ഹബീബായ നബി ﷺ തങ്ങളെ അറിയലാണ് അല്ലാഹുവിനെ അറിയാനുള്ള യഥാർത്ഥ മാർഗം. തിരുജീവിതം ലോകർക്കുള്ള തുറന്ന പാഠപുസ്തകമാണ്. അണമുറിയാത്ത പ്രണയം ഇരുലോക വിജയം ഉറപ്പാക്കുന്ന നിധിയുമാണ്. ഹബീബിന്റെ മഹബ്ബത്ത് ഹൃദയത്തിൽ പൂത്തു നിൽക്കുമ്പോഴേ വിശ്വാസം പൂർണമാവുകയുള്ളൂ.

വായിക്കാം:

അല്ലാഹുവിന്റെ മാർഗത്തിൽ സഞ്ചരിക്കുന്നവർ ആദ്യമായി അറിഞ്ഞിരിക്കേണ്ടത് ഹബീബായ നബി (സ്വ) തങ്ങളെയാണ്. ഹബീബിനെ പ്രണയിക്കാതെ ഒരു വ്യക്തിക്കും അല്ലാഹുവിലേക്ക് ചെന്നുചേരൽ സാധ്യമല്ല. അല്ലാഹുവിനെ നമുക്ക് പരിചയപ്പെടുത്തിയത് ഹബീബായ (സ്വ) തങ്ങളാണ്. മാത്രമല്ല എങ്ങനെ ജീവിക്കണം, ആരെ പിൻപറ്റണം, നന്മതിന്മകളെ വേർതിരിച്ച് കാണിച്ചുതരുകയും, ഈ സമൂഹത്തിനെ ദിശാബോധം നൽകുകയും തുടങ്ങിയതെല്ലാം തിരു ജീവിതത്തിലൂടെയാണ്. ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടതും, ഹൃദയത്തോട് ചേർത്തു വെക്കേണ്ടതുമായ പ്രാണനാണ് ഹബീബായ നബി (സ്വ) തങ്ങൾ. തിരു ജീവിതത്തെ മുറുകെപ്പിടിച്ചവരാരും വഴികേടിലായിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. മാത്രമല്ല വിശ്വാസം പൂർണ്ണമാകണമെങ്കിൽ തിരു പ്രണയം അനിവാര്യമാണ്.നബി (സ) പറഞ്ഞു :നിങ്ങളിലൊരാള്‍ സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല മുഴുവന്‍ മനുഷ്യരാശിയോടുള്ളതിനേക്കാള്‍ സ്‌നേഹം എന്നോട് ആയിരിക്കുന്നത് വരെ യഥാര്‍ത്ഥ വിശ്വാസി ആവുകയില്ല.

ഹബീബ് (സ്വ) ജീവിതം തുറന്ന പാഠപുസ്തകമാണ്. തിന്മയുടെ ഇരുട്ടിലകപ്പെട്ടവർക്ക് നന്മയുടെ വെളിച്ചം ആവാഹിക്കാൻ തിരു ജീവിതത്തിലൂടെ സാധിക്കും. കൃത്യമായ ജീവിത ലക്ഷ്യത്തിൽ വഴി നടത്തുന്നവർ ചിന്തിക്കാതെ റോൾ മോഡൽ ആക്കുന്നതും ഹബീബ് (സ്വ)യാണ്. തിരു ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയവർ യാഥാർത്ഥ്യത്തിൽ നിന്ന് വ്യതിജലിക്കുകയുമില്ല. മാത്രമല്ല നീച പ്രവർത്തനങ്ങൾ അവരെ തൊട്ട് അകന്നു നിൽക്കുകയും ചെയ്യും.തിരുജീവിതം പഠിക്കണമെങ്കിൽ ആദ്യമായി തിരുദൂതനെ തിരിച്ചറിയണം. ഭൗമിക പ്രണയങ്ങളെ മാറ്റിനിർത്തി ഇരുലോക വിജയത്തെ സാക്ഷാത്കരിക്കണമെങ്കിൽ തിരുദൂതനോടുള്ള പ്രണയം അണമുറിയാതെ ഹൃദയത്തിൽ തറച്ചു വെക്കുകയും വേണം.

തിരുദൂതിനെ (സ്വ) പ്രണയിക്കുന്നതിന്റെ പൊരുൾ എന്താണ്? പ്രത്യക്ഷത്തിൽ പ്രണയം രണ്ടു തരത്തിലാണ്. ഒന്ന്: അണമുറിയാത്തത്, രണ്ട് : അസ്തമിച്ചു പോകുന്നത്. അഥവാ ഒരു വ്യക്തിയോട് ആത്മാർത്ഥമായ പ്രണയം പ്രകടിപ്പിക്കുകയും, അന്ത്യമില്ലാതെ എന്നെന്നും നിലനിൽക്കുകയും ചെയ്യുമ്പോഴാണ് അണമുറിയാതെന്ന് വിശേഷിപ്പിക്കാം. എന്നാൽ നിശ്ചിതകാലത്തെകോ, സമയത്തേക്കോആയി ബന്ധിക്കുകയും, അവധിയെത്തിയാൽ നിലച്ചു പോകുന്നതുമായ പ്രണയങ്ങളാണ് അസ്തമിച്ചു പോകുന്ന പ്രണയങ്ങൾ. ഇതിൽ ഒന്നാമത്തേതിന് ഇഹപര പ്രണയമെന്നും, രണ്ടാമത്തേതിന് ഇഹലോക പ്രണയം എന്നുമാണ് കണക്കുകൂട്ടുന്നത്. അഥവാ അണമുറിയാത്ത പ്രണയങ്ങൾ നമുക്ക് ഗുണം മാത്രമേ ചെയ്യൂ. അതാണ് ഹബീബിനോടുള്ള യഥാർത്ഥ പ്രണയത്തിന്റെ അകക്കാമ്പ്. ഇരുലോകത്തും ആ പ്രണയം കൊണ്ട് മനുഷ്യന് ഉപകാരമേ ലഭിക്കൂ. എന്നാൽ അസ്തമിച്ചു പോകുന്ന പ്രണയങ്ങൾ ഇഹലോകവുമായി ബന്ധപ്പെട്ടതും, ഭൂമിക ലോകത്തിന്റെ സുഖലോലുപതയുമാണ്. ഒരുപക്ഷേ ഇഹലോകത്ത് സന്തോഷങ്ങൾ നൽകിയേക്കാം. പക്ഷേ പരലോകത്ത് അത് ദുഃഖം മാത്രമേ സൃഷ്ടിക്കൂ. എന്നാൽ ഹബീബിനോടുള്ള പ്രണയം ഇരുലോകത്തും സന്തോഷമല്ലാതെ മറ്റൊന്നും തന്നെ സൃഷ്ടിക്കില്ല. ആ പ്രണയത്തിന്റെ വക്താക്കൾ ഇരുലോക വിജയം കൈപ്പറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് മുൻഗാമികളായ ആഷിക്കിങ്ങൾ സ്വന്തം ശരീരത്തേക്കാളും, അവരുടെ മാതാപിതാക്കൾ, ഭാര്യ, സന്താനങ്ങൾ തുടങ്ങിയ എല്ലാവരെക്കാളും ഏറെ ഹബീബിനെ പ്രണയിച്ചത്. മഹതിയായ റാബിയത്തുൽ അദവീയ്യാ (റ) ദിവസവും ആയിരം റക്കാത്ത് വിധം നിസ്കരിക്കും. നിങ്ങൾ നിസ്കരിക്കുന്നത് സ്വർഗ്ഗം ലഭിക്കാനാണ്? എന്ന് ചോദിച്ചപ്പോൾ "അല്ല". നരകത്തിൽ നിന്ന് മോചനം ലഭിക്കാനാണോ?

"അല്ല". പിന്നെ എന്തിനുവേണ്ടി ഇത്രയുമതിക്കം നിസ്കരിക്കുന്നു? 
"പരിശുദ്ധ റൗള ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹബീബിനെ സന്തോഷിപ്പിക്കാൻ". ഹബീബിനെ നേരെ കുതിച്ചുവരുന്ന അമ്പിനെ മുഖം വെച്ച് തന്റെ കണ്ണിലൂടെ അതിനെ ഏറ്റുവാങ്ങിയ ഖത്തദാ (റ) ഹബീബിൻ സുരക്ഷാ കവചമായിമാറി. ഹബീബിന്റെ മരണവാർത്തയറിഞ്ഞ് "എന്റെ ഹബീബില്ലാത്ത മദീന ഇനി എനിക്ക് വേണ്ട" എന്ന് പറഞ്ഞ് തന്റെ നാട്ടിലേക്ക് തിരിച്ചു മടങ്ങിയ ബിലാലിബ്നു റബാഹ (റ) ഹബീബിന്റെ ഹൃദയത്തിൽ കത്തി നിൽക്കുന്ന വിളക്കായി മാറി . കളങ്കമില്ലാത്ത പ്രണയത്തിന്റെ കാഠിന്യമാനിതല്ലാം. അണമുറിയാത്ത പ്രണയം ആകാശമുട്ട ഉയർന്നുനിൽക്കുകയും ചെയ്തു.ഹബീബിനോടുള്ള മഹബ്ബത്ത് ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്.അത് വാക്കിലും, സ്റ്റാറ്റസുകളിലും പ്രകടിപ്പിക്കപ്പെടുന്നതല്ല. ഒരു മനുഷ്യന്റെ ഹൃദയത്തിനകത്തളങ്ങളിൽ കത്തിനിൽക്കേണ്ട അനുരാഗത്തിന്റെ വിളക്കുമാടമായിരിക്കണം മുഹബ്ബത്ത്.

തിരുദൂതർ (സ്വ) ഏറെ സ്നേഹിച്ചത് നമ്മളെയാണ്. അല്ലാഹു തനിക്ക് നൽകിയ എല്ലാ അവസരങ്ങളും പ്രിയ ഉമ്മത്തിന് വേണ്ടി മാറ്റിവെച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാർക്കും അല്ലാഹു ഒരു അവസരം നൽകി. 'എന്തും ചോദിച്ചോളൂ ഞാൻ ഉത്തരം നൽകാം'. ആദം നബി (അ) മുതൽ ഈസ (അ) വരെയുള്ള എല്ലാ പ്രവാചകന്മാരും ആ പ്രാർത്ഥന പ്രാർത്ഥിക്കുകയുണ്ടായി. അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്തു. എന്നാൽ തിരുദൂതർ (സ്വ) ഇന്നുവരെ അത് ചോദിച്ചിട്ടില്ല. എന്താണ് അതിനു കാരണം? "മഹ്ശറയിൽ പ്രിയ ഉമ്മത്തിന് ശുപാർശയാകാൻ" തിരുദൂതരുടെ (സ്വ)ജീവിതം ദുരിതങ്ങളിലൂടെയും, പ്രയാസ പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത് എന്ന് അവിടുത്തെ ചരിത്രം നോക്കിയാൽ നമുക്ക് മനസ്സിലാകും. അതിനെല്ലാം പരിഹാരം എന്നോണം അല്ലാഹു നൽകിയ അവസരത്തെ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കാതെ പ്രിയപ്പെട്ട (ഉമ്മത്തിന്) അഥവാ നമുക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവിടുത്തെ സ്നേഹത്തിന്റെ കാഠിന്യം നാം മനസ്സിലാക്കണം. മാത്രമല്ല തിരുജീവിതത്തെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുകയും വേണം. എങ്കിൽ നാം വിജയിച്ചവരാണ്.

പ്രിയരേ, ഇഹലോകത്തിന്റെ വക്താക്കളെ നമുക്ക് പ്രണയിക്കാനാകും, താര പരിവേഷമുള്ള പ്രസിദ്ധരെ നമുക്ക് നെഞ്ചോട് ചേർക്കാനുമായേക്കും, ഇഹലോക സുഖഭോഗങ്ങളായ കാമുകി, കാമുകന്മാരെ ഹൃദയത്തിൽ തറച്ചുവെക്കാനുമാകും. പക്ഷേ അവർക്കാകുമോ നമ്മുടെ കബറകത്ത് തുണയായിത്തീരുവാൻ? പറയാതെ പറയാൻ സാധിക്കും "ഇല്ല" എന്ന്. മരണ മാലാഖയുടെ വിളയാളങ്ങൾക്കുശേഷവും നമ്മെ ചേർത്തുപിടിക്കാൻ ഒരു പ്രാണൻ ഉണ്ടെങ്കിൽ അവിടുത്തോടല്ലേ നമ്മുടെ സ്നേഹം സമർപ്പിക്കേണ്ടത്! ഹബീബായ റസൂലുല്ലാഹി(സ്വ)ക്ക് മാത്രമേ അതിന് സാധിക്കൂ. ആയതിനാൽ അണമുറിയാതെ പ്രണയം ഹൃദയത്തിൽ അമ്പു തറച്ചിരിക്കുംവിധം ചേർത്തുവെക്കേണ്ടതുണ്ട്. എങ്കിൽ മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായ ഇലാഹി സാമീപ്യം തിരുദൂതരോടുള്ള ആത്മാർത്ഥ പ്രണയത്തിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കും. അല്ലാഹു പറയുന്നുണ്ട് : "നബിയെ (സ്വ) തങ്ങൾ പറയുക ആരെങ്കിലും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്നെ പിൻപറ്റുക അപ്പോൾ നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെട്ടവരായിത്തീരും"എന്ന്. പച്ചയായ പ്രണയം പച്ച കുമ്പയിൽ നിന്ന് നിർഗളിക്കുമ്പോൾ നമ്മുടെ ഹൃദയത്തിലേക്ക് അതിന്റെ ഒഴുക്കുപാത പണിയാനും, മരണ മാലാഖയുടെ വിളിയാളങ്ങൾക്കു മുമ്പ് ആ പൂമുഖം ദർശിക്കാനുമായില്ലെങ്കിൽ നമ്മുടെ പേരാണ് പാവം പരാജിതർ!

Questions / Comments:



No comments yet.