ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു
ഔറംഗസീബിയൻ വായനയുടെ യാഥാർത്ഥ്യമെന്ത്? അദ്ദേഹം ഹിന്ദു വിരോധിയായിരുന്നോ? മുഗൾ ചക്രവർത്തിമാരിൽ നിഷ്ഠൂരനും ക്രൂരനും മുഗൾ സാമ്രാജ്യം തകരാൻ കാരണക്കാരുമായാണ് പലരും ഔറംഗസീബിനെ വായിക്കുന്നത്. ഔറംഗസീബ് ഒരിക്കലും ഹിന്ദു വിരോധിയോ തീവ്ര ഇസ്‌ലാമിസ്റ്റോ ആയിരുന്നില്ല. സാമ്രാജ്യം ശക്തിപ്പെടുത്താൻ വേണ്ടി സാധാരണയായി ചക്രവർത്തിമാരോ രാജാക്കന്മാരോ ചെയ്യുന്നതിലുപരി അദ്ദേഹം കൂടുതലൊന്നും ചെയ്തിട്ടുമില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം പൂർണാർത്ഥത്തിൽ വിജയിച്ചത് ഔറംഗസീബിന്റെയും ശിവാജിയുടെയും ചരിത്രത്തിലാണ്.
ഔറംഗസീബിന്റെ സമകാലികനായ മറാട്ടി നേതാവാണ് ശിവാജി. കൊളോണിയൽ ഭരണകാലത്ത് മുഗൾ ചക്രവർത്തിമാരെയും സുൽത്താന്മാരെയും വികലമായി ചിത്രീകരിച്ച് രാജ്യത്ത് വലിയ സംഭാവനകളും സേവനങ്ങളും സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളെ ചരിത്രത്തിൽ മോശമായി വരച്ചു കാട്ടിയത് ബ്രിട്ടീഷ് എഴുത്തുകാരാണ്. ഇത്തരം പൊള്ളത്തരങ്ങൾ ഏറ്റുപിടിച്ച് യാഥാർത്ഥ്യത്തെ മാസ്കിനുള്ളിലാക്കാൻ ആർ എസ് എസ് പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളും മറ്റും ഭീമമായ പങ്കു വഹിക്കുന്നുണ്ട്.
അത്തരം ആശയങ്ങൾ പാഠപുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വലിയ തോതിൽ സമൂഹത്തിലേക്ക് ഫിൽറ്റർ ചെയ്യപ്പെട്ടു. നവ ചരിത്ര വായന ഔറംഗസീബ് മതഭ്രാന്താൽ നയിക്കപ്പെടുന്ന സ്വേച്ഛാധിപതിയാണെന്ന കൊളോണിയൽ സങ്കല്പത്തെ മൊത്തത്തിൽ വിഴുങ്ങി. വാസ്തവത്തിൽ, സാധാരണയായി വിശ്വസിക്കപ്പെടുന്ന പഴിചാരലുകൾ ചരിത്രപരമായ നേർത്ത തെളിവുകൾ പോലുമില്ലാത്ത മിഥ്യാധാരണകളുടെ അടിസ്ഥാനത്തിലാണ്. ഔറംഗസീബ് ഹിന്ദു വിരോധിയാണ് എന്ന് പറയാൻ വിരോധികൾ മുന്നോട്ടുവെക്കുന്നത് ശിവാജിയുമായുള്ള യുദ്ധം, ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്, ഔറംഗസീബിന്റെ കൊട്ടാരത്തിൽ സംസ്കൃതം അവഗണിക്കപ്പെട്ടു, സംഗീതം നിരോധിച്ചു, മുഗൾ സാമ്രാജ്യത്തിലെ ക്രൂരനായ ഭരണാധികാരി, കടുത്ത ഹിന്ദുമതവിരോധം എന്നിവയാണ്. എന്നാൽ ഔറംഗസീബിന്റെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നോ ? യാഥാർത്ഥ്യം എന്താണെന്ന് പരിശോധിച്ചു നോക്കാം
ഒന്നാമതായി ഹിന്ദു വിരോധിയായി കണക്കാക്കുന്നത് ശിവാജിയുമായുള്ള ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അദ്ദേഹത്തിൻറെ യുദ്ധങ്ങളൊക്കെയും സാമ്രാജ്യ വികസനത്തിനോ ശക്തിപ്പെടുത്തലിനോ വേണ്ടിയായിരുന്നു. രാജയുമായി മാത്രമല്ല ഔറംഗസീബ് യുദ്ധങ്ങൾ നടത്തിയത്. ഡെക്കാൻ, ബീജാപൂർ, ഗോൾകൊണ്ട, അഹ്മദ് നഗർ തുടങ്ങിയവിടങ്ങളിലെ മുസ്‌ലിം രാജാക്കന്മാരോടും അദ്ദേഹം ശക്തമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽനിന്ന് ഹിന്ദു വിരോധമായിരുന്നില്ല അദ്ദേഹം ആധാരമാക്കിയതെന്നും സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയും മുഗളന്മാരുടെ പ്രശസ്തിക്ക് വേണ്ടിയുമാണ് അദ്ദേഹം രാജപദവി ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം. ചരിത്രാഖ്യാതാക്കളുടെ ക്രൂരതയായിട്ട് ഇതിനെ കണക്കാക്കാം.
ക്ഷേത്ര ധ്വംസനം
മറ്റൊരു കാര്യം ക്ഷേത്രങ്ങൾ തകർത്തു എന്നതാണ്. ഔറംഗസീബ് ക്ഷേത്രങ്ങൾ തകർത്തിരുന്നു എന്നത് ശരി തന്നെയാണ്. ക്ഷേത്ര ധ്വംസനം മാത്രമായിരുന്നില്ല ക്ഷേത്രം പണിത് കൊടുക്കുകയും, ക്ഷേത്ര നിർമ്മാണത്തിന് ദാനധർമ്മങ്ങൾ നൽകുകയും ചെയ്ത ചരിത്രം ഔറംഗസീബിൽ നമുക്ക് വായിക്കാനാവും
ഭാരതത്തിൻറെ ചരിത്രകാരനായ, വിശ്വംബർ നാഥ് പാണ്ഡെ ഔറംഗസീബിനെ കുറിച്ച് പറയുന്നു: "ഔറംഗസീബ് പല വലിയ ക്ഷേത്രങ്ങളിലെയും പൂജാരിമാരെ ആദരിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രനിർമ്മാണത്തിന് ഭൂമി ദാനം ചെയ്യുകയും നിർമ്മിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മത വ്യാപനം അദ്ദേഹത്തിൻറെ ലക്ഷ്യത്തിൽപ്പെട്ടതല്ല"
പ്രത്യേക ക്ഷേത്രങ്ങളെ ദ്രോഹിക്കാനുള്ള ഉത്തരവുകൾ ഹിന്ദുക്കൾക്കെതിരെയായ വലിയ പ്രതികാരത്തിന്റെ ലക്ഷണമായാണ് പല ആധുനിക ആളുകളും കാണുന്നത്. ഹിന്ദുക്കളെ ചെറുത്തത് കൊണ്ടാണ് ക്ഷേത്രങ്ങൾ തകർത്തത് എന്ന വാദത്തിന് നിരവധി വിടവുകളുണ്ട്. ഇത്തരം വീക്ഷണങ്ങൾക്ക് കൊളോണിയൽ കാലഘട്ടത്തിലെ ചിന്തകളിലാണ് വേരുള്ളത്. ഏറ്റവും വ്യക്തമായി, ഔറംഗസീബ് ക്ഷേത്രം തകർത്തതിനേക്കാൾ കൂടുതൽ തവണ സംരക്ഷണം നൽകിയിട്ടുണ്ട് എന്ന് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
ഔറംഗസീബ് ക്ഷേത്രങ്ങളും പള്ളികളും നശിപ്പിച്ചിട്ടുണ്ടാകാം. അതേസമയം പലക്ഷേത്രങ്ങൾക്കും പള്ളികൾക്കും ഉദാരമായി ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ അത് ഏത് മതക്കാരുടേതാണ് എന്നല്ല . അവകൾകൊണ്ട് ഉണ്ടാവുന്ന രാഷ്ട്രീയ നേട്ടങ്ങളാണ് ചക്രവർത്തി പരിഗണിച്ചിരുന്നത് എന്ന് അക്ബർ അലിയുടെComposition Of Administration In Mughal Period എന്ന ഗ്രന്ഥത്തിൽ കാണാം
വൃന്ദാവൻ റിസർച്ച് സെന്ററിലെ രേഖകൾ ഔറംഗസീബ് അടക്കമുള്ള മുഗൾ ചക്രവർത്തിമാർ വൃദ്ധാവൻ പ്രദേശത്തുള്ള പല ക്ഷേത്രങ്ങൾക്കും ഉദാരമായി സഹായങ്ങൾ നൽകുകയും അനുഭാവപൂർണ്ണമായ നിലപാടുകൾ സ്വീകരിച്ചു എന്നും ചൂണ്ടിക്കാണിക്കുന്നു. യുദ്ധ വേളയിൽ ക്ഷേത്രം നശിപ്പിക്കുന്നത് ചക്രവർത്തിമാർക്കെതിരെ ഗൂഢാലോചനകളും അദ്ദേഹം വിരോധിച്ചിട്ടുണ്ട്. ആയുധശേഖരണങ്ങളുടെയും കേന്ദ്രമായി മാറിയ ഏതെങ്കിലും ക്ഷേത്രം തകർക്കപ്പെട്ടെങ്കിൽ അതിൻറെ പേര് മതഭ്രാന്ത് എന്നല്ലല്ലോ......
ഒരിക്കൽ ചക്രവർത്തിയുടെ മുമ്പിൽ ഒരു നിവേദനവുമായി ഒരുപാട് മുസ്‌ലിംകൾ എത്തി. സയ്യിദന്മാരും ആലിമീങ്ങളും , സാധാരണക്കാരും അടങ്ങുന്നതായിരുന്നു നിവേദക സംഘം."മുസ്‌ലിംകളെ ഹിന്ദുക്കളായ സാമൂഹിക ദ്രോഹികൾ പിടിച്ചു കൊണ്ടു പോയി തടവിൽ പാർപ്പിക്കുന്നു". ചക്രവർത്തി ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു. സുന്ദരികളായ മുസ്‌ലിം സ്ത്രീകളെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നത് നിത്യ സംഭവമാണെന്ന് തെളിഞ്ഞു. ഈ അബലകളെ മോചിപ്പിക്കുന്നതിന് ചില്ലറ ബലപ്രയോഗങ്ങളൊക്കെ വേണ്ടി വന്നിട്ടുണ്ട്. അതുപോലെ തകർക്കപ്പെട്ട പള്ളികൾ പണിതുയർത്തിയിട്ടുണ്ട്. ഇതൊക്കെയാണ് ഹിന്ദുമർദനം എന്ന ലേബലിൽ ഇവിടെ പ്രചരിക്കുന്നത്. അക്ബറിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഹിന്ദുക്കൾ ഔറംഗസീബിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു. അൻപത് ശതമാനത്തിന് മുകളിൽ ഹിന്ദുക്കൾ സൈന്യത്തിലുണ്ടായതായി കണക്കുകൾ കാണാം.The Life And Legacy Of India's Most Controversial King എന്ന Truschkeയുടെ പുസ്തകത്തിൽ ഇങ്ങനെ വായിക്കാം. "മുൻ മുഗൾ ഭരണാധികാരികൾ ഹിന്ദുക്കൾക്ക് നൽകിയതിനേക്കാൾ കൂടുതൽ ന്യായമായ ജോലി ഔറംഗസീബ് നൽകിയിട്ടുണ്ട്. പിന്നെ എങ്ങനെ അദ്ദേഹം മതഭ്രാന്തനാകും."
ഔറംഗസീബ് താൻ ഹിന്ദു വിരോധിയാണെന്ന് പറഞ്ഞതായോ, അല്ലെങ്കിൽ ഹിന്ദു വിരോധ പ്രവർത്തനങ്ങൾ ചെയ്തതായോ അക്കാല ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ചരിത്രത്തിലെവിടെയുമില്ല. മുഗൾ സാമ്രാജ്യത്തിൽ 34%ത്തോളം ഹിന്ദു അധികാരികൾ ഭരണ കർത്തവ്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇങ്ങനെയുള്ള ചരിത്രരേഖകൾ ഔറംഗസീബ് ഹിന്ദു വിരോധി ആയിരുന്നില്ല എന്നതിനുള്ള ശക്തവും വ്യക്തവുമായ തെളിവുകളാണ്. രാജ ജയ് സിംഗ് അദ്ദേഹത്തിൻറെ പ്രജകളിൽ പ്രധാനിയാണ്. ഔറംഗസീബിന്റെ സേനനായകനായിരുന്നു. ഉന്നത പദവികൾ വരെ ഹിന്ദു മതാനുയായികൾക്ക് ഔറംഗസീബ് നൽകിയിരുന്നു എന്ന് ചുരുക്കം . ഇസ്‌ലാമിതര വിശ്വാസികൾക്കും പ്രസ്ഥാനങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഔറംഗസീബ് ഇസ്‌ലാമിക നിയമങ്ങൾ പാലിച്ചിരുന്നു.
എട്ടാം നൂറ്റാണ്ട് മുതൽ ഇന്തോ - മുസ്‌ലിം ഭരണാധികാരികൾ ഹിന്ദുക്കളെ "ദിമ്മികളായി കണക്കാക്കിയിരുന്നു. അഥവാ ഇസ്‌ലാമിക ഭരണ വ്യവസ്ഥയുടെ കീഴിലുള്ള ഒരു സംരക്ഷിത വിഭാഗം. അതിനാൽ തന്നെ ഹിന്ദുക്കൾക്ക് ചില അവകാശങ്ങൾക്കും ഭരണകൂട പ്രതിരോധങ്ങൾക്കും അവസരമുണ്ടായിരുന്നു. അവർ ഇസ്‌ലാമിക ഭരണത്തിന് കീഴിൽ സംരക്ഷിതരായിരുന്നു എന്ന് സാരം.
ഹിന്ദുമതത്തെ അടിച്ചമർത്താൻ പുനഃസ്ഥാപിച്ചതായിരുന്നില്ല "ജിസിയ". മുസ്‌ലിം രാജ്യത്ത് മറ്റു മത വിശ്വാസികൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന നികുതിയാണ് ജിസ് യ. മറ്റു മതസ്ഥരെ പീഡിപ്പിക്കുക എന്നതല്ല ജിസ് യയുടെ ലക്ഷ്യം. ഈ നികുതി നടപ്പിൽ വരുത്തുന്നതിലൂടെ ഹിന്ദുമതസ്ഥരുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ചെയ്തത്. പ്രത്യേക നികുതിക്ക് പകരമായി അമുസ്‌ലിംകൾക്ക് അവരുടെ വിശ്വാസം തുടരാനും സാമൂഹികമായ സ്വയംഭരണം ഒരു പരിധി വരെ അനുഭവിക്കാനും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്‌ലിം ഭരണകൂടത്തിന്റെ സംരക്ഷണം ലഭിക്കാനും കാരണമാകുന്നു. ജിസിയ വ്യവസ്ഥയെ കുറിച്ച് ലവലേശം ധാരണയില്ലാത്തവരാണ് ഹിന്ദു വിരോധിയായി ചിത്രീകരിക്കാൻ ഇത് ആയുധമാക്കുന്നത്. ഇസ്‌ലാമിക ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ മതസഹിഷ്ണുതയ്ക്ക് കാരണമാകുന്നത് ഇത്തരം ചട്ടങ്ങളാണ്.
സംസ്കൃതത്തോടുള്ള അവഗണന
ഔറംഗസീബിന്റെ രാജധാനിയിൽ സംസ്കൃതം അവഗണിക്കപ്പെടാൻ രണ്ടു കാരണങ്ങളുണ്ട്. ഹിന്ദി ഭാഷയുടെ വികാസമാണ് അതിൽ പ്രഥമം. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംജാതമായ പ്രത്യേക സാഹിത്യ വികാസത്തിന്റെ പരിണിത ഫലമായിട്ടാണ് ഹിന്ദി വികാസം പ്രാപിക്കുന്നത്. ഷാജഹാൻ ചക്രവർത്തിയുടെ കാലത്ത് തന്നെ ഹിന്ദി ഭാഷയ്ക്ക് സംസ്കൃതവുമായി കിടപിടിക്കാൻ സാധിച്ചിരുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ഹിന്ദി ഭാഷയ്ക്ക് സാഹിത്യരംഗത്ത് കൂടുതൽ മികവ് കൈവന്നതിനാലാണ് സംസ്കൃതത്തിന് ഔറംഗസീബിന്റെ കൊട്ടാരത്തിൽ പ്രാതിനിധ്യം ലഭിക്കാനുള്ള പ്രധാന കാരണം. ചക്രവർത്തി ആ നാട്ടിലെ മികച്ച ഭാഷ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അദ്ദേഹത്തിൻറെ സഹോദരൻ ധാര ശികോവും ഔറംഗസീബും തമ്മിലുള്ള അധികാര വടംവലിയാണ് രണ്ടാമത്തേത്.1640-1650 കൾക്ക് ഇടയിൽ സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷകളിൽ ഇന്ത്യയുടെ സാംസ്കാരിക ഔന്നിത്യം പ്രമേയവൽക്കരിക്കുന്ന നിരവധി പഠനങ്ങൾ നടത്തിയ വ്യക്തിയാണ് ധാര. സഹോദരനുമായുള്ള തർക്കത്തിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യേയ ശാസ്ത്രത്തോടും വിമുഖത കാണിക്കൽ ഔറംഗസീബിന് ഒരു അനിവാര്യതയായിരുന്നു. ഇത്തരം രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തൻ്റെ മാതാപിതാക്കൾ നൽകിയ പ്രാമുഖ്യം സംസ്കൃതത്തിന് നൽകാൻ കഴിയാതിരുന്നത്. മറിച്ച് സാംസ്കാരിക അസഹിഷ്ണുതയായിരുന്നില്ല അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
സംഗീത നിരോധനം
ഔറംഗസീബ് സംഗീതം നിരോധിച്ചിരുന്നു എന്ന് പറയുന്നതിൽ ചില പിശകുകളുണ്ട്. അദ്ദേഹം പൂർണ്ണാർത്ഥത്തിൽ സംഗീതം നിരോധിച്ചിരുന്നില്ല. എന്നാൽ ചില പ്രത്യേക വാദ്യ ഉപകരണങ്ങളും ചില സംഗീത ശാഖയും കൊട്ടാരത്തിൽ നിരോധിച്ചിരുന്നു. എന്നല്ലാതെ സംഗീതം ഇല്ലാതാക്കാൻ അദ്ദേഹം മുതിർന്നിരുന്നില്ല. ഈ നിരോധനം ഇസ്‌ലാം മതം വിഭാവനം ചെയ്യുന്ന രീതി പിന്തുടരുന്നതിന് വേണ്ടിയാണ്. ഔറംഗസീബ് മുസ്‌ലിം മത വിശ്വാസിയായതിനാൽ തന്നെ ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് മാത്രമേ പ്രവർത്തനങ്ങളും ആനന്ദങ്ങളും കണ്ടെത്താനാവൂ.. മതസൗഹാർദ്ദം മറ്റു മതങ്ങളുടെ ആചാരങ്ങൾ പിന്തുടരുന്നതല്ലല്ലോ. ഓരോ മതസ്ഥരും മതം വിഭാവനം ചെയ്യുന്ന ജീവിതമാണ് പ്രാവർത്തികമാക്കുക. എന്നതിനാൽ ഹോളി ആഘോഷം ഔറംഗസീബ് നിരോധിച്ചിരുന്നു എന്ന് പലരും അംഗീകരിക്കുന്നുണ്ട്.
വൈദേശിക ബന്ധം
ഔറംഗസീബിന്റെ കാലത്ത് മുഗൾ സാമ്രാജ്യം ത്വരിതഗതിയിൽ വികാസം പ്രാപിച്ചിരുന്നു.സാമ്രാജ്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.ശക്തമായ സൈന്യം , വിദേശ ബന്ധങ്ങൾ തുടങ്ങിയവ സാമ്രാജ വികസനത്തിന് സഹായകരമായി. നിരവധി ബന്ധങ്ങൾ ഔറംഗസീബിന് ഉണ്ടായിരുന്നു. അവരുമായെല്ലാം സൗഹാർദ്ദം സ്ഥാപിക്കാനും ചക്രവർത്തിക്ക് സാധിച്ചിരുന്നു. ഉസ്ബക്ക്, സഫാവിദ് രാജവംശം, ഫ്രഞ്ച്, മാലിദ്വീപ്, എത്യോപ്യ, ടിബറ്റൻ, ഉയ്ഗൂർ, തുടങ്ങിയവരുമായി ഔറംഗസീബിന് ബന്ധമുണ്ടായിരുന്നു. ഇത്തരം വിദേശ ബന്ധത്തിലൂടെ സാമ്രാജ്യത്തിന് പ്രശസ്തി ഉണ്ടാക്കാനും ചക്രവർത്തിക്ക് സാധ്യമായിട്ടുണ്ട്. ഔറംഗസീബ് തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റി.
4 September, 2023 09:02 pm
Faiz pc
യുവ എഴുത്തുകാരൻ ramshad ✨✨