'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്.
"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.