വിശ്വസ്തതയും കരുണയും കാരണമാണ് മുഹമ്മദ് നബി(ﷺ) 'അൽ അമീൻ' എന്ന പേരിൽ അറിയപ്പെട്ടത് . പീഡനങ്ങൾ സഹിച്ചിട്ടും സത്യത്തിൽ ഉറച്ച് നിന്നു. നീതിയും ക്ഷമയും കൊണ്ട് സകല കാലത്തിനും ലോകത്തിനും മാതൃകയാവുകയായിരുന്നു റസൂൽ.
വായിക്കാം:
പ്രവാചക ലബ്ധിക്ക് മുമ്പ് തന്നെ തിരുനബി (സ) 'അൽ അമീനെ'ന്ന (വിശ്വസ്തൻ) അപര നാമത്തിലാണ് മക്കയിൽ അറിയപ്പെട്ടത്. അവിടുന്ന് പുലർത്തിയ സൂക്ഷ്മതയും ഉത്തരവാദിത്വ ബോധവുമായിരുന്നു ഇതിനു കാരണം. മക്കയിൽ ഉടലെടുത്ത എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമായിരുന്നു അൽ അമീൻ. ഒരിക്കൽ വിശുദ്ധ കഅബയുടെ പുനർനിർമണശേഷം ഹജറുൽ അസ്‌വദ് പുനസ്ഥാപിക്കുന്ന ഒരു രംഗമുണ്ട്. അഭിമാനികളായ അറേബ്യയിലെ പ്രസിദ്ധ ഗോത്രങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായി നിൽക്കുന്നു. നബി തങ്ങളുടെ മധ്യസ്ഥതയാണ് ഇതിന് പരിഹാരമായത്. ഒരു തുണി കൊണ്ടുവന്ന് അതിൽ ഹജറുൽ അസ്‌വദ് വെച്ച് ഗോത്ര നേതാക്കന്മാരോട് തുണിയുടെ പാർശ്വങ്ങളിൽ പിടിക്കാൻ പറഞ്ഞ് തിരുനബി, എല്ലാവരും ഒന്നിച്ചുയർത്താൻ പറയുന്നു. അവസാനം നബി തങ്ങളുടെ തൃക്കരം കൊണ്ട് പരാതികൾക്ക് പഴുതു കൊടുക്കാതെ യഥാസ്ഥാനത്ത് പവിത്രമാക്കപ്പെട്ട ഹജറുൽ അസ്‌വദ് സ്ഥാപിക്കുകയാണ് ചെയ്തത്. ഖുറൈശികൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ തിരുനബി(സ) തങ്ങളെയാണ് ചുമതലപ്പെടുത്താറുണ്ടായിരുന്നത്.ദീനീ പ്രബോധനം ആരംഭിച്ചതിന് ശേഷവും ഇവർ ഇത് തുടർന്നുപോന്നു. മദീനയിലേക്കുള്ള പലായന വേളയിൽ ഖുറൈശികളുടെ സ്വത്തുകൾ തിരിച്ചേൽപ്പിക്കുന്നതിന് വേണ്ടി അവിടുന്ന് അലി(റ)നെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. നബി തങ്ങളുടെ വിശ്വസ്തതയും അനുകമ്പയും കണ്ട് ശത്രുക്കൾ പോലും പലതവണ അത്ഭുതം കൂറിയിട്ടുണ്ട്. ഇതുവഴി ബദ്ധവൈരികളായ പലരും ഇസ്ലാം ആശ്ലേഷിക്കുന്നതിന് കാരണമായിട്ടുമുണ്ട്. തിരുനബി(സ)യോട് ശത്രുത പ്രകടിപ്പിച്ചവരിൽ പ്രമുഖനായിരുന്ന അബൂസുഫിയാനോട് ബൈസാൻ്റിയൻ ചക്രവർത്തി നബി തങ്ങളെ കുറിച്ച് ആരായുമ്പോൾ അൽ അമീനാണെന്നല്ലാതെ മറ്റൊരു മറുപടിയും ഇല്ലായിരുന്നു. ബാല്യകാലത്ത് മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടും ചാപല്യങ്ങളില്ലാതെ അൽ അമീൻ ഏറെ വിശുദ്ധിയോടെയാണ് ജീവിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
മക്കയിൽ ഇസ്ലാം വളർച്ചയുടെ ഘട്ടത്തിലാണ്. രഹസ്യ പ്രബോധനമൊഴിവാക്കി പരസ്യ പ്രബോധനത്തിലേക്ക് ഇറങ്ങാൻ അല്ലാഹുവിൻറെ കല്പനയുണ്ടായ സമയം. നബി തങ്ങൾ ഖുറൈശികളെയെല്ലാം വിളിച്ചുചേർത്തു. സഫാ പർവ്വതത്തിൽ കയറി അവരെ അഭിസംബോധന ചെയ്തു. 'ഫിഅ്റിൻ്റെ സന്തതികളെ', 'അദിയിൻ്റെ സന്താനങ്ങളെ' ഈ താഴ്‌വരയ്ക്ക് പിന്നിൽ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാൻ സന്നദ്ധരായി നിൽക്കുന്നുവെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? തിരുനബിയിൽ നിന്ന് വിശ്വസ്തതയും സത്യസന്ധതയും മാത്രം അനുഭവിച്ച അവർ ഏക സ്വരത്തിൽ അതെയെന്ന് മറുപടി നൽകി. അതോടൊപ്പം താങ്കൾ 'അൽഅമീൻ' ആണല്ലോ എന്ന ഉറപ്പു കൂടി കൂട്ടിച്ചേർത്തു. ശേഷം നബി തങ്ങൾ ഏകദൈവ വിശ്വാസത്തെയും സത്യ ദീനിനെയും കുറിച്ച് അവരെ ബോധവാന്മാരാക്കി. നിരസിച്ചവർക്കുള്ള ശിക്ഷയെക്കുറിച്ചും അവർക്ക് മുന്നറിയിപ്പ് നൽകി. ഇത് കേട്ടയുടൻ പലരും നബി തങ്ങളെ ചീത്ത വിളിച്ചു. പിതൃവ്യൻ അബൂലഹബാണ് ആദ്യമായി നബിയെ പരിഹസിച്ചത്. ഇത്രയും നാൾ അൽ അമീനെന്ന് പ്രകീർത്തിച്ചവർ നബിയെ വേദനിപ്പിച്ചു. എന്തിനേറെ, കഅബയുടെ അടുക്കൽ നമസ്കരിച്ചു കൊണ്ടിരുന്ന തിരുദൂതരുടെ കഴുത്തിലേക്ക് ഒട്ടക കുടൽമാലയിട്ട് നോവിച്ചു. ഇസ്ലാം മതത്തോടുള്ള അടങ്ങാത്ത അമർഷമായിരുന്നു ഇതിനു കാരണം. മക്കയിലെ തുടർന്നുള്ള ജീവിതം ഏറെ പ്രയാസകരമായി. സത്യ ദീനിന്റെ പ്രചാരണം ആരംഭിച്ചതോട് കൂടെ ഏറെ ത്യാഗപർവ്വങ്ങൾ തരണം ചെയ്യേണ്ടിവന്നു. തൻറെ അനുയായികളിൽ പലരും കഠിനമായ പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായി.
അങ്ങനെയാണ് അഭയം തേടി ത്വാഇഫിലേക്ക് യാത്ര പോകേണ്ടിവന്നത്. ഏറെ പ്രതീക്ഷാ നിർഭരമായിരുന്നു യാത്ര. തൻ്റെ അമ്മാവന്മാരുടെ സംരക്ഷണം ലഭിക്കുമെന്നുള്ള ഉറപ്പിൽ. പക്ഷേ, അവരും നബി തങ്ങളെ കൈവെടിഞ്ഞു. സത്യസന്ധനെന്ന് വിളിച്ചവർ നബിയെ ഭ്രാന്തനാക്കി. അവിടുന്ന് രോദനം കൊണ്ടു. അവസാനം പലായനത്തിലേക്ക് നബി തങ്ങൾ കാലെടുത്തുവെച്ചു. ഈ സമയം ഖുറൈശികൾ രോഷാകുലരായി. തിരുനബിയെ പിടികൂടാൻ തീരുമാനിച്ചു. പിടി കൂടുന്നവർക്ക് വലിയ സമ്മാനങ്ങളും പാരിതോഷികങ്ങളും പ്രഖ്യാപിച്ചു. സമ്മാനം സ്വന്തമാക്കാൻ വേണ്ടിയാണ് സുറാഖത്തുബ്നു മാലിക് ഇറങ്ങിത്തിരിച്ചത്. നബിയെ കണ്ടു. പക്ഷേ, അടുത്തേക്ക് എത്താൻ കഴിയുന്നില്ല. തൻറെ ആരോഗ്യമുള്ള കുതിര അതിൻറെ കാലുകൾക്ക് ക്ഷതം സംഭവിച്ചിരിക്കുന്നു. സുറാഖയുടെ മുഖ ഭാവം കണ്ട് തിരുദൂതർ പറഞ്ഞു: സുറാഖ !നിങ്ങൾ മടങ്ങുക തീർച്ചയായും കിസ്റ കൈസറിന്റെ സ്വർണ്ണ വളയങ്ങൾ നിൻറെ കൈകളിലേക്ക് എത്തും. പറയുന്നത് അൽ അമീനാണ്. സുറാഖ പിന്തിരിഞ്ഞു. ഉമർ ബിൻ ഖത്താബ് (റ)കാലത്ത് കിസ്റയെ ഇസ്ലാമിക സാമ്രാജ്യം പരാജയപ്പെടുത്തി സുറാഖ വളയങ്ങൾ അണിഞ്ഞത് പിൽകാല ചരിത്രം. നബി തങ്ങൾ പറഞ്ഞ കാര്യം ഓർത്ത് സുറാഖത്ത് ബിനു മാലിക് (റ) ൻ്റെ കണ്ണുകൾ ഈറനണിഞ്ഞുവത്രെ. ചരിത്രപ്രസിദ്ധമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച് അവസാനം തിരുദൂതർ(സ) മദീനയിലേക്കെത്തി.
ത്വലഅൽ ബദ്റുവിന്റെ അകമ്പടിയോടെ അൻസാറുകൾ നബിയെ സ്വീകരിച്ചു. പിന്നീട്, മദീനയുടെ ഭരണാധികാരിയായിരുന്നു തിരുനബി (സ). അനുയായികളുടെ എണ്ണം ക്രമേണ വർദ്ധിച്ചു. മദീന പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു നബി തങ്ങൾ. മദീനയിൽ സമഗ്രമായൊരു ഭരണഘടന ഉണ്ടാക്കി. ഇത് മദീന ചാർട്ടർ എന്ന പേരിൽ പ്രശസ്തമായി. ക്രൈസ്തവരെയും ജൂതരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബഹുസ്വര ഭരണഘടന സൃഷ്ടിക്കുന്നതിലൂടെ അൽ അമീനും അവിടുത്തെ ഭരണക്രമവും ഏറെ ശ്രദ്ധേയമായി. ബദർ കഴിഞ്ഞു. ഉഹ്ദിന് തിരശ്ശീല വീണു. ഖന്തക്കും ഖൈബറും കടന്ന് ഇസ്ലാം അതിന്റെ പൂർണ്ണത ആഘോഷിച്ചു. മക്ക കീഴടക്കാനുള്ള സന്ദേശമെത്തി. നബി തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടു. കൂടെ പതിനായിര കണക്കിന് അണികളും ഉണ്ടായിരുന്നു. മക്ക പൂർണമായും കീഴടങ്ങി. മക്കയിലെ മുശ്രിക്കുകൾ ഭയപ്പെട്ടു. മുഹമ്മദ് തിരിച്ചുവന്നിരിക്കുന്നു എന്ത് സംഭവിക്കുമെന്നോർത്ത് അവർ പരിഭ്രാന്തരായി. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. നബി തങ്ങൾ അവരോട് പറഞ്ഞു : നിങ്ങൾ സ്വതന്ത്രരായി വീടുകളിലേക്ക് മടങ്ങുക! നിങ്ങൾ മോചിതരാണ്. പൂർണ്ണമായും കീഴ്പ്പെട്ട ജനതയെ,തന്നെ വേദനിപ്പിച്ച സമുദായത്തെ നബി തങ്ങൾക്ക് ആയുധം കൊണ്ട് കീഴ്പ്പെടുത്താമായിരുന്നു. പക്ഷെ, അൽ അമീൻ തൻ്റെ സഹാനുഭൂതിയും വിശ്വസ്തതയും ജീവിതത്തിലൂടെ മാലോകർക്ക് മുമ്പിൽ പ്രകാശിപ്പിക്കുകയായിരുന്നു.
അൽ അമീൻ എന്ന് വിളിച്ചവർ തന്നെ പിന്നീട് ശകാരവർഷങ്ങൾ നടത്തി,പീഡനമുറകൾ അഴിച്ചുവിട്ടു വേദനിപ്പിച്ചു. എന്നിട്ടും സത്യത്തിൻ്റെ മാർഗത്തിൽ നിന്നും നബി തങ്ങൾ പതറിയില്ല.അചഞ്ചലമായ വിശ്വാസവും നേതൃപാടവവുമായിരുന്നു ഇതിനു കാരണം. അതുകൊണ്ടുതന്നെ നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവന്നുവെന്ന് വിശുദ്ധ ഖുർആൻ ഉദ്ഘോഷിക്കുന്നുണ്ട്. അൽ അമീൻ സൽഗുണൻ ആയിരുന്നു.സ്നേഹസമ്പന്നൻ ആയിരുന്നു. നിരാശ്രയർക്ക് ആശ്രയമായിരുന്നു. പാവങ്ങളുടെ ഓരം ചേർന്നുള്ള ജീവിതമാണ് അവിടുന്ന് കാണിച്ചു തന്നത്. ശത്രുവിന്റെ മിത്രമായി അൽ അമീൻ(സ) സ്വജീവിതത്തെ പ്രകാശിപ്പിക്കുകയായിരുന്നു. ആ പ്രകാശമാണ് നമ്മുടെ ജീവിതത്തിലും നാം മാതൃകയാക്കേണ്ടത്.