മുഹർറം അനുഗ്രഹാശിസുകളുടേയും ഗുണവിശേഷണങ്ങളുടെയും സാക്ഷ്യപത്രമാണ്. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ  കഴിഞ്ഞുപോയൊരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാനുള്ള നിദാനവുമാണ്. ഈ വിശിഷ്ടദിനങ്ങൾ സ്മരണകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും വരുംനാളെകളിലേക്കുള്ള പ്രതിജ്ഞയായി നമുക്കേറ്റു ചൊല്ലാം.

ഇസ്ലാമിക ലോകത്തിന്റെ പഞ്ചാംഗമായ ഹിജ്രി കലണ്ടറിലെ (ലൂണാർ കലണ്ടർ) പ്രഥമ മാസമാണ് മുഹർറം. മുസ്ലിമിൻ്റെ നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയുള്ള ആരാധനകളുടെയും വിവാഹം, കച്ചവടം, പണയം, വിവാഹമോചനം, ഇദ്ദ തുടങ്ങി വിവിധയിനം ഇടപാടുകളുടെയും സമയക്രമങ്ങൾ കണക്കുകൂട്ടുന്നത് ചാന്ദ്രവർഷങ്ങളെ, മാസങ്ങളെ അവലംബമാക്കിയാണ്. അഥവാ ഓരോ മുസ്ലിമിന്റെയും ജീവിതകാലം ചിട്ടപ്പെടുത്തുന്നതും ആസൂത്രണം ചെയ്യുന്നതും ഈയൊരു സമയചക്രമനുസരിച്ചാകുന്നു.

ആയുഷ്കാലത്തിലെ പുതിയൊരു വർഷമാണ് കടന്നു വന്നിരിക്കുന്നത്. കഴിഞ്ഞകാലത്ത് വന്നു പോയ തെറ്റുകളെയും പോരായ്മകളെയും അബദ്ധങ്ങളെയും അവിവേകങ്ങളെയും വിലയിരുത്തി സൽപ്രവർത്തനങ്ങൾ അനുഷ്ഠിക്കാൻ ഒരുങ്ങുന്ന, പുതിയ പ്രതിജ്ഞകളെടുക്കാനുള്ള സമയമാണിത്. മാത്രമല്ല ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസവും കൂടിയാണിത്.

മുഹർറം ഒമ്പത് (താസൂആഅ്) , പത്ത് (ആശൂറാഅ്) എന്നീ ദിനങ്ങൾ അതീവ പ്രത്യേകതകളുള്ളതും നോമ്പ് സുന്നത്തുള്ളതുമായ ദിവസങ്ങളാണ്. സുൽത്താനുൽ ഉലമ ഇസ്സുബിൻ അബ്ദിസ്സലാം (റ)അവിടുത്തെ قواعد الأحكام في مصالح الأنام എന്ന ഗ്രന്ഥത്തിൽ ചില സ്ഥലങ്ങൾക്കും കാലങ്ങൾക്കും മറ്റുള്ളവയിൽ നിന്നും സവിശേഷ പ്രാധാന്യമുണ്ടെന്ന് വിശദമാക്കുന്നു. എല്ലാ സ്ഥലങ്ങളും സമയങ്ങളും സമാന വിതാനത്തിലുള്ളതാണ്. എങ്കിലും, അവയിൽ ചിലതിന് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠതയുണ്ടാക്കുന്നത് ആ സമയങ്ങളിലോ സ്ഥലങ്ങളിലോ നടന്ന സംഭവങ്ങൾ അടിസ്ഥാനമാക്കിയാണ് അല്ലാതെ അവയുടെ സ്വന്തമായ സവിശേഷതകൾ കൊണ്ടല്ല. അദ്ദേഹം സ്ഥലങ്ങൾക്കും സമയങ്ങൾക്കുമുള്ള ശ്രേഷ്ഠതകളെ രണ്ടിനങ്ങളാക്കി തരംതിരിച്ചു പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഒന്നാമത്തേത് ലൗകികമായതാണ്, അതായത് മറ്റു കാലങ്ങളെ അപേക്ഷിച്ച് വസന്ത കാലത്തിനുള്ള സവിശേഷതകൾ പോലെ, ചില നാടുകൾക്ക് മറ്റു നാടുകളെക്കാൾ പുഷ്കലമായ പ്രകൃതിയുണ്ടാകുന്നതെല്ലാം ഇതിൽ ഉൾപെടും. രണ്ടാമത്തെ ഇനം മതപരമായതാണ്. ചില സ്ഥലങ്ങളിലും സമയങ്ങളിലും അല്ലാഹു തൻറെ ദാസന്മാരുടെ പ്രവർത്തികൾക്ക് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി പ്രത്യേകം പ്രതിഫലം നൽകുന്നു. അങ്ങനെ കരസ്ഥമാകുന്ന മഹനീയതകളാണ് ഇവയിൽ ഉൾചേർന്നത്. ഉദാഹരണത്തിന് റമളാനിലെ നോമ്പിന് മറ്റുള്ള മാസങ്ങളിലെ നോമ്പിനേക്കാളുമുള്ള മഹത്വം. അപ്രകാരം തന്നെയാണ് ആശൂറാഇലെയും ദുൽഹിജ്ജ പത്ത് ദിനങ്ങൾക്കുമുള്ള ആദരവും.

മുഹർറം പത്തിനാണ് ആദം നബിയുടെ തൗബ അല്ലാഹു സ്വീകരിച്ചതും, ഇദ് രീസ് നബിയെ ആകാശത്തേക്ക് ഉയർത്തിയതും, നൂഹ് നബിയുടെ കപ്പൽ ജൂദി പർവ്വതത്തിൽ എത്തിച്ച് സുരക്ഷിതമാക്കിയതും. ഇബ്രാഹിം നബി ജനിച്ചതും, മഹാനായ യഅ്ഖൂബ് നബിക്ക് കാഴ്ചശക്തി തിരിച്ചു നൽകിയതും, സുലൈമാൻ നബിയുടെ രാജാധികാരം തിരികെ ലഭിച്ചതും, യൂനുസ് നബി മത്സ്യത്തിന്റെ ഉദരത്തിൽ നിന്നും പുറത്തേക്ക് വന്നതും യൂസുഫ് നബിക്ക് ജയിൽ മോചനം കിട്ടിയതും ഈ പുണ്യ ദിനങ്ങളിലാണ്. ഹദീസിൽ വന്നതുപോലെ ഫിർഔൻ കടലിൽ മുങ്ങി മരിച്ചതും മുഹർറത്തിലെ ഈ സുദിനത്തിലാണ്. എന്നിങ്ങനെ പത്തോളം ചരിത്രമുഹൂർത്തങ്ങളെ ഉംദത്തുൽ ഖാരിയിൽ ഇമാം ബദ്റുദ്ദീൻ അൽ ഐനി (റ) എണ്ണിപറയുന്നുണ്ട്.

മുഹർറം മാസത്തിനോടും അതിലെ അനുഗ്രഹങ്ങളോടും നന്ദി സൂചകമായും ആദരവായുമാണ് ഒമ്പതിൻ്റെയും പത്തിൻ്റേയും ദിനങ്ങളിൽ തിരുനബി സുന്നത്ത് നോമ്പുകളെ നിർദേശിച്ചത്. തിരുസുന്നത്തിനെ അനുധാവനം ചെയ്തു കൊണ്ട് മുസ്ലിം ലോകം നോമ്പനുഷ്ഠിച്ചുവരുന്നു. ആശൂറാ നോമ്പിനെ കുറിച്ചുള്ള ഇബ്നു അബ്ബാസ് റ വിൻ്റെ ഹദീസ് ഇങ്ങനെയാണ്:
عن ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ أنَّ النَّبيَّ صلَّى اللهُ عليه وسلَّمَ لَمَّا قَدِمَ المَدِينَةَ، وجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقالوا: هذا يَوْمٌ عَظِيمٌ، وهو يَوْمٌ نَجَّى اللَّهُ فيه مُوسَى، وأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقالَ: أَنَا أَوْلَى بمُوسَى منهمْ. فَصَامَهُ، وأَمَرَ بصِيَامِهِ.

ഇബ്നു അബ്ബാസ്(റ)വിൽ നിന്നുള്ള നിവേദനം: നബി (സ്വ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്തിന് (ആശൂറാഅ്) നോമ്പെടുക്കുന്നതായി കണ്ടു. അവര്‍ പറഞ്ഞു: ഇത് മഹത്തായൊരു സുദിനമാണ്. ഈ ദിവസത്തിലാണ് മൂസാ നബിയെ അല്ലാഹു ശത്രുവിൽ നിന്നും രക്ഷപ്പെടുത്തി ഫിർഔനിനേയും കൂട്ടാളികളേയും മുക്കിക്കൊന്നത്. അതിനാൽ അല്ലാഹുവിനോടുള്ള നന്ദിപ്രകടിപ്പിച്ചുകൊണ്ട് മൂസാ നബി നോമ്പനുഷ്ഠിച്ചു. അപ്പോള്‍ റസൂല്‍ (സ്വ) പറഞ്ഞു: അവരെക്കാൾ മൂസാ നബിയോട് ഏറ്റവും അടുത്തത് ഞാനാണ്. അവിടുന്ന് ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോമ്പ് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി)

മുഹറം 10 ന് അല്ലെങ്കിൽ ഹീബ്രുവിലെ ലൂണിസോളർ കലണ്ടറിലെ തിഷ്രെ 10 ന്, മോശെ പ്രവാചകനും ഇസ്രായേൽ മക്കളും ഫറോവയോടും അവൻ്റെ സൈന്യത്തിനുമെതിരിൽ വിജയം കൈവരിച്ചതായാണ് ചരിത്രം. യഹൂദ വിശ്വാസത്തിൽ യോം കിപ്പൂർ എന്നറിയപ്പെടുന്ന ഈ ദിനത്തിൽ മുൻകാല പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി യഹൂദർ ഉപവാസമനുഷ്ഠിക്കുകയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ, തിരുനബി മുഹറം പത്തിന്റെയന്ന് മക്കയിൽ വെച്ചു തന്നെ ഹിജ്റക്കു മുമ്പ് നോമ്പ് നോൽക്കാറുണ്ടായിരുന്നു. ആയിശ ബീവി (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് ഈ വസ്തുതയെ പിന്താങ്ങുന്നതായി കാണാം.
عن عائشة ، رضي الله عنها ، أن قريشا كانت تصوم يوم عاشوراء في الجاهلية ثم أمر رسول الله صلى الله عليه وسلم بصيامه حتى فرض رمضان وقال رسول الله صلى الله عليه وسلم : من شاء فليصمه ، ومن شاء أفطر

ഇസ്ലാമിന് മുമ്പു തന്നെ ഖുറൈശികൾ ആശൂറാ ദിനത്തിൽ വ്രതമനുഷ്ഠിച്ചിരുന്നവരായിരുന്നു. മുത്ത് നബി(സ) അവരോട് നോമ്പു നോൽക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു. റമളാനിലെ നിർബന്ധനോമ്പ് നിയമമാകുന്നത് വരെ ഈ നോമ്പ് തുടർന്നു പോന്നു.

മദീനയിലെത്തിയ അവസരത്തിൽ അന്നേ ദിവസം ജൂതരും നോമ്പ് നോൽക്കുന്നതായി തിരുനബി കണ്ടു. ജൂതരേക്കാൾ മൂസ നബിയോട് കൂടുതൽ ബന്ധം പറയാൻ എല്ലാവിധ അവകാശങ്ങളുമുള്ളത് തിരുനബിക്കാണല്ലോ. അതുകൊണ്ടുതന്നെ അന്നേ ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് കൽപ്പിക്കുകയും ചെയ്തു.
ഇബ്നു അബ്ബാസ് (റ) വഴിയുള്ള മറ്റൊരു നിവേദനത്തിൽ അങ്ങനെ നിർദ്ദേശിച്ച അവസരത്തിൽ സഹാബത്ത് ചോദിക്കുകയുണ്ടായി: യാ റസൂലല്ലാഹ്.. അത് ജൂത-ക്രൈസ്തവര്‍ മഹത്വവല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ഷാഅല്ലാഹ്, അടുത്ത വര്‍ഷം നാം മുഹർറം ഒമ്പതിനു കൂടി നോമ്പെടുക്കും. (സ്വഹീഹ് മുസ്ലിം: 1916). ഇങ്ങനെ മുഹർറം 9ന് കൂടി നോമ്പെടുക്കാൻ തിരുനബി നിർദേശിച്ചത് യഹൂദ-ക്രിസ്ത്യാനികളുടെ ആരാധനയോട് സാമ്യമില്ലെന്ന് പ്രകടിപ്പിക്കാനാണല്ലോ.
ആശൂറാഇന് ദീനിൽ സ്വന്തമായ സ്ഥാനമുണ്ടെന്നും അത് യഹൂദരെ പിൻപറ്റുകയലെന്നും സുവ്യക്തമാണ്. ഈ തിരുമൊഴികളുടെ വെളിച്ചത്തിൽ മുഹർറം ഒമ്പതിന്‍റെയും പത്തിന്റെയും ആധികാരികതയും പുണ്യവും തിരിച്ചറിയാനാവുന്നതാണ്.

താസൂആഅ്, ആശൂറാഅ് ദിനങ്ങളിൽ നോമ്പ് പ്രത്യേകം സുന്നത്തുണ്ടെന്ന് ഇമാം ശർവാനി റ പറയുന്നുണ്ട്. " ദുൽഹിജ്ജ ആദ്യപത്ത് നോമ്പ് അനുഷ്ഠിക്കൽ സുന്നത്തുള്ളതു പോലെ തന്നെ മുഹർറം ആദ്യ പത്തിൽ നോമ്പ് നോൽക്കൽ സുന്നത്താണ് ". സൈനുദ്ദീൻ മഖ്ദും അവിടുത്തെ ഫത്ഹുൽ മുഈനിൽ പരാമർശിക്കുന്നതായി കാണാം. റമളാനിനു ശേഷം നോമ്പു നോക്കൽ പുണ്യമുള്ള മാസം യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ ഏറെ പുണ്യമുള്ളത് മുഹർറം മാസത്തിനാകുന്നു. പിന്നെ റജബ്, ദുൽഹിജ്ജ, ദുൽഖഅദ് പിന്നെ ശഅബാൻ മാസവുമാകുന്നു. മുഹർറം പത്തിലെ നോമ്പിനേക്കാൾ ശ്രേഷ്ഠത അറഫയുടെ നോമ്പിനാണെന്നും ഫത്ഹു മുഈനിൽ ചേർത്തി പറയുന്നു.

സമൂഹത്തിൽ ചിലർ മുഹർറം മാസം നഹ്സാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. വിവാഹം പോലുള്ള ആഘോഷങ്ങളും വീട് നിർമാണം പോലുള്ള കാര്യങ്ങളും മുഹർറം മാസം കഴിഞ്ഞിട്ടേ പഴമക്കാർ നടത്താറുണ്ടായിരുന്നുള്ളൂ. ഇതാണ് അവരുടെ തെറ്റിദ്ധാരണയുടെ ആധാരം. എന്നാൽ പൂർവികർ ഈ മാസം മറ്റെല്ലാ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിന്ന് ഇബാദത്തിനു വേണ്ടി മാറ്റിവെച്ചവരായിരുന്നു. ഒരു വർഷത്തിന്റെ തുടക്കം അല്ലാഹു നഹ്സു കൊണ്ടു തുടങ്ങുകയും ഇല്ലല്ലോ.

ഇസ്ലാം സന്തോഷം പ്രകടിപ്പിക്കാനും അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും വേണമെന്ന് കൽപ്പിക്കുന്ന പ്രത്യേയശാസ്ത്രമാണ്. അതേസമയം ദുഃഖങ്ങളും വേദനകളും കടിച്ചമർത്തുകയും സഹിക്കുകയും ചെയ്യുകയും. അതിനു പ്രതിഫലം ആഗ്രഹിക്കുകയുമാണ് വേണ്ടതെന്ന് കാണാം. എന്നാൽ ആശൂറാഇൻ്റെ പവിത്ര ദിനത്തിൽ ദുഃഖാചരണം നടത്തുന്നവരാണ് ശിയാക്കൾ. ഇതിനു കാരണം നബി തിരുമേനിയുടെ പേരമകൻ ഹസൻ (റ) കർബലയിൽ കൊല്ലപ്പെട്ടുവെന്നതിൻറെ അനുശോചനമാണ്. എന്നാലിത് ഇസ്ലാമിൽ ആധാരമല്ല. ദുഃഖാചരണം നടത്തലും ദുഃഖ ചിഹ്നങ്ങൾ പ്രദർശിപ്പിക്കലും ഹറാമാണെന്നാണ് ഇസ്ലാമി വീക്ഷണം. ഇത് അല്ലാഹുവിൻറെ വിധിയിൽ അതൃപ്തി പ്രകടിപ്പിക്കലുമാണ്.

മുഹർറം മാസം പുത്തൻ ചിന്തകളുടെ മാസമാണല്ലോ. ചെയ്തുപോയ തെറ്റുകൾക്ക് തൗബ ചെയ്യാനും. സന്മാർഗ്ഗത്തിലായുള്ള ജീവിതം ചോദിക്കാനും, വർഷം മുഴുവൻ ആശിക്കുന്ന സൗഭാഗ്യങ്ങൾ ലഭിക്കാനുമുള്ള സുവർണ്ണാവസരമാക്കി ഈ വിശുദ്ധ മാസത്തെ മാറ്റണം. പ്രത്യേകിച്ചും ഒമ്പതിന്റെയും പത്തിന്റെയും പുണ്യദിനങ്ങൾ.

പ്രസ്തുത ദിനങ്ങളിൽ നല്ല ഭക്ഷണമുണ്ടാക്കലും കുടുംബത്തിന് വിശാലത ചെയ്തു കൊടുക്കലും പുണ്യകർമമാണെന്ന് ഇമാം ഇമാം മുൻദിരീ (റ)അവിടുത്തെ തർഗീബ് വ തർഹീബ് എന്ന ഗ്രന്ഥത്തിൽ പറയുന്നു: ആരെങ്കിലും സ്വകുടുംബത്തിനും ബന്ധുമിത്രാദികൾക്കും ആ ദിവസങ്ങളിൽ വിശാലത ചെയ്താൽ വർഷം മുഴുവൻ അല്ലാഹു അവന് വിശാലത ചെയ്യും. ഇമാം ശർവാനി റ പറയുന്നു. മുഹർറം പത്താം ദിവസം കുടുംബത്തിന് വിശാലത ചെയ്യൽ സുന്നത്താണ്. ആ വർഷം മുഴുക്കെ അല്ലാഹു അവൻറെ കാര്യങ്ങളിൽ വിശാലത ചെയുവാൻ ഈ സൽകർമം ഹേതുവാകും. സ്വന്തക്കാർക്കും സഹായമഭ്യർത്ഥിക്കുന്നവർക്കും അശരണർക്കും അതിവിശാലമായ സൽകാരങ്ങൾ നടത്തിയും, രോഗികളെ സന്ദർശിച്ചും മഹത്തുക്കളെ പരിഗണിച്ചും ദാനധർമങ്ങൾ ചെയ്തും ഈ പുണ്യദിനങ്ങളെ നമുക്ക് ധന്യമാക്കാം.

Questions / Comments:



6 August, 2024   08:57 pm

bph3qh


RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

RELIGION

സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക്...

RELIGION

മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച...

RELIGION

തിരുദൂതരുടേയും സ്വഹാബത്തിന്റെയും സ്മരണകളിലേക്കുള്ള ഹിജ്റകളാവുകയാണ് ഓരോ വർഷാരംഭവും. മദീനയിലേക്കുള്ള പലായനം, ഇസ്ലാമിൻ്റെ സുവർണ്ണ കാലങ്ങളിലേക്കുള്ള കാൽവെപ്പു...