ വിമുഖത കാണിച്ച പലിശ വന്നുചേരാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതാണെന്ന തിരിച്ചറിവുണ്ടാവണം.