ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമർപ്പണം എന്നീ കാര്യങ്ങൾ ഒരുമിച്ച് വരുന്ന കർമം ചെയ്തവരെന്ന നിലയിൽ ഹാജിമാരെ നാട്ടിലെത്തിയാൽ ഹാജി എന്നോ ഹജ്ജുമ്മയെന്നോ പേരിനോട് കൂടെ ചേർത്ത് വിളിച്ചേക്കാം. അത് അഹങ്കാരത്തിനുള്ള പാത്രമാകാതെ ആത്മീയതയുടെ വിത്തുകൾ പാകാൻ പ്രാപ്തമായിരിക്കണം.

ഹജ്ജ് നിർവഹിക്കാൻ ഒരാൾക്ക് കഴിയുന്നതിലൂടെ ഇസ്ലാമിന്റെ മുഴുവൻ സ്തംഭങ്ങളും ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ള മഹാ സൗഭാഗ്യമാണ് കൈവരുന്നത്. മറ്റു പലർക്കും സാധിക്കാത്ത വലിയൊരു സുകൃതത്തിന് സ്രഷ്ടാവ് നൽകുന്ന ഉതവി കൂടിയാണിത്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത വഴികളാണ് ഹജ്ജ് വിശ്വാസിക്ക് മുന്നിൽ തുറന്നിടുന്നത്. ഹജ്ജെന്നത് കേവല നിർവഹണത്തിൽ പരിമിതപ്പെടേണ്ട ഒരു കർമമല്ല. അത് ജീവിതത്തിൽ മുഴുവനും പ്രകാശം പരത്തുന്ന രൂപത്തിൽ പ്രതിഫലനശേഷിയുള്ളതാകണം.

‘സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. കലർപ്പും കളങ്കവുമില്ലാതെ ഹജ്ജ് നിർവഹിച്ചാൽ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന് വിമുക്തമാകും’ എന്നീ തിരുവചനങ്ങൾ ഹജ്ജിലൂടെ ഒരാൾ സമ്പൂർണനായ വിശ്വാസി പദത്തിലേക്ക് ആനയിക്കപ്പെടുമെന്നാണ് ഉദ്ഘോഷിക്കുന്നത്. അല്ലാഹുവിന്റെ അടിമയെന്നതാണ് സൃഷ്ടികൾക്ക് നൽകാനാവുന്ന ഏറ്റവും മഹനീയമായ വിശേഷണപദം. സവിശേഷ പ്രാധാന്യമുള്ള സന്ദർഭങ്ങളിലെല്ലാം മുത്ത് നബിയെക്കുറിച്ച് വിശുദ്ധ ഖുർആൻ ആ പ്രയോഗമാണ് നടത്തിയിട്ടുള്ളത്.

ഹജ്ജിന്റെ ഓരോ കർമവും മനുഷ്യന്റെ അടിമത്വബോധം തൊട്ടുണർത്തുന്നതാണ്. ഇഹ്റാമിന്റെ വേഷത്തിൽ നിന്ന് തുടങ്ങുന്നുണ്ട് ആ കാര്യം. കഅബയുടെ അടുത്തെത്തിയാൽ പ്രദക്ഷിണം ചെയ്യണം. എന്തിനെന്ന ചോദ്യമില്ല. ഉത്തരവുകൾ അനുസരിക്കുക മാത്രം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഹാജറാ ബീവി നടന്നത് പോലെ സ്വഫാ മർവക്കിടയിൽ നടക്കുന്നതിന്റെ യുക്തിയെക്കുറിച്ച് അശേഷം ആശങ്ക ഹാജിയുടെ മനസ്സിലുയരുന്നില്ല. സ്രഷ്ടാവിന്റെ ആജ്ഞക്ക് മുമ്പിൽ യുക്തിക്ക് ഒരു വിലയുമില്ലെന്ന ഉറച്ച ബോധ്യം അവനിലുണ്ട്. ഹജറുൽ അസ് വദെന്ന ഒരു കല്ലിനെ മുത്താൻ തിരക്ക് കൂട്ടുന്നതും ചെകുത്താൻ സ്തൂപമായി പ്രതിഷ്ഠിക്കപ്പെട്ട മറ്റൊരു ശിലയെ എറിയാൻ ധൃതിപ്പെടുന്നതും ഇതേയൊരു വികാരത്താലാണ്.

ഹജ്ജ് പൂർണമാവുന്നതോടെ താൻ കേവലം അല്ലാഹുവിന്റെ അടിമയാണെന്ന ബോധം മനസ്സിൽ ദൃഢീകരിച്ചാണ് ഓരോ ഹാജിയും നാട്ടിലേക്ക് തിരിക്കേണ്ടത്. ശിഷ്ട ജീവിതത്തിൽ മുഴുക്കെയും സ്രഷ്ടാവിനോടുള്ള ആ വിധേയത്വ മനോഭാവം കാത്തു സൂക്ഷിക്കാനായാൽ അവന്റെ നിർദേശങ്ങളെ ഒരിക്കലും അവഗണിക്കാനാവില്ല. അവനെ ധിക്കരിച്ച് തെറ്റുകുറ്റങ്ങളിൽ ഏർപ്പെടാനാവുകയുമില്ല. ജീവിതം നിറയെ പരാധീനതകളാണെന്നും സൗഭാഗ്യങ്ങളില്ലെന്നുമുള്ള വിചാരം അവനെ അസ്വസ്ഥപ്പെടുത്തകയുമില്ല.

ഹജ്ജിലൂടെ സ്വാഭാവികമായും പകർന്ന് കിട്ടേണ്ട കാര്യമാണ് ഇബ്റാഹീം നബിയുടെ ജീവിത ദർശനങ്ങൾ. മക്കയുടെ ഓരോ മണൽ തരിയിൽ നിന്നും ഹാജി ആവാഹിക്കേണ്ടത് അവിടുത്തെ ത്യാഗോജ്ജ്വലമായ ജീവിത സന്ദർഭങ്ങളെയാണ്. പരീക്ഷണ പ്രളയങ്ങളെ വിശ്വാസക്കരുത്തിനാൽ അതിജീവിച്ച ഖലീലുള്ളാഹിയുടെ അനുഭവങ്ങളിൽ മുഴുകി മടങ്ങിയെത്തുന്നവർക്ക് അല്ലാഹുവിന്റെ പരീക്ഷണങ്ങളെയൊരിക്കലും സ്വാസ്ഥ്യം കെടുത്തുന്ന ഒന്നായി കാണാനാവില്ല. ക്ഷമ കൊണ്ട് അതിജയിക്കാനുള്ള കരുത്താണവർക്ക് ഉണ്ടാവുക.

പുണ്യഭൂമിയിൽ നിന്നും കൈവന്ന ആത്മവിമലീകരണം കളങ്കപ്പെടാതെ കാത്തു സൂക്ഷിക്കുകയെന്നത് ഹാജിയെ സംബന്ധിച്ചെടുത്തോളം അനിവാര്യമായ കാര്യമാണ്. നാട്ടിൽ തിരിച്ചെത്തിയാലും ആരാധനാ കർമങ്ങളിൽ ഉത്സാഹം പ്രകടമാവുകയെന്നത് ഹജ്ജ് സ്വീകാര്യമായതിന്റെ ലക്ഷണമാണെന്ന് മഹാന്മാർ പഠിപ്പിക്കുന്നു. മതകാര്യങ്ങളിൽ കൃത്യതയും താൽപര്യവുമുണ്ടാവുകയും ചെയ്യണം. ഹജ്ജിന് പോവാൻ വേണ്ടി ഹജ്ജിന് പോവുകയും കഴിഞ്ഞു വന്നാലും പഴയ ജീവിതം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നവർക്ക് മക്കയിലേക്കൊരു ടൂർ പോയി എന്നതിൽ ആത്മസായൂജ്യമടയാൻ മാത്രമേ യോഗ്യതയുള്ളൂ.

ഹജ്ജിൽ കാത്തു സൂക്ഷിച്ച ഉദ്ദേശ ശുദ്ധിക്ക് ഒരിക്കലും മങ്ങലേൽപിക്കരുത്. നാട്ടിൽ തിരിച്ചെത്തിയാൽ ഹാജിയെന്നും ഹജ്ജുമ്മയെന്നും പേരിനോട് ചേർത്ത് പലരും വിളിച്ചെന്നിരിക്കും. ഈ വിളി ഒരിക്കലും അഹങ്കാരത്തിന്റെ ചെറുകണികയെപ്പോലും തന്നിലേക്ക് കടത്തി വിടരുതെന്ന ജാഗ്രത ഹജ്ജ് കഴിഞ്ഞെത്തുന്നവർക്ക് വേണം. പിശാചിന്റെ ശ്രമങ്ങൾക്കു മുമ്പിൽ വിശ്വാസി വീണുപോകാൻ പാടില്ല.

ഹജ്ജിനു ശേഷമുള്ള നാൽപത് ദിവസം ഹാജിമാരുടെ പ്രാർത്ഥനക്ക് ഉത്തരമുണ്ടെന്നത് പ്രവാചകാധ്യപനമാണ്. അവരോട് ദുആ ചെയ്യാൻ മറ്റുള്ളവർ ആവശ്യപ്പെടണമെന്ന് മാത്രമല്ല, ഹാജി എത്രത്തോളം വിശുദ്ധി കാത്തു സൂക്ഷിക്കണമെന്നതിലേക്ക് കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഇഹ്റാമിന്റെ കാലം ഹാജി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ സ്വയം നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ചില കഠിനമായ നിയന്ത്രണങ്ങളും ശീലങ്ങളുമൊക്കെത്തന്നെയായിരുന്നു അത്. ഭാവി ജീവിതത്തിൽ റബ്ബിന്റെ നിയന്ത്രണങ്ങൾക്ക് കീഴൊതുങ്ങി ജീവിക്കാനുള്ള പരിശീലനമാണ് ഹാജി അതിലൂടെ നേടിയെടുത്തത്. ഹാജി ഒരു തെറ്റു ചെയ്താൽ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമാണ്. വിശുദ്ധ ദീനിന്റെ പവിത്രതയെയും ഹജ്ജ് കർമത്തിന്റെ പരിശുദ്ധിയെയും അത് മലിനപ്പെടുത്തും. ജംറകൾക്ക് നേരെ നടത്തിയ കല്ലേറ് ജീവിതത്തിൽ തുടർന്ന് കൊണ്ടേയിരിക്കേണ്ട പിശാചിനെതിരെയുള്ള കല്ലേറിന്റെ തുടക്കമാണെന്ന ഓർമ വേണം.

മദീനയിൽ റൗളാ ശരീഫിന്റെ ചാരത്തു ചെന്ന് സലാം പറഞ്ഞ് മുത്തു നബിയോട് ഹാജിയുണ്ടാക്കിയ അതിതീവ്രമായൊരു അനുരാഗ ബന്ധമുണ്ട്. അത് മുറിഞ്ഞ് പോയാൽ വിശ്വാസിക്ക് പിന്നെന്ത് ജീവിതം?. തിരുസുന്നത്തുകളെ ജീവിതത്തിൽ പകർത്തുകയെന്നതാണ് ആ ബന്ധം നില നിർത്താനുള്ള വഴി. അവിടുത്തെ വേദനിപ്പിക്കുന്ന അരുതായ്മകളിൽ നിന്ന് അകലം പാലിക്കുകയെന്നതുമാണ്. ഇഹ്റാമിൽ ശീലിച്ച ശുഭ്രവസ്ത്രധാരണം  ജീവിതത്തിന്റെ ഭാഗമാക്കണം. താടി വെച്ച് പരിശുദ്ധ ഭൂമിയിൽ ജീവിച്ചവർ നാട്ടിലും ഇസ്ലാമിക സംസ്കാരത്തെ പ്രദർശിപ്പിക്കുന്ന പുതിയ മുഖഭാവത്തോടെ ജീവിക്കണം. താടി വടിക്കൽ തെറ്റാണെന്ന് അറിഞ്ഞിട്ടും മാറ്റത്തിന് തടസ്സമായിരുന്നത് ശീലത്തിന്റെ അഭാവമായിരുന്നു. ഇഹ്റാമിലൂടെ നീക്കപ്പെട്ടത് ആ തടസ്സം കൂടിയാണ്.

ഹജ്ജുമ്മമാർ ഹിജാബ് ധരിച്ചാണ് വിശുദ്ധ ഹറമുകളിൽ മുഴുവനും കഴിച്ച് കൂട്ടിയത്. തിരുനബി(സ) പഠിപ്പിച്ച വസ്ത്രധാരണ രീതി ജീവിതത്തിൽ പ്രയോഗിക്കാൻ ഇനിയും കാത്തിരിക്കേണ്ടതില്ല. സ്വന്തക്കാരായ പെൺമക്കളെയും ഇക്കാര്യത്തിൽ പ്രചോദിപ്പിക്കാൻ ഹജ്ജുമ്മമാർക്കാവണം.

ഹജ്ജിൽ അനുഭവിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇസ് ലാമിന്റെ സമഭാവന. എല്ലാവരും ഒരേ വേഷത്തിൽ ഒരേ ഭൂമിയിൽ വൈജാത്യങ്ങളൊന്നുമില്ലാതെ കഴിച്ച് കൂട്ടുന്നു. സമ്പത്തും അധികാരവുമൊന്നും അല്ലാഹുവിന് പരിഗണനീയ വിഷയമേയല്ലെന്ന തിരിച്ചറിവാണ് ഇത് പ്രദാനം ചെയ്യുന്നത്. തന്റെ ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരെ മുഴുവനും ഒന്നായി കാണാനും അവരിലേക്ക് കാരുണ്യം പകരാനും ഇത് ഹാജിമാരെ പ്രചോദിപ്പിക്കുന്നു.

ഹജ്ജ് കഴിഞ്ഞ് വരുന്ന പലരും തങ്ങളനുഭവിച്ച കഷ്ടതകളും വിഷമങ്ങളും കൂടുതലായി പറഞ്ഞ് കൊണ്ടിരിക്കും. ഇതൊരിക്കലും വിശ്വാസിക്ക് യോജിച്ച പ്രവണതയല്ല. തങ്ങളുടെ യാത്രയിലുണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചും സന്ദർശിച്ച സ്ഥലങ്ങളുടെ പവിത്രതയെക്കുറിച്ചും ഹറമിന്റെയും മദീനയുടെയും മഹത്വത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. ഹജ്ജ് കഴിഞ്ഞു തിരിച്ചു വരുന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽവാസികളെയും അടുത്ത വർഷങ്ങളിൽ ഹജ്ജിന് പോകാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ യാത്രയിലെയും മറ്റും പ്രയാസങ്ങൾ പർവതീകരിച്ചവതരിപ്പിക്കുന്നത് നിരുത്സാഹം പകരാൻ മാത്രമേ ഹേതുവാകൂ. സഹയാത്രികരെക്കുറിച്ചുള്ള മോശം സംസാരവും ഒഴിവാക്കണം.

ഹജ്ജിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നാട്ടിൽ വെച്ച് തന്നെ പ്രയോഗിച്ച നല്ല ശീലങ്ങൾ തുടർ ജീവിതത്തിലും പുലർത്തണം. ഹലാലായ ധനസമ്പാദനം,മറ്റുള്ളവരോട് മനസ്സിൽ വിദ്വേഷവും മറ്റുമില്ലാത്ത ശുദ്ധാവസ്ഥ, അഹങ്കാരത്തെയും അസൂയയെയും പടിയിറക്കിയ വിശുദ്ധ ഹൃദയം തുടങ്ങിയ കാര്യങ്ങളെയെല്ലാം നിറം മങ്ങാതെ സൂക്ഷിക്കണം. ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളും ഒരുമിച്ച് വരുന്ന കർമം ചെയ്തവരെന്ന നിലയിൽ ഹാജിമാർ ഈ സദ്ഗുണങ്ങളെ മരണം വരെ കൂടെ കൂട്ടണം. പുതിയ ജീവിതവഴി തുറക്കാനുള്ള മികച്ച അവസരമാണിതെന്ന് മനസ്സിലാക്കി മരണത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഹാജിമാർ ചെയ്യേണ്ടത്.

Questions / Comments:9 July, 2024   07:34 pm

Noufal P

excellent write up


RELIGION

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി....