"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.


  അനിർവചനീയവും അവാച്യവുമായ സൗന്ദര്യ സ്വരൂപമായിരുന്ന മുത്തുനബി ﷺ. ജീവിതത്തിലെ സർവ്വ വ്യവഹാരങ്ങളിലും അവിടുന്ന് വൃത്തിയും വിശുദ്ധിയും നിലനിർത്തിയിരുന്നു. ധരിക്കുന്ന വസ്ത്രവും ചെരിപ്പും നിത്യോപയോഗ വസ്തുക്കളുമെല്ലാം അഴുക്കാകാതെ സൂക്ഷിക്കലും മനോഹരമായത് ഉപയോഗിക്കലും തിരുനബിചര്യയായിരുന്നു. അതീവ സൗന്ദര്യത്തിനുടമയായതു കൊണ്ട്തന്നെ ശരീരത്തിലെ എല്ലാ ഉപയോഗ വസ്തുക്കളുടെയും ഭംഗി പ്രത്യക്ഷമായി അനുഭവപ്പെടുമായിരുന്നു.

  അതിലേറ്റവും ശ്രദ്ധേയമായ ഒന്നാണ് വസ്ത്രം. നബിﷺ യുടെ വസ്ത്രങ്ങളുടെയും വസ്ത്രധാരണയുടെയും വിശേഷങ്ങൾ സന്തത സാഹചരികളായ അനുചരരുടെയും പത്നിമാരുടെയുമെല്ലാം അനുഭവ സാക്ഷ്യങ്ങളിൽ നിന്ന് വ്യക്തമായി വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.

വസ്ത്രം

  വിവിധയിനം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെങ്കിലും ഖമീസായിരുന്നു തിരുനബിക്ക് പ്രിയപ്പെട്ടത്.പ്രവാചക പത്നി ഉമ്മുസലമ ബീവി പറയുന്നു: " വസ്ത്രങ്ങളിൽ ഖമീസ് ധരിക്കാനായിരുന്നു തിരുനബി കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്"(1). വസ്ത്രധാരണത്തിന്റെ പ്രധാന ധർമ്മമായ ശരീരം മറയുകയെന്നതിൻ്റെ പൂർണത തന്നെയാണ് ഖമീസിന്റെ സവിശേഷത.

  ഇതര വസ്ത്രങ്ങളെക്കാൾ കൂടുതൽ വിശാലമായി കഴുത്ത് മുതൽ കാൽ വരെ ഇറക്കമുള്ളതു കൊണ്ട് തന്നെ ദേഹം മുഴുക്കെ മൂടാൻ സൗകര്യപ്രദമാണ് ഖമീസിന്റെ ഘടന. നമ്മുടെ നാട്ടിൽ ജുബ്ബ എന്നും കന്തൂറ എന്നുമെല്ലാം ഖമീസിന് പ്രയോഗമുണ്ട്.

 നബിﷺ യുടെ ഖമീസിന്റെ ഇരുകൈകൾക്കും കൈക്കുഴ വരെ നീളമുണ്ടായിരുന്നു. "കുപ്പായത്തിന്റെ കൈയ്യറ്റം തണ്ടൻകൈയുടെയും കൈക്കുഴയുടെയുമിടയിൽ അല്പം വീതിയുള്ളതായിരുന്നുവെന്ന് അസ്മാഅ് (റ) വർണിച്ചിട്ടുണ്ട് "(2). പ്രസ്തുത കഫ് അഴവുള്ളത് കൂടിയായിരുന്നു. കൈയിൽ നിന്ന് വസ്ത്രം നീക്കാനും കയറ്റിവെക്കാനും സാധിക്കാത്ത രൂപത്തിൽ ഇറുകിയതായിരുന്നില്ല.

  മാത്രമല്ല, 'കുടുക്ക് ഇല്ലാതെയായിരുന്നു മുത്ത്റസൂലിന്റെ കുപ്പായം കൈയുടെ അഗ്രങ്ങൾ തുന്നിയിരുന്നത്. ഇതേ രീതി തന്നെയായിരുന്നു ഖമീസിന്റെ കഴുത്തിലും സ്വീകരിച്ചിരുന്നത് '(3).

  "തിരുദൂതരുടെ ഖമീസിന്റെ മുകൾഭാഗത്തെ വിടവിലൂടെ കൈ പ്രവേശിപ്പിച്ച് ഞാനവിടുത്തെ വിശുദ്ധമായ പ്രവാചകത്വ മുദ്ര സ്പർശിച്ചുവെന്ന്" മുആവിയതു ബ്നു ഖുറ (റ) സ്വന്തം പിതാവിനെ ഉദ്ധരിച്ചു കൊണ്ട് പറയുന്നുണ്ട്(4). നല്ല ഇറുകിയ വസ്ത്രമായിരുന്നെങ്കിൽ കഴുത്തിന്റെ ഭാഗത്തെ വിടവിലൂടെ കൈകടത്താൻ കഴിയില്ലല്ലോ. തിരുദൂതരുടെ ഖമീസിന് നെഞ്ചിനു മുകളിലായി കീശയുണ്ടായിരുന്നു.

  ഖമീസായിരുന്നു നബി ﷺ യുടെ ഇഷ്ട വസ്ത്രമെന്ന് പറഞ്ഞു. "ഖമീസുകളിൽ തന്നെ ഏറ്റവും പ്രിയം ഹിബ്റ എന്ന മോഡലിനോടായിരുന്നുവെന്ന് അനസുബ്നു മാലിക് (റ) പറയുന്നുണ്ട് "(5). "പരുത്തിനൂൽ കൊണ്ട് നെയ്തെടുത്ത ഭംഗിയും മൂല്യവുമുള്ള യമനീ തുണിയാണ് ഹിബ്റ " (6). വഫാത്താനന്തരം തിരുശരീരം പുതച്ചതും ഇഷ്ടവസ്ത്രമായ ഹിബ്റ കൊണ്ടായിരുന്നു.

  വെള്ള, കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങി വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങൾ വ്യത്യസ്ത സമയങ്ങളിലായി നബി ﷺ ധരിച്ചിട്ടുണ്ട്. ഓരോ വസ്ത്രത്തിലും സൗന്ദര്യവാനായി നിൽക്കുന്ന ത്വാഹാറസൂലിനെ സ്വഹാബിമാർ വരച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. അബൂജുഹൈഫ (റ) പിതാവിനെ ഉദ്ധരിച്ച് പറയുന്നു: "കറുപ്പും ചുവപ്പും വർണത്തിലുള്ള വരകളുള്ള തുണിയും മേൽതട്ടവും ധരിച്ചു നിൽക്കുന്ന തിരുനബിയെ ഞാനൊരിക്കൽ അതിമനോഹരമായി കണ്ടു"(7).

  "ചുവപ്പു നിറത്തിലുള്ള ഒരു ജോഡി വസ്ത്രത്തിൽ ധരിച്ച തിരുനബിയേക്കാൾ സുന്ദരനായി മറ്റൊരാളെയും എനിക്കനുഭവപ്പെട്ടിട്ടില്ലെന്നാണ് " ബറാഉ ബ്നു ആസിബ് (റ) പറയുന്നത് (8). ഒരു ഘട്ടത്തിൽ "നബിﷺയെ പച്ച വരകളുള്ള വസ്ത്രം ധരിച്ചതായി ഞാൻ കണ്ടുവെന്ന്" അബൂരിംസ(റ) പറയുന്നുണ്ട്(9).

  തിരുനബി സ്വ വർണ്ണങ്ങളുള്ള വസ്ത്രം ധരിച്ചപ്പോൾ സ്വഹാബിമാർ അത് പ്രത്യേകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി തിരുനബി വസ്ത്രധാരണത്തെ സ്വീകരിക്കുമ്പോൾ പ്രത്യേകം റിപ്പോർട്ട് ചെയ്യുകയായിരുന്നു അവർ ചെയ്തത്.

  എന്നാൽ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെങ്കിലും അതായിരുന്നില്ല ശീലവും ഇഷ്ടവും. വെള്ള വസ്ത്രത്തോടായിരുന്നു തിരുനബിയുടെ ഇഷ്ടം. ജീവിതത്തിലെ സിംഹഭാഗവും ശുഭ്ര വസ്ത്രധാരിയായിരുന്നു തിരുനബിﷺ. വെള്ള വസ്ത്രം ധരിക്കുകയും അത് ധരിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്തത് തിരുനബിയനുചരരുടെ വചനങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്.

  "നിങ്ങൾ വെള്ള വസ്ത്രം ധരിക്കുകയും മരണപ്പെട്ടവരെ വെള്ളയിൽ പൊതിയുകയും ചെയ്യുക. കാരണം, ഏറ്റവും ശുദ്ധമായ വസ്ത്രം വെള്ളയാണ്" എന്ന് തിരുദൂതർﷺ പറയാറുണ്ടായിരുന്നുവെന്നു ഇബ്നു അബ്ബാസ് (റ) വിശേഷിപ്പിക്കുന്നുണ്ട് (10).

വസ്ത്രധാരണം

  മുത്ത് നബിയുടെ വസ്ത്രം വിശേഷങ്ങൾ പങ്കു വെച്ചത് പോലെ വസ്ത്രധാരണ രീതിയെയും അനുചരർ അവതരിപ്പിച്ചിട്ടുണ്ട്. റസൂൽﷺയുടെ വസ്ത്രങ്ങൾ സദാസമയം വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. വസ്ത്രത്തിൽ അഴുക്ക് പുരളാതെ സൂക്ഷിക്കുന്നത് ശീലമായിരുന്നു. തിരുദൂതരുടെ വസ്ത്രങ്ങളെയും വസ്ത്രധാരണത്തെയും പരിശോധിച്ചാൽ മിതമായ വസ്ത്രധാരണമായിരുന്നു തിരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടും. വസ്ത്രങ്ങളിൽ അമിതാലങ്കാരമില്ലായിരുന്നു. ഏറ്റവും മുന്തിയ ഇനമോ ഏറ്റവും താഴ്ന്ന ഇനമോ ആയിരുന്നില്ല പ്രവാചകരുടെ വസ്ത്രങ്ങൾ. ഇടത്തരം വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിനയവും ലാളിത്യവും തിരുജീവിതത്തിൽ അലിഞ്ഞു ചേർന്നതായിരുന്നല്ലോ.

  ജീവിതത്തിലെ ഇതര വ്യവഹാരങ്ങൾ പോലെത്തന്നെ വസ്ത്രധാരണത്തിന്റെ സർവ്വ മര്യാദകളും തിരുനബി ജീവിതത്തിൽ നിന്നാണല്ലോ നമുക്ക് പഠിക്കുവാനുള്ളത്. അതിനുതകും വിധം സമഗ്ര മാതൃകയായിരുന്നു തിരുജീവിതം. അസ്മാബിൻത് യസീദ് (റ) പറയുന്നു: "നബി ﷺ പറഞ്ഞു: മുസ്ലിമിന്റെ വസ്ത്രം കണങ്കാലിന്റെ പാതി വരെയാണ്. മടമ്പുവരെ താഴുന്നതിൽ തെറ്റില്ല. എന്നാൽ മടമ്പിനും താഴെ ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. അഹന്തയോടെ വസ്ത്രം വലിച്ചിഴച്ചു നടന്നാൽ അന്ത്യനാളിൽ അല്ലാഹു അവനെ ശ്രദ്ധിക്കുകയില്ല". 

 കണങ്കാൽ വരെയുള്ള ഉടുമുണ്ടായിരുന്നു ഉസ്മാനുബ്നു അഫാൻ (റ) ധരിച്ചിരുന്നത്. "ഇങ്ങനെയാണ് റസൂൽ തുണിയുടുത്തതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ജുമുഅ, പെരുന്നാൾ പോലെ വിശേഷ ദിവസങ്ങളിൽ ധരിക്കാൻ പ്രത്യേകം വസ്ത്രങ്ങൾ തിരുനബിക്കുണ്ടായിരുന്നു. വ്യത്യസ്ത ദേശങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വസ്ത്രങ്ങളിൽ അനുവദനീയമായതെല്ലാം ധരിക്കാറുണ്ടായിരുന്നു.

  വസ്ത്രം ധരിക്കുമ്പോൾ വലതിനെയും ഊരിവെക്കുമ്പോൾ ഇടതിനെയും മുന്തിക്കുമായിരുന്നു. പുതുവസ്ത്രം ധരിക്കുമ്പോൾ അവയുടെ പേര് പ്രത്യേകം പറയുന്ന ശൈലി പ്രവാചകർക്കുണ്ടായിരുന്നു. അബൂസഈദ് അൽഖുദ്രി (റ) പറയുന്നു: "നബി ﷺ പുതിയ വസ്ത്രം ധരിക്കുന്ന സമയത്ത് തലപ്പാവ്, ഖമീസ് എന്നിങ്ങനെ അവയുടെ പേര് വിളിക്കുകയോ എടുത്ത്പറയുകയോ ചെയ്യാറുണ്ടായിരുന്നു"(11).

 പ്രസ്തുത ഹദീസിൽ തന്നെ കാണാം. പുതുവസ്ത്രങ്ങളുടെ പേരെടുത്തു പറഞ്ഞതിന് ശേഷം "അല്ലാഹുവേ, ഈ പുതുവസ്ത്രം എന്നെ ധരിപ്പിച്ച നിനക്കാണ് സർവ്വസ്തുതിയും. ഈ വസ്ത്രത്തിന്റെയും അതുമായി ബന്ധപ്പെട്ടതിന്റെയും നന്മകളെ നിന്നോട് ചോദിക്കുകയും പ്രയാസങ്ങളിൽ നിന്ന് കാവൽ തേടുകയും ചെയ്യുന്നു" എന്ന് ദുആചെയ്യാറുമുണ്ടായിരുന്നു (12). ഇത് പ്രത്യേകം സുന്നത്തുള്ള ദുആയാണ്.

തൊപ്പി, തലപ്പാവ്

 തൊപ്പിയും തലപ്പാവും ധരിക്കൽ പുരുഷന്മാർക്ക് പ്രത്യേകം സുന്നത്താണ്. തിരുനബി ﷺ എല്ലാ സമയത്തും തൊപ്പിയോ തലപ്പാവോ ധരിച്ചിരുന്നു. വസ്ത്രത്തിലെന്ന പോലെ വെള്ള തന്നെയാണ് തൊപ്പിയിലും തലപ്പാവിലും സാധാരണ ഉപയോഗിച്ചത്. തൊപ്പി ധരിക്കുകയും അതിനു മുകളിലായി തലപ്പാവ് ചുറ്റുകയുമായിരുന്നു ചെയ്തത്. കൂടാതെ തലപ്പാവിന്റെ ഒരറ്റം രണ്ട് ചുമലുകൾക്കിടയിലൂടെ പിറകിലായോ വലതു ചുമലിന് മുൻഭാഗത്തായോ തൂക്കിയിടുമായിരുന്നു.

  വ്യത്യസ്ത സമയങ്ങളിൽ മറ്റു നിറങ്ങളിലുള്ള തലപ്പാവ് ധരിച്ചത് സ്വഹാബിമാർ ഉദ്ധരിക്കുന്നുണ്ട്. "മക്കാവിജയ ദിവസം കറുത്ത് തലപ്പാവ് ധരിച്ചുകൊണ്ടാണ് മുത്ത്നബി മക്കയിലേക്ക് പ്രവേശിച്ചത്" എന്ന് ജാബിർ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്(13).

  കറുപ്പ് തലപ്പാവ് ധരിച്ച് ഖുതുബ നിർവഹിച്ചതും മറ്റു കാര്യങ്ങളിലേർപ്പെട്ടതുമെല്ലാം സ്വാഹാബിമാർ ഓർത്തെടുക്കുന്നുണ്ട്. എന്നാൽ വസ്ത്രത്തിലും തലപ്പാവിലും തൊപ്പിയിലുമെല്ലാം വെള്ള തന്നെയായിരുന്നു തിരുനബിയുടെ പതിവ്. പ്രത്യേകം സാഹചര്യങ്ങളിലായിരുന്നു മറ്റു നിറങ്ങളിലുള്ളവ ധരിച്ചത്. എങ്ങനെയാണെങ്കിലും വെള്ള ധരിക്കാനാണ് നമ്മോട് നിർദേശമുള്ളത്. അതു തന്നെയാണ് ഏറ്റവും അഭികാമ്യവും.


 1. ജാമിഉതുർമുദി
 2. ജാമിഉതുർമുദി
 3,4. അബൂദാവൂദ്, ഇബ്നുമാജ
 5. സ്വഹീഹുൽ ബുഖാരി
 6. ശമാഇലുൽ മുഹമ്മദിയ്യ - ഇമാം തുർമുദി (റ)
 7,8. സ്വഹീഹുൽബുഖാരി, സ്വഹീഹ് മുസ്ലിം
 9. ജാമിഉതുർമുദി, സുനനുന്നസാഈ
 10. ജാമിഉതുർമുദി, സുനനുഇബ്നുമാജ
 11,12. ജാമിഉതുർമുദി, സുനനുഅബീദാവൂദ്
 13. സ്വഹീഹ് മുസ്ലിം

Questions / Comments:26 September, 2023   09:15 am

Abdul hannnan

????

25 September, 2023   09:06 pm

MOHAMMED MUNEEF A P

വളരെ ഉഷാർ ആയിട്ടുണ്ട് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ???????????? നാളെ ആഖിരത്തിൽ വലിയ മുതൽ കൂട്ട് ആവട്ടെ ആമീൻ