പുണ്യറബീഇന്റെ സ്നേഹ നിലാവുറ്റുന്ന പൊന്നമ്പിളി ഒരിക്കൽകൂടി മാനത്തുദിച്ചിരിക്കുന്നു. പെറ്റുവീണ പെൺജീവനുകൾ പിതൃ വിയര്‍പ്പുറ്റി നനഞ്ഞ മൺതരികൾക്കു ചുവടെ മിടുപ്പു വറ്റി മരിച്ചുവീണിരുന്ന കാലത്ത് പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ച് സ്നേഹത്തിൻറെ മധുരം ലോകരിൽ പകർന്ന മുത്ത്നബി  ഭൂജാതനായ നാളിൻറെ 1497 പിറവിയാണിത്. ലോക മുസ്‌ലിംകൾ പരസ്പരം സ്നേഹത്തിന്റെയും കൈകോർക്കലുകളുടെയും കവിത പാടി തിരുനബി ജന്മദിനം ആഘോഷിച്ചു കൊണ്ടിരിക്കുന്നു. മലബാറിലെ പുണ്യ റബീഇന്റെ പുലരിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അവിടുത്തെ ജീവിതകാലത്തു തന്നെ ഇസ്‌ലാമിന്റെ പൊൻവെളിച്ചം ഉദിച്ച മലബാറിന്റെ തീരത്തെക്കുറിച്ച്.

                    അങ്ങിങ്ങായി ചുണ്ണാമ്പു തേച്ചുപിടിപ്പിച്ച അടയാളങ്ങളുള്ള പൂമുഖ വരാന്തയിൽ ഇരുന്ന് വെറ്റില മുറുക്കി വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. പിറവിക്ക് മുമ്പേ കച്ചവടത്തിന് പോയ ബാപ്പ തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായതും ജനിച്ച് ഹലീമ ബീവിയുടെ ഒട്ടകത്തിലേറി ബനൂ സഅദിലേക്ക് പോയതും മുല കുടിച്ചതും നെഞ്ച് കീറിയതും
ആറാം വയസ്സിൽ ഉമ്മ വീട്ടിൽ, യസ്‌രിബിൽ പോയി നീന്തം പഠിക്കുന്നതും അബവാഇലെ മണൽ പരപ്പിൽ അടിമ മയ്സറതിന്റെ കൈകളിൽ ഏൽപ്പിച്ച് ഉമ്മ വിട്ടുപോയി മുത്ത് തീർത്തും അനാഥനായതും ഉമ്മൂമ്മമാരുടെ വെറ്റില ചുവപ്പു നിറഞ്ഞ ചുണ്ടുകളിലൂടെയാകും മലബാറിലെ കുഞ്ഞു മക്കൾ അനുഭവിച്ചിട്ടുണ്ടാവുക. ചെറിയ കുട്ടികളിൽ തിരുനബിയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിൽ മലബാറിലെ ഉമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. പ്രഥമ വിദ്യാലയമായ സ്നേഹപ്പാൽച്ചൂരു നിറഞ്ഞ മടിത്തട്ടുകൾ ഒരുപാട് കുട്ടികൾക്ക് തിരുനബിക്കഥകൾ കൈമാറിയിട്ടുണ്ട്. റബീഇന്റെ  നിലാവ് വിഹായസ്സിൽ കൺതുറക്കുന്നതിനു മുമ്പേ മലബാറിലെ തെരുവു ഗ്രാമവീഥികൾ തോരണങ്ങൾ കൊണ്ടലങ്കൃതമായിട്ടുണ്ടാകും. പാതകളിലുടനീളം വൈദ്യുത കാലുകളിൽ ബന്ധിപ്പിച്ച ചണനൂലുകളിൽ പല വർണ ബലൂണുകളും തോരണങ്ങളും തൂങ്ങിയാടും. റബീഉൽ അവ്വൽ പിറക്കുന്നതോടെ ഓരോ മഹല്ലിനു കീഴിലും വീട് വീടാന്തരം മൗലിദ് സദസ്സുകൾ നടക്കും. മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ് തുടങ്ങി നിരവധി പ്രകീർത്തന കാവ്യങ്ങൾ ഇത്തരം സദസ്സുകളിൽ ആലപിക്കപ്പെടാറുണ്ട്.

               കേരളക്കരയിൽ മൻഖൂസ് മൗലിദിന് വളരെയധികം പ്രാധാന്യമുണ്ട്. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്‌ലാമിക പണ്ഡിതനും ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് മഖ്ദൂം ഒന്നാമൻ രചിച്ച പ്രവാചക പ്രകീർത്തന കാവ്യമാണ് മൻഖൂസ് മൗലിദ്. കേരളത്തിൽ ഏറ്റവും പ്രചാരമുള്ളതും ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ ഒരു കാവ്യ രചനയാണിത്.

                പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും താണ്ഡവമാടിയ പ്ലേഗ്, കോളറ പോലുള്ള മാരക പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാനായി മലബാറിന്റെ രക്ഷകേന്ദ്രവും ആത്മീയ നേതൃത്വവുമായിരുന്ന പൊന്നാനിയിലെ വലിയ മഖ്ദൂമിന്റെ  അടുക്കൽ ചെന്ന് ജനങ്ങൾ സങ്കടം പറഞ്ഞപ്പോൾ അവിടുന്ന് മൻഖൂസ് മൗലിദ് രചിക്കുകയും പ്രദേശവാസികളോട് അത് സ്ഥിരമായി പാരായണം ചെയ്യാനും ശമനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ചെയ്തു. ഇന്ന് ഇമാം ബൂസൂരി(റ)യുടെ ഖസീദതുൽ ബുർദയേക്കാൾ ജനങ്ങൾക്കിടയിൽ ഖ്യാതി നേടിയ മൻഖൂസ് മൗലിദ് മലബാറിലെ വീടുകളിൽ സ്ഥിരമായി ആലപിക്കുന്ന ഒരു കാവ്യമായി മാറുകയും ചെയ്തിട്ടുണ്ട്.

      പുണ്യ റബീഇനോടനുബന്ധിച്ച് നടക്കുന്ന മൗലിദ് സദസ്സുകളിൽ വ്യത്യസ്ത ഭക്ഷണവിഭവങ്ങളുമുണ്ടാകും. നാടുമുഴുക്കെയും ഒരുമിച്ചു കൂടുന്ന ഇത്തരം മൗലിദുകൾ ഒരു നാടിൻറെ മുഴുവൻ പരസ്പര സ്നേഹത്തിന് കാരണമാകുന്നുണ്ട്.

        മലബാറിലെ നബിദിനക്കാഴ്ചകളുടെ മറ്റൊരു പ്രത്യേകതയാണ് മദ്രസകൾ കേന്ദ്രീകരിച്ചുള്ള നബിദിനാഘോഷ പരിപാടികൾ .മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ആഘോഷങ്ങളുടെ വരവ്. പുലർകാലത്തേ കൂറ്റൻ റാലികളുണ്ടാകും. ഈന്തിന്റെ മടലുകൾ  ചെത്തിയുണ്ടാക്കിയ വർണ്ണക്കൊടികൾ കയ്യിലേന്തി കുട്ടികൾ വരിവരിയായി നിൽക്കും. നാട്ടുകാരണവരും യുവാക്കളും അണിനിരക്കുന്ന റാലിക്ക് ഓരോ വീടുകൾക്കു മുന്നിൽ വച്ചും സ്വീകരണം ഉണ്ടാകും. പായസമോ പലഹാരങ്ങൾ തുടങ്ങിയ പലതരം പാനീയങ്ങൾ റാലിയിലണിനിരന്നവരിലേക്ക് എത്തിക്കും. റാലിക്ക് മുമ്പിൽ ഒരു ജീപ്പും ഉണ്ടാവും. അരിച്ചരിച്ചു നീങ്ങുന്ന അനൗൺസ്മെൻറ് വണ്ടിയിൽ നിന്നും തിരുനബി പ്രകീർത്തനങ്ങൾ ഉയരും. അതിനൊപ്പം റാലിയിൽ നിൽക്കുന്നവരുടെ ചുണ്ടുകൾ ചലിക്കും. മുത്തിനോടുള്ള പ്രണയം നരച്ച താടി രോമങ്ങളിലൂടെ ഉരുണ്ടുവീഴുന്ന മിഴിനീർത്തുള്ളികളിൽ നമുക്ക് കാണാനാവും. മതമൈത്രിയുടെ വർണക്കാഴ്ചകൾ കൂടി ഇത്തരം റാലികളൽ ദൃശ്യമായിരിക്കും.  കോളനികൾക്കു മുന്നിലെ മണ്ണ് തേമ്പിപ്പടുത്ത വേലിക്കെട്ടുകൾക്ക് പുറത്ത് റാലിയിൽ നടന്നുവരുന്ന പിഞ്ചോമനകളെ കാത്ത് അമുസ്‌ലിം സഹോദരന്മാരും ഉണ്ടാകും. കൈകളിൽ മധുര-പലഹാര- പാനീയങ്ങളും കാണും. രാത്രിയിൽ മദ്രസകളുടെ മുറ്റത്ത് നീട്ടിക്കെട്ടിയ പന്തലുകൾക്ക് ചുവടെ കലാപരിപാടികളുമുണ്ട്. നബിയുടെ ജനനം മുതൽ മരണം വരെയുള്ള ചരിത്രത്താളുകൾ ഈ വേദികളിൽ തുറക്കപ്പെടും. പിഞ്ചുമക്കൾ പാടും പറയും, രാത്രികൾ തിരുനബി പ്രണയത്താൽ നിറയും.  

        ദഫ്മുട്ട് എന്ന കലയും നബിദിനാഘോഷങ്ങളുടെ ഒരു പ്രത്യേകതയാണ്. മക്കാ മുശ്രിക്കുകളുടെ പീഡനം സഹിക്കവയ്യാതെ കുഞ്ഞലിയെ വിരിപ്പിൽ കിടത്തി യാസീൻ ഓതിയൂതി ഒരുപിടി മണ്ണ് നീട്ടിയെറിഞ്ഞ് സന്തതസഹചാരി അബൂബക്കറി(റ)നോടു കൂടെ ഹിറാ ഗുഹ താണ്ടി, മണലരണ്യങ്ങൾ പിന്നിട്ട് മദീനയുടെ കുളിരിലേക്ക് കടന്നുവന്ന മുത്തിനെ ദഫ്മുട്ടി പിഞ്ചുകുഞ്ഞുങ്ങൾ ആനയിച്ചു കൊണ്ടുവന്നത് ചരിത്രത്താളുകളിലുണ്ട്. ഇതിൻറെ സ്മരണയെന്നോണമാണ് നബിദിനാഘോഷത്തിലെ പ്രധാന ഇനമായി ദഫ് മാറുന്നത്. ഇസ്‌ലാമിന്റെ കലാരൂപമായാണിത് അറിയപ്പെടുന്നത്. രൂപത്തിലും ഭാവത്തിലും ഒരു ആത്മീയ വശ്യതയും ആകർഷണീയതയുമുണ്ടതിന്. ദഫ് ഉപയോഗിച്ചുകൊണ്ട് താളത്തിനൊത്തുള്ള കൊട്ടിക്കളിയാണിത്. ദഫിന്റെ ചരിത്രം കടലിനക്കരേക്ക്  നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവുമുണ്ടതിന്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈജിപ്തിലാണ് അതിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. ആട്ടിൻതോലാണ് ദഫ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.ആദ്യം ചുണ്ണാമ്പിൽ ഊറക്കിടും.  മൂന്നുദിവസം കഴിഞ്ഞ് ഈ തോൽ മുറിച്ചെടുത്ത് വെയിലത്ത് ഉണക്കി നേരത്തെ തയ്യാറാക്കി വെച്ച മരക്കുറ്റിയിൽ ചുറ്റിക്കെട്ടും. ഇങ്ങനെ തയ്യാറാക്കിയ തുകലാണ് ദഫിനു മുകളിൽ വലിച്ച് കെട്ടുന്നത്. എന്നാൽ കേരളത്തിൽ ഫൈബർ കൊണ്ടുള്ള ദഫുകളാണ് കൂടുതലും പ്രചാരത്തിലുള്ളത്. റാത്തീബ്, മൗലിദ്, നബിദിനാഘോഷം തുടങ്ങിയവകൾക്കു വേണ്ടിയാണ് കേരളത്തിൽ ഈ കല പൊതുവെ ഉപയോഗപ്പെടുത്തുന്നത്. മദ്രസയിലെ വിദ്യാർത്ഥികൾ മാസങ്ങളോളം പരിശീലിച്ചാണ് നബിദിനാഘോഷത്തിൽ ദഫ്മുട്ടവതരിപ്പിക്കുന്നത്. ദഫ് മുട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് നോട്ടുമാല നൽകുന്ന സമ്പ്രദായവും മലബാർ മേഖലയിൽ നിലവിലുണ്ട്.

പള്ളികളും മദ്രസകളും വൃത്തിയാക്കിയും തോരണങ്ങളും മിന്നിത്തിളങ്ങുന്ന ബൾബുകളും തൂക്കിയും വരവേൽക്കുന്ന മലബാറുകാരുടെ നബിദിന നാളുകൾ വേറിട്ടകാഴ്ച തന്നെയാണ്. റബീഉൽ അവ്വൽ പന്ത്രണ്ടിന് പുലർച്ചെ പള്ളികളിൽ നടത്തിവരുന്ന മൗലിദ് സദസ്സുകളിലെ ജനപങ്കാളിത്തവും അവരിൽ അലതല്ലുന്ന ആത്മീയ നിർവൃതിയും മധുരമൂറുന്ന അനുഭവമാണ്.  നിറഞ്ഞ മൗലിദ് സദസ്സുകളിലും പ്രകീർത്തന പരിപാടികളിലും തിരുനബിയുടെ സ്നേഹത്തെ ജനങ്ങൾ പാടിപ്പുകഴ്ത്തുന്നു. മലബാറിന്റെ തെരുവോരങ്ങളും ഗ്രാമങ്ങളും ഒന്നടങ്കം മുത്തിന്റെ പിറന്നാളിൽ ആനന്ദത്തിൽ ആറാടുന്നത് നമുക്ക് കാണാം.

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....