പ്രവാചകജീവിതം ആരോഗ്യത്തിനുള്ള സമഗ്ര പാഠമാണ്. ശുചിത്വവും മിതമായ ഭക്ഷണ രീതിയും പഠിപ്പിച്ചു. വ്യായാമത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകി. ദിക്റും പ്രാർത്ഥനയും മന:ശാന്തി നൽകുന്നുവെന്ന് തെളിയിച്ചു. പ്രകൃതിദത്ത ചികിത്സയും രോഗപ്രതിരോധവും ചേർത്ത് കാലാതീതമായ ഒരു ആരോഗ്യദർശനം രൂപപ്പെടുത്തി.
വായിക്കാം:
ശുചിത്വം: വിശ്വാസത്തിന്റെ പാതിയും
ആരോഗ്യത്തിന്റെ അടിസ്ഥാനവും
ആരോഗ്യത്തിന്റെ അടിസ്ഥാനവും
"ശുചിത്വം വിശ്വാസത്തിന്റെ പാതിയാണ്" എന്ന തിരുവചനം കേവലം ഒരു ആത്മീയ ഉപദേശമല്ല, മറിച്ച് ആരോഗ്യകരമായ ജീവിതത്തിന്റെ ആധാരശിലയാണ്. ദിവസേന അഞ്ചുനേരം നിർവഹിക്കുന്ന 'വുളൂ' (അംഗശുദ്ധി) ഒരു ആരാധനാ കർമ്മം എന്നതിലുപരി, ശാസ്ത്രീയമായ ഒരു ശുചീകരണ പ്രക്രിയ കൂടിയാണ്. മുഖം, കൈകൾ, കാലുകൾ തുടങ്ങിയ ശരീരഭാഗങ്ങൾ കൃത്യമായ ഇടവേളകളിൽ കഴുകുന്നത് രോഗാണുക്കളുടെ വ്യാപനം തടയാൻ സഹായിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം ശരിവെക്കുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകളും വായും മുഖവും കഴുകുന്നത് തിരുനബിﷺ യുടെ ജീവിതത്തിലെ നിഷ്കർഷയായിരുന്നു. വസ്ത്രം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിൽ തിരുനബി അതീവ ശ്രദ്ധ പുലർത്തി. ഇന്ന് ലോകം 'പൊതുജനാരോഗ്യം' (Public Health) എന്ന് വിശേഷിപ്പിക്കുന്ന വ്യവഹാരത്തിന്റെ പ്രായോഗികമായ പാഠങ്ങളാണ് ഈ ശീലങ്ങളിലുള്ളത്.
ഭക്ഷണത്തിലെ ലാളിത്യവും മിതത്വവും:
ആരോഗ്യത്തിലേക്കുള്ള കവാടം
തിരുനബിﷺ ക്ക് ഭക്ഷണത്തോടുള്ള മനോഭാവം തന്നെ ആത്മീയവും ആരോഗ്യപരവുമായിരുന്നു. ഭക്ഷണം കേവലം ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായിരുന്നില്ല. മറിച്ച്, ആരാധനകൾക്ക് ഊർജ്ജം നൽകാനുള്ള ഒരു ഉപാധിയായിട്ടാണ് അവിടുന്ന് കണ്ടത്. പലപ്പോഴും വിശപ്പ് സഹിച്ചായിരുന്നു തിരുനബിﷺ യുടെ ജീവിതം. ഒരേ ദിവസം രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം തിരുനബിﷺ ക്ക് ഉണ്ടായിരുന്നില്ല. ദിവസങ്ങളോളം അടുപ്പ് പുകയാത്ത വീടായിരുന്നു അവിടുത്തേത്. ഒരിക്കൽ ആയിഷാ ബീവിക്ക് വിഭവസമൃദ്ധമായ ഭക്ഷണം ലഭിച്ചപ്പോൾ, പ്രവാചകന്റെ ഭക്ഷണത്തിലെ ലാളിത്യം ഓർത്ത് അവർ കരഞ്ഞുപോയ സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
"മിതത്വമാണ് ആരോഗ്യത്തിന്റെ താക്കോൽ" എന്ന യാഥാർത്ഥ്യം പ്രവാചക ജീവിതം നമ്മെ പഠിപ്പിക്കുന്നു. വയറിനെ ഭക്ഷണം, വെള്ളം, ശ്വാസം എന്നിങ്ങനെ മൂന്നായി വിഭജിക്കണം എന്ന മാർഗനിർദേശം, അമിതഭക്ഷണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ മുന്നറിയിപ്പാണ്. നല്ല വിശപ്പുണ്ടാകുമ്പോൾ മാത്രം ഭക്ഷണം കഴിക്കുകയും വയറു നിറയുന്നതിന് മുമ്പ് നിർത്തുകയും ചെയ്യുന്നതായിരുന്നു അവിടുത്തെ രീതി. ഭക്ഷണം കഴിക്കുമ്പോൾ പ്രവാചകർ പുലർത്തിയിരുന്ന മര്യാദകൾ ഏറെ ശ്രദ്ധേയമായിരുന്നു. അഹങ്കാരം ഒഴിവാക്കി, വിനയത്തോടെ നിലത്തിരുന്നാണ് അവിടുന്ന് ഭക്ഷണം കഴിച്ചിരുന്നത്. "ഞാനൊരു അടിമയാണ്, അടിമ ഇരിക്കുന്നത് പോലെ ഇരിക്കുകയും അടിമയെപ്പോലെ ഭക്ഷിക്കുകയും ചെയ്യും" എന്ന തിരുനബിയുടെ മറുപടി ഈ വിനയത്തിന്റെ ആഴം വ്യക്തമാക്കുന്നു. വലതുകാൽ നാട്ടിവെച്ച് ഇടതുകാൽ മടക്കിവെച്ചുള്ള ഇരുത്തം അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ശരീരത്തെ തടഞ്ഞിരുന്നു. ചാരിയിരുന്ന് കഴിക്കുന്നത് ശരീരത്തിന് ദോഷകരമായതിനാൽ അവിടുന്ന് അത് വിലക്കി. മാത്രമല്ല, ഒറ്റയ്ക്ക് ഭക്ഷിക്കുന്നതിനേക്കാൾ ഒരുമിച്ചിരുന്ന് കഴിക്കുന്നതിനെ പ്രവാചകർ പ്രോത്സാഹിപ്പിച്ചു, കാരണം ഇത് ഭക്ഷണത്തിൽ ബറകത്തും സാമൂഹിക ബന്ധങ്ങളിൽ ഊഷ്മളതയും നൽകുന്നു. മൂന്നു വിരലുകൾ മാത്രം ഉപയോഗിച്ച് മിതമായി കഴിക്കുന്ന ശീലവും ഭക്ഷണത്തിന്റെ ഓരോ അംശത്തെയും ബഹുമാനിക്കണമെന്ന പാഠവും ഈ മര്യാദകളുടെ ഭാഗമായിരുന്നു.
ശാരീരികക്ഷമതയും
മാനസികാരോഗ്യവും
തിരുനബിﷺ യുടെ ജീവിതം സജീവമായിരുന്നു. നീന്തൽ, കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ തിരുനബിﷺ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ഇവയൊക്കെ ശരീരത്തിന് കരുത്തും മനസ്സിന് ഏകാഗ്രതയും നൽകുന്ന മികച്ച വ്യായാമമുറകളാണ്. ഇതിനെല്ലാം പുറമെ, ദിവസേന അഞ്ചുനേരം നിർവഹിക്കുന്ന നിസ്കാരം ശരീരത്തിലെ സന്ധികൾക്ക് ആവശ്യമായ ചലനം നൽകുകയും ശരീരത്തിന് ശക്തിയും മനസ്സിന് ശാന്തിയും പകരുന്ന ഒരു സമഗ്ര വ്യായാമമായി വർത്തിക്കുകയും ചെയ്യുന്നു. നിർത്തം, കുനിയൽ, സാഷ്ടാംഗം ചെയ്യൽ തുടങ്ങിയ നമസ്കാരത്തിലെ ചലനങ്ങൾ ശരീരത്തിലെ പ്രധാന പേശികൾക്ക് വ്യായാമം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരാരോഗ്യത്തിന് നൽകിയതുപോലെതന്നെ, മാനസികാരോഗ്യത്തിനും നബിﷺ വലിയ പ്രാധാന്യം നൽകി. പ്രാർത്ഥന, ധ്യാനം, ദിക്റുകൾ എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിൽ സമാധാനം നിറയ്ക്കുകയും ചെയ്യുമെന്ന് അവിടുന്ന് പഠിപ്പിച്ചു. "അറിയുക, ദൈവസ്മരണ കൊണ്ടാണ് ഹൃദയങ്ങൾ ശാന്തമാകുന്നത്," എന്ന ഖുർആനിക വചനം ഇതിന് അടിവരയിടുന്നു.
പ്രകൃതിയോടിണങ്ങിയ
ഭക്ഷണക്രമവും ചികിത്സയും
തിരുനബിﷺ യുടെ ഭക്ഷണക്രമം പൂർണ്ണമായും പ്രകൃതിയോടിണങ്ങിയതും ലളിതവുമായിരുന്നു. ബാർലി കൊണ്ടുള്ള മാർദ്ദവമില്ലാത്ത പത്തിരി, ഈന്തപ്പഴം, തേൻ, പാൽ, ഒലീവെണ്ണ, ചിരങ്ങ, വത്തക്ക, കക്കരി എന്നിവയെല്ലാം തിരുനബിﷺ യുടെ ഇഷ്ടവിഭവങ്ങളിൽപ്പെടുന്നു. ഇറച്ചി ഭക്ഷണങ്ങളുടെ നേതാവാണെന്ന് പ്രവാചകർ പറഞ്ഞിട്ടുണ്ടെങ്കിലും, സ്ഥിരമായി ഇറച്ചി കഴിക്കുന്നത് ഹൃദയകാഠിന്യത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആട്ടിറച്ചിയോടായിരുന്നു കൂടുതൽ പ്രിയം. അതേസമയം, വെളുത്തുള്ളി, പച്ച ഉള്ളി എന്നിവയുടെ രൂക്ഷഗന്ധം കാരണം അവിടുന്ന് അവ കഴിച്ചിരുന്നില്ല. മലക്കുകളുമായി സംസാരിക്കുന്ന തനിക്ക് അതിന്റെ ഗന്ധം പ്രയാസമുണ്ടാക്കുമെന്നാണ് തിരുനബി വിശദീകരിച്ചത്. ഭക്ഷണത്തിലൂടെയുള്ള ആരോഗ്യപരിപാലനത്തിനപ്പുറം, പ്രകൃതിദത്തമായ ചികിത്സാരീതികളെയും പ്രവാചകർ പ്രോത്സാഹിപ്പിച്ചു. "കരിഞ്ചീരകത്തിൽ മരണമൊഴികെ മറ്റെല്ലാ രോഗത്തിനും ശമനമുണ്ട്," എന്ന തിരുനബിയുടെ വാക്കും, തേൻ, ഒലിവെണ്ണ, സംസം വെള്ളം എന്നിവയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള പഠിപ്പിക്കലുകളും ഇതിന് ഉദാഹരണമാണ്.
സാമൂഹികാരോഗ്യവും
രോഗനിയന്ത്രണവും
രോഗപ്രതിരോധത്തിനായി തിരുനബിﷺ സമൂഹത്തെ ബോധവൽക്കരിച്ചു. പകർച്ചവ്യാധിയുണ്ടാകുമ്പോൾ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനും അവിടുന്ന് നിർദ്ദേശിച്ചു. “ഒരു നാട്ടിൽ പകർച്ചവ്യാധിയുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങൾ ഉള്ള നാട്ടിലാണ് അത് സംഭവിക്കുന്നതെങ്കിൽ അവിടെനിന്ന് പുറത്തേക്ക് പോകുകയും അരുത്” എന്ന തിരുനബിﷺ യുടെ ഉപദേശം, ആധുനിക 'എപ്പിഡെമിക് കൺട്രോൾ' രീതികളുടെ ആദ്യരൂപമാണ്. ഇത് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു വിപ്ലവകരമായ പൊതുജനാരോഗ്യ നയമായിരുന്നു. ഇത് സമൂഹത്തിന്റെയാകെ ആരോഗ്യത്തിന് അവിടുന്ന് എത്രമാത്രം വില കൽപ്പിച്ചിരുന്നു എന്നതിന്റെയും സാമൂഹിക ഉത്തരവാദിത്തബോധം എത്രത്തോളം പ്രധാനമാണെന്നതിന്റെയും വ്യക്തമായ തെളിവാണ്.
തിരുനബിﷺ യുടെ ആരോഗ്യചിന്തകൾ കേവലം മതപരമായ നിർദ്ദേശങ്ങൾ എന്നതിലുപരി, എല്ലാ കാലത്തേക്കും പ്രായോഗികമായ ഒരു ജീവിതരീതിയാണ് മുന്നോട്ടുവെക്കുന്നത്. തിരുനബിﷺയുടെ ജീവിതം സമഗ്രമായ ഒരു ആരോഗ്യ പദ്ധതിയാണ് നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്. ശുചിത്വം രോഗപ്രതിരോധത്തിന് ഒരു കവചമായി വർത്തിക്കുമ്പോൾ, മിതത്വവും ലാളിത്യവും നിറഞ്ഞ ഭക്ഷണശീലം ആരോഗ്യത്തിലേക്കുള്ള കവാടം തുറന്നുതരുന്നു. ശാരീരിക വ്യായാമങ്ങൾ ശരീരത്തിനും മനസ്സിനും ഒരുപോലെ കരുത്തേകുകയും, ആത്മീയത മാനസികമായ മുറിവുകളുണക്കി ശാന്തി നൽകുകയും ചെയ്യുന്നു. രോഗങ്ങളും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ആധുനിക ലോകത്ത്, പ്രവാചക ജീവിതം ആരോഗ്യപൂർണ്ണവും സമാധാനപരവുമായ ജീവിതത്തിലേക്കുള്ള ദീപസ്തംഭമായി ഇന്നും പ്രകാശിക്കുന്നു.