കേരളത്തിലെ ദീനി പ്രബോധന മണ്ഡലം സജീവമാക്കുന്നതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. ആരാധനകളുമായി കഴിഞ്ഞുകൂടുന്നതിലുപരി അവർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്തു. അവരിൽ പ്രധാനിയാണ് മമ്പുറം ഫസൽ തങ്ങൾ.
വായിക്കാം:
വിദ്യാഭ്യാസവും പ്രവർത്തനങ്ങളും
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായി ഹിജ്‌റ 1240-ലാണ് സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ ജനിക്കുന്നത്. പിതാവിന്റെ ആത്മീയ ശിഷ്യണത്തിലാണ് അദ്ദേഹം വളർന്നത്. ചാലിലകത്ത് ഖുസ്സയ് ഹാജിയിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് പരപ്പനങ്ങാടി അബൂബക്കർ മുസ്‌ലിയാർ, ബൈത്താൻ മുഹമ്മദ് മുസ്‌ലിയാർ, വെളിയങ്കോട് ഉമർ ഖാളി, കോഴിക്കോട് ഖാളി മുഹ്‌യിദ്ദീൻ, തിരൂരങ്ങാടി ഖാളി സൈനുദ്ദീൻ മുസ്‌ലിയാർ, ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ (ഹളർമൗത്) തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ കീഴിൽ പഠിച്ചു. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കഴിവ് തെളിയിച്ചു. എഴുത്തിലും സംസാര ശേഷിയിലും മികവ് പുലർത്തി. 1844-ൽ ഉപരിപഠനത്തിനായി മക്കയിലേക്ക് യാത്ര ചെയ്ത അദ്ദേഹം അവിടെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇത് പിന്നീട് അദ്ദേഹത്തെ അറബ്യയിലേക്ക് നാടുകടത്തിയപ്പോൾ ഏറെ സഹായിച്ചു. യമനിൽ വെച്ച് ബാഅലവി സരണിയിലെ ആധ്യാത്മിക യാത്ര പൂർത്തിയാക്കി ഖിലാഫത് പട്ടം ഏറ്റുവാങ്ങി.
പിതാവ് സയ്യിദ് അലവി തങ്ങൾ വഫാത്തായപ്പോൾ, തൻ്റെ ഇരുപതാം വയസ്സിൽ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ബ്രിട്ടീഷ് ആധിപത്യത്തിനും സാംസ്കാരിക കടന്നുകയറ്റത്തിനും അറുതിവരുത്താൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. സാമൂഹിക പരിഷ്കരണത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഈ കാലഘട്ടത്തിൽ മാപ്പിളമാരുടെ നേതൃത്വത്തിൽ ജന്മിമാർക്കെതിരെ നടന്ന കലാപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി താഴ്ന്ന ജാതിക്കാർ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാതിരിക്കാനും പുതിയതായി മതം മാറിയവരെ ഇസ്‌ലാമിന്റെ നേർവഴിക്ക് നയിക്കാനും സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. പൊതു പ്രസംഗങ്ങളിലൂടെയും ലഘുലേഖകളിലൂടെയും അദ്ദേഹം മുസ്‌ലിം സമുദായത്തെ പ്രബുദ്ധരാക്കി. ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ അദ്ദേഹം രംഗത്തുവന്നു. നമ്പൂതിരിമാരുടെയും നായന്മാരുടെയും എച്ചിൽ സ്വീകരിക്കുന്നതും, ജന്മിമാരെയും നായന്മാരെയും ആദരസൂചകമായ സ്ഥാനപ്പേരുകൾ ഉപയോഗിച്ച് വിളിക്കുന്നതും, അവർക്ക് മുമ്പിൽ തലകുനിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് പുതുതായി ഇസ്‌ലാം സ്വീകരിച്ചവർക്ക് വലിയ ആശ്വാസമായി. ഇത് ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സമുദായത്തിലെ ആത്മീയ നേതാവ് എന്നതിനപ്പുറം, സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളെ നേതാവായാണ് ആളുകൾ കണ്ടിരുന്നത്. അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനും നിരവധി പേർ എത്തിയിരുന്നു. അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണ്ണ് ജനങ്ങൾ പുണ്യമായി കരുതി. ബ്രിട്ടീഷ് രേഖകളിൽ അദ്ദേഹത്തെ 'മാപ്പിള വിമതൻ', 'കലാപകാരി', 'നിയമവിരുദ്ധനായ മതഭ്രാന്തൻ' എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് വിശേഷിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അദ്ദേഹം ഉയർത്തിയ വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ പങ്ക്
പിതാവ് സയ്യിദ് അലവി തങ്ങളെപ്പോലെ, സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളും ശക്തമായ ബ്രിട്ടീഷ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. മാപ്പിള കലാപങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രമായി ബ്രിട്ടീഷുകാർ അദ്ദേഹത്തെ കണ്ടു. 1849-ലെ മഞ്ചേരി കലാപം, 1851-ലെ കൊളത്തൂർ കലാപം, 1852-ലെ മട്ടന്നൂർ കലാപം എന്നിവയുൾപ്പെടെ നിരവധി കലാപങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മലബാറിൽ അരങ്ങേറി. ഈ കലാപങ്ങളിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ ബ്രിട്ടീഷുകാർ നിരവധി കാരണങ്ങൾ നിരത്തി. കലാപങ്ങൾ കൂടുതലായി നടന്നത് തിരുരങ്ങാടിക്ക് ചുറ്റുവട്ടത്തും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കിടയിലുമായിരുന്നു എന്ന് കനോലി നിരീക്ഷിച്ചു. മാപ്പിള പോരാളികളുടെ വീരഗാഥകളെ പ്രകീർത്തിക്കുന്ന പടപ്പാട്ടുകൾ അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടിരുന്നു. മിക്ക കലാപകാരികളും കലാപം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം തേടിയിരുന്നു. 1836-നും 1843-നുമിടയിലും 1849-നും 1853-നുമിടയിലുമായാണ് കലാപങ്ങൾ കൂടുതലുണ്ടായത്. തങ്ങൾ മലബാറിൽ ഇല്ലാതിരുന്ന 1844-49 കാലയളവിൽ കലാപങ്ങൾക്ക് ഒരു ഇടവേളയുണ്ടായി എന്നത് കലാപത്തിലെ അദ്ദേഹത്തിൻ്റെ പങ്കിൻ്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു.
ജന്മിമാർക്കെതിരെയും ജാതിവ്യവസ്ഥക്കെതിരെയും അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചു. വില്യം ലോഗൻ രേഖപ്പെടുത്തുന്നത്, ഒഴിപ്പിക്കൽ നടത്തുന്ന ജന്മിമാരെ കൊല്ലുന്നത് തെറ്റല്ല, മറിച്ച് പുണ്യമാണെന്ന് അദ്ദേഹം വെള്ളിയാഴ്ച ഖുതുബകളിൽ പറഞ്ഞിരുന്നു എന്നാണ്. മാപ്പിള കലാപങ്ങളുടെ പ്രധാന കാരണം മുസ്‌ലിംകളുടെ മതഭ്രാന്താണെന്നും, മുസ്‌ലിം ആത്മീയ നേതാക്കന്മാരാണ് ഇത് ആളുകളുടെ മനസ്സിലേക്ക് കുത്തിവെക്കുന്നതെന്നും ടി.എൽ. സ്ട്രേഞ്ച് തൻ്റെ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു. തങ്ങളെ നാടുകടത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് സ്ട്രേഞ്ച് ഇത്തരം നുണകൾ പടച്ച് വിട്ടത്. അദ്ദേഹത്തിന്റെ റിപ്പോർട്ട് മാപ്പിള ഔട്ട്രേജസ് ആക്റ്റ് (1854), മാപ്പിള വാൾ കത്തി നിയമം എന്നിവയുടെ നിർമ്മാണത്തിന് വഴിതെളിയിച്ചു.
ചില ചരിത്രകാരന്മാർ അദ്ദേഹത്തെ വഹാബി ചിന്താഗതികളാൽ സ്വാധീനിക്കപ്പെട്ടയാളായി ചിത്രീകരിക്കുന്നുണ്ട്. മക്കയിലെ താമസക്കാലത്ത് സലഫി പണ്ഡിതന്മാരോടൊത്ത് ഇടപെടേണ്ടിവന്നതും, മതപരവും ധാർമ്മികവുമായ കാര്യങ്ങളിലെ അദ്ദേഹത്തിന്റെ കർശന നിർദ്ദേശങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൈമുത്തുന്നതും ശൈഖുമാർക്ക് മുമ്പിൽ കുമ്പിടുന്നതും പോലുള്ള ചില ആചാരങ്ങളെ അദ്ദേഹം വിമർശിച്ചത് അദ്ദേഹത്തിന്റെ ഭക്തിയും ലാളിത്യവും വിവേകവും കാരണം മാപ്പിളമാർ സ്വീകരിച്ചു എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് അദ്ദേഹത്തെ വഹാബിയായി മുദ്രകുത്താനുള്ള ശ്രമമാണെന്നും, റാത്തീബ് പോലുള്ള വഹാബികൾ എതിർക്കുന്ന കാര്യങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിരുന്നു എന്നും മറ്റു സ്രോതസ്സുകൾ പറയുന്നു. അദ്ദേഹത്തിന്റെ ചിന്തകളും സിദ്ധാന്തങ്ങളും അദ്ദേഹം സുന്നിസത്തിന്റെ ഉറച്ച പിന്തുണക്കാരനായിരുന്നുവെന്ന് തെളിയിക്കുന്നു എന്നും അഭിപ്രായമുണ്ട്.
സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ അറേബ്യയിലേക്ക് നാടുകടത്താൻ ഗൂഢാലോചന നടത്തി. 1852 ഫെബ്രുവരി 12-ന് മദ്രാസ് ഗവൺമെന്റ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചു. 1852 മാർച്ച് 19-ന് ഹജ്ജിന്റെ മറവിൽ അദ്ദേഹത്തെ കുടുംബത്തോടും അനുയായികളോടുമൊപ്പം അറേബ്യയിലേക്ക് നാടുകടത്തി. നാടുകടത്തൽ വാർത്ത പരന്നപ്പോൾ 12,000-ത്തോളം സായുധരായ മാപ്പിളമാർ സർക്കാർ നടപടി തടയാൻ തിരൂരങ്ങാടിയിൽ തടിച്ചുകൂടി. എന്നാൽ സർക്കാർ നടപടിയെ വെല്ലുവിളിക്കരുതെന്ന് തങ്ങൾ തന്നെ അവരോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് അവർ പിരിഞ്ഞുപോയി. തങ്ങൾ യാത്ര പുറപ്പെട്ടപ്പോൾ 8,000 പേർ അദ്ദേഹത്തെ അനുഗമിച്ചു. നാടുകടത്തൽ നിർദ്ദേശിച്ച കളക്ടർ എച്ച്.വി. കനോലി പിന്നീട് 1855 സെപ്റ്റംബറിൽ മാപ്പിളമാരാൽ കൊല്ലപ്പെട്ടു.
തുടക്കത്തിൽ യമനിലെ പൂർവ്വിക ഭവനത്തിലേക്ക് പോകാൻ ഉദ്ദേശിച്ചെങ്കിലും പിന്നീട് മക്കയിൽ താമസമാക്കി. അറേബ്യയിലും അദ്ദേഹം ജനസ്വീകാര്യത നേടുന്നുണ്ട്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ മധ്യസ്ഥൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായി. ദോഫാറിലെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് തങ്ങളായിരുന്നു മുന്നിൽ നിന്നിരുന്നത്. പിന്നീട് ഓട്ടോമൻ ഭരണത്തിൽ ഉന്നത സ്ഥാനം ലഭിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ ഓട്ടോമൻ ഭരണത്തിൽ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തുന്നത്.
മലബാറിൽ ആയിരുന്നപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിൽ, നാടുകടത്തലിന് ശേഷമുള്ള അദ്ദേഹത്തിന്റെ സമീപനം കൂടുതൽ മിതമായ ഒന്നായിരുന്നു. ഒരു മുസ്‌ലിം രാജ്യത്തിന്റെ (ദോഫാർ) അഭിവൃദ്ധിക്കായി ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കാം. ബ്രിട്ടീഷുകാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിൽ ഇത് അനുവദനീയമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ദോഫാറിന് ബ്രിട്ടീഷുകാരുടെ അംഗീകാരം തേടി ഏദനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അദ്ദേഹം 1877-ൽ സന്ദർശിച്ചിരുന്നു.
കൃതികൾ
സയ്യിദ് ഫള്ൽ കഴിവുറ്റ ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. ആത്മീയത, വിശ്വാസം, കർമ്മം, ചരിത്രം തുടങ്ങി നിരവധി മേഖലകളെ സ്പർശിക്കുന്ന ഇരുപതോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ രചനകളെല്ലാം ആശയസമ്പുഷ്ടവും അറബി ഭാഷാ പ്രയോഗത്തിൽ മികച്ചുനിൽക്കുന്നതുമാണ്. അധിനിവേശ ശക്തികൾക്കെതിരെ അദ്ദേഹം തൂലിക ചലിപ്പിച്ച കൃതികളിൽ പ്രധാനപ്പെട്ടതാണ് 'ഉദ്ദത്തിൽ ഉമറാ' വിദേശാധിപത്യത്തിനെതിരായ ഒരു സാഹിത്യ യുദ്ധം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പോരാടാൻ ഈ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പത്ത് അധ്യായങ്ങളുള്ള ഈ കൃതിയിൽ അധിനിവേശ ശക്തികളോടുള്ള സമീപനം എങ്ങനെയയിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുസ്‌ലിം ലോകത്തോട് ഐക്യപ്പെടാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ദത്തിൽ ഉമറാ എന്ന ഗ്രന്ഥം ജനങ്ങളെ ഏറെ സ്വാധീനിച്ചു. പള്ളികളിലൂടെ ഇത് പ്രചരിപ്പിക്കപ്പെട്ടു, വെള്ളിയാഴ്ച ഖുതുബകളിൽ ഇത് ഉദ്ധരിക്കപ്പെട്ടു. ഗ്രന്ഥത്തിന്റെ പ്രചാരം ഭയന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ഇതിന്റെ പ്രസിദ്ധീകരണം നിരോധിച്ചു. ഈജിപ്തിൽ നിന്ന് 1856-ലാണ് അറബിയിലുള്ള ഈ ഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഇത് ഓട്ടോമൻ സുൽത്താന് സമർപ്പിക്കപ്പെട്ടു. 'ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുക, കാരണം സ്വർഗ്ഗം വാളുകളുടെ നിഴലിലാണ്' എന്ന് ഗ്രന്ഥത്തിലെ ഓരോ പേജിലും രേഖപ്പെടുത്തിയിരുന്നു. ഇത് ഓട്ടോമൻ ഭരണാധികാരികളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന് തെളിവാണ്. ഇംഗ്ലീഷുകാർക്കെതിരായ പോരാട്ടത്തിനുള്ള (ജിഹാദ്) ആഹ്വാനം മാത്രമല്ല, ഇസ്‌ലാമിക ദഅവത്, സ്വഭാവ ശുദ്ധീകരണം, ആത്മസംസ്‌കരണം (നഫ്‌സുമായുള്ള ജിഹാദ്), മത രാഷ്ട്രീയ നേതൃത്വത്തോടുള്ള (ഉലമാ-ഉമറാ) അനുസരണ തുടങ്ങി ഇസ്‌ലാമിക നൈതിക ജീവിതത്തിനുള്ള സമ്പൂർണ്ണ വഴികാട്ടിയെന്ന നിലയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അവിശ്വാസികളുടെ ഗൂഢാലോചനകളെക്കുറിച്ചും അവരെ സംരക്ഷകരായി സ്വീകരിക്കുന്നതിനെക്കുറിച്ചും ഗ്രന്ഥം മുന്നറിയിപ്പ് നൽകുന്നു.
ആത്മീയ ജീവിതം
സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളുട പ്രവർത്തന മേഖല സൂഫിസം മാത്രമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ കേന്ദ്രം ആത്മീയതയായിരുന്നു. ബാല്യം മുതലേ ആത്മീയ പരിശീലനവും പരിപാലനവും ലഭിച്ച അദ്ദേഹം ഒരു ആധ്യാത്മിക ഗുരു കൂടിയായിരുന്നു. തസ്‌കിയ, ഇഖ്‌ലാസ്, ഇസ്തിഖാമത് എന്നീ സൂഫി സംജ്ഞകളിലായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. വിശ്വാസ ദൃഢത കൈവരിച്ചതിനു ശേഷമാവണം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലേക്ക് കടക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ സൂഫി ദർശനങ്ങളും ആത്മീയ സിദ്ധിയും മലബാറിൽ അദ്ദേഹത്തിന് അഭൂതപൂർവ്വമായ ജനസമ്മതി നേടാൻ കാരണമായി എന്ന് വില്യം ലോഗൻ സാക്ഷ്യപ്പെടുത്തുന്നു. കൊണോലിയുടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ അദ്ദേഹം രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും അവരുടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത് ജനങ്ങളിൽ ആത്മീയ ആവേശം സൃഷ്ടിച്ചു. അറേബ്യയിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ, ഹിജ്‌റ 1318 (1901)-ൽ കോൺസ്റ്റാന്റിനോപ്പിളിൽ വെച്ച് വഫാത്തായി. 78 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ലോകമെമ്പാടുമുള്ള മുസ്‌ലിം ലോകത്തെ ദുഃഖത്തിലാഴ്ത്തി. സുൽത്താൻ മുഹമ്മദ് ഖാന്റെ ഖബറിനടുത്തായാണ് അദ്ദേഹത്തെ ഖബറടക്കിയത്.
റഫറൻസ്
- സയ്യിദ് ഫസൽ തങ്ങൾ: അധിനിവേശ വിരുദ്ധ ചരിത്രത്തിലെ നിത്യ സാന്നിധ്യം
- സയ്യിദ് ഫസൽ : ഒരു ആഗോള മുസ്‌ലിമിൻ്റെ സഞ്ചാരപഥങ്ങൾ
- മമ്പുറം തങ്ങൾ: ആത്മീയത, ജീവിതം പോരാട്ടം
- Mappila Muslims: A study on Society and Anti-colonial Struggles
- Mappila Leader in Exile: A Political Biography of Sayed Fazal pookoya Thangal