സഹിഷ്ണുത തിരുനബി ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. ശത്രുവിനോട് പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഖുർആനിൽ അല്ലാഹു പറയുന്നു. "ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിലാണ് അങ്ങ് നിയോഗ്യനായതെന്ന്”. ഇതിനെ യാഥാർത്ഥ്യമാക്കിയ ജീവിതമായിരുന്നു തിരുദൂതരുടേത്.
വിശ്വസ്തതയും കരുണയും കാരണമാണ് മുഹമ്മദ് നബി(ﷺ) 'അൽ അമീൻ' എന്ന പേരിൽ അറിയപ്പെട്ടത് . പീഡനങ്ങൾ സഹിച്ചിട്ടും സത്യത്തിൽ ഉറച്ച് നിന്നു. നീതിയും ക്ഷമയും കൊണ്ട് സകല കാലത്തിനും ലോകത്തിനും മാതൃകയാവുകയായിരുന്നു റസൂൽ.
പ്രവാചകജീവിതം ആരോഗ്യത്തിനുള്ള സമഗ്ര പാഠമാണ്. ശുചിത്വവും മിതമായ ഭക്ഷണ രീതിയും പഠിപ്പിച്ചു. വ്യായാമത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകി. ദിക്റും പ്രാർത്ഥനയും മന:ശാന്തി നൽകുന്നുവെന്ന് തെളിയിച്ചു. പ്രകൃതിദത്ത ചികിത്സയും രോഗപ്രതിരോധവും ചേർത്ത് കാലാതീതമായ ഒരു ആരോഗ്യദർശനം രൂപപ്പെടുത്തി.
ശത്രുക്കളിൽ നിന്ന് നിരന്തരം അക്രമങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടും ഒരിക്കൽ പോലും അവരുടെ നാശം മുത്ത് നബി ആഗ്രഹിച്ചില്ല. പീഢനങ്ങളെത്ര തന്നെ നേരിട്ടാലും, ശത്രുക്കൾക്ക് സത്യം മനസ്സിലാക്കാനും അതംഗീകരിക്കാനുമുള്ള അവസരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ് കരുണയുടെയും വിട്ടുവീഴ്ചയുടെയും തിരുനബി മാതൃക.
വാക്ക് പാലിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്. വാഗ്ദത്ത ലംഘനം കപട വിശ്വാസിയുടെ അടയാളമായി ഇസ്‌ലാം എണ്ണുമ്പോൾ വാഗ്ദത്തം നിറവേറ്റുന്നവരെ വിജയികളായും വാഴ്ത്തുന്നു. വാക്കുകളിലും പ്രവൃർത്തികളിലും ഒരുപോലെ വിശ്വസ്ഥതയുടെ മാതൃക കാണിച്ചു തന്ന തിരുനബിയാണ് വിശ്വാസി ജീവിതത്തിലെ വഴികാട്ടിയും പ്രചോദനവും.
തിരുനബി ﷺ തന്റെ ജീവിതത്തിലൂടെ തന്നെ മികച്ച അധ്യാപകന്റെ ഉത്തമ മാതൃകയായി നിലകൊണ്ടു.ശിഷ്യരുടെ സ്വഭാവത്തിന് അനുസരിച്ച് മറുപടി നൽകുകയും കഥകളും ഉപമകളും ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. ക്ഷമയോടെയും സൗമ്യതയോടെയും തെറ്റുകൾ തിരുത്തിയ തങ്ങളുടെ ജീവിതം തന്നെ ശിഷ്യർക്കുള്ള ഏറ്റവും വലിയ പാഠപുസ്തകമായിരുന്നു.
അജ്ഞതയുടെയും അന്ധകാരത്തിന്റെയും മേൽ വെളിച്ചം ചൊരിഞ്ഞ്, പ്രപഞ്ചത്തിന് മുഴുവൻ കാരുണ്യമായി തിരുപ്പിറവി സംഭവിച്ച പുലരി. യമനിലെ അബ്റഹത്തിന്റെ ആനക്കലഹത്തെ അബാബീൽ പക്ഷികൾ തുരത്തിയ അതേ വർഷം, തിരുനബി ﷺ ഭൂമിയിലേക്ക് ആഗതനായി. കാലം കാത്തിരുന്ന ആ പുണ്യമുഹൂർത്തത്തിൽ ലോകം പല അത്ഭുതങ്ങൾക്കും സാക്ഷിയായി.
മുഹമ്മദ് നബി ﷺ യുടെ ജീവിതം കരുണ, നീതി, സഹിഷ്ണുത,സ്നേഹം എന്നിവയുടെ പ്രകാശഗോപുരമാണ്. അന്ധകാരത്തിലായിരുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച റസൂൽ, മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിന്റെയും മാനവികതയുടെയും മാതൃകയായി തുടരുന്നു.
ജിബ്‌രീൽ(അ) ദിവ്യവെളിപ്പാടുകളുടെ വാഹകനായ സമയം തന്നെ നബി(ﷺ)യുടെ ആത്മസുഹൃത്തും അധ്യാപകനുമായി മാറിയിരുന്നു. ഹിറാ ഗുഹയിലെ ആദ്യ വഹ്‌യ് വേള മുതൽ മിഅ്‌റാജ് യാത്രയിലും ത്വാഇഫ് യാത്രയിലെ പരീക്ഷണങ്ങളിലും വരെ, ജിബ്‌രീൽ(അ) നബി(ﷺ)ക്ക് കരുത്തും ആശ്വാസവുമായി കൂടെ നിന്നു. പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട് പല പാഠങ്ങൾ പഠിപ്പിക്കുകയും, പല സന്ദർഭങ്ങളിൽ സാന്ത്വനമായി കടന്നുവരുകയും ചെയ്തു.
ഹബീബായ നബി ﷺ തങ്ങളെ അറിയലാണ് അല്ലാഹുവിനെ അറിയാനുള്ള യഥാർത്ഥ മാർഗം. തിരുജീവിതം ലോകർക്കുള്ള തുറന്ന പാഠപുസ്തകമാണ്. അണമുറിയാത്ത പ്രണയം ഇരുലോക വിജയം ഉറപ്പാക്കുന്ന നിധിയുമാണ്. ഹബീബിന്റെ മഹബ്ബത്ത് ഹൃദയത്തിൽ പൂത്തു നിൽക്കുമ്പോഴേ വിശ്വാസം പൂർണമാവുകയുള്ളൂ.
പെരുമാറ്റത്തിലും ഇടപെടലുകളിലും മുത്ത് നബി(ﷺ)യാണ് വിശ്വാസിക്ക് ആദ്യാവസാന മാതൃക. ആരെയും അലോസരപ്പെടുത്താത്ത മുഖഭാവത്തോടെ നർമം കലർത്തിയ വാക്കുകളോടെയായിരുന്നു തിരുദൂതരുടെ ഇടപെടൽ. ജീവിതത്തിൽ ഒരിക്കൽപോലും പരിഹാസവും കോപവും കാണിച്ചിട്ടില്ലാത്ത അതുല്യ വ്യക്തിത്വമാണ് റസൂൽ(സ)
മുഹമ്മദ് നബി ﷺ യുടെ ജീവിതം സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയായി വള്ളത്തോൾ തന്റെ കവിതകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. "അല്ലാഹ്", "ജാതകം തിരുത്തി", "പാംസുസ്നാനം" തുടങ്ങിയ കവിതകളിൽ തിരുനബിയുടെ ക്ഷമ, കാരുണ്യം, നീതി, മാനവികത എന്നിവ പ്രമേയമാക്കി മലയാള കാവ്യ ലോകത്തിന് തിരുനബി ﷺ സ്മരണകളിലൂടെ ആഗോള മാനം കൂടി നൽകുന്നു.