പ്രതാപ്ഗഡിലെ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരൻ ചന്ദ്രമണി തിവാരിയാണ് കൊന്നത്. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി മകൻ അനുസ്മരിക്കുന്നു. വെറുപ്പ് ജീവനെടുക്കുന്ന ന്യൂനപക്ഷങ്ങൾ അശാന്തിയുടെ ഇന്ത്യ അസ്തമിച്ചില്ലെന്ന് ആവർത്തിക്കുകയാണ്. |
2014 മുതലുള്ള 10 വർഷത്തെ നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യയെ ഭയത്തിന്റെയും വെറുപ്പിന്റെയും റിപ്പബ്ലിക്കാക്കി പരുവപ്പെടുത്തിയിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷവംശഹത്യകളുമാണിപ്പോൾ ഭരണകൂടത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങൾ. മുസ്ലിം പൗരന്മാരോടുള്ള വിദ്വേഷം സാമൂഹിക-ഭരണകൂട ഇടപഴകലുകളിലെ നിരുപാധിക ഘടകമായി മാറിയിരിക്കുന്നു. ഭയം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിരിക്കുന്നു.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും പ്രകടിപ്പിച്ച ശാന്തസമീപനം വലിയൊരു അളവോളം ആശ്വാസവും പ്രതീക്ഷയും രൂപപ്പെടുത്തുകയുണ്ടായി, ചെറിയൊരിടവേളക്കെങ്കിലും നാം കഴിഞ്ഞ 10 വർഷമെന്ന ദുസ്വപ്നങ്ങളിൽ നിന്നും മോചിതരാവുകയും ചെയ്തു. എങ്കിലും, ജോലിയും ഭക്ഷണവും ഇന്ധനവും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും മുൻനിർത്തി കൊണ്ടാണ് ഇന്ത്യൻ ജനത തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഇടപെട്ടത്. അധ്വാനിക്കുന്നവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച അനാസ്ഥകൾക്ക് വിദ്വേഷരാഷ്ട്രീയം പുകമറയാകില്ലെന്ന സന്ദേശം അവ്യക്തമായി നൽകിക്കൊണ്ടാണ് ഇന്ത്യക്കാർ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. തൽഫലമായി മോദിക്ക് മാത്രം മേൽ കൈയുള്ളൊരു സർക്കാർ രൂപീകരിക്കാൻ കഴിയാതെ വരികയും ഇന്ത്യൻ മുസ്ലിംകൾക്ക് തുല്യ പൗരത്വം വകവച്ചു കൊടുക്കാൻ സന്നദ്ധരല്ലാത്ത രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പ്രത്യയശാസ്ത്രത്തിന് വിപരീതമായ പാർട്ടികളുടെ പിന്തുണ വരെ ആശ്രയിക്കേണ്ടി വരികയും ചെയ്തു.
പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും പുതിയ മുകുളങ്ങൾ വാടി കരിയുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. സർക്കാരിനകത്തും പുറത്തുമുള്ള സംഘസൈദ്ധാന്തികർ പുതിയ ഗവൺമെൻ്റ് നിലവിൽ വന്ന് ആദ്യ നാല് ആഴ്ചകൾക്കുള്ളിൽ തന്നെ അവരുടെ പതിവാവർത്തിക്കാൻ തുടങ്ങി. കഴിഞ്ഞ പത്ത് വർഷം മോദി സർക്കാർ ആളിക്കത്തിച്ച ഭയവും മതവൈരവും ദ്രുതഗതിയിൽ ഉയർന്നുവന്നു. ഈ ചുരുങ്ങിയ കാലത്തിനിടയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള ക്രൂരമായ ആക്രമണങ്ങളുടെ പരമ്പരക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പ്രധാനമായും ഇത്തവണ മുസലിംകളുടെ സ്വത്തുക്കളുടെ മേലുള്ള കടന്നുകയറ്റങ്ങൾ വർദ്ധിച്ചു. നിയമവിരുദ്ധതയുടെ ബുൾഡോസറുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. പേടിയുടെ കഴുകക്കൂട്ടങ്ങൾ ഇന്ത്യൻ പൗരന്റെ സ്വപ്നങ്ങളിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യ നരഹത്യ ഛത്തീസ്ഗഡിലെ റായ്പൂരിന് സമീപം മൂന്ന് പേരെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവമാണ്. മുപ്പത്തഞ്ചു കാരനായ ചാന്ദ് മിയ ഖാൻ, ഗുഡ്ഡു ഖാൻ (23), സദ്ദാം ഖുറേഷി (23) എന്നിവരാണ് ആ നരനായാട്ടിൽ ജീവൻ പൊളിഞ്ഞ സാധു മനുഷ്യർ. മൂവരും പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ, ഷാംലി ജില്ലകളിൽ നിന്നുള്ള കന്നുകാലി വ്യാപാരികളായിരുന്നു. ഒഡീഷയിലേക്ക് കൊണ്ടുപോകുന്നതിനായി റായ്പൂരിനടുത്തുള്ള മഹാസമന്ദ് ഗ്രാമത്തിൽ നിന്നും വാങ്ങിയ പോത്തുകളുമായി യാത്ര ചെയ്യവെയാണ് കൊല്ലപ്പെട്ടത്. മഹാനദി പാലത്തിൽ അള്ള് വെച്ച് വാഹനം പഞ്ചറാക്കി രാവിൻ്റെ ഇരുളിൽ വർഗ്ഗീയത കക്ഷത്തൊതുക്കിയ ഒരു കൂട്ടമാളുകൾ പെട്ടെന്ന് അക്രമിക്കുകയായിരുന്നു. ആൾക്കൂട്ടാക്രമണത്തിൽ കൈകാലുകളൊടിഞ്ഞ ഖുറേഷി തൻ്റെ ബന്ധുക്കളെ വിളിച്ചെങ്കിലും ജീവന് വേണ്ടി കേഴുന്ന തങ്ങളുടെ പ്രിയപ്പെട്ടവൻ്റെ ദയനീയ ശബ്ദം 47 മിനുട്ടുകളോളം പോക്കറ്റിലിട്ട ഫോണിലൂടെ കേൾക്കാനില്ലാതെ അവർക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അവൻ്റെ മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും വിധി.
ജീവൻ നഷ്ടപ്പെടും മുമ്പേ ഒരിറ്റു ദാഹജലത്തിനായി മൂവരും അക്രമികളോട് യാചിച്ചെങ്കിലും നൽകാൻ അവർ തയ്യാറായില്ല. കർവാൻ- എ - മുഹബത്തിൻ്റെ യാത്രകളിൽ ആൾക്കൂട്ടക്കൊലയുടെ കേസുകളിൽ നാം ആവർത്തിച്ച് കേട്ടൊരു കാര്യമാണിത്. ഓരോ തവണയും വെള്ളത്തിനായി അക്രമികളോട് യാചിക്കാൻ ഇരകളെ പ്രേരിപ്പിക്കുന്നത് അമിതമായ രക്തസ്രാവമായിരിക്കാം. ശരീരത്തിൽ അത്രത്തോളം മുറിവുകളുണ്ടാകാമെന്ന് സാരം. തുടർന്ന് അക്രമികളവരെ പാലത്തിൽ നിന്നും മഹാനദിയിലെ പാറക്കെട്ടുകളിലേക്ക് എറിയുകയായിരുന്നു.
ഒരു ദിവസത്തിനുശേഷം, ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഒരു ഗ്രാമത്തിൽ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരനായ ചന്ദ്രമണി തിവാരി കൊലപ്പെടുത്തി. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി അദ്ധേഹത്തിൻ്റെ മകൻ പിന്നീട് അനുസ്മരിക്കുന്നുണ്ട്. അവർക്കിടയിൽ ഒരിക്കലും ശത്രുത ഉണ്ടായിട്ടില്ല. തൻ്റെ പിതാവിനെ കോടാലി കൊണ്ട് തല വെട്ടി കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് മകന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശിലെ മുറാദാബാദിൻ്റെ പ്രാന്തപ്രദേശത്ത് മറ്റൊരു പള്ളി ഇമാമിനെയും സമാനമായി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, ഉത്തർപ്രദേശിലെ അലിഗഡിലെ തിരക്കേറിയ മാർക്കറ്റിൽ, ജൂൺ 18 ന് രാത്രി, 35 കാരനായ മുഹമ്മദ് ഫരീദിനെ ഒരു കൂട്ടമാളുകൾ കൊലപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ്റെയും ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസിൻ്റെയും വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഇങ്ങനെ പരാമർശിച്ചതായി കാണാം, "35 വയസ്സ് മാത്രമുള്ള ഒരു സാധാരണ തൊഴിലാളിയായിരുന്നു ഫരീദ്. തൻ്റെ വീട്ടിലെ ഏക വരുമാന മാർഗ്ഗമായിരുന്ന ഫരീദിന് നാനൂറ് രൂപ മാത്രമായിരുന്നു ദിവസ വരുമാനം. പക്ഷാഘാതത്തെ അതിജീവിച്ച തന്റെ ഉമ്മയുടെ ചികിത്സക്ക് തന്നെ ഈ പണം തികയുമായിരുന്നില്ല. ഫരീദിന്റെ വിയോഗം ആ കുടുംബത്തിൻ്റെ ഏക അത്താണിയെയാണ് ഇല്ലാതാക്കിയത്. ഫരീദിൻ്റെ അയൽക്കാരെല്ലാം കഠിനാധ്വാനിയായും നല്ല സ്വഭാവത്തിന് ഉടമയുമായിട്ടാണ് വിശേഷിപ്പിച്ചത്". ലാത്തിയും ഇരുമ്പ് വളകളുമുപയോഗിച്ച് പതിനഞ്ചോളം പേരാണ് ഫരീദിനെ അക്രമിച്ചത്. മുസ്ലിമാണെന്ന് സ്ഥിരീകരിക്കാൻ ആൾക്കൂട്ടം ആദ്യം അദ്ദേഹത്തിൻ്റെ അടിവസ്ത്രം ഊരിയെറിഞ്ഞതായാണ് റിപ്പോർട്ട്. സംഭവമരങ്ങേറുന്നത് മുസ്ലിമായൊരു മനുഷ്യൻ്റെ തയ്യൽ കടക്ക് മുന്നിലാണ്. അദ്ദേഹവും കടയുടെ മുകളിലെ വീട്ടിൽ താമസിക്കുന്ന രണ്ടുപേരും ഫരീദിനെ രക്ഷിക്കാനിറങ്ങിപ്പുറപ്പെട്ടെങ്കിലും അക്രമികളാൽ മർദ്ദിക്കപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഫരീദിനെ ചിലർ മാൽക്കാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവം മൂലം താമസിയാതെ അദ്ദേഹം മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ബാറ്റൺ കൊണ്ടുള്ള മർദ്ദനത്തിൽ 22 മുറിവുകൾ, വാരിയെല്ലുകളിൽ മൂന്നെണ്ണത്തിന് പൊട്ടൽ, ശ്വാസകോശത്തിൽ ദ്വാരം, തലയോട്ടിയിൽ പൊട്ടൽ തുടങ്ങിയ ഗുരുതര പരിക്കുകൾ കണ്ടെത്തി. ഫരീദ് കള്ളനാണെന്നാണ് പ്രാദേശിക ബജ്റംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടത്.
അതേ ദിവസം, ഹിമാചൽ പ്രദേശിലെ നഹാനിൽ, അഖില ഭാരതീയ വിദ്യാ പരിഷത്ത് പ്രവർത്തകർ, പോലീസ് നോക്കിനിൽക്കെ ഉത്തർപ്രദേശിൽ നിന്നും കുടിയേറിയ ജാവേദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു ടെക്സ്റ്റയിൽസ് കൊള്ളയടിച്ചു. ജാവേദ് തൻ്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത മൃഗബലിയുടെ ചിത്രമാണത്രെ പ്രകോപനത്തിനടയാക്കി ആക്രമത്തിലെത്തിച്ചത്. എന്നാൽ ഈദുൽ അദ്ഹയിൽ ബലിയർപ്പിച്ച മൃഗം പശുവല്ല, പോത്താണെന്നും സംസ്ഥാനത്ത് പോത്തുകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടില്ലെന്നും പിന്നീടാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അക്രമവേളയിൽ 'ഏക് ഹി നാര, ഏക് ഹി നാം, ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി അവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുസ്ലിം വിശ്വാസികൾക്ക് തങ്ങളുടെ സ്വത്ത് വകകൾ വാടകക്ക് പോലും നൽകരുതെന്ന് നാട്ടുകാരോട് ആജ്ഞാപിച്ച ശേഷമാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ മടങ്ങിയത്. ഈ അക്രമത്തെത്തുടർന്ന് പതിനൊന്നോളം കുടുംബങ്ങളാണ് നഹാനിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായത്. ഹിമാചൽ പ്രദേശ് കോൺഗ്രസാണ് ഭരിക്കുന്നതെന്ന് ഓർക്കാതെ വയ്യ.
നാല് ദിവസത്തിന് ശേഷം, ജൂൺ 22 ന്, ഗുജറാത്തിൽ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു മുസ്ലിം യുവാവ് കൊല്ലപ്പെട്ടു, ഗർഭിണിയായ ഭാര്യയുള്ളൊരു നവവരനായിരുന്നു സൽമനാൻ വോറ, ഒരു പ്രാദേശിക ക്രിക്കറ്റ് മനസ്സിലെത്തിനിടെയാണ് ആക്രമിക്കപ്പെടുന്നത്. മുസ്ലിം ക്രിക്കറ്റ് താരങ്ങൾ അമുസ്ലിംകളായവരെക്കാൾ നന്നായി കളിക്കുന്നു എന്നതായിരുന്നു കൊലക്ക് കാരണം. ഇത് കാണികളിൽ ചിലരെ പ്രകോപിപ്പിക്കുകയും അവർ മുസ്ലിം കളിക്കാർക്ക് നേരെ ജയ് ശ്രീ റാം മുഴക്കുകയും ചെയ്തു. ഇത് സൽമാനും മറ്റ് ചില മുസ്ലിം യുവാക്കൾക്കും നേരെയുള്ള അക്രമമായി രൂപപ്പെടുകയായിരുന്നു. വടികളും കത്തികളുപയോഗിച്ചുള്ള ആക്രമണത്തിൽ സൽമാൻ്റെ കിഡ്നിയിലും കണ്ണിന് താഴെയും മുറിവേൽക്കുകയും. രക്തം അമിതമായി വാർന്നു പോവുകയും ചെയ്തു. പ്രാദേശിക ആശുപത്രിയിലെത്തിച്ച ശേഷമാണ് സൽമാൻ മരണപ്പെട്ടത്.
അടുത്തത്, ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ 22 കാരിയായ ബിന്ദു സോധി എന്ന ക്രിസ്ത്യൻ യുവതിക്കു നേരെയായിരുന്നു. അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച അവർ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം പാടത്ത് നെല്ല് വിതയ്ക്കുമ്പോഴായിരുന്നു ഒരു കൂട്ടമാളുകൾ അവരെ ആക്രമിച്ചത്. തളർന്നു വീണ ബിന്ദുവിൻ്റെ കുടുംബത്തിന് പോലീസ് യാതൊരു സഹായവും നൽകിയില്ലെന്ന് മാത്രമല്ല മോർച്ചറിയിൽ സൂക്ഷിച്ച ബിന്ദുവിൻ്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കണമെന്ന കുടുംബത്തിൻ്റെ ആഗ്രഹവും പോലീസ് നിശബ്ദമായി എതിർത്തു. ഗ്രാമവാസികൾ ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാരത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത്തരത്തിലൊരു ആക്രമണം ആ പ്രദേശത്ത് ഇതാദ്യമല്ല. അയൽ ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 12 ന് ആക്രമിക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിദ്വേഷ ആക്രമങ്ങളുടെ ഇരുണ്ട ഇന്ത്യയെ തേടി കൂടുതൽ ആഴങ്ങളിലേക്ക് എൻറെ അന്വേഷണം വ്യാപിച്ചുകൊണ്ട് ഞാൻ ഇരിക്കുമ്പോഴും, ജാർഖണ്ഡിൽ നിന്നുള്ള കർവാൻ ഇ മൊഹബത്തിൻ്റെ ഒരു പ്രവർത്തകൻ മറ്റൊരു വിദ്വേഷ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹസാരിബാഗ് ജില്ലയിലെ ഒരു ഗ്രാമത്തിലെ ഇമാമായിരുന്നു മൗലാന ഷഹ്ബുദ്ദീൻ. ജൂൺ 30-ന് താൻ പഠിപ്പിക്കുന്ന മദ്റസയിലേക്ക് മോട്ടോർ സൈക്കിൾ ഓടിച്ചു പോകവെ വഴിയിൽ വെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് തെന്നിമാറുകയും രണ്ടു പേരും വീഴുകയും ചെയ്തു. ഏതാനും ചെറുപ്പക്കാർ ഒത്തുകൂടി മൗലാനയെ ദയനീയമായി മർദ്ദിച്ച് കൊലപ്പെടുത്തി.
എന്നാൽ മധ്യപ്രദേശിലെ മണ്ട്ലയിലെ ഗോത്രവർഗക്കാരുടെ ജില്ലയിലെ ഒരു ഗ്രാമത്തിലെ പോലീസിൻ്റെ നടപടികൾ അങ്ങേയറ്റം ഭീതിയുളവാക്കുന്നതാണ്. 2015-ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ അടുക്കളയിലെ ഫ്രിഡ്ജിൽ പശുമാംസം ഉണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ പ്രദേശവാസികൾ കൊലപ്പെടുത്തിയിരുന്നു. അതിന് സമാനമായി ഒമ്പത് വർഷത്തിന് ശേഷം 11 മുസ്ലിം കുടുംബങ്ങളുടെ അടുക്കളയിലും ഫ്രിഡ്ജിലും പോലീസ് തിരച്ചിൽ നടത്തുകയും കണ്ടെടുത്ത മാംസത്തിൻ്റെ സാമ്പിളുകൾ പ്രത്യേക ഡിഎൻഎ വിശകലനത്തിനായി ഹൈദരാബാദിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അയക്കുന്നതിന് മുമ്പുതന്നെ അവ പശുവിൻ്റെ മാംസമാണെന്ന് പോലീസ് ഉറപ്പിച്ചെന്ന് വീട്ടുകാർ വെളിപ്പെടുത്തി. എന്നാൽ, രാഷ്ട്രീയ സ്വയംസേവക് സംഘ പ്രവർത്തകനായ മോഹൻ യാദവിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, ഹൈദരാബാദ് ലബോറട്ടറിയുടെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുകപോലും ചെയ്യാതെ ആ പതിനൊന്ന് കുടുംബങ്ങളെയും അവരുടെ വീടുകൾ തകർത്ത് വഴിയാധാരമാക്കി.
തീർത്തും നിയമവിരുദ്ധമായ 'ബുൾഡോസർ നീതി'യിലേക്കാണ് ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്. കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ വീടോ സ്ഥാപന ജംഗമ വസ്തുക്കളോ നശിപ്പിക്കാൻ രാജ്യത്തെ ഒരു നിയമവും എക്സിക്യൂട്ടീവിന് അധികാരം നൽകുന്നില്ല. ഭരണഘടനാപരമായ നിയമങ്ങളും അവകാശങ്ങളും മുൻനിർത്തി നിഷ്പക്ഷമായി വിധി പറയുന്ന കോടതികളിൽ കുറ്റം തെളിയുന്നത് വരെ ആ വ്യക്തിയുടെ നിരപരാധിത്വം അനുമാനിക്കപ്പെടും. മുമ്പൊരിക്കൽ കുറിച്ചതുപോലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ 'ബുൾഡോസർ നീതി' പതിവ് കാഴ്ചയായിരിക്കുകയാണ്. ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരെയുള്ള ഇത്തരം നീക്കങ്ങൾ ഭരണഘടനയോടുള്ള അവഹേളനത്തിന് തുല്യമാണ്.
ഭരണഘടനയെ കാറ്റിൽ പറത്തുന്ന സമീപനങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പിൽ ശിക്ഷിക്കപ്പെട്ടപ്പോൾ ബിജെപി നേതൃത്വം പിന്നോട്ട് വലിയുമെന്നായിരുന്നു ജൂൺ നാലിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യൻ ജനത പ്രതീക്ഷിച്ചത്. എന്നാൽ ഇത് അപ്രാപ്യമാണെന്ന് വ്യക്തം. ഭരണഘടനാ വിരുദ്ധമായ നിയമലംഘനങ്ങളും മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള പൗര വിഭജനവും മോദിയുടെ മൂന്നാമുഴത്തിൽ തുടരുമെന്നതിനുള്ള തെളിവാണ് മധ്യപ്രദേശിലെ ബുൾഡോസറുകൾ.
തുടർന്ന് ജൂൺ 25ന് ഡൽഹി മുൻസിപ്പൽ പോലീസ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി മംഗോൾ പുരിയിലെ പള്ളി തകർക്കാൻ എത്തുകയും പ്രതിഷേധക്കാർ മനുഷ്യചങ്ങല രൂപീകരിക്കുന്നതിന് മുമ്പ് തന്നെ മതിലിന്റെ 20 മീറ്ററോളം പൊളിക്കുകയും ചെയ്തു. ഡൽഹി മുനിസിപ്പൽ സർക്കാർ ആം ആദ്മി പാർട്ടിയുടേതാണെങ്കിലും ഡൽഹി പോലീസ് നിയന്ത്രിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ്.
പുതുതായി അധികാരത്തിലെത്തിയ സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും മാറിയിട്ടില്ലെന്ന മട്ടും. നിയമവിരുദ്ധമായ വിദ്വേഷ ആക്രമണത്തിലൂടെ മുസ്ലിം പൗരന്മാരെ ലക്ഷ്യമിടുന്ന അവരുടെ പ്രത്യയ ശാസ്ത്ര പദ്ധതി അത്യുഗ്രൻ പ്രഹരശേഷിയോടെ അഴിച്ചുവിട്ടുകൊണ്ടിരിക്കുമെന്ന് സാരം.
മുസ്ലിംകളടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ ശക്തവും ഗാംഭീര്യമേറിയതുമായ പ്രതിരോധത്തിൽ നവോന്മേഷം നേടിയ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം വർഗീയആക്രമങ്ങൾക്കും ഭരണകൂട വിവേചനത്തിനുമെതിരെ തലയുയർത്തി പ്രതികരിക്കുമെന്ന പ്രതീക്ഷയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയത്. എന്നാൽ പുതിയ പാർലമെൻ്റ് രൂപീകരണ ശേഷം ഒരു മാസം പിന്നിടുമ്പോൾ പ്രതീക്ഷകൾക്കൊത്ത് കാര്യമായൊന്നും സംഭവിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.
തൊഴിൽ, കൃഷി, പരീക്ഷകൾ, സമ്പദ്വ്യവസ്ഥയുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുവേണ്ടി പ്രതിപക്ഷം പാർലമെൻ്റിലും പുറത്തും ശക്തമായി ശബ്ദമുയർത്തിയെങ്കിലും ഇന്ത്യൻ മുസ്ലിംകളുടെ തുല്യ പൗരത്വം, സുരക്ഷ,സമത്വം, നീതി എന്നിവയ്ക്കുള്ള അവകാശങ്ങൾ പുനസ്ഥാപിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള പോരാട്ടത്തിൽ മുന്നിട്ടിറങ്ങിയില്ലെന്നത് ഖേദകരമാണ്.
അതുകൊണ്ടു തന്നെ മോദിയുടെ മൂന്നാമൂഴത്തിൻ്റെ സൂചനകളിപ്പോഴും അത്ര ശുഭോദർക്കമല്ല. ജൂൺ 4-ന് മാഞ്ഞു തുടങ്ങിയ വെറുപ്പിൻ്റെയും ഭയത്തിൻ്റെയും കാർമേഘങ്ങൾ വീണ്ടും അതിവേഗം ഉരുണ്ടുകൂടുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയവും ധാർമികവുമായ ഈ പോരാട്ടം പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം നിർണായക പരീക്ഷണം കൂടിയാണ്. അവരെക്കാൾ പരിതസ്ഥിതിയിലാണ് നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ.
6 August, 2024 08:33 pm