ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.
സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വം അല്ലാഹു സ്വയം ഏറ്റെടുത്തു. സൂറത്തു ഖിയാമയിലൂടെ (16-19) അല്ലാഹു ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതോടെ ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുമ്പോള്‍ തന്നെ അവ ഹൃദിസ്ഥമാക്കാനുള്ള കഴിവ് നബി(സ്വ)ക്ക് ആര്‍ജിതമായി. അതിനും പുറമെ ഓരോ വര്‍ഷവും ഓരോ പ്രാവശ്യവും വഫാതിനോടടുത്ത അവസാന വര്‍ഷം രണ്ടു പ്രാവശ്യവും ജിബ്‌രീല്‍(അ)ന് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് വരുമ്പോള്‍ ഖുര്‍ആന്‍ സംരക്ഷണത്തിന് എന്തുമാത്രം നിതാന്ത ജാഗ്രതയാണ് തിരുനബി(സ്വ) പുലര്‍ത്തിയതെന്ന് നാമ്മെ അത്ഭുതപ്പെടുത്തുന്നു.
തിരുനബി(സ്വ)യില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഓരോ വചനങ്ങളും കൃത്യമായി മനസ്സില്‍ കോറിയിട്ട് വിശുദ്ധ ഖുര്‍ആനിനെ സംരക്ഷിക്കുന്നതില്‍ സ്വഹാബാക്കളും ബദ്ധശ്രദ്ധരായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത് മത്സരതത്പരതയോടെയാണ് അവര്‍ ഏറ്റെടുത്ത്. ഖുര്‍ആനികാധ്യാപനത്തിനായി വിദൂര ദിക്കുകളിലേക്ക് വരെ അനുചരരെ പറഞ്ഞയച്ചു. ഹിജ്‌റക്ക് മുമ്പു തന്നെ മിസ്അബ് ബിനു ഉമൈറി(റ)നെയും അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തും(റ)വിനെയും തിരുനബി(സ്വ) പറഞ്ഞയച്ചത് ഈയൊരു ദൗത്യത്തിന് വേണ്ടിയായിരുന്നു. തന്മൂലം ഖുര്‍ആനിക വചനങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകി. ചില സ്വഹാബി വനിതകള്‍ അവരുടെ വിവാഹമൂല്യം വരെ നിശ്ചയിച്ചത് ഖുര്‍ആന്‍ അധ്യാപനമായിരുന്നു. സ്വഹാബത്തിന്റെ ഖുര്‍ആനിനോടുള്ള അഭിനിവേശം ഉസാമതുബ്‌നു സ്വാമിത്(റ) വിവരിക്കുന്നുണ്ട്: ”മദീനയിലേക്ക് ആരെങ്കിലും പലായനം ചെയ്തു വന്നാല്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഞങ്ങളില്‍ നിന്ന് ഒരാളെ നബി(സ്വ) ചുമതലപ്പെടുത്തും. ശബ്ദം കുറക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് വരെ മദീനാ പള്ളി ഖുര്‍ആന്‍ പാരായണം മൂലം ശബ്ദമുഖരിതമാകാറുണ്ടായിരുന്നു. അതിലുപരി അറബികളുടെ ഹൃദിസ്ഥമാക്കാനുള്ള ശേഷി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബി(സ്വ)യുടെ ജീവിതകാലത്തെ അഗ്രേശ്വരായ ഹാഫിളുകള്‍ പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നാലു ഖലീഫമാര്‍ക്ക് പുറമേ ത്വല്‍ഹ(റ), സഅ്ദ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഹുദൈഫ(റ), അബൂഹുറൈറ(റ), ഇബ്‌നുഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അംറുബ്‌നു ആസ്വ്, അബ്ദുല്ലാഹിബ്‌നു അംറ്(റ), മുആവിയ(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), അബ്ദുല്ലാഹിബ്‌നു സാഇബ്(റ), ആഇശ(റ), ഹഫ്‌സ(റ), ഉമ്മുസലമ(റ) എന്നിവര്‍ മുഹാജിരീങ്ങളില്‍ നിന്നും ഉബയ്യുബ്‌നു കഅ്ബ്(റ), മുആദുബ്‌നു ജബല്‍(റ), സൈദ് ബ്‌നു സാബിത്(റ), അബൂദ്ദര്‍ദാഅ്(റ), മുജമ്മിഅ് ബ്‌നു ഹാരിസ(റ), അനസ് ബ്‌നു മാലിക്(റ), മസ്‌ലമത്തുബ്‌നു മുഖല്ലിദ്(റ), ഉഖ്ബതുബ്‌നു ആമിര്‍(റ), തമീമുദ്ദാരി(റ), അബൂമൂസല്‍ അശ്അരി(റ), അബൂസൈദ്(റ) എന്നിവര്‍ അന്‍സാരികളില്‍ നിന്നുമായിരുന്നു (ഇത്ഖാന്‍). നബി(സ്വ)യുടെ വഫാതിന് ശേഷം ഹിഫ്‌ള് പൂര്‍ത്തിയാക്കിയവരുമടക്കം ഖുര്‍ആന്‍ ഹൃദയത്തില്‍ സൂക്ഷിച്ച സ്വഹാബാക്കള്‍ അനേകമുണ്ടായിരുന്നു. എന്നാല്‍ നബി(സ്വ)യുടെ കാലത്തെ ബിഅ്‌റ് മഊന സംഭവത്തിലും വഫാതാനന്തരം യമാമ യുദ്ധത്തിലും എഴുപതോളം ഹാഫിളുകള്‍ രക്തസാക്ഷികളായത് ഒരു പ്രതിസന്ധി ഘട്ടമായിരുന്നു. ഇവിടെ അനസ്(റ)നെ തൊട്ട് ബുഖാരി ഉദ്ധരിച്ച ഹദീസിലെ എണ്ണം കൃത്യമായി ഉദ്ദേശിക്കപ്പെടുന്നില്ല. അതു ആപേക്ഷികം മാത്രമാണ്. കാരണം മറ്റൊരു സ്വഹീഹായ റിപ്പോര്‍ട്ടില്‍ അബൂദ്ദര്‍ദാഇന് പകരം അനസ്(റ) ഉബയ്യുബ്‌നു കഅ്ബിനെയാണ് എണ്ണിയിരിക്കുന്നത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: നാലു പേരെ മാത്രം അനസ്(റ) വിവരിച്ചത് അവരോടുള്ള പ്രത്യേകമായ ബന്ധം കൊണ്ടോ അപ്പോള്‍ മനസ്സിലുണ്ടായവരെ മാത്രം വിവരിക്കുയോ ചെയ്തതാണ്”
സ്വഹാബി ഹൃദയങ്ങളില്‍ ഖുര്‍ആന്‍ നിറഞ്ഞു നിന്നതു മൂലവും അതുല്യമായ അവരുടെ മന:പാഠമാക്കാനുള്ള ശേഷിയിലൂടെയും പരിശുദ്ധ ഖുര്‍ആനിനെ സര്‍വ്വോപരി സംരക്ഷിക്കാന്‍ അവര്‍ക്കായി എന്നതാണ് വാസ്തവം. ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ ഏറ്റവും ഉത്തമമായ ഘട്ടമായിട്ടാണ് മന:പാഠ രീതിയിലൂടെയുള്ള ഈ സംരക്ഷണം വിവക്ഷിക്കപ്പെടുന്നത്.
ക്രോഡീകരണം
ലിഖിത രൂപത്തില്‍
ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ രണ്ടാ മത്തെ തലമാണിത്. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ട് തന്നെ ലിഖിതമായ ഈ തലത്തില്‍ അത് നഷ്ടപ്പെടാനോ കൈകടത്തലുകള്‍ക്ക് വിധേയപ്പെടാനോ നിര്‍വ്വാഹമില്ല. ഖുര്‍ആന്‍ സംരക്ഷണം ഈ രൂപത്തിലൂടെ പ്രത്യക്ഷമായി തന്നെ നടപ്പില്‍ വരുത്തുകയാണ് മൂന്ന് ഘട്ടങ്ങളിലായി പണ്ഡിതന്മാര്‍ വേര്‍തിരിച്ച ഖുര്‍ആന്‍ ക്രോഡീകരണത്തിലൂടെ സാധ്യമായത്.
1. നബി(സ്വ)യുടെ കാലത്തെ ക്രോഡീകരണം
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ സംരക്ഷണത്തിന്റെ അടിത്തറ മന:പാഠ രീതിയിലായിരുന്നെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായും നബി(സ്വ)യുടെ കാലത്തു തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ലിഖിതമായ ക്രോഡീകരണത്തിന് തിരുനബി(സ്വ) അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഖുര്‍ആന്‍ അവതീര്‍ണ്ണമാവുമ്പോഴെല്ലാം വഹ്‌യ് എഴുത്തുകാരെ നബി(സ്വ) വിളിച്ചുവരുത്തുകയും ഖുര്‍ആന്‍ അവരുടെ മേല്‍ പാരായണം ചെയ്തു കൊടുക്കുകയും ചെയ്യും. നബി(സ്വ)യില്‍ നിന്ന് കേട്ട മുഴുവന്‍ ഖുര്‍ആന്‍ വചനങ്ങളും അവര്‍ തോല്‍, കനം കുറഞ്ഞ കല്ലുകള്‍, ഈന്തപ്പന മടല്‍ തുടങ്ങിയവയില്‍ രേഖപ്പെടുത്തും. എന്നാല്‍ ഖുര്‍ആന്‍ അല്ലാത്തത് കൂടിക്കലരുന്നതിനെ തൊട്ട് നബി(സ്വ) നിതാന്ത ജാഗ്രത നിര്‍ദ്ദേശിച്ചിരുന്നു.
ഖുര്‍ആനല്ലാത്തത് രേഖപ്പെടുത്താന്‍ നബി (സ്വ) മറ്റു പ്രത്യേക സ്ഥലങ്ങളോ പ്രത്യേക ആളുകളെയോ നിര്‍ദ്ദേശിച്ചിരുന്നു. ഉസ്മാന്‍(റ) പറയുന്നതായി കാണാം: ”വല്ല ഖുര്‍ആനിക വചനങ്ങളും അവതീര്‍ണ്ണമായാല്‍ നിശ്ചിത അധ്യായത്തില്‍ നിശ്ചിത സൂക്തങ്ങള്‍ക്ക് ശേഷം അവ എഴുതിവെക്കാന്‍ വഹ്‌യ് എഴുത്തുകാരോട് ആവശ്യപ്പെടുക നബി(സ്വ)യുടെ പതിവായിരുന്നു ഈ നിശ്ചിത ക്രമം അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്.
ഈ ക്രോഡീകരണ ക്രമം ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നിശ്ചയിച്ചതാണ്. ഖുര്‍ആന്‍ അവതീര്‍ണ്ണാകുമ്പോള്‍ ആയതുകളെ ക്രമീകരിക്കേണ്ട വിധത്തെ സംബന്ധിച്ച് ഏ˜ര ഞ്ഞക്കഢള്‍ല ന്ധ ഏ˜ര ഏള്‍ഞ്ചക്കഢ എന്ന് ജിബ്‌രീല്‍(അ) പറയാറുണ്ടായിരുന്നു. സ്രഷ്ടാവിന്റെ ആജ്ഞയില്ലാതെ ജിബ്‌രീല്‍(അ) അങ്ങനെ പറയില്ലല്ലോ.
ഇത്തരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എഴുതിയെടുക്കുന്ന വഹ്‌യ് എഴുത്തുകാരുടെ എണ്ണം ഇരുപത്തിയഞ്ച് പേരായിരുന്നു. എന്നാല്‍ ഈ എണ്ണത്തിലും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നാല്‍പതോളമുണ്ടെന്ന ഒരഭിപ്രായമുണ്ട്. ഇബ്‌നു ഹദ്ദീദതുല്‍ അന്‍സാരി എഴുത്തുകാരുടെ എണ്ണം നാല്‍പത്തി നാലായി രേഖപ്പെടുത്തിയിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മുആവിയ(റ), അബാനുബ്‌നു സഈദ്(റ), ഖാലിദുബ്‌നു വലീദ്(റ), ഉബയ്യ്ബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), സാബിതുബ്‌നു ഖൈസ് പ്രസിദ്ധരായ വഹ്‌യ് എഴുത്തുകാരില്‍ ചിലരാണ്.
ഒരു ഗ്രന്ഥ രൂപത്തിലല്ലെങ്കിലും ശിലകളിലും തോലുകളിലുമെല്ലാം ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിസൂക്ഷിക്കുന്ന പതിവ് നബി(സ്വ)യെ പോലെതന്നെ സ്വഹാബികളില്‍ ചിലര്‍ക്കുമുണ്ടായിരുന്നു. പലരും പല നിലക്കായിരുന്നു എഴുതിയെടുത്തിരുന്നത്. ചിലര്‍ ഒന്നോ രണ്ടോ സൂറതുകള്‍ മറ്റു ചിലര്‍ അഞ്ചോ പത്തോ. ഏതാനും ആയതുകള്‍ മാത്രം എഴുതിയെടുക്കുന്നവരുമുണ്ടായിരുന്നു. സൂറതുകളുടെയോ, ആയതുകളുടെയോ തുടര്‍ച്ചയും ക്രമീകരണവും അവര്‍ പരിഗണിച്ചിരുന്നുമില്ല. ഉമര്‍(റ)ന്റെ ഇസ്‌ലാം ആശ്ലേഷണത്തിന് കാരണമായ സംഭവം പ്രസിദ്ധമാണ്.
ഉമര്‍(റ) കേള്‍ക്കാനിടയായ ‘ത്വാഹാ സൂറത്’ രേഖപ്പെടുത്തിയ ഏട് സഹോദരി ഫാത്വിമ(റ)യുടെയും ഭര്‍ത്താവ് സഈദുബ്‌നു സൈദി(റ)ന്റെയും കൈവശമുണ്ടായിരുന്നു (സുനനു ദാറു ഖുത്‌നി 1-123). പ്രസ്തുത സംഭവം വിവിധ നിവേദനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. മറ്റൊരു ഹദീസില്‍ ഖുര്‍ആനുമായി ശത്രുക്കളുടെ ഭൂമിയിലേക്ക് യാത്ര പോകല്‍ നബി(സ്വ) നിരോധിച്ചതായി കാണാം (ബുഖാരി4/56). അതുപോലെ ശുദ്ധിയില്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന അംറുബ്‌നു ഹസ്മിന് നബി(സ്വ) എഴുതിയ രേഖയും പ്രസിദ്ധമാണ് (മുവത്വ 1-157). നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇവകള്‍ക്കൊന്നും അര്‍ത്ഥമില്ലെന്ന് പറയേണ്ടിവരും. ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും നബി(സ്വ)യുടെ കാലത്തു തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഗ്രന്ഥരൂപത്തില്‍ ക്രമപ്രകാരം ക്രോഡീകരിച്ചില്ലെന്നു മാത്രം.
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ പൂര്‍ണമായും ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. അബൂബക്കര്‍(റ)ന്റെയും ഉസ്മാന്‍(റ)ന്റെയും കാലത്ത് ഉയര്‍ന്ന പ്രതിസന്ധികളോ വെല്ലുവിളികളോ നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല. ഖുര്‍ആനിനെ രണ്ടു ചട്ടക്കുള്ളിലേക്ക് ഒരുമിച്ച് കൂട്ടേണ്ട ആവശ്യമില്ലാത്ത വിധം വള്ളി പുള്ളി വ്യത്യാസമില്ലാതെ സ്വഹാബീ ഹൃദയങ്ങള്‍ ഖുര്‍ആനിനെ ഏറ്റെടുത്തുപോന്നു. ഈ മന:പാഠ രീതിക്കപ്പുറം സംരക്ഷണാര്‍ത്ഥം ലിഖിതമായി ക്രമീകരിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനു പുറമെ അക്കാലത്ത് എഴുത്തും വായനയും അറിബികള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നില്ല എന്നതും ഗ്രന്ഥപ്രസിദ്ധീകരണ ശാലകളുടെ അഭാവവും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ മുന്‍ വേദഗ്രന്ഥങ്ങളെ പോലെ ഒരു തവണ പൂര്‍ണമായും അവതീര്‍ണ്ണമായതല്ല. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങളുമനുസരിച്ച് ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന കാലത്താണ് ഇറക്കപ്പെട്ടത്. ഇതിനിടക്ക് പാരായണത്തിലോ നിയമങ്ങളിലോ വന്നിരുന്ന നസ്ഖ് കാരണത്താലും ക്രോഡീകരിക്കപ്പെട്ടില്ല. നബി(സ്വ)യുടെ വഫാതിന് ശേഷം ഖുര്‍ആന്‍ അവതരണം പൂര്‍ണമാവുകയും നസ്ഖിന്റെ സാധ്യത നിലക്കുകയും ചെയ്തപ്പോള്‍ ലിഖിത ക്രോഡീകരണം സാധ്യമായി.
2. അബൂബക്കര്‍(റ)ന്റെ കാലത്ത്
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ലിഖിത രൂപങ്ങള്‍ പലയിടങ്ങളില്‍ പല സ്വഹാബതിന്റെയടുക്കല്‍ സംരക്ഷിക്കപ്പെട്ടിരുന്നല്ലോ. എന്നാല്‍ അവ ക്രോഡീകൃതമല്ലായിരുന്നു. ചിലര്‍ തങ്ങള്‍ക്കാവശ്യമായവ എഴുതിയെടുത്ത് സൂക്ഷിച്ചു. മറ്റു ചിലര്‍ ക്രമമില്ലാതെ പല സൂറതുകളും രേഖപ്പെടുത്തി. മറ്റു ചിലര്‍ നസ്ഖ് ചെയ്യപ്പെട്ടവ എഴുതിയെടുത്തു. വ്യാഖ്യാന സഹിതം ഖുര്‍ആനിക വചനങ്ങള്‍ എഴുതി സൂക്ഷിച്ചവരും അവരിലുണ്ടായിരുന്നു.
നുബുവ്വ