സഹിഷ്ണുത തിരുനബി ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. ശത്രുവിനോട് പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഖുർആനിൽ അല്ലാഹു പറയുന്നു. "ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിലാണ് അങ്ങ് നിയോഗ്യനായതെന്ന്”. ഇതിനെ യാഥാർത്ഥ്യമാക്കിയ ജീവിതമായിരുന്നു തിരുദൂതരുടേത്.
വായിക്കാം:
ക്ഷമയെന്ന അനുഗ്രഹം
ആത്മീയ നേട്ടങ്ങൾക്കപ്പുറം ക്ഷമ കൊണ്ട് ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ക്ഷമയെ ചേർത്തുപിടിച്ച് സഹനത്തെ മുഖമുദ്രയാക്കി ജീവിതം
ക്രമീകരിക്കുന്നവർക്ക് ആശങ്കപ്പെടാനൊന്നുമില്ലത്രെ. " അവർക്ക് വല്ല ആപത്തും സംഭവിച്ചാൽ ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്നവർ പറയും (2:156)" എന്ന് ഖുർആൻ പറയുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് വലിയൊരു അനുഗ്രഹമായിട്ടാണ് തിരുനബി ക്ഷമയെ പഠിപ്പിച്ചു തന്നത്. കച്ചവടം പോലുള്ള ഏർപ്പാടുകളിൽ നമുക്ക് നഷ്ടങ്ങളും പല പ്രതിസന്ധിഘട്ടങ്ങളും നേരിടേണ്ടി വരും. ഈ സന്ദർഭങ്ങളിലെല്ലാം ഇതെല്ലാം നാഥനിൽ നിന്നുള്ളതാണ് എന്ന ബോധ്യത്തോടെ ക്ഷമിക്കുകയാണെങ്കിൽ ഇത്തരം പ്രയാസങ്ങൾ ഒരു മാനസിക പ്രശ്നമായി നമ്മളെ വന്ന് ഭവിക്കില്ല. ഇന്നാലില്ലാഹ് എന്ന് പറയുന്നത് പ്രയാസങ്ങൾക്കുള്ള മരുന്നാണ്.
ശുഹൈബ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ) പറഞ്ഞു: "വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ, അവൻ്റ എല്ലാ കാര്യങ്ങളും അവന് ഗുണമായാണ് ഭവിക്കുക. അവന് ഒരു സന്തോഷം വന്നെത്തിയാൽ അവൻ അല്ലാഹുവിന് ശുക്ർ ചെയ്യുന്നു. അത് അവന് ഗുണമാണ്. പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ അവൻ ക്ഷമിക്കുന്നു. അതും അവന് ഗുണമാണ്".
ഒരാളുടെ മകൻ മരണപ്പെട്ടാൽ അല്ലാഹു മലക്കുകളോട് ചോദിക്കുമത്രെ: നിങ്ങൾ എന്റെ ദാസൻ്റെ ആത്മാവിനെ പിടിച്ചോ? മലക്കുകൾ അതെ എന്ന് മറുപടി പറയും. വീണ്ടും അല്ലാഹു ചോദിക്കും: നിങ്ങൾ അദ്ദേഹത്തിൻ്റ സന്തോഷങ്ങളെ തടഞ്ഞുവോ?. അതെ. അപ്പോൾ അവൻ്റെ പ്രതികരണമെന്തായിരുന്നു. അവൻ നിന്നെ സ്‌തുതിക്കുകയും ഇസ്‌തിഗ്ഫാർ ചൊല്ലുകയും ചെയ്‌തുവെന്ന് മലക്കുകൾ മറുപടി നൽകും. ഉടനെ അല്ലാഹു നിർദേശിക്കും: "നിങ്ങൾ അവനു വേണ്ടി സ്വർഗലോകത്ത് ഒരു ഭവനം നിർമിക്കുക. അതിനു നിങ്ങൾ ബൈത്തുൽ ഹംദ് എന്ന് (സ്‌തുതി ഭവനം) പേരിടുകയും ചെയ്യുക.
സഹിഷ്ണുതയുടെ ജീവിതം
നബി തിരുമേനിയുടെ ജീവിതം വിദ്വേഷമോ വെറുപ്പോ ഉല്പാദിപ്പിക്കുന്നതായിരുന്നില്ല. മറിച്ച് സഹിഷ്ണുതയും സ്നേഹവുമായിരുന്നു. അവിടുത്തെ ജീവിതം ആരംഭിക്കുന്നത് തന്നെ പ്രയാസങ്ങളിലൂടെയായിരുന്നല്ലോ. ഉപ്പയെ ഒരു നോക്കു കണ്ടിട്ടില്ല. വളരെ കുറഞ്ഞ കാലം മാത്രമാണ് ഉമ്മയോടൊത്ത് ജീവിക്കാൻ സാധിച്ചത്. തനിക്ക് സാന്ത്വനമായിരുന്നു പിതാമഹൻ അബ്ദുൽ മുത്വലിബും ചെറുപ്രായത്തിലേ പിരിഞ്ഞു. അവിടുത്തെ ആറ് മക്കളും ചെറുപ്രായത്തിൽ തന്നെ വേർപിരിഞ്ഞു.ഇങ്ങനെ ദുരിതപൂർണമായിരുന്നു അവിടുത്തെ കുടുംബ പശ്ചാത്തലം. തിരുനബി അവയെല്ലാം ക്ഷമ കൊണ്ട് അതിജീവിച്ചു. അനാഥരായവർക്ക് ഊർജ്ജമാകും വിധം തണലായി വളർന്നു.
ഇങ്ങനെ ക്ഷമകൊണ്ട് അതിജീവിച്ച ഒരുപാട് ഘട്ടങ്ങൾ ജീവിതത്തിൽ കഴിഞ്ഞു. സാന്ത്വനം പ്രതീക്ഷിച്ചു ഉറ്റവരുടെ മണ്ണിലെത്തിയ നബി(സ) തങ്ങൾക്ക് ക്രൂരമർദ്ദനങ്ങളായിരുന്നു നേരിടേണ്ടിവന്നത്. ഒരിക്കൽ ആഇശ ബീവി(റ) നബി(സ)യോട് ചോദിക്കുന്നുണ്ട്: അങ്ങേക്ക് ഏറ്റവും പ്രയാസകരമായ ഘട്ടം ഏതായിരുന്നുവെന്ന്. മറുപടിയായി ത്വാഇഫിലെ സംഭവം വിവരിച്ചു നൽകി. കളിയാക്കലുകളും അവഹേളനവും. അവർ വിവരമില്ലാത്തവരെ കൊണ്ട് കല്ല് എറിയിപ്പിച്ചു. ഞാൻ ബോധരഹിതനായി വീണു. എന്നെ എഴുന്നേൽപ്പിച്ചു നിർത്തി വീണ്ടും കല്ലേറ് ആവർത്തിച്ചു. വീണ്ടും ഞാൻ ബോധരഹിതനായി വീണു. ആ സമയം ജിബ്‌രീലും(അ) മറ്റു മാലാഖമാരും എന്നെ കാണാനും സഹായം നൽകാനുമായി വന്നിരുന്നു. അന്ന് വിടെ വെച്ച് മലക്കുകൾ ഈ കാണുന്ന രണ്ട് പർവ്വതങ്ങൾക്കിടയിൽ ഇവരെ നശിപ്പിച്ചു കളയട്ടെ സമ്മതം ചോദിച്ചു. ‘അരുത്.. പിന്നീട് ഇസ്‌ലാമിലേക്ക് കടന്നു വരാനുള്ളവരാണ് എന്ന ആത്മപ്രപ്രതീക്ഷയോടെ ക്ഷമിക്കുകയായിരുന്നു മുത്തു നബി(സ). ചിന്തിച്ചു നോക്കൂ. വേദനകളെല്ലാം അടങ്ങിയതിനു ശേഷമല്ല സഹായം ചോദിച്ചുവന്നത്. പകരം, പീഡനങ്ങൾ ഏറ്റുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. അപ്പോഴും ആ സഹായാഭ്യർത്ഥനയെ നിരസിക്കാൻ മാത്രം അവിടുത്തെ ക്ഷമ ഉയർന്നിരുന്നു എന്നതാണ് സത്യം.
സ്വജീവിതത്തിൽ ക്ഷമ പ്രവർത്തിക്കുകയും തന്റെ അനുചരരിൽ ഇടയ്ക്കിടെ ക്ഷമ പഠിപ്പിക്കുകയും ചെയ്തവരായിരുന്നു തിരുനബി(സ). ഒരുവേള സ്വഹാബത്ത് ഇരിക്കുന്ന സദസ്സിൽ കയറി വന്നു കൊണ്ട് തിരുദൂതർ(സ) പറഞ്ഞു: നിങ്ങൾ മറ്റുള്ളവർക്ക് കരുണ ചെയ്യുന്നത് വരെ ആരും തന്നെ വിശ്വാസികളാകില്ല. ഉടൻ സ്വഹാബത്ത് ചപറഞ്ഞു: ഞങ്ങൾ കരുണ ചെയ്യുന്നവരാണല്ലോ നബിയെ. ഉടനെ മുത്ത് നബി പറഞ്ഞു: ഞാൻ നിങ്ങളുടെ സഹോദരങ്ങൾക്ക് കരുണ ചെയ്യുന്ന കാര്യമല്ല പറഞ്ഞത്, ലോകത്തെ എല്ലാത്തിനോടും കരുണ കാണിക്കുന്ന കാര്യമാണ് പറഞ്ഞത്.
അബൂത്വാൽഹ(റ ) തിരുനബി(സ)യുടെ ചാരെനിന്ന് വന്നു ഭാര്യയായ ഉമ്മു സലമ ബീവി(റ )യോട് പറയുന്നുണ്ട്. “ഇന്ന് ഞാൻ ഒരു അറിവ് പഠിച്ചു. നമുക്ക് വല്ല പ്രയാസവും നേരിട്ടാൽ ക്ഷമിക്കുകയും ഇന്നാലില്ലാഹി എന്ന് തുടങ്ങുന്ന ഈ ദിക്റ് ചൊല്ലുകയും ചെയ്താൽ അതിനേക്കാൾ ഖൈറായ മറ്റൊന്ന് അല്ലാഹു നൽകുകയും ചെയ്യും”. അദ്ദേഹം മരണപ്പെട്ടപ്പോൾ ഉമ്മു സലമ ബീവി അവിടുന്നാ ദിക്റ് ചൊല്ലി. പിന്നീട് തിരുനബിയുടെ പത്നിയാകാൻ ബീവിക്ക് ഭാഗ്യം ലഭിക്കുകയുണ്ടായി.
ശത്രുക്കളോടുള്ള സമീപനം
ഒരിക്കൽ ഉഖ്ബത്തുബ്നു അബീ മഈദ് എന്ന ദുഷ്ടൻ
നിസ്കാര വേളയിൽ നബി തങ്ങളുടെ മേനിയിൽ ഒട്ടകത്തിന്റെ മാംസാവാശിഷ്ട്ടങ്ങൾ കൊണ്ടിട്ടു. തങ്ങൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. വാർത്തയറിഞ്ഞ മകൾ ഫാത്തിമ ബീവിയാണ് അതെടുത്തു മാറ്റുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടും തിരുനബിയുടെ പ്രതികരണം മൗനമായിരുന്നു. കോപം വരാൻ ഏറെ സാധ്യതയുള്ളിടത്ത് പോലും ക്ഷമയായിരുന്നു തിരുദൂതർ(സ) കാണിച്ചത്. “ദൃഢമായ ആരോഗ്യമുള്ളവനല്ല യഥാർത്ഥ ശക്തൻ, ദേഷ്യം വരുമ്പോൾ ശരീരത്തെ പിടിച്ചുനിർത്തുന്നവനാണ്” എന്ന അവിടത്തെ വാക്കുകൾ എത്രമാത്രം കൃത്യമായിരുന്നു.
തിരുദൂതർ(സ) ഒറ്റക്ക് ഒരു മരച്ചുവട്ടിൽ നിദ്രയിലായ സമയം. ഒരു ശത്രു വന്ന് അവിടുത്തെ വാൾ കൈയിലെടുത്തു. നബിയെ ഉറക്കിൽ നിന്ന് എഴുന്നേൽപ്പിച്ച് അദ്ദേഹം ചോദിച്ചു: എന്നിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ആരുണ്ട്?. ഭയശങ്ക പോലുമില്ലാതെ അവിടുന്ന് പ്രതികരിച്ചു, അല്ലാഹുവുണ്ടെണ്ടെന്ന്. ആ മനുഷ്യന്റെ കൈയിൽനിന്ന് വാൾ നിലത്ത് വീണു. തിരുനബി അതെടുത്ത് ഇതേ ചോദ്യം ആവർത്തിച്ചു. നിങ്ങൾ മാത്രമാണ് എനിക്ക് രക്ഷക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരുദൂതർ ആ ശത്രുവിന് മാപ്പ് നൽകുകയാണ് ചെയ്തത്.
ഇങ്ങനെ അവിടുത്തെ ജീവിതമിൽ ക്ഷമിക്കലും മാപ്പ് നൽകലും സമ്മാനങ്ങൾ കൊടുക്കലുമെല്ലാം ധാരാളമായിരുന്നു. യഥാർത്ഥത്തിൽ അന്യരോടുള്ള കടപ്പാടിന്റെ അപരനോടുള്ള പെരുമാറ്റത്തിന്റെ പ്രതികരണത്തിന്റെ രീതിശാസ്ത്രത്തെ പഠിപ്പിച്ചു തരുകയാണ് തിരുനബി.
മുസ്‌ലിംകൾക്ക് ഒരുപാട് നഷ്ടങ്ങൾ വരുത്തിവെച്ച, ധാരാളം സ്വഹാബാക്കളെ കൊലപ്പെടുത്തിയ യമാമയുടെ ഭരണാധികാരി സുമാമ ഒരുവേള പിടിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തെ മുത്ത് നബിക്കരികിൽ ഹാജരാക്കിയപ്പോൾ മസ്ജിദുന്നബവിയുടെ തൂണിൽ ബന്ധിപ്പിക്കാൻ മുത്ത് നബി കൽപ്പിച്ചു. അദ്ദേഹത്തെ വേണ്ടതെല്ലാം നൽകി പരിഗണിച്ചു. ഒരു ദിവസം കഴിഞ്ഞപ്പോൾ കെട്ടഴിച്ച് ഇസ്‌ലാമിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം സമ്മതിച്ചില്ല. വീണ്ടും ബന്ധിപ്പിച്ചു ഇങ്ങനെ മൂന്ന് നാൾ. നമ്മുടെ ബാധ്യത അവസാനിച്ചിരിക്കുന്നു ഇനി അദ്ദേഹത്തെ വിട്ടേക്കുക എന്ന മുത്ത് നബി ആഹ്വാനം നൽകി. സ്വഹാബത്തിന് ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു. ഒരക്രമിയെ വിളിച്ചുവരുത്തി എല്ലാ സഹായവും നൽകി വെറുതെ വിടുക എന്ന പ്രവർത്തനം എങ്ങനെയാണ് ഇഷ്ടപ്പെടുക. പക്ഷേ, അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നില്ല ചെയ്തത്. അടുത്തുള്ള കുളത്തിൽ പോയി കുളിച്ച് ശുദ്ധിയായി മുത്ത് നബിയിലേക്ക് തിരിച്ചു വന്ന് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഇന്നലെ വരെ എനിക്ക് ഏറ്റവും വെറുക്കപ്പെട്ട മുഖം അങ്ങയുടേതായിരുന്നു ഇന്നെനിക്ക് ഏറ്റവും ഇഷ്ടം അതേ മുഖമാണെന്നായിരുന്നു സുമാമയുടെ പ്രതികരണം. അദ്ദേഹം നന്മയിലേക്ക് വന്നത് അവിടുത്തെ പരിഗണന കൊണ്ട് മാത്രമായിരുന്നു. ഇങ്ങനെ കേവലം ക്ഷമിക്കുന്നതിലപ്പുറം അവർക്ക് വയറുനിറയെ സമ്മാനിക്കുക എന്നത് അവിടുത്തെ മാതൃകയാണ്. ഒരു അഅ്റാബി സമ്പത്ത് നൽകണമെന്ന് പറഞ്ഞു, മുത്ത് നബിയുടെ കഴുത്തിലുണ്ടായിരുന്ന ഷാള് ശക്തമായി വലിച്ചു. അവിടുത്തെ ശരീരത്തിൽ മുറിപ്പാട് സംഭവിച്ചു. മുത്ത് നബി പ്രതികരണമെന്നോള്ളണം ചിരിച്ചു. രണ്ടു ഒട്ടകങ്ങൾ താങ്ങാവുന്ന ഭാണ്ഡങ്ങൾക്ക് സമ്മാനം സ്വത്തുകൾ കൊടുത്തയച്ചു.
പരീക്ഷണാർത്ഥം ക്രൈസ്തവ പുരോഹിതൻ തിരുനബി(സ)യെ സമീപിക്കുന്നുണ്ട്. അദ്ദേഹം തിരുദൂതർക്ക് പണം കടമായി നൽകി. ഇന്ന ദിവസം തിരിച്ചേൽപ്പിക്കാമെന്ന് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു, പണം തിരിച്ചു നൽകേണ്ടതിന്റെ തലേദിവസം അദ്ദേഹം തിരുനബിയെ സമീപിച്ചു. പണം ആവശ്യപ്പെട്ടു, അവിടുത്തെ വസ്ത്രം പിടിച്ചു വലിച്ചു. തിരുനബി സമയമായിട്ടില്ലല്ലോ എന്ന് പറഞ്ഞു.
അദ്ദേഹം ഇന്ന് തന്നെ നൽകണമെന്ന് വാശിപിടിച്ചു. അടുത്തിരുന്ന ഉമർ(റ) തലയെടുക്കാൻ സമ്മതം തരണമെന്ന് പറഞ്ഞ് അദ്ദേഹത്തിന് നേരെ തിരിഞ്ഞു. ആ സമയത്ത് മുത്ത് നബി സൗമ്യനായി. ഉമർ(റ)നോട് അടങ്ങാൻ പറഞ്ഞു. അദ്ദേഹത്തിന് നൽകിയ പണവും ഉമർ( റ)ന്റെ പ്രവർത്തനത്തിന്റെ പകരമായി അധികം പണവും നൽകാൻ കൽപ്പിച്ചു. അദ്ദേഹത്തിന് ഇസ്‌ലാം തെരഞ്ഞെടുക്കാൻ മറ്റൊന്നും വേണ്ടിവന്നില്ല. പിന്നീട് സൈദിബ്നു സഅ്ന(റ) എന്ന സ്വാഹാബിയായി.
ശത്രുപക്ഷത്തുനിന്ന് എത്ര പേരാണ് അവിടുത്തെ സ്വഭാവ മഹിമ കൊണ്ട് ഇസ്‌ലാമിലേക്ക് വന്നത്. മക്കയുടെ രാജാവായി ഭരണം ഏൽക്കുന്ന സമയത്ത് ആക്രമിച്ച ശത്രുക്കളെ ശിക്ഷിക്കാൻ പൂർണ അർഹനായിരുന്നു തിരുനബി(സ). അബൂജഹലിന്റെ മകൻ ഇകിരിമ(റ) ഇസ്‌ലാമിലേക്ക് വരുന്ന രംഗമുണ്ട്. മക്കാവിജയനാളിന്റെ സമയത്ത് തന്റെ ഭാര്യ ഉമ്മു ഹബീബയാണ് ഭർത്താവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത്. തിരുനബി നിർഭയത്വം തരുമോ എന്ന ശങ്കയിലായിരുന്നു ഇകിരിമ. എല്ലാം തിരുത്തപ്പെട്ടു. മാപ്പ് കൊടുക്കുക മാത്രമല്ല സ്വഹാബത്തിനോടായി തിരുനബി പറഞ്ഞു: ഇദ്ദേഹത്തിന്റെ പിതാവിനെ കുറിച്ച് ഒന്നും പറഞ്ഞേക്കരുത്. അദ്ദേഹം മരിച്ചു പോയിരിക്കുന്നു. അദ്ദേഹത്തിന് പൊറുത്തു നൽകാൻ മുത്ത് നബി ദുആ ചെയ്യുകയും ചെയ്തു. അവിടുത്തെ മറ്റൊരു കൊടിയ ശത്രുവായിരുന്ന ഉമയ്യത്തുബ്നു ഖലഫിന്റെ മകൻ സഫ്‌വാൻ(റ) തങ്ങളുടെ ഇസ്‌ലാം സ്വീകരണത്തിലും ഇതേ സംഭവം കാണാൻ കഴിയും. പെട്ടെന്ന് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നില്ല ചെയ്തത്. കൂട്ടുകാരനെന്നപോലെ തിരു നബിയുടെ കൂടെ നടന്ന്, അവിടുത്തെ സ്നേഹവും സഹിഷ്ണുതയും ബോധ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്. ആരായിരുന്നു അബൂ ജഹലും ഉമ്മയ്യത്തുമെന്നോർക്കണം. അവരുടെയൊക്കെ കൊടിയ അക്രമം കാരണമായിരുന്നല്ലോ എല്ലാം വിട്ട് തിരുനബി(സ)ക്ക് ഹിജ്റ പോവേണ്ടി വന്നതും. എങ്ങനെയാണ് അവർക്ക് മാപ്പു നൽകുക!? അതുകൊണ്ടായിരുന്നല്ലോ സഫ്വാനും ഇകിരിമയും അവിശ്വസനീയമാംവിധം ഞങ്ങൾക്ക് മാപ്പ് നൽകുമോ എന്ന് ചോദിച്ചത്?. ഇങ്ങനെ മാപ്പുനൽകലും സഹനവുമെല്ലാം അവിടുത്തെ ചരിത്രപാഠങ്ങളായിരുന്നു.
ആർക്കെതിരെയും പ്രാർത്ഥിക്കാതിരിക്കുക എന്നത് അവിടുത്തെ സഹിഷ്ണുതയുടെ തെളിവാണ്. തന്നെ കൊല്ലാൻ വന്നവരോടുപോലും സൗമ്യമായിട്ടല്ലാതെ അവിടുന്ന് പെരുമാറിയിട്ടില്ല. ഉഹ്ദ് യുദ്ധഭൂമിയിൽ അവിടുത്തെ മുൻപല്ല് പൊട്ടി മുഖമാകെ രക്തമൊലിച്ചു. ആ സമയത്ത് സ്വഹാബത്ത് ചോദിക്കുന്നുണ്ട് അവർക്കെതിരെ പ്രാർത്ഥിച്ചു കൂടെ എന്ന്. അവിടുന്ന് പറഞ്ഞു: കരുണ ചെയ്യുന്നവരായിട്ടല്ലാതെ ഞാൻ നിയോഗിതനായിട്ടില്ല. ഞാൻ ആർക്കെതിരെയും പ്രാർത്ഥിക്കുകയില്ല.
സഹിഷ്ണുത അവിടുത്തെ ജീവിത മുദ്രയായിരുന്നു. ശത്രുവിനോട് പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്
“ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിന് മേലെയാണ് അങ്ങ് നിയോഗ്യനായതെന്ന്”. ഇതിനെ യാഥാർത്ഥ്യമാക്കിയ ജീവിതമായിരുന്നു തിരുദൂതരുടേത്(സ).