സ്വന്തം പ്രജകളുടെ ക്ലേശങ്ങൾ ഏറ്റെടുക്കുകയും അവർക്കായി നിലകൊള്ളുകയും ചെയ്ത പ്രവാചക തിരുനബി(ﷺ), ഒരു നേതാവ് ജനങ്ങളുടെ സേവകനായിരിക്കണം എന്ന് ജീവിതത്തിലൂടെ കാണിച്ചുതന്നു. മാനുഷിക മൂല്യങ്ങളും അചഞ്ചലമായ വിശ്വാസ്യതയും സമന്വയിപ്പിച്ച അവിടുത്തെ ജീവിതം ലോകത്തിന് എന്നും ഉത്തമ മാതൃകയാണ്.
വായിക്കാം:
പ്രവാചകരുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ ഉദ്ധരിച്ച് നേതൃഗുണങ്ങളുടെ വേറിട്ട വശങ്ങളെ തുറന്നുകാട്ടുന്നതാണ് പുസ്തകത്തിലെ ഓരോ അധ്യായങ്ങളും. പ്രവാചകന്റെ കുട്ടിക്കാല ജീവിതങ്ങൾ, അവിടുന്ന് സംബന്ധിച്ച യുദ്ധങ്ങൾ, കച്ചവടയാത്രകൾ, തിരുനബിയുടെ ധാർമികത, പ്രജകൾക്ക് നൽകുന്ന പരിചരണം തുടങ്ങിയ മേഖലകളിലെ പ്രവാചകരുടെ ഇടപെടലുകളെ സൂക്ഷ്മമായി വീക്ഷിക്കുകയാണ് ജോൺ അഡയർ തന്റെ ലീഡർഷിപ് ഓഫ് പ്രോഫറ്റ് മുഹമ്മദ് എന്ന പുസ്തകത്തിൽ. അറബികളുടെ സാംസ്കാരിക മൂല്യങ്ങളെ കുറിച്ചും പാരമ്പര്യത്തിന് അവർ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
"ബനൂ സഅദിലെ കറുത്ത കുടിലുകൾ"എന്ന അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
പ്രവാചകർ ഏകദേശം ആറു വയസ്സുവരെയാണ് ബനൂ സഅദ് ഗോത്രത്തിൽ ജീവിക്കുന്നത്. അന്നത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതരീതിയെയും പ്രവാചകരുടെ കുട്ടിക്കാല ജീവിതത്തെയുമാണ് പ്രധാനമായും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. പ്രജകളുടെ തെറ്റുകൾ ക്ഷമിക്കുകയും അവർ ചെയ്യുന്ന അതിക്രമങ്ങൾക്ക് ക്ഷമയുടെ വാതിലുകൾ തുറന്നിടുകയും ചെയ്യുമ്പോഴാണ് പ്രജാമനസ്സുകളിൽ ഒരു നേതാവ് കയറിപ്പറ്റുന്നത്. കുട്ടിക്കാലത്ത് ആട്ടിൻപറ്റങ്ങളുടെ കൂടെ ജീവിക്കുമ്പോൾ, അവയിൽ കുറുമ്പുകാട്ടുന്നവയോടും മരുഭൂമിയിലെ കാട്ടുപൂച്ചകളോടുമൊക്കെ പ്രവാചകർ വാത്സല്യം കാണിക്കാറുണ്ടായിരുന്നു. പിൽക്കാലത്ത് അവിടുത്തെ വസ്ത്രത്തിൽ കിടന്നുറങ്ങുന്ന പൂച്ചയെ അലോസരപ്പെടുത്താതെ വസ്ത്രം മുറിച്ചെടുത്ത് ധരിച്ചതും നേതൃപരമായ ഗുണമായി നിരീക്ഷിക്കുന്നു.
നാടോടികൾക്ക് തങ്ങളുടെ കുട്ടികളെ വളർത്താൻ കൊടുക്കുന്ന പതിവുണ്ട് അറബികൾക്കിടയിൽ. അതിന്റെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത് ആരോഗ്യ സുരക്ഷയാണ്. വായു സഞ്ചാരം എളുപ്പമാകുന്ന കുടിലുകളിൽ ജീവിക്കുന്നവർക്ക്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ശുചീകരണം ഇല്ലാത്ത കുടിലുകളിൽ നിന്നുണ്ടായേക്കാവുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. അന്ന് ഈയൊരു ജീവിത സാഹചര്യമുള്ളവർക്ക് മാരകമായ രോഗങ്ങൾ ഉണ്ടായതായി ചരിത്രങ്ങളിൽ കാണാം. അനാരോഗ്യകരമായ ഒരു ചുറ്റുപാടിൽ വളർന്ന ഒരാൾക്ക് ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുകയില്ലെന്ന് എഴുത്തുകാരൻ നിരീക്ഷിക്കുന്നു. മാത്രമല്ല ബനു ഹവാസനിൽ ലഭിക്കുന്ന സൂര്യപ്രകാശവും തെളിഞ്ഞ വായുവും അവിടെയുള്ള കുടിലുകളെ വൃത്തിയുള്ളതായി സൂക്ഷിക്കുകയും ചെയ്യുന്നു. പിൽക്കാലത്ത് പ്രവാചകരുടെ ആരോഗ്യത്തെക്കുറിച്ച് അനുചരർ നിരവധി അവസരങ്ങളിൽ പരാമർശിച്ചത് കാണാം. മാത്രമല്ല, അറബികൾ പാരമ്പര്യത്തിന് വലിയ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. പിൽക്കാലത്ത് ഭരണപരമായും ജീവിതപരമായും മുന്നേറി എങ്കിലും അവരുടെ മുൻതലമുറകൾ നാടോടികൾ ആണെന്ന് അവർക്കറിയാം. അവരുടെ മൂല്യങ്ങളും സംസ്കാരങ്ങളും ഭാഷയും രൂപപ്പെട്ടത് ആ നാടോടി ജീവിതങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രക്തം പോലെ മുലപ്പാലും നാടോടി സ്ത്രീകളിൽ നിന്നാവുമ്പോൾ അവരുടെ പാരമ്പര്യത്തെ തിരിച്ചുപിടിക്കുകയാണ് ചെയ്യുന്നത്.
മുഹമ്മദ് നബിക്ക് (സ്വ) ശേഷം വന്ന ഖലീഫമാരുടെയും കുട്ടിക്കാലം നാടോടികളുടെ കൂടെയായിരുന്നു എന്ന് ചരിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഒരു സമൂഹം ഒരാളെ നേതാവായി തിരഞ്ഞെടുക്കുമ്പോൾ അയാൾ തങ്ങളുടെ പാരമ്പര്യത്തിന്റെ തനത് രീതിയിലാണ് ജനിച്ച് വളർന്നതെന്ന് മനസ്സിലാക്കുമ്പോൾ ആ നേതാവിന് വലിയ അംഗീകാരമാണ് ആ സമൂഹം നൽകുന്നത്.
പ്രവാചകർ ചെറുപ്പകാലത്ത് ആട്ടിൻപറ്റത്തെ മേക്കാൻ കൊണ്ടുപോകുമായിരുന്നു. ആടിനെ മേക്കാത്ത ഒരു പ്രവാചകരും ഉണ്ടായിരുന്നില്ല. ആട്ടിൻപറ്റത്തെ കൂട്ടം തെറ്റാതെ ദൂരെയുള്ള മരുപ്പച്ചകളിലേക്ക് കൊണ്ടുപോകണം. വന്യജീവികൾ വന്ന് ആട്ടിൻപറ്റത്തെ കശാപ്പ് ചെയ്യുന്നതും, പരസ്പരം കൊമ്പുകോർക്കുന്നതും, കൂട്ടം തെറ്റുന്നതും ശ്രദ്ധിക്കേണ്ടിവരും.
ഇത് പ്രവാചകരിൽ നേതൃപരമായ കഴിവുകൾ വളർത്തിയെടുക്കാനുള്ള പരിശീലനമായാണ് നിരീക്ഷിക്കപ്പെടുന്നത്. പുരാതന സാഹിത്യങ്ങളിൽ നേതാവിനെ ആട്ടിടയനോട് ഉപമിച്ചതായി കാണാം. ക്ലാസിക്കൽ എഴുത്തുകാരായ ഹോമറും കെസിനോഫോണും അവരുടെ രചനകളിൽ നേതാവിനെ ഇത്തരത്തിൽ ചിത്രീകരിച്ചത് കാണാൻ കഴിയും.
മക്കയിലെ കച്ചവട സംഘത്തിന്റെ നേതാവായും പ്രവാചകർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അന്ന് കച്ചവട സംഘത്തിന്റെ നേതാവ് എന്ന് പറഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. നിരവധി കാര്യങ്ങൾ സംഘത്തലവൻ എന്ന നിലയിൽ പ്രവാചകർ ശ്രദ്ധിക്കേണ്ടിയിരുന്നു. നൂറോളം ഒട്ടകങ്ങൾ, അതിനെ നയിക്കാൻ സവാരിക്കാർ, ഒട്ടകപ്പുറത്ത് വെക്കേണ്ട ചരക്കുകൾ, യാത്രയിൽ ആവശ്യമായിവരുന്ന ആവശ്യസാധനങ്ങളും കൂടാരങ്ങളും ഒരുക്കൽ, ആയുധങ്ങൾ തയ്യാർ ചെയ്യൽ, യാത്രാമധ്യേയുള്ള ചെലവുകൾ, സവാരിക്കാർക്കുള്ള സാധനങ്ങൾ തുടങ്ങി ഭാരിച്ച ചുമതലകളായിരുന്നു ഒരു യാത്രാ സംഘത്തലവന് ഉണ്ടായിരുന്നത്.
മാത്രമല്ല യാത്ര ആരംഭിച്ചു കഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന എല്ലാ കാര്യങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം സംഘത്തലവനായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങളെ മുൻകൂട്ടി കാണാൻ പ്രാപ്തിയുള്ളവരും, സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാൻ കെൽപ്പുള്ളവരെയുമായിരുന്നു സംഘത്തലവനായി നിയമിച്ചിരുന്നത്. ഇത് പ്രവാചകരുടെ വലിയ നേതൃഗുണമായി എഴുത്തുകാരൻ നിരീക്ഷിക്കുന്നുണ്ട്.
തുടർന്നും പ്രവാചകരുടെ നേതൃ പാടവങ്ങളെ തുറന്നു കാണിക്കുന്ന നിരവധി സംഭവങ്ങൾ എഴുത്തുകാരൻ ഉദ്ധരിക്കുന്നുണ്ട്. യാത്രാ സംഘത്തിന്റെ തലവനായി നിയോഗിച്ചതിനു ശേഷമാണ് പ്രവാചകൻ എന്ന സ്ഥാനപ്പേര് മക്കക്കാർ നൽകുന്നത്. സംഘം സംഘമായി കച്ചവടം ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ആയിരുന്നു നൂറ്റാണ്ടുകളായി മക്കക്കാരുടെ ജീവിതോപാധി. മക്കയിലെ സ്ത്രീ ഭൂവുടമകൾ ഉൾപ്പെടെയുള്ള ധനികരും, ദരിദ്രരും ഒരുപോലെ ഈയൊരു കച്ചവടത്തിൽ ഇടിവ് സംഭവിക്കുന്നതിൽ വലിയ ആശങ്ക ഉള്ളവരായിരുന്നു. മക്കയിലെ കച്ചവടക്കാർ ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുകയും സമ്പത്ത് ഒരുക്കൂട്ടുകയും പിന്നീട് കച്ചവടം ചെയ്ത് ലഭിക്കുന്ന ലാഭം പരസ്പരം വീതം വെക്കുകയും ചെയ്യുകയായിരുന്നു പതിവ്. അവർക്ക് ഇത് നിയന്ത്രിക്കുവാനായി ഒരു നടത്തിപ്പുകാരനെ ആവശ്യമായിരുന്നു. പ്രവാചകർ ആ റോൾ കൃത്യമായി നിർവഹിച്ചു. പുതിയ കച്ചവട യാത്ര ആരംഭിക്കുന്നതിന് മുമ്പ് താല്പര്യക്കാരിൽ നിന്ന് പൈസ പിരിക്കുകയും പിന്നീട് അതിനെ ലാഭകരമായ കച്ചവടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ സന്ദർഭങ്ങളിലെല്ലാം പ്രവാചകർ കൈമുതലാക്കിയ വിശ്വസ്തതയും, ലയനവും സത്യസന്ധതയുടെ അംഗീകാരം പ്രവാചകർക്ക് നേടിക്കൊടുത്തു. പിന്നീടങ്ങോട്ട് അവിടുന്ന് ഒരു പൂർണ വിശ്വസ്തൻ്റെ ഖ്യാദിയോടെയാണ് അവിടുന്ന് മക്കയിൽ ജീവിച്ചു പോന്നത്. ഇവിടെ "ഇന്റഗ്രിറ്റി" എന്ന വാക്യമാണ് ജോൺ അഡൈർ ഉപയോഗിച്ചിട്ടുള്ളത്. സത്യസന്ധത എന്ന അർത്ഥം വരുന്ന "ഹണിസ്റ്റി"എന്ന പദത്തിനേക്കാൾ അർത്ഥമേറിയതാണ് ഈ പ്രയോഗം. ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ സവിശേഷതയാണ് അദ്ദേഹം സത്യസന്ധൻ ആയിരിക്കുക എന്നത്. സത്യസന്ധത ഇല്ലാത്ത ഒരു നേതാവിനെ അണികൾക്ക് അനുസരിക്കാൻ പ്രയാസമായിരിക്കും. ഈയൊരു പ്രയോഗത്തിലൂടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും തികഞ്ഞ സത്യസന്ധത പ്രവാചകരുടെ ജീവിതത്തിലുടനീളം കാണാൻ സാധിക്കും എന്ന് എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു. മാത്രമല്ല പിൽക്കാലത്ത് ഖലീഫ ഉമർ(റ) പ്രവാചകരുടെ സത്യസന്ധതയാണ് അവിടുത്തെ സ്വഭാവ ലാവണ്യത്തെക്കാളും മുറുകെപ്പിടിച്ചത് എന്നും സൂചിപ്പിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട നേതൃപാടവം പ്രവാചകരിൽ നിന്നും എടുത്തുദ്ധരിക്കുന്നത് അവിടുത്തെ അണികളുടെ ക്ലേശങ്ങൾ സ്വന്തം പ്രയാസങ്ങളായിരുന്നു എന്നതാണ്. ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും ഉന്നതമായ സവിശേഷത. മക്കത്ത് പാരമ്പര്യ ദൈവങ്ങളെ നിഷേധിച്ചുകൊണ്ട് ഏക ഇലാഹ് എന്ന ആശയം കൊണ്ടുവന്നപ്പോൾ പ്രവാചകരും അനുയായികളും നിരവധി പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം അനുയായികൾക്ക് താങ്ങായിരുന്നു പ്രവാചകർ. അനുയായികൾ ഏൽക്കേണ്ടി വന്ന പ്രയാസങ്ങൾ കണ്ട് സഹിക്കവയ്യാതെയാണ് സ്വന്തം നാടായ മക്ക ഉപേക്ഷിച്ചുകൊണ്ട് മദീനയിലേക്ക് പ്രവാചകരും അനുയായികളും പലായനം ചെയ്യുന്നത്. മദീനയിൽ ചെന്ന് അവിടെ മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളി നിർമ്മിക്കുമ്പോൾ അവിടെ ജോലി ചെയ്തിരുന്ന അവരുടെ കൂടെ പ്രവാചകരും നിർമ്മാണത്തിൽ പങ്കുചേരുകയാണ്. ഒരു ജനതയുടെ നേതാവ് അവരുടെ സേവകനാണ് എന്ന അവിടുത്തെ തന്നെ വാക്യത്തെ പ്രയോഗവൽക്കരിക്കുകയായിരുന്നു ആ മഹാനായ നേതാവ്.
പ്രവാചകരുടെ നേതൃപാടവം കൈമുതലാക്കി ഭരണം നടത്തിയ ഭരണാധികാരികളെ പരാമർശിച്ചു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.