തിരുദൂതർ സ്നേഹിച്ചിരുന്ന, കരുതലോടെ സമയം ചെലവഴിച്ചിരുന്ന ഒരു മാസമെന്ന പ്രത്യേകത കൂടി ശഅ്ബാനുണ്ട്. തന്റെ മാസം എന്ന് പറയുന്നതിലുപരി, ആ മാസത്തെ തന്റേതായി കാണിക്കുന്നതിൽ തിരുനബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. റമളാൻ കഴിഞ്ഞാൽ തിരുനബി ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം.

വായിക്കാം:

ഇസ്‌ലാമിൽ നിരവധി പവിത്രതകളുള്ള മാസമാണ് ശഅ്ബാൻ. പ്രധാനമായും ശഅ്ബാൻ മാസത്തിൻ്റെ പവിത്രത വർധിക്കാൻ കാരണം അത് റമളാനിനും റജബിനും ഇടയിലുള്ള മാസമായി എന്നതുകൊണ്ടാണ്. ശഅ്ബാൻ എന്നതിന് പല അർത്ഥങ്ങളുണ്ട്. ഒരർത്ഥം 'വേർപിരിക്കുന്നത്' എന്നാണ്. ധാരാളം പവിത്രതകളുള്ള മാസമായ റജബിനെയും റമളാനിനെയും വേർതിരിക്കുന്ന മാസമായതുകൊണ്ടാണ് ഈ പേര് വന്നത്. 

ഫർള് നിസ്കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം 'സ്വലാത്തുൽ വുസ്ത്വ'യാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. (ബഖറ:238) ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്ർ നിസ്കാരമാണെന്നാണ് കർമശാസ്ത്ര പണ്ഡിതർക്കിടയിലെ പ്രബലാഭിപ്രായം. ജനങ്ങൾ ഏറ്റവും കൂടുതൽ തിരക്കുകളിൽ ഏർപ്പെടുകയും അശ്രദ്ധരാവുകയും ചെയ്യുന്ന ആരാധനയായത് കൊണ്ടാണ് അസ്ർ നിസ്കാരത്തിന് ഇത്ര പുണ്യം ലഭിക്കാൻ കാരണമെന്ന് പണ്ഡിതന്മാർ പറയുന്നു. ഇതു തന്നെയാണ് ശഅ്ബാനിൻ്റെ പവിത്രത വർധിക്കാനുള്ള ഹേതുവും. മുത്ത് നബി(സ) കൂടുതൽ ആരാധനകളിൽ ഏർപ്പെടാനുള്ള ഒരു കാരണവും അതുതന്നെ. പ്രത്യേകിച്ചും റമളാന് വേണ്ടി വിശ്വാസികൾ തകൃതിയായ ഒരുക്കങ്ങൾ നടത്തേണ്ട മാസമാണ് ശഅ്ബാൻ. അതേസമയം കൂടുതൽ അലസരായി പോകാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെ തിരുനബി(സ) ഈ മാസത്തെ പരിഗണിച്ചു ഉമ്മത്തിന് മാതൃക കാട്ടുകയായിരുന്നു. 

ബറാഅത്ത് രാവ് 

ഏറെ പ്രത്യേകതകളുള്ള മാസമായ ശഅ്ബാനിലെ ഏറ്റവും പ്രത്യേകതയേറിയ രാത്രിയാണ് ശഅ്ബാൻ 15ലെ ''ലൈലത്തുൽ ബറാഅ'' എന്നറിയപ്പെടുന്ന ബറാഅത്ത് രാവ്. ധാരാളം പേരുടെ പാപങ്ങൾ പൊറുക്കപ്പെടുന്ന രാത്രിയായതുകൊണ്ടാണ് ഇതിന് മോചനം എന്നർത്ഥമുള്ള 'ബറാഅത്ത്' എന്ന പേര് വന്നത്. ലോക മുസ്‌ലിംകൾ കൂടുതൽ ആരാധനാകർമങ്ങൾ നിർവഹിച്ചും ലോകരക്ഷിതാവിനെ സ്മരിച്ചും പ്രത്യേക ദിക്റുകൾ ചൊല്ലിയും ഖുർആനിലെ സൂറത്തുകൾ പാരായണം ചെയ്തും ആരാധനകളിൽ മുഴുകുന്ന രാവ് കൂടിയാണിത്. സൂറത്തു ദുഖാനിൽ പരാമർശിക്കപ്പെട്ട 'ലൈലത്തുൽ മുബാറക' ബറാത്ത് രാവാണെന്ന് ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനോളം പവിത്രതയുള്ള രാവു കൂടിയാണിത്. ഈ രാവ് ആരാധനകളാൽ സജീവമാക്കുന്നവരുടെ ഒരു വർഷത്തെ തെറ്റുകൾ പൊറുക്കപ്പെടുമെന്ന് മഹാരഥന്മാർ പറയുന്നത് കാണാം. 

വിശ്വാസികൾ ബറാഅത്ത് രാവിൽ കാലങ്ങൾക്കു മുമ്പേ ചെയ്തു പോരുന്ന ഒരു രീതിയാണ് മൂന്നുതവണ സൂറത്ത് യാസീൻ പാരായണം ചെയ്യുക എന്നത്. കേവലം ഒരു ആചാര രീതി എന്നതിലുപരി, മുൻകാല പണ്ഡിതന്മാരുടെ അംഗീകാരത്തിൻ്റെ പിൻബലം ഉണ്ട് ഇതിന്. ഇമാം ദിംയാത്വി(റ) പറയുന്നു: "ബറാഅത്ത് രാവിൽ ചെയ്തിരിക്കേണ്ട പ്രധാന കർമമാണ് മൂന്നു തവണ സൂറത്തു യാസീൻ പാരായണം ചെയ്യുക എന്നത്. അതിൽ ഒന്നാമത്തേത് ദീർഘായുസ്സിന് വേണ്ടിയുള്ളതും
രണ്ടാമത്തേത് പ്രയാസങ്ങളെ തൊട്ട് കാവൽ ലഭിക്കാനും
മൂന്നാമത്തേത് മറ്റുള്ളവരെ ആശ്രയിക്കാതെ ഐശ്വര്യത്തോടുകൂടി ജീവിക്കാനും അന്ത്യം നന്നാവാനുമാണ്. ഈ ഉദ്ദേശങ്ങളോടു കൂടിയായിരിക്കണം ഒരോ തവണയും ഓതേണ്ടത്. (നിഹായത്തുൽ അമൽ 280, കൻസുന്നജാഹി വസ്സുറൂർ158) 

ഇമാം ശാഫിഈ(റ) പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന രാവുകളുടെ കൂട്ടത്തിൽ പ്രധാനമായി എണ്ണിയ രാത്രി കൂടിയാണ് ലൈലത്തുൽ ബറാഅ. 
ഇമാം മുനവി(റഹി) പറയുന്നു: "ശഅ്ബാൻ 15-ാം രാവിൽ മുൻഗാമികൾ പ്രത്യേകം സൽകർമങ്ങൾ നിർവഹിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു". (454/3 ഫൈളുൽ ഖദീർ)

ധാരാളം കിതാബുകളിൽ ശഅ്ബാൻ പതിനഞ്ചാം രാവിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മഹത്വത്തെ കുറിച്ചും അന്ന് നിർവഹിക്കേണ്ട ആരാധനകളെ കുറിച്ചും പറയുന്നുണ്ടെങ്കിലും, ഇതിനെ കണ്ണടച്ച് നിഷേധിക്കുന്ന ന്യൂനപക്ഷവും മുസ്‌ലിംകൾക്കിടയിലുണ്ട്. അത്തരം വാദഗതികൾ തീർത്തും തള്ളപ്പെടേണ്ടതാണ് എന്നാണ് മേൽപ്പറഞ്ഞ തെളിവുകൾ വ്യക്തമാക്കുന്നത്. 

ഒരു വർഷത്തെ കണക്കുപുസ്തകം

സൂറത്ത് ദുഖാനിലെ 'ഫീ ലൈലത്തിൻ മുബാറക' എന്ന ഭാഗം വിശദീകരിക്കുന്നിടത്ത് ഇക്‌രിമ(റ) പറഞ്ഞതായി ഇമാം ത്വബ്‌രി(റ) ഉദ്ധരിക്കുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിൽ ആ വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരിൽ നിന്ന് മരിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. ഹജ്ജ് ചെയ്യുന്നവരുടെ നാമങ്ങൾ എഴുതപ്പെടും. അതിൽ നിന്ന് ഒന്നും കൂട്ടാനോ കുറയ്ക്കാനോ ഉണ്ടാവുകയില്ല. (തഫ്സീറുൽ ഖുർതുബി) 

ഖുർതുബി തന്നെ തൻ്റെ തഫ്സീറിൽ പറയുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹു കാര്യങ്ങൾ തീരുമാനിക്കുന്നത് ശഅ്ബാൻ പകുതിയിലെ രാവിലാണ്. അത് നടപ്പിലാക്കുന്ന മലക്കുകൾക്ക് കൈമാറുന്നത് ലൈലത്തുൽ ഖദ്റിലുമാണ്" 
ഒരു വർഷത്തേക്കുള്ള മുഴുവൻ കാര്യങ്ങളും സർവം നിയന്ത്രിക്കുന്ന അല്ലാഹു തആല തീരുമാനിക്കുന്നത് ബറാത്ത് രാവിലാണ്. അതുകൊണ്ട് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബറാഅത്ത് രാവ് അതിപ്രധാനമാണ്. 

സുഗന്ധങ്ങൾക്കിടയിലെ മാസം


പ്രധാനമായും തിരുനബി(സ)യുടെ മാസമായി അറിയപ്പെടുന്ന മാസമാണ് ശഅ്ബാൻ. മുത്ത് നബി(സ) അങ്ങനെ പരിചയപ്പെടുത്തുന്നുമുണ്ട്. തിരുനബി(സ)യുടെ മേൽ സ്വലാത്ത് ചെല്ലാൻ സത്യവിശ്വാസികളോട് 'സൂറത്തുൽ അഹ്സാബിൽ' (56) അല്ലാഹു തആല കൽപ്പിക്കുന്നുണ്ട്. സൂറത്ത് അഹ്സാബ് ഇറങ്ങിയ മാസം ശഅ്ബാൻ ആണെന്നത് ആ മാസത്തിൽ സ്വലാത്ത് ചൊല്ലുന്നതിനുള്ള പവിത്രത വർദ്ധിപ്പിക്കുന്നുണ്ട്. 

ഇബ്നു അബീസൈഫ് അൽയമാനി എന്നിവർ പറയുന്നു:
"ശഅബാൻ മാസത്തെ തിരുനബി(സ) അവിടുത്തേക്ക് ചേർത്തി പറഞ്ഞത് വിശ്വാസികൾ അവിടുത്തെ മേൽ സ്വലാത്തുകൾ അധികരിപ്പിക്കാൻ വേണ്ടിയാണ്. 
റൂഹുൽ ബയാനില്‍ പറയുന്നു: "ശഅ്ബാൻ തിരുനബി(സ)യുടെ മാസമാണ്. അതുകൊണ്ട് അതിലെ പുണ്യ ദിനങ്ങൾ നിങ്ങൾ നോമ്പനുഷ്ഠിച്ച് പ്രതിഫലം കാംക്ഷിക്കുക, അവിടുത്തെ മാസത്തിൽ സ്വലാത്തുകൾ അധികരിപ്പിച്ച് ഖിയാമത്ത് നാളിൽ തിരുനബിയുടെ ശുപാർശ പ്രതീക്ഷിക്കുക" 

മാത്രമല്ല തിരുദൂതർ സ്നേഹിച്ചിരുന്ന, കരുതലോടെ സമയം ചെലവഴിച്ചിരുന്ന ഒരു മാസമെന്ന പ്രത്യേകത കൂടി ശഅ്ബാനുണ്ട്. തന്റെ മാസം എന്ന് പറയുകയും അതിലുപരി, ആ മാസത്തെ തന്റേതായി കാണിക്കുന്നതിൽ തിരുനബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. റമളാൻ കഴിഞ്ഞാൽ നബി തങ്ങൾ ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം. 

ഉസാമത്തുബ്നു സൈദ്(റ) പറയുന്നു: ഞാൻ നബി(സ)യോട് ചോദിച്ചു "തിരുദൂതരേ, ശഅബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അങ്ങ് നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ"? 
അപ്പോൾ തിരുനബിയുടെ മറുപടി "റജബിനും റമളാനിനുമിടയിൽ ജനങ്ങൾ അലസരായി പോകുന്ന മാസമാണ് ശഅ്ബാൻ, ജനങ്ങളുടെ സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസം കൂടിയാണിത്. നോമ്പുകാരനായിരിക്കെ എൻ്റെ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ഞാനേറെ ഇഷ്ടപ്പെടുന്നു" (സുനനുന്നസാഈ) 

റജബ്, ശഅ്ബാൻ, റമളാൻ മാസങ്ങൾ തമ്മിൽ ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നത് പകൽപോലെ വ്യക്തമാണ്. റജബ് മാസം തുടങ്ങിയാൽ 'റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറക്കത്ത് നൽകണേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കണേ' എന്ന് തിരു നബി(സ) പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇന്നും വിശ്വാസി ലോകം റജബിലും ശഅ്ബാനിലും ഉടനീളം ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ട്. 

അബൂബക്‌രിനിൽ വർറാഖിൽ ബൽഖി(റ) പറയുന്നു:"റജബ് കൃഷിയിറക്കാനും ശഅ്ബാൻ അത് നനച്ചു വളർത്താനും റമളാൻ ആ കൃഷിയുടെ വിളവ് കൊയ്യാനുള്ള മാസവുമാണ്" 
അവർ വീണ്ടും പറയുന്നു "റജബ് മാസത്തിന്റെ ഉപമ കാറ്റുപോലെയും ശഅ്ബാൻ മേഘത്തെപ്പോലെയും റമളാൻ മഴ പോലെയുമാണ്" ഇവിടെയൊക്കെ മഹാനവർകൾ പറഞ്ഞുവെക്കുന്നത് റജബും ശഅ്ബാനും, റമളാൻ എന്ന, സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു തആല നീക്കിവെച്ച പവിത്രമായ മാസത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ മാസങ്ങളാണ്. 

റമളാനിനു മുന്നൊരുക്കം വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഓഫറുകളുടെ കാലമാണല്ലോ റമളാൻ. ആ ഓഫറുകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ പാകത്തിൽ വിശ്വാസികൾ അവരുടെ ശരീരത്തെയും മനസ്സിനെയും കർമങ്ങൾ കൊണ്ട് നേരത്തേ തന്നെ തയ്യാറാക്കി നിർത്തണം. അതിന് ലോക രക്ഷിതാവ് കനിഞ്ഞു നൽകിയ മാസമാണ് റജബും ശഅ്ബാനും.  

ഏറ്റവും സക്രിയമായി ഉപയോഗപ്പെടുത്തുന്നവർക്ക് പ്രയാസങ്ങൾ ഇല്ലാതെ ഇഹപര വിജയം നേടാൻ ബറാഅത്ത് രാവ് നിർണായകമാണ്. ഇത്തരം നല്ല നേരങ്ങളെ തിരഞ്ഞെടുത്ത് കൂടുതൽ ആരാധനകളിൽ മുഴുകുന്നവനാണ് ബുദ്ധിമാനായ വിശ്വാസി. ഭൗതിക വാഗ്ദാനങ്ങളിൽ അത്യാഗ്രഹം കാണിക്കുമ്പോൾ, പടച്ചവൻ നൽകുന്ന ഓഫറുകൾ അവഗണിക്കുന്നത് എത്രമാത്രം അബദ്ധമാണ്. ആത്യന്തികമായി പരലോകമാണ് ഓരോരുത്തരുടെയും ലക്ഷ്യം. ആ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ഭൗതിക നേട്ടങ്ങളെ അവഗണിച്ചുകൊണ്ടോ അല്ലെങ്കിൽ അത്തരം നേട്ടങ്ങളും പരലോകത്തിനു വേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ടോ വിജയത്തിലേക്ക് നടക്കാൻ സത്യവിശ്വാസികൾക്കാകണം.

Tags

.

Questions / Comments:



No comments yet.