തിരുനബി(ﷺ)യുടെ സംസാരം ലളിതവും മധുരവും ഹൃദയസ്പർശിയുമായിരുന്നു.വാക്കുകൾ വഴി നന്മ, സൗമ്യത, സമാധാനം എന്നിവ പ്രചരിപ്പിച്ച അവിടുന്ന് ലോകത്തിന് മാതൃകയായി.അനാവശ്യ വാക്കുകൾ ഒഴിവാക്കി, ഉപകാരപ്രദമായ സന്ദേശങ്ങൾ മാത്രം അവിടുന്ന് അനുവാചകർക്ക് പകർന്നു.
വായിക്കാം:
പരമ പ്രധാനമായ ശേഷികളിലൊന്നാണ് മനുഷ്യന് സംസാരം. ഏറ്റവും മനോഹരമായി അത് അള്ളാഹു തിരുനബിക്ക് സംവിധാനിച്ചു നൽകിയിട്ടുണ്ട്. അനുയായികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്നതും സൗമ്യമായ ഭാഷയുമായിരുന്നു അവിടുത്തേത്. മനുഷ്യ ഹൃദയങ്ങളിൽ പരിവർത്തനം സൃഷ്ടിക്കാൻ ഉതകും വിധം സമ്പന്നമായിരുന്നു ഓരോ മൊഴി മുത്തുകളും. ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള ശേഷിയത്രയും അതിൽ നിറഞ്ഞു നിന്നിരുന്നു.വിജ്ഞാന യാനങ്ങളിലേറിയുള്ള സഞ്ചാരങ്ങൾ അറിവിൻ്റെ പുതിയ ലോകത്തേക്ക് ദിശ തിരിച്ചു. പിന്നീട് അവകളോരോന്നും ദിഗന്തങ്ങളിലേക്ക് പ്രകാശം പൊഴിച്ചു കൊണ്ടിരുന്നു.
കമ്യൂണിക്കേറ്റീവ് കോഴ്സുകളെ വെല്ലുന്ന വചന സൗന്ദര്യം ശിഷ്യ ഗണങ്ങളിലേക്ക് കൂടി പകർന്നു കിട്ടി. അനേകായിരങ്ങളിലേക്ക് ഇതിലൂടെ അറിവിൻറെ ഉറവ ഒഴുക്കി. ശ്രോതാവിൻ്റെ മുഖത്ത് നോക്കിയും ഹസ്തദാനം നടത്തിയുമാണ് അവിടുന്ന് സംസാരിച്ചത്. കമ്യൂണിക്കേഷനിൽ കണ്ണിനും മുഖ ഭാവങ്ങൾക്കുമുള്ള പങ്ക് ഇത് തുറന്നു കാട്ടുന്നു. വ്യക്തിത്വത്തിൻ്റെ വൈകാരിക ഭാവങ്ങളായ അത്ഭുതം, സന്തോഷം, സംതൃപ്തി, ദുഃഖം, നിരാശ, പ്രതീക്ഷ, ദേഷ്യം തുടങ്ങിയ അവസ്ഥകളെയെല്ലാം മുഖത്തിലൂടെ പ്രകടമാക്കാൻ കഴിയും. നേർത്ത ചുണ്ടുകളിലൂടെ ഒഴുകിയെത്തുന്ന മൊഴികൾ ഓരോന്നും ഏറ്റവും മധുരമൂറുന്ന അക്ഷരങ്ങളായാണ് അനുചര ഹൃദയങ്ങളിലേക്ക് പകർന്നത്.
പറയുന്ന വാക്കുകൾ ശ്രോതാവിന് അരോചകമാകരുതെന്നും ലളിതമാകണമെന്നും അവിടന്ന് പറഞ്ഞു വെക്കാറുണ്ട്. അനസ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി തങ്ങൾ പറഞ്ഞു: "നിങ്ങൾ എളുപ്പമാക്കുക, പ്രയാസമാക്കരുത്.സന്തോഷിപ്പിക്കുക,വെറുപ്പിക്കരുത്".
സംസാരത്തിലെ സംയമനം സ്വഭാവ മഹിമയുടെ അടയാളമാണ്. അമിത ശബ്ദത്തിലുള്ള ഭാഷണം ശ്രോതാവിനെ അലോസരപ്പെടുത്തും.അതുകൊണ്ട് സൗമ്യമാകണം സംസാരത്തിന്റെ ശൈലി. നമ്മുടെ സംസാരങ്ങൾ കൊണ്ട് ദുൻയാവിലേക്കോ ആഖിറത്തിലേക്കോ എന്തെങ്കിലും ഫലവത്തായ ഗുണമുള്ളതാകണം.അല്ലെങ്കിൽ അത് തീർത്തും നിരർഥകമായിത്തീരും. നന്മയുള്ളതേ സംസാരിക്കാവൂ. വ്യർത്ഥവും അസത്യവും പറയുന്നവരെ ആളുകൾ വെറുക്കുകയും അള്ളാഹു അകറ്റി നിർത്തുകയും ചെയ്യും. അതിനാൽ ശ്രദ്ധയോടെ പരിസരമറിഞ്ഞുള്ളതാണം നമ്മുടെ മൊഴികൾ.
ആലോചിക്കാതെ സംസാരിക്കുന്നവൻ അപകടത്തിൽ വീഴാൻ ഇടവരുമെന്ന് അലി (റ) പറഞ്ഞു വെക്കുന്നു. ബുദ്ധിമാൻ്റെ നാവ് അവൻ്റെ ഹൃദയത്തിന് പിന്നിലാണ്. എന്തെങ്കിലും സംസാരിക്കാൻ ഉദ്ധേശിച്ചാൽ അവൻ ചിന്തിക്കും. അതവന് നന്മയാണെങ്കിൽ അവനത് പറയും. തിന്മയാണെങ്കിൽ അവൻ നിശബ്ദനാവുകയും ചെയ്യും. എന്നാൽ വിഢികളുടെ ഹൃദയം അവൻ്റെ നാവിന് പിന്നിലാണ്. അതിനാൽ അവർ അനർത്ഥമായ സംസാരങ്ങൾ നടത്തിക്കൊണ്ടിരിക്കും. അവരെ സമൂഹം അകറ്റി നിർത്തുകയും ചെയ്യും.
വാക്കുകളുടെ സൗന്ദര്യവും സൗകുമാര്യതയും ടൂളുകളാക്കി നിലവാരമളക്കാറുണ്ട്. ഭാഷണങ്ങൾ മികവുറ്റതാക്കാനും ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ സുന്ദരമായ വചനങ്ങൾ ഉപയോഗിച്ച് മനോഹരമാക്കണമെന്നും നബി തങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഇടതടവില്ലാതെയുള്ള സംസാരം അലോസരം സൃഷ്ടിക്കും. അതിന് ആകർഷണീയത കൈവരികയുമില്ല. അനുചരരോട് ഇടപഴകുമ്പോഴും ദിവ്യ സന്ദേശങ്ങൾ പകർന്നു നൽകുമ്പോഴും ഒരിക്കലും മടുപ്പുളവാക്കും വിധം വാക്കുകൾ തിരു അധരത്തിൽ നിന്നും ഉത്ഭവിച്ചിട്ടില്ല. അതിനാൽ സുദീർഘമായി സംസാരം തുടർന്നാലും മടുപ്പ് പ്രകടിപ്പിച്ച് ആരും സദസിൽ നിന്നും പിന്തിരിഞ്ഞതായി തിരു ജീവിതത്തിൽ നിന്ന് വായിച്ചെടുക്കുക സാധ്യമല്ല.
തിരുനബിയുടെ ഭാഷണരീതിയെക്കുറിച്ച് ജാബിർ ബിനു സമുറ (റ) എന്നവർ വിവരിക്കുന്നുണ്ട്."മിതമായ സമയം സംസാരിക്കും. അല്പം ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്യും. കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ഉപദേശങ്ങൾ നൽകും. സംസാരിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കും." തിരുനബിയുടെ സംസാരത്തെക്കുറിച്ചുള്ള അനുചരരുടെ അന്വേഷണത്തിന് ആയിഷ ബീവി നൽകിയ മറുപടി ഇങ്ങനെയാണ്. "അല്ലാഹുവിൻ്റെ ദൂതർ നിങ്ങളിൽ പലരും സംസാരിക്കുന്നത് പോലെ തുരുതുരാ സംസാരിക്കാറില്ലായിരുന്നു. അടുത്ത് ഇരിക്കുന്നവർക്ക് ഹൃദ്യസ്ഥമാക്കാവുന്ന വിധത്തിൽ സ്പഷ്ടവും വ്യക്തവുമായിരുന്നു അവിടത്തെ സംസാരം. വേണമെങ്കിൽ വാക്കുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയുമായിരുന്നു".
കേൾക്കാൻ ഇഷ്ടപ്പെടുന്ന വാക്കുകൾ കൊണ്ടായിരുന്നു പ്രവാചകർ അനുയായികളെയും തന്റെ ഇണകളെയും വിളിച്ചിരുന്നത്. തിരുവചനങ്ങളിൽ നർമങ്ങളും തമാശകളും ഉൾപ്പെട്ടിരുന്നു.അതിലപ്പുറം അവയെല്ലാം ചിന്തനീയവും പ്രസക്തവുമായിരുന്നു.
മധുരമൂർന്ന സംസാരം ആയിരുന്നു മുത്ത് നബിയുടേത്. അവകൾ ഒട്ടും ദീർഘമോ ചുരുങ്ങിയതോ ആയിരുന്നില്ല. ഇവ രണ്ടിനും ഇടയിൽ മിതമാർന്ന രൂപത്തിൽ ആസ്വാദകരം ആയിരുന്നു. കോർത്തുവെച്ച മാലയിൽ നിന്ന് ഉതിർന്നു വീഴുന്ന മുത്തുകൾ പോലെയാണ് വാക്കുകൾ പുറത്തുവന്നിരുന്നത്. ഇതിലൂടെ മനോഹരവും ഹൃദയസ്പൃക്കായതുമായ വശ്യമായ വചനങ്ങൾ അവിടത്തിൽ നിന്നും ശിഷ്യഗണങ്ങളിലേക്ക് കിനിഞ്ഞിറങ്ങി.
തിരുനബി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഇടപെട്ട സംസാരരീതി ഏറ്റവും ഉദാത്തമായ മാതൃകയാണ്. മദീനയിൽ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടത്തെക്കുറിച്ച് അബ്ദുല്ലാഹിബിന് സലാം എന്ന സ്വഹാബി വര്യൻ വിവരിക്കുന്നത് കാണാം. അഫ്ഷു സലാം(നിങ്ങൾ സമാധാനത്തിൻ്റെ പ്രചാരകർ ആവുക) എന്നതായിരുന്നു പ്രഥമ അധ്യാപനം. ഒരു രാഷ്ട്രത്തിൽ സമാധാനത്തിനുള്ള പ്രാധാന്യത്തെ ഇത് പറഞ്ഞുവെക്കുന്നു. അത്ഇമു ത്വആം (നിങ്ങൾ ഭക്ഷണം ഭക്ഷിപ്പിക്കുക) എന്നതായിരുന്നു രണ്ടാമത്തെ അധ്യാപനം. ദാരിദ്ര നിർമാർജനത്തിൻ്റെ ഉത്തമ മാർഗം ഇതിലൂടെ തെളിയിച്ചു തന്നു. സിലുൽ അർഹാം(കുടുംബ ബന്ധങ്ങളെ ചേർക്കുവീൻ)ഇങ്ങനെ തുടരുന്നുണ്ട് അർത്ഥവത്തായ ഓരോ ഉൽബോധന സംസാരങ്ങൾ.ഇവകൾ ഓരോന്നും ഏറ്റവും അവസരോചിതമായിട്ടാണ് തിരുനബി സമൂഹത്തിന് മുമ്പിൽ അവതരിപ്പിച്ചത്.
നല്ല സംസാര ശീലർക്ക് സ്ഫടിക സമാനമായ സ്വർഗമാണ് മുത്ത് നബി തങ്ങൾ ഫലമായി വാഗ്ദാനം ചെയ്തത്. അതിനോട് ചേർത്തുപറഞ്ഞ മറ്റ് രണ്ടു കാര്യങ്ങൾ കൂടി ചേർത്ത് വായിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാവുക; ജനങ്ങൾക്ക് ഭക്ഷണം നൽകലും രാത്രി എഴുന്നേറ്റ് നിസ്‌കരിക്കലുമാണവ!. ഇത്രമേൽ പുണ്യമായ കർമ്മങ്ങളോട് ചേർത്ത് പറഞ്ഞതിനാൽ ഇതിൻറെ പ്രസക്തി അത്രമേൽ വലുതാണ് എന്ന് ബോധ്യമാകും.
നബി(സ്വ)യുടെ സംസാര ശൈലി ഓരോ മനുഷ്യനും പഠിക്കേണ്ടതുണ്ട്. വ്യക്തവും കൃത്യവും ആകർഷണീയവുമായ സംസാരമായിരുന്നു തിരുനബി(സ്വ)യുടേത്. കേൾക്കുന്നവരിൽ മാധുര്യമുണ്ടാക്കുന്നത്, എന്നാൽ തീർത്തും അർത്ഥവത്തായ മൊഴികൾ ആകും അവകൾ. ആവശ്യമില്ലാത്തത് പറയുകയേയില്ല. അളന്നു മുറിച്ച, അഴകുള്ള സ്ഫുടമായ വാക്കുകൾ. ഇക്കാരണം കൊണ്ടുതന്നെ ശ്രോതാക്കൾ വളരെ ശ്രദ്ധിച്ചും ഏറെ ആസ്വദിച്ചുമായിരിക്കും അതിന് കാതോർക്കുക. തലയിൽ ഒരു പക്ഷി ഇരിക്കുന്നത് പോലെ, ഒന്നിളകിയാൽ അത് പറന്നുപോകുമോയെന്നു ഭയപ്പെടുന്ന പോലെ സൂക്ഷ്മമായാണ് സ്വഹാബികൾ തിരുസവിധത്തിൽ ഇരിക്കാറുള്ളത്. തിരുനബിയോടുള്ള ഹൈബത്ത് പ്രകടമാകുന്നതാണ് ഇത്തരം അനുചരരുടെ ഇടപഴക്കങ്ങൾ.
ചിന്തകൊണ്ടും വാക്കുകൊണ്ടും മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ പോറൽ പോലുമേൽപ്പിക്കാൻ സമ്മതിക്കാത്ത നബി(സ്വ) പ്രവൃത്തികൊണ്ടും മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നത് ശക്തമായി വിലക്കിയിരുന്നു. വിശ്വാസിയെ റസൂൽ(സ്വ) നിർവചിച്ചത് തന്നെ മറ്റാരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രയാസപ്പെടുത്താത്തവനെന്നാണ്.എങ്കിൽ മാത്രമേ മുസ്ലിം എന്ന പേരിനെ അന്വർത്ഥമാക്കുന്നവരായി മനുഷ്യന് മാറാൻ സാധിക്കൂ. എല്ലാവർക്കും ഉപകാരം ചെയ്തു ജീവിക്കാനാണ് തിരുനബി അവിടന്ന് കൽപിച്ചത്. നമ്മുടെ സംസാരങ്ങൾ കൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു മാറ്റങ്ങൾക്ക് പ്രേരകമായി മാറണം. വിശ്വാസികൾ സഹോദരരാണെന്നും ഒരു കെട്ടിടത്തിന്റെ ഇഷ്ടികകൾ പോലെയാകണം, പരസ്പരാശ്രിതവും സൗഹൃദബന്ധിതവുമാകണമെന്നും നബി(സ്വ) വരച്ചുകാണിച്ചു. നബിയുടെ ഓരോ ഇടപെടലും നിരീക്ഷിച്ചാൽ മാത്രം മതി കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിർമിക്കാൻ.ഇന്നിന്റെ സാമൂഹിക പശ്ചാത്തലം നേരിടുന്ന സകല വെല്ലുവിളികൾക്കും പരിഹാരബോധങ്ങൾ തിരു ജീവിത ദർശനങ്ങളെ വിലയിരുത്തിയാൽ നമുക്ക് ബോധ്യമാകും. അത്രയും പാഠങ്ങളും സുകൃതങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അവ.അവകൾക്ക് ഓരോന്നിനും സമ്പൂർണ്ണതയുടെ മിഴിവും തെളിച്ചവുമുണ്ട്.
ബാല്യം മുതലേ അവിടന്ന് കാണിച്ച സ്വഭാവ വൈശിഷ്ട്യം എത്രമേൽ മനോഹരമാണ്! എത്ര ഹൃദ്യമാണ്!. ആവശ്യക്കാരെ സഹായിക്കും, ബുദ്ധിമുട്ടിച്ചവർക്കും ശത്രുക്കൾക്കും പോലും സഹായ ഹസ്തങ്ങൾ നീട്ടും.അതിക്രമങ്ങൾ ചെയ്തവരോട് പോലും സ്നേഹത്തിൻ്റെ പെരുമാറ്റം കൊണ്ട് കീഴ്പ്പെടുത്തും. ഇങ്ങനെ അനേകം അനുപമമായ പ്രത്യേകതകൾ തിരുജീവിതത്തിൽ ദൃശ്യമാണ്.
അലി(റ)വിനോട് ഒരിക്കൽ നബി(സ്വ)യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘മയമുള്ള സ്വഭാവം, ഗൗരവക്കാരനോ ധാർഷ്ട്യക്കാരനോ അല്ല. ഒരാളെയും പഴിക്കുകയോ നിന്ദ്യനായി കാണുകയോ ഇല്ല. പടച്ചവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചല്ലാതെ ഒന്നും സംസാരിക്കില്ല. ആർക്കെങ്കിലും വല്ല ആവശ്യവുമുണ്ടെന്നറിഞ്ഞാൽ അത് സാധിപ്പിച്ചുകൊടുക്കും.’ ചുരുങ്ങിയ വാക്കുകളിൽ തിരുജീവിതത്തെ വരച്ചിടുകയാണ് അലി(റ) ഇതിലൂടെ.
ഈ മഹത്തായ ജീവിതമാണ് ലോകത്തുള്ള നബിസ്‌നേഹികളെ എന്നും വഴിനടത്തുന്നത്. നന്മയുടെ പാഠങ്ങൾ പകർന്ന് നൽകുന്നത്. ഇത്തരത്തിൽ മനുഷ്യൻ ഇടപെടുന്ന സർവ്വ മേഖലയിലും ഉദാത്തമായ മാതൃകാ പാഠങ്ങൾ തിരുജിവിത ‘പാഠപുസ്തക’ത്തിൽ നിന്ന് പകർന്നെടുക്കാനാകും.