മുഹമ്മദ് നബി ﷺ യുടെ ജീവിതം കരുണ, നീതി, സഹിഷ്ണുത,സ്നേഹം എന്നിവയുടെ പ്രകാശഗോപുരമാണ്. അന്ധകാരത്തിലായിരുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച റസൂൽ, മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിന്റെയും മാനവികതയുടെയും മാതൃകയായി തുടരുന്നു.

വായിക്കാം:

മനുഷ്യചരിത്രത്തിൽ പ്രകാശിച്ചുനിൽക്കുന്ന ഒരേയൊരു പേരാണ് അന്ത്യദൂതർ മുഹമ്മദ് നബി ﷺ യുടേത്. അനേകം ഭരണാധികാരികളും പോരാളികളും തത്ത്വചിന്തകരും ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചെങ്കിലും, കാലക്രമേണ ആ നാമങ്ങൾ അപ്രസക്തമാവുകയാണുണ്ടായത്. എന്നാൽ, മനുഷ്യഹൃദയങ്ങളിലേക്ക് കാരുണ്യത്തിന്റെ വെളിച്ചം വിതറിയ തിരുനബി(ﷺ)യുടെ ജീവിതം കാലം എത്രതന്നെ മുന്നോട്ട് പോയിട്ടും കെടുത്താനാവാത്ത ഒരു പ്രകാശഗോപുരമായി നിലകൊള്ളുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങൾക്ക് മാർഗദർശനവും പ്രചോദനവുമായി മുത്ത് നബി ﷺ തുടരുന്നു. ആ നാമം ഉരുവിടാത്ത ഒരൊറ്റ ദിവസം പോലും ഈ കാലയളവിൽ കടന്നുപോയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക്കുള്ള പാത കാണിച്ചുകൊണ്ട്, സ്നേഹത്തിന്റെ അനന്തമായ മഹാസാഗരമായി നബി (ﷺ) ഇന്നും മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിൽക്കുകയാണ്.

മരുഭൂമിയിലെ കേവലമൊരു ഗോത്രത്തിൽ ജനിച്ച റസുൽ, തന്റെ വാക്കുകളാലും പ്രവൃത്തികളാലും ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ സാമൂഹികവും ആത്മീയവുമായ പരിവർത്തനത്തിന് തുടക്കം കുറിക്കുകയാണുണ്ടായത്. തിരുദൂതരുടെ സന്ദേശങ്ങൾ കേവലമൊരു മതത്തിനകത്ത് ഒതുങ്ങുന്ന ഒന്നായിരുന്നില്ല, മറിച്ച് മുഴുവൻ മനുഷ്യരാശിക്കുമുള്ള പ്രത്യാശ കൂടിയായിരുന്നു.

കാരുണ്യ നബിയുടെ ജീവിതം മാനവികതയുടെ പുതുഭാഷ്യം എഴുതി. തിരുദൂതർ(ﷺ)യുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അനാഥരെ കരുതുന്ന കൈകളെക്കുറിച്ചും, ദരിദ്രരെ ചേർത്തുപിടിക്കുന്ന ഹൃദയത്തെക്കുറിച്ചും, ശത്രുക്കൾക്ക് പോലും മാപ്പ് നൽകുന്ന മനസ്സിനെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു. മക്കയിലെ ക്രൂരമായ മരുഭൂമിയിൽ, സാമൂഹികമായ അസമത്വങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് നബി തിരുമേനിയുടെ ജീവിതം ആരംഭിക്കുന്നത്. കഠിനമായ ജീവിത സാഹചര്യങ്ങൾക്കിടയിലും, അവിടുത്തെ കണ്ണുകളിൽ പ്രകാശിച്ച കാരുണ്യം ലോകത്തെ മാറ്റിമറിച്ച ഏറ്റവും വലിയ ശക്തിയായി മാറി. ഈ കാരുണ്യം വെറും ഉപദേശങ്ങളായിരുന്നില്ല, മറിച്ച് പ്രായോഗിക ജീവിതത്തിലൂടെ ജനങ്ങൾക്ക് കാണിച്ച് കൊടുത്ത മാതൃകകളായിരുന്നു.

ഒരിക്കൽ മദീനയിൽ ഒരു വൃദ്ധയായ ജൂതസ്ത്രീ തിരുമേനി(ﷺ)യുടെ വീട്ടിൽ വന്ന് ഭക്ഷണം യാചിച്ചു. അവർക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലായിരുന്നു. നബി(ﷺ) അവരെ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയ കാരുണ്യ നബി, ദിവസവും അവർക്കായി ഭക്ഷണം എത്തിക്കാൻ ശ്രദ്ധ പുലർത്തി. ആ സ്ത്രീയുടെ അരികിൽ ചെന്ന് ഭക്ഷണം നൽകുമ്പോൾ പോലും, തൻ്റെ പേരോ മതമോ അവർക്ക് മുന്നിൽ വെളിപ്പെടുത്താൻ മുത്ത് നബി(ﷺ) ശ്രമിച്ചില്ല. വർഷങ്ങൾക്കുശേഷം നബി(സ) വഫാത്തായപ്പോൾ, അബൂബക്കർ(റ) ആ സ്ത്രീക്ക് ഭക്ഷണം നൽകാൻ പോയി. കാര്യമാന്വേഷിച്ച അവരോട് അബൂബക്കർ(റ) മറുപടി നൽകി: "ഇത്രയും കാലം നിങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നത് എന്റെ സുഹൃത്തായ മുഹമ്മദ് ആയിരുന്നു, ആ തിരുദൂതർ(ﷺ) ഇപ്പോൾ ഈ ലോകത്ത് നിന്ന് യാത്രയായി". മറുപടി കേട്ട സ്ത്രീ കരയുകയും ഇസ്‌ലാം പുൽകുകയും ചെയ്തു. ഇത് കേവലമൊരു ചരിത്ര ശകലമല്ല, റസൂൽ(ﷺ) തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്ന കാരുണ്യത്തിന്റെ മനോഹരമായ ഒരു ഉദാഹരണമായിട്ടാണ് നാം ഉൾകൊള്ളേണ്ടത്.

തിരുനബി(ﷺ)യുടെ ജീവിതം ജനനം മുതൽ തന്നെ പരീക്ഷണങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. ആറാം വയസ്സിൽ ഉമ്മ ആമിന ബീവിയെയും, എട്ടാം വയസ്സിൽ പിതാമഹനായ അബ്ദുൽ മുത്തലിബിനെയും നബി തങ്ങൾക്ക് നഷ്ടപ്പെട്ടു. അനാഥനായി വളർന്ന ആ ജീവിതം, അനാഥരുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയായി റസൂലിനെ മാറ്റിയെടുത്തു. പിന്നീട്  പ്രവാചകത്വം ലഭിച്ചപ്പോൾ, അനാഥരെ സംരക്ഷിക്കാൻ തിരുമേനി ശക്തമായ നിയമങ്ങൾ കൊണ്ടുവന്നു. ഖുർആനിലെ അനേകം വചനങ്ങൾ അനാഥരുടെ സ്വത്ത് സംരക്ഷിക്കാനും അവരോട് കരുണയോടെ പെരുമാറാനും നിർദ്ദേശിക്കുന്നു. ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിൽപോലും സ്നേഹനബി(ﷺ) മനുഷ്യരോടുള്ള സ്നേഹം ഒഴിവാക്കാതിരുന്നത്, മനുഷ്യനെ മനുഷ്യനാക്കി നിർത്തുന്നത്തിനുള്ള ഏറ്റവും വലിയ പാഠമാണ്. കഷ്ടപ്പാടുകളെ അഭിമുഖീകരിക്കുമ്പോൾ, നമ്മൾ പലപ്പോഴും നിരാശയിലേക്ക് വഴുതിവീഴാറുണ്ട്. എന്നാൽ നബി(ﷺ) തങ്ങളുടെ ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചത് അചഞ്ചലമായ മനസ്സോടും, മനുഷ്യസ്നേഹത്തോടുമുള്ള കൂറ് കൊണ്ടുമാണ്. മക്കയിൽ വെച്ച് നബി (ﷺ) തങ്ങൾക്കു നേരെ ഉണ്ടായ ആക്രമണങ്ങൾ, ഉപരോധങ്ങൾ, പീഡനങ്ങൾ എന്നിവയൊക്കെ ഒരു സാധാരണ മനുഷ്യനെ തളർത്താൻ മാത്രം മതിയായതായിരുന്നു. എന്നാൽ, ഈ വെല്ലുവിളികൾ മുത്ത് നബി(ﷺ)യെ തൻ്റെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. പകരം, ഓരോ പ്രതിസന്ധിയിലും നബി തിരുമേനി(ﷺ) കൂടുതൽ കരുത്തോടെ നിലകൊണ്ടു. ഈ ജീവിതപാത നമ്മെ പഠിപ്പിക്കുന്നത് വെല്ലുവിളികൾക്ക് മുന്നിൽ നാം കരുത്തോടെ നിലകൊള്ളുമ്പോൾ, മനുഷ്യസ്നേഹം കൈവിടാതെ മുന്നോട്ട് പോകുമ്പോൾ, ചരിത്രം തന്നെ നമ്മെ അനശ്വരമാക്കും എന്നതാണ്.

മുത്ത് നബി(ﷺ) സമൂഹത്തിന്റെ ഇരുളിലേക്ക് വെളിച്ചമായി വന്നപ്പോൾ, അറബ് ഭൂമി അനാചാരങ്ങളുടെയും ക്രൂരതകളുടെയും കൂത്തരങ്ങായിരുന്നു. പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന പിതാക്കന്മാർ, സ്ത്രീകളെ അടിമകളെക്കാൾ മോശമായി കണ്ടിരുന്ന പുരുഷന്മാർ, ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യാപാരികൾ, അധികാരത്തിന് വേണ്ടി നിരന്തരം രക്തരൂഷിതമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന ഗോത്രങ്ങൾ ഇതെല്ലാമായിരുന്നു അന്നത്തെ അറേബ്യ. 'ജാഹിലിയ്യ' കാലഘട്ടമെന്ന് അറിയപ്പെട്ടിരുന്ന ആ ഇരുണ്ട നാളുകളെ ഇല്ലായ്മ ചെയ്യാൻ വന്ന വിപ്ലവമായിരുന്നു നബി(ﷺ). സ്ത്രീകൾക്ക് മുത്ത് നബി(ﷺ) അവകാശങ്ങൾ നൽകിയത് ആധുനിക ലോകത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ വരുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നു. അവർക്ക് സ്വത്തവകാശവും, വിവാഹത്തിൽ സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാനുള്ള അവകാശവും നബി(ﷺ) നൽകി. "സ്വർഗം മാതാക്കളുടെ കാൽക്കീഴിലാകുന്നു’ എന്ന തിരുവചനം  സ്ത്രീകളുടെ സ്ഥാനം എത്ര വലുതാണെന്ന് പഠിപ്പിക്കുകയായിരുന്നു. അടിമകളെ മനുഷ്യരായി അംഗീകരിക്കുകയും, അവരെ മോചിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു തിരുദൂതർ(ﷺ) അടിമയായ ബിലാൽ(റ)നെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ പരിഗണിച്ചു. വ്യാപാരികളോട് നീതിയും സത്യസന്ധതയും പാലിക്കാൻ തിരുമേനി(ﷺ) ഉപദേശിച്ചിരുന്നു. ഒരുവേള ഒരു വ്യാപാരി ഭക്ഷണത്തിൽ കൃത്രിമം കാണിച്ചപ്പോൾ, നബി(ﷺ) അയാളോട് പറഞ്ഞു: "ആര് വഞ്ചിക്കുന്നുവോ, അവൻ നമ്മിൽപ്പെട്ടവനല്ല". ഈ മഹത്തായ സംഭവങ്ങൾ സമൂഹത്തെ ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക പരിവർത്തനത്തിലേക്ക് നയിച്ചു. നബി(ﷺ)യുടെ വാക്കുകൾ കേവലം മതപരമായ ഉപദേശങ്ങളായിരുന്നില്ല എന്നതാണ് ഇതൊക്കെയും അടയാളപ്പെടുത്തുന്നത്.  

മുത്ത് നബി(സ) മനുഷ്യർക്കു പഠിപ്പിച്ചത് സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ജീവിതമായിരുന്നു. തന്നെ കൊല്ലാൻ വന്നവന് മാപ്പ് നൽകിയ ചരിത്രം ഒരുദാഹരണം മാത്രം. മക്കയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന നബി(സ)യും അനുയായികളും വർഷങ്ങൾക്ക് ശേഷം മക്ക കീഴടക്കാൻ തിരിച്ചെത്തിയപ്പോൾ, അവിടുത്തെ ശത്രുക്കൾ ഭയന്നു. അവർ തങ്ങളുടെ വിധി എന്തായിരിക്കുമെന്നോർത്ത് വിറച്ചു. നബി(സ) അവരോട് ചോദിച്ചു: "ഞാൻ നിങ്ങളോട് എങ്ങനെ പെരുമാറുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?". അവർ മറുപടി പറഞ്ഞു: "താങ്കൾ മാപ്പ് നൽകുന്ന ഒരു ഉദാരമനസ്കനായ സഹോദരനാണ്." അപ്പോൾ നബി(ﷺ) പറഞ്ഞു: "യൂസഫ് നബി തന്റെ സഹോദരന്മാരോട് പറഞ്ഞതുപോലെ, ഇന്ന് നിങ്ങൾക്ക് മേൽ ഒരു പ്രതികാരവുമില്ല, നിങ്ങൾ സ്വതന്ത്രരാണ്." ഈ ഉദാത്തമായ മാപ്പ് നൽകൽ, മനുഷ്യചരിത്രത്തിൽ വളരെ വിരളമായ ഒരു സംഭവമാണ്. നബി(ﷺ) തങ്ങൾ പറഞ്ഞ ഓരോ വാക്കും, ചെയ്ത പ്രവൃത്തിയും, കാണിച്ച പുഞ്ചിരിയും മനുഷ്യനെ മനുഷ്യനാക്കുന്ന മഹത്തായ പാഠങ്ങളാണ്. നബി(ﷺ) ഒരിക്കൽ പറഞ്ഞു: "നിങ്ങളിൽ ഏറ്റവും നല്ലവൻ, മറ്റുള്ളവരോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നവനാണ്. "ഈ വാക്കുകൾ കേവലം ഒരു ഉപദേശം മാത്രമായിരുന്നില്ല, അത് നബി തിരുമേനി(ﷺ)യുടെ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു. അയൽക്കാരൻ ജൂതനായിരുന്നിട്ടും തിരുദൂതർ(ﷺ) അദ്ദേഹത്തിന് ഭക്ഷണം നൽകുകയും രോഗം വന്നപ്പോൾ സന്ദർശിക്കുകയും ചെയ്തത് ഈ സ്നേഹത്തിന്റെ തെളിവാണ്. ഈ സഹാനുഭൂതിയും സ്നേഹവും ലോകർക്കിന്നും പാഠമാണ്.

റസൂലിൻ്റെ(ﷺ) ജീവിതം മതപരമായോ രാഷ്ട്രീയപരമായോ ഉള്ള വിജയങ്ങളുടെ പട്ടികയല്ല; പകരം, മനുഷ്യനെ മനുഷ്യത്വത്തിലേക്കു നയിക്കുന്ന ആത്മീയയാത്രയാണ്. ഇന്ന് ലോകം വീണ്ടും വീണ്ടും നബി(സ) തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുന്നത്തിനുള്ള കാരണവുമതാണ്. സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഭൗതിക നേട്ടങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നില്ല തിരുദൂതരുടെ ദൗത്യം, മറിച്ച് മനുഷ്യന്റെ ആത്മാവിനെ ശുദ്ധീകരിക്കാനും, അവനെ സ്രഷ്ടാവുമായി ബന്ധിപ്പിക്കാനും വേണ്ടിയുള്ളതായിരുന്നു. നബി തിരുമേനി(സ) പഠിപ്പിച്ച മൂല്യങ്ങൾ മനുഷ്യന്റെ ആന്തരികമായ വികാസത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. കാരുണ്യം, സഹിഷ്ണുത, നീതി, സഹജീവനം തുടങ്ങിയ മൂല്യങ്ങൾ ഇല്ലാതെ മനുഷ്യന് മുന്നോട്ട് പോകാനാവില്ലെന്ന് തിരുനബി(സ)യുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.  ലോകത്ത് നടക്കുന്ന യുദ്ധങ്ങളും വർഗീയ വിദ്വേഷങ്ങളും തുടങ്ങി ഓരോ കുടുംബത്തിലുള്ള പൊരുത്തക്കേടുകൾ വരെ, ഈ മഹത്തായ പാഠങ്ങൾ മുഖവിലയ്ക്കെടുക്കാത്തതിന്റെ ഫലമാണ്. റസൂൽ(സ) പഠിപ്പിച്ച വഴികളിലേക്ക് തിരിച്ചുപോവുക എന്നത് മാത്രമാണ് ഈ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഏക പരിഹാരം.

നബി(സ)യുടെ ജീവിതം ലോകത്തിന് സമാധാനത്തിന്റെ വലിയൊരു മാതൃക നൽകുന്നുണ്ട്. അത് കേവലം ഒരു തത്ത്വശാസ്ത്രം മാത്രമായിരുന്നില്ല, മറിച്ച് സജീവമായ ഒരു ജീവിതരീതിയായിരുന്നു. അതായത്, ഒരു വ്യക്തിയുടെ ആത്മാവിലേക്കും സമൂഹത്തിലേക്കും ഒരേസമയം കടന്നുചെല്ലുന്ന ഒന്ന്. റസൂലിൻ്റെ(സ) ജീവിതത്തിലെ ഓരോ സംഭവവും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. മക്കയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ശേഷം ത്യാഇഫിൽ അഭയം തേടിയപ്പോൾ, അവിടുത്തെ ജനങ്ങൾ നബി(സ)യെ കല്ലെറിഞ്ഞ് ഓടിച്ചു. ആ സമയത്ത് രക്തം വാർന്ന് റസൂൽ(സ) ക്ഷീണിതരായി. ഉടനെ മലക്ക് ജിബ്‌രീൽ(അ) നബി തങ്ങളോട് ചോദിച്ചു: "ഈ മലകൾക്കിടയിൽ ഇവർക്ക് മേൽ ഞാൻ കല്ലുകൾ വർഷിക്കട്ടെയോ?" നബി(സ) അപ്പോൾ നൽകിയ മറുപടി, ആ മനസ്സിന്റെ നന്മയുടെ ആഴം കാണിക്കുന്നു. നബി തങ്ങൾ പറഞ്ഞു: "വേണ്ട ജിബ്രീലെ, എനിക്ക് വേണ്ടത് അവരുടെ തലമുറയിൽ നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരെയാണ്." ഈ പ്രതികരണത്തിൽ പോലും പ്രതികാരത്തിന് പകരം പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. 

നബി(സ) പറഞ്ഞത് പോലെ: “നിങ്ങളിൽ ഏറ്റവും നല്ലവൻ, മറ്റുള്ളവർക്ക് ഏറ്റവും നല്ലവനാണ്.” ഈ വാക്കുകൾ ഒരിക്കൽ അറേബ്യൻ മരുഭൂമിയിൽ മുഴങ്ങിയെങ്കിലും, അത് ഇന്നും ലോകമെമ്പാടും മനുഷ്യരുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അത് കേവലം മുസ്‌ലിംകൾക്ക് മാത്രമുള്ള ഒരുപദേശമല്ല, മറിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. നബി തിരുമേനി(സ) എല്ലാ മനുഷ്യരെയും തുല്യരായി കണ്ടു. ഒരു അറബിക്ക് ഒരു അനറബിയെക്കാളും, ഒരു വെള്ളക്കാരന് ഒരു കറുത്തവനെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ലെന്ന് നബി തങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യരുടെ ഉന്നതി നിർണയിക്കുന്നത് അവരുടെ ധാർമിക മൂല്യങ്ങളും ഭക്തിയും മാത്രമാണ്.

ലോക നേതാവിൻ്റെ ജീവിതം കവികളുടെ കവിതകളിൽ സംഗീതമായി, ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളിൽ വെളിച്ചമായി, വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രണയമായി മാറി. ഇന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ തിരുദൂതരുടെ പേര് കേൾക്കുമ്പോൾ കണ്ണുനിറച്ച് പ്രാർത്ഥിക്കുന്നു, അവിടുത്തെ പാത പിന്തുടരുന്നു, നബി തങ്ങളുടെ ജീവിതത്തിൽ നിന്ന് ശക്തി കണ്ടെത്തുന്നു. കാരുണ്യ നബി(സ)യുടെ ജീവിതം ഒരിക്കലും അവസാനിക്കാത്ത പ്രചോദനമാണ്. നബി തിരുമേനി(സ)യുടെ ദൂരക്കാഴ്ചയുള്ള മാതൃകകളിൽ മനുഷ്യന്റെ മുഴുവൻ ചരിത്രവും ഭാവിയും തെളിഞ്ഞുനിൽക്കുന്നു. ലോകം നേരിടുന്ന വർഗീയത, വംശീയത, യുദ്ധങ്ങൾ, അസഹിഷ്ണുത എന്നീ ഇരുട്ടുകളെ മാറ്റാനാവുക, നബി തങ്ങളുടെ ജീവിതം വീണ്ടും വായിക്കുമ്പോൾ മാത്രമാണ്.

Questions / Comments:



4 September, 2025   09:17 pm

Haneef

നല്ല എഴുത്ത്