പെരുമാറ്റത്തിലും ഇടപെടലുകളിലും മുത്ത് നബി(ﷺ)യാണ് വിശ്വാസിക്ക് ആദ്യാവസാന മാതൃക. ആരെയും അലോസരപ്പെടുത്താത്ത മുഖഭാവത്തോടെ നർമം കലർത്തിയ വാക്കുകളോടെയായിരുന്നു തിരുദൂതരുടെ ഇടപെടൽ. ജീവിതത്തിൽ ഒരിക്കൽപോലും പരിഹാസവും കോപവും കാണിച്ചിട്ടില്ലാത്ത അതുല്യ വ്യക്തിത്വമാണ് റസൂൽ(സ)
വായിക്കാം:
സ്വഭാവത്തിന്റെ കാര്യത്തിൽ മുസ്ലിമിൻ്റെ മാതൃകാ പുരുഷൻ പ്രവാചകർ നബി(സ്വ)യാണ്. പ്രവാചകർ സദാസമയം പ്രസന്ന മുഖഭാവത്തോടു കൂടിയാണ് സമൂഹത്തിനിടയിൽ പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷേ ആളുകളെ പ്രസന്നമായ മുഖത്തോടെ സമീപിക്കലും മുഖത്തു നോക്കി പുഞ്ചിരിക്കുക പോലും ധർമ്മമാണ് എന്ന് പഠിപ്പിച്ച നേതാവാണ് ത്വാഹാ റസൂൽ(സ്വ). ഒരിക്കലും അനാവശ്യമായ ഒരു കാര്യത്തിലും തിരു നബി(സ്വ) ഇടപെടാറില്ല. എന്തെങ്കിലും പ്രതീക്ഷിച്ചു തൻ്റെ അടുത്തേക്ക് ചെല്ലുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സമീപനമാണ് തിരുദൂതർ(സ്വ) കാണിക്കാറുള്ളത്. സ്വഭാവ മഹിമ കൊണ്ടാണ് വലിയൊരു സമൂഹത്തെ തന്നിലേക്ക് ആകർഷിക്കാൻ തിരുദൂതർ(സ്വ)ക്ക് സാധിച്ചത്.
സംസാരിക്കുമ്പോൾ മുഖത്തു നോക്കി സംസാരിക്കുക എന്നത് മനഃശാസ്ത്രപരമായി വ്യക്തിത്വത്തിന്റെ ഉന്നതമായ വളർച്ചയുടെ അടയാളമാണ്. തിരുനബി(സ്വ) ഒരാളോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കിയാണ് സംസാരിക്കുക. ശത്രുവിനോട് പോലും ഒരിക്കലും മുഖം തിരിച്ചു നിൽക്കാറില്ലായിരുന്നു.
ഒരിക്കൽ ഒരു സ്വഹാബി പ്രവാചകരുടെ(സ്വ) സംസാരത്തിന്റെ വശ്യത കണ്ട് ചോദിച്ചു പോയി. "നബിയേ.. അങ്ങേക്ക് സ്വിദ്ധീഖ്(റ)നേക്കാൾ കൂടുതൽ സ്നേഹം എന്നോടാണോ" എന്ന്. സംസാര ശൈലിയിലെ പരിഗണന കണ്ട് എന്നോടാണ് മുത്ത് നബി(സ്വ)ക്ക് കൂടുതൽ സ്നേഹം എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
ഒരാളോടും നബി(സ്വ) ദേഷ്യപ്പെടാറില്ല, ആരെയും പരിഹസിക്കില്ല. അപരന്റെ കൂടി അഭിമാനം സംരക്ഷിച്ചുകൊണ്ടാണ് അവിടുന്ന് ഇടപെട്ടിരുന്നത്. തന്നോട് മോശമായി പെരുമാറിയവരെയും പരിഹസിച്ചവരെയും തിരിച്ച് ആക്ഷേപിക്കാനോ പരിഹസിക്കാനോ തിരുദൂതർ(സ്വ) തുനിഞ്ഞിരുന്നില്ല. തന്നെ ആക്രമിച്ചവർക്കും തെറി പറഞ്ഞവർക്കും മാപ്പ് കൊടുത്ത ചരിത്രമാണ് തിരുനബി(സ്വ)യുടേത്. പ്രവാചകർ(സ്വ) എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയത്. പത്ത് വർഷക്കാലം നബി(സ്വ)യുടെ കൂടെ ജീവിച്ച് സേവനം ചെയ്ത സ്വഹാബിയാണ് അനസുബ്നു മാലിക്(റ). അവർ പറയുന്നത് കാണാം "പത്ത് വർഷത്തെ എന്റെ സേവനകാലയളവിനിടയിൽ ഒരിക്കൽ പോലും തിരുനബി(സ) എന്നോട് മുഖം കനപ്പിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞാൻ ചെയ്യേണ്ട കാര്യം ചെയ്തിട്ടില്ലെങ്കിൽ പോലും എന്നോട് അതിന്റെ പേരിൽ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല." അത്രമേൽ മഹിതമായ സ്വഭാവമായിരുന്നു നബി(സ്വ)യുടേത്. പ്രവാചകരോട് ആരെങ്കിലും സഹായമായി വല്ലതും ചോദിച്ചാൽ ഇല്ല എന്ന് പറയാറില്ല. തിരുദൂതർ(സ്വ)യുടെ ഒരു ശീലമാണത്. പ്രതീക്ഷയോടെ തൻറെ അടുക്കൽ വരുന്നവരെ നിരാശപ്പെടുത്താതിരിക്കാൻ എന്തെങ്കിലും കൊടുക്കാൻ കഴിയാത്ത സന്ദർഭങ്ങളിലും പിന്നീട് നൽകാമെന്ന് വാഗ്ദത്തം ചെയ്യുകയും അതു കൊടുക്കുകയും ചെയ്യാറായിരുന്നു പതിവ്.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതാണ് അവിടുത്തെ ജീവിതം. നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ വരുത്തേണ്ട ഒന്നല്ല കാരുണ്യം. സ്വാഭാവികമായി ഒഴുകി എത്തുന്ന ഒരു സ്വഭാവമായിരിക്കണം അത്. മാപ്പ് പറയുവാനും സ്വീകരിക്കുവാനും സാധിക്കുന്ന ലോകത്ത് പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഖുർആൻ വലിയ മഹത്വമാണ് കൽപ്പിച്ചിട്ടുള്ളത്. ലോകത്തിന് കാരുണ്യമായിട്ടാണ് അല്ലാഹു മുത്ത് നബി(സ്വ)യെ ജനങ്ങളിലേക്ക് അയച്ചത് എന്ന് പരിശുദ്ധമായ ഖുർആൻ പഠിപ്പിക്കുന്നു. ഔദാര്യത്തിന്റെയും ഉദാരതയുടെയും ജീവകാരുണ്യത്തിൻെറയും പ്രതീകമായിരുന്നു ആദരവായ മുത്ത് നബി(സ്വ). അവടുന്ന് പറഞ്ഞു : " ارحمو من في الأرض يرحمكم من فى السماء" " "നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കും" അഗതികളെയും അനാഥരെയും നിരാലംബരെയും സഹായിക്കുവാനും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് വയറു നിറച്ചു ഭക്ഷണം കൊടുക്കുവാനും ജീവിതം വഴിമുട്ടിയവർക്ക് വഴികാട്ടിയാവാനും അവരോട് കാരുണ്യം കാണിക്കുവാനുമുള്ള ആഹ്വാനങ്ങൾ ഖുർആനിലും ഹദീസിലും പല സ്ഥലങ്ങളിലും നമുക്ക് കാണാനാകും.
'യാതൊരു ശുപാർശയും ക്രയവിക്രയങ്ങളും സ്നേഹ ബന്ധങ്ങളും പ്രയോജനം ചെയ്യാത്ത ഒരു ദിവസം വരുന്നതിന് മുമ്പ് നാം നിങ്ങൾക്ക് നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കൂ' എന്ന് പരിശുദ്ധമായ ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപിക്കുമ്പോൾ പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ വിശ്വാസിക്ക് സാധിക്കണം. നമ്മുടെ സമ്പത്ത് എന്തിന് ചെലവഴിച്ചു എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമ്പോൾ കൃത്യമായ ഉത്തരം പറയാൻ ഇത്തരം സുകൃതങ്ങൾ വിശ്വാസിക്ക് സഹായകരമാണ്.
ഖുർആനിൽ മറ്റൊരു സ്ഥലത്ത് പറയുന്നു "നിങ്ങളാരും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങൾ ചിലവാക്കുന്നിടം വരെ നന്മയെ എത്തിക്കുകയില്ല" ഈ ആയത്ത് ഇറങ്ങിയപ്പോൾ അബൂത്വൽഹ(റ) പരിശുദ്ധ റസൂൽ(സ്വ) തങ്ങളുടെ അടുക്കൽ വന്ന് പറഞ്ഞു: 'നബിയേ.. എന്റെ സമ്പത്തിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അങ്ങ് വന്ന് ഇരിക്കുകയും അങ്ങ് വെള്ളം കുടിക്കുകയും ചെയ്തിരുന്ന ബൈറുഹ എന്ന തോട്ടമാണ്. അത് ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ സ്വദഖ ചെയ്തിരിക്കുന്നു'. തിരുദൂതരും സ്വഹാബത്തും ഉദാരതയിൽ നമുക്കോരോരുത്തർക്കും മാതൃകയാണ്
മനുഷ്യരോട് മാത്രമല്ല കരുണ കാണിക്കേണ്ടത്. മനുഷ്യേതര ജീവികളോടും കാരുണ്യത്തോടെ ഇടപെടണമെന്നാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. നബി(സ്വ)പറയുന്നു : ബനൂ ഇസ്രാഈലിലെ ദുർനടത്തിപ്പുകാരിയായ ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ ഒരു പട്ടിക്ക് അവരുടെ ഖുഫ (ചെരുപ്പ് /ഷൂ ) ഊരി വെള്ളം കുടിപ്പിച്ചതിന്റെ പേരിൽ അല്ലാഹു അവരുടെ പാപം പൊറുത്തുകൊടുക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മറ്റൊരു ചരിത്രത്തിൽ ഒരു പൂച്ചക്കുട്ടിയെ ആഹാരം കൊടുക്കാതെ കെട്ടിയിട്ടതിൻ്റെ പേരിൽ ഒരു സ്ത്രീയെ നരകത്തിൽ പ്രവേശിപ്പിക്കുകയും ആ സ്ത്രീയെ നബി(സ) നരകത്തിൽ കണ്ടു എന്ന് നബി(സ) പറയുകയും ചെയ്യുന്നുണ്ട്.
അല്ലാഹു ഈ ഭൂമിയിൽ മനുഷ്യനു പുറമെ ഇതര ജീവ ജാലങ്ങളെയും സർവ്വ വസ്തുക്കളെയും സൃഷ്ടിച്ചു. മനുഷ്യൻ ആ വസ്തുക്കളോടും, ജീവികളോടും കാരുണ്യം കാണിക്കണം. തൻ്റെ കുഞ്ഞുങ്ങൾക്കുള്ള പാൽ അകിടിൽ കെട്ടിക്കിടക്കുന്നുവെന്ന് പരാതി പറഞ്ഞ ആടിനെ യജമാനനോട് തുറന്നു വിടാൻ കൽപ്പിച്ച മുത്ത് നബി(സ്വ)യാകണം ഓരോ വിശ്വാസിയുടെയും മാതൃകാ വ്യക്തിത്യം.
31 August, 2025 08:07 am
Mohammed Haneefa
നല്ല കാമ്പുള്ള എഴുത്ത് ഇനിയും എടുതാൻ പടച്ചോൻ തുണക്കട്ടെ30 August, 2025 08:12 pm
Najiya nizam
നബി തങ്ങളുടെ കളിക്കൂട്ടുകാരി എന്നറിയപ്പെടുന്ന സ്ത്രീ ആരാണ്