മുഹമ്മദ് നബി ﷺ യുടെ ജീവിതം സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയായി വള്ളത്തോൾ തന്റെ കവിതകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. "അല്ലാഹ്", "ജാതകം തിരുത്തി", "പാംസുസ്നാനം" തുടങ്ങിയ കവിതകളിൽ തിരുനബിയുടെ ക്ഷമ, കാരുണ്യം, നീതി, മാനവികത എന്നിവ പ്രമേയമാക്കി അദ്ദേഹം മലയാള കാവ്യ ലോകത്തിന് തിരുനബി ﷺ സ്മരണകളിലൂടെ ആഗോള മാനം കൂടി നൽകുന്നു.
വായിക്കാം:
ശാന്തി പൂർണ്ണമായി നിലനിന്നു പോന്നിരുന്ന ഇന്ത്യയിലെ സാമുദായിക ഐക്യത്തിന്റെ കെട്ടുറപ്പ് പൊട്ടിച്ചാലെ തങ്ങൾക്കിവിടെ വിജയവൈജയന്തി പറത്താൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ യൂറോപ്പ്യർ ജനങ്ങൾക്കിടയിൽ ഭിന്നതയുടെ വിത്ത് വിതച്ചാണ് തങ്ങളുടെ കുതന്ത്രങ്ങൾക്ക് കോപ്പ് കൂട്ടിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്ക് വിലങ്ങു തടിയാകുന്ന തരത്തിൽ വ്യാപിച്ച ഈ അനൈക്യത്തിന്റെ മൂല കാരണം ഗ്രഹിച്ച ദേശീയ നേതാക്കൾ ജനങ്ങളെ ഉൽബോധിപ്പിച്ചപ്പോൾ സാഹിത്യത്തിലും അത്തരം ഐക്യ ശ്രമങ്ങൾ രൂപപ്പെട്ട് തുടങ്ങി. ഇതിനായി ആദ്യം മുന്നോട്ട് വന്നത് മഹാകവികളായ ടാഗോറും അല്ലാമ ഇഖ്ബാലും ആണെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ആ ദേശീയ ബോധം മഹാകവി വള്ളത്തോളിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ.
പരമത വിദ്വേഷത്തിന്റെ ചുടുകനലിൽ ഒരു അന്യസമുദായത്തെ ദഹിപ്പിച്ച് അതിന്റെ ചാരം കൊണ്ട് സ്വസമുദായ വൃക്ഷത്തിന് വളം ചേർക്കുവാനുതകുന്ന തരത്തിൽ നമ്മുടെ ഭാഷയിൽ തന്നെ പിറവിയെടുത്ത സാഹിത്യ സൃഷ്ടികളെ അരികിൽ വെച്ചുകൊണ്ട് മഹാകവി വള്ളത്തോളിന്റെ കൃതികൾ പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിശാലമനസ്കതയും സഹിഷ്ണുതയും ഇതരമതചാര്യന്മാരോടുള്ള സമാദരവും സർവ്വ സമുദായ മൈത്രിക്കായുള്ള അതിതീവ്ര അഭിനിവേശവും വ്യക്തമാകുക. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രതിബന്ധമായി ഹിന്ദു മുസ്‌ലിം പോരാട്ടങ്ങളെ എടുത്തു പൊക്കി കാണിക്കുന്നവർക്ക് വള്ളത്തോൾ നൽകുന്ന മറുപടി വളരെ സ്പഷ്ടമാണ്.
“തങ്ങളിൽ തല്ലിയിരമ്പുന്നു, വാസ്തവം
തന്നേ, കടലിൽപ്പലയര മൂർമ്മികൾ:
എന്നാലതേ പൊഴുതന്യോന്യമക്കൂട്ടർ
വെൺമരച്ചാർത്താൽ ചിരിപ്പതും കാൺമ നാം”
“ജാതിമതാദി വഴക്കൊരു നാടിനെ
സ്വാതന്ത്ര്യലബ്ധിക്കനർഹമാക്കീടുമോ?
സോദരർ തമ്മിലെപ്പോരൊരു പോരല്ല
സൗഹൃദത്തിന്റെ കലങ്ങിമറിയലാ…”
മാത്രവുമല്ല, ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ തന്ത്രത്തിന്റെ ഭാഗമായി ആംഗലേയ ചരിത്രകാരന്മാർ പ്രവാചകൻ മുഹമ്മദ് ﷺ തങ്ങളെയും മുസ്‌ലിം രാജാക്കന്മാരെയും നീചന്മാരും നികൃഷ്ടരും ദുർനടപ്പുകാരുമായി ചിത്രീകരിച്ചെഴുതിയ കല്പിതകഥകൾ വഴി അമുസ്‌ലിംങ്ങൾക്കിടയിൽ ഉണ്ടായ തെറ്റിദ്ധാരണകളകറ്റുന്നതിന് വേണ്ടി അദ്ദേഹം മുസ്‌ലിം ഇതിവൃത്തങ്ങൾ, പ്രത്യേകിച്ച് പ്രവാചക ചരിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി കവിതകൾ രചിക്കുകയുണ്ടായി. അല്ലാഹു, ഒരു സന്ധ്യാ പ്രണാമം, ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി, പാംസുസ്നാനം, വിവാഹമോചനം, ജാതകം തിരുത്തി എന്നിങ്ങനെ വള്ളത്തോൾ രചിച്ച ഇത്തരം കവിതകളിൽ നബിയുടെ മഹത്വം, സ്വഭാവ ഗുണം, ധീരത, ക്ഷമ, മുസ്‌ലിം ചക്രവർത്തിമാരുടെ നീതിനിഷ്ഠത, ദീനാനുകമ്പ തുടങ്ങിയ സദ്ഗുണങ്ങളെ വർണ്ണിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ കാവ്യ സൃഷ്ടികളോരോന്നും തന്നെ വള്ളത്തോളിലെ വിശാല മനസ്കനെ തുറന്നു കാട്ടുന്നുണ്ട്.
അല്ലാഹ്
ഒരു യാത്രയിൽ മദീനയിലേക്ക് തിരിച്ചുപോകുന്ന മുഹമ്മദ് നബി ﷺ വഴിമധ്യേ ഒരു മരത്തണലിൽ വിശ്രമിക്കുമ്പോൾ ഉറങ്ങിപ്പോയ പ്രവാചകനെ വധിക്കാൻ ഒരു ശത്രു ചെയ്യുന്ന വൃഥാശ്രമത്തെ വർണ്ണിക്കുന്നതാണ് ‘അല്ലാഹ്’ എന്ന കവിത.
“ചിരപ്രവൃദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്കീശൻ നിയോഗിച്ച സൂര്യൻ
ദിവിനിർത്തപ്പെട്ട പുരാണസൂര്യനാൽ വിവിക്തമാംപഥി തപിപ്പിയ്ക്കപ്പെട്ടു”.
ലോകത്തിന്റെ ഇരുട്ടകറ്റുവാൻ ഭൂമിയിലേക്ക് ദൈവം നിയോഗിച്ചയച്ച സൂര്യനായിട്ടാണ് നബിയെ ഇവിടെ കവിയുടെ കണ്ണുകൾ കാണുന്നത്.
“അരുതടുത്തിടായ്കരേ ദുഷ്ട നീയേ-
തിരുൾക്കുഴിയിൽ നിന്നെഴുനേറ്റു വന്നു?
നരകാർഹൻ നീ,യിഗ്ഗുരു സന്നിധിയോ,
മരുഭൂവായാലും മഹനീയ സ്വർഗ്ഗം! അകന്നൊഴിഞ്ഞുപോക,ഴുക്കുനീർനീ;യീ
ഭഗവന്മൂര്‍ത്തിയോ പരിശുദ്ധ തീർത്ഥം;
ദുരഹങ്കാരം നീ,യിതോ,ശാന്തിഗുണം,
അറുകപടം നീ,യിതോ, സാക്ഷാൽസ്സത്യം!”
വൃക്ഷത്തണലിൽ വിശ്രമിക്കുന്ന നബിയുടെ മഹത്വവും മഹനീയതയും പറയുന്നതിന് തന്റെ മതവിശ്വാസം വള്ളത്തോളിന് പ്രതിബന്ധമാകുന്നില്ല. നബിയുടെ സമീപ്പത്തേക്കടുക്കുന്ന ആ ദുഷ്ടന്റെ മുന്നിൽ താൻ തന്നെ നാടകീയമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് തടയുന്നതായാണ് അദ്ദേഹം കവിത പൂർത്തീകരിക്കുന്നത്.
ജാതകം തിരുത്തി
ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഉമർ(റ) ന്റെ ഇസ്‌ലാമാശ്ലേഷണം. പ്രബോധനത്തിന്റെ പ്രാരംഭദശയിൽ നബിയുടെ ശിരസ്സ് ഛേദിക്കാൻ ഊരിയവാളോടെ പുറപ്പെട്ട അദ്ദേഹം ഒടുവിൽ അവിടുത്തെ ശിഷ്യനായി മാറിയ സന്ദർഭത്തെയാണ് ‘ജാതകം തിരുത്തി’ എന്ന കവിതയിൽ ആവിഷ്കരിച്ചിട്ടുള്ളത്. കോപാവിഷ്ടനായ ഉമർ (റ)ന്റെ മുൻപിൽ കവി തന്നെ പാഞ്ഞെത്തി അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.
“ഉമാർ,ഭവാനൂരിയ വാളോടേവനെ-
സ്സമാക്രമിപ്പാൻ നടകൊൾവു സത്വരം
ക്ഷമായുധം കൊണ്ടരിശത്തെ വെല്കയാം
സുമാനുഷർക്കുറ്റ ജയം ജഗത്തിതിൽ.”
പാംസുസ്നാനം
ശത്രുക്കൾ നബി തിരുമേനിയുടെ ശിരസ്സിൽ മണ്ണ് വാരിയിട്ട സംഭവം വിവരിക്കുന്നതാണ് ‘പാംസുസ്നാനം’ എന്ന കവിത. നബിയുടെ മതപ്രബോധന വേളയിൽ അറബികൾക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസം, ദുരാചാരം, ദുരഭിമാനം, ദുഷ്കൃത്യം തുടങ്ങിയവയേയും അവിടുത്തെ ആത്മസ്ഥൈര്യത്തെയും കുറഞ്ഞ വരികളിൽ കവി ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട് ഈ കവിതയിൽ.
“പെട്ടെന്ന് പാർശ്വങ്ങളിൽനിന്നു-ഹാ,ഹാ,-
മൺകോരിയിട്ടാർ ചില മുഷ്ക്കരന്മാർ.
കൃതജ്ഞരെങ്കിൽ കനകാഭിഷേകം
ചെയ്യേണ്ടതാമിഗ്ഗുരുവിൻ ശിരസ്സിൽ!
രജസ്തമോ ദോഷമകറ്റി നാട്ടിൽ
സത്യം പരത്തുന്നൊരു സത്യവാനെ
രജസ്സു വർഷിച്ചു നിറം കെടുത്താ-
നൊരുങ്ങിപോൽ മർത്യകുലേ പിറന്നോർ!
മറ്റെന്തു മന്നിൻ നിഴൽപൂകി ചന്ദ്രൻ;
പാഴ്മഞ്ഞിനാൽ പ്രാവൃതമായി പ്രഭാതം;
മിത്ഥ്യാപവാദത്തിൽ മറഞ്ഞു സത്യ;-
മവിദ്യതൻ മുടലിലായി വിബോധം”
‘ആമൂർദ്ധപാദം’ പൊടിപുരണ്ട പിതാവിനെ കുളിപ്പിക്കുമ്പോൾ ദുഃഖാർത്തയായ പുത്രി ഫാത്തിമ ബീവിയെ നബി ആശ്വസിപ്പിക്കുന്നത്
“നിന്നച്ഛനെക്കാത്തരുളാതിരിയ്ക്കി-
ല്ലള്ളാവു, പാഴിക്കരയായ്ക കുഞ്ഞേ!”എന്ന വരികളിലൂടെ ചിത്രീകരിക്കുന്നുണ്ട് അദ്ദേഹം.
കവിതകളുടെ പശ്ചാതലം
പ്രധാനമായും വള്ളത്തോൾ കവിതകളിൽ കാണുന്ന പ്രവാചക ചിത്രീകരണം യഥാർത്ഥത്തിൽ തിരുനബിയുടെ ജീവിതത്തിൻ്റെയും സ്വഭാവത്തിൻ്റെയും ഒരു പ്രതിഫലനം തന്നെയാണ്. ലോകചരിത്രത്തിൽ മാനവികതയുടെ ഉദാത്ത മാതൃകയായി കണക്കാക്കപ്പെടുന്ന വ്യക്തിത്വമാണ് അവിടുത്തേത്. അജ്ഞതയുടെ ഇരുട്ടിൽ മുങ്ങിക്കിടന്ന ഒരു സമൂഹത്തെ സത്യത്തിൻ്റെയും നീതിയുടെയും വെളിച്ചത്തിലേക്ക് നയിച്ച നേതാവാണ് പ്രവാചകർ ﷺ. അധികാരമോ സമ്പത്തോ ലക്ഷ്യമിട്ടായിരുന്നില്ല അവിടുത്ത പ്രബോധനം. മറിച്ച്, ഏകദൈവത്തിലുള്ള വിശ്വാസവും മനുഷ്യർ തമ്മിലുള്ള സമത്വവും സാഹോദര്യവുമാണ് അവിടുന്ന് പഠിപ്പിച്ചത്.
ശത്രുക്കളോട് പോലും ക്ഷമയും കാരുണ്യവും കാണിച്ച ജീവിതം, വെറും വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെയാണ് സത്യം പ്രചരിപ്പിക്കേണ്ടതെന്ന സന്ദേശം നൽകുന്നു. മക്കയിൽ തിരുനബിയെയും അനുയായികളെയും ക്രൂരമായി പീഡിപ്പിച്ചപ്പോൾ പോലും, അതിനെ അക്രമം കൊണ്ട് നേരിടാൻ അവിടുന്ന് തുനിഞ്ഞില്ല. പകരം, ത്യാഗത്തിലൂടെയും സഹനത്തിലൂടെയും സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് റസൂൽ ﷺ പ്രതിസന്ധികളെ അതിജീവിച്ചു. ഈ ക്ഷമയും ദൃഢനിശ്ചയവും തന്നെയാണ് "പാംസുസ്നാനം" പോലുള്ള കവിതകളിൽ വള്ളത്തോൾ വർണ്ണിക്കുന്നത്. പ്രവാചകർ ﷺ ഉന്നതമായ സ്വഭാവഗുണങ്ങളാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആയുധം.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം, സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയാണ്. വ്യക്തിപരമായ പ്രതികാരങ്ങൾക്കോ വൈരാഗ്യങ്ങൾക്കോ അവിടുത്തെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. മക്കാ വിജയത്തിനു ശേഷം, തന്നെ വർഷങ്ങളോളം ദ്രോഹിച്ച ശത്രുക്കൾക്ക് പോലും തിരുനബി പൊതുമാപ്പ് നൽകിയത് ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണ്. ഈ മഹാമനസ്കതയാണ് വള്ളത്തോളിനെപ്പോലുള്ള കവികളെ ആകർഷിച്ചത്. "അല്ലാഹ്" എന്ന കവിതയിൽ പ്രവാചകരെ വധിക്കാൻ ശ്രമിച്ചയാളോട് പോലും അവിടുന്ന് കാണിക്കുന്ന കാരുണ്യമാണ് വിഷയം.
അവിടുത്തെ ജീവിതം രാഷ്ട്രീയ തന്ത്രജ്ഞതയുടെയും, സാമൂഹിക പരിഷ്കരണത്തിൻ്റെയും, ആത്മീയമായ ഉന്നതിയുടെയും സമന്വയമായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ അവിടുന്ന് നീതിയും തുല്യതയും ഉറപ്പുവരുത്തി. സാധാരണക്കാരെയും അടിമകളെയും തിരുനബി ചേർത്തുപിടിച്ചു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ലോകത്തിന് വ്യക്തമായ ധാരണ നൽകി. അത് കൊണ്ട് തന്നെ ഈ സമഗ്രമായ വ്യക്തിത്വം ഒരു മതവിഭാഗത്തിന്റേത് മാത്രമല്ല, മറിച്ച് മാനവികതയുടെ മുഴുവൻ പ്രകാശഗോപുരമായി നിലകൊള്ളുന്നതാണ്. അതെ, കനം മുറ്റിയ അനേകം ഇരുട്ടുകളെ വെളിച്ചമാക്കിയ ഒരു മഹാവ്യക്തിത്വത്തെ തന്നെയാണ് വള്ളത്തോൾ തൻ്റെ കവിതകളിലൂടെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തിയത്.
1 September, 2025 09:10 pm
Anseer
ശ്രീ. നാരായണ ഗുരു എഴുതിയ കവിത ഞങ്ങൾക്ക് വളരെ അധികം ഉപകാരപെടുത്തും