നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.
വായിക്കാം:
അല്ലാഹുവിന്റെ കൽപനകൾക്ക് മുന്നിൽ സ്വന്തം ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും പൂർണമായി സമർപ്പിച്ച ആ വലിയ ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണിത്.
പരസ്പരം കൊടുത്തും വാങ്ങിയും, സ്നേഹം പങ്കുവെച്ചും, വിശക്കുന്നവനെ ഊട്ടിയുമാണ് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നത്. അതിനാൽ, മാനവികതയുടെയും സഹോദര്യത്തിന്റെയും വലിയൊരു സന്ദേശം ഇതിലടങ്ങിയിരിക്കുന്നു. പെരുന്നാൾ എന്നത്, കേവലം ആഘോഷങ്ങളിൽ ഒതുക്കാതെ, ധാരാളം സൽകർമങ്ങൾ കൊണ്ട് സമ്പന്നമാക്കാനും പുണ്യം നേടാനുമാണ് വിനിയോഗിക്കേണ്ടത്. പരസ്പരം കുടുംബ സന്ദർശനം കൊണ്ടും വിരുന്നൂട്ടൽ കൊണ്ടും വിശ്വാസികൾ പെരുന്നാളിനെ കൂടുതൽ ധന്യമാക്കേണ്ടതുണ്ട്. ഇത്, അകന്നുപോയ ബന്ധങ്ങളെയും പിണങ്ങിനിന്ന സൗഹൃദങ്ങളെയും വീണ്ടും ചേർത്തുവെക്കാനും സ്നേഹം പുതുക്കാനും വഴിയൊരുക്കുന്നു.
നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.
പരിശുദ്ധമായ ഹജ്ജ് കർമം ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. മാനവികതയുടെ മഹാസംഗമമാണ് ഹജ്ജിലൂടെ സാധ്യമാകുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ പരിശുദ്ധ ഹജ്ജ് കർമത്തിനായി അറഫയിൽ ഒരുമിച്ചുകൂടുന്നു. ഏതൊരു മുസ്‌ലിമിൻ്റെയും മനസ്സിന്റെ ഉള്ളിലെ ഒടുങ്ങാത്ത ആഗ്രഹമാണ് ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യുക എന്നത്.
സമ്പത്തും ആരോഗ്യവും യാത്രയ്ക്കുള്ള സൗകര്യവും ഒത്തുവന്നവർക്ക് ഈ മഹത്തായ കർമം അനുഷ്ഠിക്കൽ നിർബന്ധമാണ്. മാത്രമല്ല, ഹജ്ജ് എന്നത് വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവുമാണ്.
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും വിശ്വാസി സമൂഹം ഒരേ ലക്ഷ്യവും ഒരേ മന്ത്രധ്വനികളുമായി മക്കയെന്ന പുണ്യനഗരം ലക്ഷ്യമാക്കി യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഐക്യത്തിന്റെയും മാനവികതയുടെയും മഹിത മാതൃകയാണ് ഇവിടെ കാണുന്നത്. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് ആതിഥ്യമരുളാൻ മാസങ്ങൾ നീണ്ട ഒരുക്കങ്ങളാണ് സൗദി ഭരണകൂടം നടത്തിയിട്ടുള്ളത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ, വ്യതിരിക്തമായ ജീവിതശീലങ്ങൾ പതിവാക്കിയവർ, വിഭിന്ന സംസ്കാരങ്ങളുള്ള ആളുകൾ, വേറിട്ട ഭക്ഷണരീതികൾ, ആകാര വൈവിധ്യങ്ങൾ ഉള്ളവർ എല്ലാം തീർത്തും വ്യത്യസ്തമാണ്.
ഈ വ്യത്യാസങ്ങളെല്ലാ ഉണ്ടായിരിക്കെത്തന്നെ, ലക്ഷക്കണക്കിന് മനുഷ്യർ ഒരേ മനസ്സോടെ മന്ത്രിക്കുകയാണ്, മക്കാ മരുഭൂമിയിൽ ഒത്തുചേരുകയാണ്.
രാജ്യം, ഭാഷ, നിറം, സമ്പത്ത്, കുടുംബമഹിമ ഇവയിലെ വൈവിധ്യങ്ങളല്ലാം മറന്ന് അവർ ഒന്നായി, അടിമകളായി, സമന്മാരായി അല്ലാഹുവിനെ ആരാധിക്കുകയാണ്. വംശവെറിയും തീവ്ര ദേശീയ ചിന്തകളും അടക്കിവാഴുന്ന ലോകത്തിന് മാനവിക ഐക്യത്തിന്റെ മഹിതമായ മാതൃകയാണ് ഹജ്ജിലൂടെ ലോകത്തിനു മുമ്പിൽ മുസ്‌ലിം സമുദായം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യരെല്ലാം ഒന്നാണെന്ന, സമത്വത്തിന്റെയും സൃഷ്ടാവിന് മുന്നിലുള്ള സമ്പൂർണ സമർപ്പണത്തിന്റെയും, അതായത് തൗഹീദിന്റെയും ത്യാഗത്തിന്റെയും വലിയ സന്ദേശമാണ് ഹജ്ജ് നൽകുന്നത്. വർണ-വർഗ, ദേശ-ഭാഷ വ്യത്യാസങ്ങൾക്കപ്പുറം ഒരേ വസ്ത്രം ധരിച്ചവർ ഒരേ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒത്തുചേരുമ്പോൾ, അവിടെ മാനവികതയുടെയും ഐക്യത്തിന്റെയും ഒരു വലിയ സന്ദേശമാണ് ലോകത്തിന് കൈമാറിക്കൊണ്ടിരിക്കുന്നത്.
ഹജ്ജ് മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് സമത്വമാണ്. രാജാവും പ്രജയും പണക്കാരനും ദരിദ്രനും എല്ലാം ഒരേ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഒരേ മനസ്സോടെ കഅബയ്ക്ക് ചുറ്റും പ്രാർത്ഥിക്കുകയാണ്. അവിടെ മനുഷ്യർ തമ്മിലുള്ള യാതൊരുവിധ വേർതിരിവുകളും ഇല്ല എന്ന് ഇത് ഓർമിപ്പിക്കുന്നു. മറ്റൊന്ന് സൃഷ്ടാവിനോടുള്ള കീഴ്പ്പെടലാണ്. അല്ലാഹുവിന്റെ കൽപ്പനകൾക്ക് മുന്നിൽ സ്വന്തം ശരീരത്തെയും മനസ്സിനെയും പൂർണമായും വിട്ടുകൊടുക്കുന്ന ത്യാഗമാണ് അവർ ചെയ്യുന്നത്. ഇബ്രാഹിം നബി(അ)ൻ്റെയും, ഇസ്മായിൽ നബി(അ )ൻ്റെയും ത്യാഗസ്മരണകളാണ് ഹജ്ജിലൂടെ വീണ്ടും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രീതി നേടുക എന്നതാണ് ഇതിന്റെ കാതലായ വശം. മറ്റൊന്ന്, ആഗോള സാഹോദര്യമാണ്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ചുകൂടി ഒരേ സമയം ഒരേ കർമങ്ങൾ ചെയ്യുന്നത് ആഗോള മുസ്‌ലിം സാഹോദര്യത്തിന്റെ മനോഹരമായ കാഴ്ചയാണ്. ചുരുക്കിപ്പറഞ്ഞാൽ, ലോക മാനവിക ഐക്യത്തിന്റെ സന്ദേശമാണ് ഹജ്ജിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
ഹജ്ജ് ചെയ്യാൻ തീരുമാനമെടുത്ത വ്യക്തിയുടെ പിന്നീടങ്ങോട്ടുള്ള ഓരോ അനക്ക അടക്കങ്ങളിലും ആത്മീയത പ്രതിഫലിക്കുന്നത് കാണാം. അത്രത്തോളം മാനസികമായ ഒരുക്കങ്ങൾ നേരത്തെ തന്നെ അവൻ നടത്തിയിട്ടുണ്ടാകും. തൻ്റെ തീർത്ഥയാത്ര കഴിഞ്ഞെത്തും വരെ ഈ ആത്മീയ ഉണർവ് അവനിൽ ഉണ്ടായിരിക്കും. അവസാനം ഓരോ ഹാജിമാരും ഹജ്ജിൽ നിന്ന് വിരമിക്കുന്നത് ഒരുമ്മ പെറ്റ കുട്ടിയെപോലെ പൂർണ പാപമുക്തനായിട്ടാണ്.
ഹജ്ജിന്റെ ഓരോ കർമങ്ങൾ പിന്നിടുമ്പോഴും അവൻ ആത്മീയോന്നതി കൈവരിക്കുന്നുണ്ട്. സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും ഇടയിൽ ശക്തമായൊരു ആത്മീയ പാലം നിർമിക്കുകയാണ് ഹജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്. അവസാനം ഹജറുൽ അസ്‌വദ് മുത്തി പാപക്കറ നീക്കി, പിശാചിൻ്റെ സാന്നിധ്യം ഇല്ലാതാക്കാൻ ജംറയിലേക്ക് കല്ലെറിഞ്ഞാണ് ഹാജിമാർ മടങ്ങുന്നത്.