എടയത്ത് കയ്’ എന്ന സ്ഥലത്തുവെച്ചാണ് മാസപ്പിറവി നിരീക്ഷിക്കുന്നത്. പൂർവ്വികർ മാസപ്പിറവി കാണാൻ ഈ സ്ഥലമായിരുന്നു തിരഞ്ഞെടുത്തത്. ഇത്തരത്തിൽ എല്ലായിടങ്ങളിലും മാസം നോക്കുന്നതിനായി സ്ഥലങ്ങളുണ്ടാവും. ചെത്ത്ലാത് ദ്വീപിൽ ‘ഗാന്ധിനഗർ’, ബിത്ര ദ്വീപിൽ ‘ഫിട്ടി’ എന്നിങ്ങനെ വരും.

വായിക്കാം:

ലക്ഷദ്വീപ്, പ്രകൃതിഭംഗിക്ക് പേരുകേട്ട നാട്. കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റി വളരുന്ന ഒരു ജനസമൂഹത്തിന്റെ ആത്മാവാണീ ദ്വീപ്. പ്രകൃതിരമണീയതയിൽ പ്രശസ്തമാണെങ്കിലും, ലക്ഷദ്വീപിന്റെ യഥാർത്ഥ സൗന്ദര്യം അവിടുത്തെ ജനങ്ങളിലും അവരുടെ പൂർവ്വികരിൽ നിന്ന് കൈമാറിവന്ന ആത്മീയമായ ആചാരങ്ങളിലുമാണ്. നിരവധി ആചാരങ്ങൾ പ്രസിദ്ധമാണെങ്കിലും, അവിടുത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രത്യേക ആകർഷണം തന്നെയുണ്ട്.

വലിയ പെരുന്നാൾ ഏതൊരു മുസ്‌ലിമിനും സന്തോഷം നൽകുന്ന ആഘോഷമാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും പല രീതികളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. എന്നാൽ, ദ്വീപ് നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ പെരുന്നാളാഘോഷം തികച്ചും വ്യത്യസ്തമാണ്. മിക്ക സ്ഥലങ്ങളിലും പെരുന്നാൾ ദിവസമാണ് ആഘോഷം ആരംഭിക്കുന്നതെങ്കിൽ, ദ്വീപിൽ ദുൽഖഅദ് മാസത്തിന്റെ അവസാനത്തിൽ തന്നെ ‘മാദൻ നോക്ക്’ എന്ന ചടങ്ങോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമിടും.
ഈ ചടങ്ങിനായി നാട്ടിലെ എല്ലാ വിശ്വാസികൾ ഒരു പ്രത്യേക സ്ഥലത്ത് സംഗമിക്കും. ഞങ്ങളുടെ നാട്ടിൽ ‘എടയത്ത് കയ്’ എന്ന സ്ഥലത്തുവെച്ചാണ് മാസപ്പിറവി നിരീക്ഷിക്കുന്നത്. പൂർവ്വികർ മാസപ്പിറവി കാണാൻ ഈ സ്ഥലമായിരുന്നു തിരഞ്ഞെടുത്തത്. 
ഇത്തരത്തിൽ എല്ലായിടങ്ങളിലും മാസം നോക്കുന്നതിനായി സ്ഥലങ്ങളുണ്ടാവും. ചെത്ത്ലാത് ദ്വീപിൽ ‘ഗാന്ധിനഗർ’, ബിത്ര ദ്വീപിൽ ‘ഫിട്ടി’ എന്നിങ്ങനെ വരും. 
ഞങ്ങളുടെ നാട്ടിൽ മാസം നോക്കൽ ചടങ്ങിന് നേതൃത്വം നൽകുന്നത് ‘ബദറാറ്റ’ എന്ന വ്യക്തിയാണ്. പണ്ടുമുതലേയുള്ള മുക്രി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണദ്ദേഹം. മാസപ്പിറവി കണ്ടില്ലെങ്കിൽ ആളുകൾ നിരാശയോടെ വീട്ടിലേക്ക് മടങ്ങും. ഇനി കാണുകയാണെങ്കിൽ തക്ബീർ വിളികൾ ആഹ്ലാദാരവങ്ങളായി ഉയരും. ഇപ്രകാരം, ലക്ഷദ്വീപുകാരുടെ പൈതൃകമായി പാടിവരുന്ന ഒരു പാട്ടുണ്ട്. ആ പാട്ട് കേൾക്കാൻ കൂടിയാണ് മിക്ക ആളുകളും ഈ ചടങ്ങിൽ പങ്കെടുക്കാറുള്ളത്. നാട്ടിലെ തന്നെ ഒരു കാരണവരാണ് ഈ പാട്ട് പാടുക.

''മാദൻ കണ്ടിനിയോ 
ബിളി ബിളി ബിട്ടിനിയോ 
അത്താളത്ത്ള ഷട്ടി ബടിപ്പാൻ
ഫക്കി ഫസ്ക്കി ബന്നിനിയോ''.

റമളാനിലെ എല്ലാ രാത്രിയിലും അത്താഴ വിളി ഉണ്ടാകും. അതായത്, നാട്ടിലെ വലിയ ജുമാഅത്ത് പള്ളിയിലെ ഇമാമും ഏതാനും പേരും ചേർന്ന്, ദഫ് മുട്ടി മഹാന്മാരുടെ ബൈത്തുകൾ പാടിക്കൊണ്ട് ആളുകളെ അത്താഴത്തിന് ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ വീടിനു മുന്നിലൂടെയും പോവുന്ന സമ്പ്രദായമാണ്. വലിയ പെരുന്നാൾ ദിവസമാവുമ്പോൾ പെരുന്നാൾ വിളിയാണുണ്ടാവുക. ഇത് ലക്ഷദ്വീപിലെ ചില ദ്വീപുകളിൽ മാത്രമേ കാണപ്പെടാറുള്ളൂ.
പെരുന്നാൾ സുബ്ഹിക്ക് ദിക്റ് ചൊല്ലി എല്ലാ വീടുകളിലേയും ആളുകളെ ഉണർത്തും. പെരുന്നാൾ നമസ്കാരം നടക്കുന്നത് നാട്ടിലെ വലിയ ജുമാഅത്ത് പള്ളിയിലാണ്. നിസ്കാരവും ദുആയും കഴിഞ്ഞാൽ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് മുസാഫഹത്ത് ചെയ്ത്, പൊരുത്തപ്പെടിയിച്ച് പള്ളിയിൽ നിന്നിറങ്ങും. അതിൽ പ്രായമായവരും കുട്ടികളും മുതിർന്നവരുമടക്കം എല്ലാ വിഭാഗമാളുകളും ഉണ്ടാകും. ശേഷം എല്ലാവരും ഒരുമിച്ച് നാട്ടിലെ മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യും. ഏകദേശം ആറോ ഏഴോ കിലോമീറ്റർ നടക്കാനുണ്ടെങ്കിലും അതൊന്നും ആരും കാര്യമാക്കാറില്ല. അവിടുത്തെ ജനങ്ങളുടെ വികാരമായി ഇത് രൂപാന്തരപ്പെട്ടിട്ടുണ്ട്. എന്റെ നാടായ ആന്ത്രോത്ത് ദ്വീപിൽ, പ്രധാനമായും മൗലാ തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ, ഫരീദ് വലിയ തങ്ങൾ, ബുഖാരി തങ്ങൾ തുടങ്ങിയവരുടെ ഖബറുകൾ സിയാറത്ത് ചെയ്യും.
തുടർന്ന് വലിയ ജുമാഅത്ത് പള്ളിയിലുള്ള, മഹാനായ ഒന്നാം ഖലീഫ അബൂബക്കർ (റ)വിന്റെ പേരക്കുട്ടിയായ മുമ്പ് മൗലാ ഉബൈദുല്ല തങ്ങളുടെ മഖ്ബറയുടെ അടുത്ത്, ഖാളിയുടെ ദുആയും കഴിഞ്ഞാണ് വീടുകളിലേക്ക് മടങ്ങുക. 

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ആസ്വാദ്യകരവും ആത്മീയ ഊർജ്ജം പകരുന്നതുമായ 'ദിക്ർ' ദ്വീപിലെ എല്ലാ നാട്ടിലും നടക്കാറുണ്ട്. മഹാനായ സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി കവരത്തിയുടെ മകൻ സയ്യിദ് മുഹമ്മദ് യൂസഫ് വലിയുല്ലാഹിയുടെ പേരിൽ, കവരത്തി ദ്വീപിലെ ഗുജറായിൽ നിന്ന് ആരംഭിച്ച് നാടുമുഴുവൻ ചുറ്റി സഞ്ചരിച്ച് തിരിച്ച് ഗുജറായിൽ തന്നെ അവസാനിക്കുന്നതാണ് ഇത്.
ഈ ദിക്റിൽ മുത്ത് നബി തങ്ങളെയും ജീലാനി തങ്ങളെയും മൂസ വലിയുല്ല തങ്ങളെയും തുടങ്ങി എല്ലാ മഹാന്മാരെയും പേരെടുത്ത് വിളിച്ച് സ്മരിക്കാറുണ്. ദിക്ർ പൂർത്തിയാക്കി ഗുജറായിൽ തിരിച്ചെത്തിയ ശേഷം എല്ലാവരും മഹാന്മാരെ തവസ്സുലാക്കി ദുആ മജ്ലിസ് നടത്തും. ഇതിനുശേഷമാണ് അവിടെ കൂടിയവർ പിരിഞ്ഞുപോവുക.

ഉളുഹിയ്യത്ത് അറവാണ് പിന്നീട് നടക്കുക. ആളുകൾ കുറവാണെങ്കിലും, എല്ലാ നാട്ടിലും ധാരാളം പോത്തുകളെയും ആടുകളെയും അറവിനായി എത്തിക്കും. അറവിന് ശേഷം തൊലി കളയുന്നതാണ് അടുത്ത ഘട്ടം. സഹായത്തിനായി കുട്ടികളെ കൂടെ കൂട്ടും. മുതിർന്ന ഒരാളായിരിക്കും ഇതിനെ നിയന്ത്രിക്കുക. തൊലി കളഞ്ഞ മാംസം നീളമുള്ള ടാർപ്പായകളിൽ കൊണ്ടിടും. ടാർപ്പായയുടെ ഒരു വശത്തു തന്നെയാണ് ഇരിക്കുക. ശേഷം, കൊണ്ടുവന്ന മാംസത്തെ ചെറുതായി അരിഞ്ഞ് മുൻഭാഗത്തേക്ക് മാറ്റും. കൊത്താനായി ചെറിയ കുട്ടികളെ അനുവദിക്കാറില്ല. എന്നാലും കുട്ടികൾ 'മൂത്തോനെ ഉര്ക്കാതാവാ പ്ലീസ്' എന്ന് ചോദിക്കും. ഒരു കഷ്ണം മാംസമെങ്കിലും കൊത്താൻ നൽകുമോ എന്നാണ് അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, അവർ 'ഇല്ല തരില്ല, മാറി നിൽക്ക്' എന്ന് പറഞ്ഞ് മാംസം തരാൻ വിസമ്മതിക്കും. അപകടം സംഭവിക്കാനുള്ള സാധ്യതയാണ് ഈ വിസമ്മതിക്കലിന്റെ കാരണം. എന്നാൽ, മിക്ക കുട്ടികളും അവിടെ തന്നെ നിൽക്കും. തക്കം കിട്ടിയാൽ മാംസം കൊത്താൻ വേണ്ടിയാണിത്. മാംസം കൊത്തുന്നവർ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി എഴുന്നേറ്റാൽ, ആ ഒഴിവിലേക്ക് വരാൻ കുട്ടികൾ തമ്മിൽ തല്ല് കൂടുന്നത് കാണാം. തുടർന്ന് വിതരണത്തിനായി മാംസങ്ങൾ അവിടെയുള്ള നായ്ക്കുറുക്കനിലേക്ക് (ഒരു തരം വാഹനമാണ്) മാറ്റും. അതിനുശേഷം, ഓരോരുത്തരും ഓരോ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകും. ആന്ത്രോത്ത്, കിച്ചേരി, മേച്ചേരി, ശെമ്മച്ചേരി, ഇടയത്ത്, മൂല എന്നിവിടങ്ങളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വിതരണ പ്രക്രിയ തകൃതിയായി നടക്കും. വിതരണക്കാർ വരുന്നതും കാത്ത് നാട്ടുകാർ കവറുകൾ, ചെമ്പുകൾ, ചട്ടികൾ, കലങ്ങൾ എന്നിവയുമായി കാത്തുനിൽപ്പുണ്ടാകും.
ആളുകൾ തിരക്ക് കൂട്ടാൻ സാധ്യതയുള്ളതിനാൽ വിതരണക്കാർ നിയന്ത്രണം ഏറ്റെടുക്കും. ശേഷം, പേര് വിളിക്കുന്നതനുസരിച്ച് ആളുകൾ വന്ന് മാംസം വാങ്ങി മടങ്ങും. ഇറച്ചി കൂമ്പാരത്തിൽ നിന്ന് കൈകൊണ്ട് ഓരോ കവറിലും ചെമ്പിലും ആവശ്യത്തിനനുസരിച്ച് മാംസം ഇട്ടുകൊടുക്കും. ഇങ്ങനെ എല്ലാ ഭാഗങ്ങളിലും വിതരണം നടക്കും. 
മാംസ വിതരണം കഴിഞ്ഞാൽ, കൂട്ടുകാരുടെ കൂടെ കടലിൽ കുളിക്കാൻ പോകും. കുളി കഴിഞ്ഞ് വസ്ത്രം മാറി വരുമ്പോഴേക്കും പോത്തിന്റെ എല്ല് കൊണ്ടുണ്ടാക്കിയ സൂപ്പ് തയ്യാറായിട്ടുണ്ടാകും. അത് കുടിച്ചാണ് അവിടെ നിന്ന് മടങ്ങുക. അപ്പോഴേക്കും ഏകദേശം പന്ത്രണ്ട് മണിയായിട്ടുണ്ടാകും. 

അന്നേ ദിവസം വലിയുപ്പയും വലിയുമ്മയും പേരക്കുട്ടികളും തുടങ്ങി കുടുംബത്തിലെ എല്ലാവരും തറവാട്ടിൽ ഒത്തുകൂടും. ഭക്ഷണങ്ങളാൽ സമ്പന്നമായ തീൻ മേശയാണ് പ്രധാന ഹൈലൈറ്റ്. ബട്ടിളി അപ്പൻ, കായ്പോള, കാരറ്റ്പോള, കേരളത്തിൽ നിന്നും വ്യത്യസ്തമായ ചുവന്ന നിറത്തിലുള്ള ബിരിയാണി, കെലാഞ്ചി, കമീർ, കടലക്കാ അപ്പൻ, അപ്പൻ വലിച്ചത്, പായസം കെട്ടിച്ചത്, ഷറഫയർ കായ്ച്ചത് എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങൾ അണിനിരക്കും. ഇതിനുവേണ്ടി മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ
ടേബിളുകൾ ക്രമീകരിക്കും.   

ഭക്ഷണശേഷം കുട്ടികളെല്ലാം വലിയുപ്പയുടെയും വലിയുമ്മയുടെയും മുറിക്കരികിൽ ഒരുമിച്ചുകൂടും. പിന്നീട് പണം നൽകുന്ന ചടങ്ങാണ്. ‘ഫൈസ കൊടുപ്പ്’ എന്നാണ് ഇതിനെ വിളിക്കുക. ആദ്യം വലിയുപ്പ ചെറിയ കുട്ടികൾക്ക് നൂറു രൂപയും മുതിർന്ന കുട്ടികൾക്ക് അഞ്ഞൂറു രൂപയും നൽകും. തുടർന്ന് എല്ലാ ഇളയ അമ്മാവന്മാരും അമ്മായിമാരും എല്ലാവർക്കും പണം നൽകും. അപ്പോൾ തന്നെ അത്യാവശ്യം നല്ലൊരു തുക ലഭിച്ചിട്ടുണ്ടാകും. 
തുടർന്നങ്ങോട്ട് കൂട്ടുകാരുടെ കൂടെയായിരിക്കും പെരുന്നാൾ ആഘോഷമുണ്ടാവുക. വൈകുന്നേരം അഞ്ച് മണിയാകുന്ന സമയത്ത് കുട്ടികൾ പരസ്പരം പിരിയും. ഇതിനുശേഷം മിക്ക വീട്ടുകാരും കുടുംബവുമൊത്ത് മൂല കർപ്പടൻ എന്ന നാട്ടിലെ ഏറ്റവും വലിയ ബീച്ചിൽ പോകുന്ന പതിവുണ്ട്. 

മഗ്‌രിബ് ബാങ്ക് കൊടുത്താൽ എല്ലാവരും ഉപ്പാപ്പ കാസിം വലിയുല്ലാഹി (ഖ:സി) തങ്ങൾ ഇരുന്ന സ്ഥലമാകുന്ന തങ്ങളറയിൽ എത്തിച്ചേരും. നൂറുകണക്കിനാളുകൾ അവിടെ തടിച്ച് കൂടിയിട്ടുണ്ടാവും. പിന്നെ അവിടെ ‘ലബ്ബൂസ് ഖുത്താണ്’ നടക്കുക. അതായത് കുത്ത് റാത്തീബ്. കണ്ടു നിൽക്കുന്നവരിൽ വളരെയധികം അമ്പരപ്പും ആശ്ചര്യവും ഉണ്ടാക്കുന്നത് കാണാം. തുടർന്ന് ദിക്ർ നടക്കും. പെരുന്നാൾ ദിവസത്തിന് ശേഷമായിരിക്കും ഇത്. മഹാനായ ഖാസിം വലിയുള്ളാഹി (ഖ:സി) തങ്ങളുടെ മദ്ഹ് പാടി ദിക്ർ തുടങ്ങും. രണ്ട് ദിവസം കൊണ്ട് നാട്ടിലെ എല്ലാ വീടുകളിലും ദിക്ർ നടന്നിട്ടുണ്ടാകും. ഇതവസാനിച്ചാൽ തങ്ങളുടെ ഹള്റത്തിൽ പോയി നേർച്ച നടത്തും. സാധാരണയായി ഇത് കണ്ട് വരാറുള്ളത് കവരത്തി ദ്വീപിലാണ്. അതോടു കൂടി ലക്ഷദ്വീപിൻ്റെ ബലിപെരുന്നാൾ അവസാനിക്കും. പക്ഷേ, ഈ നേർച്ചയുടെ ബാക്കിപത്രമായി ഓരോ വീടുകളിലും നേർച്ചകളും മൗലീദ് മജ്ലിസുകളും നടന്നു കൊണ്ടേയിരിക്കും. ചുരുക്കത്തിൽ, ഏറെ മനോഹരമായ ഒന്നാണ് ലക്ഷദ്വീപുകാരെ സംബന്ധിച്ചിടത്തോളം ഓരോ പെരുന്നാളും.

Questions / Comments:



7 June, 2025   06:24 pm

Midvp

7 June, 2025   06:19 pm

Kap kuttoor

ഹൃദ്യം.... നല്ലെഴുത്ത്✨