പ്രബോധിതരോട് ഗുണകാംക്ഷയോടെയാവണം പ്രബോധകന്റെ പെരുമാറ്റം. അനുവാചകന്റെ മനസ്സും ശരീരവും സാഹചര്യവും തൊട്ടറിഞ്ഞ് ശിക്ഷണം നൽകുന്ന പ്രായോഗിക ശൈലിയാണ് പുണ്യ റസൂലിന്റെ ഉൽബോധനങ്ങൾ പങ്കുവെക്കുന്നത്.
സത്യസന്ദേശത്തിൻ്റെ പ്രബോധനത്തിനു വേണ്ടിയാണ് പ്രവാചകർ നിയോഗിതരായത്. ആ ദൗത്യത്തിന്റെ പൂർത്തീകരണമായിരുന്നു തിരുനബി ജീവിതം. ധാർമികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തിലേക്ക് വെളിച്ചം വിതറി അവരിൽ വിസ്മയകരമാംവിധം പരിവർത്തനം സാധ്യമാക്കാൻ റസൂലിന് സാധിച്ചു. റസൂലിൻ്റെ പ്രബോധന ശൈലിയും രീതിയും വേറിട്ടതും ഫലപ്രദവുമായിരുന്നു. ഇവിടെ സന്നിഹിതരായ അനുഭവജ്ഞർ അവർക്ക് ലഭിച്ച അറിവുകൾ ഇവിടെയിപ്പോൾ ഹാജരില്ലത്തവർക്ക് എത്തിച്ചു കൊടുക്കട്ടെയെന്ന ഹജ്ജതുൽ വിദാഇലെ തിരുനബി ആഹ്വാനത്തെ ഉൾക്കൊണ്ട് സത്യാദർശത്തിന്റെ പ്രചരണത്തിനിറങ്ങുന്ന പ്രബോധകർക്ക് മികച്ച മാതൃക തിരുജീവിതത്തിൽ ദർശിക്കാനകും.
പ്രബോധനത്തിൻ്റെ സ്വീകാര്യതയിൽ പ്രബോധിത സമൂഹത്തോടുള്ള പ്രബോധകൻ്റെ സ്വഭാവത്തിനും പെരുമാറ്റത്തിനും വലിയ സ്വാധീനമുണ്ട്. പ്രബോധകന്റെ സ്വഭാവം പെരുമാറ്റവും ആകർഷണീയമല്ലെങ്കിൽ ആ പ്രബോധനത്തിന് ലക്ഷ്യപ്രാപ്തിയുണ്ടാകില്ല. ഉൽകൃഷ്ട സ്വഭാവത്തിനുടമയായിരുന്നു തിരുനബി(സ). തിരുദൂതരുടെ ഹൃദ്യമായ സ്വഭാവം വിരോധികളെപ്പോലും ഇസ് ലാമിനോട് ആഭിമുഖ്യമുള്ളവരാക്കി മാറ്റിയിട്ടുണ്ട്.
മദീന നിവാസിയായിരുന്ന ജൂതനായിരുന്നു സൈദുബ്നു സഅന. ഒരിക്കൽ മസ്ജിദുന്നബവിയുടെ അടുത്തുകൂടി നടക്കുമ്പോഴാണ് പള്ളിയിൽ തിരുദൂതരെയും അനുചരരേയും കാണുന്നത്. തിരുനബിയിൽ നിന്നും നിന്ന് തനിക്ക് കടമായി കിട്ടാനുള്ള ഈത്തപ്പഴത്തിൻ്റെ കണക്ക് സൈദ് ബിന് സഅന ഓർത്തു. പറഞ്ഞ അവധിയെത്തിയിട്ടില്ലെങ്കിലും ചോദിക്കാൻ തന്നെ തീരുമാനിച്ച് സൈദ് നബിയരികിലെത്തി. മുത്ത് നബിയുടെ മേൽവസ്ത്രങ്ങൾ ചുറ്റിപ്പിടിച്ച് ആക്രോശിച്ചു: "മുഹമ്മദേ... ഒരിടപാട് നടത്തിയാൽ അത് പെട്ടെന്ന് തീർക്കണമെന്നറിയില്ലേ... നിങ്ങൾ അബ്ദുൽ മുത്തലിബിൻ്റെ മക്കളെല്ലാം ഇടപാടിന് കൊള്ളാത്തവരാണോ? അവധിയെത്തും മുമ്പുള്ള അപമര്യാദയോടെയുള്ള സംസാരം തിരുനബി അനുചരർക്ക് സഹിച്ചില്ല. സമീപത്തുണ്ടായിരുന്ന ഉമർ(റ) ഉറയിൽ നിന്നും വാളൂരി. അപ്പോഴും മുത്ത് നബിയുടെ പുഞ്ചിരി മാഞ്ഞില്ല."ഉമറേ.. ഇയാൾക്ക് കുറച്ച് ഈത്തപ്പഴം കൊടുക്കാനുണ്ട്. അത് ചോദിച്ച് വന്നതാണ്. അതിന് നീ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഇടപാടിൽ സൂക്ഷ്മത പാലിക്കാൻ എന്നോട് പറയാം. ഇടപെടലിൽ മാന്യത വരുത്താൻ അയാളോടും പറയാം. അല്ലാതെ എടുത്ത് ചാട്ടക്കാരനാകരുത്. ഉമർ(റ)അടങ്ങി." ഉമറേ ഇയാൾക്ക് നൽകാനുള്ളതിൽ കൂടുതൽ നൽകുക. ആവശ്യസമയത്ത് നമ്മെ സഹായിച്ചതാണ്. ഉമർ(റ) ആവശ്യമുള്ള ഈത്തപ്പഴം നൽകി. തിരുനബിയുടെ സമീപനം സൈദ്നെ അൽഭുതപ്പെടുത്തി. കഠിനമനസ്സുകളെ മാർദവമാക്കുന്ന ആ സ്വഭാവമഹിമ അനുഭവിച്ചറിഞ്ഞ സൈദ് ഇസ് ലാമിൻ്റെ പാത തിരഞ്ഞെടുത്തു. അപമര്യാദയോടെയുള്ള പെരുമാറ്റത്തോട് പോലും മാന്യമായ സമീപനമാണ് തിരുനബി കൈക്കൊണ്ടത്.
പ്രതിബന്ധങ്ങളെ മറികടക്കാനുള്ള സഹനശേഷിയും ത്യാഗമനോഭാവവും പ്രബോധകനിലുണ്ടാകണം. പലപ്പോഴും പ്രതിസന്ധികൾ നിറഞ്ഞ വഴികളിലൂടെയാണ് പ്രബോധകർക്ക് സഞ്ചരിക്കേണ്ടി വരിക. അത്തരം സന്ദർഭങ്ങളെ ക്ഷമയോടെ അഭിമുഖീകരിക്കാനാകേണ്ടത്തുണ്ട്. തിരു നബി ജീവിതം സഹന സമ്പുഷ്ടമായിരുന്നു. ശത്രുക്കളിൽ നിന്ന് നിരന്തരം അക്രമങ്ങൾ നേരിടേണ്ടിവന്നപ്പോഴും സ്വന്തം സമൂഹത്താൽ ബഹിഷ്കരിക്കപ്പെട്ട് ശിഅബ് അബീത്വാലിബിൽ പച്ചില മാത്രം തിന്ന് ജീവിക്കേണ്ടിവന്നപ്പോഴും ജന്മനാടും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പാലായനം ചെയ്തപ്പോഴുമെല്ലാം റസൂൽ ആദർശപ്രബോധനം കൈവിടാതെ ക്ഷമയോടെ നിലകൊണ്ടു.
പിന്തുണ പ്രതീക്ഷിച്ചാണ് റസൂൽ ത്വാഇഫിലേക്ക് പുറപ്പെട്ടത്. ത്വാഇഫിൽ നിന്ന് അക്രമവും അവഗണനയുമാണ് തിരുദൂതർക്ക് നേരിടേണ്ടി വന്നത്. ത്വാഇഫ് ജനത വിഡ്ഢികളെയും കുട്ടികളെയും നബിക്ക് നേരെ തിരിച്ചുവിട്ടു. അവർ തിരുദൂതരിലേക്ക് കല്ലുകളെറിഞ്ഞു കൊണ്ടിരുന്നു. തിരുനബി പുംഗവരുടെ തിരുരക്തം ത്വാഇഫിൻ്റെ മണ്ണിൽ ഉറ്റിവീണു. എല്ലാ അക്രമങ്ങളിലും തിരുദൂതർ ക്ഷമ കൈകൊണ്ടു . ത്വാഇഫ് ജനതയ്ക്ക് മേൽ മലയെ മറിച്ചിട്ട് അവരെയെല്ലാം നശിപ്പിക്കാമെന്ന് അല്ലാഹു നിയോഗിച്ച മലക്ക് പറഞ്ഞപ്പോഴും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവനിൽ ഒന്നിനേയും പങ്ക്ചേർക്കാത്ത ഒരു വിഭാഗം ആളുകൾ അവരുടെ തലമുറയിൽ നിന്നെങ്കിലും വളർന്ന് വരുമല്ലോയെന്ന പ്രത്യാശയായിരുന്നു തിരുനബിക്കുണ്ടയിരുന്നത്.
ജനങ്ങളെ സൽപാന്ഥാവിലേക്ക് നയിക്കുന്ന പ്രബോധകരുടെ ജീവിതം പാപമുക്തമാകേണ്ടത്തുണ്ട്. പവിത്രമായ ജീവിതമാണ് പ്രബോധനത്തിൻ്റെ ഏറ്റവും ഫലപ്രദമായ മാർഗമെന്ന് തിരുനബി ജീവിതം പഠിപ്പിക്കുന്നുണ്ട്. തിരുനബിയുടെയും അനുചരരുടേയും ജീവിത വിശുദ്ധിയെ അനുഭവിച്ചറിഞ്ഞ് ഇസ് ലാമിലേക്ക് കടന്നുവന്ന ഒരുപാടുപേരെ ചരിത്രത്തിൽ കണ്ടുമുട്ടാനാകും. സത്യസന്ദേശവുമായെത്തിയ നബിയനുചരരെ നിഷ്കരുണം വധിച്ചുകളഞ്ഞ യമാമയിലെ ഭരണാധികാരി സുമാമത്തു ബിനു ഉസാലിൻ്റെ ഇസ്‌ലാമാസ്ലേഷണം അതിലൊന്നാണ്. ഒരിക്കൽ മക്ക ലക്ഷ്യമാക്കി യാത്രതിരിച്ച സുമാമ യാത്രാസംഘത്തിൽ നിന്നും വേർപെട്ട് മദീനാതിർത്തിയിലെത്തിപ്പെട്ടു. കാവൽസംഘം സുമാമയെ മദീന പള്ളിയുടെ ഒരു തൂണിൽ ബന്ധസ്ഥനാക്കി. പള്ളിയിലേക്ക് കയറിവരുന്നതിനിടെ സുമാമയെ കണ്ട തിരുനബി അനുചരരോട് ചോദിച്ചു: അതാരാണെന്നറിയമോ നിങ്ങൾക്ക്? "അറിയില്ല നബിയേ.." "അത് യമാമക്കാരനായ സുമാമത്ത് ബിനു ഉസാലാണ്". തിരുനബി പറഞ്ഞു. തിരുനബി വീട്ടിലേക്ക് തന്നെ മടങ്ങി സുമാമക്കുള്ള ഭക്ഷണം ഏർപ്പാട് ചെയ്യാനാവശ്യപ്പെട്ടു. സുമാമയുമായി നേരിട്ട് സംസാരിക്കുന്നതിന് മുമ്പ്തന്നെ അയാൾക്ക് വേണ്ടി പാൽ കറന്നെടുക്കാൻ ഒട്ടകത്തെ തരപ്പെടുത്തി.
സുമാമയിൽ മാറ്റം പ്രതീക്ഷിച്ച തിരുനബി ചോദിച്ചു: എന്ത് പറയുന്നു സുമാമ?" നിങ്ങൾക്ക് വേണെമെങ്കിലെന്നെ കൊല്ലാം. നിങ്ങളെന്നെ മോചിപ്പിക്കുകകയാണെങ്കിൽ ഞാനെന്നും കടപ്പാടുള്ളവനായിരിക്കും. ഇനി നഷ്ടപരിഹാരമായി പണമാണ് നിങ്ങൾക്കാവശ്യമെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് നൽകാൻ ഞാൻ തയ്യാറാണ്. ഇത് കേട്ട് തിരുദൂതർ അവിടെ നിന്നും ഇറങ്ങിപ്പോയി. രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും സുമാമയെ കണ്ടപ്പോഴും സുമാമയിൽ മാറ്റങ്ങളുണ്ടായിരുന്നില്ല. അടുത്ത ദിവസവും ഇതേ ചോദ്യമാവർത്തിക്കപ്പെട്ടപ്പോഴും സുമാമയുടെ മറുപടി അതുതന്നെയായിരുന്നു . ഒടുക്കം ഉപാധി കൂടാതെ തിരുനബി സുമാമക്ക് മോചനം നൽകി. സ്വതന്ത്രനായ സുമാമ ഇസ് ലാം പുൽകിയതായി പ്രഖ്യാപിച്ചു . സുമാമത് ഇബ്ന് ഉസാലിന് സ്വന്തം അനുചരരുടെ ജീവിതം പരിചയപ്പെടാൻ അവസരം നൽകി നേർമാർഗത്തിലേക്ക് നയിക്കുകയായിരുന്നു തിരുനബി.
പ്രബോധിതരോട് ഗുണകാംക്ഷയോടെയാണ് പ്രബോധകൻ പേരുമാറേണ്ടത്. പ്രബോധിതരുടെ ജീവിത സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് നന്മ പ്രതീക്ഷിച്ച് സ്നേഹത്തോടെ ഇടപെടാനാകണം. അറിവില്ലായ്മ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും സംഭവിക്കുന്ന വീഴ്ചകളെ സൗമ്യവും സ്നേഹപൂർവ്വവുമായ സമീപനത്തിലൂടെ തിരുത്താനാകണം.
തിരുനബിയും അനുചരരും പളളിയിലിരിക്കുമ്പോൾ ഒരു ഗ്രാമീണവാസി പള്ളിയിൽ മൂത്രമൊഴിച്ചു. ആളുകൾ അയാൾക്ക് നേരെ തിരിഞ്ഞു. തിരുദൂതർ അവരെ വിലക്കി. അയാൾ മൂത്രമൊഴിച്ചുകഴിഞ്ഞപ്പോൾ നബി(സ) അയാളെ അടുത്തേക്ക് വിളിച്ച് പറഞ്ഞു: "പള്ളികൾ മൂത്രിക്കാനോ മാലിന്യങ്ങൾ വലിച്ചെറിയാനോ ഉള്ളതല്ല. അല്ലാഹുവിന് ദിക്ർ ചൊല്ലാനും നിസ്കരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ് . സൗമ്യമായ ഉപദേശവും സ്നേഹപൂർവ്വമായ സമീപനവുമാണ് തിരുനബിയിൽനിന്നുണ്ടായത്.
സമൂഹത്തിൻ്റെ ചലനങ്ങളെ തിരിച്ചറിയുന്നവരും ആവശ്യമായിടങ്ങളിൽ സജീവമായി ഇടപെടുന്നവരുമായിരിക്കണം പ്രബോധകർ. തിരുദൂതരിൽ ഈ സവിശേഷത പ്രവാചകത്വത്തിന് മുമ്പ് തന്നെ പ്രകടമായിരുന്നു. സമൂഹത്തിൽ സർവ്വസ്വീകാര്യനായിരുന്നു തിരുനബി. അൽ അമീനെന്ന സ്ഥാനപ്പേര് പ്രവാചകർക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്ഥാനം വ്യക്തമാക്കുന്നുണ്ട്. കഅബ പുനർനിർമ്മാണഘട്ടത്തിൽ വത്യസ്ത ഗോത്രവിഭാഗക്കാർക്കിടയിൽ വലിയ സംഘർഷത്തിനിടയാക്കുമയിരുന്ന ഒരു പ്രശ്നത്തിന് എല്ലാവരെയും പരിഗണിച്ച് തിരുനബി പരിഹാരം കാണുന്നുണ്ട്. ഹജറുൽ അസ്‌വദ് ആര് തൽസ്ഥാനത്ത് വെക്കുമെന്നതായിരുന്നു തർക്ക ഹേതു. എല്ലാവർക്കും സ്വീകര്യനായിരുന്ന തിരുനബി(സ) അതിന് പരിഹാരം മുന്നോട്ട് വെച്ചു. ഒരു തട്ടമെടുത്ത് അതിൽ ഹജറുൽ അസ്‌വദ് വെച്ച് ഓരോ ഗോത്ര നേതാക്കന്മാരോടും അതിൻ്റെ അറ്റം പിടിച്ച് ഉയർത്താനാവശ്യപ്പെട്ടു. അത് വെക്കേണ്ടസ്ഥാനത്തെത്തിയപ്പോൾ തിരുകരങ്ങളാൽ ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് വെച്ചു. എല്ലാവർക്കും തൃപ്തികരമായ തീരുമാനത്തിലൂടെ വലിയൊരുപ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു മുത്തുനബി.
പ്രബോധനത്തിന് ഫലപ്രദമായ മാതൃകകൾ തിരുജീവിതത്തിലുണ്ട്. തിരുനബി പാഠങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് പ്രബോധനത്തിന് യഥാർത്ഥ ഫലപ്രാപ്തി കൈവരിക്കാനവുക.
5 November, 2023 11:44 pm
Muhammed Swafooh OK
പ്രബോധകൻ മാതൃക മുത്ത് നബി അല്ലെ... ആദിൽ സലീക് Great ????????????????4 November, 2023 11:59 am
Basheer panakkal
????????