അജ്ഞതയുടെയും അന്ധകാരത്തിന്റെയും മേൽ വെളിച്ചം ചൊരിഞ്ഞ്, പ്രപഞ്ചത്തിന് മുഴുവൻ കാരുണ്യമായി തിരുപ്പിറവി സംഭവിച്ച പുലരി. യമനിലെ അബ്റഹത്തിന്റെ ആനക്കലഹത്തെ അബാബീൽ പക്ഷികൾ തുരത്തിയ അതേ വർഷം, തിരുനബി ﷺ ഭൂമിയിലേക്ക് ആഗതനായി. കാലം കാത്തിരുന്ന ആ പുണ്യമുഹൂർത്തത്തിൽ ലോകം പല അത്ഭുതങ്ങൾക്കും സാക്ഷിയായി.

വായിക്കാം:

യമനിലെ രാജാവായ അബ്റഹത്ത് കഅബയോട് സമാന്തരമായി ഒരു ആരാധനാലയം പണിതിരുന്നു. ആളുകളെ അങ്ങോട്ട് തിരിച്ചു വിടലായിരുന്നു ലക്ഷ്യം. അതിന് അബ്രഹത്തും തൻ്റെ പട്ടാളവും ഭീമൻ ആനകളുടെ അകമ്പടിയോടെ കഅബ പൊളിക്കാൻ മക്കയിലേക്ക് പുറപ്പെട്ടു. പക്ഷേ ആകാശത്തുനിന്നും അബാബീൽ പക്ഷികൾ ചുണ്ടിലും കാലിലും ചുടുകല്ലുകളുമായി വന്ന് അവരെ നശിപ്പിച്ചു. ഈ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് മുത്ത് നബിക്ക് (ﷺ) അവിടുത്തെ പ്രിയ മാതാവ് ആമിനാബീവി ജന്മം നൽകുന്നത്. ഏക ഇലാഹിൽ വിശ്വാസമർപ്പിക്കണം എന്ന് വിളംബരം ചെയ്യാൻ നിയുക്തനായ തിരുദൂതർക്ക് ഭൂജാതരാവാൻ ഏറ്റവും ഉചിതമായ വർഷമായിരുന്നു അത്.

AD 571ലെ, റബീഉൽ അവ്വൽ പന്ത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്താണ് മുത്ത് നബിയുടെ പ്രസവം നടക്കുന്നത്. അതിനാൽ തന്നെ ആ രാവിനും പകലിനും പവിത്രത ഏറെയാകുന്നു. ആ ദിവസത്തെ രാത്രി ഒരുപാട് അത്ഭുത സംഭവങ്ങൾക്ക് സാക്ഷിയായി. വർഷങ്ങളായി അഗ്നിയാരാധകരായിരുന്ന പേർഷ്യൻ ജനതക്ക് അന്ത്യദൂതരുടെ നിയോഗം മൂലം തകർച്ച വരുമെന്ന കാര്യം അവരുടെ പുരോഹിതന്മാർ മുഖേന മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നു. അല്ലാഹു മുമ്പേ ഇറക്കിയ ഏടുകളിലും ഗ്രന്ഥങ്ങളിലും തിരുദൂതരുടെയും അവിടുത്തെ അനുചരരുടെയും വിശേഷണങ്ങൾ യഥേഷ്ടം പരാമർശിക്കുന്നുണ്ട്. പേർഷ്യക്കാരിൽ പലർക്കും ഇതറിയാമായിരുന്നു. അതിനാൽ തന്നെ തിരുദൂതരുടെ ജന്മത്തിൻ്റെ അടയാളങ്ങൾ അവർ മനസ്സിലാക്കിയിരുന്നു. അതിൻ്റെ ഭാഗമായിരുന്നു ബഹുദൈവാരാധകരുടെ ആരാധന വേദികൾക്ക് തിരുനബിയുടെ ആഗമന വേളയിൽ തകർച്ച സംഭവിച്ചത്.

മക്കയും പേർഷ്യയും തമ്മിൽ വലിയ ഭൂദൂരമുണ്ടായിട്ടും പുണ്യ പിറവിയുടെ അടയാളങ്ങൾ അവിടെ കണ്ടു. പേർഷ്യയും റോമും അന്നത്തെ ലോക ശക്തികളായിരുന്നു. സൈനിക ബലം കൊണ്ടും കോട്ടകൾ, കൊട്ടാരങ്ങൾ പണിതും അവർ കരുത്ത് കാണിച്ച് പോന്നു. അതിൽ ഇരുപതിലധികം വർഷമെടുത്ത് ഇരുപത്തിരണ്ട് ബാൽക്കണികളുള്ള ഒരു വലിയ കോട്ട പേർഷ്യക്കാർ പണിതിരുന്നു. തിരുദൂതരുടെ പുണ്യപിറവി നടന്ന രാവിൽ അതിൻ്റെ പതിനാല് ബാൽകണികളും തകർന്നു പോയി. അന്നത്തെ കിസ്റാ രാജാവ് അനുഷിർവാൻ ആയിരുന്നു. വമ്പിച്ച കരുത്തോടെയും ഭദ്രതയോടെയും രാജാവ് നിർമിച്ച കോട്ടക്ക് അപ്രതീക്ഷിത പതനമാണ് അന്ന് ഉണ്ടായത്. പേർഷ്യക്കാർ അഗ്നി ആരാധകർ ആയിരുന്നു. സഹസ്രാബ്ദങ്ങളായി അണഞ്ഞു പോകാതെ അവർ ആരാധിച്ചിരുന്ന ഒരു ഭീമൻ അഗ്നികുണ്ഡം അവർക്കുണ്ടായിരുന്നു. കനത്ത കാറ്റിലും മഴയിലും പോലും അതിനെ സംരക്ഷിക്കാൻ പരിചാരകർ ചുറ്റുമുണ്ടായിരുന്നു. എന്നിട്ടും ആ പുണ്യരാവിൽ അത് അണഞ്ഞു പോയി. പരിചാരകരുടെ കുറവോ അശ്രദ്ധയോ മൂലമായിരുന്നില്ല അതിന് കാരണം. അങ്ങകലെ അറേബ്യയിലെ മക്കയിൽ ഖുറൈശി ഗോത്രത്തിലുള്ള മുഹമ്മദ്‌ (ﷺ) എന്ന അന്ത്യ പ്രവാചകന്റെ പിറവിയായിരുന്നു.

പേർഷ്യയുടെ സമൃദ്ധിയുടെ ഭാഗമായിരുന്നു യൂഫ്രട്ടീസ് നദിയിലെ ജലസമ്പത്ത്. പുണ്യരാവിൽ നദി അത്ഭുതകരമായി ദിശ തെറ്റി ഒഴുകുകയുണ്ടായി. കൂഫയിൽ ഒരു തടാകം ഉണ്ടായിരുന്നു. സാവ തടാകം, നാളിതുവരെ വറ്റിയ ചരിത്രമില്ലാത്ത സാവ ആ രാത്രിയിൽ വറ്റി വരണ്ടുപോയി. ഇത് ആ ദേശക്കാരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇങ്ങനെ സത്യനിഷേധത്തിന്റെയും ബഹുദൈവാരാധനയുടെയും കേന്ദ്രങ്ങൾക്ക് വലിയ തകർച്ചയാണ് തിരുദൂതരുടെ ജന്മം കാരണം ഉണ്ടായത്. 

കിസ്റയുടെ കൊട്ടാരം വിറച്ചതും അതിലെ ബാൽക്കണികൾ തകർന്നതും തീ അണഞ്ഞതും തടാകം വറ്റിയതുമെല്ലാം ഏക ദൈവവിശ്വാസവുമായി വരാനിരിക്കുന്ന തിരുദൂതരുടെ പുണ്യ പിറവിയിലുള്ള അവയുടെ ആനന്ദ പ്രകടനമായിരുന്നു.

മുത്ത് നബിയെ പ്രസവിക്കപ്പെട്ടപ്പോൾ പ്രിയ മാതാവ് ആമിന ബീവിയിൽ നിന്നും ഒരു പ്രഭ പരക്കുകയും അതിലൂടെ അങ്ങ് ദൂരെ ശാമിലെ ബസ്വറ നാട്ടിലെ കൊട്ടാരങ്ങൾ ബീവി കാണുകയും ചെയ്തിരുന്നു. തിരുദൂതർ ചേലാകർമ്മം ചെയ്യപ്പെട്ടതായും പൊക്കിൾകൊടി മുറിക്കപ്പെട്ടുമാണ് ഭൂജാതരായത്. ദൂതരുടെ ഭംഗിയുള്ള കവിളും പുരികങ്ങളും കണ്ണുകളും കണ്ട് ചുറ്റുമുള്ളവർ അത്ഭുതം കൂറി നിന്നിരിന്നു. 

സർവ ലോകത്തിന് കാരുണ്യമായിട്ടാണ് തിരുദൂതരുടെ നിയോഗം. അങ്ങനെയുള്ള മുത്ത് നബിയുടെ ജന്മത്തിൽ എങ്ങനെ സന്തോഷിക്കാതിരിക്കും. സംസാരശേഷിയുള്ളതും ഇല്ലാത്തതുമായ, ചേതന അചേതന വസ്തുക്കളൊക്കെയും ആ പുണ്യജന്മത്തിൽ ആനന്ദം കൊണ്ടു. തങ്ങൾക്ക് ലഭിച്ച റഹ്മത്തിൽ ആകാശഭൂമിയുള്ളവർ മുഴുവനും സന്തോഷിക്കുകയാണുണ്ടായത്. 

ആകാശത്തുള്ള മലക്കുകളുടെ സംസാരങ്ങൾ കേട്ട് അതിലെ വിവരങ്ങൾ ചോർത്തുന്ന പതിവ് പിശാചുകൾക്കുണ്ട്. മുമ്പ് എല്ലാ ആകാശത്തേക്കും അവർക്ക് പ്രവേശനം ഉണ്ടായിരുന്നു. ആ വിവരങ്ങൾ ജോത്സ്യരിലേക്ക് ചോർത്തി നൽകി വരലായിരുന്നു അവരുടെ പതിവ്. ഈസാ നബിയുടെ നിയോഗത്തോടെ മൂന്ന് ആകാശങ്ങളിലേക്ക് അവർക്ക് വിലക്ക് വന്നു. പിന്നീട് തിരുദൂതർ ഭൂജാതനായതോടെ അവരെ പൂർണ്ണമായും ആകാശങ്ങളിൽ നിന്ന് വിലക്കി. ഇതിലൂടെ തിരുജന്മം കാരണം ആകാശവാസികളും അനന്തപുളകിതമായി.

തിരുദൂതർ സർവ്വലോകർക്ക് കാരുണ്യമാണ് എന്ന് പരാമർശിച്ചല്ലോ. മുൻകാല സമുദായങ്ങൾ പലരെയും അല്ലാഹു വ്യത്യസ്ത രൂപത്തിൽ ശിക്ഷിച്ചിരുന്നു. ഭൂമി കുലുക്കിയും കുരങ്ങുകളായി രൂപം മാറ്റിയും പാതാളത്തിലേക്ക് താഴ്ത്തിയും അവരെ ശിക്ഷിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു ശിക്ഷ ഈ ഉമ്മത്തിന് അള്ളാഹു നിശ്ചയിച്ചില്ല അല്ലാഹു തന്നെ ഖുർആനിൽ പറഞ്ഞല്ലോ. 
وما کان الله ليعذبهم وانت فيهم
“അങ്ങവരിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല”

ചുരുക്കത്തിൽ തിരുദൂതരുടെ പിറവിയുടെ അടയാളങ്ങൾ മുമ്പേ പ്രത്യക്ഷമായിരുന്നു. അവിടുത്തെ പ്രിയ മാതാവ് ആമിന ബീവി അത്ഭുതങ്ങളിലൂടെ ഇതൊരു അസാധാരണ കുഞ്ഞാണെന്ന് മനസ്സിലാക്കിയിരുന്നു. ഗർഭധാരണം മുതൽ ഓരോ മാസവും പല നബിമാർ കുഞ്ഞിനെ പറ്റി നിരവധി സ്വപ്ന സന്ദേശങ്ങൾ മഹതിക്ക് നൽകിയിരുന്നു. സാധാരണ ഗർഭിണികൾ അനുഭവിക്കാറുള്ള പ്രയാസങ്ങളോ പ്രസവ സമയത്തെ വേദനകളോ ആമിന ബീവി അനുഭവിച്ചിരുന്നില്ല. 

ജന്മസമയത്ത് തന്നെ ഇത്രയൊക്കെ അത്ഭുതങ്ങൾ കാണിച്ച് പിന്നീട് നാൽപ്പത് വർഷങ്ങൾ ആർക്കും ഒരാക്ഷേപത്തിനും വഴിയുണ്ടാക്കാതെ ജീവിതവിശുദ്ധിയോടെ ജീവിച്ച തിരുദൂതർ തൗഹീദ് വിളംബരം ചെയ്ത് വന്നപ്പോൾ ആക്രമിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മക്കാ മുശ് രിക്കുകൾ എത്ര ഹതഭാഗ്യരത്രെ.

ലൈലത്തുൽ ഖദ്റിന് മുസ്‌ലിം ലോകം വളരെ പവിത്രമായി കാണുന്നുണ്ട്. ലൈലത്തുൽ ഖദറിന്റെ സർവ്വ പവിത്രതക്കും കാരണം പരിശുദ്ധ ഖുർആനിൻ്റെ അവതരണമാണ്.ഓരോ വർഷവും പരിശുദ്ധ ഖുർആൻ അവതരണം ഇല്ലാതിരിക്കെ തന്നെ ഓരോ വർഷത്തെയും ലൈലത്തുൽ ഖദറിന് പവിത്രതയുണ്ട് എന്നിരിക്കെ സർവ്വലോക കാരുണ്യവുമായ ലോക നേതാവ് മുത്ത് നബി ഭൂജാതരായയ റബീഉൽ അവ്വൽ പന്ത്രണ്ടിനും വലിയ പ്രത്യേകതയും പവിത്രതയും വേണമല്ലോ.

റമദാൻ മാസത്തിന്റെ പവിത്രതക്ക് കാരണം ഖുർആൻ്റെ അവതരണമാണ്. ഖുർആൻ മുത്ത് നബിയുടെ മുഅജിസത്താണ്. അങ്ങനെയിരിക്കെ തിരുദൂതരുടെ മാസത്തിനും പവിത്രതയുണ്ട്. ആ സമയത്ത് ദുആക്ക് ഉത്തരം ഉണ്ടെന്ന് വരെ ഇമാമുമാർ പറയുന്നു. ഈ രണ്ട് രാവുകളിൽ ഏതിനാണ് മഹത്വമെന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇമാമുമാർ നടത്തുന്നുണ്ട്. പലരും ലൈലത്തുൽ മൗലിദിനാണ് കൂടുതൽ പവിത്രത എന്നാണ് അഭിപ്രായപ്പെട്ടത്. അവർ അതിന് ഇരുപതോളം കാരണങ്ങൾ അവതരിപ്പിക്കുന്നു. ലൈലത്തുൽ മൗലിദിലാണ് തിരുദൂതർ വന്നത് തന്നെ. ആ ദൂതർക്ക് പവിത്രമായി നൽകപ്പെട്ടതാണ് ലൈലത്തുൽ ഖദർ. ആ പുണ്യ ശരീരം ഭൂജാതമായ സമയത്തിനാണോ അവിടുത്തേക്ക് നൽകപ്പെട്ടതിനാണോ കൂടുതൽ പവിത്രത വേണ്ടത്? എന്നിങ്ങനെ ചർച്ച നീളുന്നു.

ചുരുക്കത്തിൽ തിരുപിറവിക്ക് സാക്ഷ്യം വഹിച്ച നാടിനും സമയത്തിനും വലിയ പവിത്രതയുണ്ട്. അന്ന് സന്തോഷിച്ചവരും ആനന്ദം കണ്ടെത്തിയവരുമെല്ലാം അതിൻ്റെ പ്രതിഫലം അനുഭവിച്ചിട്ടുണ്ട്. ഖുർആനിൽ നേരിട്ട് പേര് പറഞ്ഞ് ശപിക്കപ്പെട്ട ആളാണ് അബൂലഹബ്. തിരുദൂതർ ജനിച്ച വാർത്ത അറിയിച്ചുകൊണ്ട് വന്ന തൻറെ അടിമ സുവൈബയെ സന്തോഷത്താൽ അബൂലഹബ് മോചിതയാക്കിയിരുന്നു. അതുകാരണമായി വെച്ച് നിശ്ചിത സമയങ്ങളിൽ അബൂലഹബിന്റെ ശിക്ഷയിൽ ഇളവ് ലഭിച്ചിരിക്കുന്നു. ആ തിരു പിറവിയിൽ അന്ന് സങ്കടപ്പെട്ടത് പിശാച് മാത്രമായിരുന്നു. ഇന്ന് പിശാചിന്റെ അനുയായികളും സന്തോഷിക്കാൻ, ആനന്ദിക്കാൻ വിസമ്മതിക്കുന്നുവെന്ന് മാത്രം. 

സർവ ശക്തൻ നമുക്ക് തിരുനബിയോട് യഥാർത്ഥ മഹബ്ബത്ത് വെക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ.

Questions / Comments:



8 September, 2025   09:33 am

Muhammed valeed kp

ഹൃദ്യം

5 September, 2025   09:38 pm

PC

അകമറിഞ്ഞെഴുത്തിന്റെ ആയിരത്തിയഞ്ഞൂറ്

5 September, 2025   09:59 pm

Uvais en

✨❤️

5 September, 2025   09:45 am

Sidu

5 September, 2025   09:14 am

Ikram Ali