ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സൗഹൃദം. നന്മയെ പുണരുകയും തിന്മയെ തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ സ്നേഹിതർ. നല്ല സൗഹൃദത്തിന്റെ അതുല്യമാതൃകയാണ് മുത്ത് നബിﷺ. ആത്മമിത്രങ്ങൾ, അനുചരർ, അബലർ, കുട്ടികൾ ബന്ധുക്കൾ തുടങ്ങി എല്ലാവർക്കും തിരുനബിﷺ ഉറ്റചങ്ങാതിയായിരുന്നു.
ഒരു സുഗന്ധവ്യാപാരി. അടുത്തുള്ളവർക്ക് സൗജന്യമായി സുഗന്ധം പുരട്ടിക്കൊടുക്കുന്നു. പണം കൊടുത്തു വാങ്ങുകയുമാവാം. ചുറ്റും സുഗന്ധം തന്നെ!
ഉലയിലൂതുന്ന കൊല്ലപ്പണിക്കാരൻ. അടുത്തിരുന്നാൽ തീപ്പൊരിവീണ് വസ്ത്രം കരിയാനിടയുണ്ട്. സുഗന്ധം അടുത്തെങ്ങുമില്ല താനും!
നല്ല സുഹൃത്തിന്റെയും മോശം സുഹൃത്തിന്റെയും നബിയുപമ എത്ര ലളിതവും അർത്ഥസമ്പുഷ്ടവുമാണെന്നു നോക്കൂ... സ്വഹാബത്തിനോടൊത്തുള്ള മുത്തുനബിﷺയുടെ ജീവിതം ഉത്തമ സൗഹൃദത്തിന്റെ പ്രായോഗിക പ്രതിഫലനമായിരുന്നു. പ്രായഭേദങ്ങൾക്കപ്പുറമായിരുന്നു തിരുസൗഹൃദം. മുതിർന്നവർക്ക് ബഹുമാനവും ചെറിയവർക്ക് കരുണയും സൗഹൃദത്തിൽ ചാലിച്ചുനൽകി പ്രവാചക പ്രഭുﷺ.
എക്കാലത്തെയും അനുപമ സൗഹൃദമാണ് മുത്തുനബിﷺയുടെയും അബൂബക്ർ സ്വിദ്ദീഖ്(റ) വിന്റെയും ഇടയിൽ നിലനിന്നത്. മിഅ്റാജ് രാവിലെ തിരുദൂതരുടെ ആകാശാരോഹണം കേട്ട് ശത്രുക്കൾ പരിഹസിച്ചു. അവിടുത്തെ ഉറ്റ സുഹൃത്തായ അബൂബക്ർ(റ) ഇക്കഥ വിശ്വസിക്കില്ലെന്നും അവരുടെ കൂട്ടുകെട്ട് ഇതോടെ അവസാനിക്കുമെന്നും ശത്രുക്കൾ സ്വപ്നം കണ്ടു. സംഭവമറിഞ്ഞ അബൂബക്ർ(റ)വിന്റെ പ്രതികരണം അവരെ അത്ഭുതപ്പെടുത്തി: "മുത്തുനബിﷺ അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യം തന്നെ, ഉറപ്പ്." ശത്രുക്കൾ ഇളിഭ്യരായി മടങ്ങി. വിശ്വസ്തത ഒരു അമൂല്യ സമ്പത്താണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കൽ അത്യധികം പ്രയാസമേറിയതുമാണ്. പരസ്പരം വിശ്വസ്തതയുണ്ടാവുക എന്നത് സൗഹൃദബന്ധങ്ങളെ സുദൃഢമാക്കുന്നു.
തിരുനബിﷺയോടൊപ്പമുള്ള പലായനയാത്രയിലാണ് സിദ്ദീഖോരുമായുള്ള തിരുസൗഹൃദത്തിന്റെ ചാരുത കൂടുതൽ പ്രതിഫലിച്ചത്. സഹയാത്രികരായ കൂട്ടുകാർക്കിടയിൽ അറുത്തുമാറ്റാനാവാത്ത ആത്മബന്ധത്തിന്റെ വേരുണ്ടാകുമല്ലോ. മദീനയിലേക്കുള്ള പലായനം റസൂൽﷺയുടെ കൂടെയാകണമെന്ന് സിദ്ദീഖ്(റ) വും സിദ്ദീഖ്(റ) ആയിരിക്കണം എന്റെ സഹയാത്രികൻ എന്ന് മുത്തുനബിﷺയും അതിയായി ആഗ്രഹിച്ചു. കാത്തിരിപ്പിനൊടുവിൽ ഒരു ദിവസം മകൾ ആഇശ(റ)യുടെ വീട്ടിലെത്തി. മദീനയിലേക്ക് ഹിജ്റ പോകാൻ അല്ലാഹു അനുമതി നൽകിയിരിക്കുന്നുവെന്നും കൂട്ടിന് സിദ്ദീഖോരാണെന്നും റസൂൽﷺ പറഞ്ഞപ്പോൾ സന്തോഷാധിക്യത്താൽ അബൂബക്ർ(റ)വിന്റെ കണ്ണുകൾ നിറഞ്ഞു.
സൗർ ഗുഹയിലേക്ക് ദുർഘടമായ മലയിടുക്കുകളിലൂടെ ഹബീബ്ﷺയെ ചുമലിലേക്ക് നടന്നു സിദീഖ്(റ). ആദ്യം പ്രവേശിച്ച് ഗുഹക്കുള്ളിൽ സുരക്ഷ ഉറപ്പുവരുത്തി. പഴുതുകളടച്ചു കഴിഞ്ഞപ്പോൾ തിരുദൂതർﷺക്ക് മടിത്തട്ടിൽ മെത്തയൊരുക്കി. ബാക്കിയായ പഴുതടച്ച കാൽവിരലിൽ പാമ്പുകൊത്തിയപ്പോൾ വേദനയിലും കാലനക്കിയില്ല സിദ്ദീഖോർ. മുത്തുനബിﷺ മടിയിൽ ഉറങ്ങുന്ന പൗർണമിയെ നോക്കി സന്തോഷിച്ചു. അറിയാതെയിറ്റിയ കണ്ണീർത്തുള്ളികൾ മുത്തുനബിﷺയെ ഉണർത്തി അപ്പോഴാകും സിദ്ദീഖോർക്ക് വ്യസനമേറിയത്; മുത്തുനബിﷺയുടെ പ്രയാസമോർത്ത്.
മുത്തുനബിﷺയുടെ ഉമിനീർ പുരട്ടിയപ്പോൾ ഉടൻ ശമനം കിട്ടി. മുഅ്ജിസത്തിന്റെ തൂവൽ സ്പർശം! പ്രതിസന്ധികളിൽ സാന്ത്വനമാകണം കൂട്ടുകാരനെന്ന് റസൂൽﷺ പഠിപ്പിച്ചു; നിഷ്കളങ്കവും നിസ്വാർത്ഥവുമാകണമെന്നും. സുഹൃത്തുക്കളെ വിഷമിപ്പിക്കാതിരിക്കുക. അവർക്ക് പരമാവധി സഹായം ചെയ്യുക. ഗുണം മാത്രം കാംക്ഷിക്കുക. അവരുമായി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമയം കണ്ടെത്തുക. സുഹൃത്തുക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുക. പരമാവധി സന്തോഷിപ്പിക്കുക. വീഴ്ചകൾക്ക് ക്ഷമ ചോദിക്കുക. കൂടെ യാത്രപോകാനും സമയം ചെലവഴിക്കാനും ഉള്ളുതുറന്ന് സംസാരിക്കാനും ഇഷ്ടപ്പെടുക.
കുട്ടികളും തിരുനബിﷺയുടെ സുഹൃത്തുക്കളായിരുന്നു. കൊച്ചു കുട്ടിയായിരുന്ന ഉമൈറിന് കളിക്കൂട്ടായി ഒരു കുഞ്ഞിക്കളിയുണ്ടായിരുന്നു. ഉമൈറിനെ കാണുമ്പോഴെല്ലാം റസൂൽﷺ കുഞ്ഞിക്കിളിയെക്കുറിച്ച് ചോദിക്കുമായിരുന്നു. ആവേശത്തോടെ ഉമൈർ കുഞ്ഞിക്കിളിയുടെ വിശേഷങ്ങൾ നബിﷺയോട് പങ്കുവെക്കും. അവിടുന്ന് ആവേശത്തോടെ അത് കേൾക്കുകയും ചെയ്യും. ഒരിക്കൽ ഉമൈറിന്റെ മുഖത്തുള്ള സങ്കടം വായിച്ച് റസൂൽﷺ ചോദിച്ചു: "ഉമൈർ കുഞ്ഞിക്കിളിക്ക് എന്തുപറ്റി?" "അത് മരിച്ചുപോയി റസൂലേ..." ഉമൈറിന്റെ സങ്കടത്തോടെയുള്ള മറുപടികേട്ട് മുത്തുനബിﷺക്ക് വിഷമമായി. ആ കുഞ്ഞുമനസ്സിനെ നബിﷺ ആശ്വസിപ്പിച്ചു. ലോകപ്രവാചകരുടെ സൗഹൃദമാതൃക എത്ര മനോഹരമാണെന്നു നോക്കൂ.
ഐശ്വര്യസമയത്ത് മാത്രം ചങ്ങാത്തം കൂടുകയും പ്രതിസന്ധിസമയത്ത് കയ്യൊഴിയുകയും ചെയ്യുന്നവരല്ല യഥാർത്ഥ സുഹൃത്തുക്കൾ. മറിച്ച്, പ്രതിസന്ധികളിൽ ആശ്വാസമാകുന്നവരാണവർ. സഹാബികളിൽ പ്രധാനിയായിരുന്ന ജാബിർ(റ)വുമായുള്ള റസൂൽﷺയുടെ സൗഹൃദം നിസ്തുല മാതൃകയാണ്. ഒരു സൈനിക യാത്രയാണ് രംഗം. സഹാബത്തിന്റെ ഒട്ടകങ്ങൾക്കു പിറകിലായിരുന്നു റസൂൽﷺയുടെ സഞ്ചാരം. ജാബിർ(റ)വിന്റെ ഒട്ടകം വളരെ പിറകിലാണെന്നറിഞ്ഞ റസൂൽ കാര്യം തിരക്കി. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രായമായ ഒട്ടകമാണിതെന്നും വളരെ പതിയെയാണ് സഞ്ചാരമെന്നും ജാബിർ(റ) മറുപടി നൽകി. തിരുനബിﷺയുടെ കരസ്പർശം ലഭിച്ചപ്പോൾ ഒട്ടകത്തിന് ഉന്മേഷം ലഭിച്ചു. വേഗത്തിൽ നടക്കാൻ തുടങ്ങി. സഹയാത്രികരുടെ ഒട്ടകങ്ങൾ ജാബിർ(റ)വിന്റെ ഒട്ടകത്തിനു പിറകിലായിത്തുടങ്ങി.
ജാബിർ(റ)വിന്റെ വീട്ടിലെ സുഖവിവരങ്ങൾ ഓരോന്നായി മുത്തുനബിﷺ അന്വേഷിച്ചറിഞ്ഞു. ഉപ്പ മരിച്ചതിൽ പിന്നെ എഴു സഹോദരിമാരുടെ സംരക്ഷണ ഉത്തരവാദിത്തം ചുമലിൽ വന്നതും അവർക്കു സഹായത്തിനായി ഒരു വിധവയെ വിവാഹം കഴിച്ചതുമെല്ലാം ജാബിർ(റ) റസൂൽﷺയോട് പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകേട്ട റസൂൽﷺ ജാബിർ(റ)വിന്റെ ആരാധനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞു.
അല്പം കഴിഞ്ഞ് റസൂൽﷺ ചോദിച്ചു: "ഈ ഒട്ടകത്തെ എനിക്ക് വിൽക്കുമോ ജാബിർ?"
"വേണ്ട നബിയേ, ഞാൻ അങ്ങേക്ക് ദാനമായി നൽകാം." ജാബിർ(റ) മറുപടി നൽകി.
''അതുവേണ്ട. പണത്തിനു മതിയെന്ന്'' റസൂൽﷺ ഒരു ദിർഹമിൽനിന്ന് വിലപറഞ്ഞു തുടങ്ങി. ഒരു ഊഖിയയിൽ (ഏകദേശം 40 ദിർഹം) കച്ചവടം ഉറപ്പിച്ചു. മദീനയിൽ എത്തുന്നതുവരെ ആ ഒട്ടകപ്പുറത്ത് സഞ്ചരിക്കാൻ ജാബിർ(റ)വിന് റസൂൽﷺ അനുമതി നൽകി.
മദീനയിൽ തിരിച്ചെത്തിയ ഉടൻ ജാബിർ(റ) ഒട്ടകവുമായി മസ്ജിദുന്നബവിയുടെ മുറ്റത്തെത്തി. തിരുനബിﷺയുടെ വിജ്ഞാന സദസ്സിലിരുന്നു. ഒട്ടകത്തിന്റെ പണവും അല്പം ചില്ലറയും ജാബിർ(റ)വിന് നൽകാൻ റസൂൽﷺ പറഞ്ഞു.
അതുവാങ്ങി സന്തോഷത്തോടെ തിരിച്ചുപോകുമ്പോൾ മുത്തുനബിﷺ ജാബിർ(റ)വിനെ വിളിച്ചു പറഞ്ഞു: "നിൽക്കൂ ജാബിർ, ആ ഒട്ടകത്തെയും കൊണ്ടുപൊയ്ക്കോളൂ... ഊഖിയയും ഒട്ടകവും നിങ്ങൾക്കുള്ളത് തന്നെ."
ആത്മസുഹൃത്തിന്റെ പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എത്ര മാന്യമായാണ് റസൂൽﷺ ജാബിർ(റ)വിനെ സഹായിച്ചതെന്നു നോക്കൂ.
യഥാർത്ഥ സുഹൃത്തിന്റെ സ്വഭാവ ഗുണങ്ങൾ എന്തെല്ലാമാണെന്ന് സ്വഹാബികൾക്ക് റസൂൽﷺ പഠിപ്പിച്ചുകൊടുത്ത സംഭവങ്ങൾ നിരവധിയുണ്ട് ഹദീസുകളിൽ. ഒരിക്കൽ സഹാബികളോട് റസൂൽﷺ പറഞ്ഞു: "ഇനി സദസ്സിൽ കടന്നുവരുന്ന വ്യക്തി സ്വർഗ്ഗാവകാശിയാണ്" സഹാബികൾ ആ വ്യക്തിയെ കാത്തിരുന്നു. സവിശേഷമായി അദ്ദേഹം ചെയ്യുന്ന ആരാധനകൾ എന്തെല്ലാമാണെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. ആരോടും വെറുപ്പില്ലാത്ത നിഷ്കളങ്കമായ മനസ്സാണ് ആ സ്വഹാബിയെ സ്വർഗ്ഗാവകാശിയാക്കിയതെന്ന് അവർ തിരിച്ചറിഞ്ഞു. പുഞ്ചിരിയോടെ ആളുകളെ സമീപിക്കാനും പരസ്പരം സലാം പറയാനും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാനും സുഹൃത്തുക്കളുടെ ആയുരാരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി എപ്പോഴും പ്രാർത്ഥിക്കാനും റസൂൽﷺ പഠിപ്പിച്ചു.
നന്മയുള്ള സൗഹൃദമാണ് ഏറ്റവും അമൂല്യമായ സമ്പത്ത്. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാൻ നല്ല സ്വഭാവഗുണങ്ങൾ അനിവാര്യമാണ്. ഉത്തമ സ്വഭാവത്തിന്റെ ഉടമകളായാൽ ഒത്തിരി നല്ല സൗഹൃദങ്ങൾ സമ്പാദിക്കാമെന്നാണ് റസൂൽﷺയുടെ ജീവിതാധ്യാപനം.
4 October, 2023 10:14 pm
Hasan
Good message4 October, 2023 10:50 pm
Faiz pc
✨