അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്. പെരുന്നാളിനെ പങ്കുവെക്കലിന്റെ ആഘോഷമാക്കിമാറ്റുന്നതിൽ ഈ പുണ്യകർമ്മത്തിന് നിസ്തുല്യപങ്കുണ്ട്. ബലിദാനത്തിന്റെ പ്രതിഫല പൂർണതക്കനിവാര്യമായ കർമ്മശാസ്ത്ര നിലപാടുകൾ നിരീക്ഷിക്കുന്നു.
ഉള്ഹിയ്യത്ത് എന്ന ആരാധനകർമം കൊണ്ടുള്ള അത്യന്തികമായ ലക്ഷ്യം പരലോക മോക്ഷമാണ്. ഒരിക്കൽ നബി(സ്വ) തങ്ങളോട് സ്വഹാബത്ത്(റ) ചോദിച്ചു: എന്താണ് പ്രവാചകരെ ഉള്ഹിയ്യത്ത്? നിങ്ങളുടെ പൂർവ്വപിതാവായ ഇബ്റാഹീം നബി(അ)ന്റെ ചര്യയാണെന്ന് നബി(സ്വ) പറഞ്ഞു. "ഞങ്ങൾക്കതിൽ നിന്നെന്താണ് കിട്ടുക? " സ്വഹാബികൾ ചോദിച്ചു. ''അറുക്കപ്പെടുന്ന ജീവിയുടെ രോമങ്ങളുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലം ലഭിക്കും'' തിരുനബി(സ്വ) മറുപടി പറഞ്ഞു. അപ്പോൾ സ്വഹാബികൾ ചോദിച്ചു : 'നബിയേ, ചെറിയ രോമങ്ങളിൽ നിന്നോ ? നബി തങ്ങൾ പറഞ്ഞു: '' ചെറിയ രോമത്തിൽ നിന്നും കൂലി ലഭിക്കുന്നതാണ്''.
ചുരുക്കത്തിൽ ഉള്ഹിയ്യത്ത് പരലോകത്ത് കണക്കാക്കാൻ കഴിയാത്തത്ര പ്രതിഫലം ലഭിക്കുന്ന ഒരു ആരാധന കർമമാണ്. ഒരാൾക്കിങ്ങനെ കൂലി ലഭിക്കുന്നതിനപ്പുറം മഹാനായ ഇബ്റാഹീം നബിയുടെ ചര്യയെ നിലനിർത്തുകയെന്ന സാമൂഹിക ധർമം കൂടി ഉളുഹിയ്യത്തിലുണ്ട്. പെരുന്നാളിന്റെ സന്തോഷ ദിനത്തിൽ മാംസാഹാരം കിട്ടാത്ത ഒരാളുപോലും ഉണ്ടാകരുതെന്ന കരുതലിന്റെ, ഒരുമയുടെ സന്ദേശം കൂടി ഉൾക്കൊള്ളുന്നുണ്ട് ഉളുഹിയ്യത്തിൽ.
ഫിത്ർ സകാത്ത് കൊടുക്കൽ ബാധ്യതയുള്ളവർക്കെല്ലാം ഉള്ഹിയ്യത്തും സുന്നത്തുണ്ട്. അതായത് പെരുന്നാളിന്റെ രാപകലുകളിൽ തന്റെയും, ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ഭക്ഷണത്തിനും പാർപ്പിടത്തിനുമുള്ള ചിലവ് കഴിച്ച് വല്ലതും മിച്ചമുണ്ടെങ്കിൽ ഉള്ഹിയ്യത്ത് സുന്നത്താകുന്നതാണ്. ഉളുഹിയ്യത് സുന്നത് ഐൻ ( عين) ആണ്. അഥവാ, ഓരോരുത്തർക്കും ഉള്ഹിയ്യത്ത് അറുക്കൽ പ്രത്യേകം സുന്നത്തുണ്ട്. ഇനി ഒരു വ്യക്തി, തന്റെ കുടുംബത്തിലെ എല്ലാവർക്കും കൂലി ലഭിക്കണമെന്ന നിയ്യത്തോടെ അറുക്കുകയാണെങ്കിൽ അത് സുന്നത് കിഫായ ആവുകയും എല്ലാവർക്കും അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോട് കൂടെ ഓരോരുത്തരും അറുക്കണമെന്ന ശറഇന്റെ തേട്ടം ഇല്ലാതായെങ്കിലും സുന്നതായ കർമമെന്ന നിലക്ക് അപ്പോഴും ചെയ്യേണ്ടത് തന്നെയാണ്.
പെരുന്നാൾ ദിവസം, ദുൽഹിജ്ജ പത്ത്, സൂര്യൻ ഏഴ് മുഴം ഉയർന്നതിന് ശേഷം രണ്ട് റക്അത്ത് നിസ്കാരവും ഖുതുബയും കഴിഞ്ഞതിന് ശേഷമാണ് ഉള്ഹിയ്യത്ത് നിർവ്വഹിക്കേണ്ടത്. തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളിലും അറുക്കാവുന്നതാണ്.
മാട്, ആട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങൾ. നമ്മുടെ നാട്ടിൽ ലഭ്യമായത് മാടും ആടുമാണ്. മാടുകളിൽ നിന്നു തന്നെ പോത്ത് ഇനത്തിൽ പ്പെട്ടതാണ് നല്ലത്. അറുക്കപ്പെടുന്ന ജീവിക്ക് രണ്ട് വയസ് തികഞ്ഞിരിക്കണം.
ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതാണ് കോഴിയെ അറുക്കാൻ പറ്റുമെന്ന് ഇബ്നു അബ്ബാസ് ( റ ) പറഞ്ഞിട്ടുണ്ട് എന്നുള്ളത്. മദ്ഹബിന്റെ ഭാഗത്തിലൂടെ നോക്കുമ്പോൾ, മുജ്തഹിദുകളായ സ്വഹാബത്തിന്റെ മദ്ഹബുകളെ അവയുടെ അടിസ്ഥാനവും, മാർഗരേഖകളും എന്താണെന്ന് നമുക്കറിയാൻ നിർവ്വാഹമില്ലാത്തതിനാൽ സ്വീകരിക്കാൻ പറ്റില്ല. പക്ഷേ, ഇബ്നു അബ്ബാസ് (റ)പറഞ്ഞതനുസരിച്ച് ഒരാൾ പ്രവർത്തിച്ചാൽ കുറ്റക്കാരനാവില്ല.
ഒരാൾ ഒരു ഒട്ടകത്തെയോ അതിന് കഴിയില്ലെങ്കിൽ ഒരു പശുവിനെയോ സ്വന്തമായി അറുക്കലാണ് ഏറ്റവും ഉത്തമം. പങ്കുചേർന്ന് ഉളുഹിയ്യത് നിർവഹിക്കുന്നതിനേക്കാൾ നല്ലത് സ്വന്തമായി ഒരാടിനെ അറുക്കലാണ്. പങ്കുചേരലും, ആടിനെ അറുക്കലും തുല്യമായാൽ ആടിനെ അറുക്കലാണ് നല്ലത്. മാംസം നല്ലത് ആടിന്റേതാണെങ്കിലും കൂടുതൽ ആളുകളിലേക്ക് എത്തിക്കാമെന്ന നിലയ്ക്ക് പോത്ത് പോലെയുള്ളത് അറുക്കലാണ് നല്ലത്.
ആടിനെ അറുക്കുന്നതിൽ പങ്കുചേരാൻ പാടില്ല. മാടിലും ഒട്ടകത്തിലും ഏഴ് പേർക്കുവരെ പങ്കുചേരാം. കൂടാൻ പാടില്ല. ഏഴ് ഓഹരികളിൽ നിന്ന് ചിലത് ഉള്ഹിയ്യത്തും, ചിലത് അഖീഖതും, ചിലത് വിൽക്കാനും, ചിലത് സ്വന്തം ആവശ്യങ്ങൾക്കാണ് എന്നൊന്നും അറുക്കുന്നവർ കരുതുന്നതിൽ പ്രശ്നമില്ല.
നേർച്ചയാക്കപ്പെട്ടതാണെങ്കിൽ, അറുക്കപ്പെടുന്ന ജീവിയുടെ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ ഭാഗങ്ങളും ഫഖീറ്, മിസ്കീൻ എന്നീ രണ്ട് വിഭാഗങ്ങളിൽപ്പെട്ടവർക്ക് നൽകൽ നിർബന്ധമാണ്. അറുക്കുന്ന വ്യക്തിക്കോ അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കോ അതിൽനിന്നും ഒന്നും തന്നെ സ്വീകരിക്കാൻ പറ്റില്ല. വേവിക്കാതെ പച്ചയായി തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. നാടിൻറെ പുറത്തേക്കും കൊടുക്കാൻ പറ്റില്ല.
നേർച്ചയാക്കാത്ത ,സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ ഒരു ഫഖീറിനെങ്കിലും സാധാരണ നിലക്ക് അവന് കഴിക്കാൻ ആവശ്യമായത്രയും മാംസം വേവിക്കാതെ കൊടുത്താൽ സുന്നത്ത് വീടുന്നതാണ്. ബാക്കിയുള്ളത് ഫഖീറിന്നും, മിസ്കീനിന്നു മല്ലാത്തവർക്കും ഉടമക്കാർക്കും ആർക്കും കൊടുക്കാൻ പറ്റുന്നതാണ്. അമുസ്ലിങ്ങൾക്ക് കൊടുക്കാൻ പാടില്ല. അത് അവരോട് ശത്രുത പുലർത്താനോ അവഹേളിക്കാനോ അല്ല മറിച്ച്, നിസ്കാരം ഹജ്ജ് തുടങ്ങിയ ആരാധന കർമങ്ങളിലൊന്നും അമുസ്ലീങ്ങളെ ഉൾപ്പെടുത്താത്തതുപോലെ ഉള്ഹിയ്യത്ത് എന്ന ആരാധനാകർമത്തിലും അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ പറ്റില്ല എന്ന് മാത്രം. അവർക്ക് വേണ്ടി വേറെതന്നെ മാംസം വാങ്ങി അത് നൽകി സന്തോഷം പങ്കിടുകയാണ് ചെയ്യേണ്ടത്.
പങ്കുകാരായി അറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നമ്മുടെ നാടുകളിലെ മഹല്ലുകളിലെല്ലാം ഒന്നിലധികം ഗ്രൂപ്പുകൾ പങ്കുകാരായി ഉള്ഹിയ്യത്ത് അറുക്കാറുണ്ട്. ബന്ധപ്പെട്ടവർ ഇന്ന ഗ്രൂപ്പിൻ്റെ മൃഗം ഇന്നതാണെന്ന് നിർണയിക്കണം. എങ്കിലേ ഉള്ഹിയ്യത്ത് സ്വഹീഹാകൂ. മറ്റൊന്ന്, അറുക്കുമ്പോഴോ മാറ്റിനിർത്തുമ്പോഴോ ആണ് നിയ്യത്ത് ചെയ്യേണ്ടത്. നേർച്ചയാക്കപ്പെട്ടത് പങ്കുകാരായി അറുക്കുന്നതിലേക്ക് കൂട്ടാൻ പറ്റില്ല. നേർച്ചയാക്കിയത് കൂട്ടിയാൽ പിന്നെ, അത് ഫഖീർ , മിസ്കീൻ എന്ന ഗണത്തിലുള്ള നാട്ടുകാർക്ക് മാത്രമേ നൽകാൻ പറ്റുകയുള്ളൂ.
സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന മറ്റൊരു വിഷയമാണ് ഉള്ഹിയ്യത്തിന്റെ ചിലവെല്ലാം ഒരുമിച്ചു കൂട്ടി മറ്റു സാന്ത്വന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടെ എന്ന്. ഇത് വേണ്ട. ഉള്ഹിയ്യത്തെന്ന സുന്നത്ത് നിലച്ചു പോവാനാണിത് കാരണമാവുക. ഓരോ മഹല്ലിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉള്ഹിയ്യത്ത് നിർത്തുകയല്ല വേണ്ടത് . മറിച്ച് പരിഹരിച്ച് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുകയാണ് വേണ്ടത്. സാന്ത്വന പ്രവർത്തനങ്ങൾക്ക് മറ്റു മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.
മാംസം ഫഖീറുമാരുടെയും മിസ്കീൻമാരുടെയും ഉടമസ്ഥതയിലാക്കുന്നതാണ്. അവർക്കത് ഉപയോഗിക്കാനും വിൽക്കാനും പറ്റും. മറ്റുള്ളവർക്ക് അത് വിൽക്കാൻ പറ്റില്ല. മൃഗത്തിന്റെ തോൽ അറുത്തവർക്ക് വിൽക്കാൻ പറ്റില്ല. സ്വീകരിച്ചത് ഫഖീറ് ആണെങ്കിൽ തോൽ അവർക്ക് വിൽക്കാവുന്നതാണ്.