"ഗസ്സയിലെ കുരുന്നുകളുടെ ശസ്ത്രക്രിയകളോരോന്നും മണിക്കൂറുകളോളം അനസ്തേഷ്യ ഇല്ലാതെയാണ് നടക്കുന്നത്. പിഞ്ചുമനസ്സുകൾക്ക് ചിന്തിക്കാനും സഹിക്കാനും സാധിക്കുന്നതിനപ്പുറമായിരുന്നു ഈ ഓപ്പറേഷനുകളോരോന്നും." `ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻറർനാഷണൽ (DCIP) ഫീൽഡ് റിസർച്ചറുടെ` അനുഭവസാക്ഷ്യങ്ങൾ.

വംശഹത്യയുടെ ഒമ്പത് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഗസ്സ. ആവശ്യമായ വൈദ്യസഹായം പോലും ലഭ്യമാവാതെ, അവയവങ്ങൾ അറുത്തുമാറ്റപ്പെട്ട ആയിരക്കണക്കിന് കുരുന്നുകളാണ് ഫലസ്തീൻ ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നത്. ബ്രിട്ടീഷ് ഫലസ്തീനിയൻ പ്ലാസ്റ്റിക് സർജനായ ഡോ. ഗസൽ അബൂ സിത്ത പങ്കുവെക്കുന്ന കണക്കുകൾ പ്രകാരം ഏകദേശം 5000 ത്തോളം അംഗഭംഗം സംഭവിച്ച കുരുന്നുകളുണ്ട് ഗസ്സയിൽ. കഴിഞ്ഞ വർഷം അവസാനത്തിലെ കണക്കാണിത്. യൂണിസെഫിന്റെ കണക്കുപ്രകാരം ഫലസ്തീനിലെ ആയിരം കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ പേരുടെ കാലുകൾ നഷ്ടപ്പെടുന്നുവെന്നായിരുന്നു റിപ്പോർട്ട്. ശേഷം ഏഴു മാസങ്ങൾ പിന്നിട്ടു. എന്നാൽ ഇസ്രയേൽ വംശഹത്യ അവസാനിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല.

ലോക ചരിത്രത്തിൽ ഇന്നോളം വരെയുള്ളതിൽ വെച്ചേറ്റവും ഭീമമാണ് കൈകാലുകൾ ഛേദിക്കപ്പെട്ട ഫലസ്തീനിയൻ കുഞ്ഞുങ്ങളുടെ കണക്കെന്ന് കഴിഞ്ഞ മാർച്ചിൽ അബൂ സിത്ത പറഞ്ഞിരുന്നു. ഇസ്രയേൽ സൈന്യം കര, കടൽ, വായു മാർഗ്ഗേനയുള്ള ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ അധികൃതർ ഗസ്സയിലേക്കുള്ള സഹായങ്ങളെയും അവശ്യവസ്തുക്കളെയും നിഷ്കരുണം തടയുകയും ചെയ്യുന്നു. ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായ മെഡിക്കൽ പരിചരണം ആവശ്യപ്പെടാൻ പോലും അവിടെ നല്ലൊരു ആരോഗ്യപരിപാലന സംവിധാനമില്ല.

2023 നവംബറിൽ നാലു വയസ്സുകാരിയായ ഗസൽ എന്ന പെൺകുട്ടിയും അവളുടെ കുടുംബവും സൗത്ത് ഗസ്സയിലേക്ക് പാലായനം ചെയ്യവേയാണ് ഒരു ഇസ്രയേൽ ടാങ്ക് അവരെ ആക്രമിച്ചത്. "ആ ടാങ്ക് എൻറെ മകളുടെ കാൽ നഷ്ടപ്പെടുത്തി" ഗസലിന്റെ മാതാവ് DCIP യുടെ ഫീൽഡ് റിസർച്ചറോട് പറഞ്ഞ വാക്കുകളാണിത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻറർനാഷണൽ (ഫലസ്തീൻ). ഞാൻ അതിൻറെ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുന്നു.

"അനസ്തേഷ്യ പോലുമില്ലാതെയാണ് ഡോക്ടർമാർ എൻറെ മകളുടെ കാൽ മുറിച്ചത്. അവിടെ കുറച്ചു കത്തികൾ മാത്രമാണുണ്ടായിരുന്നത്. അതുവെച്ചവർ കാൽ മുറിക്കാൻ തുടങ്ങി. എൻറെ മകൾ നിലവിളിക്കുന്നുണ്ടായിരുന്നു" ആ മാതാവ് വിങ്ങിപ്പൊട്ടി.

വേദനകളുടെ ആശുപത്രി

ഈ നോവ് ഗസലിന്റെ മാത്രമല്ല. ഗസ്സയിലെ കുരുന്നുകളുടെ അവയവ ശസ്ത്രക്രിയകളോരോന്നും  മണിക്കൂറുകളോളം അനസ്തേഷ്യ ഇല്ലാതെയാണ് നടക്കുന്നത്. കുരുന്നു മനസ്സുകൾക്ക് ചിന്തിക്കാനും സഹിക്കാനും സാധിക്കുന്നതിനപ്പുറമായിരുന്നു ഈ ഓപ്പറേഷനുകളോരോന്നും. ഈ അവയവ ഛേദനങ്ങൾ നടക്കുന്ന ആതുരാലയങ്ങളിൽ തന്നെയാണ് കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയെത്തുന്നതും. വൈദ്യുതിയില്ലാത്ത, ആന്റിബയോട്ടിക്കുകളില്ലാത്ത, വേദനസംഹാരികളില്ലാത്ത ഇരുണ്ട മുറികളായിരുന്നു ഓപ്പറേഷൻ റൂമുകൾ. സർവം ഇസ്രായേൽ സൈന്യത്തിൻറെ തടവിലായിരുന്നു.

ഇസ്രയേൽ വംശഹത്യ ഗസ്സയിലെ ആരോഗ്യ സംവിധാനത്തെ തകർത്തു തരിപ്പണമാക്കി. അതിനാൽ തന്നെയും തുടർപരിചരണങ്ങളോ ഫിസിക്കൽ തെറാപ്പികളോ കൃത്രിമാവയവങ്ങളോ ലഭ്യമാക്കാൻ സാധ്യമല്ല. കൃത്രിമാവയവം ഉപയോഗിക്കുന്ന കുട്ടികൾ നിർബന്ധമായും വർഷത്തിലൊരിക്കൽ പുതിയവ മാറ്റി ഘടിപ്പിച്ചിരിക്കണം. എന്നല്ല പലപ്പോഴും അവരുടെ വളർച്ചക്ക് അനുസരിച്ച്  വളരെ ചെറിയ ഇടവേളക്കുള്ളിൽ തന്നെ മാറ്റേണ്ടതായും വരും. അതായത് കുട്ടി വളരും തോറും സ്പെഷ്യലിസ്റ്റുകളുടെ നിരന്തര പരിചരണം ആവശ്യമാണ്. ഗസ്സയിൽ അവയവം ച്ഛേദിക്കപ്പെട്ട കുട്ടികൾ സുഖം പ്രാപിക്കാൻ അസാധാരണമായ സങ്കീർണതകൾ അനുഭവിക്കേണ്ടിവരും. അണുബാധ, മുറിവുകൾ, നിരന്തര വേദന എന്നിങ്ങനെ തുടങ്ങി നിരവധി വെെതരണികൾ.

സൗത്ത് ഗസ്സിയൻ നഗരത്തിലെ ജുഹുർ അൽ ദീക്കിൽ നിന്നുമുള്ള ചെറിയ പെൺകുട്ടിയാണ് റിതാജ്. എട്ടു വയസ്സുകാരി. ഇസ്രയേൽ വ്യോമക്രമണം അവളുടെ കുടുംബത്തെ നാമാവശേഷമാക്കി. അവൾ മാത്രം രക്ഷപ്പെട്ടു. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവളെ കണ്ടെത്തിയത്. ഒരുപാട് ശസ്ത്രക്രിയകൾ ചെയ്തിട്ടും ഡോക്ടർമാർക്ക് അവളുടെ കാലുകൾ മുറിച്ച് ഒഴിവാക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഇപ്പോൾ കുടിയിറക്കപ്പെട്ടവളായി UNRWA ക്യാമ്പിൽ കഴിയുകയാണ്. ഇപ്പോഴും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. സഹായത്തിന് ക്യാമ്പിൽ അവളുടെ പിതൃ സഹോദരിയുണ്ട്. ക്യാമ്പിലേക്ക് അവളെ കാണാനെത്തിയ DCIP ഫീൽഡ് റിസർച്ചറോട് അവൾ പറഞ്ഞത്: "ഡോക്ടർ എൻറെ കാൽ പരിശോധിച്ചു അതിൽ നിന്നും പുഴുക്കൾ പുറത്തു ചാടുന്നുണ്ടായിരുന്നു." “ഇപ്പോഴുമെൻറെ കാൽ നന്നായി നോവുന്നുണ്ട്. എനിക്ക് നന്നായി ഉറങ്ങണം. ബോംബിന്റെ ശബ്ദം കാരണം ഒറ്റ ദിവസവും ഉറങ്ങാൻ സാധിക്കുന്നില്ല. ”
ചെറിയൊരു ശതമാനം കുരുന്നുകൾക്ക് അവരുടെ അവയവങ്ങൾ രക്ഷിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാലും അധികമാളുകൾക്കും പക്ഷാഘാതവും അനുബന്ധ പരിണിത ഫലങ്ങളും ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വരികയാണ്.

മുഹമ്മദിൻ്റെ കഥ

യുദ്ധം ഗസ്സയിലെ കുരുന്നുകളെ മറ്റു പലവിധത്തിലും മുറിവാക്കുന്നു. 'ഉണങ്ങാത്ത മുറിവുകൾ'. DCIP ശേഖരിച്ച രേഖകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ ഗസ്സാ നഗരത്തിലെ സ്വലാഹുദ്ധീൻ സ്ട്രീറ്റിലൂടെ 15 വയസ്സുള്ള മുഹമ്മദ് എന്ന ഫലസ്തീൻ കുരുന്ന് നടന്നു പോകവേ ഒരു ഇസ്രയേലി ഡ്രോൺ ഉതിർത്ത ബുള്ളറ്റ് അവനു പുറകിൽ പതിച്ചു. രണ്ടുമണിക്കൂറോളം മുഹമ്മദ് രക്തം വാർന്ന് നിലത്ത് കിടന്നു. അതിനുശേഷമാണ് അതുവഴി കടന്നുപോയ ഫലസ്തീനികൾ അവനെ അൽ അഹ്ലി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. വൈകാതെ തന്നെ അവനെ കമൽ അദ്വാൻ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെവച്ച് അവൻ ശസ്ത്രക്രിയക്ക് വിധേയമായി. ഇപ്പോൾ മുഹമ്മദ് അരക്കട്ടിന് താഴെ തളർന്നിരിക്കുകയാണ്. അവന് തന്റെ കാലുകൾ ഉപയോഗിക്കാൻ സാധ്യമല്ല.

"എൻറെ കൂട്ടുകാരോടൊപ്പം കളിക്കാൻ എനിക്കിഷ്ടമായിരുന്നു. അവരിൽ പലരെയും യുദ്ധം എനിക്ക് നഷ്ടപ്പെടുത്തി. പക്ഷേ, പരിക്കു കാരണം എനിക്കിപ്പോൾ അവരോടൊപ്പം കളിക്കാൻ കഴിയില്ല." മുഹമ്മദ് DCIPയോട് പറഞ്ഞതാണിത്. "എനിക്ക് ഫുട്ബോൾ കളി ഇഷ്ടമായിരുന്നു ഞാൻ എപ്പോഴും ഗോൾ കീപ്പറായിരുന്നു" അവൻ ഓർത്തെടുത്തു.

അത്യന്തികമായി, ഗസ്സയിലെ ഓരോ കുരുന്നുകളും ഇന്ന് വളരെ വലിയ മാനസികാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. വിഷാദം, മാനസിക ഉത്കണ്ഠ, ആത്മഹത്യാ പ്രേരണ, ഉറക്കമില്ലായ്മ, രാത്രി ഭയം, കിടപ്പറയിൽ മൂത്രമൊഴിക്കുക തുടങ്ങിയ ഈ കഷ്ടതകളുടെ പരിണിതഫലമായുള്ള ധാരാളം രോഗങ്ങൾ അവരെ അലട്ടുന്നുണ്ട്.

UNICEF രേഖകൾ പ്രകാരം, നിലവിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഫലസ്തീൻ കുരുന്നുകളിൽ നിന്നും 12% പേർക്കെങ്കിലും "പ്രവർത്തനപരമായ വൈഷമ്യം" അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ കുരുന്നുമനസ്സിന്റെയും വികലത, ശാരീരികമായാലും മാനസികമായാലും ഈ അക്രമണങ്ങൾക്കിടയിൽ കൂടുതൽ അപകടസാധ്യതയുള്ളതാണ്. വീൽചെയറിനെയോ മറ്റു വികലാംഗ സൗഹൃദഉപകരണങ്ങളെയോ അവലംബിക്കുന്ന കുഞ്ഞുമക്കൾക്ക് ഈ യുദ്ധത്തിനിടയിൽ തകർന്ന റോഡിലൂടെ കടന്നുപോവുക വളരെ ക്ലേശകരമാണ്.

മുറിവേറ്റവരുടെ കൂടാരങ്ങൾ

പേര് ദുനിയ, വയസ്സ് 12, ഇസ്രയേൽ അക്രമണത്തിലെ അതിജീവിത. യുദ്ധം പ്രിയ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലുകയും അവളുടെ കാൽ മുറിക്കുകയും ചെയ്തിരുന്നു. "അവിടെയെല്ലാം രക്തമായിരുന്നു. ഞാൻ എണീക്കാൻ ശ്രമിച്ചു പക്ഷേ എനിക്ക് സാധിച്ചില്ല. എൻറെ കാല് നഷ്ടപ്പെട്ടിരുന്നു." ദുനിയ DCIP ഫീൽഡ് റിസർച്ചറോട് പറഞ്ഞു. ഇസ്രയേൽ ക്രൗര്യം അവളെയും കുടുംബത്തെയും കുടിയിറക്കി, അവളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാക്കി, അനാഥയാക്കി, കാൽ നഷ്ടപ്പെടുത്തി. അവൾ ഖാൻ യൂനുസിലെ നസ്ർ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കെ 2023 ഡിസംബറിൽ ഇസ്രയേൽ അവിടെയും ഷെല്ലാക്രമണം നടത്തി. ദുനിയ ഹോസ്പിറ്റൽ ബെഡിൽ കിടക്കവെ തൽക്ഷണം കൊല്ലപ്പെട്ടു.

ഓരോ തവണയും ഫലസ്തീനിലെ കുരുന്നുകൾക്ക് നേരെ ക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണം 15,000 കടന്നിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം പ്രവർത്തിക്കേണ്ട സമയം തീർച്ചയായും അതിക്രമിച്ചിരിക്കുന്നു.

ഗസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും ഉടനെ വെടിനിർത്തൽ പ്രഖ്യാപനങ്ങൾ ഉണ്ടാവണം. ഇസ്രയേൽ സൈന്യത്തിന് ആയുധം കൈമാറുന്നത് രാഷ്ട്രങ്ങൾ നിർത്തേണ്ടതുണ്ട്. ഇസ്രയേൽ സൈന്യം ദുനിയയിൽ നിന്നും തട്ടിപ്പറിച്ചെടുത്ത, തൻറെ മുറിവു ഉണങ്ങിക്കാണാനും തീരാത്ത വേദനകളിൽ നിന്നും സുഖം നേടാനും ജീവിക്കാനുമുള്ള അവകാശം അവശരായ പലസ്തീനിലെ കുഞ്ഞുങ്ങൾക്കുണ്ട്.

നിയമമായ ധാർമിക ബാധ്യത

അറ്റുപോയ അവയവങ്ങളുമായി ഈ ലോകത്ത് വേച്ച് നടക്കുന്ന ഗസൽ, റിതാജ്, മുഹമ്മദ് തുടങ്ങിയവരെ പോലെ, പരിക്കേറ്റ് അവശരായ ആയിരക്കണക്കിന് ഫലസ്തീൻ കുഞ്ഞുങ്ങളുണ്ട്. അവരുടെ മെഡിക്കൽ പരിചരണം, പുനരധിവാസം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. അത് കേവലമായ ശരി മാത്രമല്ല നിയമപരമായി നിർബന്ധ ബാധ്യതയുമാണ്.

1991ൽ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് യുഎൻ കൺവെൻഷൻ നടന്നിരുന്നു. അതിൽ കുട്ടികൾക്ക് നിർദ്ദിഷ്ട അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. CRC ആർട്ടിക്കിൾ 23 കേന്ദ്രീകരിക്കുന്നത് വികലാംഗരായ കുട്ടികൾക്കുള്ള പ്രത്യേക അവകാശങ്ങളെയാണ്. പ്രസ്തുത കൺവെൻഷൻ ഇസ്രയേലും അംഗീകരിച്ചിരുന്നു.

ആ കുരുന്നുകളുടെ വ്യക്തിത്വ വികസനവും സാമൂഹിക ഉദ്ഗ്രഥനവും സാധ്യമാവേണ്ടതുണ്ട്. അതിനാൽ തന്നെ അവർക്ക് കൂടുതൽ പരിചരണം കിട്ടേണ്ടതുണ്ട്. അതോടൊപ്പം തന്നെ വിദ്യാഭ്യാസത്തിനുള്ള അവകാശം, പരിശീലനം, ആരോഗ്യ സേവനങ്ങൾ, പുനരധിവാസം,  വിനോദത്തിനുള്ള അവസരങ്ങൾ എല്ലാം ലഭിക്കേണ്ടതുണ്ട്.

വികലത ബാധിച്ച ഫലസ്തീൻ കുഞ്ഞുങ്ങൾക്ക് വ്യോമക്രമണങ്ങളിൽ നിന്നും ഓടിമറയാൻ കഴിയില്ല. വെടിയുതിർക്കുന്ന ശബ്ദം അവർക്ക് കേൾക്കാൻ സാധിക്കില്ല. എന്തിനാണ് വീണ്ടും വീണ്ടും തങ്ങളുടെ കുടുംബം കുടിയിറക്കപ്പെടുന്നതെന്ന് അവർക്കറിയില്ല. ആ കുട്ടികളെയാണ് ഇസ്രായേൽ വംശഹത്യ ലക്ഷ്യമിടുന്നത്.

വംശഹത്യ ഒമ്പത് മാസങ്ങൾ പിന്നിടുന്നു. എണ്ണമറ്റ ഫലസ്തീൻ കുഞ്ഞുങ്ങൾക്ക് സാരമായ വൈദ്യപരിചരണം ആവശ്യമാണ്. ഇസ്രയേലിനെ ഈ കടും ക്രൂരകൃത്യങ്ങളുടെ ഉത്തരവാദികളാക്കാനും അവർക്കെതിരെ ഉപരോധം ചുമത്താനും അന്താരാഷ്ട്ര സമൂഹം ഒരുമിക്കേണ്ടതുണ്ട്.

മറുമൊഴി: മുസദ്ദിഖുൽ ഇസ്‌ലാം

Courtesy: TRTWORLD

Tags

PALESTINE

Questions / Comments:



13 August, 2024   08:17 am

4waqke

6 August, 2024   08:18 pm

7vuxfy