ഈ ബ്രഹ്മാണ്ഡം സ്വയം ഭൂവാണെന്നും ഒരു സ്രഷ്ടാവിലേക്കതിന് യാതൊരുവിധ ആവശ്യവുമില്ലെന്നും വിശ്വസിക്കുകയും അതിന്മേൽ ദൈവനിരാസത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ്. ഘടാഘടിയൻ ഫാലസികൾ വിളമ്പി പുകമറ സൃഷ്ടിച്ചതുകൊണ്ട് ഒളിപ്പിച്ചു വെക്കാവുന്നതല്ല അത്തരം യുക്തിനിഷേധികളുടെ പൊള്ളത്തരങ്ങൾ.

ഈ കാണുന്ന പ്രപഞ്ചത്തിനൊരു സൃഷ്ടാവുണ്ടോ? ഉണ്ടെങ്കിൽ എന്താണ് തെളിവ്? സോഷ്യൽമീഡിയയുടെ അതിപ്രസരണം യുവതലമുറയുടെ സമയത്തിന്റെ സിംഹഭാഗവും കവർന്നെടുക്കുന്ന പുതിയ കാലത്ത് ഈ ചോദ്യം ചോദിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ടുതരം പ്രതികരണങ്ങളാണ് ഇത്തരം ചോദ്യകർത്താക്കളെ കാത്തിരിക്കുന്നത്. പ്രപഞ്ചം സ്വയംഭൂവാണെന്നും അതിന് സൃഷ്ടാവൊന്നുമില്ലെന്നുമുള്ള മറുപടിയാണ് ഇവയിലൊന്ന്. പ്രപഞ്ചത്തിന് തുടക്കമില്ലെന്നും ചിലർ പറഞ്ഞേക്കാം. നാസ്തിക പക്ഷക്കാരാണിതിന്റെ കക്ഷികൾ. ദൈവമില്ലെന്ന് ആയിരംവട്ടം ആണയിട്ട് പറയുന്നുവെന്നല്ലാതെ അത് സമർത്ഥിക്കാനാവശ്യമായ തെളിവുകളൊന്നും അവരുടെ പക്കലില്ല. പ്രിയ അനുവാചകന് സ്വാഭാവികമായും ഇവിടെ ഒരു സംശയമുദിക്കാൻ സാധ്യതയുണ്ട്. ദൈവമുണ്ടെന്ന് പറയുന്നവരല്ലേ അതിനു തെളിവ് പറയേണ്ടത്. ദൈവം ഇല്ലെന്നു വാദിക്കുന്നവർ തെളിവ് പറയേണ്ടതുണ്ടോ?. തീർച്ചയായും ഉണ്ട്. ഒരുദാഹരണത്തിലൂടെ ഞാനത് വ്യക്തമാക്കാം. വിജനമായൊരു സ്ഥലത്ത് വെച്ച് ഒരാൾ മറ്റൊരാളെ കൊന്നു. യഥാർത്ഥ കൊലയാളിയെ തന്നെ നിയമപാലകർ പിടിച്ച് കോടതിയിൽ ഹാജരാക്കി. പക്ഷേ വ്യക്തമായ തെളിവുകളുടെ അഭാവമുള്ളത് കൊണ്ട് കോടതിയിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല. കോടതി അയാളെ വെറുതെവിട്ടു. കുറ്റം ചെയ്തെന്ന് സ്ഥാപിക്കാനായില്ല എന്ന കാരണത്താൽ അയാൾ കുറ്റവാളിയല്ലെന്ന് തറപ്പിച്ചു പറയാനൊക്കുമോ? ഇല്ല മറിച്ച്, കൃത്യം നടക്കുന്ന സമയത്ത് അദ്ദേഹം മറ്റൊരു സ്ഥലത്തായിരുന്നു എന്ന് തുടങ്ങിയ തെളിവുകൾ വെച്ച് തൻറെ നിരപരാധിത്വം തെളിയിച്ചെങ്കിൽ മാത്രമേ അയാൾ നിരപരാധിയാണെന്ന് തറപ്പിച്ച് പറയാനാവൂ.

ഇതുപോലെ ദൈവമില്ലെന്ന വാദത്തിന് തെളിവായി ദൈവമുണ്ടെന്ന് സ്ഥാപിക്കാനായില്ല എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ആയില്ലെങ്കിൽ ദൈവമില്ലെന്ന് ഉറപ്പാകുമോ? മേൽപ്പറഞ്ഞ ഉദാഹരണം ഇല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നില്ലേ? സൂചിത ഉദാഹരണത്തിൽ ആ വ്യക്തിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനാവാത്ത കാലത്തോളം കുറ്റവാളി ആവാനുള്ള സാധ്യത നിലനിൽക്കുന്നതുപോലെ തെളിവുകൾ നിരത്തി നാസ്തികത സ്ഥാപിക്കപ്പെടാത്ത കാലത്തോളം ദൈവാസ്തിക്യത്തിനുള്ള സാധ്യത നിലനിൽക്കുകതന്നെ ചെയ്യും. അതിനാൽ ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ആസ്തിക പക്ഷം ബാധ്യസ്ഥരായതുപോലെ ദൈവം ഇല്ല എന്നതിന് തെളിവ് നിരത്താൻ നാസ്തിക പക്ഷത്തിനും ബാധ്യതയുണ്ട്. അത്തരം തെളിവുകളൊന്നും അവരുടെ പക്കലില്ല താനും. നവനാസ്തികരുടെ അപ്പോസ്തലൻ റിചാർഡ് ഡിക്കൻസ് വരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു പബ്ലിക് ഡയലോഗിനിടെ താന്‍ നൂറുശതമാനം ദൈവമില്ലെന്ന് വാദിക്കുന്നവനല്ലെന്ന് സമ്മതിക്കുന്നുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് അതിനുള്ള സാധ്യതയായി താന്‍ കരുതുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാണുന്ന പ്രപഞ്ചം അനാദി അല്ല. ഇല്ലായ്മയിൽനിന്ന് അതിനെ ഉണ്മയിലേക്ക് പരിവർത്തിപ്പിച്ച ഒരു സ്രഷ്ടാവുണ്ട്. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളുടെയും മറുപടി ഇങ്ങനെയായിരിക്കും. ഇസ്ലാമിക വിശ്വാസ മേഖലയിലെ കള്ളനാണയങ്ങളെ പ്രതിരോധിക്കുകയും പ്രതിയോഗികളുടെ ചോദ്യ ശരങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്ന
ഇൽമുൽ കലാം സ്രഷ്ടാവിനെക്കുറിച്ചുള്ള ഇസ്ലാമിൻറെ കാഴ്ചപ്പാടിനെ കൃത്യമായി നിർണയിക്കുകയും സലക്ഷ്യം സമർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ദൈവാസ്തിക്യത്തെ സ്ഥാപിക്കാൻ ഇൽമുൽ കലാം മുന്നോട്ടുവച്ച തെളിവുകളുടെ കൂട്ടത്തിൽ നിന്ന് ഒന്ന് ഞാൻ ഇവിടെ പറയാം. പ്രപഞ്ചം അനാദിയാണോ? ആണെങ്കിൽ അതിന് സൃഷ്ടാവിനെ അന്വേഷിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. ഇൽമുൽ കലാം പറയുന്നു: പ്രപഞ്ചത്തിലുള്ള ദൈവമല്ലാത്തതെല്ലാം പുതുതായി ഉണ്ടായതാണ്. അതായത് ഇല്ലായ്മക്ക് ശേഷം ഉൺമയിലേക്ക് വന്നതാണ്. ഇത് തെളിയിക്കാൻ പ്രപഞ്ചത്തെയാകമാനം അതായത് ദൈവം അല്ലാത്തതിനെയെല്ലാം അവർ രണ്ടായി ഭാഗിക്കുന്നു. ഒന്ന്,സത്ത രണ്ട്, അവയുടെ വിശേഷണം. സ്വന്തമായി നിലനിൽപ്പുള്ളത് എന്നാണ് സത്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലനിൽപ്പിന് മറ്റൊരു വസ്തുവിനെ എപ്പോഴും ആശ്രയിക്കുന്നതാണ് വിശേഷണം. ഉദാഹരണത്തിന് ഒരു കല്ലിന്റെ നീളം വീതി ചലനം നിശ്ചലനം എല്ലാം വിശേഷണങ്ങളാണ്. അവ നിലനിൽക്കുന്ന കല്ലിൻറെ തടി സത്തയുമാണ്.

ഈ വിശേഷണങ്ങൾ മുഴുക്കെ പുതുതായി ഉണ്ടായതാണെന്നാണ് ഇൽമുൽ കലാം ആദ്യം സ്ഥാപിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഞാനിത് വ്യക്തമാക്കാം. 
രാവിലെ പത്തുമണിക്ക് അടിച്ച കാറ്റിൽ അതു വരെ നിശ്ചലമായി നിന്നിരുന്ന എൻറെ വീടിനുമുന്നിലെ പ്ലാവ് ഒന്ന് ആടി. അല്പസമയത്തിനുശേഷം വീണ്ടും അത് നിശ്ചലമായി. ചലനം നിശ്ചലനം ഈ രണ്ട് വസ്തുതകളിൽ നിന്ന് ഒന്നുമില്ലാത്ത ഒരു ഘട്ടം ഈ മരത്തിന് ഉണ്ടാവില്ലെന്ന് ഉറപ്പാണല്ലോ. ഇവ രണ്ടും നശിച്ചു പകരം മറ്റൊരു അവസ്ഥ മാറിവരുന്നത് നാം കാണുകയും ചെയ്തു. ഈ നാശം ഈ രണ്ട് അവസ്ഥകളും അനാദികൾ അല്ല എന്നതിൻറെ കൃത്യമായ തെളിവാണ്. എന്തുകൊണ്ട്? പറയാം. ഏതൊരു വസ്തുവും അനാദിയാവാൻ രണ്ടേരണ്ടു കാരണങ്ങളേ ഉള്ളൂ .ഒന്ന് ഒരു വസ്തു സ്വയം ഉണ്മയുള്ളതാവുക രണ്ട് ഒരു വസ്തുവിന്റെ ഉണ്മ സ്വയം ഉണ്മ ഉള്ള വസ്തുവിനോട് വിട്ടൊഴിയാത്ത ബന്ധമുള്ളത് ആവുക. സ്വയം ഉണ്മയുള്ള വസ്തുവിലുള്ള സ്ഥിരമായ വിശേഷണങ്ങൾ ഇതിനുദാഹരണമാണ്. ഈരണ്ടു വസ്തുക്കൾക്കും നാശം അസംഭവ്യമാണ്. ഇവിടെ പത്തുമണി വരെയുണ്ടായിരുന്ന നിശ്ചലാവസ്ഥ നശിച്ചാണല്ലോ ചലനം എന്ന വിശേഷണം വന്നത്. അതിനാൽ ചലനം പുതുതായി വന്നതാണെന്നതിന് തെളിവ് പറയേണ്ടതില്ല. നിശ്ചലാവസ്ഥ നശിച്ചാണല്ലൊ ചലനം വന്നത് ആ നാശം നിശ്ചലാവസ്ഥയും അനാദിയല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇനി നമുക്ക് സത്തയിലേക്ക് വരാം. ഈ മരത്തിന് ചലനം നിശ്ചലനം എന്നീ രണ്ട് അവസ്ഥയിൽനിന്ന് ഒഴിവായ ഒരുഘട്ടം ഇല്ലെന്ന് നേരത്തെ നാം പറഞ്ഞിരുന്നു. ചലനവും നിശ്ചലനവും ആണെങ്കിലോ അവരണ്ടും പുതുതായി ഉണ്ടായതാണ് താനും. ചിന്തിക്കുക, ഈ സത്ത അനാദിയാണെങ്കിൽ ചലന നിശ്ചലനമില്ലാത്ത ഒരു അവസ്ഥ അതിനുണ്ടായിരുന്നു എന്ന് പറയേണ്ടിവരും. അതാരും പറയില്ലയെന്ന് തീർച്ച. അപ്പോൾ പുതുതായുണ്ടായ ചലന നിശ്ചലനം എന്നീഅവസ്ഥകളോടൊപ്പം മാത്രമുണ്ടാകുന്ന സത്തയും പുതുതായി ഉണ്ടായതാണെന്ന് സ്ഥിരപ്പെട്ടു. ഒരു നിശ്ചിതകാലംവരെ ഇല്ലായ്മയിൽ ആയിരുന്ന ഈ മരത്തെ ഒരു നിശ്ചിതസമയത്ത് ഉണ്മയിലേക്ക് കൊണ്ടുവന്നത് ആരാണ്? അത് താനെ ഉണ്ടാകുമെങ്കിൽ അൽപം നേരത്തെ ഉണ്ടാവാഞ്ഞത് എന്ത് കൊണ്ട്?കുറച്ചു കഴിഞ്ഞും ഉണ്ടാവുമായിരുന്നല്ലോ? മരത്തെ അപേക്ഷിച്ച് തീർത്തും തുല്യമായ ഈ മൂന്ന് സമയങ്ങളിൽ നിന്നും ഒരു സമയത്തിന് മുൻഗണന വന്നതെങ്ങനെ? ആലോചിച്ചുനോക്കൂ. ഒരു 
തുലാസിന്റെ രണ്ട് തട്ടിൽ ഒരു തട്ട് ഒരു കാരണവുമില്ലാതെ താഴ്ന്നെന്ന് പറഞ്ഞാൽ നിങ്ങൾ അത് അംഗീകരിക്കുമോ. ഇല്ല. എന്തുകൊണ്ട്‌? രണ്ട് തട്ടും തുല്യമായി നിൽക്കുമ്പോൾ ഒരു കാരണവുമില്ലാതെ ഒരു തട്ട് താഴേക്ക് പോകൽ അസംഭവ്യം ആയതുകൊണ്ടുതന്നെ. ഇനി ഉയർന്നുനിൽക്കുന്ന തട്ട് ഒരു കാരണവുമില്ലാതെ താനേ താഴ്ന്നു എന്ന് പറഞ്ഞാലോ? അതും അംഗീകരിക്കാനാവുന്നില്ലല്ലേ. പിന്നെങ്ങനെ ഇല്ലായ്മ എന്ന അവസ്ഥയിൽനിന്ന് ഉണ്മയിലേക്ക് പ്രപഞ്ചം താനെ വന്നതാണെന്നത് നാംഅംഗീകരിക്കും. തുല്യമായ സമയങ്ങളിൽ നിന്ന് ഒരു നിശ്ചിതസമയത്ത് ഈ മരംഉണ്മ പ്രാപിച്ചത് യാതൊരു കാരണവുമില്ലാതെ ആവുമോ? ആവാമെങ്കിൽ തുലാസിന്റെ രണ്ടിലൊരു തട്ട് താനെ താഴാമെന്നും പറയൂ…

പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളെയും നാം ഈ ഒരു രൂപത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ അവയിലൊന്നുപോലും അനാദിയില്ലെന്ന് നമുക്ക് ബോധ്യമാവും. കാരണം, അവയുടെ അവസ്ഥകൾ/ വിശേഷണങ്ങൾ മാറ്റങ്ങൾക്ക് വിധേയമാണ്. മാറ്റങ്ങൾക്ക് വിധേയമാവുന്ന ഈ അവസ്ഥകൾ തങ്ങൾ അനാദികളല്ലെന്ന് വിളിച്ചറിയിക്കുന്നു. അപ്പോൾ ഈ അവസ്ഥകളോട് കൂടെ മാത്രമുണ്ടാകുന്ന വസ്തുക്കളും പുതുതായുണ്ടായതാവാനേ തരമുള്ളൂ. പുതുതായി ഉണ്ടായതാണെങ്കിൽ അതിനുണ്മ നൽകിയ കാരണത്തെ നാം അന്വേഷിക്കും. ആ കാരണങ്ങളുടെ ശൃംഖല ചെന്നവസാനിക്കുന്ന സർവ്വ ശക്തിയാണ് അള്ളാഹു. അപ്പോൾ അള്ളാഹു എങ്ങനെ ഉണ്ടായി? അവനെ ഉണ്ടാക്കിയതാരാണ്? ഒറ്റനോട്ടത്തിൽ ഒരു ഗമണ്ടൻ ചോദ്യമാണ്. ഉത്തരം ആണെങ്കിലോ വളരെ ലളിതവും. ഒരുകാലത്ത് ഇല്ലായ്മയുള്ള വസ്തുവിനെക്കുറിച്ച് അല്ലേ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കാൻ ആകൂ. അല്ലാഹുവിന് ഇല്ലായ്മ എന്ന അവസ്ഥ ഉണ്ടായിട്ടില്ല. അപ്പോൾപിന്നെ ആരുണ്ടാക്കിയെന്ന ചോദ്യത്തിന് തരിമ്പും സ്ഥാനമില്ലെന്ന് അർത്ഥം. ദൈവം പുതുതായി ഉണ്ടായതാണെന്ന് തെളിയിച്ച ശേഷം മാത്രമേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ എന്ന് ചുരുക്കം.

അല്ലാഹു അനാദിയോ? അതിനെന്താണ് തെളിവ്? അതുകൂടെ പറഞ്ഞു ഞാൻ അവസാനിപ്പിക്കാം. പുതുതായി ഉണ്ടായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അനാദിഅല്ലെങ്കിൽ ആരാണ് ആ സൃഷ്ടാവിനെ ഉണ്ടാക്കിയത്. ആ സൃഷ്ടാവ് അനാദിയാണോ? അല്ലേ? അതുംപുതുതായി ഉണ്ടായത് ആണെങ്കിൽ അതിന്റെ സൃഷ്ടാവ് ആരാണ്? അറ്റമില്ലാതെ നീണ്ടുപോകുന്ന ഒരു പരമ്പരയാണ് നമ്മുടെ മുന്നിൽ രൂപപ്പെടുക ‘നമ്മുടെ മുന്നിൽ കാണുന്ന ഈ പ്രപഞ്ചം അറ്റമില്ലാതെ നീണ്ടുപോകുന്ന ഒരു പരമ്പരയെ നിരാകരിക്കുന്നുണ്ട്. ഒരു ദാഹരണം നോക്കൂ. ഞാനൊരു കാര്യം പറയണമെങ്കിൽ എന്നോട് മറ്റൊരാൾ ആ കാര്യം പറയണം.അദ്ദേഹത്തിന് മറ്റൊരാൾ പറഞ്ഞു കൊടുത്തെങ്കിലേ അയാൾ പറയൂ. ഈ ശൃംഖല ഇപ്രകാരം അറ്റമില്ലാതെ നീണ്ട് പോയാൽ ഞാൻ ആ കാര്യം പറയൽ ഒരിക്കലും സംഭവിക്കില്ല. ഞാനാകാര്യം എന്നെങ്കലും പറയുന്നുവെങ്കിൽ അതിന്റെ അർത്ഥം ആശൃംഖല ഏതോ ഒരു കണ്ണിയിൽ അവസാനിച്ചെന്നല്ലേ. പ്രപഞ്ചവും തഥൈവ. അപ്പോൾ നാം ഇക്കാണുന്ന പ്രപഞ്ചം അനാദിയായ ഒരു സൃഷ്ടാവിന്റെ കരവിരുത് തന്നെയാണ് എന്ന് ബോധ്യമാവുന്നു.

സർവ്വശക്തനും എല്ലാത്തിന്റെയും പരിപാലകനുമായ അല്ലാഹുവിന് ഒരുതരത്തിലുള്ള പങ്കുകാരുമില്ലെന്നാണ് ഇസ്ലാമിൻറെ കാഴ്ചപ്പാട്. ദൈവാസ്തിക്യത്തെ വിളംബരം ചെയ്യുന്ന ഇതര മതങ്ങളിലെ ദൈവ സങ്കല്പങ്ങളിൽ നിന്നും ഇസ്ലാമിൻറെ ദൈവ കാഴ്ചപ്പാട് വ്യതിരക്തമാകുന്നത് ഇവിടെയാണ്. ഇക്കാര്യം കൂടെ സലക്ഷ്യം സമർത്ഥിച്ചെങ്കിലേ ഇസ്ലാമിക കാഴ്ചപ്പാടിന്റെ ആധികാരികത അനാവൃത മാവുകയുള്ളൂ. ഒരു ഉദാഹരണത്തിലൂടെ ഞാനത് പറയാം. ഒന്ന് സങ്കല്പിച്ചുനോക്കൂ നാളെ രാവിലെ പത്ത് മണിക്ക് ഒരു കെട്ടിടം തകർന്നു വീഴണമെന്ന് ഒരു ദൈവം തീരുമാനിക്കുന്നു. അത് വേണ്ടെന്ന് അതേസമയം തന്നെ രണ്ടാമത്തെ ദൈവവും തീരുമാനിക്കുന്നു. തീർച്ചയായും ഇതിൽ രണ്ടാലൊന്ന് സംഭവിച്ചേ പറ്റൂ. രണ്ടും നടക്കൽ അസംഭവ്യവുമാണ്.നാളെ രാവിലെ പത്ത് മണിക്ക് എന്ത് സംഭവിക്കും? തകരുമോ? എങ്കിൽ തകരണം എന്ന് തീരുമാനിച്ചവനാണ് യഥാർത്ഥ ദൈവം. തകരാതെ തുടരുമോ? എങ്കിൽ തകരേണ്ടന്ന് തീരുമാനിച്ചവനാണ് യഥാർത്ഥ ദൈവം. താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിൽവരുത്താൻ സാധിക്കുന്നവനാവണമല്ലോ യഥാർത്ഥ ദൈവം. ഏകത്വത്തിന് തെളിവായി ഇൽമുൽ കലാം അവതരിപ്പിച്ച തെളിവിന്റെ സംഗ്രഹം ആണിത്. ഇതര മതങ്ങളിലെ ബഹുദൈവ സങ്കൽപ്പങ്ങളുടെ യുക്തിരാഹിത്യമാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്ലാമിക കാഴ്ചപ്പാടിന്റെ ആധികാരികതയും സ്ഥലകാലങ്ങളിൽ പരിമിതപ്പെട്ടു മാത്രം ജീവിക്കുന്ന മനുഷ്യന് സ്ഥലങ്ങളിൽനിന്ന് പരിശുദ്ധനായ അരൂപിയായ അല്ലാഹുവിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. എന്നുവെച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട ദൈവാസ്തിക്യത്തെ നിഷേധിക്കാനൊക്കുമോ. ഇല്ല .20 Hzതാഴെയുള്ളതോ ഇരുപതിനായിരം Hzനു മുകളിൽ ഉള്ളതോ ആയ ഒരു ശബ്ദവും മനുഷ്യൻറെ കർണപുടങ്ങൾക്ക് ഗോചരമല്ല. ഇൻഫ്രാറെഡ് അൾട്രാവയലറ്റ് കിരണങ്ങൾ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുമാവില്ല. എന്നുവെച്ച് അത്തരം ശബ്ദവീചികളും പ്രകാശകിരണങ്ങളും ഇല്ലെന്ന് പറയുന്നതിന് സമാനമാണ് മനുഷ്യമനസ്സിന് എങ്ങനെയെന്ന് പൂർണ്ണമായും ഉൾക്കൊള്ളാനായില്ല എന്നപേരിൽ അല്ലാഹുവിനെ നിഷേധിക്കുന്നതും. നിരന്തരം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വേദഗ്രന്ഥത്തിന്റെ വാക്താക്കൾ ആണ് മുസ്ലിംകൾ. ചിന്തിക്കാൻ ശേഷിയുള്ളവർ ദൈവാസ്തിക്യത്തെ തെളിവുസഹിതം മനസ്സിലാക്കൽ നിർബന്ധബാധ്യതയാണെന്ന് ഇസ്ലാം വീക്ഷിക്കുന്നു. ശേഷി ഉണ്ടായിരിക്കെ ചിന്തിക്കാത്തതിന്റെ പേരിൽ അത്തരക്കാർ കുറ്റക്കാരാണെന്നാണ് ഇസ്ലാമിൻറെ ഭാഷ. ഇക്കാര്യം ഇമാം ബാജൂരി (റ) വ്യക്തമാക്കുന്നുണ്ട്. അന്ധമായി അനുകരിക്കാനല്ല തെളിവുകളറിഞ്ഞ് പ്രപഞ്ചനാഥനിൽ വിശ്വസിക്കുവാനാണ് ഇസ്ലാമിന്റെ അധ്യാപനം. അവരവരുടെ ചിന്താശേഷിക്കനുസരിച്ച് തെളിവുകൾ മനസ്സിലാക്കി തന്നെയായിരുന്നു സർവ്വരും ഇസ്ലാം പുൽകിയത്.”നടന്നു പോകുന്നതിനിടയിൽ ഒട്ടകക്കാഷ്ടം കണ്ടാൽ ഒരു ഒട്ടകം ഈ വഴിയിലൂടെ നടന്നു പോയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാവും. ഇതുപോലെ ആരെയും അത്ഭുതപ്പെടുത്തുന്ന മികവോടെ പണികഴിപ്പിക്കപ്പെട്ട ഈ വൻകരകരള ടങ്ങിയ ഭൂമിയും രാശികളുടയ ആകാശവും ഒരു സൃഷ്ടാവിന്റെ ആസ്തിക്യത്തെ വിളിച്ചുപറയുന്നുണ്ട് “സ്രഷ്ടാവിന്റെ ആസ്തിക്യത്തിന് തെളിവായി ഒരു ഗ്രാമവാസിയായ അനുചരൻ നിരത്തിയ തെളിവാണിത്. നിർമ്മാതാവ് ഇല്ലാതെ നിർമ്മിതി ഉണ്ടാവില്ലല്ലോ എന്ന് തന്റെതായ ഭാഷയിൽ പ്രതികരിക്കുകയാണ് ആ അനുചരൻ.

Questions / Comments:



No comments yet.