ശത്രുക്കളിൽ നിന്ന് നിരന്തരം അക്രമങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടും ഒരിക്കൽ പോലും അവരുടെ നാശം മുത്ത് നബി ആഗ്രഹിച്ചില്ല. പീഢനങ്ങളെത്ര തന്നെ നേരിട്ടാലും, ശത്രുക്കൾക്ക് സത്യം മനസ്സിലാക്കാനും അതംഗീകരിക്കാനുമുള്ള അവസരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ് കരുണയുടെയും വിട്ടുവീഴ്ചയുടെയും തിരുനബി മാതൃക.

വായിക്കാം:

ആറാം നൂറ്റാണ്ടിൻ്റെ കലുഷിതമായ കാലം. ഒരു മാർഗദർശിയുടെ അഭാവത്തിൽ മാനവിക ബോധം അസ്‌തമിച്ചുപോയ സമൂഹം. ജീവിതാസ്വാധനത്തിന്റെ ആലസ്യത്തിൽ സാംസ്കാര ശൂന്യരായ ജനസമൂഹം. സ്വാർത്ഥ താൽപര്യങ്ങളിൽ രാഷ്ട്ര ഭൂപടം വരയ്ക്കുന്ന ഭരണ സംവിധാനങ്ങൾ. കെട്ടുപോയ മാനുഷിക മൂല്യങ്ങൾക്കിടയിൽ കാലം ഒരു 'മനുഷ്യനെ' തേടുന്നുണ്ട്. ആരെയും ഉൾകൊള്ളുന്ന ഒരു പരിപൂർണ മനുഷ്യൻ. വൈയക്തികമായ താല്പര്യങ്ങൾക്കപ്പുറം സാമൂഹികമായി ജീവിക്കുന്ന, മനുഷ്യരെ ചേർത്തുപിടിക്കുന്ന നേതാവ്. അവരിലേക്കാണ് അറിവിൻ്റെ, ധാർമിക മൂല്യങ്ങളുടെ പ്രകാശമായി തിരുദൂതർ (സ) കടന്നു വരുന്നത്. 

വിശുദ്ധ ഖുർആനിൽ സ്രഷ്ടാവായ അല്ലാഹു പറയുന്നുണ്ട് : ലോകത്തിന് മുഴുവൻ അനുഗ്രഹമായിട്ടാണ് മുഹമ്മദ്‌ നബി(സ)യെ നിയോഗിച്ചിട്ടുള്ളത് (21/107).
വിശ്വാസികൾക്കും അവിശ്വാസിക്കൾക്കും കാരുണ്യമാണ് മുഹമ്മദ്‌ നബി(സ) എന്നാണ് ഈ സൂക്തത്തിന്റെ ശരിയായ അർത്ഥം. വ്യത്യസ്തങ്ങളായ ബിംബങ്ങളെ ആരാധിക്കുന്ന, അഗ്നിയരാധകർ, യഹൂദർ, ക്രൈസ്തവർ തുടങ്ങി വിവിധ മതങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, എല്ലാവരും കരുണാനിധിയായ അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന ഏറ്റവും മനോഹരമായ സന്ദേശമാണ് തിരുനബി(സ) പകർന്നു നൽകിയത്. 

ശത്രുക്കളിൽ നിന്ന് നിരന്തരം അക്രമങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടും ഒരിക്കൽ പോലും അവരുടെ നാശം മുത്ത് നബിയുടെ  മനസ്സിൽ തെളിഞ്ഞിട്ടില്ല. എത്ര പ്രയാസമനുഭവിച്ചാലും ശത്രുക്കൾ സത്യം മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള അവസരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് അവിടുത്തെ പതിവ്. മുത്ത് നബിയെ വല്ലാതെ പ്രയാസപ്പെടുത്തിയ 'അഖബ' യുടെ വേളയിൽ ഈ കാണുന്ന പർവതങ്ങളെ കൊണ്ട് ശത്രുജനങ്ങളെ നശിപ്പിച്ചാലോ എന്ന് ചോദിക്കുന്ന മലക് ജിബ്‌രീലിനോട്(അ) അവിടുന്ന് പറഞ്ഞത് 'വേണ്ട! അവരുടെ പിൻ തലമുറയിൽ സത്യം അംഗീകരിക്കുന്നവരെ ഞാൻ പ്രതീക്ഷിക്കുന്നു.'എന്നായിരുന്നു 

നബി(സ)യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് ഹിജ്‌റ. നേരിനുവേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ സ്വദേശം വിട്ട് മറുദേശത്തേക്ക് ചെയ്യേണ്ടി വന്ന പലായനം. എന്നാൽ വർഷങ്ങൾക്കുശേഷം പ്രവാചകർ ജേതാവായി മക്കയിലേക്ക് തിരിച്ചു വരുന്ന സാഹചര്യത്തിൽ തന്നെ ഏറെ ഉപദ്രവിച്ച ശത്രുക്കൾക്ക് പൊതുമാപ്പ് നൽകുകയാണുണ്ടായത്. തിരുജീവിതത്തിലെ ആർദ്രതയുടെ വലിയ ഉദാഹരണമാണത്. ആ സമയത്ത്, സഅദ്(റ ) അബൂസുഫിയാനോട് പ്രതികാര സ്വരത്തിൽ മാംസത്തിന് പകരം മാംസം കൊണ്ട് കണക്ക് തീർക്കാനുള്ള ദിവസമാണിതെന്ന് പറഞ്ഞപ്പോൾ മുത്ത് നബി(സ) അത് തിരുത്തുകയും ശേഷം 'ഇത് കാരുണ്യത്തിന്റെ ദിനമാണ്, കണക്കു തീർക്കാനുള്ള ദിവസമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രവാചകരുടെ ശിഷ്യനായ വാസില(റ) ഒരു വേള ചോദിക്കുന്നുണ്ട്: യാ റസൂലല്ലാഹ്, എന്താണ് വർഗീയത? അവിടുന്ന് മറുപടി നൽകി: അക്രമത്തിനു വേണ്ടി സ്വന്തം സമുദായത്തിന് കൂട്ടുനിൽക്കലാണ് വർഗീയത. ഈ വിവരണത്തിലൂടെ വർഗീയതയോട് ഇസ്‌ലാം പുലർത്തുന്ന സമീപനം സുവ്യക്തമാണ്.  വർഗ്ഗീയതയെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകമായ ഒരു വ്യക്തിയോടോ സമുദായത്തോടൊ മതത്തോടോ നീതിവിരുദ്ധമായ ഇടപെടലുകൾ തിരുദൂതർ (സ) നടത്തിയിട്ടില്ല. അബുദാവൂദ്(റ) റിപ്പോർട്ട് ചെയ്യുന്നു 'വർഗീയതയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. വർഗീയതയുടെ പേരിൽ യുദ്ധം ചെയ്യുന്നവനും നമ്മുടെ കൂട്ടത്തിൽ പെടില്ല. വർഗീയതയ്ക്ക് വേണ്ടി മരണം വരിച്ചവനും നമ്മിൽ പെടില്ല' 

സത്യ മതമാണ് ഇസ്‌ലാം. വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ശില. ആ വിശ്വാസം ആരുടെയും നിർബന്ധത്തിന് കീഴടങ്ങിയോ മറ്റോ രൂപപ്പെടേണ്ടതുമല്ല. സ്വബോധത്തിൽ തെളിഞ്ഞു വന്ന തിരിച്ചറിവിന്റെ ഫലമായി സ്വീകരിക്കേണ്ടതാണ്. ഇസ്‌ലാമിലേക്ക് നിർബന്ധിത പരിവർത്തനം സാധ്യമല്ല. ബാലപ്രയോഗത്തിലൂടെ ഏക ദൈവ വിശ്വാസം പുൽകാൻ കഴിയുകയുമില്ല. വിശുദ്ധ ഗ്രന്ഥം ഇങ്ങനെ വിവരിക്കുന്നത് കാണാം 'മതത്തിൽ നിർബന്ധിക്കലില്ല. കാരണം ദുർമാർഗത്തിൽ നിന്ന് വേർതിരിഞ്ഞ് സന്മാർഗം വ്യക്തമായിരിക്കുന്നു' (2/256). 

അപരനെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും വ്യക്തിയിൽ നിന്നും ഉണ്ടാകരുത് എന്നതാണ് ഇസ്‌ലാമിൻ്റെ മാനുഷിക സങ്കൽപ്പം. നബി (സ്വ) പറയുന്നു 'മറ്റു മനുഷ്യരെല്ലാം വിശ്വാസിയുടെ നാവിൽ നിന്നും കൈകളിൽ നിന്നും സുരക്ഷിതരാകുമ്പോഴാണ് ഒരു മുസ്‌ലിം പൂർണ വിശ്വസിയാകുന്നത്' (അഹ്മദ് ഇബ്നു ഹിബ്ബാൻ). ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന അമുസ്‌ലിം പൗരന് സംരക്ഷണം ഉറപ്പുവരുത്തണം എന്നു മാത്രമല്ല, അവർക്കെതിരെയുള്ള അക്രമങ്ങൾ ഗൗരവമുള്ള കുറ്റകൃത്യമാണ് എന്നും തിരുവചനങ്ങളിൽ കാണാം. അബ്ദുള്ള(റ) നിവേദനം ചെയ്യുന്നു: മുസ്‌ലിംകളുമായി കരാറിലേർപ്പെട്ട അമുസ്‌ലിമിനെ കൊലപ്പെടുത്തിയാൽ സ്വർഗത്തിന്റെ പരിമളം പോലും അനുഭവിക്കാൻ കഴിയില്ല. മുസ്‌ലിം- അമുസ്‌ലിം സംഘർഷങ്ങൾ സൗമ്യമായ രീതിയിൽ പരിഹരിക്കുന്ന രീതിയാണ് അവിടുത്തേത്. അവർക്കിടയിൽ രമ്യതയോടെ ഇടപെടുന്നതിൻ്റെ മഹത്വവും പ്രാധാന്യവും തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്.  

നബി(സ്വ) പറഞ്ഞു : ഏതൊരു മനുഷ്യനെയും സഹായിക്കുന്നത് പ്രതിഫലാർഹമാണ് (ബുഖാരി, മുസ്‌ലിം). ജീവിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങളും കഴിയും വിധം ചെയ്തു കൊടുക്കണം. അബുള്ളാഹിബിന് അംറ്(റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞു: മറ്റുള്ളവരോട് കരുണ ചെയുന്നവർക്കാണ് പരമകാരുണ്യവാനായ അല്ലാഹു കരുണ ചെയ്യുന്നത്. ഭൂമിയിലുള്ള സർവതിനോടും നിങ്ങൾ കരുണ കാണിക്കണം. എങ്കിൽ ആകാശത്തിന്റെ അധിപനായ റബ്ബ് നിങ്ങൾക്ക് കരുണ ചെയ്യും (അബൂദാവൂദ്, ബൈഹഖി, അഹ്മദ്). ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അപരരെ ചേർത്ത് നിർത്തണം. ഒരുമയുടെ അക്ഷരങ്ങൾ, സമീപനങ്ങൾ നിർഗളിക്കണം. തപ്‌തവാക്കുകൾ സംസാരിക്കരുത്.  

ആരോടും പുഞ്ചിരിക്കാനുള്ള തെളിമയുള്ള നിഷ്കളങ്കമായ മനസ്സിനുടമയാണ് മുത്ത് നബി(സ). ഉറ്റവരോടും, അടുത്ത ബന്ധുക്കളോടും, കുട്ടികളോടും, അമുസ്‌ലിം സഹോദരങ്ങളോടും പുഞ്ചിരിച്ചുകൊണ്ടാണ് അവിടുന്ന് പെരുമാറിയത്. തന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണെന്ന് പഠിപ്പിച്ച തിരുദൂതരിലെ കരുണയുടെ പാഠങ്ങൾ അനന്തമാണ്. 

അന്യമതസ്ഥരുമായുള്ള മാന്യമായ ഇടപാടുകളുടെ മാതൃക തിരുജീവിതത്തിൽ ധാരാളം കാണാം. മുത്ത് നബി(സ) ഇതര വിശ്വസികളോട് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി ഹദീസ് കിതാബുകളിൽ കാണാം. ആഇഷ ബീവി(റ) പറയുന്നു: ഒരു ജൂതനിൽ നിന്ന് നബി(സ) പണത്തിനു അവധി നിശ്ചയിച്ചുകൊണ്ട് ഭക്ഷ്യ വസ്തുക്കൾ വാങ്ങുകയും അവിടുത്തെ പടയങ്കി പണയമായി നൽകുകയും ചെയ്തിരുന്നു (ബുഖാരി). 

സത്യസന്ധതയാണ് തിരുദൂതരുടെ ആദർശം. അതുകൊണ്ടാണ് ശത്രുക്കൾ പോലും നബിയെ 'അൽ അമീൻ' (വിശ്വസ്ഥൻ) എന്ന് സ്നേഹഭാഷയിൽ വിളിച്ചിരുന്നത്. മനുഷ്യനിൽ ആജീവനാന്തം ഉണ്ടായിരിക്കേണ്ട മൂല്യങ്ങളിൽ പെട്ടതാണ് സത്യസന്ധതയും വിശ്വസ്ഥതയും. മനഃസംതൃപ്തിയും ശാന്തതയും സത്യം ഉൽപാദിപ്പിക്കുന്നു. എന്നാൽ കളവ് മനോവ്യഥയും സന്ദേഹവും സൃഷ്ടിക്കുന്നു. പ്രതിസന്ധിയുടെ മൂർത്ത ഭാവമെത്തിയാലും സത്യം മാത്രം പറയുക. അത് നന്മയിലേക്കും സർവാനുഭൂതിയുടെ സ്വർഗ്ഗത്തിലേക്കും നയിക്കുന്നു. 

മാനവികതയുടെ എറ്റവും മനോഹരമായ സന്ദേശമാണ് തിരുജീവിതം. ജീവിതത്തിന്റെ മുഴുവൻ മേഖലകളും സ്പർശിച്ച അറുപത്തി മൂന്ന് വർഷക്കാലം. വൈയക്തികമായ താല്പര്യങ്ങൾക്കപ്പുറം സാമൂഹിക പ്രവർത്തനമായിരുന്നു അവിടുത്തേത്. അപരനെ ചേർത്തുപിടിക്കുന്ന രമ്യമായ പെരുമാറ്റം. അനുയായികളോടുള്ള സൗമ്യമായ ഇടപെടലുകൾ. ആരെയും ഉൾകൊള്ളുന്ന സഹവർതിത്വത്തിന്റെ, സഹോദര്യത്തിന്റെ നേർചിത്രം. ആർദ്രതയുടെ നേതൃപാഠങ്ങൾ.
എതിർ ചേരിയിലുള്ള കഠിന ശത്രുവിനോടു പോലും കാണിക്കുന്ന വിനയത്തിന്റെ സമീപനങ്ങൾ. കേവലം ഭരണം എന്നതിനപ്പുറം ഏവർക്കും ജീവിക്കാനുള്ള സ്വാഐക്യത്തിന്റെയുംതന്ത്ര്യവും അവകാശവും ഉറപ്പു നൽകുന്ന രാഷ്ട്രീയ അജണ്ടകൾ. ശിക്ഷ വിധിക്കുന്നതിലക നിതീബോധത്തിന്റെ സഹിഷ്ണുതയുടെയുംമനോഹാരിത. അവിടെ മുസ്‌ലിം-അമുസ്‌ലിം എന്ന അന്തരമില്ല.  കുടുംബ ജീവിതങ്ങൾ. കാരുണ്യത്തിന്റെ കരസ്പർശങ്ങൾ. 'മനുഷ്യനെ' നിർവചിക്കുകയാണ് പ്രവാചകൻ (സ്വ). അപരനെ കാണാനും അറിയാനും അവരോടോരം ചേർന്ന് ജീവിക്കാനുമാണ് അവിടുന്ന് പഠിപ്പിച്ചത്. മാനുഷികമായി നിർവഹിക്കപ്പെടേണ്ട നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്വങ്ങൾ കൃത്യമാകുന്നിടത്താണ് ഒരാൾ മനുഷ്യനാകുന്നത്. എല്ലാവരും ഒരേ മാതാപിതാക്കളുടെ പിൻതലമുറയാണെന്ന മനുഷ്യസൗഹാർദത്തിന്റെ സുന്ദരമായ ആശയമാണ് തിരുനബി മുന്നോട്ടു വെക്കുന്നത്.

Questions / Comments:



No comments yet.