വാക്ക് പാലിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്. വാഗ്ദത്ത ലംഘനം കപട വിശ്വാസിയുടെ അടയാളമായി ഇസ്‌ലാം എണ്ണുമ്പോൾ വാഗ്ദത്തം നിറവേറ്റുന്നവരെ വിജയികളായും വാഴ്ത്തുന്നു. വാക്കുകളിലും പ്രവൃർത്തികളിലും ഒരുപോലെ വിശ്വസ്ഥതയുടെ മാതൃക കാണിച്ചു തന്ന തിരുനബിയാണ് വിശ്വാസി ജീവിതത്തിലെ വഴികാട്ടിയും പ്രചോദനവും.
വായിക്കാം:
പരിശുദ്ധ ഖുർആനിൽ പറയുന്നതായി കാണാം:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُود
“സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക.”(ഖു൪ആന്‍:5/1) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് മുഫസ്സിരീങ്ങൾ പറയുന്നു നിങ്ങൾ അല്ലാഹുവിനോട് യാഥാർത്ഥ്യത്തിൽ വഴിപ്പെട്ടവൻ ആവണമെങ്കിൽ കരാറുകൾ കൃത്യമായി പൂർത്തീകരിക്കണം.
وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا
“നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഖു൪ആന്‍:17/34) കരാർ നിർവഹിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെ പറ്റി ഈ ആയത്തിൽ വിശദീകരിക്കുന്നുണ്ട്.
وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ
നിങ്ങള്‍ കരാര്‍ ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവിനെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നു. (ഖു൪ആന്‍:16/91)
കരാര്‍പാലനം വിജയികളായ വിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നാണ്. അത്തരക്കാരെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രെ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍). (ഖു൪ആന്‍:23/8)
കരാര്‍പാലനം സൂക്ഷ്മതപാലിക്കുന്നവരുടെ മേല്‍വിലാസങ്ങളിലൊന്നാണ്. അത്തരക്കാരെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ
കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)
വാഗ്ദത്ത നിർവഹണത്തിന്റെ ഉദാര മാതൃകകൾ മുത്ത് നബിയുടെ ജീവിതത്തിൽ നിന്ന് നമുക്ക് കാണാവുന്നതാണ്.
അബ്‌ദുല്ലാഹിബ്നു അബി ഹംസ(റ) പറയുന്നു: പ്രവാചകത്വ ലബ്ധിക്കു മുമ്പ് ഞാനൊരിക്കൽ തിരുനബി(സ)യോട് ചില സാധനങ്ങൾ വിലക്കു വാങ്ങി. അതിൻ്റെ വിലയിൽ പകുതി കൊടുത്തു. ബാക്കി തുക ഉടനെ ഇവിടെ കൊണ്ടുവന്നു തരുമെന്നറിയിച്ചു ഞാൻ പോയി. പക്ഷേ അക്കാര്യം ഞാൻ മറന്നു പോയിരുന്നു. മൂന്ന് ദിവസത്തിനു ശേഷമാണ് എനിക്കത് ഓർമ്മ വന്നത്. ഉടനെ ഞാൻ ബാക്കി പണവുമായി പുറപ്പെട്ടു. അത്ഭുതം! തിരുനബി(സ) അതേ സ്ഥലത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ട തിരുനബി(സ) പറഞ്ഞു: "യുവാവേ, സത്യത്തിൽ താങ്കൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നു. മൂന്നുദിവസങ്ങളായി ഞാൻ ഇവിടെ താങ്കളെ കാത്തിരിക്കുകയായിരുന്നു".(അബൂദാവൂദ്)
വാഗ്ദത്ത പാലനത്തിന്റെ ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ ഹുദൈബിയ അനുഭവങ്ങളിൽ കാണാവുന്നതാണ്.
"മക്കക്കാരാരെങ്കിലും മുസ്‌ലിമായി മദീനയിലേക്ക് വന്നാൽ അവരെ തിരിച്ചയക്കണം എന്നതായിരുന്നു ഹുദൈബിയ്യ സന്ധിയിലെ വ്യവസ്ഥകളിലൊന്ന്, ഉടമ്പടി എഴുതുന്നതിനിടയിൽ കാലിൽ ബന്ധിച്ച ചങ്ങലയും വലിച്ചു കൊണ്ട് അബൂജൻദൽ(റ) മക്കയിലെ കാരാഗ്രഹത്തിൽ നിന്ന് ഒളിച്ചോടി മുസ്‌ലിംകളുടെ അടുത്തെത്തി. ഈ രംഗം കണ്ട് ജനങ്ങൾ ആവേശഭരിതരായി. എന്നാൽ തിരുനബി(സ) ശാന്തനായി അദ്ദേഹത്തോട് പറഞ്ഞു: "അബൂ ജൻദൽ, സംയമനം പാലിക്കുക. എനിക്ക് കരാർ ലംഘിക്കാൻ സാധ്യമല്ല. താമസിയാതെ അല്ലാഹു നിങ്ങൾക്ക് അവസരം നൽകും." (ബുഖാരി)
അബൂറാഫിൽ എന്ന് പേരുള്ള ഒരടിമയെ ഒരിക്കൽ മക്കാ ഖുറൈശികൾ തിരുസന്നിധിയിലേക്ക് ദൂതനായി അയച്ചു. തിരുസവിധത്തിലെത്തിയ അടിമ തിരു വദനത്തിൻ്റെ പ്രസന്നതയിൽ ആകൃഷ്ടനായി ഇസ്‌ലാം ആശ്ലേഷിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. താൻ ഖുറൈശികളുടെ അടുത്തേക്ക് ഇനി തിരിച്ച് പോവുകയില്ലെന്ന് അയാൾ ശാഠ്യം പിടിച്ചു. ഇതു കേട്ട തിരുനബി(സ) പറഞ്ഞു “എന്റെയടുക്കൽ വരുന്ന ദൂതനെ ഞാൻ തടഞ്ഞുവെക്കുകയില്ല. അതുകൊണ്ട് താങ്കൾ തിരിച്ചു പോവണം. ഇസ്‌ലാം മതത്തിന്റെ യാഥാർത്ഥ്യം താങ്കളുടെ മനസ്സിലുണ്ടെങ്കിൽ വീണ്ടും നിങ്ങൾക്ക് തിരിച്ചു വരാം." എന്നായിരുന്നു. തിരുനബി(സ)യുടെ ആജ്ഞ സ്വീകരിച്ച് അബൂറാഫിഅ് മടങ്ങിപ്പോയി പിന്നീട് തിരു സന്നിധിയിൽ വന്ന് പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ചു. (അബൂദാവൂദ്)
തിരുസഖാക്കളിൽ പ്രമുഖരായ ഹുദൈഫത്ത്ബ്നു യമാൻ(റ), അബൂ ഹുസൈൻ(റ) എന്നീ സ്വഹാബികൾ യാത്രകഴിഞ്ഞ് മദീനയിലേക്ക് വരുമ്പോൾ ശത്രുക്കൾ അവരെ തടഞ്ഞുവച്ചു. ബദ്റ് യുദ്ധത്തിൽ തിരുനബി(സ)യോടൊപ്പം പങ്കെടുക്കില്ല എന്ന വ്യവസ്ഥയിലാണവരെ ശത്രുക്കൾ വിട്ടയച്ചത്. ഇരുവരും തിരുസന്നിധിയിലെത്തി വിവരം അറിയിക്കുകയും യുദ്ധത്തിൽ പങ്കെടുക്കാൻ തയ്യാറാവുകയും ചെയ്‌തു. മുസ്‌ലിം സൈന്യത്തിൽ അംഗങ്ങൾ വളരെ കുറവായിരുന്ന അവസ്ഥയായിരുന്നിട്ടു പോലും ശത്രുക്കളുമായുള്ള സ്വഹാബികളുടെ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണുണ്ടായത്. അവിടുന്ന് പറഞ്ഞു. നിങ്ങൾ രണ്ടു പേരും മദീനയിലേക്ക് പോവുക. ഏതു പ്രതിസന്ധിഘട്ടത്തിലും നാം വാക്കു പാലിക്കുന്നവരാണ്. നമുക്ക് അല്ലാഹുവിൻ്റെ സഹായം മാത്രം മതി.(മുസ്‌ലിം)
ഒരിക്കൽ തിരുസന്നിധിയിൽ മൂന്ന് അടിമകളെ ഹാജറാക്കി. രണ്ട് പേരെ അത്യാവശ്യക്കാരായ രണ്ടു പേർക്ക് തിരുനബി(സ) ദാനം ചെയ്തു. ഒരാൾ ബാക്കിയുണ്ട്. നേരത്തെ വേലക്കാരനെ ആവശ്യപ്പെട്ടു വന്ന അബുൽ ഹൈസമിനോട് ഒരാളെ നൽകാമെന്ന് തിരുനബി(സ) പറഞ്ഞിരുന്നു. അപ്പോഴാണ് പ്രിയ പുത്രി ഫാത്വിമ(റ) ഒരു വേലക്കാരനെ ആവശ്യപ്പെട്ടുകൊണ്ടു വന്നത്. അവർ തൻ്റെ കൈ ളിലെ ജോലിഭാരം കാരണമുണ്ടായ പാടുകൾ(തഴമ്പ് )കാണിച്ചു കൊണ്ട് തന്റെ ദൈന്യത വെളിപ്പെടുത്തി. അപ്പോൾ തിരുനബി(സ) അവരോട് ചോദിച്ചു: "അബുൽ ഹൈസമിന് നൽകിയ വാഗ്‌ദത്തം
ഞാനെന്തുചെയ്യും?” അങ്ങനെ ഫാത്വിമ(റ)ക്ക് നൽകാതെ അടിമയെ തിരുനബി(സ) അബ്ദുൽ ഹൈസമിന് നൽകി.(ഇഹ്‌യ)
ഹുനൈൻ യുദ്ധ ദിവസം തിരുനബി(സ) സമരാർജിത സ്വത്ത് വീതിച്ചുകൊണ്ടിരിക്കെ ഒരാൾ പറഞ്ഞു: “എനിക്ക് വല്ലതും തരാമെന്ന് ഒരു വാഗ്ദാനം ഉണ്ടല്ലോ?' തിരുനബി(സ) പ്രതിവചിച്ചു. "അതേ, അതു സത്യമാണ്. ഇഷ്ടമുള്ളത് ആവശ്യപ്പെടുക' അദ്ദേഹം പറഞ്ഞു:'എൺപത് പെണ്ണാടിനെയും അവയെ മേയ്ക്കാനുള്ള ഒരു ഇടയനുമാണ് ഞാൻ ആവശ്യപ്പെടുന്നത്.' ചോദിച്ചത്രയും നൽകിയ ശേഷം തിരുനബി(സ) പറഞ്ഞു. നിസ്സാരമായ (ഭൗതിക) സമ്പത്ത് മാത്രമാണ് നീ ആവശ്യപ്പെട്ടത്. പ്രവാചകൻ മൂസാനബി(അ)മിൻ്റെ കഥാ പാത്രമായ വൃദ്ധയാണ് നിന്നേക്കാൾ ബുദ്ധിമതി; തീരുമാനത്തിൽ നിന്നെക്കാൾ വിദഗ്ദയും. യൂസുഫ് നബി(അ)ന്റെ ജനാസയെ കുറിച്ച് അറിയിച്ചു കൊടുത്തതിനു പ്രതിഫലമായി വേണ്ടത് ആവശ്യപ്പെടാൻ അവരോട് മൂസ(അ) പറഞ്ഞു. അവൾ ആവശ്യപ്പെട്ടത് "തന്നെ ഒരു യുവതിയാക്കാനും നബിയോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനുമായിരുന്നു."(ഇഹ്‌യ)
അബ്‌ദുല്ലാഹിബ്‌നു ആമിർ(റ)വിൻ്റെ ബാല്യകാലസ്‌മരണ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു. തിരുനബി(സ) ഞങ്ങളുടെ വീട്ടിൽ വന്ന സമയത്ത് മാതാവ് എന്നെ വിളിച്ചു. 'നിനക്കു ഞാനൊരു സാധനം തരാം' എന്നു പറഞ്ഞു. അപ്പോൾ തിരുനബി(സ) മാതാവിനോട് ചോദിച്ചു: "നീ അവന് എന്തു നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്?" അവർ പറഞ്ഞു: ഞാനവന് ഈത്തപ്പഴം നൽകും. അപ്പോൾ തിരുനബി(സ) പറഞ്ഞു “അറിയുക, നീ അവന് ഒന്നും നൽകുമായിരുന്നില്ലെങ്കിൽ ഒരു വ്യാജം/കുറ്റം നിനക്കെതിരെ രേഖപ്പെടുത്തപ്പെടുമായി രുന്നു"(അബൂദാവൂദ്)
വാഗ്ദത്ത നിർവഹണത്തിൽ സ്വഹാബികളും താബിഉകളും എല്ലാം തിരു നബിയുടെ മാതൃക തന്നെയായിരുന്നു പിൻപറ്റിയിരുന്നത്. ജാബിർ(റ) പറയുന്നു: ബഹ്റൈനിൽ നിന്ന് ധനം വന്നാൽ ഞാൻ നിനക്ക് ഇപ്രകാരം തരുമെന്നു പറഞ്ഞ് മൂന്ന് തവണ തിരുനബി(സ) കരങ്ങൾ കൊണ്ടു വാരിക്കാണിച്ചു എനിക്ക് വാക്കു തന്നിരുന്നു. എന്നാൽ തിരുനബി(സ) വഫാത്താകുന്നതു വരെ ഈ ധനം എത്തിയില്ല. പിന്നീട് ഒന്നാം ഖലീഫ അബൂബക്കർ സ്വിദ്ധീഖ്(റ)ന്റ ഭരണകാലത്ത് പ്രസ്തുത സമ്പത്ത് വന്നപ്പോൾ ഖലീഫയുടെ കൽപന പ്രകാരം ഒരാൾ വിളംബരം ചെയ്തു. ‘വല്ല വ്യക്തിക്കും തിരുനബി(സ)യുടെ വാഗ്ദത്തം ഉണ്ടെങ്കിൽ നമ്മെ സമീപിച്ചു കൊള്ളട്ടെ' ഇതു കേട്ടു ഞാൻ ഖലീഫയെ സമിപിച്ച് തിരുനബി(സ) എന്നോട് വാഗ്ദാനം ചെയ്ത കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം നബി(സ) കാണിച്ചവിധം മൂന്ന് തവണ എനിക്ക് വാരിത്തന്നു. (ബുഖാരി,മുസ്‌ലിം)
ഇബ്നു ഉമർ(റ) മരണ ശയ്യയിൽ കിടക്കുമ്പോൾ പറഞ്ഞു “ഒരു ഖുറൈശി പുരുഷൻ എന്റെ മകളെ എന്നോട് വിവാഹാന്വേഷണം നടത്തിയിരുന്നു. വാഗ്ദത്ത സമാനമായ ഒരു വാക്ക് എന്നിൽ നിന്നും ഉണ്ടായിട്ടുണ്ട്. അല്ലാഹു സത്യം, കാപട്യത്തിന്റെ മൂന്നിലൊരു ഭാഗവുമായി ഞാൻ അല്ലാഹുവിനെ സമീപിക്കാൻ തയ്യാറല്ല. അതു കൊണ്ട് എന്റെ മകളെ അദ്ദേഹത്തിനു ഞാൻ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു എന്നതിന് നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു " (ഇഹ്യ).
രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്കിടയിലും വാഗ്ദത്ത ലംഘനങ്ങളും കരാർ ലംഘനങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ കരാർ പാലനത്തിന്റെ രാഷ്ട്രീയ മാതൃകകൾ കൂടി തിരുനബി സമൂഹത്തിന് പകർന്നു നൽകുന്നുണ്ട്.