തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു. |
No other poem has attained such renown എന്ന് ദ ന്യൂ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്ലാമില്‍ പറയുന്നത് ബൂസ്വീരി ഇമാമവർകളുടെ ഖസീദ ബുര്‍ദ്ദയെ കുറിച്ചാണ്.
ശറഫുദ്ധീന്‍ അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്‌നു ഹമ്മാദു സന്‍ഹാജി അല്‍ ബൂസ്വീരി എന്നാണ് അവിടുത്തെ പൂര്‍ണ നാമം. ബാര്‍ബേറിയന്‍ സൂഫി എന്ന് കൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്. കഅബ് ബ്‌നു സുഹൈര്‍(റ) വിന്റെ ബാനത് സുആദക്ക് ശേഷം ഏറ്റവും പ്രശസ്തമായ ഖസ്വീദയാണ് ഖസ്വീദത്തുല്‍ ബുര്‍ദ.
ജനനം
ഹിജ്‌റ 608 ശവ്വാല്‍ 1 ന് ഈജിപ്തിലെ ദിലാസ് പട്ടണത്തില്‍ ആണ് മഹാനായ ബൂസ്വീരി ഇമാം ജനിക്കുന്നത്. വടക്കേ ആഫ്രിക്കയിലേക്ക് വ്യാപിച്ച് കിടക്കുന്ന സ്വന്‍ഹാജ് ഗോത്രത്തിലേക്ക് ആണ് അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ ചെന്നെത്തുന്നത്.
മൊറോക്കയിലെ ഹന്മാദ് നഗരത്തില്‍ നിന്നാണ് ഇമാമിന്റെ കുടുംബം ഈജിപ്തിലെത്തുന്നത്.
പഠനം
ബൂസ്വീരി ഇമാമിന് വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനൊപ്പം കൈറോയിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. സാമ്പത്തിക പ്രാരാബ്ധങ്ങളായിരുന്നു കാരണം. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. പിന്നീട് വ്യത്യസ്ത ഗുരുമുഖങ്ങളില്‍ നിന്നായി പല വിജ്ഞാന ശാഖകളും കരസ്ഥമാക്കി. അബൂ ഹയ്യാന്‍ മുഹമ്മദ് ബിന്‍ യൂസുഫുല്‍ ഗര്‍നാത്വി, ഫത്ഹുദ്ദീന്‍ അബുല്‍ ഫതഹ് മുഹമ്മദ് ബിന്‍ ഉംരി, അബുല്‍ അബ്ബാസ് അഹ്മദ് ബിന്‍ ഉമറ് ബ്‌നു മുഹമ്മദുല്‍ മുര്‍സി തുടങ്ങിയവരാണ് അവരില്‍ പ്രമുഖര്‍. മുര്‍സി എന്നവരാണ് ഇമാമിനെ ആത്മീയ ലോകത്തേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ഇമാമിന്റെ കൈയക്ഷര മികവ് കണ്ടറിഞ്ഞ് വളര്‍ത്തി കൊണ്ടുവന്നത് ഇബ്‌റാഹീം അബൂ അബ്ദുല്ലാഹില്‍ മിസ്‌രിയാണ്. പിന്നീട് ഇബ്‌ന് ഹിന്നയുടെ അടുക്കല്‍ നിന്നും എഴുത്ത് പഠിച്ചിട്ടുണ്ട്. നല്ല കൈയക്ഷരം അദ്ദേഹത്തിന് ഭരണ കേന്ദ്രങ്ങളില്‍ പകര്‍ത്തിയെഴുത്തുകാരാനായി സേവനം ചെയ്യാനുള്ള അവസരം നൽകി. അതിനൊപ്പം കവിത എഴുതുന്ന ശീലം കൂടിയുണ്ടായിരുന്നു. പ്രേമ കാവ്യങ്ങളും രാജ സ്തുതിഗീതങ്ങളുമായിരുന്നു അധികവും. 30ാം വയസില്‍ നജ്മുദ്ദീന്‍ അയ്യൂബി എന്ന ഭരണാധികാരിക്ക് ഒരു കത്ത് അയക്കുകയുണ്ടായി. ആഗ്രഹിച്ച ചില പദവികള്‍ കിട്ടാതിരുന്നതിന്റെ പ്രതിഫലനമായിരുന്നു ആ കവിത രൂപത്തിലുള്ള പരാതി.
പരിവര്‍ത്തനം
സഹപ്രവര്‍ത്തകരുടെ അഴിമതിയും വഞ്ചനയും മഹാനവര്‍കളെ അലോസരപ്പെടുത്തി. അദ്ദേഹം നിരന്തരം അവര്‍ക്കെതിരില്‍ കവിത എഴുതിക്കൊണ്ട് പ്രതിരോധം തീര്‍ത്തു. ഖസ്വീദത്തു നൂനിയ്യ കൃത്യവിലോപം നടത്തുന്നവര്‍ക്കെതിരെ ശക്തമായൊരു താക്കീതായിരുന്നു. എന്നാല്‍ ഈയൊരു സവിശേഷത സഹപ്രവര്‍ത്തകരുടെ ശത്രുത സമ്പാദിച്ചു കൊടുത്തു. അങ്ങനെ അദ്ദേഹം ഉദ്യോഗം രാജിവെച്ചു. പിന്നീട് തഖ്‌യുദ്ദീന്‍ അബില്‍ ഹസന്‍ അലിയ്യ് ബ്‌നു അബ്ദുല്‍ ജബ്ബാര്‍ എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് നബി(സ്വ)യുടെ ചരിത്രാന്വേഷണത്തില്‍ മുഴുകി. അതിനെ തുടര്‍ന്ന് മദ്ഹിലായി മുഴുകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
രചനകള്‍
ഖസ്വീദത്തുല്‍ മുഹമ്മദിയ്യ, ഖസ്വീദത്തുല്‍ മുളരിയ്യ, ഖസ്വീദത്തുന്നൂര്‍, ഖസ്വീദത്തുല്‍ ബാ, ഖസ്വീദത്തുല്‍ ലാം, ഖസ്വീദത്തുല്‍ ഹാഇയ്യ (അല്ലാഹുവുമായുള്ള മുനാജാത്) ഖസ്വീദത്തുല്‍ ഹംസിയ്യ, ദി കാറുല്‍ മആദ്, തഖദീസുല്‍ ഹറം തുടങ്ങിയവയാണ് ബൂസ്വൂരി ഇമാമിന്റെ മറ്റു രചനകള്‍.
ബുര്‍ദയുടെ രചന
അല്‍ കവാകിബു ദുരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ എന്നതാണ് ബുര്‍ദയുടെ പൂര്‍ണ നാമം. ഏഴാം നൂറ്റാണ്ടിലാണിത് രചിക്കപ്പെടുന്നത്. ബുര്‍ദ രചിക്കാനിടയായ സാഹചര്യം ഇമാം തന്നെ പറയുന്നുണ്ട്. ‘എനിക്ക് കലശലായ തളര്‍വാതം പിടിപെട്ടു. ചികിത്സകരെല്ലാം മുട്ടുമടക്കി. എന്റെ ശരീരം പകുതിയും തളര്‍ന്ന് പോയി. ഞാനാകെ പരിഭ്രാന്തിയിലായി. അങ്ങനെ നിരാശയില്‍ കഴിയുന്നതിനിടെയാണ് സൃഷ്ടി ശ്രേഷ്ഠരായ മുത്ത് നബിയെ പറ്റി മദ്ഹ് എഴുതിയാലോയെന്ന നല്ല ചിന്ത മനസിലെത്തുന്നത്. അങ്ങനെ ഞാന്‍ മദ്ഹ് എഴുതാന്‍ തീരുമാനിച്ചു. അതിലൂടെ രോഗശമനം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. അല്ലാഹുവിന്റെ സഹായത്താല്‍ എനിക്കത് പ്രയാസമില്ലാതെ തന്നെ സാധിച്ചു. അങ്ങനെ ഞാന്‍ രചന പൂര്‍ത്തിയാക്കിയ ദിവസം നബി(സ) സ്വപ്നത്തില്‍ വരികയും അവിടുത്തെ പരിശുദ്ധ കരങ്ങള്‍ കൊണ്ട് എന്റെ ദേഹം തടവുകയും രോഗം സുഖപ്പെടുകയും ചെയ്തു.’ ബുര്‍ദ രചിച്ച് ആളുകളിലേക്ക് സമര്‍പിക്കുന്നതിന് മുമ്പെ തന്റെ ബുര്‍ദയെ കുറിച്ച് അന്വേഷിച്ചു കൊണ്ട് ഒരാള്‍ അങ്ങാടിയില്‍ വെച്ച് പരിചയപ്പെട്ട സംഭവം ചിലയിടങ്ങളില്‍ ഉദ്ധരിക്കുന്നതായി കാണുന്നു. ഇന്ന് ബുര്‍ദ ലോകപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. പല നാടുകളിലും വെള്ളിയാഴ്ച രാവില്‍ ബുർദ പതിവായി ചൊല്ലാറുണ്ട്. മസ്ജിദ് ഇമാം ബൂസ്വീരിയില്‍ എല്ലാ ജുമുഅ ശേഷവും ബുര്‍ദ ചൊല്ലി വരുന്നു.
വഫാത്ത്
ഹിജ്‌റ 695 ല്‍ അലക്‌സാണ്ട്രിയയില്‍ വെച്ചാണ് മഹാനവര്‍കളുടെ വഫാത്ത്. ഈജിപ്തിലെ അന്‍ഫുഷി ജില്ലയിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദ് ഇമാം ബൂസ്വീരി ഉള്ളത്. നൂറ്റാണ്ടുകളായി ജുമുഅ നിസ്‌കാരത്തിന് ശേഷം അവിടെ ബുര്‍ദ ചൊല്ലാറുണ്ട്. ജാബിര്‍ ഖാസിം എന്നയാള്‍ പറയുന്നു. മസ്ജിദ് ഇമാം ബൂസ്വീരിയില്‍ മാത്രമായി ഒരു ത്വരീഖത്ത് നിലവിലുണ്ട്. അല്‍ ഖാദിരിയ്യ ഖാസിമിയ്യ എന്നാണ് അതിന്റെ പേര്.
ശിഷ്യര്‍
പല യുവകവികളും അദ്ദേഹത്തിന് കീഴില്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ സ്വൂഫി സരണിയില്‍ ഇമാമിന്റെ കൂടെ നടന്നവരില്‍ പ്രമുഖരാണ് അബൂ ഹയ്യാന്‍, ഇസ്സു ബ്‌നു ജമാഅ, അബുല്‍ ഫത്ഹ് ബ്‌നു സയ്യിദിന്നാസ് യമരി, തുടങ്ങിയവര്‍. ഇബ്‌നു അതാ ഇല്ലാഹി സിക്കന്തരിയുടെ സമകാലികന്‍ കൂടിയാണ് ഇമാം. മസ്ജിദ് ഇമാം ബൂസ്വീരിക്ക് ഇന്ന് കാണുന്ന രൂപം നല്‍കിയത് അല്‍ബാനിയന്‍ ഗവര്‍ണര്‍ മുഹമ്മദ് ബ്‌നു അലി പാഷയുടെ മകന്‍ മുഹമ്മദ് സെയ്ദ് പാഷയാണ്. 1863 ലാണ് അദ്ദേഹം മസ്ജിദ് ഈ രൂപത്തിലേക്ക് മാറ്റിയെടുത്തത്.
6 August, 2024 08:39 pm