ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.


 നല്ല ആരോഗ്യമുള്ള ശരീരപ്രകൃതമായിരുന്നു തിരുനബി(സ്വ)യുടേത്. ബലമുള്ള പേശികളും ദൃഢാസ്ഥിയുമുള്ള അവയങ്ങളായിരുന്നു തിരുനബിക്കുണ്ടായിരുന്നത്. ജീവിതത്തിലെ അനേകം സംഭവങ്ങൾ ഉദ്ധരിച്ചു കൊണ്ട് പ്രിയപ്പെട്ട അനുചരർ പ്രസ്തുത കായികശേഷിയെ വിശദീകരിക്കുന്നുണ്ട്.

  ഖന്ദഖ് യുദ്ധാനുബന്ധമായി കിടങ്ങ് കുഴിക്കുന്ന വേളയിലെ ചരിത്രം പ്രസിദ്ധമാണ്. കിടങ്ങ് കുഴിക്കുമ്പോൾ പ്രത്യക്ഷപ്പെട്ട പാറക്കല്ല് പൊട്ടിക്കാൻ സ്വഹാബിമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. അവരിൽ പലരുടെയും ആയുധങ്ങൾ നശിച്ചു പോയി. എന്നാൽ നബി (സ്വ) മൂന്നു തവണ പ്രസ്തുത പാറയിൽ ആഞ്ഞടിച്ചപ്പോൾ അത്‌ പിളരുകയും കഷ്ണങ്ങളായി മാറുകയും ചെയ്തു.

  ഇത്തരമനേകം സന്ദർഭങ്ങളിൽ തിരുനബിയുടെ ആരോഗ്യദൃഢത അനുചരർ ഉദ്ധരിക്കുന്നുണ്ട്. തിരുദൂതരുടെ കൈകാലുകളുടെയും ശരീരത്തിലെ അസ്ഥികളുടെയും ഉറപ്പും ദൃഢതയുമായിരുന്നു ഇതിന്റെ കാരണം.

  എന്നാൽ സ്പർശന വേളയിൽ പ്രയാസകരമാകുന്ന രൂപത്തിലായിരുന്നില്ല പ്രസ്തുത ബലം. ശരീരത്തിലെ മാംസ ഭാഗങ്ങൾ വളരെ മൃദുലമായിരുന്നു. കൈവെള്ള കൊണ്ടുള്ള സ്പർശനം വളരെ മൃദുവായതായിരുന്നു. തിരുനബിയുടെ കൈപ്പടകൾ പട്ടുപോലെ മിനുസവും മൃദ്യുലവുമായിരുന്നുവെന്ന് അനുയായി വൃന്ദത്തിന്റെ സാക്ഷ്യങ്ങളിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്നതാണ്.

 കൈകൾ

  വിസ്താരമുളള മുൻകൈയായിരുന്നു നബി(സ്വ)യുടേത്. നീണ്ട വിരലുകളുള്ള മുൻകൈയിലെ പേശികൾക്ക് നല്ല ദൃഢതയുണ്ടായിരുന്നു. പ്രസ്തുത ദൃഢത കൈവെള്ളയിലെ മാർദ്ദവത്തിന് എതിരായിരുന്നില്ല. "തിരുനബിയുടെ മുൻകൈക്കു തുല്യമായ ഒരു പട്ടുമില്ലെന്നു" സന്തത സഹചാരിയായ അനസ് (റ) ഒരിക്കൽ പറയുന്നുണ്ട് (1).

  തിരുദൂതരുടെ മുൻകൈ സുഗന്ധപൂരിതമായിരുന്നു. ഹസ്തദാനം ചെയ്‌താൽ ഹൃദയഹാരിയായ പരിമളം നിലനിൽക്കുമായിരുന്നു. വാഇലു ബ്നു ഹുജ്ർ (റ) പറയുന്നു : ഞാൻ റസൂലിന്റെ കൈകൾ മുത്തി. മഞ്ഞിനേക്കാൾ കുളിർമയും കസ്തൂരിയേക്കാൾ സുഗന്ധവും എനിക്കനുഭവപ്പെട്ടു.

  രോഗബാധിതനായ സമയത്ത് തന്നെ കാണാൻ വന്ന തിരുനബിയിൽ നിന്ന് തനിക്കുണ്ടായ സമാന അനുഭവത്തെ സഅദുബ്നു അബീവഖാസ്(റ)വും വിശദീകരിക്കുന്നുണ്ട്(2).

  തിരുനബിയുടെ ഉള്ളൻകൈ വിസ്തൃതമായിരുന്നുവെന്ന് പറഞ്ഞു. കണങ്കൈകളും നല്ല വീതിയുള്ളതായിരുന്നു. അനസ് (റ) പറയുന്നു: "നബി(സ്വ)യുടെ ഇരുകരങ്ങളും വലിപ്പമുള്ളതായിരുന്നു "(3). "മുത്ത്നബിയുടെ മുഴങ്കൈകൾ രോമാവൃതമായിരുന്നുവെന്ന് " ഹിന്ദുബ്നു അബീ ഹാല (റ) വിശേഷിപ്പിക്കുന്നുണ്ട് (4).

 കാലുകൾ

  അസ്ഥിബലം ശക്തമായതും വടിവൊത്തതുമായിരുന്നു നബി(സ്വ)യുടെ പാദങ്ങളും അനുബന്ധ ഭാഗങ്ങളും. "തിരുദൂതരുടെ പാദങ്ങൾ അതീവ സുന്ദരമായിരുന്നു "വെന്ന് അബ്ദുല്ലാഹിബ്നു ബുറയ്ദ (റ) പറയുന്നുണ്ട്. (5).

 കണങ്കാലുകൾ വലുതായിരുന്നുവെന്നാണ് അബൂഹുറൈറ (റ) പറയുന്നത്. എന്നാൽ തിരുപാദങ്ങൾ മാംസം തിങ്ങി കൊഴുത്തതായിരുന്നില്ല. ജാബിറുബ്നു സമുറ(റ)വിനെ ഉദ്ധരിച്ച് കൊണ്ട് ഇമാം ബൈഹഖി (റ) ഇത്രേ ഖപ്പെടുത്തിയിട്ടുണ്ട് (6) .

  തിരുനബി(സ്വ)യുടെ കാലുകളിലെ വിശിഷ്ടമായ വെളുപ്പുനിറത്തെ വർണ്ണിച്ച ഒട്ടേറെ സ്വഹാബിമാരുണ്ട്. നബി(സ്വ)യുടെ കാലുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പ്രസ്തുത ഉറപ്പ് അവിടുത്തെ പേശികളിൽ കാണാമായിരുന്നു. തിരുദൂതരുടെ കാലുകളിലെ ശക്തമായ പേശികളെ അനുചരർ വിശദീകരിച്ചിട്ടുണ്ട്.

  തിരുനബി(സ്വ) നടക്കുമ്പോൾ കണങ്കാലിന്റെ മാംസപേശികൾ കാണാമായിരുന്നുവെന്ന് അബൂഹുറൈറ (റ) പറയുന്നുണ്ട് (7) . തിരുദൂതരുടെ നടത്തത്തിലെ കാൽ വെപ്പുകളിൽ നിന്ന് കാൽപാദങ്ങളുടെ ഉറപ്പ് വായിച്ചെടുക്കാനാകുമായിരുന്നു.

 എല്ലുകൾ

  നബി(സ്വ)യുടെ ശരീരത്തിലെ ഓരോ അവയങ്ങളുടെയും അസ്ഥികൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അലിയ്യുബ്നു അബീത്വാലിബ്‌ (റ) പറയുന്നു: " തിരുനബി(സ്വ)യുടെ മുൻകൈകളും ഇരുപാദങ്ങളും ഉറച്ചതായിരുന്നു. കാലുകൾ പൊക്കിയെടുത്ത് വെച്ചായിരുന്നു മുത്ത്നബിയുടെ നടത്തം. വേച്ചു വേച്ചു നടക്കുന്ന ശീലമില്ലായിരുന്നു"(8).

  പ്രസ്തുത ഹദീസിന്റെ മറ്റൊരു ഭാഗത്ത് മുഴൻകൈയുടെ എല്ലുകൾ ഉറച്ചതും നീണ്ടതുമായിരുന്നെന്ന് കാണാം. മാത്രമല്ല കൈമുട്ടുകളും കാൽമുട്ടുകളുമെല്ലാം നല്ല ഉറച്ച അസ്ഥികളായിരുന്നു.   തിരുനബിയുടെ നീളത്തിനും തടിക്കും പാകത്തിലുള്ള എല്ലുകളായിരുന്നു. അഭംഗിയുടെ ഒരടയാളവും ഒരംശവും ഒരവയവത്തിലുമില്ലായിരുന്നു.

  ചുരുക്കത്തിൽ സൗന്ദര്യസ്വരൂപത്തിന്റെ പരമകാഷ്ഠയിലെത്തിയ ആരമ്പനബിയുടെ ശരീരത്തിലെ സർവ്വ അവയവങ്ങൾക്കും പ്രസ്തുത സൗന്ദര്യ പൂർണതയുണ്ടായിരുന്നു. ആ പൂർണത ബാഹ്യസൗന്ദര്യത്തിലും ആന്തരിക സൗന്ദര്യമായ അവയവങ്ങളുടെയും അസ്ഥികളുടെയും പേശികളുടെയും ശേഷിയിലും ബലത്തിലുമെല്ലാം ഉൾചേർന്നിരുന്നു.


 1. സ്വഹീഹുൽ ബുഖാരി

 2.സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം

 3. സ്വഹീഹുൽ ബുഖാരി

 4. ശമാഇലുതുർമുദി

 5. ജാമിഉസ്വഗീർ

 6. ദലാഇലുന്നുബുവ്വ - ഇമാം ബൈഹഖി

 7. മുസ്‌നദു ഇമാം അഹ്മദ്

 8. തുർമുദി

Questions / Comments:No comments yet.