സാഗര സമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയം വെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾ തോറും ദേശാടനത്തിനിറങ്ങി. പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെ കിടക്കും. ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?


 


 ബുഖാരിയില്‍ രണ്ടു വിളക്കുകളുണ്ട്. അതുമാത്രം മതിയല്ലോ ബുഖാരിക്കും ബുഖാരിയുടെ വളര്‍ച്ചക്കും! പുറത്തുള്ള വലിയ ഉസ്താദുമാര്‍ പറയുന്ന കാര്യമായിരുന്നു ഇത്. അവരെല്ലാം വിശേഷിപ്പിച്ച വിളക്കുകളായിരുന്നു സി എ ഉസ്താദും തരുവറ ഉസ്താദും.
 
വിനയത്തിന്റെ പര്യായമായി ജീവിച്ച പണ്ഡിതവര്യരായിരുന്നു തരുവറ അഹ്‌മദ് മുസ്‌ലിയാര്‍. തികഞ്ഞ ആലിമും കറാമത്തുകള്‍ക്ക് ഉടമയുമായിരുന്ന അഭിവന്ദ്യ പിതാവ് മരക്കാരുട്ടി മുസ്‌ലിയാരില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. കോടങ്ങാട്  മുദരിസായിരുന്ന ഉപ്പയുടെ പക്കല്‍ നിന്ന് മുതഫരിദ് ഓതി മുതഅല്ലിം ജീവിതത്തിലേക്ക് 
കടന്നു. പതിനൊന്നാം വയസ്സില്‍ പിതാവിന്റെ വഫാത്തോടെ ഉസ്താദിന്റെ ജീവിതത്തില്‍ പരാധീനതയുടെ തുടക്കമായി.
 
 മലബാറില്‍ കോളറ പടര്‍ന്നുപിടിച്ച കാലം. നിരവധിയാളുകള്‍ ദിനേന മരണത്തിന്
 കീഴടങ്ങിക്കൊണ്ടിരുന്നു. പ്രതിവിധി തേടി നാട്ടുകാരില്‍ ചിലര്‍ പിതാവിനരികിലെത്തി.
 പിതാവ് ഒരു മൂരിയെ കൊണ്ടുവരാന്‍ പറഞ്ഞു. അതിന്റെ തലയില്‍ മന്ത്രിച്ച് പിതാവ്
 തന്നെ അറുത്തു ഇറച്ചി രോഗമുള്ളവര്‍ക്ക് വിതരണം ചെയ്തു. അങ്ങനെ കോളറ നാട്ടില്‍
 നിന്ന് അപ്രത്യക്ഷമായി.
 
 പിതാവിന്റെ വിയോഗാനന്തരം കോടങ്ങാട് കോമു മുസ്‌ലിയാരുടെയടുത്ത് പഠനം തുടര്‍ന്നു.
 മുസ്‌ലിയാരങ്ങാടിയില്‍ അലവി മുസ്‌ലിയാരുടെ ദര്‍സില്‍ അല്‍പകാലം ഓതിയ ഉസ്താദ്,
 പിന്നീട് വളമംഗലത്ത് ഇടങ്ങഴിക്കാരന്‍ കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ ദര്‍സില്‍
 ആറു വര്‍ഷത്തോളം പഠിച്ചു. അല്‍ഫിയയും ഫത്ഹുല്‍ മുഈനും തഫ്സീറുമെല്ലാം ആരംഭിച്ചത്
 ഇവിടെ നിന്നാണ്.
 
 തുടര്‍ന്ന് കോടങ്ങാട് മുദരിസായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരില്‍
 നിന്നും കുട്ടി മുസ്ലിയാരുടെ (അബ്ദുറഹ്‌മാന്‍ ഫള്ഫരി) ദര്‍സില്‍ നിന്നും
 കിതാബുകള്‍ ഓതാന്‍ അവസരം കിട്ടി.
 
 സുഹൃത്തായ കരീം മുസ്ലിയാര്‍ പട്ടിക്കാട്ടേക്ക് (അന്ന് ആദ്യ ബാച്ച്
 ആരംഭിക്കുകയാണ്) തുടര്‍ പഠനത്തിന് പോകാന്‍ കുട്ടി ഉസ്താദിനോട് അനുമതി തേടി.
 കുട്ടി ഉസ്താദ് പറഞ്ഞു: ഇല്‍മ് പഠിക്കാന്‍ നിങ്ങള്‍ ഇവിടെത്തന്നെ വേണമെന്നില്ല.
 ബറക്കത്തിനാണെങ്കില്‍ ദയൂബന്ദിലേക്കോ ബാഖിയാത്തിലേക്കോ പോകാം ഉസ്താദ്
 ദയൂബന്ദിലേക്ക് പോകാനുറച്ചു. സാമ്പത്തിക സ്ഥിതി മോശമായിരുന്നുവെങ്കിലും
 നാട്ടുകാരുടെ സഹായം കൊണ്ട് കരീം മുസ്ലിയാര്‍ക്കൊപ്പം ഉസ്താദും ദയൂബന്ദില്‍ പോയി.
 ഉസ്താദ് ദയൂബന്ദില്‍ എത്തിയതിന് ശേഷമാണ് സി.എ.ഉസ്താദ് അവിടെയെത്തുന്നത്.
 കല്ലുവെട്ടുകാരന്‍ മരക്കാര്‍ കാക്ക മാസം തോറും അയക്കുന്ന കാശു കൊണ്ടാണ്
 ഉസ്താദിന്റെ ദൈനംദിന ചെലവുകള്‍ നടന്നത്. സി.എ. ഉസ്താദിനൊപ്പം തന്നെയാണ്
 തിരിച്ചുപോന്നത്.
 
 വറുതിയുടെ കാലമാണ്. വേണ്ടവിധം വസ്ത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും ഉസ്താദ് ഏറെ
 കിതാബുകള്‍ വാങ്ങുകയും ബൈന്റ്‌ ചെയ്യുകയും ചെയ്തു. ദയൂബന്ദില്‍ നിന്ന്
 തിരിച്ചെത്തിയതില്‍ പിന്നെ വളരെ വൈകിയാണ് ദര്‍സ് ആരംഭിച്ചത്. പിതാവിന്റെ പ്രശസ്തി
 മൂലം ദര്‍സ് വലുതായാല്‍ മറ്റു പലര്‍ക്കും അത് ക്ഷീണം വരുത്തുമോയെന്ന
 ഭയമായിരുന്നുവത്രെ ദര്‍സ് ലഭിക്കാതിരിക്കാനുള്ള കാരണം.
 
 ചെറുശ്ശേരി ഉസ്താദ് പന്തല്ലൂര്‍ ദര്‍സ് തരുവറ ഉസ്താദിന് ഏല്‍പ്പിച്ചുകൊടുത്തു.
 ശേഷം തവനൂര്‍ മുണ്ടിലാക്കലില്‍ ഖുതുബയും മദ്‌റസയുമായി നീങ്ങി. തുടര്‍ന്നുള്ള
 എട്ടു വര്‍ഷം കൊണ്ടോട്ടി ഖാസിയാരകം പള്ളിയിലും ഏഴു വര്‍ഷം കോടങ്ങാട് പള്ളിയിലും
 ദര്‍സ് നടത്തി.
 
 ചെറുശ്ശേരിയുസ്താദ് കോടങ്ങാട് നിന്നും ചെമ്മാട്ടേക്ക് മാറിയതിന് ശേഷം മറ്റൊരു
 സൈനുദ്ദീന്‍ മുസ്ലിയാര്‍ മുദരിസായി നിയമിതനായി. പിന്നീടാണ് ഉസ്താദ് കോടങ്ങാട്
 മുദരിസാകുന്നത്.
 
 ആദര്‍ശധീരതയുടെ പ്രത്യക്ഷ പ്രകടനം രാഷ്ട്രീയ നേതാക്കളെ അലോസരപ്പെടുത്തി.
 കോടങ്ങാട് ഖാളിയായിരിക്കെ ഉസ്താദൊരിക്കല്‍ നിസ്‌കരിക്കാത്തവരെ നികാഹ്
 ചെയ്തുകൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് തുറന്നടിച്ചു. രാഷ്ട്രീയ കുബുദ്ധികള്‍ക്ക്
 ഉസ്താദിന്റെ നിലപാട് തീരെ സഹിച്ചില്ല. ഒടുവില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഉസ്താദിനെ
 മുദരിസ്സ് സ്ഥാനത്ത് നിന്ന് മാറ്റിക്കളഞ്ഞു. ദര്‍സ് മാറിയെങ്കിലും ഖാളി സ്ഥാനത്ത്
 ഉസ്താദ് തുടര്‍ന്നു. പിന്നെ അഞ്ചു വര്‍ഷം കാവുങ്ങലായിരുന്നു ദര്‍സ്. ശേഷം
 കടുങ്ങല്ലൂരിലേക്ക് മാറി.
 
 1989, സമസ്ത പിളര്‍പ്പിന്റെ കാലം. റമളാന്‍ കഴിഞ്ഞു വന്നപ്പോള്‍ നാട്ടുകാര്‍
 പറഞ്ഞു: പഴയ സമസ്തയുടെ ആളുകള്‍ മാത്രം ഇവിടെ നിന്നാല്‍ മതി. സമസ്തയുടെ
 മുന്‍ഗാമികളുടെ മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കൊപ്പമേ ഞാന്‍ നില്‍ക്കൂ എന്ന്
 സധൈര്യം പ്രതികരിച്ച് ഉസ്താദ് ഇറങ്ങിപ്പോന്നു. ഭൗതിക നേട്ടത്തിനായി ആദര്‍ശം പണയം
 വെക്കാന്‍ ആ വന്ദ്യഗുരുവിനാകുമായിരുന്നില്ല. വരുന്ന വഴി ഹാജിയാര്‍പടിയില്‍ വെച്ച്
 അലവി ഹാജിയെ കണ്ടു. അങ്ങനെ അങ്ങാടിയില്‍ ദര്‍സ് നടത്താന്‍ രണ്ട് പീടികമുറികള്‍
 സൗകര്യപ്പെടുത്തി.അതില്‍ പിന്നെ മേലേപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലും ദര്‍സ്
 നടത്തി.
 

ബുഖാരിയിലേക്ക്

 

 സമന്വയ വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ ജ്ഞാനപൂവാടിയിലെ ആത്മീയ സൗരഭ്യമായി ഉസ്താദ് മാറി. വിനയമാണ് വിജയമുദ്ര എന്ന് ജീവിതം കൊണ്ട് ഉസ്താദ് പഠിപ്പിച്ചു. സ്ഥാപനത്തേയും സ്ഥാപനത്തിന്റെ മുഴുവന്‍ കാര്യങ്ങളെയും സൂക്ഷ്മതയോടെ കണ്ടു. ഒരിക്കല്‍ സ്ഥാപനത്തിന്റെ ഫോണില്‍ നിന്നും സ്വന്തം ആവശ്യത്തിനുവേണ്ടി വീട്ടിലേക്ക് വിളിക്കേണ്ടിവന്നു. ഉടനെത്തന്നെ അതിനുള്ള പണം ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സ്ഥാപനത്തെയും മുതഅല്ലിമീങ്ങളെയും ജീവനു തുല്യം സ്‌നേഹിച്ചു. വാര്‍ദ്ധക്യം തളര്‍ത്തിയപ്പോഴും സ്ഥാപനത്തിനു വേണ്ടി പിരിവിനിറങ്ങി. ജീവിതത്തില്‍ മൂന്നു തവണ ഹജ്ജ് ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. കപ്പലിലായിരുന്നു ആദ്യ ഹജ്ജ് യാത്ര.
 

ഉസ്താദിന്റെ പ്രാര്‍ത്ഥനയായിരുന്നു ബുഖാരിയുടെ പുതുജീവനം. ഓരോ ദുആകളും ആത്മീയ
 നിര്‍വൃതിയിലായിരിക്കും. ബുഖാരിയില്‍ മസ്ജിദ് ആയിശയില്‍ ഒരിക്കല്‍ ഉസ്താദ് ദുആ നടത്തുന്ന സദസ്സിലേക്ക്
 ബാഫഖി തങ്ങളും സംഘവും കയറി വരികയുണ്ടായി. തങ്ങള്‍ വന്നതോ ഇരുന്നതോ ഒന്നും ഉസ്താദ്
 അറിഞ്ഞിരുന്നില്ല. തലയും താഴ്ത്തി കണ്ണീര്‍ പൊഴിച്ച് ദുആയുടെ
 ആത്മീയാഴങ്ങളിലായിരുന്നു ഉസ്താദ്. പരിസരത്ത് എന്ത് നടക്കുന്നുവെന്ന്
 അറിഞ്ഞതേയില്ല. വിനയത്തോടെ യാചനയോടെ നാഥനിലേക്കുയര്‍ത്തിയ ആ കൈകള്‍ ബുഖാരിയുടെ
 ചരിത്രത്തിലെ മുന്തിയ ചിത്രങ്ങളാണ്.
 
 ഇലാ ഹള്‌റതി റൂഹി ശഫീഇനാ..... എന്ന് പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ ഉസ്താദിന്റെ
 ശബ്ദം നേര്‍ത്തു വരും. ഉള്ളില്‍ ഘനീഭവിച്ചു കൂടിയ തിരുമഹബ്ബത്തിന്റെ
 ബഹിര്‍സ്ഫുരണമായിരുന്നത്.
 
 ഉസ്താദിന്റെ ജീവിതം അവസാനത്തോടടുക്കുന്തോറും ആ ഇഷ്ഖിന്റെ തോത് അനുസ്യൂതം കൂടി
 വരുന്നത് ശിഷ്യന്മാര്‍ നേരിട്ടനുഭവിച്ചു.
 
 പിന്നീടൊരു സമയം, ചെറിയ ഒരപകടം പറ്റുകയുണ്ടായി. അതു തരണം ചെയ്ത ശേഷം കോളേജില്‍
 തിരിച്ചെത്തിയ ഉസ്താദിന്റെ ജീവിതം കൂടുതല്‍ ആത്മീയ സൗരഭ്യമായി മാറി. നാഥനിലേക്ക്
 കൈ ഉയര്‍ത്തുമ്പോള്‍ പലപ്പോഴും നിശ്ശബ്ദനായി. മുത്ത് നബിയുടെ പേരെത്തുമ്പോള്‍
 തേങ്ങിക്കരയല്‍ പതിവായി. കുറേ നേരം വിങ്ങി പൊട്ടും, പിന്നീട് ദുആ തുടരും.
 
 മുത്ത് നബി, ഹബീബ് എന്നിങ്ങനെ അതീവ അതൃപ്പം നിറച്ച് മാത്രമേ ഉസ്താദ് തിരുനബിയെ
 പ്രയോഗിച്ചിരുന്നുള്ളൂ. തിരുനബിയെ പറയുമ്പോള്‍, അവിടുത്തെ വഫാത്
 പരാമര്‍ശിക്കുമ്പോള്‍ പരിസരം മറന്ന് പൊട്ടിക്കരയുന്ന ഉസ്താദ് ശാരീരികാവശതയുടെ
 കാലത്തും മുഴുവന്‍ സുന്നത്തുകളും കൃത്യതയോടെ പാലിക്കാന്‍ ബദ്ധശ്രദ്ധരായിരുന്നു.
 
 നടുനിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ കാലത്തും ചുമരില്‍ പിടിച്ച്
 നിന്ന്, ദീര്‍ഘമായി സുന്നത്ത് നിസ്‌കരിച്ചതും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
 വിടാതെ നോമ്പനുഷ്ഠിച്ചതും ഉസ്താദില്‍ നിന്നുള്ള വലിയ പാഠമായിരുന്നു.
 
 എഴുനേറ്റ്‌നില്‍ക്കാന്‍ പ്രയാസകരമായ സമയത്ത് കുനിഞ്ഞു നിന്ന് മുഴുവന്‍
 റവാതിബുകളും വിത്‌റും നിസ്‌കരിച്ചും വയറിനു ബാധിച്ച കലശലായ അസുഖത്താല്‍ വുളു തീരെ
 പിടിച്ചുനിര്‍ത്താന്‍ കഷ്ട്ടപ്പെടേണ്ട സമയത്തും നിത്യവുളൂവിലായി അനുസരണയോടെ
 ജീവിച്ച് കാണിച്ചു ഉസ്താദ്.
 
 തിരുഹബീബിന്റെ ഓര്‍മകളില്‍ കണ്‍നിറച്ചു വിതുമ്പിയ അനേക മുഹൂര്‍ത്തങ്ങള്‍ ഗുരു
 ജീവിതത്തിലുണ്ട്. സബ്ഖ് ഫിഖ്ഹായാലും ഫിലോസഫി യായാലും മന്‍ത്വിഖായാലും
 മുത്ത്‌നബിയോരുടെ സ്മരണകളില്‍ അവര്‍ സ്തബ്ധരാവും.
 
 ഖല്‍ബില്‍ കുളിരു കോരിയിടുന്ന ഒരനുഭൂതിയായിരുന്നു ഉസ്താദിന്റെ ശമാഇല്‍ സബ്ഖ്. ചില
 ക്ലാസുകളൊന്നും ഖത്മിലെത്തി പിരിയാറില്ല. മുത്ത് നബിയെയോ അവിടുത്തെ വഫാതോ
 പരാമര്‍ശത്തിലെത്തിച്ചേര്‍ന്നാല്‍ പല ദിവസവും കരഞ്ഞുറഞ്ഞ് ശ്വാസം കിട്ടാതെ
 പിരിഞ്ഞ് പോവാറാണ് പതിവ്.
 
 ഒരു ദിവസം എന്തോ കാര്യമായ പരിപാടി നടക്കുന്നതിനാല്‍ ഉച്ചക്ക് ശേഷം ക്ലാസിന്
 ലീവായിരുന്നു. ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മാത്രം ക്ലാസ്‌റൂമില്‍ ഏതോ
 പുസ്തകത്തിന് മുന്നിലിരിക്കുമ്പോള്‍ ഉസ്താദ് കഷ്ടപ്പെട്ട് കോണി കയറി മുകളിലെത്തി.
 ഉസ്താദ് ക്ലാസില്‍ കയറി വിനയത്തോടെ ചോദിച്ചു: നിങ്ങള്‍ക്ക് ബുദ്ധിമുട്ടായോ?
 ബാക്കിയുള്ളവരെ വിളിക്കുമോ? ഞാനിവിടെ നിന്ന് (കോളജില്‍ നിന്ന്) ഇച്ചിരി ഭക്ഷണം
 കഴിച്ചിട്ടുണ്ട്, ഒരുപിടി...അത് ഹലാലാക്കാന്‍ ഒന്ന് ഇരുന്ന് തരുമോ? നമുക്ക്
 അല്‍പം ഓതാം! മനസ്സുപിളര്‍ത്താന്‍ മാത്രം പ്രഹരശേഷിയുണ്ട് ആ ധ്വനികള്‍ക്ക്.
 
 മദ്ഹിന്റെ ലോകം ഇനിയുമേറെ അനുസ്മരിക്കാനുണ്ട്. 'മുഹമ്മദ്(സ)'എന്ന്
 പ്രയോഗിക്കുമ്പോള്‍ മീമിന് ശദ്ദ്കൂട്ടി വികൃതമാക്കുന്നത് അദബ് കേടാണെന്ന്
 പഠിപ്പിച്ചു തന്നു. അദബോട്കൂടി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍മങ്ങളുടെ
 ആത്മാവ് നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. ബുര്‍ദ വലിച്ചുനീട്ടി വികൃതമാക്കിയ
 വിദ്യാര്‍ഥികളോട് ബുര്‍ദ ''ബെറുതെയാകരുതെ'' എന്നാണ് ഉസ്താദ് നല്‍കിയ ഉപദേശം.
 അശ്‌റഖ ചെല്ലുമ്പോള്‍ ഉസ്താദ് നില്‍ക്കുന്ന ഒരു നിര്‍ത്തമുണ്ട്. കാണേണ്ടതാണാ
 കാഴ്ച. മുത്ത് നബി മുന്നിലുണ്ടെന്ന് തോന്നിപ്പോകും. തലതാഴ്തി അനങ്ങാതെ ഭവ്യതയോടെ
 തിരുമുമ്പില്‍ നിന്ന് ഫള്‌ല് തേടുന്ന ഒരു യഥാര്‍ത്ഥ അബ്ദുന്‍ മിസ്‌കീനായി
 ഉസ്താദിനെ കാണാം.
 
 ഉസ്താദ് ഒരിക്കല്‍ ഒമച്ചപ്പുഴയിലെത്തിയപ്പോള്‍ താഴെപള്ളിയിലെ പഴയകുളം കണ്ടപാടെ
 ശിഷ്യന്മാരുടെ കൈപിടിച്ച് സ്റ്റെപ്പുകളോരോന്നുമിറങ്ങി പറഞ്ഞു: 'എനിക്ക്
 വുളുവുണ്ട്. പക്ഷെ, മഹത്തുക്കളായ ആലിമുകള്‍ കഴിഞ്ഞ നാടാണിത്. അവര്‍ കുളിച്ച, വുളു
 ഉണ്ടാക്കിയ ബാക്കി വെള്ളം ലഭിച്ച കുളമാണിത്. അവരെക്കൊണ്ട് നാം രക്ഷപ്പെട്ടാലോ...'
 
 മതകാര്യങ്ങളിലും അവിടുത്തെ വിനയം സുവിദിതമാണ്. ജ്ഞാന സാഗരമായ അവിടുന്ന് ഒരു
 വിഷയത്തിലും ഫത്വ നല്‍കാറില്ല. ഉസ്താദിന്റെ ബന്ധുവും ഗുരുതുല്യനുമായ
 കണ്ണിയത്തോരുടെ (ന:മ) അഭിപ്രായം കേള്‍ക്കാതെ ഒരു ഫത്വ്‌വയും നല്‍കിയില്ല, മസ്അല
 അറിയാത്തതിനാലല്ല, അവിടുത്തെ അദബും പിന്തുണയുംകൂടി പരിഗണിച്ചായിരുന്നു. ഇടക്കിടെ
 ചെറിയ മസ്അലകളില്‍ പോലും തീര്‍പ്പുകല്‍പ്പിക്കാന്‍ തന്നെ തേടിയെത്തിയ ഉസ്താദിനോട്
 ഒരിക്കല്‍ എന്താ മോല്യേരെ ഇതൊക്കെ നിങ്ങള്‍ക്കറിയില്ലേ, അങ്ങട്ട് പറഞ്ഞ്
 കൊടുത്താളിം, എന്ന് കണ്ണിയതുസ്താദ് പറഞ്ഞതോടെ, ആ വാക്ക് ഒരു ഇജാസത്തായി കണ്ട്
 പിന്നീട് ആവശ്യാനുസരണം ശ്രദ്ധിച്ച് സ്വയം ഫത്വ്‌വ കൊടുത്ത് തുടങ്ങി.
 
 അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലായിയിരുന്നുവെങ്കിലും പ്രൗഢിയും
 പത്രാസും അവിടുത്തെ ശരീരഭാഷയിലോ വസ്ത്രത്തിലോ ഒരിക്കലും കണ്ടില്ല. പലപ്പോഴും
 ഇസ്തിരിയില്‍ ശ്രദ്ധിക്കാതെയുള്ള കോട്ടണ്‍ ഡ്രസ്സായിരുന്നു അവിടുത്തെ വേഷം. ഒരു
 ദിവസം ശമാഇല്‍ സബ്ഖില്‍ മുത്ത് നബിയുടെ വസ്ത്രരീതി പരാമര്‍ശിച്ചപ്പോള്‍ അവര്‍
 പരിസരം മറന്നു. തിരുഹബീബോര് വിടപറയുന്ന നേരം അവിടന്ന് ഗലീള് ആയ (ചണ
 നിര്‍മിതമാണെന്ന് വ്യാഖ്യാനം) വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന ഭാഗമെത്തിയപ്പോള്‍
 നിയന്ത്രിക്കാനാവാത്ത വിധം വിതുമ്പിത്തുടങ്ങി. തേങ്ങലിനിടയില്‍ ഇങ്ങനെ
 പറയുന്നുണ്ടായിരുന്നു. വഫാതിന്റെ കാലമെത്തിയപ്പോഴേക്കും മദീന സമ്പന്നമായിട്ടുണ്ട്
 കുട്ടികളെ, എന്നിട്ടും അവര്‍ സ്വീകരിച്ചത് ആ വസ്ത്രമാണ്, നമുക്കെന്താണുള്ളത്?
 എന്നിട്ടും നമ്മുടെ വസ്ത്രം കണ്ടില്ലേ. ഇങ്ങനെ ജീവിതം കൊണ്ട് തിരുമദ്ഹും
 മഹബ്ബത്തുമെഴുതിയ ഉസ്താദ് വഫാതിന് മാസങ്ങള്‍ക്ക് മുമ്പേ മരണത്തിന്
 തയ്യാറായിരുന്നു.
 
 2013 മെയ് 19ന് ആ ജ്ഞാന ജ്യോതിസ്സ് ഇലാഹിലേക്ക് മടങ്ങി. ഒരു അനാഥ ബാല്യം
 പോലെ ബുഖാരി തേങ്ങി. വേര്‍പിരിഞ്ഞ വിളക്കിനെ ഓര്‍ത്ത്...
 


 

 

Questions / Comments:



20 January, 2024   01:23 pm

Freind

ഇനിയും ഉയരങ്ങൾ കീഴടക്കാൻ എഴുതുകാരൻ സാധിക്കട്ടെ. തരുവര ഉസ്താദിന്റെ ജീവിതം അറിയിച്ചു തന്ന എഴുത്തുകാരൻ സന്തോഷങ്ങൾ.