അനസുബ്നു മാലിക് (റ) നിവേദനം ചെയ്യുന്നു: "പ്രവാചകർ ﷺ ഏറ്റവും മനോഹരമായ ശരീരത്തിന് ഉടമയായിരുന്നു"(1)

ഒരാളുടെ സൗന്ദര്യ നിർണ്ണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണ്ണായകമായ സ്ഥാനമുണ്ട്. തിരുനബിയുടെ സൗന്ദര്യത്തെ വർണ്ണിച്ച സ്വഹാബിമാർ അവിടുന്ന് ഏറ്റവും മനോഹരമായ വർണത്തിന് ഉടമയായിരുന്നു എന്ന് വിശേഷിപ്പിച്ചത് കാണാം.

 തിരുനബിയുടെ നിറം അത്യാകർഷകമായ വെളുപ്പുനിറം ആയിരുന്നുവെന്ന് അതിനെക്കുറിച്ച് സംസാരിച്ച സ്വഹാബിമാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൂര്യപ്രകാശം പതിവായി നേരിട്ട് സ്പർശിക്കുന്ന മുഖം, കൈകാലുകൾ മുതലായിടങ്ങളിൽ ചുവപ്പു കലർന്ന വെളുപ്പുനിറം പ്രകടമായിരുന്നു. ഇമാം ഇബ്നു അബീ ഖൈസമ(റ) പറയുന്നു: 

"തിരുനബിയുടെ ചർമവർണം വെണ്മയുള്ള വെളുപ്പായിരുന്നു എന്നത് തീർച്ചയാണ്. വെളുപ്പിനോട് ചുവപ്പു കലർന്ന നിറമെന്നും തവിട്ടു കലർന്ന നിറമെന്നും ചില സ്വഹാബിമാരുടെ വിശേഷണങ്ങളിൽ കാണുന്നുണ്ട്. പതിവായി സൂര്യപ്രകാശവും കാറ്റും ഏൽക്കുന്ന ശരീരഭാഗങ്ങൾക്ക് പ്രകാശമേൽക്കുന്ന സമയത്ത് പ്രസ്തുത നിറഭേദം അനുഭവപ്പെട്ടു എന്നാണ് അവയുടെ വിവക്ഷ. എന്നാൽ വസ്ത്രത്തിന് താഴെയുള്ള ഭാഗങ്ങൾക്ക് തിളങ്ങുന്ന വെളുപ്പ് നിറം തന്നെയായിരുന്നു"(2)

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു:

"തിരുനബിക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പ് വർണം വെളുപ്പിൽ നിഴലിച്ചിരുന്നു"(3).

വെളുപ്പുനിറത്തോട് ചുവപ്പുനിറം ചേർന്നുണ്ടാകുന്ന ശാലീന സൗന്ദര്യ മുഖകാന്തിയായിരുന്നു പ്രവാചക തിരുമേനിയുടേത് എന്ന് പ്രസ്താവിച്ച സ്വഹാബി വചനങ്ങളും കാണാവുന്നതാണ്. ആ മുഖകാന്തിയിലേക്ക് നോക്കിയിരിക്കൽ ഏറെ അനുഭൂതിദായകവും ഹൃദയവർജകവും ആയിരുന്നു. അനസുബ്നു മാലിക്(റ) പറയുന്നു: 

"പ്രവാചക പൂങ്കവർ കടും വെളുപ്പ് നിറമുള്ളവരായിരുന്നില്ല. എന്നാൽ ശക്തമായ ചുവപ്പു നിറവുമായിരുന്നില്ല അവിടുത്തേത്"(4). ചുവപ്പുനിറം കലർന്ന വെളുപ്പ് നിറമായിരുന്നു നബിയുടേത്(5).

തിരുനബിയുടെ ചർമ വർണത്തിന്റെ ശുഭ്രതക്ക് മനോഹരമായ വെണ്മയുണ്ടായിരുന്നു. തിളക്കമുള്ള വെളുപ്പായിരുന്നു അവിടുത്തെത്.

ഹിന്ദുഇബ്നു അബീഹാല(റ) പറയുന്നു: 

"തിരുനബി വെളുത്ത ശരീരമുള്ളവരായിരുന്നു. ആ വെളുപ്പിന് നല്ല തിളക്കമുണ്ടായിരുന്നു. അത് ചുവപ്പിനോട് കലർന്നിരുന്നു"(6). 

തിരുനബിയുടെ ശരീരത്തിന്റെ തിളക്കത്തെ സന്നിവേശിപ്പിച്ച അബൂഹുറൈറ(റ)ന്റെ വാക്കുകൾ കാണുക:

"വെള്ളിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതുപോലെ തിരുനബി വെളുത്തവരായിരുന്നു"(7)

തിളക്കം എന്ന സവിശേഷത സ്വർണത്തിനും വെള്ളിക്കുമൊക്കെ ജൈവികമായി ഉള്ളതാണ്. തിളക്കമുള്ള ലോഹം കൊണ്ട് നിർമിക്കുന്ന വസ്തുക്കൾക്ക് സ്വാഭാവികമായും തിളക്കം ഉണ്ടാകുമെന്നത് തീർച്ചയാണ്. തിരുനബിയുടെ സൃഷ്ടിപ്പിന്റെ സൗന്ദര്യത്തെ ഉപമിക്കാൻ അബൂഹുറൈറ(റ) തെരഞ്ഞെടുത്തത് വെള്ളിയാണ്. അല്ലാഹുവിൻറെ റസൂലിൻറെ സൗന്ദര്യത്തെ വിശേഷിപ്പിക്കാൻ ഉപമകൾ ഒരിക്കലും പര്യാപ്തമല്ല. പരമാവധി സൗന്ദര്യപൂർണമായ വസ്തുക്കളോട് ഉപമിക്കുകയാണ് സ്വഹാബാക്കൾ ചെയ്തത്. 

പ്രവാചകർ ﷺ യുടെ ശരീരം വെളുപ്പ് നിറമായിരുന്നുവെന്ന് നാം പറഞ്ഞു. നിറം വെളുപ്പായി എന്നതുകൊണ്ട് മാത്രം ഒരു വസ്തു മനോഹരമാകണമെന്നില്ല. വെളുപ്പ് തന്നെ അവയെ സന്നിവേശിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ വ്യത്യാസത്തിനനുസരിച്ച് ഭംഗിയായും അഭംഗിയായും പരിണമിക്കാറുണ്ട്. മനുഷ്യരിൽ വെളുത്തവർ പലവിധത്തിലുണ്ട്. ചിലരുടെ തൊലി വെളുപ്പ് അരോചകമായി തോന്നാറുണ്ട്. എന്നാൽ തിരുനബിയുടെ തൊലിവെളുപ്പ് ഏറ്റവും ശക്തമായിരുന്നു. അതിന് തിളക്കമുണ്ടായിരുന്നു. അത് ചർമത്തിന് കാന്തി നൽകുന്നതായിരുന്നു. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്ക് മനോഹരമായി മാത്രം തോന്നാൻ മാത്രം സുന്ദരമായിരുന്നു അത്.

ആമിറുബ്നു വാസിലതു ലെയ്സി(റ) പറയുന്നു:

"മുത്ത് റസൂൽ ദൃഷ്ടികാന്തിയുള്ള വെളുപ്പ് നിറമുള്ളവരായിരുന്നു. കാണുന്നവർക്കെല്ലാം സുന്ദരനായി മാത്രം തോന്നും വിധം സൗന്ദര്യത്തിന്റെ പൂർണതയായിരുന്നു അവിടുത്തെ ശരീരവും ശരീരത്തിൻറെ വർണവും"(8).

പ്രവാചകരുടെ പ്രിയപത്നി ആഇശ(റ) പറയുന്നു:

"അല്ലാഹുവിന്റെ തിരുദൂതർ ജനങ്ങളിൽ ഏറ്റവും കൂടുതൽ മുഖലാവണ്യമുള്ള ആളായിരുന്നു. ജനങ്ങളിൽ ഏറ്റവും പ്രകാശിക്കുന്ന വർണത്തിനുടമയുമായിരുന്നു"(9)

നിശ്ചലമായ സൗന്ദര്യത്തിന് ഉടമയായിരുന്നു തിരുനബിയെന്ന് അവിടുത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആ സൗന്ദര്യപൂർണതയെ ആസ്വദിക്കുകയും ചെയ്ത നക്ഷത്രതുല്യരായ അനുചരരുടെ വാക്കുകളിൽ നിന്ന് നമുക്ക് ബോധ്യമാകുന്നു. തിരുറസൂലിന്റെ സൗന്ദര്യത്തെപ്പറ്റി വാചാലമാക്കുന്നവർക്കെല്ലാം പ്രധാനമായും പറയാനുള്ള ഒന്ന് അവിടുത്തെ നിറത്തെപ്പറ്റിയുമായിരുന്നു. മനുഷ്യ സൗന്ദര്യത്തെപ്രതിയുള്ള ചർച്ചകളിൽ നമുക്കിടയിലും കയറിവരുന്ന ഘടകം തന്നെയാണ് വ്യക്തിയുടെ വർണം. റസൂലിന്റെ അഴകാർന്ന ചുവപ്പു കലർന്ന വെളുപ്പ് നിറത്തിന് ശോഭയുള്ളതുകൊണ്ടു തന്നെ ചന്ദ്രന്റെ തിളക്കം പോലെ മറ്റുള്ളവർക്കിടയിൽ റസൂലിനെ വേറിട്ട് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. റസൂലിന്റെ നിറത്തെക്കുറിച്ചും മുഖകാന്തിയെക്കുറിച്ചുമെല്ലാം പറയുമ്പോൾ ചന്ദ്രനും സൂര്യനുമൊക്കെ കടന്നുവരുന്നത് അതുകൊണ്ടാണ്.

സഹാബത്തിന്റെ വർത്തമാനങ്ങൾ വെറും ആലങ്കാരികതകളല്ല. അവ യാഥാർത്ഥ്യങ്ങളാണ്. ഹദീസുകൾ നിവേദനം ചെയ്യാൻ അവർ കാണിച്ച സൂക്ഷ്മതയും ആദരണീയരായ പ്രവാചകരെപ്പറ്റി സംസാരിക്കുമ്പോൾ അവർ സ്വീകരിച്ച ബഹുമാനങ്ങളും മനസ്സിലാക്കുമ്പോഴാണ് നമുക്കത് ബോധ്യപ്പെടുക. ജാബിറുബ്നു സമുറത്ത്(റ) പറയുന്നു:

"ചന്ദ്രൻ വെട്ടിത്തിളങ്ങുന്ന നിലാവുള്ള ഒരു രാത്രിയിൽ ഞാൻ നബി(സ്വ)യെ ദർശിച്ചു. ചുവപ്പു വസ്ത്രമാണ് റസൂൽ ധരിച്ചിരിക്കുന്നത്. ഞാൻ മുത്തുനബിയിലേക്കും ചന്ദ്രനിലേക്കും മാറിമാറി നോക്കി. തിരുറസൂലിന് ചന്ദ്രനെക്കാൾ മനോഹാരിതയും ശോഭയും ഉണ്ടായിരുന്നു"(10).

നബി ﷺ യുടെ ഓരോ അവയവങ്ങളുടെയും ലാവണ്യത്തെപ്പറ്റിയും അനുചരൻ ദീർഘമായി സംസാരിക്കുന്നുണ്ട്. അവിടുത്തെ രൂപഭംഗി വിവരിക്കാനും തിരുദൂതരെ വർണ്ണിക്കാനും അനുചരർ കാണിച്ച അത്യുത്സാഹം നമുക്കെത്ര മാത്രം അനുഗ്രഹമാണെന്ന് ആലോചിച്ച് നോക്കൂ..

Questions / Comments:



No comments yet.