യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ലാമിക ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി(റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. |
നിരവധി അന്താരാഷ്ട്ര സർവകലാശാലകളിൽ അധ്യാപകനും ഇസ്ലാമിക തത്വചിന്തയെക്കുറിച്ച് ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മാജിദ് ഫഖ്രിയുടെ Islamic philosophy: A beginners guide എന്ന ഗ്രന്ഥത്തിൽ ഇമാം ഗസാലി(റ) നെ നിരീക്ഷിക്കുന്നത്, "മതത്തിൽ യുക്തിവൽക്കരണം നടത്തിയവരെ മുഴുവൻ പ്രതിരോധിച്ച് പുതിയ രീതിയിൽ ഇസ്ലാമിക തത്വചിന്തയെ പുതുക്കിപ്പണിത ചിന്തകനാണ് ഇമാം ഗസാലി " എന്നാണ്. ഈ പരാമർശത്തെ ശരിവെക്കുകയും ഇമാമിന്റെ ചിന്താധാരകളെ ഇഴകീറി പരിശോധിച്ച് വിശ്വാസ കാര്യങ്ങളിൽ ബുദ്ധിയുടെയും ന്യായ ശാസ്ത്ര പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ സമർത്ഥിച്ച് അദ്ദേഹത്തിനെതിരെ എയ്‌തുവിട്ട വിമർശനങ്ങളെ അതിശക്തമായി നേരിടുകയും ചെയ്ത ആധുനിക പണ്ഡിതരിൽ പ്രമുഖനാണ്, ജോർദാനിലെ സഈദ് അബ്ദുൽ ലത്വീഫ് ഹൂദ. അദ്ദേഹത്തിൻ്റെ പ്രശസ്‌തമായ ഗ്രന്ഥമാണ് മൗഖിഫുൽ ഇമാമിൽ ഗസാലി മിൻ ഇൽമിൽ കലാം. ഈ കൃതിയുടെ പശ്ചാത്തലത്തിൽ, വിശ്വാസ കാര്യങ്ങൾ അതിന്റെ യഥാർത്ഥ രൂപത്തിൽ സ്ഥാപിക്കുകയും അവയിൽ വരുന്ന തെറ്റായ വാദങ്ങളെ പ്രതിരോധിക്കുകയും ചെയ്ത് ഇമാം ഗസാലിയുടെ(റ) ധൈഷണികമായ ഇടപെടലുകളെ നാം പഠിക്കേണ്ടതുണ്ട്.
കേവലം അഞ്ച് പതിറ്റാണ്ടിന്റെ ജീവിതത്തിനിടയിൽ ധിഷണ കൊണ്ട് വിപ്ലവം തീർത്ത് വിവിധ വിജ്ഞാന ശാഖകളിൽ കിടയറ്റ ഗ്രന്ഥങ്ങൾ ലോകത്തിന് സമർപ്പിച്ച് ഇസ്ലാമിക വൈജ്ഞാനിക ഭൂപടത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വിഖ്യാതനായ പണ്ഡിതനാണ് ഇമാം ഗസാലി (റ). കർമശാസ്ത്രം, നിദാനശാസ്ത്രം, തത്വശാസ്ത്രം, തസ്വവുഫ് തുടങ്ങിയ വൈവിധ്യമാർന്ന മണ്ഡലങ്ങളിൽ ഇടപെടലുകൾ നടത്തിയ ഇമാം, മുസ്ലിം ദൈവശാസ്ത്ര വിശാരദനും ആത്മ ജ്ഞാനിയുമായി അറിയപ്പെട്ടു. തസ്വവുഫിൻ്റെ അഥവാ ആത്മീയ ജ്ഞാനത്തിന്റെ ഉൾസാരങ്ങളിലേക്ക് അദ്ദേഹം കടന്നു ചെന്ന്, മുസ്ലിം ധൈഷണിക ലോകത്ത് തുല്യതയില്ലാത്ത പ്രതിഫലനം സൃഷ്ടിച്ച ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിന് പിറവി നൽകി. ഇഹ്‌യ വിശുദ്ധ ഖുർആനോളം വളർന്നുവെന്ന ഇമാം നവവി(റ)ന്റെ സാക്ഷ്യപത്രം ഇഹ്‌യയിൽ അടങ്ങിയ വിജ്ഞാന പ്രപഞ്ചത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചുരുക്കത്തിൽ, സ്വന്തം വ്യക്തിത്വവും പ്രവർത്തനങ്ങളും കൊണ്ട് ഇമാം ജീവിച്ച കാലത്തെയും വരും കാലഘട്ടങ്ങളെയും നിർണായകമായി സ്വാധീനിക്കുന്ന രൂപത്തിൽ ഇസ്ലാമിൻ്റെ ചിന്താ കർമവ്യവസ്ഥയെ മാറ്റിയെടു ക്കുകയായിരുന്നു 'ഹുജ്ജത്തുൽ ഇസ്‌ലാം' എന്ന പേരിലറിയപ്പെടുന്ന ഇമാം അബൂഹാമിദിൽ ഗസാലി (റ). ദൈവശാസ്ത്ര ജ്ഞാനത്തിന്റെ മേഖലയിൽ ഇമാം ഗസാലി യുടെ(റ) ഇടവും ഇടപെടലുകളും അന്വേഷിക്കുന്നതിന് മുമ്പ് മഹാൻ ജീവിച്ച ചരിത്ര സന്ദർഭത്തെയും അത് ഇസ്ലാമിക വിശ്വാസ കർമ വ്യവസ്ഥക്കെതിരെ ഉയർത്തിയ വെല്ലുവിളികളെയും കുറിച്ച് അൽപം പരാമർശിക്കേണ്ടിയിരിക്കുന്നു.
ഹിജ്റ 450 ൽ ഖുറാസാനിലെ ത്വൂസ് പ്രവിശ്യയിലാണ് മഹാൻ ജനിച്ചത്. ഇസ് ലാം വളരെയധികം പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടിരിന്ന സാഹചര്യത്തിലാണ് ഇമാമിന്റെ കടന്നുവരവ്. ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനം മൂലം യുക്തിയധിഷ്‌ഠിതമായി മതത്തെ വ്യാഖ്യാനിക്കുന്ന മുഅ്തസിലിയ്യാക്കളും ഗ്രീക്ക് തത്വചിന്തയെ ജ്ഞാനത്തിന്റെ അന്തിമവും ആധികാരികവുമായ ഉറവിടമായി കാണുന്ന ഒരു കൂട്ടം ബുദ്ധിജീവികളുടെ മതത്തിനുള്ളിൽ നിന്നു തന്നെയുള്ള കലാപങ്ങളും, പുറമേ നിന്നുള്ള ജൂത ക്രൈസ്‌തവ കടന്നാക്രമണങ്ങളും വിശ്വാസ രംഗത്ത് ഭൗതിക കേന്ദ്രീകൃതമായ യവന തത്വചിന്തയുടെ അതിപ്രസരവും തുടങ്ങി നിരവധി കലുഷിതമായ സാഹചര്യങ്ങളെ ഇമാം ഗസാലി (റ) അഭിമുഖീകരിക്കേണ്ടി വന്നു. യഥാർത്ഥത്തിൽ, ആചാരനുഷ്‌ഠാനങ്ങളിൽ നിന്നും ജീവിത വ്യവഹാരങ്ങളെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന നിയമ ശാസനകളിൽ നിന്നും മുക്തമായ ഒരു തത്വശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിക്കാനാണ് ഈ നവീന ബുദ്ധിജീവികൾ ശ്രമം നടത്തിയത്. മാത്രമല്ല, ഭരണ കൂടത്തിന്റെ കൊള്ളരുതായ്‌മയും തത്വചിന്ത പ്രസരിപ്പിച്ച വിശ്വാസ വ്യതിയാനവും മുസ്‌ലിം പൊതു സമൂഹത്തിന്റെ ധാർമികവും സാമൂഹികവുമായ ജീവിതത്തെ ശിഥിലമാക്കുകയും താറുമാറാക്കുകയും ചെയ്തു. എന്നാൽ എല്ലാ ബാഹ്യ/ആന്തരിക പ്രതിസന്ധികളിൽ നിന്നും മഹാൻ്റെ ത്യാഗോജ്ജ്വലമായ നവോത്ഥാന പ്രവർത്തനങ്ങൾ വഴി ഇസ്ലാമികാശയങ്ങൾ സംരക്ഷിക്കപ്പെടുകയുണ്ടായി.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക സാന്നിധ്യത്തെ നിഷേധിച്ച് കൊണ്ട് വികസിച്ചു വന്ന അകം ശൂന്യമായ ഗ്രീക്ക് തത്വശാസ്ത്രത്തെ ചോദ്യം ചെയ്‌ത് അതിൻ്റെ ദൗർബല്യങ്ങളെ പുറത്ത് കൊണ്ടുവരികയാണ് ഇമാം ഗസാലി (റ) പ്രഥമമായി ചെയ്തത്. ഊഹങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലുള്ള തത്വശാസ്ത്ര വിജ്ഞാനങ്ങൾക്ക് ശാശ്വത സത്യമായ ദൈവിക
വെളിപാടി(വഹ്യ്)നോടൊപ്പം നിൽക്കാൻ യാതൊരു യോഗ്യതയുമില്ലെന്ന് ഇമാം ഗസാലി (റ) യുക്തിഭദ്രമായി സമർത്ഥിച്ചു. ഖുർആനിൻ്റെ ആത്യന്തിക സാന്നിധ്യവും വഹ്‌യിൻ്റെ ആവിർഭാവവുമെല്ലാം പ്രപഞ്ചത്തെയാകെ പ്രവാചക തത്വശാസ്ത്രത്തിലേക്ക് പരിവർത്തിച്ചെടുക്കാനാണെന്ന യാഥാർത്ഥ്യം ഇമാം സമൂഹത്തെ പഠിപ്പിച്ചു. വിമർശനങ്ങളുടെ വലയം തീർത്തിട്ടുണ്ടെങ്കിലും, ഇമാം ഗസാലി (റ)ന്റെ 'തഹാഫതുൽ ഫലാസിഫ' എന്ന ഗ്രന്ഥം അക്കാലത്തെ മുസ്‌ലിം ബുദ്ധിജീവികളെയും യുവാക്കളെയും ഗ്രീക്ക് ചിന്തകളുടെ മാനസികാടിമത്തത്തിൽ നിന്ന് മോചിപ്പിച്ച് കളങ്കമറ്റ വിശ്വാസത്തിന്റെ രാജപാതയിലേക്ക് നയിച്ച പഠനങ്ങളാണ്.
ബഗ്ദാദിൽ വിവിധ മേഖലകളിൽ പണ്ഡിത സംവാദങ്ങൾ നടന്ന കാലമായിരുന്നു അത്. അബ്ബാസിയ്യ ഖിലാഫത്തിന്റെ ആസ്ഥാനമാണ് എന്നതിനോടൊപ്പം തന്നെ ഇസ്ലാമിക നാഗരികതയുടെ കേന്ദ്രമായും അക്കാലത്ത് പരിഗണിക്കപ്പെട്ടിരുന്നത് ബഗ്ദാദ് തന്നെയായിരുന്നു. പണ്ഡിത സംവാദങ്ങളായിരുന്നു അവിടത്തെ വൈജ്ഞാനിക ചലനങ്ങളുടെ അന്തസത്ത. ബഗ്ദാദിൽ വേരു പിടിച്ചിരുന്ന എല്ലാവിധ പാരമ്പര്യേതര വ്യവസ്ഥിതികളെയും മഹാൻ ചോദ്യം ചെയ്യുകയും ഇസ്ലാമിക വിശ്വാസ പ്രമാണത്തർക്കങ്ങൾക്ക് യുക്തിഭദ്രവും കാലോചിതവുമായ വ്യാഖ്യാനം അദ്ദേഹം നൽകി. മുഅ്തസിലികൾ, ശിയാക്കൾ, നിരീശ്വരവാദികൾ, ക്രിസ്ത്യാനികൾ, ജൂതർ തുടങ്ങി എല്ലാ വിഭാഗത്തെയും ഇമാം ഗസ്സാ ലി(റ) പ്രതിരോധിച്ചു. കുഫ്റിനും ഇസ്‌ലാമിനുമിടയിലുള്ള അതിർത്തിരേഖ അദ്ദേഹം നിർണയിച്ചു. സംവാദ വേദികളിൽ ഇവരെല്ലാം ഗസാലി (റ)വിന് മുന്നിൽ നമ്രശിരസ്‌കരാകുന്നതിന് ചരിത്രം നിവധി തവണ സാക്ഷിയായിട്ടുണ്ട്. സംവാദങ്ങളുടെ നൈരന്തര്യം തന്നെയായിരുന്നു അക്കാലത്ത് മഹാന്റെ ജീവിതം. പാണ്ഡിത്യത്തിൻ്റെ
ഗസാലി യൻ പ്രവാഹത്തെ തടഞ്ഞു നിർത്താനും ആ പ്രതിജാപുരുഷനെ വിമർശനങ്ങൾ നിരത്തി പ്രതിരോധിക്കാനുമുള്ള ശ്രമങ്ങൾ എക്കാലവും നടന്നിട്ടുണ്ട്. അടിക്കടി ചിന്തകളും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്ന പണ്ഡിതനായി ഇമാം ഗസാലി യെ(റ) ചിലർ അവതരിപ്പിക്കുന്നത് കാണാം. യഥാർത്ഥത്തിൽ, വിവിധ
വിജ്ഞാന ശാഖകളിൽ പ്രാവീണ്യമുള്ള പണ്ഡിതൻ ഒരു ഗ്രന്ഥത്തിന് ശേഷം മറ്റൊരു രചന നിർവഹിക്കുമ്പോൾ ഗ്രന്ഥങ്ങളിലെ വൈവിധ്യവും സേവന വൈപുല്യവുമായേ ഇതിനെ മനസിലാക്കേണ്ടതുള്ളു. മാത്രമല്ല, ഇമാം ഗസാലി യുടെ(റ) രചനകളിൽ കാലവും ദേശവും സാഹചര്യങ്ങളും സ്വാധീനിച്ചതായി കാണാം. അതു കൊണ്ട് തന്നെ, ഇമാമവർകളുടെ രചനകൾ വായിക്കുമ്പോൾ ഇഹ്യക്ക് മുമ്പും ശേഷവും എന്ന വേർതിരിവ് വേണം എന്ന നിലപാടാണ് സഈദ് ഫൂദ വിവരിക്കുന്നത്. ഭൗതിക ജീവിതത്തിന്റെ പ്രലോഭനങ്ങളിൽ നിന്നും ആത്മീയതയുടെ സമുന്നത തലത്തിലേക്കുള്ള പ്രവേശന കാലത്താണ് ഇഹ്‌യയുടെ പിറവി. അതിന് ശേഷം ഇമാം രചിച്ച 'ഇൽജാമുൽ അവാമി അൻ ഇൽമിൽ കലാം' എന്ന ഗ്രന്ഥത്തിൽ ഇൽമുൽ കലാമിൽ ഗസാലി ഇമാമിന്റെ വീക്ഷണവും പ്രയോഗവത്കരണത്തിന്റെ ഇടവും സുവ്യക്തമായ രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. ഗ്രീക്ക് ഫിലോസഫിയുടെ പൊള്ളവാദങ്ങൾക്ക് മുമ്പിൽ പകച്ച് നിന്ന മുസ്‌ലിം വിചാര ലോകത്തെ ഇസ്‌ലാമിക ചിന്തയുടെ മഹാവെളിച്ചത്തിലേക്ക് വഴി നടത്തിയ ഇമാം ഗസാലി യെ മാലികി പണ്ഡിതനായ അബൂബക്കർത്വർതൂശി വിമർശിക്കുന്നുണ്ട്. ഗസാലി പൈശാചിക പ്രേരണകളിൽ അകപ്പെടുകയും അവ തത്വചിന്തയായി അവതരിപ്പിക്കുകയായിരുന്നുവന്ന് പോലും അദ്ദേഹം വാദിക്കുകയുണ്ടായി. എന്നാൽ ഈ വില കുറഞ്ഞ ആരോപണത്തെ ഇമാം സുബ്‌കി(റ) ശക്തമായി നേരിട്ടു. ഇഹ് യയുടെ ഉൽപത്തി തന്നെ ഫൽസഫയുടെ ഖണ്ഡനവും ഇസ്ലാമിക സംസ്ഥാപനവുമായിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. ഇൽമുൽ കലാമിൽ വ്യുൽപത്തി നേടുന്നതിന് മുമ്പ് അദ്ദേഹം ഫൽസഫയെ കൂട്ടു പിടിച്ച് വഴിമാറി സഞ്ചരിച്ചുവെന്നായിരുന്നു അബൂ അബ്ദുല്ലാഹിൽ മാസിരിയുടെ വിമർശനം. ഇമാം സുബ്‌കി(റ) തന്നെയാണ് ഈ വാദത്തെയും എതിർത്തത്. ഉസൂലുൽ ഫിഖ്ഹിൽ മൻത്വിഖ് സന്നിവേശിപ്പിച്ചുവെന്നതാണ് ഇബ്നു സ്വലാഹിയുടെ ആരോപണം. മൻത്വിഖിന്റെ ആവശ്യകതയും പ്രസക്തിയും പറഞ്ഞുകൊണ്ടാണ് സുബ്‌കി ഇമാം ഈ വാദത്തെ നേരിട്ടത്. കൂടാതെ, നവീന ചിന്താധാരയുടെ അപ്പോസ്‌തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽജൗസി തുടങ്ങിയവരും ഗസാലി ഇമാമിനെ പല വിഷയങ്ങളിലും വിമർശിച്ചതായി കാണാം.
ഇൽമുൽ കലാമിൻ്റെ പ്രയോഗവത്കരണത്തിൽ ഇമാം ഗസാലി യുടെ പങ്ക് സുവ്യക്തമാണ്. യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ലാമിക ദർശനങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി (റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേത്യത്വം നൽകിയത്. ഇസ്‌ലാമിക നിയമവ്യവസ്ഥ
ഖുർആനിന്റെയും ഹദീസിൻ്റെയും വെളിച്ചത്തിൽ ബുദ്ധിയുപയോഗിച്ച് മനസിലാക്കേണ്ട ഒന്നാണ് എന്ന നിലപാടുള്ള ഇമാം ഗസാലി , ഖുർആനിക തെളിവുകൾ എല്ലാ മനുഷ്യർക്കും ഉപകാരപ്പെടുന്ന ഭക്ഷണത്തെപ്പോലെയാണെന്നും എന്നാൽ ഇൽമുൽ കലാം രോഗികൾക്ക് മാത്രം നൽകുന്ന ഔഷധത്തെപ്പോലെയാണെന്നും നിരീക്ഷിച്ചു. അതു കൊണ്ട്, ആ ഔഷധം ഭക്ഷണം പോലെയല്ല, അതിന്റെ പാർശ്വഫലങ്ങൾ ഗൗരവമുള്ളതാണെന്നും ഇഹ‌്യാ ഉലൂമുദ്ദീനിൽ ഇമാം ഗസാലി പരാമർശിക്കുന്നുണ്ട്.
മത പ്രമാണങ്ങളെ ദുർവ്യഖ്യാനിച്ച് ചരിത്രത്തിലേക്ക് നുഴഞ്ഞ് കയറിയ ഖവാരിജത്, മുഅതസിലത്. കിറാമിയത്. ഹശവിയത്, ഖദരിയ്യത്. മുജസിമത്, മുശബിഹത് തുടങ്ങിയ മതതിരുത്തൽവാദികളുടെ കുടില വാദങ്ങളെ അദ്ദേഹം തകർത്തു. ഇമാം ഗസാലി യുടെ ആദർശം മത പരിഷ്കരണവാദികൾക്ക് എന്നും തലവേദനയായിരുന്നു. മദ്ഹബ് നിഷേധികളെ ഇമാം ഗസാലി രൂക്ഷമായി വിമർശിച്ചു. തൗഹീദ്(ഏകത്വം), രിസാലത്(പ്രവാചകത്വം), ആഖിറത്ത്(പരലോക വിശ്വാസം) എന്നീ മൂന്ന് അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ അടിസ്ഥാനമായും യുക്തി പരമായും സമർത്ഥിച്ച് കർമശാസ്ത്രത്തിൽ ശാഫിഈ വഴിയും വിശ്വാസ ശാസ്ത്രത്തിൽ അശ്അരീ സരണിയും അനുധാവനം ചെയ്താണ് ഇമാം മുന്നോട്ട് പോയത്. മാത്രമല്ല, തത്വചിന്തയെ ഉള്ളറിഞ്ഞ് പഠിച്ചവർക്ക് ഏത് വിമർശനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുമെന്ന് ഇമാം ഗസാലി (റ) തെളിയിച്ചു. തത്വശാസ്ത്രമെന്നത് സന്ദേഹങ്ങളുടെ പൊള്ള ശാസ്ത്രമാണെന്ന് അദ്ദേഹത്തിന്റെ 'തഹാഫതുൽ ഫലാസിഫ'യിൽ പ്രതിപാദിച്ചിട്ടുണ്ട്. അറിവന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തത്വചിന്തയിലും കർമശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സമയം ചെലവഴിച്ച അദ്ദേഹം അന്ത്യനാളുകളിൽ അദ്ധ്യാത്മിക ശാസ്ത്രത്തിലും സൂഫി ചിന്തകളിലുമാണ് അന്വേഷണം നടത്തിയത്.
3 September, 2024 09:43 pm
EDYwvpLcySXuP
dbLYFuwvlc29 August, 2024 08:25 pm
EFwNJqUPWpOokC
NvPKZuojFxbknAwi20 August, 2024 08:46 pm
IPxHhSuRN
NZIzxUGOahui18 August, 2024 08:04 am
mFaYHLJUxblvV
KhfuOULqAIot15 August, 2024 08:17 pm
ZQRTBGVmtcanY
tsckCjKTYABbwWPl6 August, 2024 08:50 am
KjJulwdaeyr
LzOoRDBgysCd23 July, 2024 07:23 pm
HWpqOrsjcTzfhGM
sSWFZCQdi18 July, 2024 07:22 am
xKngSGphuZOm
gnjbIhTGQ