മനുഷ്യകുലത്തിന് റസൂലുള്ള ﷺ നിത്യപ്രകാശമാവുന്നു. അവിടുന്ന് മനുഷ്യർക്കു ആത്മീയവും സാമൂഹികവുമായ മാതൃകയായി. ഖുർആൻ മുഖേന സർവർക്കും ശാശ്വത മാർഗദർശനം നൽകി വായിക്കാം:
ലോകാവസാനം വരെ നിലനിൽക്കാൻ പ്രാപ്തിയുള്ള പ്രത്യയ ശാസ്ത്രവുമായാണ് മുഹമ്മദ് നബി ﷺ നിയുക്തരാകുന്നത്. ആദം നബി മുതൽ അന്ത്യപ്രവാചകർ വരെയുള്ള ഒന്നേകാൽ ലക്ഷത്തോളം പ്രവാചകന്മാർ മുഴുവനും പ്രബോധനം ചെയ്‌തത് ഇസ്‌ലാം മതം തന്നെയാണ്. എങ്കിലും, മുഹമ്മദ് നബിക്ക് ﷺ മുമ്പുള്ള പ്രവാചകന്മാരെല്ലാം പ്രത്യേക കാലത്തേക്കും ദേശത്തേക്കും സമുദായത്തിലേക്കുമാണ് നിയുക്തരായത്. എന്നാൽ, റസൂലുല്ലാഹി ﷺ തങ്ങൾ സർവ്വ മനുഷ്യരിലേക്കും ജിന്നുകളിലേക്കും മറ്റു ജീവജാലങ്ങൾക്കെല്ലാമായി നിയുക്തരായ നബിയാണ്.
റസൂലുല്ലാഹി ﷺ തങ്ങളോടു കൂടെ അവസാനിക്കുന്നതാണ് പ്രവാചക പരമ്പര. ഇനി അന്ത്യനാൾ വരെ ഒരു പ്രവാചകൻ്റെ ആവശ്യം ഉദിക്കുന്നില്ല. എന്നെന്നും നിലനിൽക്കുന്ന വിശുദ്ധ ഖുർആൻ നബി തങ്ങൾ മുഖേന ലോകത്ത് അവതരിച്ചു കഴിഞ്ഞു. അന്ത്യനാൾ വരെയുള്ള മുഴുവന് ആവശ്യങ്ങൾക്കും പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കുമെല്ലാം ഖുർആൻ പരിഹാരം നിർദേശിക്കുന്നുണ്ട്.
ലോകം അന്ധകാരത്തിൽ മുഴുകി അധാർമികതയുടെ ചളിക്കുഴിയിൽ വീണു കിടന്നിരുന്ന ഇരുണ്ട യുഗത്തിലാണ് പ്രവാചക തിരുമേനിയുടെ ആഗമനം. കേവലം ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനം കൊണ്ടാണ് അവിടുന്ന് ഇരുപത് ഭൗതിക സാമ്രാജ്യത്തിൻ്റെയും ഒരു ആത്മീയ സാമ്രാജ്യത്തിൻ്റെയും നായകനായത്. ലോകത്ത് ഒരു പരിഷ്കർത്താവിനും ഇന്നേവരെ നേടാൻ കഴിയാത്തതാണ് റസൂലുല്ലാഹി ﷺ തങ്ങൾ സാധ്യമാക്കിയത്. അപരിഷ്കൃതരും കാഠരുമായിരുന്ന ഒരു സമൂഹത്തെ നബി ﷺ തങ്ങൾ ലോകത്തിൻ്റെ മാതൃകാപുരുഷന്മാരക്കി മാറ്റി. ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പടരുന്ന സ്നേഹത്തിൻ്റെ തേനും പാലും ഒഴുക്കി. ആർക്ക് കഴിയും ഇത്തരമൊരു മഹനീയ വിപ്ലവം?
നിസ്സഹായരായ ജനതയുടെ തോരാത്ത കണ്ണുനീർ നോക്കി ഭുമിയുടെ ആത്മാവ് പോലും നെടുവീർപ്പിടുമ്പോൾ കാലം മദീന പട്ടണത്തിൽ നടന്ന മഹാത്ഭുതങ്ങൾ ഓർത്തു പോവുന്നു. ജീവനോടെ കുഴിച്ച് മൂടപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച് ചരിത്രത്തിലാദ്യമായി അവൾക്ക് സ്വത്തവകാശം നൽകിയത്, യുദ്ധത്തിൽ തോറ്റോടിയ രാജാവിൻ്റെ മകളെ സ്വന്തം മേൽവസ്ത്രം പുതപ്പിച്ച് ആദരിച്ചത്, ഭാര്യയെ പിന്നിലിരുത്തി ഒട്ടക്കത്തെ തെളിച്ച് പോവുന്ന യാത്രികനോട് സ്ത്രീയെ വിഷമിപ്പിക്കാതിരിക്കാൻ സാവധാനം പോവാൻ ആജ്ഞാപിച്ചത്, മാതാവിൻ്റെ കാൽക്കീഴിലാണ് സ്വർഗമെന്ന് പറഞ്ഞത്... എത്രയെത്ര തേജോമയമായ സന്ദർഭങ്ങൾ.
തനിക്ക് വ്യഭിചരിക്കണം എന്ന് പറഞ്ഞു വന്ന കാട്ടറബിയോട് "സ്വന്തം ഉമ്മയേയോ സഹോദരിയേയോ ഭാര്യയേയോ മകളെയോ ആരെങ്കിലും വ്യഭിചരിക്കാൻ വന്നാൽ നീ എന്തു ചെയ്യും? നീ അവരെ വെറുതെ വിടുമോ? ഇല്ലല്ലോ? എങ്കിൽ നോക്കൂ... നീ പ്രാപിക്കുന്ന സ്ത്രീ ആരുടെയെങ്കിലും ഉമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആവാം" എന്ന് പറഞ്ഞ് മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മനസ്സ് മാറ്റിയെടുത്തു പ്രവാചകൻ. ശേഷം ആ കാട്ടറബിയെ കൊണ്ട് "റസൂലേ.. ഞാൻ ഇങ്ങോട്ട് വരുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വ്യഭിചാരമായിരുന്നു. എന്നാൽ ഞാൻ ഇവിടെ നിന്ന് തിരികെ പോകുന്നത് വ്യഭിജാരം എനിക്ക് ഏറ്റവും വെറുപ്പുള്ളതായി മാറി" എന്ന് പറയിപ്പിക്കാൻ മാത്രം ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങി പ്രവാചകർ. മരപ്പൊത്തിൽ തള്ളപ്രാവിൻ്റെ കൂടെ കഴിയുന്ന കുഞ്ഞുങ്ങളെ മാതാവിൽ നിന്നും അടർത്തിയെടുത്ത് പ്രവാചകനു സമ്മാനിച്ച കുട്ടി കണ്ടത് പ്രവാചകരുടെ കവിൾ തടങ്ങളിൽ കണ്ണുനീരാണ്. സ്വന്തം പട്ടിണി മറച്ചു വെച്ചും അയൽവാസിയെ വയറു നിറക്കുന്ന സമൂഹത്തെ വാർത്തെടുത്ത പ്രവാചകനോളം ഒരു പരിഷ്കർത്താവിനെ കണ്ടിട്ടുണ്ടോ ലോകം?
പ്രവാചക ജീവിതം തന്നെ അധ്യാപനമായിരുന്നു. നബി ﷺ സ്വീകരിച്ച അധ്യാപന രീതികളിലെ വൈവിധ്യം ശ്രദ്ധേയമാണ്. ശിഷ്യരുടെ അവസ്ഥകൾക്ക് അനുസരിച്ചായിരുന്നു തിരുനബിയുടെ പ്രതികരണം.
പ്രബോധനപരവും ആത്മീയവുമായ ജീവിതത്തോടൊപ്പം സാമൂഹിക തലങ്ങളിലും കുടുംബ ബന്ധങ്ങളിലും അവിടുന്ന് സ്വീകരിച്ച സമീപനങ്ങൾ ഏറ്റവും മാതൃകായോഗ്യമായിരുന്നു. ആധുനിക ടീച്ചിംഗ് മനഃശാസ്ത്രം ഈ വിധം വികസിക്കുന്നതിൻ്റെ നൂറ്റാണ്ടുകൾക്കു മുമ്പ് ഏറ്റവും ഫലപ്രദമായ പഠന-അധ്യാപന രീതികൾ ആവിഷ്കരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്‌ത നേതാവാണ് തിരുനബി ﷺ. പ്രാക്ടിക്കൽ ടീച്ചിംഗ് മെത്തേഡ് കൂടുതൽ ഫലപ്രദവും വേഗത്തിൽ ആശയം കൈമാറാനും സഹായകവുമാണ്. പ്രവാചക ജീവിതത്തിൽ ഇതിന് ഒട്ടേറെ മാതൃകകൾ കാണാം. അഭിസംബോധകൻ്റെ കൈകളിലോ ചുമലുകളിലോ തിരുകരങ്ങൾ വെച്ച് വിഷയമവതരിപ്പിക്കുന്ന ശൈലിയുണ്ട് തിരു നബിക്ക്. പറയുന്ന കാര്യം കൃത്യമായി ഉൾകൊള്ളാനും ഹൃദയത്തിൽ സൂക്ഷിക്കാനും അത് ഉപകരിക്കും.
ജീവിതയാത്രയിലെ ഏതു ഘട്ടത്തിലും, മനുഷ്യൻ അലങ്കരിക്കുന്ന ഏത് സാമൂഹ്യപദവിയിലും ഏറ്റവും മികവുറ്റ മാതൃക തിരുനബി (സ)യുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാനാവും. പ്രവാചകർ ﷺ ജീവിതത്തിൽ പുലർത്തിയ സുന്ദരമായ സ്വഭാവ ഗുണങ്ങളാണ് ജനലക്ഷങ്ങളെ ആ ദർബാറിലേക്കടുപ്പിച്ചത്. സഹജരുടെ വിശപ്പും പ്രയാസങ്ങളും അവിടുന്ന് പരിഹരിക്കുമായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന ഹദ്‌യകൾ അനുയായികൾക്ക് വീതം വെച്ച് കൊടുക്കുന്നതാണ് ശീലം. ഉത്തമരിൽ ഉത്തമരായിട്ടും അനുയായികളുടെ കൂട്ടത്തിലൊരാളായിട്ടാണ് റസൂൽ ﷺ പെരുമാറിയിരുന്നത്. ആരെയും അകറ്റി നിർത്തിയില്ല, മുഖം തിരിച്ചില്ല, അനുയായികളുടെ മുഴുകാര്യങ്ങളിലും ആവശ്യാനുസരണം ഇടപെട്ടു.
സർവ്വർക്കും മാതൃകയായിട്ടാണ് അവിടുന്ന് അവരോധിതരായിട്ടുള്ളത്. നിങ്ങൾ ഒരു ഉത്തമ പിതാവ് ആണെങ്കിൽ ഫാത്തിമ ബീവിയുടെ ഉപ്പയിൽ, നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഖദീജ ബീവിയുടെയും ആഇഷാബിവിയുടെയും ഭർത്താവിൽ, നിങ്ങൾ ഒരു വലിയുപ്പയാണെങ്കിൽ ഹസ്സൻ തങ്ങളുടെയും ഹുസൈൻ തങ്ങളുടെയും വലിയുപ്പയിൽ നിങ്ങൾക്ക് മാതൃകയുണ്ട്. സർവ്വതിനും ഹബീബിൽ മാതൃകയുണ്ട്. ശുചിമുറിയിൽ പാലിക്കേണ്ട മര്യാദകളെ പഠിപ്പിച്ച റസൂൽ ﷺ സിംഹാസനത്തിലിരുന്ന് രാജ്യം ഭരിക്കേണ്ടത് എങ്ങനെയെന്നും പഠിപ്പിച്ചു.
പരിവർത്തനത്തിൻ്റെ അത്ഭുതമാണ് തിരുനബി ﷺ. വ്യക്തിജീവിതത്തിലും, സാമൂഹിക ബന്ധങ്ങളിലും ചിന്തകളിലും ലളിതമായ പാത തിരഞ്ഞെടുക്കുകയും മറ്റുള്ളവർക്ക് മാതൃകയായിത്തീരുകയും ചെയ്‌ത മറ്റേത് നേതാവാണുള്ളത്. ഒരു വിശുദ്ധ ഗ്രന്ഥത്തിൻ്റെ രണ്ട് പുറം ചട്ടകൾക്കുള്ളിലുള്ളതാണ് അവിടുത്തെ ജീവിതമെന്ന് പ്രിയ പത്‌നി ആഇഷ ബീവി പറഞ്ഞിട്ടുണ്ട്. ആ വിശുദ്ധ ഗ്രന്ഥത്തിൻ്റെ ജീവനുള്ള രൂപമാണവിടുന്ന്. ആ ഗ്രന്ഥത്തിൻ്റെ യഥാർത്ഥ സാക്ഷാൽ കർത്താവാണ് അവിടുന്ന്.
ലോകത്ത് അറിയപ്പെടുകയും, വായിക്കപ്പെടുകയും ചെയ്യുന്ന അനേകം വ്യക്തിത്വങ്ങളുണ്ട്. മതമേധാവിയായും, പുണ്യാളനായും വാഴ്‌ത്തപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ഏറെ പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ആയിരത്തി അഞ്ഞൂറ് വർഷങ്ങൾ പിന്നിടുന്ന ഒരു ജന്മത്തെ ലോകം ആഘോഷപൂർവ്വം കൊണ്ടാടുന്നു.
ലോകമേ, നിങ്ങളീ വെളിച്ചം കാണുന്നില്ലെയോ? തമസ്സിന്റെ ഘോരതക്കുമുകളിൽ ഉയർന്നു വന്ന പ്രവാചകനെന്ന തേജസ്സിനെ? സമകാലിക സമസ്യങ്ങൾക്ക് പുണ്യ റസൂലിൻ്റെ പൂരണം.