തിരുനബി ﷺ തന്റെ ജീവിതത്തിലൂടെ തന്നെ മികച്ച അധ്യാപകന്റെ ഉത്തമ മാതൃകയായി നിലകൊണ്ടു.ശിഷ്യരുടെ സ്വഭാവത്തിന് അനുസരിച്ച് മറുപടി നൽകുകയും കഥകളും ഉപമകളും ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. ക്ഷമയോടെയും സൗമ്യതയോടെയും  തെറ്റുകൾ തിരുത്തിയ തങ്ങളുടെ ജീവിതം തന്നെ ശിഷ്യർക്കുള്ള ഏറ്റവും വലിയ പാഠപുസ്തകമായിരുന്നു.

വായിക്കാം:

ഒരു വിദ്യാർത്ഥിയെ പരിപോഷിപ്പിക്കുന്നതും  തിന്മകളിൽ നിന്ന് കര കയറ്റുന്നതും പലപ്പോഴും മികച്ച അധ്യാപകനാണ്. ഒരു ഉത്തമ സമൂഹത്തിന്റെ നിർമ്മിതിക്ക് ധാർമിക ബോധമുള്ള വിദ്യാർഥികൾ അനിവാര്യമാണ് എന്നതുകൊണ്ട് തന്നെ, ഒരു സമൂഹത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ പടുത്തുയർത്തുന്നതിൽ ഓരോ അധ്യാപകനും നിസ്തുലമായ പങ്കുണ്ട്. 

സംസ്കാര ബോധമില്ലാത്ത സമൂഹങ്ങളെ മികച്ച മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നമാക്കുകയും, ലോകത്തിനു തന്നെ മാതൃകാ സമൂഹമാക്കി അവരെ മാറ്റുകയും ചെയ്യുന്നതിൽ അധ്യാപകന് വലിയ പങ്കുണ്ട്. ആ കർത്തവ്യമാണ് ഗുരു ശ്രേഷ്ഠർ തിരു നബിയി(സ)യിലൂടെ നമുക്ക് നിഴലിച്ചു കാണാൻ കഴിയുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായിക്കണ്ട, അശ്ലീലങ്ങളാൽ വീർപ്പു മുട്ടി, ഉച്ച നീചത്വങ്ങൾ നടമാടിയിരുന്ന സമൂഹത്തിലുള്ളവരെ മികച്ച അധ്യാപന വൃത്തിയിലൂടെ കൂടുതൽ സദ്‌വൃത്തരാക്കി തീർക്കുകയായിരുന്നു തിരു നബി(സ). അതിന്റെ പ്രതിഫലനമായാണ് ആ വിധമുള്ള സമൂഹത്തിൽ നിന്നും നക്ഷത്ര തുല്യരായ മഹത്തുക്കൾ പിറവിയെടുക്കുന്നത്. 

ഏറ്റവും മികച്ച ഒരു അധ്യാപകനുണ്ടായിരിക്കേണ്ട എല്ലാ പ്രായോഗിക ഗുണങ്ങളും സമ്മേളിച്ച ഗുരുവായിരുന്നു നബി(സ)തങ്ങൾ. തന്റെ ഓരോ അനുചരരെയും കൃത്യമായി മനസ്സിലാക്കുകയും അവർക്കാവശ്യമായ നല്ല വശങ്ങളെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്ന അധ്യാപന രീതി ശ്രദ്ധേയമാണ്.
എന്തും എപ്പോഴും ചോദിക്കാൻ പറ്റിയ പ്രകൃതമായിരുന്നല്ലോ തങ്ങളുടേത്. 
ഒരിക്കൽ തങ്ങളുടെ അടുക്കൽ ഒരു സ്വഹാബി വന്നു ചോദിച്ചു:
“ ഏതാണ് നബിയേ ഏറ്റവും ഉത്തമമായ നന്മ? “ 
“നിസ്കാരം അതിന്റെ അതിന്റെ പ്രാഥമിക സമയത്ത് നിർവഹിക്കലാണ് ഉത്തമമായ നന്മ”  എന്ന് തിരുനബി(സ) മറുപടി പറഞ്ഞു 

മറ്റൊരു സാഹചര്യത്തിൽ ഒരു സ്വഹാബി വര്യൻ തങ്ങളോട് ചോദിച്ചു:
“നബിയെ, ഏറ്റവും ഉത്തമമായ നന്മ ഏതാണ്? “ തങ്ങൾ പറഞ്ഞു:” മാതാപിതാക്കളെ പരിചരിക്കലാണ് “ 
ഇതേ ചോദ്യത്തിന് തന്നെ മറ്റൊരു സാഹചര്യത്തിൽ നബി(സ) തങ്ങൾ പറഞ്ഞത് “നിങ്ങൾ ഭക്ഷണം കൊടുക്കുകയും അറിയാത്തവർക്ക് സലാം പറയുകയും ചെയ്യലാണ് ഏറ്റവും നല്ല കർമ്മം” എന്നതാണ്. 

ഇവിടെയെല്ലാം ചോദ്യ കർത്താക്കളുടെ, പ്രത്യേകിച്ച് അനുചരരുടെ സ്വഭാവഗുണങ്ങളെ  ഗുരുവര്യർ നബി(സ) തൊട്ടറിഞ്ഞിരുന്നു എന്നതാണ് വ്യത്യസ്തമായ മറുപടികൾക്ക് കാരണം. 

ശിഷ്യഗണങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മുഷിപ്പൊട്ടും കൂടാതെ ഉത്തരങ്ങൾ പറയുമെന്നതാണ് നബി തങ്ങളുടെ പ്രത്യേകതയും, അനുചരരെ വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ചതും. എത്രവട്ടം ചോദിച്ചാലും ഏതറ്റം  വരെ ചോദിച്ചാലും കൃത്യമായ മറുപടി നബി തങ്ങളുടെ പക്കലുണ്ടെങ്കിൽ അത് മടി കൂടാതെ അനുചരർക്ക് പകർന്നു കൊടുക്കുമായിരുന്നു. 

ഒരുവേള നബി(സ) തങ്ങൾ പറഞ്ഞു: “ എല്ലാ മുസ്‌ലിമും സ്വദഖ നൽകണം”. 
ഇത് കേട്ട സ്വഹാബാക്കൾ ചോദിച്ചു: ‘അതിനു കഴിയില്ലെങ്കിലോ?’
“അവൻ തന്റെ കൈകൾ കൊണ്ട് ജോലിയെടുക്കട്ടെ,  തുടർന്ന് അവൻ തന്റെ ശരീരത്തിന് വേണ്ടി അത് പ്രയോജനപ്പെടുത്തട്ടെ…” 
വീണ്ടും ചോദ്യം :”അതിനും കഴിയില്ലെങ്കിൽ “ 
“ആവശ്യക്കാരനെ സഹായിക്കട്ടെ…”
തിരുനബിയുടെ മറുപടി.
അപ്പോഴും ചോദ്യം അവസാനിക്കുന്നില്ല. 
പിന്നെയും വന്നു ചോദ്യം "അതിനും കഴിഞ്ഞില്ലെങ്കിലോ തങ്ങളേ"
‘ആളുകളോട് നല്ലത് കൽപ്പിക്കട്ടെ’
ചോദ്യം അവസാനിച്ചില്ല: “അതിനും സാധ്യമല്ലെങ്കിൽ? “
“തിന്മകളിൽ നിന്നും മാറി നിൽക്കട്ടെ അതും ഒരു ധർമ്മമാണ്..”
നോക്കൂ… സ്വഹാബാക്കളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് യാതൊരു വിരസതയും കൂടാതെ കൃത്യമായ ഉത്തരം നൽകുകയാണ് നബിതങ്ങൾ. ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിക്കും വിധത്തിലുള്ള ചോദ്യങ്ങൾ സദസ്സിനോട് ചോദിക്കുകയും ഉത്തരം ആരായുകയും ചെയ്യുമായിരുന്നു ഗുരു ശ്രേഷ്ഠർ. 

യഥാർത്ഥ പാപ്പരനെ പരിചയപ്പെടുത്താൻ അനുചരരോട് ആദ്യം 'ആരാണ് പാപ്പരൻ’ എന്ന് ചോദിക്കുന്നുണ്ട്. അതിനു ശേഷമാണ് യഥാർത്ഥത്തിലുള്ള പാപ്പരനെ നബി(സ)തങ്ങൾ പരിചയപ്പെടുത്തുന്നത്. ശിഷ്യർക്ക് കൃത്യമായി ഗ്രഹിച്ചെടുക്കാനായിരുന്നു ഇത്തരം തന്ത്രങ്ങൾ നബി തങ്ങൾ ഉപയോഗിച്ചിരുന്നത്. 

ഒന്നുമറിയാത്ത ഒരു സമൂഹത്തിനു മുന്നിൽ എല്ലാം തികഞ്ഞ അധ്യാപകനായ തിരുദൂതർ തന്നിൽ ഏൽപ്പിക്കപ്പെട്ട സമൂഹത്തെ സാംസ്കാരികപരമായും ധാർമിക പരമായും വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. 

തെറ്റുകളെ ഏതു രീതിയിൽ തിരുത്തണമെന്നും ഉപദേശിക്കണമെന്നും തിരു നബി(സ)യുടെ ജീവിതത്തിൽ കാണാം. തെറ്റു ചെയ്ത വിദ്യാർത്ഥിയെ ഇതര വിദ്യാർത്ഥികളുടെയിടയിൽ വെച്ചു പരിഹസിക്കുകയും അപമാനിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന അധ്യാപർക്ക് തിരുനബിയിലെ 'ഗുരു' മാതൃകയാണ് മാതൃകയാണ്. 

ഒരു ദിവസം തങ്ങളും അനുചരരും കൂടിയിരിക്കുന്ന പള്ളിയിൽ വന്നു ഒരു അഅ്റാബി മൂത്രമൊഴിച്ചു. ഇത് കണ്ട അനുചരർക്കത് തീരെ പിടിച്ചില്ല. അവർ അഅ്റാബിയെ ആക്രോഷിക്കാൻ തുനിഞ്ഞു.  പക്ഷേ നബി തങ്ങൾ അവരെ തടയുകയും മൂത്രമൊഴിച്ചു തീരുന്നതു വരെ മൗനം പാലിക്കുകയും ചെയ്തു. ശേഷം, അദ്ദേഹത്തെ വിളിച്ച് സൗമ്യമായി ഉപദേശിച്ചു വിടുകയും ചെയ്തു.  മൂത്രമൊഴിക്കുന്നതിനിടയിൽ ബഹളം വെക്കുകയായിരുന്നുവെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണമാകുമായിരുന്നു. എന്നാൽ ഈ പ്രശ്നത്തെ നബി(സ)തങ്ങൾ തന്ത്രപരമായി കൈകാര്യം ചെയ്തു. 

ചരിത്രങ്ങളിലൂടെ അനുചരരെ പഠിപ്പിച്ചിരുന്നു തിരുദൂതർ. സ്വാഹാബികൾക്ക് അള്ളാഹു കാണിച്ചുതന്ന നേരായ വഴിയും പിശാചിൻറെ വ്യത്യസ്തമായ കെണി വലകളെയും പരിചയപ്പെടുത്തുന്ന വേള. തങ്ങൾ ഒരു നേർ രേഖ വരച്ചു. തുടർന്നവിടുന്ന്  പറഞ്ഞു: “ഇത് അല്ലാഹുവിന്റെ വഴിയാകുന്നു.”
പിന്നീട് അതിന്റെ വലതും ഇടതുമായി വരച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ”ഇത് പിഴച്ച വഴികളാണ്. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന പിശാചുക്കളുണ്ടായിരിക്കും.”
എത്രത്തോളം ഗ്രാഹ്യമാകും വിധമാണ് തിരുനബി(സ) കാര്യങ്ങൾ അവതരിപ്പിച്ചതെന്നു നോക്കൂ… 

വസ്തുതകളെ ഗ്രാഹ്യമാക്കിയും കൃത്യത്യയോടു കൂടിയും മനസ്സിലാക്കാൻ കഥകൾ പലപ്പോഴും നല്ലൊരു ആയുധമാണ്. കഥകളിലൂടെ കൈമാറുന്ന സന്ദേശത്തിനു അത്തരമൊരു മാസ്മരികതയുണ്ടെന്നു തിരു നബിയുടെ അധ്യാപനത്തിലൂടെ വ്യക്തമാകുന്ന വസ്തുതയാണ്. ഹദീസുകളുടെ ലോകത്തേക്ക് പ്രവേശിച്ചാൽ ഒരു വലിയ കഥയുടെ രാജകുമാരനായ തങ്ങളെയും ഉത്തമ ശ്രോതാക്കളായ അനുചരരെയും കാണാൻ കഴിയും. 

ഒരു വിശ്വാസിയുടെ സദ് പ്രവർത്തനങ്ങൾ എത്രത്തോളം നാഥന്റെ അടുക്കൽ സ്വീകര്യമാണെന്ന ചോദ്യത്തിന് തങ്ങളുടെ കഥ ഉത്തരം പറയും. ഗുഹയിലടഞ്ഞു പോയ മൂന്നു മനുഷ്യർ, തങ്ങളുടെ സദ് പ്രവർത്തികളെ മുൻ നിർത്തി പ്രാർത്ഥിച്ചതും, ഗുഹയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നവരുടെ കഥ വളരെ മനോഹരമായി ശിഷ്യർക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ട് തിരുനബി(സ). 

ഇതര മനുഷ്യരെ പരിഗണിക്കേണ്ട വിധത്തെ കുറിച്ച് തങ്ങൾ ഒരുകഥ പറയുന്നുണ്ട്. ദാഹിച്ചവശനായ നായയ്ക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കിയ ഒരു സൽസ്വഭാവിയുടെ കഥ. 
കഥക്ക് ശേഷം ശിഷ്യരിലൊരാൾ ചോദിക്കുന്നു: 'അത് പുണ്യമുള്ള കാര്യമാണോ നബിയേ'?  അതെ, പുണ്യമുള്ള കാര്യം തന്നെയാണ്

ഈ വിധം അധ്യാപനം ലഭിച്ച ശിഷ്യ ഗണങ്ങൾ ധാർമിക പ്രവർത്തനങ്ങളിൽ നക്ഷത്ര തുല്യ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.
ഉപമകളിലൂടെ കാര്യങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്ന അധ്യാപന രീതി ഗുരു നബിയിൽ മുഴച്ചു നിൽക്കുന്നതായി കാണാൻ കഴിയും.
പരദൂഷണം പറയുന്നതിനെ വിലക്കാൻ പരദൂഷണക്കാരനെ കഴുതയുടെ ജഡത്തോടുപമിക്കുന്ന സംഭവം ചരിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയും. ഇതിലും ഉപരി എങ്ങനെയാണ് ഒരു അധ്യാപകൻ ശിഷ്യഗണങ്ങൾക്ക് പാഠങ്ങൾ പകർന്നു കൊടുക്കുന്നത്? 

ആംഗ്യ ഭാഷകളിലൂടെയും സ്വഹാബത്തിനെ തിരുനബി അധ്യാപനം ചെയ്തിരുന്നു. 'ഞാനും അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വരും ഈ വിധം അടുത്തതാണ്' എന്ന് പറഞ്ഞ് തന്റെ രണ്ടു വിരലുകൾ തമ്മിൽ അടുപ്പിച്ചു വെച്ചാണ് അനാഥ സംരക്ഷണത്തിൻ്റെ പ്രാധാന്യം തിരുനബി(സ) സ്വഹാബത്തിന് വിവരിച്ചു കൊടുത്തത്. 

എങ്കിൽപോലും ഊഹാപോഹങ്ങൾ ഒരിക്കലും നബിതങ്ങൾ ആരോടും പങ്കുവെച്ചിരുന്നില്ല. സ്വഹാബത്ത് സംശയങ്ങൾ ചോദിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ മറുപടിയില്ലെങ്കിൽ മൗനം പാലിക്കുകയോ അറിയില്ല എന്ന് പറയുകയോ ചെയ്യുകയും പിന്നീട് അതിനു നാഥന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ  നിർദ്ദേശം ലഭിച്ചത് ശേഷം മറുപടി  പറയുകയും ചെയ്യുന്ന ഉത്തമ മാതൃകകൾ നബിതങ്ങളുടെ ജീവിതത്തിൽ  കാണാൻ കഴിയും. എങ്കിൽപോലും തങ്ങളുടെ മഹത്വത്തിന് ഒട്ടും കുറവായിരുന്നില്ല.  പണ്ഡിതന്റെ പരിച “എനിക്കറിയില്ല“ എന്നതാണെന്ന്മുഖ്തസറുൽ ഫവാഇദുൽ മക്കിയ്യ് എന്ന ഗ്രന്തത്തിൽ കാണാം. ആ പരിച കൃത്യമായി ഉപയോഗിച്ചവരായിരുന്നു നബി തങ്ങൾ എന്നുപറയാം.

“പാഠപുസ്തകത്തിൽ അച്ചടിച്ചത് മാത്രം പഠിപ്പിക്കുന്നവർ അടിമകളാണ്” എന്നൊരിക്കൽ ഗാന്ധിജി പറയുന്നുണ്ട്. തങ്ങളുടെ ശൈലി ഒരിക്കലും അതായിരുന്നില്ല. സമൂഹത്തിൽ ഇടപെടുമ്പോൾ ഉണ്ടാവേണ്ട മര്യാദകൾ, മതത്തിൽ പാലിക്കേണ്ടവ തുടങ്ങി എല്ലാ തരത്തിലുമുള്ള അറിവുകളും ശിഷ്യഗണങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിൽ തിരുദൂതർ ജാഗ്രത കാണിച്ചിരുന്നു. 

എല്ലാത്തിലുമുപരി തങ്ങളുടെ ജീവിതം തന്നെ ഒരു അധ്യാപനമായിരുന്നു എന്ന് വേണം പറയാൻ. പറയുന്നതും ഉപദേശിക്കുന്നതും നിർദ്ദേശിക്കുന്നതുമെല്ലാം തങ്ങളുടെ ജീവിതത്തിൽ അതുപോലെ നിഴലിച്ചു കാണുമായിരുന്നു. 

Questions / Comments:



No comments yet.