'ദി സിറ്റി ഓഫ് ഡ്രീംസ്' എന്നാണ് മുംബൈ നഗരത്തിന്റെ ഓമനപ്പേര്. 'നമ്മൾ ഇന്ത്യൻ ജനത'യെന്ന മുദ്രാവാക്യമേന്തി ഇന്നവിടെയാണ് രാജ്യം. അമ്പതാണ്ട് മുമ്പ് കേരളത്തിലെ കുഗ്രാമങ്ങളിൽ നാമ്പെടുത്ത എസ് എസ് എഫെന്ന ആശയം 'ഇങ്കിലാബ് ലായെൻഗെ' എന്നേറ്റുവിളിച്ചു കൊണ്ട് പുതിയ ആകാശങ്ങളെ പ്രതിജ്ഞയെടുക്കുന്നു.
കേരളത്തിലെയൊരു കൊച്ചുഗ്രാമത്തിൽ മിഴി തുറന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം അമ്പത് വയസിൽ എത്തി നിൽക്കുന്നു. അഞ്ചു പതിറ്റാണ്ടിന്റെ കാതലുറപ്പുള്ള പ്രസ്ഥാനത്തിന്റെ ചില്ലകൾ ഇന്ത്യാരാജ്യമെങ്ങും തണലൊരുക്കുകയും ഭൂഖണ്ഡങ്ങൾ താണ്ടി അതിന്റെ മന്ദമാരുതൻ അടിച്ചു വീശുകയും ചെയ്യുന്നു. 1970 കളിൽ മലബാറിലെ ഉൾഗ്രാമങ്ങളിലെ മുസ്‌ലിം യുവാക്കൾ മാത്രം കേട്ടു ശീലിച്ച ' ധാർമിക വിപ്ലവം സിന്ദാബാദ്' എന്ന മുദ്രാവാക്യം ഇന്ന് രാജ്യത്തിന്റെ ഓരോ ദിക്കിലും മുസ്‌ലിം സമുദായത്തിലെ പുതിയ തലമുറ ഏറ്റു വിളിക്കുന്ന, ചേർത്തുപിടിക്കുന്ന സുന്ദരമായ കാഴ്ച.
ഇന്ത്യ മികച്ച ജനാധിപത്യരാഷ്ട്രമാണെങ്കിലും അധികാരത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളേയും ദളിതുകളെയും രണ്ടാംകിട പൗരന്മാരാക്കി മാറ്റി നിർത്താനുള്ള അജണ്ടകളുമായി ഭരണകൂടം അണിയറയിൽ തകൃതിയിലാണ്.
വർത്തമാന ഇന്ത്യയിൽ പൗരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ പോലും ഭരണകൂടം തയ്യാറാകാത്ത സങ്കടകരമായ കാഴ്ചയാണ് നാം കാണുന്നത്. അധികാരത്തിന്റെയും ആൾബലത്തിന്റെയും പിന്തുണയിൽ രാജ്യത്തെ ന്യൂനപക്ഷത്തെ അരികുവൽക്കരിച്ച് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന ദുരവസ്ഥ ജനാധിപത്യ ബോധമുള്ള ഏതൊരു പൗരനെയും നൊമ്പരപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും തിങ്ങിപ്പാർക്കുന്ന ഗ്രാമാതിർത്തികൾ കടന്നാൽ വർത്തമാന ഇന്ത്യയുടെ പുരോഗമന സാധ്യതകൾ കടത്തിണ്ണകളിലും അഴുക്കുചാലുകളിലും കരകയറാതെ അലയുന്നത് കാണാം.ഗാന്ധിജി തിരിഞ്ഞുനോക്കാൻ പറഞ്ഞ, രാജ്യത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങൾ ഇന്നും സഹാനുഭൂതിയുടെ ഒരിറ്റ് നോട്ടത്തിനായി കേഴുകയാണ്. ഇവിടേക്കൊന്നും കണ്ണോടിക്കാൻ പോലും രാജ്യത്തെ അധികാരകേന്ദ്രങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.
മതിലുകൾ കെട്ടി മറച്ചാൽ വികസനമായെന്ന് വിശ്വസിക്കുന്ന, ആഴിമതികളും സുരക്ഷാ വീഴ്ചകളും പീഡന കഥകളും ദൈനംദിന വാർത്തകളും സർവസാധാരണവും സ്വാഭാവിക പ്രതിഭാസങ്ങളുമായ പ്രതീതിയിലാണ് പുതിയകാല ഇന്ത്യൻ വർത്തമാനം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എപ്പോഴാണോ പൂർണമായും ലഭ്യമാകുന്നത്, ദളിതുകളുടെ കണ്ണുനീര് എന്നാണോ അവസാനിക്കുന്നത്, ആദിവാസികളുടെ നൊമ്പരങ്ങൾ എപ്പോഴാണ് പൂർണമായും നിലയ്ക്കുന്നത്, വിദ്യാഭ്യാസ മേഖലയിൽ എന്നാണ് തുല്യ അവസരങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെ തുടങ്ങി ഭരണഘടന ഉറപ്പു തരുന്ന അടിസ്ഥാന അവകാശങ്ങൾ തടസ്സം കൂടാതെ ലഭ്യമാകുമ്പോഴാണ് രാജ്യത്തിന്റെ അസ്ഥിത്വം പരിപാലിച്ചുകൊണ്ടുള്ള വികസനം സാധ്യമായെന്ന് പറയാനാവൂ.
കേരളത്തിന് പുറത്ത് ടാറിട്ട റോഡുകളും ഇലക്ട്രിക് പോസ്റ്റുകളും അവസാനിക്കുന്നിടത്ത് അധികാര രാഷ്ട്രീയത്തിന്റെ നോട്ടം പോലും എത്താത്ത സ്ഥിതിവിശേഷമുണ്ട്. ചേരികളിലും നഗരങ്ങളിലെ പുറമ്പോക്കുകളിലും ജീവിക്കാൻ വിധിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങൾക്കും യുവജനങ്ങൾക്കും പ്രതീക്ഷയുടെ ചൂട്ടുപിടിക്കുകയാണ് എസ് എസ് എഫ്. വിദ്യാഭ്യാസത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യത്തെ എങ്ങനെ പ്രയോഗ വൽക്കരിക്കാമെന്ന് നവ ഇന്ത്യയിൽ അനിവാര്യമായ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനം നിർവഹിച്ച് രാജ്യത്തിന്റെ പുരോഗതിയിലും ഉന്നമനത്തിലും വേഗം കൂട്ടുകയാണ് അമ്പതാണ്ട് തികഞ്ഞ ത്രയാക്ഷരി.
അൻപത് കൊല്ലങ്ങൾക്കപ്പുറം കേരളത്തിലെ ധിഷണാശാലികളായ പണ്ഡിതർ ദീർഘവീക്ഷണത്തോടെ എസ് എസ് എഫിനെ ഒരുക്കിയതിന്റെ ഫലശ്രുതിയാണ് മുംബൈയിലെ ഏകതാ ഉദ്യാനിൽ ഒത്തുകൂടിയ അനേകായിരങ്ങൾ. ഗോൾഡൻ ഫിഫ്റ്റി ഇന്ത്യയുടെ വ്യവസായ നഗരത്തിൽ സമാപിക്കുന്നത് നാളെയുടെ പുലരികളിൽ പ്രതീക്ഷയുടെ വിത്തുകൾ പാകികൊണ്ടാണ്.
ഇന്ത്യൻ ജനതയ്ക്ക് ധാർമികബോധവും നിർമ്മാണാത്മകവുമായൊരു വിദ്യാർത്ഥി സംഘടനയുടെ സാന്നിധ്യം എന്നതിനേക്കാളുപരി ഏറെ ആവശ്യമായ സന്ദർഭത്തിലൊരു സമൂഹത്തിന്റെ നാനോന്മുഖ ഉന്നമനത്തിനുള്ള കരുത്ത് പകരാൻ പ്രാപ്തിയുള്ള പ്രസ്ഥാനമായി എസ് എസ് എഫ് പടർന്ന് പന്തലിക്കുകയാണ്. വിശാലമായൊരു ചരിത്രദൗത്യത്തെ കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത ചുമതലബോധത്തിൽ നിന്നാണ് എസ് എസ് എഫ് ഇക്കാലമത്രയും അതിന്റെ നിലപാടുകളും പ്രവർത്തന രീതികളും ചിട്ടപ്പെടുത്തികൊണ്ടിരിക്കുന്നത്.
ഒരു വിദ്യാർത്ഥി പ്രസ്ഥാനം അതിന്റെ വാർഷികാഘോഷങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിന്റെ രാഷ്ട്രീയം അനന്യ വികാസമുള്ളതാണ്. ഭരണ രംഗത്ത് ജനാധിപത്യത്തിന് ഭീഷണി ഉയർത്തി ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം തേറ്റ കാട്ടി പ്രത്യക്ഷമാകുമ്പോൾ 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രതിരോധ മതിൽ തീർക്കുകയാണ് ധാർമിക വിദ്യാർത്ഥി സംഘം. പൗരാവകാശങ്ങളെ വെല്ലുവിളിക്കുന്ന നിർണായക മുഹൂർത്തത്തിൽ ഇതുപോലൊരു മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നതിനേക്കാൾ വലിയ മറ്റൊരു രാഷ്ട്രീയ പ്രവർത്തനമില്ല എന്ന ഉത്തമമാതൃകയാണ് എസ് എസ് എഫ് ഒരുക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ന്യൂനപക്ഷങ്ങൾക്കും മാറ്റിനിർത്തപ്പെട്ടവർക്കും ദൈനംദിന ജീവിതത്തിനു പ്രയാസമാകുന്ന ആശയങ്ങളും നിലപാടുകളും ഇന്ത്യൻ രാഷ്ട്രീയത്തെ പിറകോട്ട് വലിക്കും.
അപ്പോൾ രാഷ്ട്ര ശില്പികളുടെ സ്വപ്നം വീണ്ടെടുക്കുകയാണ് പരിഹാരം. ഈ സ്വപ്നം പുലരാൻ അവബോധമുള്ള പൗരന്മാർ രാജ്യത്ത് ഉണ്ടാകുക എന്നത് പ്രധാനമാണ്. ഈ ബോധ്യമാണ് എസ് എസ് എഫിനെ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും സ്കൂൾ ഓൺ വീൽസ് പദ്ധതികളും ആവിഷ്കരിക്കുന്നത്. ഈ ആവിഷ്കരണത്തിൽ കെട്ടിട സമുച്ചയങ്ങൾ കാണാൻ സാധിക്കുകയില്ല. കാരണം, ഇതിന്റെ പ്രവർത്തനമണ്ഡലം വൈദ്യുതി കാല് പോലും എത്തിനോക്കാത്ത ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലെ ചായ്പ്പുകളിലാണ്.
ജനോന്മുഖ വികസന പ്രവർത്തനങ്ങളിൽ ചോദ്യങ്ങൾ ഉയർത്താൻ, ഇടപെടാൻ നമുക്ക് കഴിയാതെ പോകുന്നതാണ് ഫാസിസത്തിന്റെ വിജയം.
ഈ ശൂന്യതകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണം. കലാലയങ്ങളിൽ രാജ്യത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കണം. എസ് എസ് എഫ് പ്രവർത്തനങ്ങളെ ഗ്രാമാന്തരങ്ങളിൽ മാത്രം ഒതുക്കാതെ രാജ്യത്തെ ഒട്ടുമിക്ക ക്യാമ്പസുകളിലും ത്രിവർണ പതാകയെ അന്തസോടെ ഉയർത്തിക്കെട്ടിയത് ഈ താൽപര്യങ്ങൾ മുന്നിൽ വച്ചാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തെ അടിസ്ഥാനപരമായി സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ദൗത്യമാണ് എസ് എസ് എഫ് ഇന്ത്യയിൽ നടത്തിയ വിപ്ലവങ്ങളിൽ പ്രധാനം.
ഗ്രാമങ്ങളെ തൊട്ടുണർത്തി കേവലമായൊരു വാർഷികം ആഘോഷിച്ചു പിരിയാൻ വേണ്ടിയല്ല ഏകതാ ഉദ്യാനിൽ ഒരുമിച്ചു കൂടിയത്. ഇക്കാലമത്രയും ഇന്ത്യയുടെ മണ്ണിൽ വിയർപ്പൊഴുക്കിയത് ഒരു രാഷ്ട്രീയ ലോഭിയുടെയും മടിയിൽ തല ചായ്ക്കാനല്ല. ഭരണകൂടം ഓരോ ഇടങ്ങളിലും അതിന്റെ കരാളഹസ്തം താഴ്ത്തിയിറക്കുമ്പോഴും അധഃസ്ഥിത വിഭാഗങ്ങളെ തോളോട് ചേർക്കാനും പുതിയ പ്രതീക്ഷയുടെ പുലരി കാണിക്കാനും അവരുടെ കൂടെ നിന്ന് പ്രവർത്തിക്കാനും നമ്മളെല്ലാവരും ഒന്നാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഗോൾഡൻ ഫിഫ്റ്റി ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും മുറിഞ്ഞു പോയിട്ടില്ലാത്ത ശുഭാപ്തിവിശ്വാസത്തിന്റെ തുറവികളിലേക്ക് വഴികാട്ടുകയാണ്. ദീർഘവീക്ഷണമുള്ള ഉലമാക്കൾ ചൂട്ടുപിടിച്ച് വെട്ടം തെളിയിച്ചു അവർക്കു മുമ്പിലുണ്ടെന്ന യാഥാർത്ഥ്യം ഇന്ത്യയെ ബോധ്യപ്പെടുത്തുക കൂടിയാണ്.