ബലിപെരുന്നാളിനെ ഇലാഹീ പ്രണയത്തിന്റെയും ആത്മാർപ്പണത്തിന്റെയും, പങ്കുവെപ്പിന്റെയും, ആഘോഷമാക്കി അടയാളപ്പെടുത്തുകയാണ് ഉള്ഹിയ്യത്. പരിശുദ്ധ ബലിദാനത്തിൻ്റെ പ്രതിഫലപൂർണതയ്ക്ക് അനിവാര്യമായ കർമശാസ്ത്രനിലപാടുകളുടെ സംഗ്രഹം.

ഉള്ഹിയ്യത്ത് എന്ന അനുഷ്ഠാനകർമത്തിൻ്റെ ആത്യന്തികലക്ഷ്യം പരലോക മോക്ഷമാണ്. ഒരിക്കൽ നബി(സ) തങ്ങളോട് സ്വഹാബത്ത്(റ) ചോദിച്ചു: എന്താണ് നബിയേ ഉള്ഹിയ്യത്ത്? നിങ്ങളുടെ പൂർവപിതാവായ ഇബ്റാഹീം നബി(അ)ന്റെ ചര്യയാണെന്ന് നബി(സ) പരിചയപ്പെടുത്തി. "ഞങ്ങൾക്കതിൽ നിന്നെന്താണ് ലഭിക്കുക? " സ്വഹാബികൾ ചോദിച്ചു. ''അറുക്കപ്പെടുന്ന ജീവിയുടെ രോമങ്ങളുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലം ലഭിക്കും'' മുത്ത്നബി(സ) മറുപടി പറഞ്ഞു.  സ്വഹാബികൾ വീണ്ടും ചോദിച്ചു : 'നബിയേ, ചെറിയ രോമങ്ങളിൽ നിന്നും ലഭിക്കുമോ? മുത്ത് നബിയുടെ മറുപടി ഇപ്രകാരമായിരുന്നു: ''ചെറിയ രോമത്തിൽ നിന്നും പ്രതിഫലം ലഭിക്കുന്നതാണ്''.

ചുരുക്കത്തിൽ ഉള്ഹിയ്യത്ത് പരലോകത്ത് കണക്കാക്കാൻ കഴിയാത്തത്ര പ്രതിഫലം പ്രധാനം ചെയ്യുന്ന ആരാധനാ കർമമാണ്. ഉള്ഹിയ്യത്തിലൂടെ പുണ്യം നേടുക എന്നതിനു പുറമെ മഹാനായ ഇബ്റാഹീം നബിയുടെ ചര്യയെ നിലനിർത്തുകയെന്ന സാമൂഹിക ധർമം കൂടിയുണ്ട്. പെരുന്നാളിന്റെ സന്തോഷസുദിനങ്ങളിൽ മാംസാഹാരം കിട്ടാത്ത ഒരാളുപോലും ഉണ്ടാകരുതെന്ന കരുതലിന്റെ, ഒരുമയുടെ സന്ദേശം കൂടി ഉൾക്കൊള്ളുന്നതാണ് ഉള്ഹിയ്യത് കർമം.

ഫിത്വർ സകാത്ത് കൊടുക്കൽ ബാധ്യതയുള്ളവർക്കെല്ലാം ഉള്ഹിയ്യത്തും സുന്നത്തുണ്ട്. അതായത് പെരുന്നാളിന്റെ രാപകലുകളിൽ തന്റെയും, ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ഭക്ഷണത്തിനും പാർപ്പിടത്തിനുമുള്ള ചിലവ് കഴിച്ച് വല്ലതും മിച്ചമുണ്ടെങ്കിൽ ഉള്ഹിയ്യത് സുന്നത്താകുന്നതാണ്. ഉള്ഹിയ്യത് സുന്നത് ഐൻ (عين) ആണ്. അഥവാ, ഓരോരുത്തർക്കും ഉള്ഹിയ്യത് അറുക്കൽ പ്രത്യേകം സുന്നത്തുണ്ട്. ഇനി ഒരു വ്യക്തി, തന്റെ കുടുംബത്തിലെ എല്ലാവർക്കും പ്രതിഫലം ലഭിക്കണമെന്ന നിയ്യത്തോടെ അറുക്കുകയാണെങ്കിൽ അത് സുന്നത് കിഫായയാവുകയും എല്ലാവർക്കും അതിന്റെ പ്രതിഫലം എല്ലാവർക്കും ലഭിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോട് കൂടെ ഓരോരുത്തരും അറുക്കണമെന്ന ശറഇന്റെ കൽപന ഇല്ലാതായെങ്കിലും സുന്നതായ കർമമെന്ന നിലക്ക് അപ്പോഴും ചെയ്യേണ്ടത് തന്നെയാണ്.

പെരുന്നാൾ ദിവസം ദുൽഹിജ്ജ പത്ത് സൂര്യൻ ഉദിച്ച് ഏഴ് മുഴം ഉയർന്ന് രണ്ട് റക്അത്ത് നിസ്കാരവും ഖുതുബയും നിർവഹിക്കാനുള്ള സമയം പിന്നിട്ടതിനു ശേഷമാണ് ഉള്ഹിയ്യത്ത് നിർവ്വഹിക്കേണ്ടത്. തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളിലും അറുക്കാവുന്നതാണ്. മാട്, ആട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങൾ. നമ്മുടെ നാടുകളിൽ ലഭ്യമായവ ആടും മാടുമാണ്. മാടുകളിൽ നിന്നു തന്നെ പോത്ത് ഇനത്തിൽപെട്ടവയാണ് നല്ലത്. അറവു മൃഗത്തിന് രണ്ട് വയസ് തികഞ്ഞിരിക്കണം.

കോഴിയെ അറുക്കൽ അനുവദനീയമാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്ഹബിന്റെ ഭാഗത്തിലൂടെ നോക്കുമ്പോൾ, മുജ്തഹിദുകളായ സ്വഹാബത്തിന്റെ മദ്ഹബുകളെ അവയുടെ അടിസ്ഥാനവും, മാർഗരേഖകളും എന്താണെന്ന് നമുക്കറിയാൻ നിർവഹമില്ലാത്തതിനാൽ സ്വീകരിക്കാൻ പറ്റുന്നതല്ല. പക്ഷേ, ഇബ്നു അബ്ബാസ്(റ) പറഞ്ഞതനുസരിച്ച് ഒരാൾ പ്രവർത്തിച്ചാൽ കുറ്റക്കാരനാവുകയുമില്ല.

ഒരാൾ ഒരു ഒട്ടകത്തെയോ അതിന് കഴിയില്ലെങ്കിൽ ഒരു പശുവിനത്തിൽ പെട്ട ജീവിയേയോ സ്വന്തമായി അറുക്കലാണ് ഏറ്റവും ഉത്തമം. പങ്കുചേർന്ന് ഉളുഹിയ്യത് നിർവഹിക്കുന്നതിനേക്കാൾ നല്ലത് സ്വന്തമായി ഒരാടിനെ അറുക്കലാണ്. പങ്കുചേരലും, ആടിനെ അറുക്കലും തുല്യമായാൽ ആടിനെ അറുക്കുന്നതിനാണ് ശ്രേഷ്ഠത. മാംസം നല്ലത് ആടിന്റേതാണെങ്കിലും കൂടുതൽ ആളുകളിലേക്ക് എത്തിക്കാമെന്ന നിലയ്ക്ക് പോത്ത് പോലെയുള്ളതിനെ അറുക്കലാണ് ഉത്തമം.

ആടിനെ അറുക്കുന്നതിൽ പങ്കുചേരാൻ പാടില്ല. മാടിലും ഒട്ടകത്തിലും ഏഴ് പേർക്കുവരെ പങ്കുചേരാം. ഏഴിൽ കൂടുതൽ പേർക്ക് അനുവദനീയമല്ല. ഏഴ് ഓഹരികളിൽ നിന്ന് അഖീഖത്, വിൽപന,  സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി എന്നിങ്ങനെ അറുക്കുന്നവർ കരുതുന്നതിൽ പ്രശ്നമില്ല.

നേർച്ചയാക്കപ്പെട്ടതാണെങ്കിൽ, അറുക്കപ്പെടുന്ന ജീവിയുടെ ഉപയോഗപ്രദമായ എല്ലാ ഭാഗങ്ങളും ഫഖീറ്, മിസ്കീൻ എന്നീ രണ്ട് വിഭാഗങ്ങൾക്ക് നൽകലാണ് നിർബന്ധം. അറുക്കുന്ന വ്യക്തിക്കോ അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കോ അതിൽനിന്നും ഒന്നും തന്നെ സ്വീകരിക്കൽ അനുവദനീയമല്ല. വേവിക്കാതെ പച്ചയായി തന്നെ വിതരണം ചെയ്യലാണ് നിർബന്ധം. നാടിൻറെ പുറത്തേക്ക് നൽകലും അനുവദനീയമല്ല.

നേർച്ചയാക്കാത്ത, സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ ഒരു ഫഖീറിനെങ്കിലും സാധാരണ നിലക്ക് അവന് കഴിക്കാൻ ആവശ്യമായത്രയും മാംസം വേവിക്കാതെ നൽകിയാൽ സുന്നത്തായ കൽപന പൂർത്തീകരിക്കപ്പെടും. ബാക്കിയുള്ളത് ഫഖീറ്, മിസ്കീന് എന്നിവരല്ലാത്തവർക്കും ഉടമക്കാർക്കും ആർക്കും കൊടുക്കാൻ പറ്റുന്നതാണ്. അമുസ്ലിങ്ങൾക്ക് നൽകാൻ പാടില്ല. അത് അവരോട് ശത്രുത പുലർത്താനോ അവഹേളിക്കാനോ അല്ല മറിച്ച്, നിസ്കാരം ഹജ്ജ് തുടങ്ങിയ ആരാധന കർമങ്ങളിലൊന്നും അമുസ്ലീങ്ങളെ ഉൾപ്പെടുത്താത്തതുപോലെ ഉള്ഹിയ്യത്ത് എന്ന ആരാധനാകർമത്തിലും അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് മാത്രം. അവർക്ക് വേണ്ടി വേറെ തന്നെ മാംസം വാങ്ങി അത് നൽകി സന്തോഷം പങ്കിടുകയാണ് ചെയ്യേണ്ടത്.

പങ്കുകാരായി അറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നമ്മുടെ നാടുകളിലെ മഹല്ലുകളിലെല്ലാം ഒന്നിലധികം ഗ്രൂപ്പുകൾ പങ്കുകാരായി ഉള്ഹിയ്യത്ത് അറുക്കാറുണ്ട്. ബന്ധപ്പെട്ടവർ ഓരോ ഗ്രൂപ്പിൻ്റെയും മൃഗത്തെ  നിർണയിച്ചു നൽകണം. എങ്കിലേ ഉള്ഹിയ്യത്ത് സ്വഹീഹാവുകയുള്ളൂ. മറ്റൊന്ന്, അറുക്കുമ്പോഴോ മാറ്റിനിർത്തുമ്പോഴോ ആയിരിക്കണം നിയ്യത്ത് ചെയ്യേണ്ടത്. നേർച്ചയാക്കപ്പെട്ടത് പങ്കുകാരായി അറുക്കുന്നതിലേക്ക് കൂട്ടാൻ പാടില്ല. നേർച്ചയാക്കിയത് കൂട്ടിയാൽ പിന്നെ, അത് ഫഖീർ, മിസ്കീൻ എന്ന ഗണത്തിലുള്ള നാട്ടുകാർക്ക് മാത്രമേ നൽകൽ അനുവദനീയമാവുകയുള്ളൂ.
ബലിമൃഗത്തിൻ്റെ മാംസം ദാനമായി നൽകുന്നതിലൂടെ ഫഖീർ മിസ്കീൻ വിഭാഗത്തിൽ ഉൾപെടുന്നവർക്ക് മാംസത്തിൻ്റെമേൽ  ഉടമസ്ഥതാവകശം ലഭിക്കും. അതിനാലവർക്കത് സ്വയം ഉപയോഗിക്കലും മറ്റുള്ളവർക്ക് വിൽക്കലും അനുവദനീയമാണ്. അവരല്ലാത്ത മറ്റു സ്വീകർത്താക്കൾക്ക് ഉപയോഗിക്കാമെങ്കിലും മറ്റുള്ളവർക്ക് മാംസത്തെ വിൽക്കൽ നിഷിദ്ധമാണ്. ഇതേ നിയമങ്ങൾ തന്നെയാണ് മൃഗത്തിന്റെ തോൽ പോലുള്ളയ്ക്കും ബാധകമാവുന്നത്. അതുകൊണ്ട് സുന്നത്തായ ഉള്ഹിയ്യതാണെങ്കിൽ പോലും ഉള്ഹിയ്യത്ത് ചെയ്യുന്ന വ്യക്തിക്ക് അവയെ കച്ചവടം ചെയ്യൽ ഹറാമാണ്.  ആർക്കാണോ ഉള്ഹിയ്യതുകാരൻ കൊടുക്കാൻ ഉദ്ദേശിച്ചത് അവർക്ക് ഏൽപ്പിക്കുക ആ ഫഖീറോ മിസ്കീനോണെങ്കിൽ തോലുപോലുള്ളവ അവർക്ക് വിൽക്കാവുന്നതാണ്. അല്ലാത്ത പക്ഷം കച്ചവടം പോലുള്ള ഇടപാടുകളല്ലാത്ത ഉപയോഗം മാത്രമേ അനുവദനീയമാവുകയുള്ളൂ.

സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവാറുള്ള മറ്റൊരു വിഷയമാണ് ഉള്ഹിയ്യത്തിന്റെ ചിലവെല്ലാം ഒരുമിച്ചു കൂട്ടി മറ്റു സാന്ത്വന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടെയെന്നുള്ള വിമർശനങ്ങൾ. സുന്നതിനെ ഇല്ലായ്മ ചെയ്യുക എന്ന  ദുരുദ്ദേശ്യപരമായ ദൗത്യത്തിന്റെ ഭാഗമായി ചില പിന്തിരിപ്പന്മാരുയർത്തുന്ന വാദങ്ങളാണവ. ഉള്ഹിയ്യത്തെന്ന സുന്നത്ത് നിലച്ചു പോവുന്നതിലേക്കാണിത് കാരണമാവുക. ഓരോ മഹല്ലിലും എന്തെങ്കിലും പ്രശ്നങ്ങളോ അത്യാവശ്യങ്ങളോ ഉണ്ടാകുമ്പോൾ കാലങ്ങളായി ആചരിച്ചുവരുന്ന ഉള്ഹിയ്യത് പോലുള്ള സൽക്കർമങ്ങളെ നിർത്തുകയല്ല വേണ്ടത്. മറിച്ച് പരിഹരിച്ച് കൂടുതൽ ക്രിയാത്മകമായി പ്രവർത്തനങ്ങൾ കാഴ്ച വെക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് വേണ്ടത്. സാന്ത്വന സാമൂഹിക പ്രവർത്തനങ്ങൾക്ക് മഹല്ലിനു കീഴിൽ മറ്റു മാർഗങ്ങളെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

Questions / Comments:No comments yet.


RELIGION

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി....

RELIGION

മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ....