വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്. |
---|
ഒരു യാത്രാവ്യൂഹം. നിസ്കാരം ഉപേക്ഷിക്കുന്നവനായ ഒരുവനും ഒരു നായയും കൂട്ടത്തിലുണ്ട്. അംഗസ്നാനം ചെയ്യാനുള്ള അല്പം വെള്ളം മാത്രമാണ് കരുതലായി കൈവശമുള്ളത്. വഴിമധ്യേ ഈ നായ ദാഹിച്ചു മരിക്കുമെന്ന പേടിയുണ്ടെങ്കിൽ കൈയ്യിൽ കരുതിവെച്ച വെള്ളം നായയുടെ ദാഹശമനത്തിന് കൊടുക്കുകയും തുടർന്നവൻ തയമ്മും ചെയ്യുകയുമാണ് വേണ്ടത്. അതേസമയം, നിസ്കാരം ഉപേക്ഷിക്കുന്നവനാണ് ദാഹമെങ്കിൽ വെള്ളം അവന് നൽകുന്നതിന് പകരം അതുകൊണ്ട് അംഗശുദ്ധി വരുത്തണമെന്നാണ് കർമശാസ്ത്രാധ്യാപനം. പ്രസ്തുത വാക്കുകൾ നിസ്കാരത്തിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നിസ്കാരം. മനുഷ്യ നിയോഗത്തിന്റെ പരമലക്ഷ്യം ആരാധനയാണ്. ശാരീരികമായി നിർവഹിക്കേണ്ട ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായത് നിസ്കാരമാണ്. കൂടാതെ പരലോകത്ത് പ്രഥമ വിചാരണക്കെടുക്കുന്ന കർമവും നിസ്കാരം തന്നെ. തിരുദൂതർ അവിടുത്തെ വഫാത്തിൻ്റെ വേളയിൽ പോലും ഉമ്മത്തിനെ നിസ്കാരത്തിന്റെ പ്രാധാന്യത്തെ ഉണർത്തി ഉപദേശിക്കുകയായിരുന്നല്ലോ.
ഫർള്, സുന്നത്ത് എന്നിങ്ങനെ രണ്ടിനമാണ് നിസ്കാരം. ഒരോ മുസ്ലിമും നിർബന്ധമായും നിർവ്വഹിക്കേണ്ട നിസ്കാരമാണ് ഫർള്. അത് നഷ്ടപ്പെടുത്തൽ അരുതായ്മയാണ്. കുറ്റക്കാരനാവും, അതിൽ വിട്ടുവീഴ്ചകൾ ഒന്നുമില്ല. നിർവ്വഹിക്കാത്ത പക്ഷം കഠിന ശിക്ഷക്ക് പരലോകത്ത് ഇരയാകേണ്ടി വരും. അതേ സമയം സുന്നത്ത് നിസ്കാരങ്ങൾ ഐച്ഛികമായ ആരാധനയാണ്. ഉപേക്ഷിക്കുന്നതിനാൽ കുറ്റക്കാരനാവുകയില്ലെങ്കിലും ജീവിതത്തിന്റെ ഭാഗമായി നിർവഹിച്ചു പോരുന്നതിന്റെ മേന്മകൾ അതിവിപുലമാണ്. ദൈവഭക്തി സദാസമയവും മനസ്സകങ്ങളിൽ പുഷ്കലിച്ചു നിൽക്കുകയും അതിലുപരി മുത്താറ്റൽ നബിയോരുടെ ഉത്തമമായ മാതൃകയെ പിന്തുടരലുമാണ് അതിൻ്റെ ഹൃദയംഗമായ നേട്ടം.
ശാരീരികമായ നിർബന്ധ ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠത ഫർള് നിസ്കാരമായതു പോലെ ഐച്ഛിക ആരാധനാകർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠത സുന്നത്ത് നിസ്കാരങ്ങൾക്കാണ്. സുന്നത് നിസ്കാരങ്ങളുടെ രൂപം ഫർള് നിസ്കാരത്തോട് തതുല്യമാണ്. പെരുന്നാൾ നിസ്കാരം, മഴക്ക് വേണ്ടിയുള്ള നിസ്കാരം, തസ്ബീഹ് നിസ്കാരം, ഗ്രഹണ നിസ്കാരം എന്നിവയിൽ മാത്രമാണ് ചെറിയ വ്യത്യാസങ്ങളുള്ളത്.
ഐച്ഛികമായ നിസ്കാരങ്ങൾ (സുന്നത്ത് നിസ്കാരങ്ങൾ) വിശ്വാസികൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം. നിറയെ പുണ്യങ്ങൾ നേടാനും പരലോകത്ത് ഉന്നത സ്ഥാനങ്ങൾ കരഗതമാക്കാനും അത് നിദാനമാകും. നിർബന്ധമായ (ഫർള്) നിസ്കാരങ്ങൾ ഉപേക്ഷിച്ച് മറ്റു നന്മകൾ അനുഷ്ഠിക്കുന്നത് അനർത്ഥമാണ്. നബി (സ) പറയുന്നു: നിസ്കരിക്കാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നവന്റെ ഒരു നന്മയും പരിഗണിക്കപ്പെടുകയില്ല. നിർഭയരായി നാളെ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അഞ്ച് നേരങ്ങളിലെ നിസ്കാരത്തിൽ ശ്രദ്ധ പുലർത്തട്ടെയെന്നും മുത്ത് നബി അരുളിയിട്ടുണ്ട്.
ഫർള് നിസ്കാരങ്ങളിലെ ന്യൂനതകൾ പരിഹരിക്കപ്പെടാനാണ് റവാതിബ് നിസ്കാരങ്ങൾ സുന്നതായി നിർദേശിച്ചിട്ടുള്ളത്. നിർബന്ധമായ നിസ്കാരത്തിന്റെ മുൻപും പിമ്പുമായി നിസ്കരിക്കുന്നതാണ് റവാത്തിബ് നിസ്കാരങ്ങൾ. രാത്രിയിലുള്ള സുപ്രധാന നിസ്ക്കാരമാണ് വിത്ർ. ചില പണ്ഡിതന്മാർ നിർബന്ധമാണെന്നും പറഞ്ഞതിനാൽ വിത്റ് നിസ്കരിക്കാതെ ഉപേക്ഷിക്കുന്നത് അഭികാമ്യമല്ല. വിത്റ് ജീവിതത്തിൽ സ്ഥിരമായി നിലനിർത്തുന്നതിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇശാനിസ്കാരം നിർവഹിച്ചതു മുതൽ പ്രഭാതം വിടരുന്നതുവരെയാണ് (ഫജ്ർ സ്വാദിഖ്) ഇതിന്റെ സമയം.
മനുഷ്യ ശരീരത്തിന്റെ എല്ലാ കെണിപ്പുകൾക്കും പകരമായി ദാനധർമ്മം ചെയ്യേണ്ടതുണ്ട്. ഈയൊരു ബാധ്യത ളുഹാ നിസ്കാരം കൊണ്ടു പൂർത്തീകരിക്കാനാവുന്നതാണ്. സൂര്യനുദിച്ച് നേത്രദൃഷ്ടിയിൽ ഒരു കുന്തത്തിൻ്റെ നീളം ഉയർന്നതു മുതൽ (ഏകദേശം 20 മിനിറ്റ്) ളുഹ്ർ വരെയാണ് ളുഹായുടെ സമയം. മുത്ത് നബി (സ) അബു ഹുറൈറ (റ) യോട് കൽപ്പിച്ച സുപ്രാധാന്യമർഹിക്കുന്ന മൂന്ന് സൽകർമങ്ങൾ എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുകയും ദിനേന ളുഹാ നിസ്കരിക്കുകയും ഉറങ്ങും മുമ്പ് വിത്ർ നിസ്കരിക്കുകയും ചെയ്യുക എന്നതാണ്.
രാത്രി ഇശാ നിസ്കാരത്തിന് ശേഷം അല്പം ഉറങ്ങി, ഉണർന്നതിന് ശേഷം നിസ്കരിക്കുന്ന നിശാ നിസ്കാരമാണ് തഹജ്ജുദ്. രാത്രികളിൽ കൂടുതൽ ആരാധനകളിൽ മുഴുകി തന്റെ ശരീരത്തെ വികൃതപ്പെടുത്താൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അബ്ദുല്ലാഹിബ്നു അംറ് ഇബ്നു ആസ്വിനോട് നബിതങ്ങൾ ചോദിച്ചു: 'താങ്കൾ പകലുകൾ മുഴുവൻ നോമ്പനുഷ്ഠിക്കുകയും രാത്രികളിൽ നിസ്കരിക്കുകയുമാണെന്ന് അറിഞ്ഞുവല്ലോ. അംറ് ഇബ്നു ആസ്(റ)പറഞ്ഞു: അതേ നബിയെ. ഉടനെ തിരു നബി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: തന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. ചില രാവുകളിൽ നിസ്കരിക്കുകയും ചില പകലുകളിൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക. പ്രവാചകരുടെ ഉപദേശ സൂചന ഉറക്കമൊഴിച്ച് ശരീരത്തെ നശിപ്പിക്കുന്ന വിധത്തിൽ ആരാധന നിർവഹിക്കരുതെന്നാണ്.
പള്ളിയിൽ പ്രവേശിച്ച ഉടനെ നിസ്കരിക്കുന്നതാണ് തഹിയ്യത്. അല്ലാഹുവിനോടുള്ള അഭിവാദ്യം. നിങ്ങൾ പള്ളിയിൽ കയറിയാൽ നിസ്കരിക്കാതെ ഇരിക്കരുതെന്ന മുത്ത് നബി അരുളിയിട്ടുണ്ട്. പള്ളിയിൽ ജമാഅത് തുടങ്ങാൻ സമയമാവുകയും തഹിയ്യത് നിസ്കരിക്കുകയാണെങ്കിൽ ഇമാമിനോട് കൂടെ തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെടുമെന്നും അറിഞ്ഞാൽ തഹിയ്യത് നിസ്കരിക്കാതെ ജമാഅത്തിനെയും പ്രതീക്ഷിച്ച് നിൽക്കുകയാണ് വേണ്ടത്, ഇരിക്കരുത്.
കർമങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന റമളാൻ മാസത്തിൽ മാത്രമുള്ള നിസ്കാരമാണ് തറാവീഹ്. പൂർണ്ണ വിശ്വാസത്തോടു കൂടിയും പ്രതിഫലം പ്രതീക്ഷിച്ചും നിസ്കരിച്ചാൽ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുമെന്നാണ് തിരുവചനം. നബി തങ്ങളുടെ കാലത്ത് കൂടുതൽ ജമാഅത്തായി നിസ്കരിച്ചിട്ടില്ല. റമളാനിൽ നബി തങ്ങൾ രാത്രിയിൽ ജമാഅത്തായി നിസ്കരിച്ചപ്പോൾ ഒരുപറ്റം അനുചരർ പിന്തുടർന്നു. മൂന്നുദിവസം കഴിഞ്ഞപ്പോൾ ജനങ്ങളുടെ പെരുപ്പം വർദ്ധിച്ചു. തൊട്ടടുത്ത ദിവസം നബി തങ്ങൾ പള്ളിയിൽ വന്നില്ല. കാരണമന്വേഷിച്ച അനുചരരോട് മുത്ത് നബിയോരുടെ മറുപടി, തറാവീഹ് നിസ്കാരം നിങ്ങൾക്കു മേൽ നിർബന്ധ ബാധ്യതയാക്കുമെന്ന ഭയത്തിലായിരുന്നു ഞാൻ വരാതിരുന്നത്. നിർബന്ധമാക്കപ്പെട്ടാൽ നിങ്ങൾ ഇതിന് അശക്തരാകുന്നതാണ്. പിന്നീട് ഉമർ(റ)ന്റെ ഭരണകാലത്താണ് ഒരു ഇമാമിന്റെ കീഴിലായി തറാവീഹ് ജമാഅത്തായി പുനഃസംഘടിപ്പിക്കുന്നത്.
അല്ലാഹുവിന്റെ അപാരമായ കഴിവുകളുടെ നേർസാക്ഷ്യങ്ങളിൽ പെട്ടതാണ് ഗ്രഹണം. സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിക്കുമ്പോൾ നിസ്കരിക്കൽ സുന്നത്താണ്. ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും നിസ്കരിക്കൽ സുന്നത്തുണ്ട്. മഴയില്ലാതാവുകയും വരൾച്ച ബാധിക്കുകയും ചെയ്താൽ മഴയെ തേടിയുള്ള നിസ്കാരമാണ് ഇസ്തിസ്ഖാഅ്. ഇത് ആത്മാർത്ഥമായി നിർവഹിച്ചാൽ ഉദ്ദേശസാഫല്യം എളുപ്പമാകും. പ്രതിഫലമുള്ള മറ്റൊരു നിസ്കാരമാണ് തസ്ബീഹ്. സാധ്യമെങ്കിൽ എല്ലാ ദിവസവും, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ, അതുമല്ലെങ്കിൽ മാസത്തിൽ, അതിനും സാധ്യമായില്ലെങ്കിൽ വർഷത്തിൽ, അതുമല്ലെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലും നിസ്കരിക്കാനാണ് നബി തങ്ങളുടെ നിർദേശം. അശ്രദ്ധയുള്ള സമയത്ത് അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെ നിസ്കാരമാണ് അവ്വാബീൻ. ഇശാ മഗ്രിബിന്റെ ഇടയിലാണിവയുടെ സമയം. സ്വലാത്തുൽ അവ്വാബീൻ പതിവാക്കുന്നവന് സ്വർഗ്ഗത്തിൽ ഒരു ഭവനം അല്ലാഹു ഓഫർ ചെയ്തിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നന്മയുള്ളതാണോ എന്നറിയാൻ നിർവഹിക്കുന്നതാണ് ഇസ്തിഖാറത് നിസ്കാരം. യാത്ര പുറപ്പെടുമ്പോൾ പോലുള്ള കാര്യകാരണങ്ങളുമായി ബന്ധപ്പെട്ടുള്ള നിസ്കാരങ്ങൾ അനുഷ്ഠിക്കലും സുന്നത്തുണ്ട്.
സുന്നത് നിസ്കാരങ്ങളിൽ കൂടുതൽ പ്രതിഫലമുള്ളത് വലിയ പെരുന്നാൾ നിസ്കാരത്തിനാണ്. പിന്നെ ചെറിയ പെരുന്നാൾ, സൂര്യ ഗ്രഹണ ചന്ദ്ര ഗ്രഹണ നിസ്കാരങ്ങൾ, മഴയെത്തേടിയുള്ള നിസ്കാരം, വിത്ത്റ്, ഫജ്റിന്റെ രണ്ട് റകഅത് നിസ്കാരം ബാക്കി റവാതിബ് നിസ്കാരങ്ങൾ, തറാവീഹ്, ളുഹാ നിസ്കാരങ്ങൾ, ത്വവാഫിന്റെ രണ്ട് റകഅത് നിസ്കാരം പോലെ ചില പ്രവർത്തികളുമായി ബന്ധപ്പെട്ട നിസ്കാരങ്ങളും (വുളൂഇന്റെ ശേഷമുള്ള നിസ്കാരം ഒഴികെ) തഹിയ്യത് ഇഹ്റാം ചെയ്യുന്നതിന് മുന്നോടിയായുള്ള നിസ്കാരങ്ങളും വുളൂഇന്റെ ശേഷമുള്ള സുന്നത് നിസ്കാരങ്ങൾ, ഉച്ച തിരിഞ്ഞുള്ള സുന്നത് നിസ്കാരം (സൂറത്തുസ്സവാൽ) പോലെയുള്ള ചില കർമ്മങ്ങളുമായി ബന്ധപ്പെടാത്ത നിസ്കാരങ്ങൾ അവസാനം നിരുബാധിക സുന്നത് നിസ്കാരങ്ങൾ. ഇങ്ങനെയാണ് ഐഛിക നിസ്കാരങ്ങളുടെ ശ്രേഷ്ഠതയുടെ ശ്രേണീകരണം.
സുന്നത്ത് നിസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കേണ്ടതും അല്ലാത്തവയുമുണ്ട്. പെരുന്നാൾ നിസ്കാരം, തറാവീഹ്, ഗ്രഹണ നിസ്കാരം, മഴയെ തേടിയുള്ള നിസ്കാരം തുടങ്ങിയവ ജമാഅത്തായി നിർവഹിക്കപ്പെടേണ്ടവയാണ്. അല്ലാത്തവ ഒറ്റക്കായി നിസ്കരിക്കേണ്ടവയുമാണ്. വിത്തറ് റമളാനിൽ മാത്രം ജമാഅതായി നിസ്കരിക്കുന്നവയാണ്. സമയ ബന്ധിതമായ സുന്നത് നിസ്കാരങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയതിനെ ഖളാഅ് വീട്ടൽ സുന്നത്തുമുണ്ട്.