പിച്ചവെച്ച മണ്ണിനോടും സുഖദുഃഖങ്ങൾ ഒപ്പിയെടുത്ത പ്രിയപ്പെട്ടവരോടും വിടപറഞ്ഞ് ഒരന്യദേശത്തേക്ക് ജീവിതത്തെ പറിച്ചുനടുകയെന്നത് ഏറെ വേദനാജനകമാണ്. ദീർഘവീക്ഷണത്തോടെ സമീപിച്ചുകൊണ്ടാണ് മുത്ത് നബിﷺ ഈ വ്യഥകളെ മറികടക്കുന്നത്. |
മുത്ത് നബി ﷺ യുടെ ജീവിത താളുകളിലെ ഓരോ നിമിഷങ്ങളും അതുല്യ സ്മൃതികളാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഹിജ്റ അഥവാ പലായനം. സംസ്കാര സംരക്ഷണത്തിന് വേണ്ടിയുള്ള സമർപ്പണവും ത്യാഗവുമാണ് പലായനത്തിന്റെ കാതൽ. രക്ഷിതാവിൻറെ പ്രീതിക്കായി എന്തും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സന്നദ്ധത പ്രായോഗികമായി തന്നെ ഹിജ്റ അവതരിപ്പിക്കുന്നു. ജന്മനാട്, ജീവിത സഖി,ആസ്തികൾ തുടങ്ങിയ എല്ലാത്തിനും മേലെയുള്ള ഒരു നേതൃബോധത്തെ വാർത്തെടുക്കുന്നതായിരുന്നു മുത്തിന്റെ പലായനം.
പ്രവാചകാനുയായികളുടെ ആത്മാർത്ഥതയും സത്യസന്ധതയും വിളിച്ചോതുന്ന ഹിജ്‌റ ബഹുസ്വരതയോടുള്ള ഇസ്ലാമിന്റെയും മുത്ത് നബിﷺയുടെയും സമീപനത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആയതിനാൽ മുൻകാല അമ്പിയാക്കളുടെ പലായനങ്ങൾ, എത്തിച്ചേർന്ന ഇടങ്ങൾ ,നാഗരികതയുടെ അടിവേരുകൾ, ഇബ്രാഹിം നബി (അ)പലായനം ചെയ്തെത്തിയ മക്കയും, മൂസ നബി (അ) പലായനം ചെയ്ത മദ് യനും, സാം ബിൻ നൂഹ് തുടങ്ങുന്ന സുമേറിയൻ സിവിലൈസേഷനും ഹബീബുനജജാറിന്റെ അന്ത്യോഖ്യയും (Antioch)ഖുർആൻ തന്നെ വരച്ചിടുമ്പോൾ 'പലായനത്തിന്റെ ' വലിയ ചിത്രങ്ങൾ ചരിത്രങ്ങളിൽ തെളിയുന്നുണ്ട്. ഹിജ്റയിലൂടെ ഒരുപാട് പാഠങ്ങൾ കോർത്തെടുക്കാൻ സാധിക്കും. കാര്യ കാരണങ്ങളെ സമീപിക്കുമ്പോൾ കാഴ്ചപ്പാടില്ലാതെയോ ധാരണകളില്ലാതെയോ ആവരുത് എന്ന വലിയൊരു പാഠം ഹിജ്‌റ വരച്ചിടുന്നുണ്ട്. അതുകൊണ്ട് തന്നെ സുപ്രധാനമായ പലായനത്തിന് സാക്ഷ്യം വഹിച്ച തിരുനബിﷺ തങ്ങൾ നല്ല ആസൂത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും ശേഷമായിരുന്നു ഹിജ്‌റക്ക് സമ്മതം നൽകിയിരുന്നത്. ഹിജ്റയിലെ ഓരോ നിമിഷങ്ങളും നേതൃപാഠവത്തിന്റെ ദാർശനികത്തിനുമപ്പുറം സംസ്കാര നിർമ്മിതിയുടെ നിമിത്തമായിരേഖപ്പെടുത്തുന്നു.
വിരഹം നിറഞ്ഞ പലായനത്തിലൂടെ റസൂൽﷺ നമുക്ക് ധാരാളം പാഠം പകർന്നു നൽകുന്നുണ്ട്. അതിലെ ഓരോ മുഹൂർത്തങ്ങളും ജീവിതത്തിലുടനീളം പകർത്തേണ്ടതാണ്. ഏതൊരു മനുഷ്യനും ശീലിച്ച വഴിമാറി സഞ്ചരിക്കേണ്ടി വരുമ്പോൾ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും. എന്നാൽ ഇവിടെ നടക്കുന്നത് മാനസികമായ വിരഹം കൂടിയാണ്. തീർത്തും അപരിചിതരായ ഒരു കൂട്ടം ജനങ്ങളിലേക്കുള്ള മാറിതാമസം വളരെയധികം ക്ലേശകരമായിരുന്നു. പ്രണയിയും പ്രണയിനിയും പിരിഞ്ഞു പോകുമ്പോഴുള്ള വേദനയ്ക്ക് തുല്യമാണ് ഹിജറയുടെ വിരഹ വേദന. ചരിത്രപ്രധാനമായ, കൂട്ടുകുടുംബങ്ങൾ അന്തിയുറങ്ങുന്ന മക്കയോടുള്ള പ്രണയമായിരുന്നു തിരുനബിക്കുണ്ടായിരുന്നത്. എന്നാൽ തന്റെ അനുചരന്മാർ ശത്രുപീഡനത്താൽ ഇടതടവില്ലാതെ കഷ്ടത പേറിയതിനാൽ അതിനൊരു കവചമേകിക്കൊണ്ടാണ് തിരുനബിﷺ പലായനത്തിന്റെ വിരഹ വേദനക്ക് മുതിരുന്നത്. മികച്ച സംസ്കാരത്തിന്റെ ഈറ്റില്ലം സ്ഥാപിക്കാനുള്ള കാൽവെപ്പുകളോടെ പ്രപഞ്ചനാഥനായ അല്ലാഹുവിൽ ഭരമേൽപ്പിച്ച് മദീന എന്ന ആശയത്തിന്റെ ബീജവാഹമായിരുന്നു ആ യാത്രയുടെ കാതൽ.
പലായനത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ ഖുറൈശികൾ ഗോപ്യമായ വഴിയിലൂടെ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും പതനത്തിന്റെ ആഴിയിൽ വീഴുക മാത്രമാണുണ്ടായത്. തിരുനബിﷺ യസ് രിബിന്റെ മടിത്തട്ടിലേക്ക് പലായനം ചെയ്തതിൽ നിന്നല്ല ഹിജ്റയുടെ ചരിത്രം തുടങ്ങുന്നത്. മുഹമ്മദ് നബി (സ) നിയോഗം മുതൽ തന്നെ ഹിജ്റ ആരംഭിച്ചിട്ടുണ്ട്. സഹിഷ്ണുതകൾ പേറിക്കൊണ്ട് നബിയും അനുചരന്മാരും സഹനത്തിന്റെ ഉച്ചിയിൽ എത്തി നിൽക്കുമ്പോൾ തന്നെ സകല വസ്തുക്കളും വെടിഞ്ഞ് മനസ് കൊണ്ട് മണലാരണ്യത്തിലേക്ക് പാദങ്ങളെ വെച്ചിരുന്നു.
തിരുനബി ഇസ്‌ലാമുമായി വന്നത് മുതൽ തന്നെ ഖുറൈശികളുടെ ഭാഗത്തു നിന്ന് ധാരാളം അതിക്രമങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാം കേവലം ഒരു ആരാധനാലയത്തിന്റെ മൂലയിൽ ഇരുന്ന് നിർവഹിക്കേണ്ട പ്രഭാഷണമല്ലന്നും കർമമണ്ഡലത്തിൽ തെളിഞ്ഞു നിൽക്കേണ്ടതാണെന്നും അവിടുന്ന് പഠിപ്പിച്ചു തന്നു. അതിനാൽ തന്നെ നാട്ടിലെ ഇസ്‌ലാമിക പ്രബോധനം രഹസ്യമായും പിന്നെ പരസ്യമായും നിർവഹിച്ചു. ഓരോ വർഷവും ഹജ്ജിനെത്തുന്ന വിദേശികളിൽ ഇസ്ലാമിനെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി. അതിനൊപ്പം തന്നെ ഇസ്‌ലാമിനെ അപഹസിക്കാനുള്ള ശ്രമവും ഖുറൈശികളുടെ ഭാഗത്തു നിന്നുണ്ടായി. എന്നാൽ വിശുദ്ധ മതത്തിന്റെ വിളി കേൾക്കാനുള്ള സൗഭാഗ്യം മദീനക്കാർക്ക് ഉണ്ടായി. അങ്ങനെ ഹിജറക്ക് വർഷങ്ങൾക്കു മുമ്പുള്ള ഹജ്ജു വേളയിൽ അസ്ഹദ് സരാര എന്ന നേതാവിന്റെയും റാഫിഉബ്നു മാലിക് എന്ന ഔസ് നേതാവിൻ്റെയും നേതൃത്വത്തിലുള്ള മദീനാസംഘം ഖുറൈശികളിൽ ഒരു കുഞ്ഞു പോലുമറിയാതെ വിശുദ്ധമായ മിനാക്കടുത്ത് അഖബാ പർവതത്തിൻ്റെ താഴ്വരയിൽ ഒരുമിച്ച് കൂടി. മുത്ത് നബിﷺ യെയും ഇസ്‌ലാമിനേയും സഹായിക്കാമെന്ന് ബൈഅത്തു (ഉടമ്പടി)ചെയ്തു. ഇതാണ് ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ പ്രസിദ്ധമായത്. മുത്ത് നബിﷺ അവർ പാലിക്കേണ്ട ധാർമിക നിർദ്ദേശങ്ങൾ നൽകി. മദീന ഇസ്‌ലാമിന് അനുകൂല മണ്ണാക്കി മാറ്റാൻ തൻറെ സന്തതസഹചാരി മിസ്ഹബുബ്നു ഉമൈറിനെ (റ) അങ്ങോട്ട് അയച്ചു. തുടർന്ന് വീണ്ടും സംഘം ഹജ്ജ് വേളയിൽ മുത്ത് നബിയുമായി അഖബയിൽ ഒരുമിച്ചു. ഈ സംഘത്തിന്റെ നേതാവ് അബ്ദുല്ല ബിൻ അംറ് (റ) ആയിരുന്നു. സംഘം ഇസ്‌ലാം സ്വീകരിച്ചു. അവർ നബിﷺ യുമായി വ്യക്തമായ കരാർ എഴുതി. നബിﷺ യുടെ ഭാഗത്തുനിന്ന് അബ്ബാസ് (റ) സംസാരിച്ചു. ഈ ഘട്ടത്തിൽ നബിﷺ യുടെ കൈകൾ പിടിച്ചു കൊണ്ട് ബറാഉബ്നു മഅ്മൂൻ (റ) മൊഴിഞ്ഞ വാക്കുകൾ ഹൃദയസ്പർശിയാണ്. "അല്ലാഹുവിൻറെ ദൂതരെ താങ്കളെ നിയോഗിച്ച അല്ലാഹുവാണ, ഞങ്ങൾ പോരാട്ടത്തിന് വന്നവരാണ്. ഞങ്ങളുടെ ഓമന മക്കളെ സംരക്ഷിക്കും പോലെ താങ്കളെ ഞങ്ങൾ രക്ഷിക്കുന്നതാണ്". മദീനയുടെ മണ്ണ് തിരുനബിയെ സ്നേഹത്തോടെ മാടി വിളിക്കുന്ന സംഭവങ്ങൾ ഹൃദയ സ്പർശിയാണ്. ഇസ്‌ലാം മദീനയിൽ തഴച്ചു വളരുന്നു. മക്കയിൽ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും സഖാക്കളുടെയും പലായനം ഖുറൈശികളുടെ ശ്രദ്ധയിൽപ്പെട്ടു. ഓരോ മുസ്‌ലിമിന്റെയും ഒളിച്ചോട്ടം ഖുറൈശി നേതാക്കളിൽ ഒരു ഞെട്ടലുളവാക്കിയിരുന്നു. ഓരോ പലായനത്തിനും അപ്രതിരോധ്യമായ തിരിച്ചു വരവിന്റെ ഭീഷണിയുണ്ടെന്നവർക്കറിയാമായിരുന്നു. ഹിജ്‌റ സംഭവിക്കുന്നു. ഖുറൈശി പ്രമാണിമാർ ദാറുന്നജ് വയിൽ യോഗം ചേർന്നു. മുത്ത് നബിﷺ യെ വധിക്കാനുള്ള രൂപരേഖകൾ തയ്യാർ ചെയ്തു. വധത്തിന്റെ പ്രതികാരം ഏതെങ്കിലും ഒരു ഗോത്രത്തിന് നേരെ തിരിയിക്കാൻ, ഓരോ ഗോത്രത്തിലെയും ആരോഗ്യദൃഢഗാത്രരായ യുവാക്കളെ ഊരി പിടിച്ച വാളുമായി പ്രവാചകനെ നിഗ്രഹിക്കാൻ അവർ തീരുമാനിച്ചു.പക്ഷേ എല്ലാം അറിയുന്ന നാഥൻ പ്രവാചകന് വിവരം അറിയിക്കുകയും ഹിജ്റക്ക് അനുവാദം നൽകുകയും ചെയ്തു.വളരെ വ്യക്തമായ നിലയിൽ അല്ലാഹുവിൻറെ സഹായം ലഭിച്ച സന്ദർഭങ്ങൾ ഹിജ്റയിൽ നമുക്ക് കാണാം. ഈ സന്നിഗ്ധ ഘട്ടത്തിലും വിശ്വ പ്രവാചകൻ,തൻറെ ഇഷ്ടത്തോഴനും ബന്ധുവുമായ അലി (റ ) വിളിച്ച് തന്റെ വിരിപ്പിൽ കിടക്കാൻ ആവശ്യപ്പെടുകയും മക്കയിലെ ജീവിതഘട്ടത്തിൽ ഖുറൈശികൾ തന്നെ ഏൽപ്പിച്ച സൂക്ഷിപ്പു മുതലുകൾ അവകാശികളെ തിരിച്ചേൽപ്പിക്കാനും ഏൽപ്പിച്ചു. തൻറെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ പോലും പ്രവാചകൻ കാണിച്ച ഈ സത്യസന്ധത മനുഷ്യ ചരിത്രത്തിൽ തന്നെ അതുല്യമാണ്.
ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഖുറൈശി യുവാക്കൾക്കിടയിലൂടെ ഖുർആനിലെ സൂറതു യാസീനിൽ നിന്നുള്ള സൂക്തങ്ങൾ ഉരുവിട്ട് ഒരു പിടി മണ്ണുവാരി എറിഞ്ഞു പ്രവാചകന്‍ തൻറെ ചരിത്രപ്രസിദ്ധമായ ഹിജറക്ക് തുടക്കം കുറിച്ചു. ഈ ചരിത്ര സ്മൃതികളോടെ ആസൂത്രിതമായ കൊടും വഞ്ചനയുടെ ആക്രോശ്യങ്ങളിൽ നിന്ന് തിരുദൂതരും അനുജന്മാരും സംരക്ഷകരാകുന്നു. "ത്വലഅൽ ബദ്ർ" എന്ന ധ്വനികളിലൂടെ പുതു പുലരിക്ക് മദീന മൺതരികൾ സാക്ഷ്യം കുറിച്ചു.ഇത് ചരിത്രത്തിൽ തന്നെ തിരു ദൂതർക്ക് ലഭിച്ച വലിയ സ്വീകരണമായിരുന്നു.
മദീനയിലേക്ക് ഹിജ്റ പോയ പ്രവാചകൻ ആദ്യം ഖുബായിലിറങ്ങി. തുടർന്ന് മദീനയിലെത്തി. അബു അയ്യൂബുൽ അൻസാരിയുടെ വീടിന്റെയടുത്തുതന്നെ മസ്ജിദ് പണിതു. ഈ മസ്ജിദ് ലോക ചരിത്രത്തിനു തന്നെ പ്രകാശ ഗോപുരങ്ങൾ പണിതു. ഇസ്‌ലാം മദീനയും ബാഗ്ദാദും ഇറാനും ഇസ്ഫഹാനും ടോളോഡോയും സെവില്ലയും കോർഡോബയും കടന്ന് പുഷ്കലമായി. പുരാതന നദീതട സംസ്കാര കേന്ദ്രങ്ങളായ മെസപ്പൊട്ടേമിയയും ഈജിപ്തും സിന്ധു നദീതടവും പുണ്യസംസ്കാരത്തെ പുൽകി. അജ്ഞതയുടെ ഘനാന്ധകാരത്തിൽ ഉറങ്ങിയ ലണ്ടനെയും പാരിസിനെയും വിളിച്ചുണർത്താൻ ബാഗ്ദാദും സ്പെയിനും നഭോമണ്ഡലത്തിൽ ജ്വലിച്ചു നിന്നു. ഇതിനെല്ലാം പ്രചോദനമായത് ഇസ്ലാമും വിശുദ്ധ ഖുർആനും പ്രവാചകന്‍ മുഹമ്മദ് (സ) നബിയുടെ ചരിത്രപ്രസിദ്ധമായ ഹിജറയുമായിരുന്നു.
ഹിജ്റയുടെ പാഠങ്ങൾ
ഇലാഹി നിയമങ്ങൾ എത്രമേൽ പാലിക്കണം എന്നതിനുള്ള ഉൾകൃഷ്ഠി ഹിജ്റയുടെ സമഗ്രമായ പഠനങ്ങൾ വിലയിരുത്തുന്നുണ്ട്. അതുപോലെതന്നെ മാനവ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ സാഹോദര്യം സുന്ദരമായി സ്ഥാപിച്ചിരിക്കുന്നു. മാനവകുലം ഒരു മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന പ്രഖ്യാപനത്തോടെയും വേദവാചകങ്ങള ഹൃദയത്തിലേക്കും കർമ്മത്തിലേക്കും ചേർത്തുവച്ച് കൊണ്ടുമാണ് മനുഷ്യനെ മൂല്യങ്ങളിലേക്ക് സ്വാഗതം ചെയ്തത്. ഗോത്രത്തിനും നിറത്തിനും ദേശത്തിനുമുപരിയായി മൂല്യബോധത്തിലേക്ക് മനുഷ്യവിചാരങ്ങളെ വഴി തിരിച്ചുവിടാൻ തിരുനബി പാഠങ്ങൾക്കായി എന്നത് വാസ്തവമാണ്
പരസ്പര സ്നേഹത്തിൻറെ ആദ്യപടിയന്നോണം എല്ലാവരെയും ഒരേ ഇലാഹിന് കീഴിൽ അണിനിരത്തുകയും ഒരേ സ്ഥലത്ത് ഒരുമിപ്പിക്കുകയും ചെയ്തു. പിന്നീടാണ് സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിച്ചത്. സാമൂഹികവും വൈജ്ഞാനികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രതന്ത്രങ്ങളുമടങ്ങിയ കാര്യങ്ങളിലുള്ള വേദഗ്രന്ഥത്തിന്റെ പ്രസക്തി ഇതറിയിക്കുന്നുണ്ട്. അത് പ്രയോഗ വൽക്കരിക്കാനുള്ള പുണ്യഭൂമിയായിരുന്നു മദീന. 'ഒരു പ്രവാചകനും തൻറെ നാട്ടിൽ ആദരിക്കപ്പെട്ടിട്ടില്ല' എന്ന ചൊല്ല് ആംഗലേയ ഭാഷയിൽ പ്രസക്തമാണ്. ഖുറൈശി സമൂഹത്തിൽ രൂഢമൂലയായിരുന്ന മൂല്യച്യുതികളെ ദൈവദൂതൻ തുറന്ന് എതിർത്തപ്പോൾ അന്നേവരെ തന്നെ ആദരിച്ചിരുന്ന സമൂഹം കൊടിയ ശത്രുവായി പ്രവാചകനെ മുദ്രകുത്തുകയായിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ മുഴുവൻ ഇസ്‌ലാമിനെ നശിപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് വേണ്ടിയായിരുന്നു. എന്നാൽ ഇവർക്ക് മുന്നിലൊന്നും പ്രവാചകൻ പതറിയില്ല. അതുകൊണ്ടുതന്നെ സുവ്യക്തമായ ഒരു വാർപ്പു മാതൃക സൃഷ്ടിക്കാനുള്ള പശ്ചാത്തലവും ഇസ്‌ലാമിക സംസ്കാരം തഴച്ചുവളരാനാവശ്യമായ മണ്ണും മദീനയിൽ സർവലോക രക്ഷിതാവായ അല്ലാഹു തന്നെ ഹിജ്റയിലൂടെ ഒരുക്കിയിരുന്നു.
അല്ലാഹു വെടിയാൻ കൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവനാണ് ശരിയായ മുഹാജിർ. നാടുപേക്ഷിക്കുന്നതുപോലെയാണ് സ്വന്തം താല്പര്യങ്ങൾ ഒഴിവാക്കി സൃഷ്ടാവായ അല്ലാഹുവിൻറെ താല്പര്യത്തിന് മുൻതൂക്കം നൽകുന്നത്. അതുകൊണ്ട് തന്നെ പൂർവ്വ പ്രവാചകരുടെ വിജയഗാഥകളിൽ നാം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
22 September, 2024 09:35 am
Kadher
Masha allah22 September, 2024 09:51 am
Latheef Nusri
22 September, 2024 09:10 am
SIDEEQULAQBAR
വ്യക്തവും സ്പ്രഷ്ടവുമായ ഭാഷയിൽ റസൂലിന്റെ പാലയണം