നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം. ഭൗതിക ലോകത്തെ നശ്വരമായ നമ്മുടെ സഞ്ചാര സമയം പവിത്രപൂർണവും ദുർഘട സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതുമാവണം. നിത്യജീവിതത്തിൽ അനിവാര്യമായി അനുവർത്തിക്കേണ്ട കർമ്മങ്ങളെയും പുലർത്തേണ്ട മര്യാദകളെയും കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്.

ളുഹാ നിസ്കാരം

വളരെയേറെ പ്രാധാന്യവും ശ്രേഷ്ഠതയുള്ള ആരാധനകളിലൊന്നാണ് ളുഹാ നിസ്കാരം.നിത്യജീവിതം ചിട്ടയായർന്നതും പവിത്രകരവുമാവാൻ ആഗ്രഹിക്കുന്ന ഓരോ വിശ്വാസിയും ളുഹ നിസ്കാരം പതിവാക്കേണ്ടതുണ്ട്.’സ്വലാത്തുൽ അവ്വാബീൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട രണ്ട് നിസ്കാരങ്ങളിൽ ഒന്നാണിത്. സർവ്വവും റബ്ബിന് സമർപ്പിക്കാൻ സന്നദ്ധരായ വിശിഷ്ട അടിമ എന്നർത്ഥം വരുന്ന ‘അവ്വാബ്’ എന്ന പദത്തിൽ നിന്നാണ് അവ്വാബീൻ എന്ന പദം വരുന്നത്.

 

ളുഹാ നിസ്കരിക്കുന്നവന് മാനസിക സന്തോഷം,സാമ്പത്തിക അഭിവൃദ്ധി,സജ്ജനങ്ങളുടെ മനസ്സിൽ നല്ലസ്ഥാനം,ശുഭകരമായ മരണം എന്നിങ്ങനെ നാല് പ്രധാന നേട്ടങ്ങൾ ദുനിയാവിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്.ഗനീമത്(യുദ്ധാർജിത സമ്പത്ത്)നേടുന്നതിനേക്കാൾ ഉന്നതമായ പ്രതിഫലമാണ് ളുഹാ പതിവാക്കുന്നവന് ആഖിറത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്.ജീവിതസാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ തടയാനും ജീവിതത്തിലെ അഭിവൃതിക്കും ബർകത്തിനും ളുഹാ നിസ്കാരം നിദാനമാവുമെന്ന് മുത്തുനബി പഠിപ്പിച്ചിട്ടുണ്ട്.

 

ഒരിക്കൽ തിരുനബി പറഞ്ഞു:”മനുഷ്യശരീരത്തിൽ 360 കെണുപ്പുകളുണ്ട്. ഓരോ കെണുപ്പിന്റെയും കൃത്യമായ പ്രവർത്തനം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അത്കൊണ്ടു തന്നെ ഇവകൾക്കെല്ലാം നാം സ്വദഖ ചെയ്യൽ അനിവാര്യമാണ്.”അപ്പോൾ സ്വാഹബത് ചോദിച്ചു:അല്ലാഹുവിന്റെ റസൂലെ..360സ്വദഖ ദിനേന ചെയ്യാൻ ഞങ്ങളിലാർക്കാണ് സാധ്യമാവുക?. അപ്പോൾ നബി മറുപടി പറഞ്ഞു:”രണ്ട് റക്അത് ളുഹാ നിസ്കാരം ഈ സ്വദഖകളുടെ സ്ഥാനത്തു നിൽക്കുന്നതാണ്”.

 

സൂര്യോദയത്തിനു ശേഷം ഏകദേശം 20 മിനിറ്റ് കഴിഞ്ഞത് മുതൽ സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റുന്നത് വരെ ളുഹാ നിസ്കാരം നിർവ്വഹിക്കാം. ഇരുലോക വിജയത്തിന് കാരണമാവുന്ന ഈ പുണ്യകർമ്മം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവേണ്ടതുണ്ട്. യാത്രാവേളകളിലും ജോലിസാഹചര്യങ്ങളിലുമെല്ലാം ഇത് മുടങ്ങാതെ പതിവാക്കാൻ നാം ശ്രദ്ധ പുലർത്തണം.

 

നാവിനെ സൂക്ഷിക്കാം

 

നിത്യജീവിതത്തിൽ വിട്ടുവീഴ്ചയില്ലാതെ നിയന്ത്രണവിധേയമാക്കേണ്ടതാണ് നമ്മുടെ നാവ് അഥവാ സംസാരം. നമ്മുടെ കർമ്മങ്ങൾ ശുഭകരവും സ്വീകാര്യയോഗ്യവുമാവണമെങ്കിൽ നാവിന്റെ നിയന്ത്രണം ഉറപ്പുവരുത്തി, അതിനെ ശരിയായ പാതയിലൂടെ നടത്തേണ്ടതുണ്ട്.നരക പ്രവേശനത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് നാവിന്റെ ദുരുപയോഗമാണെന്ന് തിരുനബി നമ്മെ ഉണർത്തിയിട്ടുണ്ട്.

 

അനാവശ്യ കാര്യങ്ങളെകുറിച്ചുള്ള സംസാരം ജീവിതത്തിന്റെ കൃത്യതക്ക് ഭംഗം വരുത്തുകയും ജീവിത വിജയത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യും.നാവിനെ സൂക്ഷിക്കുകയും നല്ലത് മാത്രം ചെയ്യുകയും നന്മക്ക് വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുന്നവർക്ക് സമൂഹത്തിലും വിശുദ്ധ ഇസ്ലാമിലും വലിയ സ്ഥാനമുണ്ട്.”സ്വർഗ്ഗത്തിൽ അമൂല്യമായ മുത്തുകളും മറ്റു ആഡംബര വസ്തുക്കളുമുപയോഗിച്ച് നിർമ്മിതമായ വീടുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്ന് തിരുനബി ഒരിക്കൽ പറയുകയുണ്ടായി. ആരാണ് നബിയേ അതിന്റെ അവകാശികൾ എന്ന് ചോദിച്ചപ്പോൾ ‘നല്ല സംസാരത്തിനുടമകളാണ് അതിന്റെ അവകാശികൾ’ എന്ന് തിരുനബി മറുപടി പറയുകയുണ്ടായി.

 

നമ്മുടെ വാക്കുകളും പ്രയോഗങ്ങളും ഒരാളെയും വിഷമിപ്പിക്കുന്നതോ സങ്കടപ്പെടുത്തുന്നതോ ആവരുത്. തന്റെ സംസാരത്തിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മറ്റു വിശ്വാസികൾ സുരക്ഷിതരാവുമ്പോഴാണ് ഒരാൾ യഥാർത്ഥ വിശ്വാസിയാവുന്നതെന്ന തിരുവചനം ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.കുടുംബം, സമൂഹം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി നാമിടപെടുന്ന ഒരു മേഖലയിലും മറ്റുള്ളവർക്ക് പ്രയാസകരമായ ഒരു സംസാരവും ഉണ്ടാവാൻ ഇടവരുത്തരുത്.

തിരുനബി അവിടുത്തെ സംസാരത്തിൽ സദാ ശ്രദ്ധാലുവായിരുന്നുവെന്നും അവിടുന്ന് ആരെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കാറില്ലെന്നും നാം തിരിച്ചറിയണം.തിരുനബിയുടെ സംസാരം വീണ്ടും കേൾക്കുവാൻ സ്വഹാബത്ത് വലിയ താല്പര്യം പ്രകടിപ്പിക്കുമായിരുന്നു.

 

നമ്മുടെ നാവും സംസാര വൈഭവവും യജമാനനായ റബ്ബ് കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണെന്ന ബോധ്യത്തോടെ അവൻ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരങ്ങളും പ്രയോഗങ്ങളും മാത്രമേ നാം ഉപയോഗിക്കുവാൻ പാടുള്ളൂവെന്നും നാം ഉൾക്കൊള്ളണം.

 

എല്ലായ്പോഴും ചിന്തിച്ചേ പറയാവൂ, പറഞ്ഞതിനുശേഷം ചിന്തിക്കുന്നവരാവരുത്.അത് വിഡ്ഢിയുടെ ലക്ഷണമാണ്. സംസാരം വെള്ളി ആണെങ്കിൽ മൗനം സ്വർണമാണെന്ന തിരിച്ചറിവോടെ ആവശ്യമുള്ളത് സംസാരിക്കുകയും അനാവശ്യ വിഷയങ്ങളിൽ മൗനം പ്രാപിക്കുകയുമാണ് നാം ചെയ്യേണ്ടത്.

 

സമയവിനിയോഗം

 

നാമെല്ലാവരും വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലയാണ് സമയ വിനിയോഗം.സമയത്തിന്റെ കാര്യത്തിൽ കൃത്യമായ ബോധവും ജാഗ്രതയും അനിവാര്യമാണ്. ഏതൊരു വ്യക്തിയും മൂന്നു കാര്യങ്ങൾ നഷ്ടപ്പെടുത്തിയാൽ അവ വീണ്ടെടുക്കാനാവില്ല.നഷ്ടപ്പെടുത്തിയ നല്ല അവസരങ്ങൾ, കൊഴിഞ്ഞുപോയ സമയങ്ങൾ, പറഞ്ഞ വാക്കുകൾ എന്നിവയാണ് ഈ അമൂല്യമായ കാര്യങ്ങൾ.കഴിഞ്ഞുപോയ ഇന്നലെകൾക്കോ കൊഴിഞ്ഞുപോയ ദിവസങ്ങൾക്കോ തിരിച്ചുവരവില്ലെന്ന ബോധ്യമുണ്ടായിരിക്കണം. ആയുസ്സ് എന്ന സാങ്കല്പിക കെട്ടിടത്തിൽനിന്ന് തകർന്നുവീഴുന്ന ഇഷ്ടികകളാണ് നമ്മുടെ ഓരോ ഹൃദയമിടിപ്പുകളുമെന്ന് മനസിലാക്കി സമയത്തെ ക്രിയാത്മകമാക്കാൻ ശ്രമിക്കണം.

 

നാം ഇടപെടുന്ന ഓരോ മേഖലകൾക്കും കൃത്യമായ ടൈംടേബിളുകൾ തയ്യാറാക്കണം. ദിനേന, ആഴ്ചതോറും, മാസത്തിൽ, വർഷത്തിൽ എന്നിങ്ങനെ നമ്മുടെ കർമ്മങ്ങൾക്ക് സമയം നിശ്ചയിക്കണം.എല്ലാ ദിവസവുമുള്ള നിർബന്ധ കർമ്മങ്ങൾക്കു പുറമെ ളുഹാ, മഗ്‌രിബിനു മുമ്പുള്ള തസ്ബീഹ് പോലോത്തവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.ഇശാ മഗ്‌രിബിനിടയിലുള്ള സമയം ഖുർആൻ പാരായണം, മൗലിദ് എന്നിവ കൊണ്ട് സമ്പന്നമാക്കുകയും ആ സമയത്ത് വീടിന്റെ വാതിൽ തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

 

ജീവിതവിശുദ്ധി അനിവാര്യമാണ്

 

ജീവിതവിശുദ്ധി വളരെ പ്രധാനമാണ്. അതിന് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ രഹസ്യവും പരസ്യവും ഒന്നായിരിക്കണമെന്നതാണ്.പരസ്യ ജീവിതത്തിൽ രക്ഷിതാവിനെ സ്മരിക്കുകയും രഹസ്യ ജീവിതത്തിൽ വിസ്മരിക്കുകയും ചെയ്യുന്നവരാവരുത്.’എന്റെ പരസ്യ ജീവിതത്തെക്കാൾ രഹസ്യ മേഖലകൾ ശുദ്ധമാക്കണണേ’ എന്ന് തിരുനബി എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു.

 

കൃത്യമായ ശ്രദ്ധ പുലർത്തേണ്ട മറ്റൊരു മേഖല സാമ്പത്തികമാണ്. ജീവിതചിട്ടയിൽ പലപ്പോഴും താളപ്പിഴകൾ സംഭവിക്കാറുള്ളത് സാമ്പത്തികരംഗത്തെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ്.ഹലാലിലൂടെ മാത്രം സമ്പാദിച്ച് റബ്ബിന്റെ പൊരുത്തം കാംക്ഷിക്കുന്ന മാർഗത്തിൽ മാത്രം ചിലവഴിക്കുമ്പോഴാണ് സാമ്പത്തിക വിശുദ്ധി നേടുന്നത്. നമ്മുടെ സാമ്പത്തിക വിനിമയ മേഖലയെ ആവശ്യം,അത്യാവശ്യം,അനാവശ്യം എന്നിങ്ങനെ തരം തിരിക്കുകയും അത്യാവശ്യത്തിനു മുൻഗണന നൽകി ആവശ്യത്തെ പാടെ ഒഴിവാക്കുകയുമാണ് ചെയ്യേണ്ടത്.

 

ന്യായമായ കാര്യങ്ങൾ പറയുകയും പറയുന്ന കാര്യങ്ങൾ ന്യായമായും ചെയ്യേണ്ടതുണ്ട്.നാം താല്പര്യപ്പെടുന്നവരോട് ഒരു രൂപത്തിലും അല്ലാത്തവരോട് മറ്റൊരു രൂപത്തിലും പെരുമാറരുത്. മറ്റുള്ളവരോട് ഏതെങ്കിലും വിധത്തിലുള്ള ഇഷ്ടക്കേടുകൾ ഉണ്ടെങ്കിൽ ഒരിക്കലും നമ്മുടെ സംസാരങ്ങളിലും ഇടപെടലുകളിലും അത് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

 

നമ്മോട് ആരെങ്കിലും ബന്ധം വിച്ചേദിച്ചിട്ടുണ്ടെങ്കിൽ അവരോട് അങ്ങോട്ടുപോയി സംസാരിക്കുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യണം.മറ്റുള്ളവരോട് ഒരുതരത്തിലുള്ള വെറുപ്പോ വിദ്വേഷമോ പുലർത്താതെ ഹൃദയം എപ്പോഴും കളങ്കരഹിതമാവാൻ ശ്രദ്ധിക്കണം.അന്യായമായി അതിക്രമം കാണിച്ചവർക്ക് മാപ്പു നൽകുകയും അവരോട് സൗമ്യമായി പെരുമാറുകയും ചെയ്യണം.

 

നിത്യജീവിതത്തിൽ അനുവർത്തിക്കേണ്ട പല മര്യാദകളും ചിട്ടകളും നാം വിശദീകരിച്ചു.നമ്മുടെ ജീവിതം വിശുദ്ധ ഇസ്ലാം അനുശാസിക്കും വിധം സമ്പൂർണ്ണമാവാൻ ഇവ പാലിക്കലും അനുസരിക്കലും ഓരോ വിശ്വാസിക്കും ബാധ്യതയാണ്. ജീവിതത്തിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒട്ടനവധി നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും തത്വങ്ങളും തിരുനബി നമുക്ക് പകർന്നിട്ടുണ്ട്.ഇത്തരം നിർദേശങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിക്കുകയും വ്യക്തിജീവിതത്തെ ഈ നിയന്ത്രണങ്ങൾക്ക് കീഴ്പ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇരുലോക വിജയത്തിന് കരുത്തേകുന്നതാണ്.

Questions / Comments:



No comments yet.

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ...