മരണത്തെ ആഗ്രഹിക്കുന്നതു പോലും ഇസ്‌ലാമിൽ തെറ്റായ കാര്യമാണ്. രോഗമായാൽ ചികിത്സിക്കാനും പിന്നെ പ്രാർത്ഥിക്കാനുമാണ് ഇസ്‌ലാമിക കൽപന. നിഷ്‌ക്രിയ ദയാവധം ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിയമവിധേയമാണ്. സാമ്പത്തിക ലാഭം നോക്കി ഉറ്റവരെ കൊലക്കു കൊടുക്കാൻ ഈ നിയമത്തിൻ്റെ ലൂപ് ഹോൾ ഉപയോഗിക്കപ്പെടുമെന്ന യാഥാർത്ഥ്യം വിസ്മരിക്കാവതല്ല.

വായിക്കാം:


കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിൽ ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ കുതിച്ചുചാട്ടങ്ങൾ മനുഷ്യരുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എങ്കിലും മരണതുല്യരായി ആശുപത്രി കിടക്കകളിൽ ജീവിതം നയിക്കുന്ന ഒരുപാട് രോഗികളുണ്ട്. ഒരുപക്ഷേ, അവരിൽ ജീവിതത്തേക്കാൾ മരണത്തെ തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരുമുണ്ട്. വേദനാജനകമായ രോഗമോ തിരിച്ചു വരവില്ലാത്ത വിധം കോമയോ ബാധിച്ചവരാണവർ. ഇതുപോലുള്ള തീരാദുരിതങ്ങളിൽ ഒരുപക്ഷെ അവരോ അവരുടെ ആശ്രിതരോ ആഗ്രഹിക്കുന്നത് ദയാവധമാണ്(euthanasia). യുത്തനേസിയ എന്ന വാക്കിന് 'ഗുഡ് ഡെത്ത്' അഥവാ നല്ല മരണം എന്നാണർത്ഥം. നെതർലാൻഡ്സ് ആണ് ലോകത്ത് ആദ്യമായി ദയാവധം നിയമവിധേയമാക്കിയ രാജ്യം. 

നീണ്ട 42 വർഷത്തോളം അബോധാവസ്ഥയിൽ കഴിയുകയും പിന്നീട് 2015ൽ ന്യൂമോണിയ ബാധിതയായി മരണപ്പെടുകയും ചെയ്ത  അരുണ ഷാൻബാഗിന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ പിങ്കി വിരാനി നൽകിയ പെറ്റീഷനിലാണ് ഇന്ത്യയിൽ ദയാവധ ചർച്ചകളാരംഭിക്കുന്നത്. അന്ന് നിബന്ധനകളോടെ പാസീവ് യുത്തനേസിയ(passive euthanasia) അഥവാ നിഷ്ക്രിയ ദയാവധം അനുവദിച്ചെങ്കിലും കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടെ മാത്രമേ നിഷ്ക്രിയ ദയാവധം നടപ്പിലാക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. 

ബന്ധുക്കളില്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾക്ക് അനുവാദം നൽകാം. അരുണ ഷാൻബാഗിന്റെ അടുത്ത സുഹൃത്തുക്കളായി അന്ന് കോടതി പരിഗണിച്ചത്  അരുണയെ ശുശ്രൂഷിച്ചിരുന്ന മുംബൈയിലെ കെ ഇ എം ആശുപത്രിയിലെ നഴ്സുമാരെയായിരുന്നു. അരുണയെ മരണത്തിനു വിട്ടു നൽകാനാവില്ലെന്ന അവരുടെ കടുത്ത നിലപാട് പിങ്കി പിരാനി നൽകിയ പെറ്റീഷൻ തള്ളപ്പെടാൻ കാരണമായി. 

അരുണയുടെ മരണത്തിനുശേഷം 2018 ലാണ് കോമൺ കോഴ്സ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നത്. കോമൺ കോഴ്സ് എന്ന എൻ ജി ഒ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് 2005ലാണ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. 

2003ല്‍ കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായ പരുക്കുകളേറ്റ് 13 വർഷമായി ചലനമറ്റു കിടക്കുന്ന ഡൽഹിയിലെ ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് 2026 മാർച്ച് 11ൽ കോടതി ദയാവധത്തിന് അനുവദിച്ചിരിക്കുകയാണ്. ജീവൻ രക്ഷാ സംവിധാനങ്ങളോ ചികിത്സയോ പിൻവലിക്കുമ്പോൾ ഏതാണോ രോഗിക്ക് ഏറ്റവും ഗുണകരമാവുക എന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്ന് സുപ്രീം കോടതി  പ്രസ്താവിച്ചു. 

സജീവ ദയാവധവും(active euthanasia) നിഷ്ക്രിയ ദയാവധവുമാണ്(Passive euthanasia) ദയാവധത്തിന്റെ പ്രധാന ഇനങ്ങൾ. ഡോക്ടറുടെ സാന്നിധ്യത്തിൽ മരുന്നോ കുത്തിവെപ്പോ ഉപയോഗിച്ചുകൊണ്ടുള്ള സജീവ ദയാവധം ഇന്ത്യയിൽ അനുവദനീയമല്ല. ശക്തമായ ഉപാധികളോടെ നിഷ്ക്രിയ ദയാവധത്തിനാണ് സുപ്രീം കോടതി അനുവാദം നൽകിയിട്ടുള്ളത്. ജീവൻ നിലനിർത്താൻ സഹായകമാകുന്ന ചികിത്സകൾ ഉദാഹരണത്തിന് വെന്റിലേറ്റർ,ഫീഡിങ് ട്യൂബ് തുടങ്ങിയവ നിർത്തുകയോ നൽകാതിരിക്കുകയോ ചെയ്യുന്നതിലൂടെ സ്വാഭാവികമായി മരണം സംഭവിക്കാനനുവദിക്കുന്ന രീതിയാണ് നിഷ്ക്രിയ ദയാവധം. 

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് ജീവന്റെ സംരക്ഷണം. സ്വന്തം ശരീരത്തിൽ ഉടമസ്ഥാവകാശമില്ലാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ മനുഷ്യന് സ്വതന്ത്രമായ അധികാരമില്ല, അതിനാൽ ജീവനാശത്തിന് കാരണമാകുന്ന പ്രവൃത്തികൾ ചെയ്യുന്നത് വിശ്വാസിക്കൊരിക്കലും അനുവദനീയമാവില്ല.
രോഗം വന്നാൽ  ചികിത്സതേടുന്നതിന്റെ അടിസ്ഥാനപരമായ വിധി സുന്നത്താണെങ്കിലും  ചികിത്സിച്ചില്ലെങ്കിൽ ജീവനാശം സംഭവിക്കുമെന്നോ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തിന് കേടുപാട് സംഭവിക്കുമെന്നോ പേടിയുണ്ടാവുകയും പുറമെ, ചികിത്സ ഫലപ്പെടുമെന്ന മികച്ച ധാരണയുമുണ്ടെങ്കിൽ ചികിത്സ നിർബന്ധമാണ്.

ഈയൊരടിസ്ഥാനത്തിൽ ഗുരുതരമായ അസുഖം, അല്ലെങ്കിൽ അബോധാവസ്ഥ കാരണമായോ ഭാവിയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ തനിക്ക് എന്ത് ചികിത്സ വേണം, വേണ്ട എന്ന് രേഖാമൂലം മുൻകൂട്ടി എഴുതി വയ്ക്കുന്ന രേഖയായ അഡ്വാൻസ് ഡയറക്റ്റീവിൽ(Advance directive) ഒരാൾ ചികിത്സ വേണ്ടെന്ന് വെച്ചാൽ അതിനു വഴങ്ങി ചികിത്സ ലഭ്യമാക്കാതിരിക്കൽ  ആശ്രിതർക്ക്‌ നിഷിദ്ധമാണ്. ഇസ്‌ലാമിക ശരീഅത്ത് നിയമമനുസരിച്ച് മരുന്നുപയോഗിച്ചോ മറ്റോ വേദനയില്ലാതെ ജീവിതം അവസാനിപ്പിക്കുന്ന സജീവ ദയാവധം അനുവദനീയമല്ല, അത് നിഷിദ്ധമാണ്.

രോഗം സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ള ആളുകൾ ചികിത്സ നിഷേധിച്ചു കൊണ്ടോ(withholding) ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉപകരണം നീക്കിക്കൊണ്ടോ(withdrawing) ചെയ്യുന്ന നിഷ്ക്രിയ ദയാവധവും അനുവദനീയമല്ല. ഇനി രോഗം സുഖപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത മാറാരോഗിയാണെങ്കിൽ അവർക്ക് ചികിത്സ പിൻവലിക്കൽ കൊണ്ട് കുഴപ്പമുണ്ടാവില്ല . ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന്റെ അടിസ്ഥാനദർശനം പ്രകാരം മനുഷ്യജീവിതം പരിശുദ്ധമാണ്. അതവസാനിപ്പിക്കുന്ന രീതി അനുവദനീയമല്ല.എന്നാൽ ചികിത്സയുടെ പരിധികളും വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളും പരിഗണിച്ച് ചില സാഹചര്യങ്ങളിൽ ചികിത്സ തുടരണമോ വേണ്ടയോ എന്നത് വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചു തീരുമാനിക്കപ്പെടാം.

Questions / Comments:



No comments yet.