ജിബ്‌രീൽ(അ) ദിവ്യവെളിപ്പാടുകളുടെ വാഹകനായ സമയം തന്നെ നബി(ﷺ)യുടെ ആത്മസുഹൃത്തും അധ്യാപകനുമായി മാറിയിരുന്നു.  ഹിറാ ഗുഹയിലെ ആദ്യ വഹ്‌യ് വേള മുതൽ മിഅ്‌റാജ് യാത്രയിലും ത്വാഇഫ് യാത്രയിലെ പരീക്ഷണങ്ങളിലും വരെ, ജിബ്‌രീൽ(അ) നബി(ﷺ)ക്ക് കരുത്തും ആശ്വാസവുമായി കൂടെ നിന്നു. പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട് പല പാഠങ്ങൾ പഠിപ്പിക്കുകയും, പല സന്ദർഭങ്ങളിൽ സാന്ത്വനമായി കടന്നുവരുകയും ചെയ്തു.

വായിക്കാം:

പ്രവാചകന്മാർക്ക് വഹ്‌യിൻ്റെ (ദിവ്യവെളിപാട്) സന്ദേശങ്ങൾ എത്തിക്കുന്ന മാലാഖയാണ് ജിബ്രീൽ(അ). മലക്ക് എന്നതിലുപരി, അവർ മുഹമ്മദ് നബി(സ്വ)ക്ക് ഉറ്റ സുഹൃത്തായിരുന്നു. മുഹമ്മദ് നബിയുടെ ബാല്യകാലത്തിലെ അത്ഭുത ശാസ്ത്രക്രിയയിൽ ജിബ്രീൽ(അ)ൻ്റെ സാന്നിധ്യത്തിലായിരുന്നു. ഹിറാ ഗുഹയിൽ നിന്ന് നബി(സ) തങ്ങളുമായി ജിബ്‌രീൽ(അ) സന്ധിച്ചത് മുതൽ  പിന്നീടങ്ങോട്ട് കൂട്ടുകാരെ പോലെയായിരുന്നു. അവർ അഗാധമായ ബന്ധം പുലർത്തി. ജിബ്രീൽ(അ) സമ്പൂർണ്ണ അധ്യാപകനായിരുന്നു. ആവശ്യമായതെല്ലാം തിരുനബിക്ക് പകർന്നു കൊടുത്തു. ആകാശാരോഹണ യാത്രയിൽ നബി(സ്വ) തങ്ങൾക്ക് കാവലായിരുന്നു ജിബ്രീൽ(അ). ഭൂമിയിലുള്ള കൂട്ടുകാരനായ അബൂബക്കർ(റ)ന്റെ ദൗത്യമായിരുന്നു ജിബ്‌രീൽ(അ) നിർവഹിച്ചിരുന്നത്. തനിക്ക് അപ്രാപ്യമായ ഇടത്തേക്ക്, അല്ലാഹുവുമായുള്ള സംഭാഷണത്തിന്, തിരുദൂതരെ അയച്ച്, പുറത്ത് കാത്തുനിന്ന മാലാഖയായിരുന്നു ജിബ്രീൽ(അ). 

ഹിറയിലെ പ്രഥമദർശനം

കഅബയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഹിറാ ഗുഹ. ജബലുന്നൂർ എന്ന പർവ്വതത്തിന്റെ ഉച്ചിയിലാണ് ഹിറയുടെ സ്ഥാനം.
അറബ് സമൂഹത്തിൽ ഏകാന്തവാസം  സാമ്പ്രദായികമായി നിലനിന്നു പോന്ന രീതിയായിരുന്നു. വിഗ്രഹങ്ങളെ വെടിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു അറബ് ജനത ധ്യാനത്തിൽ ഇരിക്കാറുള്ളത്. മുഹമ്മദ് നബി(സ്വ) ധ്യാനത്തിൽ ഇരിക്കാൻ ഹിറാ ഗുഹയാണ് തിരഞ്ഞെടുത്തത്. ആവശ്യമായ ഭക്ഷണങ്ങളെല്ലാം പ്രിയ പത്നി ഖദീജ ഒരുക്കി ഹിറയിലേക്ക് എത്തിച്ചു നൽകും. ഭക്ഷണം തീരുന്നതിനനുസരിച്ച് പർവ്വതങ്ങൾ താണ്ടി ഖദീജബീവി ഹിറയിലേക്ക് നടക്കും. 

ഹിറാ ഗുഹയിൽ ഇരിക്കുന്ന കാലം, നബി(സ്വ)ക്ക് വ്യത്യസ്തമായ ആത്മീയ അനുഭവങ്ങൾ ലഭിച്ചിരുന്നു. അംറ് ബ്നു ശുറഹബീൽ പറയുന്നു. തിരുനബി പറയും 'ഞാൻ ഏകാന്തയിൽ ഇരിക്കുമ്പോൾ പ്രത്യേകമായ പ്രകാശരശ്മികൾ കാണുന്നു. ഞാൻ ജിബിരീലാണ്  എന്ന സംസാരം കേൾക്കുന്നു, എന്താണിത് ഖദീജാ? എനിക്ക് എന്തോ സംഭവിക്കുന്നതുപോലെ!' എന്ന്. അപ്പോൾ ബീവി സ്വാന്തന വാക്കുകൾ കൊണ്ട് തിരുദൂതരെ ചേർത്തു നിർത്തും. അത് അവിടുത്തേക്ക് വലിയ തണലായിരുന്നു. തൻ്റെ അരികിലേക്ക് അബൂബക്കർ(റ) വന്നപ്പോൾ ബീവി കാര്യങ്ങൾ വിശദീകരിച്ചു. വറക്കത്ത് ബ്നു നൗഫലിനെ പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹം വേദജ്ഞാനിയാണ്. ജിബ്രീലിന്റെ സംസാരത്തെ കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചപ്പോൾ "സുബൂഹുൻ!" (വാഴ്ത്തപ്പെട്ടവർ) എന്നാണ് അതേക്കുറിച്ച് മറുപടി കൊടുത്തത്.

തിരുനബി(സ്വ) റമദാനിലെ അവസാന നാളുകളിൽ   ഹിറാ ഗുഹയിൽ വെച്ച്  ആരാധനനിർവഹണത്തിലായിരുന്നു. ഒരു തിങ്കളാഴ്ച രാവിൽ ജിബ്രീലും മീകാഈലും തിരുസന്നിധിയിൽ വന്നു. മീഖാഈൽ അന്തരീക്ഷത്തിൽ നിന്നു കൊണ്ട് കൂടെയുള്ള മലക്കുകളോട് ചോദിച്ചു. 'നാം ഉദ്ദേശിച്ച വ്യക്തി ഇത് തന്നെയല്ലേ?'. 'അതെ' എന്ന് മറ്റൊരാൾ പറഞ്ഞു. നബി(സ്വ)യെയും മറ്റൊരു വ്യക്തിയെയും തൂക്കി നോക്കാൻ വേണ്ടി പറഞ്ഞു. അതിൽ നബി മികച്ചു നിന്നു. മറുഭാഗത്ത് പത്ത്, നൂറ് എന്നീ ക്രമങ്ങളിൽ വെച്ചുനോക്കി. അതിലും തിരുനബി(സ) തന്നെ മികച്ചു നിന്നു. നബി(സ)യുടെ കൂടെ മറുഭാഗത്ത് ഒരു സമുദായം വച്ചാലും നബി മികച്ചു നിൽക്കുമെന്ന് ആശ്ചര്യമൂറി അവർ പറഞ്ഞു. ശേഷം രത്നങ്ങൾ കൊണ്ട് അലങ്കൃതമായ ഒരു പരവതാനിയിൽ നബി(സ്വ)യെ കിടത്തി. മനുഷ്യപ്രകൃതിയിൽ പൈശാചിക ഹിതങ്ങൾക്ക് സാധ്യതയുള്ള രക്തപിണ്ഡത്തെ  തിരു ശരീരത്തിൽ നിന്ന് എടുത്തുമാറ്റി. തുറന്ന ഭാഗം തുന്നിച്ചേർത്ത് പ്രവാചകദൗത്യം തിരുനബിയിലേക്ക് ഏൽപ്പിച്ചു.

ജിബ്‌രീൽ(അ) നബി(സ്വ) തങ്ങളുടെ അടുത്തുവന്നു 'ഇഖ്റഅ്'(വായിക്കൂ) എന്നു പറഞ്ഞു.
'എനിക്ക് വായിക്കാൻ അറിയില്ല' എന്ന് നബി തങ്ങൾ മറുപടി പറഞ്ഞു. ഗാഢമായി നബി തങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് വീണ്ടും ' ഇഖ്റഅ്' എന്ന് ആജ്ഞാപിച്ചു. തുടർന്ന് മൂന്ന് തവണയും നബി(സ) തങ്ങൾ ഒരേ മറുപടി  ആവർത്തിച്ചു. 'എനിക്ക് വായിക്കാൻ അറിയില്ല'. ഹിറയിൽ നിന്നും വെപ്രാളത്തോടെ തിരുദൂതർ(സ) വീട്ടിലേക്ക് തിരിച്ചു. പോകുമ്പോൾ വഴിയരികിലുള്ള കല്ലുകൾ നബി(സ)ക്ക് അഭിവാദ്യമർപ്പിക്കുന്നുണ്ടായിരുന്നു. 

വീട്ടിലെത്തിയ ഉടനെ  ഖദീജ ബീവി(റ)യോട് 'എന്നെ പുതപ്പിക്കൂ,എന്നെ പുതപ്പിക്കൂ' എന്ന് നബി തങ്ങൾ വിറക്കുന്ന അധരങ്ങളോടെ പറഞ്ഞു. പുതപ്പിച്ചുകൊണ്ട് ബീവി ഖദീജ(റ) അവിടുത്തേക്ക് ആശ്വാസമേകി. ബീവി തങ്ങളുടെ ഓരം പറ്റിച്ചേർന്നു. പ്രവാചക ദൗത്യത്തിന്റെയും ഖുർആൻ പഠനത്തിന്റെയും ഭാരം വളരെ വലുതായിരുന്നു. മൂന്ന് ദിവസം നബി(സ) തങ്ങൾ വീട്ടിൽ തന്നെ കഴിഞ്ഞു.

ജിബ്രീലിനെ കാണുന്നതിലെ ആശങ്കയിൽ നിന്ന് ആശയിലേക്കുള്ള മാറ്റമായിരുന്നു പിന്നീടുണ്ടായത്. ഉത്തരവാദിത്വത്തിന്റെ മഹത്വങ്ങളെ കുറിച്ചുള്ള ചിന്തകളായിരുന്നു തിരുനബി(സ)ക്ക്. വീട്ടിൽ നിന്നിറങ്ങി കഅ്ബയുടെ പരിസരങ്ങളിലൂടെ നടക്കുമ്പോൾ ഒരു ശബ്ദം കേട്ടു.'ഓ മുഹമ്മദ്'. തിരിഞ്ഞുനോക്കുമ്പോൾ ആരെയും കാണുന്നില്ല. തിരുനബി(സ) തന്റെ കണ്ണുകൾ മുകളിലോട്ട് ഉയർത്തിയപ്പോൾ ഹിറാ പർവതത്തിൽ വച്ച് കണ്ട മലക്ക് ജിബിരീൽ(അ) പ്രൗഢമായിരിക്കുന്നു. 

നബി(സ) തങ്ങൾ വീണ്ടും വീട്ടിലേക്ക് നടന്നു. ഉള്ളിലാകെ ഒരു തരം അസ്വസ്ഥത, ഭയം കൂടുന്നു. പേടിയിൽ പനി ബാധിച്ചു. 'എന്നെ ഒന്ന് തണുപ്പിക്കൂ, നല്ല ചൂടുണ്ട്'. ഖദീജ(റ)യോട് നബി(സ) തങ്ങൾ ആവശ്യപ്പെട്ടു. നല്ല തണുത്ത വെള്ളം നബി(സ)തങ്ങൾക്ക് കുളിക്കാൻ വേണ്ടി ബീവി സൗകര്യം ചെയ്തുകൊടുത്തു. കുളി കഴിഞ്ഞു നബിയുടെ ശിരസ്സിൻ്റെ ഭാഗത്ത് വന്ന് 'ജിബ്‌രീൽ(അ) വിശുദ്ധ ഖുർആനിലെ സൂറ:അൽ മുദ്ദസിർ ഓതിക്കൊടുത്തു. 'അല്ലാഹുവിനെ മഹത്തരമാക്കുക, പാപങ്ങളിൽ നിന്ന് അകലം പാലിക്കുക' എന്നു തുടങ്ങുന്ന ആശയങ്ങളായിരുന്നു നബി(സ) തങ്ങൾക്ക് പറഞ്ഞുകൊടുത്തിരുന്നത്.

ജിബ്രീൽ(അ) ഭൂമിയിൽ തന്റെ മടമ്പുകൊണ്ട് ഒന്ന് ചവിട്ടി. ഉറവ പൊടിഞ്ഞു. അതിൽ നിന്ന് എങ്ങനെ വുളൂഅ് ചെയ്യണമെന്ന് നബി തങ്ങൾക്ക് ജിബ്‌രീൽ(അ) പഠിപ്പിച്ചുകൊടുത്തു. ശേഷം കഅ്ബാലയത്തിൽ നിന്ന് നിസ്കരിച്ചു. നബി(സ) തങ്ങൾ അതുപോലെ ചെയ്തു. തിരികെ വീട്ടിലെത്തിയപ്പോൾ ഖദീജ ബീവി(റ) യോട് എല്ലാകാര്യങ്ങളും പങ്കുവച്ചു. പഠിച്ചതെല്ലാം ബീവിക്കും തങ്ങൾ പഠിപ്പിച്ചുകൊടുത്തു. രണ്ടുപേരും സംസം കിണറിനടുത്ത് നിന്ന് വുളു ചെയ്തു. നബി(സ) യും ഖദീജ ബീവി(റ) യും നിസ്കരിച്ചു. ഇസ്‌ലാമിലെ ആദ്യ വിശ്വാസിയും ആദ്യമായി നിസ്കാരം നടത്തിയ വ്യക്തിയുമായി ഖദീജ ബീവി(റ) മാറി. 

പിന്നീട് നബി തങ്ങൾക്ക് പല രൂപത്തിൽ വഹ്‌യ് വന്നിട്ടുണ്ട്. ജിബ്രീലി(അ)ന്റെ സാമീപ്യം എപ്പോഴും റസൂലിന്(സ) കരുത്തും ആശ്വാസവും പകരുമായിരുന്നു. ഏത് ഘട്ടത്തിലും ജിബിരീലിനെ നബി(സ)തങ്ങൾക്ക് മനസ്സിലാകും. പല രൂപത്തിലും ഭാവത്തിലും ജിബ്‌രീൽ(അ) നബി(സ) തങ്ങളുടെ അരികിൽ വന്നിട്ടുണ്ട്. അതിസുന്ദരനായ  ദിഹ്യത്തുൽ കൽബി എന്ന സ്വഹാബിയുടെ രൂപത്തിലായിരുന്നു കൂടുതലായും ജിബിരീൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മനുഷ്യരൂപത്തിൽ വന്ന് ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവ എന്താണെന്ന് പഠിപ്പിച്ചു കൊടുത്തത് ലോകത്തിലെ ഏറ്റവും വലിയ ടീച്ചിംഗ് മെത്തേഡാണ്. 'ജിബ്‌രീലി(അ)ന് ഇഷ്ടമില്ലാത്തത് തനിക്കും ഇഷ്ടമല്ല' എന്നാവർത്തിച്ചു പറഞ്ഞത് ജിബ്‌രീൽ(അ)ഉം ആയുള്ള തിരുദൂതരുടെ(സ)യുടെ അടുപ്പത്തെ കാണിക്കുന്ന പ്രസ്താവനയാണ്. 

ഹിജ്റ പത്താം വർഷം നബി തങ്ങൾ നേരിട്ടത്  അതിരുകളില്ലാത്ത പ്രതിസന്ധികളായിരുന്നു. ഏത് പ്രതിസന്ധിഘട്ടങ്ങളിലും തണൽ വിരിക്കാൻ  ജിബ്‌രീൽ(അ)ന്റെ ചിറകുണ്ടായിരുന്നു. ഇസ്ലാമിൻറെ പ്രബോധന ദൗത്യം പ്രകാശിപ്പിക്കാൻ തിരുനബി അവിടുത്തെ ധാരാളം കുടുംബക്കാരുള്ള ത്വാഇഫിൻ്റെ ഭൂമികയിലേക്ക്  നീങ്ങി. നബിയുടെ പോറ്റുമ്മ ഹലീമ ബീവിയുടെ ഭവനയിടമാണവിടം. ഏറെ പ്രതീക്ഷയോടെ പോയ നബി(സ)തങ്ങൾക്ക് തൻ്റെ കുടുംബക്കാരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അസഹനീയമായ പരിഹാസങ്ങളും കല്ലേറുകളും ആക്രമണങ്ങളുമായിരുന്നു. ത്വാഇഫുകാർ തങ്ങളുടെ മക്കളെ ഇറക്കിവിട്ട് നബി(സ) തങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാൻ പ്രോത്സാഹിപ്പിച്ചു. കൂകി വിളിച്ച് പരിഹസിച്ചു. ഇരുവശങ്ങളിലും നിന്നുകൊണ്ട് കല്ലുകൾ എറിഞ്ഞുകൊണ്ടേയിരുന്നു. പുഞ്ചിരി തൂകി മനംനൊന്ത് തിരുനബി(സ) ത്വാഇഫിൻ്റെ വീഥികളിലൂടെ നടന്നു നീങ്ങി. 

ത്വാഇഫുകാർ പ്രവാചകരെ അംഗീകരിച്ചില്ല. അംഗീകരിക്കാൻ മുന്നോട്ടു വന്നവരെ അതിന് അനുവദിക്കുകയും ചെയ്തില്ല. ത്വാഇഫിൽ നിന്ന് അനുഭവിച്ച വേദനകൾ അതികഠിനമായിരുന്നു. ഒരിക്കൽ ആഇഷ ബീവി(റ) നബി(സ)യോട് ചോദിച്ചു. 'നബിയേ ഉഹ്ദ് യുദ്ധത്തെക്കാൾ പ്രയാസകരമായ ദിനം അങ്ങിക്കുണ്ടായിരുന്നോ?'. നബി(സ)തങ്ങൾ പറഞ്ഞു. 'ആഇശാ, നിൻ്റെ ജനതയിൽ നിന്ന് ഞാൻ അനുഭവിച്ച ഏറ്റവും വലിയ പ്രയാസം ത്വാഇഫിലേതായിരുന്നു'. ഇസ്ലാമിലേക്ക് നബി(സ) തങ്ങൾ ക്ഷണിച്ചപ്പോൾ ഒരാളും സ്വീകരിച്ചില്ല. മാത്രമല്ല പരിഹാസം മാത്രമായിരുന്നു പ്രതികരം മുഴുവനും.  വേദനയോടെ തിരികെ വരുമ്പോൾ ബനൂ സആലിബ് എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് അവിടുത്തേക്ക് ആശ്വാസമായത്. മേഘം നബി(സ) തങ്ങൾക്ക് തണലിട്ടു കൊടുക്കുന്നു. 

നബി(സ) തങ്ങൾ മേഘത്തിലേക്ക് നോക്കിയപ്പോൾ ജിബ്രീൽ(അ)നെ കണ്ടു. സലാം ചൊല്ലി 'നബിയേ, അങ്ങയുടെ ഉമ്മത്ത് പ്രതികരിച്ചതെല്ലാം അള്ളാഹു അറിഞ്ഞിരിക്കുന്നു, അതിനാൽ പർവ്വതത്തിന്റെ ദൗത്യമുള്ള മലക്കിനെ അങ്ങോട്ടയച്ചിരിക്കുന്നു'. പർവ്വതത്തിന്റെ മലക്ക് നബി(സ)യോട് പറഞ്ഞു. 'സമ്മതം നൽകുകയാണെങ്കിൽ ഈ രണ്ടു മലകൾക്കിടയിൽ അങ്ങയെ ആക്രമിച്ച സമൂഹത്തെ നശിപ്പിക്കാം' നബി(സ) തങ്ങൾ പറഞ്ഞു. 'വേണ്ട, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ അവരുടെ പരമ്പരയിൽ ജനിച്ചേക്കാം'. നബി(സ) തങ്ങളുടെ നിഷ്കളങ്കമായ മറുപടിയെക്കുറിച്ച് ഇക്‌രിമ(റ)വിൻ്റെ ഒരു നിവേദനത്തിൽ പറയുന്നു. പർവതത്തിന്റെ മലക്ക് പറഞ്ഞു. 'അല്ലാഹു തങ്ങളെ റഊഫ്, റഹീം എന്ന് വിളിക്കും പോലെ കരുണയും വിട്ടുവീഴ്ചയും ചെയ്യുന്നവരാണല്ലോ!'

ചുരുക്കത്തിൽ,റൂഹുൽ അമീൻ ജിബ്‌രീൽ(അ) ദിവ്യ സന്ദേശങ്ങൾ എത്തിക്കുന്നതോടൊപ്പം തന്നെ , നബി(സ) തങ്ങളുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു.

Questions / Comments:



No comments yet.