ഖൈബർ താഴ്വാരങ്ങളിലും പഞ്ചാബ് സമതലങ്ങളിലും അഹിംസയുടെ പരുത്തിത്തോട്ടങ്ങൾ പുഷ്കലിച്ചു. പഷ്തൂണുകൾക്കിടയിൽ ഗാന്ധിസത്തിന്റെ അപ്രതിയോഗ്യമായ സമരതന്ത്രങ്ങൾ പകർന്ന് ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെ വിപുലപ്പെടുത്തികൊണ്ടിരുന്നു അബ്ദുൽ ഗഫാർ ഖാനെന്ന അതിർത്തിഗാന്ധി. |
ജയിൽ മുറിയുടെ ഒരു മൂലയിൽ അടിഞ്ഞുകൂടിയ മനുഷ്യ വിസർജ്യത്തിലേക്ക് നോക്കി അകത്തുകയറാൻ മടിച്ചുനിന്ന അദ്ദേഹത്തോട് ജയിൽ ഉദ്യോഗസ്ഥൻ കയർത്തു. "നാളെ രാവിലെയേ വൃത്തിയാക്കൂ ഇന്നിവിടെ കിടന്നാൽ മതി". ആറരയടി പൊക്കമുള്ള ആ മനുഷ്യനു നേരെ വെറും നാലടി വലിപ്പം തോന്നിക്കുന്ന മുറിയൻ പുതപ്പ് എറിഞ്ഞു കൊടുത്തു. വടക്കു കിഴക്കേ ഇന്ത്യയിലെ ആ അതിശൈത്യത്തിലും അയാൾ ഇശാനിസ്കാരം നിർവഹിച്ചു. ദുർഗന്ധം വമിക്കുന്ന ആ ഇരുട്ടറയിലെ മരം കോച്ചുന്ന തണുപ്പിനുമേൽ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന മഹത്തായ സ്വപ്നം പുതച്ച് ആ ധീര ദേശാഭിമാനി നേരം വെളുപ്പിച്ചു. ജയിൽവാസത്തിനിടെയാണ് മാതാവ് മരണപ്പെടുന്നത്. മകനെ ഒരുനോക്കു കാണാൻ മാതൃഹൃദയം വല്ലാതെ ആശിച്ചിരുന്നു. ആഗ്രഹങ്ങളുണർത്തി കത്തയച്ചിരുന്നുവെങ്കിലും ജയിൽ അധികൃതർ അനുമതി നൽകിയില്ല. അന്ത്യാഭിലാഷം നിറവേറ്റാനാകാതെ ആ മാതാവ് ഇഹലോകത്തോട് വിട പറഞ്ഞു.
പറഞ്ഞുവരുന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണുകളിൽ ഒരാളായ അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാനെ കുറിച്ചാണ്. കഴുത്തിൽ ചങ്ങലയിട്ട് ഇടുങ്ങിയ ജയിലിലേക്ക് അബ്ദുൽ ഗഫാർ ഖാനെ ബ്രിട്ടീഷ് ജയിലുദ്യോഗസ്ഥർ വലിച്ചിഴക്കുന്ന ഹൃദയഭേദകമായ രംഗം അദ്ദേഹത്തിന്റെ ആത്മകഥയായ "എന്റെ ജീവിതവും സമരവും" എന്ന പുസ്തകത്തിൽ വിശദമായി രേഖപ്പെടുത്തിയത് കാണാം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പതിനെട്ടോളം നഗരങ്ങളിലായി ജീവിതത്തിന്റെ സിംഹഭാഗവും നയിക്കേണ്ടി വന്ന ഖാൻ അബ്ദുൽ ഗഫാർ ഖാൻ തികഞ്ഞ അഹിംസാ വാദിയായിരുന്നു. മഹാത്മാഗാന്ധിയുടെ അഹിംസ സിദ്ധാന്തങ്ങളോട് ചേർന്നു നിന്നതുകൊണ്ടാണ് അതിർത്തി ഗാന്ധിയെന്ന് അദ്ദേഹം അറിയപ്പെട്ടത്. വിഭജനത്തിന്റെ പരിണിതിയെന്നോണം ഇന്ത്യയിലും പാകിസ്ഥാനിലും വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ തീർത്തും സമാധാനപരമായി അവ പരിഹരിക്കാൻ വേണ്ടി അദ്ദേഹവും ഗാന്ധിയെ പോലെ ഓടി നടന്നു. ഗാന്ധിയെ വൺ മാൻ ഡിഫൻസ് ഫോഴ്സ്(one man defence Force) എന്നാണ് മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചത്. ഈ ഘട്ടത്തിലാണ് ഖാൻ അബ്ദുൽ ഗഫാർ ഖാനെ അനുയായികൾ ബഹുമാനപൂർവ്വം രാജാവ് എന്നർത്ഥം വരുന്ന "ബച്ചാ ഖാൻ"(ബാദുഷാ ഖാൻ) എന്ന സ്ഥാനപ്പേരു നൽകി അഭിസംബോധന ചെയ്തത്.
1890-ൽ അവിഭക്തഇന്ത്യയിലെ ഉസ്മാൻസായിലാണ്(Utmanzai, India) ജനനം. 1988 ജനുവരി 20-ന് പാകിസ്താനിലെ പെഷാവറിൽ വെച്ചായിരുന്നു നിര്യാണം. അബ്ദുൽ ഗഫാർ ഖാൻ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രമുഖ മുസ്ലീം സമുദായമായ പഷ്തൂൺ (പഖ്തുൺ അഥവാ പത്താൻ ഗോത്രം)വിഭാഗക്കാരുടെ നേതാവായിരുന്നു. റൗലറ്റ് നിയമങ്ങൾക്കെതിരായ പ്രക്ഷോഭകാലത്ത് 1919-ൽ ഗാന്ധിയെ കണ്ടുമുട്ടിയാണ് ഗഫാർ ഖാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഈ നിയമങ്ങൾ പ്രകാരം രാഷ്ട്രീയ പ്രതിപക്ഷത്തെ വിചാരണയില്ലാതെ തടവിലാക്കാമായിരുന്നു. അടുത്ത വർഷം തന്നെ അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്നു. ഇന്ത്യൻ മുസ്ലീങ്ങളുടെ തുർക്കി സുൽത്താനോടുള്ള കൂറ് പ്രകടിപ്പിച്ചു കൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനം ഉയർന്നുവന്നത്. 1921-ൽ തന്റെ ജന്മനാടായ വടക്കു പടിഞ്ഞാർ അതിർത്തി പ്രവിശ്യയിലെ ജില്ലാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഖിലാഫത്ത് പ്രസ്ഥാനങ്ങളോട് ചേർന്നുനിൽക്കുമ്പോഴും ഗാന്ധിയുടെ അഹിംസ സിദ്ധാന്തങ്ങളെ അക്ഷരംപ്രതി പിന്തുടർന്നു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിൻറെ നയ നിലപാടുകൾ.
അദ്ദേഹത്തിൻറെ അഹിംസയെയും സമരരീതികളെയും അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. ഡോ. ഏക്നാഥ് ഈശ്വറിന്റെ Non violent soldier of islam, രാജ് മോഹൻ ഗാന്ധിയുടെ Gafar khan, Non violent Badusha of Pakton തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്. ടെറി മക് ലൂഹന്റെ ദി ഫോൻണ്ടിയർ ഗാന്ധി എ ടോർച്ച് ഫോർ പീസ് (The Frontries Gandhi A Touch for Peace) എന്ന ഡോക്യുമെന്ററിയും അദ്ദേഹത്തിൻറെ സമര ജീവിതത്തെ കൃത്യമായി വരച്ചിട്ടുണ്ട്.
റൗലറ്റ് ആക്ടിനെതിരെ
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ നടപ്പിലാക്കിയ കിരാത നിയമമായിരുന്നു റൗലറ്റ് ആക്ട്(Rowlatt Act). അടിയന്തരാവസ്ഥയുടെ മുൻകരുതലുകളുടെ ഭാഗമായി പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ഭീകരവാദിയാണെന്ന് സംശയിക്കുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിൽ പാർപ്പിക്കാൻ ബ്രിട്ടീഷ് പോലീസിന് അനുവാദമുണ്ടായിരുന്നു. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മിറ്റിയുടെ നിർദേശങ്ങളാണ് ഈ നിയമത്തിന് അടിസ്ഥാനമായി വർത്തിച്ചത്. ഈ നിയമത്തിനെതിരിൽ രാജ്യത്ത് അനേകം സമരപരമ്പരകൾ തന്നെ നടന്നു. അമൃത് സറിൽ റൗലറ്റ് ആക്ടിനെതിരെ നടന്ന ജനകീയ സമരമാണ് പിന്നീട് അതിക്രൂരവും നിഷ്ഠൂരവുമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്. റൗലറ്റ് വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്ത് പലയിടത്തും നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഖാൻ അബ്ദുൽ ഗഫാർ ഖാൻ. ഈ കരിനിയമത്തിനെതിരെ സംഘടിപ്പിച്ച ഒരു പ്രതിഷേധ സംഗമത്തിൽ വെച്ചാണ് "ബച്ചാ ഖാൻ" എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. ആക്ടിനെതിരെ സമരം ചെയ്തതിന് 1919ൽ അറസ്റ്റ് ചെയ്യപ്പെടുകയും ആറുമാസക്കാലം തടവിൽ കഴിയുകയും ചെയ്തു.
സജീവ രാഷ്ട്രീയത്തിലേക്ക്
വടക്കു കിഴക്കൻ സംസ്ഥാനത്തിലെ അഷ്ട നഗർ ജില്ലയിലെ ഉസ്മാൻ സായ് ഗ്രാമത്തിലെ സമ്പന്ന കുടുംബാംഗമായ ബഗ്റാം ഖാന്റെ നാലാമത്തെ മകനായാണ് ഖാൻ അബ്ദുൽ ഗഫാർ ഖാൻ ജനിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയ അദ്ദേഹം പെഷവാറിലെ ഒരു മിഷനറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ജൂനിയർ കമ്മീഷൻ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അലിഗഡ് യൂണിവേഴ്സിറ്റിയിൽ പോയി പഠനം പൂർത്തീകരിക്കുകയും പൊതുരംഗത്ത് സജീവമാവുകയും ചെയ്തു. ഏതാനും മുസ്ലിം പണ്ഡിതരുമായി സഹകരിച്ച് ദാറുൽ ഉലൂം എന്ന സ്ഥാപനത്തിന് ശിലപാകി. 1910 ൽ സ്വന്തം ഗ്രാമത്തിൽ ഒരു ദേശീയ ഇസ്ലാമിക വിദ്യാലയം സ്ഥാപിച്ചു.
മതപണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഉബൈദുള്ളാഹി സിന്ധിയുടെ പ്രേരണയാണ് രാഷ്ട്രീയത്തിലേക്ക് താൽപര്യം ജനിപ്പിക്കുന്നത്. അങ്ങനെ മൗലാനാ അബ്ദുൽ കലാം ആസാദിനെ ആദ്യമായി അടുത്തറിയുകയും സൗഹൃദത്തിലാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അൽ ഹിലാൽ മാസികയാണ് ഖാൻ അബ്ദുൽ ഗഫാറിനെ ഹഠാദാകർഷിച്ചത്. ഇക്കാര്യം തന്റെ ആത്മകഥയിൽ തന്നെ അദ്ദേഹം വിവരിക്കുന്നുണ്ട്. പിന്നീട് സർദാർ വല്ലഭായി പട്ടേൽ, ലാല ലജ്പത് റായ്, അലി സഹോദരന്മാർ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളോട് കൂടുതൽ അടുത്തിടപഴകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം ദേശീയ രംഗത്ത് സജീവമാവുകയും ചെയ്തു. 1946ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ബ്രിട്ടനിൽ നിന്നു വന്ന ക്യാബിനറ്റ് മിഷനുമായുള്ള ചർച്ചയ്ക്ക് കോൺഗ്രസ് നിയോഗിച്ച നാലു പേരിൽ ഒരാൾ ഖാൻ ഗഫാർ ഖാനായിരുന്നു. 1920 ഡൽഹിയിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ പങ്കെടുത്തു. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് പോവുകയും അവിടെ സജീവമാവുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം തിരിച്ചുവന്ന് 1921ൽ ഉസ്മാൻ സാൽ ആസാദ് ഹൈസ്കൂൾ സ്ഥാപിച്ചു.
1929ൽ ഖുദായെ ഖിദ്മത് ഗാർ എന്ന കൂട്ടായ്മ രൂപീകരിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കലായിരുന്നു ലക്ഷ്യം. പക്ഷേ, 1931 ഡിസംബർ 24ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. പഞ്ചാബിലും അതിർത്തി സംസ്ഥാനങ്ങളിലും പ്രവേശിക്കരുതെന്ന നിബന്ധനയോടെ മൂന്നുവർഷത്തിനു ശേഷം ജയിൽ മോചിതനായി. പിന്നീട് കുറച്ചു കാലം ഗാന്ധിയോടൊപ്പം വർധയിൽ താമസിച്ചു. 1946ൽ വർഗീയ ലഹളകൾ മൂലം ബീഹാറിലെ മുസ്ലിംകൾ കഷ്ടപ്പെടുന്നുവെന്നറിഞ്ഞപ്പോൾ അനാരോഗ്യം വകവയ്ക്കാതെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
അഫ്ഗാനിലെ പ്രാദേശിക ഭാഷയായ പഷ്തു ഭാഷയിൽ ആദ്യമായി പത്രം തുടങ്ങിയത് ഖാൻ അബ്ദുൽ ഗഫാർ ഖാനാണ്. 1928 മെയിൽ പ്രസിദ്ധീകരണം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും പഷ്തു ഭാഷയുടെയും പ്രചാരത്തിന് ഇതു വലിയ മുതൽക്കൂട്ടായി. ബ്രിട്ടീഷ് ഗവൺമെന്റ് പലപ്പോഴായി പ്രസിദ്ധീകരണം തടഞ്ഞുവെങ്കിലും വിഭജനത്തിനുശേഷം പാകിസ്ഥാൻ ഗവൺമെന്റാണ് പ്രസിദ്ധീകരണം പൂർണമായും നിരോധിച്ചത്.
ഇന്ത്യ വിഭജനമെന്ന ആശയത്തോട് എതിരായിരുന്ന ഖാൻ വിഭജനാനന്തരം പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കി. ജിന്നയെയും വിഭജനത്തെയും എതിർത്തതിന്റെ പേരിൽ പാക് ഗവൺമെന്റ് നിരന്തരമായി അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യഥാർത്ഥ മുസ്ലിമെല്ലെന്ന വിമർശനം പോലും ഏൽക്കേണ്ടിവന്ന അദ്ദേഹം സ്വതന്ത്ര പക്തൂണിസ്ഥാനുവേണ്ടി വാദിച്ചതിനെ തുടർന്ന് വീണ്ടും ജയിലിൽ അടക്കപ്പെട്ടു. 1953ല്‍ മോചിതനായി.
അഹിംസയുടെ ബച്ചാ ഖാൻ
ഗാന്ധിയുടെ അഹിംസ സിദ്ധാന്തത്തിൽ വളരെയധികം ആകൃഷ്ടനായിരുന്നു ഖാൻ അബ്ദുൽ ഗഫാർ ഖാൻ.
1929-ലെ ദേശീയ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ഗഫാർ ഖാൻ പഷ്തൂണുകൾക്കിടയിൽ 'റെഡ് ഷർട്ട്' പ്രസ്ഥാനം (ഖുദായി ഖിദ്മത്ഗാർ) സ്ഥാപിച്ചു. പഷ്തൂണുകളുടെ രാഷ്ട്രീയ ബോധം ഉണർത്തുക, അഹിംസാത്മക ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ അനുകൂലിക്കുക എന്നിവയായിരുന്നു ലക്ഷ്യം. 1930-കളുടെ അവസാനത്തോടെ ഗഫാർ ഖാൻ ഗാന്ധിയുടെ അന്തർധാരാ ഉപദേഷ്ടാക്കളിൽ ഒരാളായി മാറിയിരുന്നു, 1947-ലെ ഇന്ത്യയുടെ വിഭജനം വരെ ഖുദായെ ഖിദ്മത്ഗാർ സജീവമായി കോൺഗ്രസ് പാർട്ടിയെ സഹായിച്ചു.
അദ്ദേഹം സ്ഥാപിച്ച ഖുദായെ ഖിദ്മത് എന്ന സംഘത്തിലെ അംഗങ്ങളോട് ഉണർത്തിയിരുന്നത് ഇപ്രകാരമായിരുന്നുവെന്ന് ആത്മകഥയിൽ കാണാം " ബ്രിട്ടീഷ് സൈന്യത്തിന് അപ്രതിരോധ്യമായ ഒരു ആയുധമാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്. സഹനവും ധാർമികതയും അടങ്ങുന്ന അഹിംസയാണ് ആയുധം. പലപ്പോഴും ബ്രിട്ടീഷുകാർ ക്രൂരമായി സമരങ്ങൾ അടിച്ചമർത്തിയെങ്കിലും അഹിംസ മാർഗ്ഗം കൈയ്യൊഴിയാൻ അദ്ദേഹം തയ്യാറായില്ല.
ഗഫാർ ഖാനെ ജയിലിൽ അടച്ചതിനെ തുടർന്ന് 1930 ൽ പെഷവാറിൽ ഖിസ്സ ഖവാനി ബസാറിൽ ബ്രിട്ടീഷുകാർ നടത്തിയ കൂട്ടക്കൊലയിൽ നിരവധി പേരാണ് രക്തസാക്ഷികളായത്. വിഭജനകാലത്ത് ഹിന്ദു മുസ്ലിം സംഘർഷം മൂർച്ചിച്ചപ്പോൾ മരിച്ചുവീഴുന്ന സഹജീവികളെ കണ്ട് മനംനൊന്ത് അദ്ദേഹം "നിങ്ങൾ ആദ്യം എന്നെ ഇല്ലാതാക്കൂ" എന്ന് വികാരഭരിതനായി വിളിച്ചു പറയുന്നുണ്ട്.
വിഭജനത്തെ എതിർത്ത ഗഫാർ ഖാൻ പാക്കിസ്ഥാനിൽ താമസിക്കാനാണ് തീരുമാനിച്ചത്. പഷ്തുൺ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കും സ്വയംഭരണാധികാരമുള്ള പുഷ്തുണിസ്ഥാൻ (പഖ്തുനിസ്ഥാൻ, പാഥാനിസ്ഥാൻ) എന്ന സ്വതന്ത്രരാഷ്ട്ര സങ്കല്പത്തിനുമായി ശിഷ്ടകാലം നിലയുറപ്പിച്ചു. അതിനെ തുടർന്ന് നിരവധി വർഷങ്ങൾ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു. ശേഷം അഫ്ഘാനിസ്ഥാനിലേക്ക് താമസം പറിച്ചു നട്ടു. പിന്നീട് 1972-ലാണ് ഗഫാർ ഖാൻ പാകിസ്താനിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ 'മൈ ലൈഫ് ആൻഡ് സ്ട്രഗിൾ' 1969-ലാണ് പ്രസിദ്ധീകരിക്കുന്നത്.
മഹാത്മാജിയുടെ തോളിൽ കയ്യിട്ടു നടന്ന് സൗമ്യനായി ചരിത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്നു അതിർത്തികളില്ലാത്ത ഖാൻ അബ്ദുൽ ഗഫാർ ഖാനെന്ന അതിർത്തി ഗാന്ധി. 1969 നെഹ്റു അവാർഡും 1987 ആഗസ്റ്റിൽ ഭാരതരത്നവും നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. തന്റെ ആത്മകഥയായ എന്റെ ജീവിതവും സമരവും എന്ന പുസ്തകം എഴുതി തീർന്നശേഷം അദ്ദേഹം ഇങ്ങനെ രണ്ടു വരി കവിത കുറിച്ചുവെച്ചു.
" എന്റെ ഹൃദയത്തിന്റെ
ഉദ്യാനത്തിലൊരു കൊടുങ്കാറ്റടിച്ചു.
പൂക്കളെയെല്ലാമത് തല്ലിക്കൊഴിച്ചു.
വസന്തം വന്നാലേ
ഇനി അവയ്ക്ക് വിടരാനാകൂ”
റഫറൻസുകൾ:
1. The Frontier Gandhi: My Life and Struggle: The Autobiography of Abdul Ghaffar Khan
2. Encyclopædia Britannica
3. The Frontier Gandhi: Badshah Khan, a torch for peace
4. Non violent Badusha of Pakton